തീയായും ജലമായും-സെറീന

വിഷാദത്തിന്റെ കൈത്തോടുകള്‍.

ഫോട്ടോ: സെറീന

ഹൈസ്ക്കൂള്‍ കാലങ്ങളിലെപ്പോഴോ കൂട്ടുകാരിക്ക് പ്രീയപ്പെട്ട പെണ്ണേയെന്ന് ഹൃദയം കവിയുന്ന സ്നേഹത്തോടെ എഴുതിയതിനു അവള്‍ പിണങ്ങി നടന്നു, മുഖം വീര്‍പ്പിച്ചു. പെണ്ണേ യെന്ന ആ വിളിയുടെ ആഴം എത്രയെന്നു അവളോട്‌ പറയാന്‍, സ്നേഹം കൊണ്ടല്ലേയെന്ന കരച്ചില്‍ പുരണ്ട രണ്ടു വാക്കുകളേ അന്ന്,അറിയുമായിരുന്നുള്ളൂ. അടിമുടി പെണ്ണായ ഒരുവളോട് തോന്നിയ കരകവിഞ്ഞ ഇഷ്ടമോ ആരാധനയോ ആയിരുന്നു അതെന്നു പറയാന്‍ ഇന്ന്, അവള്‍ ബാക്കിയില്ലാത്ത ഈ ലോകത്തിരുന്നു ഞാന്‍ എഴുതുന്നു..എന്റെയുള്ളിലെ അനേകമനേകം പെണ്‍ ജീവിതങ്ങളെക്കുറിച്ച്.
വെളിച്ചക്കീറുകളുടെ പാവാട ശീലകള്‍ വട്ടം ചുഴറ്റുന്ന ഓര്‍മ്മയുടെ വിളക്ക് മാടം പോലെ എന്‍റെയുള്ളില്‍ ഇരുണ്ടും തെളിഞ്ഞും ചില മുഖങ്ങള്‍. ഭൂതകാലത്തിന്‍റെ അങ്ങേത്തുരുത്തില്‍ നിന്നും വേര്‍തിരിക്കാനാവാത്ത ജീവ ഗന്ധങ്ങളുമായി വരുന്ന വാക്കുകള്‍ . എത്രയെത്ര അഗാധമായി കുഴിച്ചു ചെല്ലുന്നുവോ അത്രയഗാധമായി എന്നില്‍ അടക്കം ചെയ്തിരിക്കുന്ന ഈ പെണ്‍ ഹൃദയം തീര്‍ച്ചയായും എന്റേതു മാത്രമല്ല. എന്‍റെ ഓര്‍മ്മകള്‍ക്ക് എത്ര നീളമുണ്ട്? ഞാന്‍ ജീവിച്ചു തീര്‍ത്ത ഈ അല്‍പ്പ വര്‍ഷങ്ങളുടെയോ? അല്ലെന്നു എന്റെയുള്ളിലെ ഏറ്റവും തീഷ്ണമായ ഒരോര്‍മ്മയുടെ വെട്ടപ്പുരയിലിരുന്നു ഞാന്‍ സത്യം ചെയ്യുന്നു.
എന്‍റെ ജീവിതം എനിക്കെത്രയോ മുന്‍പ് തുടങ്ങിക്കഴിഞ്ഞു. കുട്ടിക്കാലത്തിന്റെ അശരണമായ ഒറ്റപ്പെടലുകളെ, കഥകളിലേക്ക് വിവര്‍ത്തനം ചെയ്തു തന്നത് ഉമ്മുമ്മയാണ്‌. സ്വന്തം ജീവിതം മുതല്‍ ആശാന്‍ കവിതകള്‍ വരെ. കരിം വേനലില്‍ അയല്‍ക്കാര്‍ വെള്ളമെടുക്കാതിരിക്കാന്‍ കിണറ്റില്‍ മൂത്രമൊഴിക്കുന്ന ഏതോ ദുഷ്ട കാരണവരുടെ കഥ മുതല്‍ മരുഭൂമിയില്‍ ദാഹിച്ചു വലഞ്ഞ നായ്ക്കു ജീവജലം നല്‍കി പാപ മോചനം നേടിയ വേശ്യയുടെ കഥ വരെ.. ആ കഥകളില്‍ നിന്നും ജീവിത കാലം മുഴുവന്‍ എന്‍റെ കൂടെ പൊറുക്കാനായി ഇറങ്ങി വന്ന ഒരാളുണ്ട്..എന്‍റെ ചോരയിലേക്ക്‌ ജന്മാന്തരങ്ങളുടെ മേഘ പാളികള്‍ മുറിച്ചെത്തിയ ഒരുവള്‍. എന്‍റെ ഉമ്മുമ്മയുടെ ഉമ്മ. ഐഷ ഉമ്മ. മുതു മുത്തശ്ശിയുടെ വൃദ്ധ സ്മരണയല്ല, കടുത്ത ഭ്രാന്തില്‍ മുപ്പത്തിരണ്ടാം വയസ്സില്‍ മരിച്ചുപോയ അതി സുന്ദരിയായ അവരാണ് എന്‍റെ ഓര്‍മ്മയിലെ ഏറ്റവും തീഷ്ണമായ പെണ്ണോര്മ്മ, അതേ, എന്‍റെ ഓര്‍മ്മ! . ജന്മത്തിന് മുന്നേ എന്‍റെ വേരുകളിലേക്ക് ജലവും തളിര്പ്പും സ്വരുക്കൂട്ടിയ എന്‍റെ തായ് വേരിന്റെ ഓര്‍മ്മ
ഒരിക്കല്‍ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന ഒരു സന്ധ്യക്കാണ്‌ ഉമ്മുമ്മ എനിക്ക് അവരുടെ കുട്ടിക്കാലം പറഞ്ഞു തന്നത്. (എന്‍റെ സന്ധ്യകള്‍ എന്നും എങ്ങനെ ഇത്ര മാത്രം നെഞ്ചിടിപ്പുള്ളതായി എന്ന് ആലോചിച്ചു ഇനിയും വേവലാതിപ്പെടുന്നതെന്തിന്!) എന്‍റെ ഓര്‍മ്മയിലെ ആദ്യത്തെയും എന്നത്തേയും ഏറ്റവും മികച്ച visualiser എന്‍റെ ഉമ്മുമ്മയാണ്‌. അതുകൊണ്ടാണ് ഐഷ ഉമ്മയുടെ രൂപം എന്റെയുള്ളിലിന്നും ഇന്നലെക്കണ്ട ഒരാളായി തെളിഞ്ഞു നില്‍ക്കുന്നത്. കാച്ചി മുണ്ടും പൊന്നലുക്കത്തും സ്വര്‍ണ്ണ നിറവും.. മുടി അഴിച്ചിടണമെങ്കില്‍ പായ വിരിച്ചു വേണം.ആ മുടി മുഴുവന്‍ ജടയായി മുറിച്ചു കളഞ്ഞു, പിന്നെ. ഐഷ ഉമ്മയ്ക്ക് രണ്ടു പെണ്മക്കള്‍. അതില്‍ മൂത്തതാണ് എന്‍റെ ഉമ്മുമ്മ. അവരുടെ ആദ്യത്തെ ഭ്രാന്തു മക്കളെ സ്നേഹിക്കലായിരുന്നു. സ്വന്തം കൈകൊണ്ടു നെല്ല് കുത്തിയാണ് തവിട് കളയാത്ത പുത്തരി ചോറ് മക്കളെ ഊട്ടിയത്..പറമ്പിലെ മുരിങ്ങകളില്‍ നിന്ന് കൊഴിയുന്ന മുരിങ്ങപ്പൂ പെറുക്കാന്‍ അതിരാവിലെ എഴുന്നേല്‍ക്കും. അതു നെയ്യില്‍ മൂപ്പിച്ചാണ് ചോറ് കൊടുക്കുക. ഭ്രാന്തു തുടങ്ങുമ്പോള്‍ ഇളയ കുഞ്ഞിനു ആറുമാസം പ്രായം. മൂത്തവള്‍ക്കു നാലോ അഞ്ചോ. ഒരിക്കല്‍ പറമ്പ് കിളയ്ക്കുമ്പോള്‍ സ്വര്‍ണ്ണക്കുടത്തിന്റെ നിധി കിട്ടിയത്രേ. സഹോദരനെ വിളിപ്പിച്ചു,വിവരം പറഞ്ഞു. തട്ടാനെ കൂട്ടി
വരാന്‍ ആളയച്ചു. മക്കള്‍ക്ക്‌ കഴുത്തിലും കാതിലും നിറയെ പൊന്ന് തീര്‍ക്കണം. തട്ടാനെത്തി, നിധിയെടുക്കാന്‍ പത്തായം തുറക്കുമ്പോള്‍ , നിധിയുമായി ആങ്ങള നാടുകടന്നിരുന്നു. ഒരു നില വിളിയോടെ നീണ്ട മൌനത്തിന്‍റെ ഭ്രാന്തന്‍ ഗുഹ തുറക്കപ്പെട്ടത്‌ അങ്ങനെയാണ്..മുടിയഴിച്ചിട്ട് മുറുക്കി ചോപ്പിച്ചു, വിടര്‍ന്ന വലിയ കണ്ണുകള്‍ ഒന്ന് കൂടി വിടര്‍ത്തി അങ്ങനെ ഒരേയിരിപ്പ്.
അന്നൊക്കെ കളിയിലില്‍ വീട്ടില്‍ നിന്ന് (അതാണ്‌ ഉമ്മുമ്മയുടെ വീട്ടുപേര് ) നടക്കാവുന്ന ദൂരത്തില്‍ കാടുണ്ട്‌, തൊട്ടരുകില്‍ സര്‍പ്പക്കാവുണ്ട്.. ഭ്രാന്തു മൂക്കുമ്പോള്‍ ഐഷ ഉമ്മ തപസ്വിയാകും.വാല്മീകിയാകും. പെരുമഴയില്‍ കാടിനുള്ളില്‍ ദിവസങ്ങളോളം ഒരേയിരിപ്പിരിക്കും, രാത്രിയും പകലെന്നുമില്ലാതെ. വിശപ്പും ദാഹവുമില്ലാതെ. അങ്ങനെയൊരു തപസ്സില്‍ ജ്വരം മൂര്‍ശ്ചിച്ചാണ് അവര്‍ മരിക്കുന്നത്. ഭ്രാന്തിയായ ഉമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും ഉമ്മുമ്മ എനിക്ക് തന്ന ചില കെടാ നോവുകളുണ്ട്. കൊടും തപസ്സിനിടയില്‍ ഒരു ദിവസം അഴിഞ്ഞുലഞ്ഞ മുടിയുമായി വെള്ളത്തിലും ചെളിയിലും കുതിര്‍ന്ന കാച്ചി മുണ്ട് വാരിക്കുത്തി അടുക്കളയിലേക്കവര്‍ കയറി വന്നു. . കൈയില്‍ കുറേ പച്ചിലകളും പുല്ലുമുണ്ട്.. അടുപ്പ് കത്തിച്ചു വലിയൊരു കലത്തില്‍ വെള്ളം തിളപ്പിച്ച്‌ ഇലകള്‍ വേവിയ്ക്കാന്‍ വെച്ചു.. ഉമ്മച്ചീടെ മക്കക്ക് വിശക്ക ണില്ലേന്നു ചോദിച്ചു ഇളക്കിക്കൊണ്ടിരിക്കുമ്പോള്‍ കരഞ്ഞു നിലവിളിച്ചു ഉമ്മുമ്മ അനിയത്തിയേയുമെടുത്തു അയല്പക്കത്തേക്ക് ഓടി… കെട്ടിയിടാന്‍ മനസ്സ് വരുന്നില്ലെന്നാണ് ദൂരെയെങ്ങോ കച്ചവടത്തിന് പോയി വല്ലപ്പോഴും മാത്രം വരുന്ന ഐഷ ഉമ്മയുടെ ഭര്‍ത്താവ് പറയുക.
മറ്റൊരു ദിവസം മുട്ടിലിഴഞ്ഞു നടക്കുന്ന ഇളയ കുഞ്ഞു കോലായ്പ്പടിയില്‍ നിന്നും ഏറെ താഴ്ചയുള്ള മുറ്റത്തേക്ക് വീണു. മുളച്ചു തുടങ്ങിയ കുഞ്ഞിപ്പല്ലുകളടര്‍ന്നു ചോരയൊഴുകി. വെയിലിലിരുന്നു ചോരയൊലിപ്പിച്ചു കരയുന്ന കുഞ്ഞിനെ നിസ്സംഗമായി നോക്കിയിരിക്കുന്ന ആ ഉമ്മയും ഓടി വന്നു അനിയത്തിയെ വാരിയെടുക്കുന്ന ആ അഞ്ചു വയസ്സുകാരിയും ഇപ്പോഴും എന്നെ നീറ്റുന്നു. അധികം വൈകാതെ ഭ്രാന്തിന്റെ കൊടുമുടികളില്‍ അവര്‍ അസ്തമിച്ചു. മുണ്ടിന്റെ കോന്തലയില്‍ അപ്പോഴുമുണ്ടായിരുന്നത്രേ അഴുകി തുടങ്ങിയ കുറച്ചു മുരിങ്ങപ്പൂവുകള്‍.
ബന്ധു വീടുകളില്‍ മാറിമാറി താമസിച്ച ആ പെണ്‍കുട്ടികളുടെ ജീവിത സ്മരണ, ഒരു തലവേദനയില്‍ പോലും എന്നെ മരണഭയമുള്ളവളാക്കുന്നു. എന്‍റെ പെണ്മക്കളെയോര്‍ത്തു, ജീവിതമേയെന്ന് യാചിക്കുന്നവളാക്കുന്നു.
പറമ്പില്‍ പുല്ലു പറിയ്ക്കാന്‍ പോകുമ്പോള്‍ ഉമ്മാമ അനിയത്തിയെയും കൂടെ കൂട്ടും..ഉച്ചയ്ക്ക് മുന്‍പ് ഇത്ര വല്ലം നിറയണമെന്നുണ്ട് , അതിനിടയില്‍ വിശന്നു കരയുന്ന കുഞ്ഞിനു പറമ്പിലെ കൈത്തോടുകളിലെ വെള്ളം ഇലക്കുമ്പിള്‍ കൊണ്ട് കോരി ക്കൊടുക്കുമെന്നു പറഞ്ഞു ഒരു കൊച്ചു കുട്ടിയെ പോലെ ഉമ്മാമ കരഞ്ഞു. പതിനൊന്നു വയസ്സുള്ള ഞാന്‍ അന്നേരം അവരുടെ ഉമ്മയായി..അവരില്‍ നിന്നും
എന്‍റെ രക്തത്തിലൂടെ ഇപ്പോഴും ഒഴുകുന്നുണ്ടാകണം നിസ്സഹായതയുടെയും വിഷാദത്തിന്റെയും ആ കൈത്തോടുകള്‍.
ചില നേരങ്ങളില്‍ ഞാന്‍ അവരാകും. രണ്ടു പെണ്മക്കളെ ചേര്‍ത്ത് പിടിച്ചു അമ്മയെന്ന ആന്തലിന്റെ ചൂടറിയുന്നതിനും എത്രയോ മുന്‍പ് അവരെന്നിലൂടെ നടന്നു തുടങ്ങിയിരിക്കുന്നു. ഭ്രാന്തിന്‍റെ മോഹാവസ്ഥ യെക്കുറിച്ചെന്തോ അര്‍ത്ഥമറിയാതെ കവിതയിലെഴുതിയതിനു സ്കൂള്‍ കുട്ടിയായിരിക്കുമ്പോള്‍ എന്നെ വഴക്ക് കേള്‍പ്പിച്ചത് അവരല്ലാതെ മറ്റാരാണ്‌?
ഇപ്പോഴും ചില കാലങ്ങളില്‍ ഏകാന്തതയുടെ ഏതോ വനഭൂമിയില്‍ മൌനത്തിന്‍റെ മഴ നനഞ്ഞു എനിക്ക് പനി പിടിക്കും. എന്തോ മൂഡ്‌ സ്വിങ്ങെന്നു കൂട്ടുകാരോട് പറഞ്ഞു തുടര്‍ച്ചയായി ഫോണെടുക്കാതെ മിണ്ടാതെ ജീവിക്കുമ്പോള്‍ എന്‍റെ ഉള്ളിലേക്കാണ് ഞാന്‍ കാതോര്‍ക്കുന്നത്. അപ്പോഴെല്ലാം ജന്മങ്ങള്‍ക്കപ്പുറത്ത് നിന്നും മഴയില്‍ കുതിര്‍ന്നൊരാള്‍ എനിക്ക് മാത്രം കേള്‍ക്കാവുന്ന തേങ്ങലിന്റെ ഒച്ചയില്‍ എന്നോട് സംസാരിക്കുന്നു. ഭ്രാന്തിലും ചുരന്നൊഴുകുന്ന മുലകള്‍ കൊണ്ട് കല്ലിനെയും ചെടികളെയും മുലയൂട്ടുന്നു..

8 thoughts on “തീയായും ജലമായും-സെറീന

 1. തീയായും ജലമായും ആ ഭ്രാന്തിന്റെ മോഹാവസ്ഥ ഉള്ളിൽ കനലായി കൊണ്ടുനടക്കുന്ന ഉലകത്തിലെ എല്ലാ പെണ്മയ്ക്കും അഭിവാദ്യങ്ങളോടെ,

 2. എന്‍റെ ഓര്‍മ്മയിലെ ആദ്യത്തെയും എന്നത്തേയും ഏറ്റവും മികച്ച visualiser എന്‍റെ ഉമ്മുമ്മയാണ്‌. ……എവിടെയൊക്കെയോ ,ഈ വരികൾ എന്നെയും ,ഭൂതകാലത്തേക്ക് കൊണ്ടു പോയി, സെറീന

 3. പിന്നെയും തുടര്‍ച്ചയായി..
  ഫോണെടുക്കാതെ,
  മിണ്ടാതെ
  അങ്ങകലെ ജന്മങ്ങള്‍ക്കപ്പുറത്തു
  മലമുകളില്‍ മഴയായ് മഞ്ഞായ്‌ പെയ്തോഴിയുന്നുണ്ടാവണം….
  നീ പിന്നെയും പിന്നെയും കരയിപ്പിക്കുന്നു…
  ഇഷ്ടം.

Leave a Reply to പകല്‍കിനാവന്‍ | daYdreaMer Cancel reply

Your email address will not be published. Required fields are marked *