ഇതാ, പുസ്തകങ്ങളുടെ വസന്തം

വരാനിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ച്, പുസ്തക വിപണിയിലെ പുതു പ്രവണതകളെക്കുറിച്ച്, കഴിഞ്ഞ മാസം ഏറ്റവും വായിക്കപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് പ്രമുഖ പ്രസാധകര്‍ സംസാരിക്കുന്നു. ഈ പംക്തിയില്‍ ആദ്യം എ.വി ശ്രീകുമാറാണ്. ഡി.സി ബുക്സിന്റെ പബ്ലിക്കേഷന്‍സ് മാനേജര്‍. മലയാളത്തിന്റെ എഴുത്തിനെയും എഴുത്തിനെയും വായനയെയും കുറിച്ച് എ.വി ശ്രീകുമാര്‍ സംസാരിക്കുന്നു.

മഞ്ഞവെയില്‍ മരണങ്ങള്‍;
ദല്‍ഹിയെക്കുറിച്ച് വീണ്ടും മുകുന്ദന്‍

ഇത് ഡി.സി ബുക്സിന്റെ 37ാം വര്‍ഷം. ഈ മാസം 29ന് അതിന്റെ ആഘോഷങ്ങളാണ്. 37 പുതിയ പുസ്തകങ്ങള്‍ പുറത്തിറക്കിയാണ് ആഹ്ലാദകരമായ ഈ വേള ഡി.സി ബുക്സ് ആഘോഷിക്കുന്നത്. തീര്‍ച്ചയായും മലയാളം ഇനിയുള്ള കാലം വായിക്കുന്നവയില്‍ മുന്നില്‍ ഈ പുസ്തകങ്ങള്‍ തന്നെയായിരിക്കും. ആ പട്ടികയിലെ പ്രധാന പുസ്തകങ്ങള്‍ ഇവ:

മുകുന്ദനും ദല്‍ഹിയും
ദല്‍ഹിയെന്ന ദേശത്തെ എഴുത്തിന്റെ എഴുത്തിന്റെ വഴിയും ആകാശവുമായി ആവാഹിച്ച പ്രമുഖ സാഹിത്യകാരന്‍ എം.മുകുന്ദന്‍ ദല്‍ഹിയിലേക്ക് വീണ്ടും ഭാവനയുടെ റഡാറുകള്‍ തിരിക്കുകയാണ്. മുകുന്ദന്റെ പുതിയ നോവല്‍ ദല്‍ഹിയെക്കുറിച്ചാണ്. മലയാളികള്‍ നെഞ്ചേറ്റിയ ദല്‍ഹി എന്ന നോവലിന്റെ തുടര്‍ച്ചയല്ല ഇത്. തികച്ചും വ്യത്യസ്തമായ മറ്റൊന്ന്. ദല്‍ഹിയുടെ നാല്‍പത് വര്‍ഷത്തെ പരിണാമങ്ങളാണ് ചരിത്രവും രാഷ്ട്രീയവും എഴുത്തും കൂടിക്കലരുന്ന പുതിയ നോവല്‍. വരും മാസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടാനുള്ള കെല്‍പ്പുണ്ട് ഈ നോവലിന്.

മഞ്ഞ വെയില്‍ മരണങ്ങള്‍
ആടുജീവിതത്തിലൂടെ മലയാള നോവല്‍ ചരിത്രത്തെ പുതുക്കിപ്പണിത ബെന്യാമിന്റെ പുതിയ നോവല്‍ ഇതാ പുറത്തിറങ്ങാറായി. മഞ്ഞ വെയില്‍ മരണങ്ങള്‍. ഫിക്ഷന്റെ പാതകള്‍ അടിമുടി മാറ്റിപ്പണിയുന്ന ഒന്നാണ് ഈ പുസ്തകം. ഡീഗോ ഗാര്‍ഷ്യ എന്ന ദ്വീപിന്റെ കഥയാണിത്. അട്ടിമറിയെന്നാരോപിച്ച് വേട്ടയാടപ്പെടുന്ന ചിലരുടെ ജീവിതങ്ങള്‍. ഏതോ വിദൂര ദ്വീപിന്റെ ഭൂത ഭാവി വര്‍ത്തമാനങ്ങള്‍ കേരളവുമായി, മലയാളവുമായി കണ്ണിചേര്‍ക്കുന്ന എഴുത്തിന്റെ മാന്ത്രികതയാണ് ഈ നോവല്‍. ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയുമുള്ള പലായനം. മന്ത്രവാദവും ആഭിചാരങ്ങളും തീവെട്ടിപ്രകാശം പരത്തുന്ന ഭൂതകാലാനുഭവങ്ങളും ഫേസ്ബുക്കിന്റെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെയും വര്‍ത്തമാനവും തമ്മിലുള്ള ജുഗല്‍ബന്ദിയാണ് ആഖ്യാനത്തിലും പ്രമേയ പരിചരണത്തിലും ക്രാഫ്റ്റിലും പുതുമകള്‍ തീര്‍ക്കുന്ന ഈ പുതുനോവല്‍. മലയാളത്തിന്റെ വരുംകാലങ്ങളെ നനയ്ക്കാനുള്ള അനേകം ഉറവകള്‍ ഇതിലുണ്ട്.

ന്യൂജനറേഷന്‍ രചനകള്‍
എഴുത്തും പ്രസാധന രംഗവും ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെ പാതയിലാണ്. പ്രവചനാതീതമായ ഭൂകമ്പങ്ങളുടെ പ്രഭവ കേന്ദ്രം പുതുമുറക്കാരാണ്. എഴുത്തിന്റെ പ്ലാറ്റ്ഫോമുകളില്‍ സാധാരണ വായനക്കാര്‍ക്ക് അത്ര പരിചയമില്ലാത്ത ഈ പുതിയ തലമുറയെ അവതരിപ്പിക്കുന്നതില്‍ ഡി.സി ബുക്സ് ഏറെ മുന്നിലാണ്. പുതിയ അനേകം എഴുത്തുകാരെ വരും കാലത്തേക്ക് സമര്‍പ്പിക്കുന്ന പുസ്തകങ്ങളാണ് ഇറങ്ങാനിരിക്കുന്നത്.
ഡില്‍ഡോയും പന്നിവേട്ടയും എഴുതിയ വി.എം ദേവദാസ് പുതു തലമുറയില്‍ ഏറെ വായിക്കപ്പെടുന്ന എഴുത്തുകാരനാണ്. ദേവദാസിന്റെ മരണസഹായി എന്ന കഥാ സമാഹാരം ഇതാ പുറത്തിറങ്ങുകയാണ്.
രാജേഷ് ആര്‍. വര്‍മ്മയുടെ കാമകൂടോപനിഷത്ത്, അജിത് എഴുതിയ ലെഗ് ബിഫോര്‍ വിക്കറ്റ് , മായ എസ് രചിച്ച മധ്യവേനലവധിക്ക്, രാജന്‍ പാനൂരിന്റെ അഗ്രയാനം, ഡോ. മുഹമ്മദ് കുട്ടിയുടെ തസ്കിയ, കെ.കെ. രമാകാന്തിന്റെ നഗരത്തിലെ മഴ തുടങ്ങിയവ പുതിയ പട്ടികയില്‍ പെടുന്നു.
മൂന്ന് പുതിയ എഴുത്തുകാരികളുടെ കവിതകളും ഇതോടൊപ്പമുണ്ട്. കെ.വി സുമിത്രയുടെ ശരീരം ഇങ്ങനെയും വായിക്കാം, ലോപയുടെ പരസ്പരം , കെ.കെ സ്വപ്നയുടെ മഴരാവുകള്‍ എന്നീ കവിതാ സമാഹാരങ്ങളാണ് പുറത്തിറങ്ങുന്നത്.
എഴുത്തിലെ പുതിയ കൈവഴികള്‍ വായനക്കാരില്‍ എത്തിക്കുകയാണ് ലക്ഷ്യം. തീര്‍ച്ചയായും, വരും കാലത്തേക്കുള്ള നിക്ഷേപമാണിത്.

തകഴി, പൊന്‍കുന്നം വര്‍ക്കി
തകഴിയുടെ തെരഞ്ഞെടുത്ത നോവലുകള്‍, പൊന്‍കുന്നം വര്‍ക്കിയുടെ കഥകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഈ പട്ടികയില്‍ പെടുന്നു. എഴുതിത്തെളിഞ്ഞ, ഏറെ വായനക്കാരുള്ള പ്രഗത്ഭരുടെ രചനകളും പുതുതായി ഇറങ്ങുന്നുണ്ട്. എം.കെ സാനു എഴുതിയ വൈലോപ്പിള്ളി: വാക്കുകളിലെ മാന്ത്രിക ശക്തി അതില്‍ പെടുന്നു.

വിവര്‍ത്തനം
വിവര്‍ത്തന പുസ്തകങ്ങള്‍ക്കുള്ള പ്രിയം ഇപ്പോഴും തുടരുകയാണ്. മറുനാടന്‍ എഴുത്തുകാരെ മലയാളത്തില്‍ വായിക്കാന്‍ കിട്ടുന്ന അവസരം വായനക്കാര്‍ ഏറെ വിലമതിക്കുന്നുണ്ട്. മിലന്‍ കുന്ദേരയുടെ ഫെയര്‍വെല്‍ വാര്‍സ്, ഫിലിപ്പ് റോത്തിന്റെ മൂന്ന് നോവലുകള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉടന്‍ പുറത്തിറങ്ങുന്നവയാണ്.

ബിനായക് സെന്‍
ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രാന്തവല്‍കൃതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഇടം തിരയുകയും രാജ്യദ്രോഹക്കുറ്റതിന് ജയിലില്‍ അടക്കപ്പെട്ട ശേഷം മോചിപ്പിക്കപ്പെടുകയും ചെയ്ത ബിനായക് സെന്നാണ് വാര്‍ഷികാഘോഷങ്ങളിലെ മുഖ്യ അതിഥി. അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങളാണ് വാര്‍ഷിക വേളയില്‍ പുറത്തിറങ്ങുന്നത്.

ബെസ്റ്റ് സെല്ലേഴസ്
ലീലാ ഹോട്ടല്‍ ശംഖലയുടെ അധിപനായ ക്യാപ്ററന്‍ കൃഷ്ണന്‍ നായരുടെ ആത്മകഥയായ കൃഷ്ണലീലയാണ് ഞങ്ങളുടെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ മുന്നില്‍. റിട്ടയര്‍മെന്റിനു ശേഷം വ്യവസായ സംരംഭകത്വത്തിലേക്കു വരികയും ആ വഴിയില്‍ വെന്നിക്കൊടി പാറിക്കുയും ചെയ്ത കൃഷ്ണന്‍ നായരുടെ ആത്മകഥ മോട്ടിവേഷന്‍ ബുക് എന്ന നിലയിലാണ് ഏറെ വായിക്കപ്പെടുന്നത്.
അരുദ്ധതി റോയിയുടെ ബുക്കര്‍ സമ്മാനം നേടിയ ഗോഡ് ഓഫ് സ്മോള്‍ തിങ്സിന്റെ വിവര്‍ത്തനമായ കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ നന്നായി വിറ്റഴിക്കപ്പെടുന്നുണ്ട്. സേതുവിന്റെ പുതിയ നോവല്‍ മറു പിറവിക്കും ഏറെ വായനക്കാരുണ്ട്.

പുതു പിറവികള്‍
അനായാസ രചനകളുടെ ഫിക്ഷന്‍കാലം കഴിഞ്ഞു. ആഴത്തില്‍ നടത്തുന്ന അന്വേഷണങ്ങളുടെയും ഗവേഷണങ്ങളുടെയും കരുത്തുളളതാണ് പുതിയ രചനകള്‍. ഇന്‍ഫര്‍മേഷനും ഫിക്ഷനും ലയിച്ചു ചേരുന്ന വ്യത്യസ്താനുഭവങ്ങള്‍. ഫ്രാന്‍സിസ് ഇട്ടിക്കോരയൊക്കെ വായിക്കപ്പെട്ടത് ഇത്തരം പുതിയ തുറസുകളിലാണ്.
സേതുവിന്റെ പുതിയ നോവലായ മറുപിറവി അത്തരത്തില്‍ ഒന്നാണ്. ചരിത്രവും കാലവും അതില്‍ ഇഴുകിച്ചേരുന്നു. മുസിരിസിന്റെ പഴങ്കാലവും വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ വര്‍ത്തമാനകാലവും കൂടിക്കലരുന്ന അസാധാരണ നോവലാണിത്. ചരിത്രത്തിലൂടെ നടത്തിയ ആഴമുള്ള അന്വേഷണങ്ങളാണ് ഈ നോവലിന്റെ ശക്തി. കാഞ്ഞിരപ്പള്ളിയിലെ കുടിയേറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വ്യഥകളും പ്രമേയമാവുന്ന രാജു കെ. വാസുവിന്റെ ദലിത്പക്ഷ നോവല്‍ ചാവു തുള്ളല്‍ ഏറെ വായിക്കപ്പെടുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.dcbooks.com/

2 thoughts on “ഇതാ, പുസ്തകങ്ങളുടെ വസന്തം

  1. ഈ വസന്തത്തിനു നന്ദി. ഏറെ സഹായമാകുന്നു ഈ പംക്തി.

Leave a Reply

Your email address will not be published. Required fields are marked *