ദി പൈറേറ്റ്സ് ഓഫ് സോമാലിയ: ഇന്‍സൈഡ് ദെയര്‍ ഹിഡന്‍ വേള്‍ഡ്’

മൊഗാദിഷുവിന്റെ മാനത്ത് നിന്ന് യന്ത്രക്കാക്കകള്‍ പിടഞ്ഞ് വീണത് രണ്ടു പതിറ്റാണ്ടു മുമ്പൊരു നട്ടുച്ചക്കാണ്. അമേരിക്കന്‍ സൈനിക മേധാവിത്തത്തിന്റെ പ്രതീകങ്ങളായ ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററുകള്‍ രണ്ടു നേരം തികച്ചുണ്ണാന്‍ കോപ്പില്ലാത്ത പട്ടിണിക്കോലങ്ങളായ സോമാലിയക്കാരുടെ വെടിയേറ്റ് മണ്ണുതിന്നത് ആഫ്രിക്കന്‍ പുരാവൃത്തങ്ങളിലെ വീരകഥ. ആ കഥയുടെ ഉള്ളറകളിലേക്ക് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്ക് ബൌഡന്‍ നടത്തിയ യാത്രയായിരുന്നു ‘ബ്ലാക്ക് ഹോക് ഡൌണ്‍’ എന്ന സംഭ്രമ ജനകമായ പുസ്തകം.
യുദ്ധ റിപ്പോര്‍ട്ടിങിന്റെ ഉദാത്ത മാതൃകയായി വിശേഷിപ്പിക്കപ്പെട്ട ആ പുസ്തകത്തെ അധികരിച്ച് അതേ പേരില്‍ റിഡ്ലി സ്കോട്ട് തയാറാക്കിയ ചലച്ചിത്രം അമേരിക്കന്‍ വീരേതിഹാസഭാഷ്യത്തിന്റെ ചവര്‍പ്പു പേറുന്നതായി എന്നത് വിരോധാഭാസം. അള്‍ജീരിയന്‍ ഗായകന്‍ ഷെബ് മാമിയും ഇംഗ്ലീഷ് സംഗീതജ്ഞന്‍ സ്റ്റിംഗും ഒരുക്കിയ ‘ഡെസര്‍ട്ട് റോസ്’ എന്ന തട്ടുപൊളിപ്പന്‍ ഗാനം ബ്ലാക് ഹോക് ഡൌണിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പശ്ചാത്തലമാക്കിയ വീഡിയോ യുട്യൂബിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്.
അമേരിക്കയുടെ മൊഗാദിഷു ആക്രമണത്തിന്റെ നിമിഷം പ്രതിയുള്ള നാടകീയ വിവരണം ബൌഡന് യുദ്ധ റിപ്പോര്‍ട്ടിങില്‍ സവിശേഷ സ്ഥാനം നല്‍കി. പിന്നീട് അതേ സ്വഭാവത്തിലുള്ള നിരവധി പുസ്തകങ്ങള്‍ ബൌഡന്റേതായി വന്നു.
കൊളംബിയന്‍ മയക്കുമരുന്ന് മാഫിയ തലവന്‍ പാബ്ലോ എസ്കോബാറിന്റെ സംഭവ ബഹുലമായ ജീവിതവും അയാളെ കൊലപ്പെടുത്താനുള്ള അമേരിക്കന്‍ സ്പെഷല്‍ ടീമിന്റെ നീക്കങ്ങളും വിവരിക്കുന്ന ‘കില്ലിങ് പാബ്ലോ’ ഒരു ലാന്റ് മാര്‍ക്കായിരുന്നു. ത്രില്ലറിന്റെ സ്വഭാവം ആര്‍ജിച്ച് അതിവേഗം പുരോഗമിക്കുകയും കണ്ണഞ്ചിപ്പിക്കുന്ന ക്ലൈമാക്സില്‍ അവസാനിക്കുകയും ചെയ്യുന്ന ആ ശൈലി പരക്കേ അനുകരിക്കപ്പെട്ടു. സമാനമായ പല പുസ്തകങ്ങള്‍ക്ക് അത് പ്രചോദനമായി. എസ്കോബാറിന്റെ അധോതല ജീവിതത്തിന്റെ സവിസ്തര പ്രതിപാദനം വായനക്കാരനെ അമ്പരപ്പെടുത്തും. കണ്ണില്‍ ചോരയില്ലാത്ത കാട്ടാളനായിരുന്നെങ്കിലും പാബ്ലോക്കും ദൌര്‍ബല്യങ്ങളുണ്ടായിരുന്നു. കൊളംബിയന്‍ പട്ടാളത്തിന്റെയും യു.എസ് സ്പെഷല്‍ ടീമിന്റെയും കണ്ണുവെട്ടിച്ച് മെഡലിന്‍ നഗരഹൃദയത്തില്‍ തന്നെ ഒളി ജീവിതം നയിക്കുമ്പോഴും കുടുംബത്തെ വിളിക്കാനുള്ള മോഹം പാബ്ലോക്ക് ഇടക്ക് തികട്ടിവരും. ഏതാനും മിനിറ്റുകള്‍ മാത്രം നീളുന്ന അത്തരം സാറ്റലൈറ്റ് ഫോണ്‍ സംഭാഷണങ്ങള്‍ അദ്ദേഹത്തിന് ഒഴിവാക്കാനാകുമായിരുന്നില്ല. പാബ്ലോയുടെ വേട്ടക്കാര്‍ക്കും അതറിയാം. സാറ്റലൈറ്റ് ഫോണിന്റെ ഉറവിടം തേടി അവര്‍ പലതവണ ഇറങ്ങിയതാണ്. ശ്രമം വിജയിക്കും മുമ്പ് പാബ്ലോ ഫോണ്‍ കട്ടാക്കും. വേട്ടക്കാര്‍ക്ക് പിന്നെയും കാത്തിരിപ്പ്.
അന്ത്യദിനം. പാബ്ലോ സാറ്റലൈറ്റ് ഫോണ്‍ ഓണ്‍ ചെയ്തു. പാബ്ലോ അറിയാതെ മെഡലിനിലും വാഷിംഗ്ടണിലും സ്ഥാപിച്ച അമേരിക്കന്‍ ചാരഉപകരണങ്ങളില്‍ പച്ച തെളിഞ്ഞു. വേട്ടക്കാര്‍ ചുര മാന്തി. മകനുമായി പാബ്ലോ സംസാരിക്കുകയാണ്. മകന് സാറ്റലെറ്റ് ഫോണിലെ കെണികള്‍ നന്നായി അറിയാം. ഫോണ്‍ വെക്കാന്‍ അയാള്‍ പാബ്ലോയോട് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പക്ഷേ, മരണം പാബ്ലോയെ വിലക്കി. അയാള്‍ സംസാരം തുടര്‍ന്നു. മിനിറ്റുകള്‍ കഴിഞ്ഞില്ല. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലും വളപ്പിലും ബൂട്ടുകളുടെ ശബ്ദം കേട്ടുതുടങ്ങി. പാബ്ലോ അപകടം മണത്തു. ‘എന്തോ രസകരമായ സംഭവങ്ങള്‍ നടക്കുകയാണ്. ഞാന്‍ പിന്നെ വിളിക്കാം.’^ തന്റെ അന്ത്യ വാചകങ്ങള്‍ ചൊല്ലി പാബ്ലോ മരണത്തിലേക്ക് ജാലകം തുറന്നു. ഒരു ഭീമന്‍ കാട്ടുപന്നിയെ പോലെ ചത്തുമലച്ചുകിടക്കുന്ന പാബ്ലോയുടെ കവര്‍ ചിത്രം ‘കില്ലിങ് പാബ്ലോ’ യിലേക്ക് വായനക്കാരനെ വലിച്ചുകൊണ്ടുപോകും. പിന്നെ ബൌഡന്റെ ത്രസിപ്പിക്കുന്ന ഭാഷ യില്‍ നിന്ന് അവര്‍ക്ക് മോചനമില്ല.
അതേ പാറ്റണില്‍ ബൌഡന്‍ രചിച്ച ‘ഗസ്റ്റ്സ് ഓഫ് ആയത്തുല്ല’ എന്ന ബൃഹദ് ഗ്രന്ഥം വേറൊരു ക്ലാസിക്കാണ്. ടെഹ്റാനിലെ യു.എസ് എംബസി ഉപരോധവും അലസിപ്പോയ യു.എസ് സൈനിക നടപടിയും ഇതിഹാസ സമാനശൈലിയില്‍ വിവരിക്കുന്ന ‘ആയത്തുല്ല’ ആയിരത്തോളം പേജില്‍ നീണ്ടു കിടക്കുന്നു. പല പല ആംഗിളുകളില്‍ വികസിക്കുന്ന രചനാശൈലി വലിയ പുസ്തകം സൃഷ്ടിക്കുന്ന സ്വാഭാവിക മടുപ്പിനെ അതിജയിക്കാന്‍ പര്യാപ്തമാണ്.
പറഞ്ഞ് തുടങ്ങിയത് സോമാലിയയെ കുറിച്ചാണ്. ആഭ്യന്തര കലഹങ്ങളും വൈദേശിക ആക്രമണങ്ങളും ഉസാമ ബിന്‍ ലാദന്റെ താല്‍ക്കാലിക വാസവും പട്ടിണി വലച്ച ജനതയും കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലും ഈ ആഫ്രിക്കന്‍ രാഷ്ട്രത്തെ വാര്‍ത്തകളില്‍ സജീവമാക്കി നിലനിര്‍ത്തി. ഏദന്‍ കടലിടുക്കില്‍ കാറ്റ് ഇപ്പോള്‍ മാറി വീശുകയാണ്. ഇരകളായിരുന്ന സോമാലിയക്കാര്‍ ഇന്ന് വേട്ടക്കാര്‍. സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ വിഹരിക്കുന്ന ഏദന്‍ കടലിടുക്ക് ഇന്ന് ലോകത്തിന്റെ പേടി സ്വപ്നം. കപ്പലുകള്‍ റാഞ്ചി വന്‍ തുക മോചനദ്രവ്യം ആവശ്യപ്പെടുന്ന വന്‍ കച്ചവടം അവിടെ പൊടിപൊടിക്കുന്നു. നിരവധി മലയാളികളും അവിടെ തടവുകാരായി. കമ്പനികള്‍ ാമചനദ്രവ്യം കൊടുത്താല്‍ കപ്പലും ജീവനക്കാരും രക്ഷപ്പെടും. ഇല്ലെങ്കില്‍ കൊന്ന് കടലില്‍ തള്ളും.
സോമാലിയന്‍ റാഞ്ചല്‍ വ്യവസായത്തെ കുറിച്ച് വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലെങ്കിലും അതിന്റെ ഉള്ളുകള്ളികള്‍ ലോകത്തിന് അജ്ഞാതമാണ്. ആ അപകടമേഖലയിലേക്ക് ജീവന്‍ പണയംവെച്ച് ജയ് ബഹാദൂര്‍ എന്ന കനേഡിയന്‍ പത്രപ്രവര്‍ത്തകന്‍ നടത്തിയ യാത്രയാണ് ‘ദി പൈറേറ്റ്സ് ഓഫ് സോമാലിയ: ഇന്‍സൈഡ് ദെയര്‍ ഹിഡന്‍ വേള്‍ഡ്’ എന്ന പുസ്തകമായി കഴിഞ്ഞ മാസം പുറത്തുവന്നത്. പാശ്ചാത്യക്കര്‍ക്ക് അപ്രാപ്യമായ ലോകത്തേക്കാണ് ബഹാദൂര്‍ സധൈര്യം കാലെടുത്തുവെച്ചത്. സോമാലിയയുടെ അസന്നിഗ്ധതയല്ല, ആ സംസ്കാരത്തെ ഉള്‍ക്കൊള്ളുകയെന്ന വെല്ലുവിളിയാണ് ഒരുവിദേശിയെ കൂടുതല്‍ വലയ്ക്കുകയെന്ന് ബഹദൂര്‍ പറയുന്നു. ഓരോ കപ്പല്‍ റാഞ്ചലും പുതിയ പുതിയ സമ്പന്നരെ സൃഷ്ടിക്കും. ഓരോരുത്തരും സ്വന്തം നിലക്ക് ചെറുകിട സൈന്യങ്ങള്‍ വികസിപ്പിച്ച് കപ്പല്‍ റാഞ്ചാന്‍ ഇറങ്ങിപ്പുറപ്പെടുന്നു. കൂടുതല്‍ കായബലമുള്ളവര്‍ വാഴും. അവര്‍ വിലപേശും. അവര്‍ ജയിക്കും. ലോകം അവര്‍ക്ക് മുന്നില്‍ നമിക്കും.
ഒരു ദശലക്ഷത്തോളം യു.എസ് ഡോളറാണ് 2009 ജര്‍മന്‍ കപ്പലായ എം.വി. വിക്ടോറിയ റാഞ്ചിയ സംഘത്തിന്റെ തലവന് ലഭിച്ചത്. താഴേക്കിടയിലുള്ള കാലാള്‍ നേടിയത് 41,000 ഡോളറും. ഒരു മണിക്കൂര്‍ പണിക്ക് 10 ഡോളര്‍. സോമാലിയയില്‍ വേറെന്തു പണിയെടുത്താലും ഇതിന്റെ പത്തിലൊന്ന് പോലും കിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *