ഫസ്റ്റ് വിറ്റ്നസ്: സ്വാതന്ത്യ സമരത്തില്‍ കുളിസീനിന്റെ പ്രസക്തി

‘വീരപുത്രനി’ല്‍ കുഴപ്പങ്ങള്‍ പലതാണ്. ചരിത്രരേഖകള്‍ പലതുണ്ടായിട്ടും ഭാവനാരചനയെ ആശ്രയിച്ചാണ് തിരക്കഥ ഒരുക്കിയത് എന്നത് ആദ്യത്തെ കുഴപ്പം. മതിയായ റിഹേഴ്സല്‍ ഇല്ലാത്ത ഒരു ഹൈസ്കൂള്‍ നാടകം പോലെ അപൂര്‍ണതകളും അബദ്ധങ്ങളും അസ്വാഭാവികതകളും ഈ സിനിമയുടെ ഓരോ സീനിലും വെളിപ്പെടുന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന ചിത്രം രണ്ടിലും ദയനീയമായി പരാജയപ്പെടുന്നു. വ്യക്തി ജീവിത ചിത്രീകരണമെന്ന പേരിലുള്ള രംഗങ്ങള്‍ സാധാരണ പൈങ്കിളി സിനിമകളുടെ നിലവാരത്തിലേക്കു താഴുമ്പോള്‍, ചരിത്രത്തിലെ
മഹാവ്യക്തിത്വം ഉടഞ്ഞു പോകുന്നു, പ്രേക്ഷക മനസ്സില്‍. സ്വാതന്ത്യ്ര പോരാട്ട രംഗങ്ങളെല്ലാം ഡോക്യുമെന്ററി പോലെ വിരസതയില്‍ മുങ്ങുന്നു-അന്നമ്മക്കുട്ടി എഴുതുന്നു

ഒടുവില്‍, കെമിസ്ട്രി ലാബിന്റെ ആസിഡു മണക്കുന്ന മൂലയില്‍ വെച്ച് ബൈജു മത്തായി ആ മഹാ രഹസ്യം എന്നോടു വെളിപ്പെടുത്തി. അവനും കൂട്ടുകാരും എല്ലാ
വെള്ളിയാഴ്ചയും രാവിലെ ക്ലാസില്‍ നിന്ന് എങ്ങോട്ടാണ് മുങ്ങുന്നതെന്ന സത്യം! കോഴഞ്ചേരി സെന്റ്തോമസ് കോളജിലെ പ്രീഡിഗ്രി സയന്‍സ് ബാച്ചുകളിലൊന്നില്‍ ഞങ്ങള്‍ അറുപ്പതിനാലു പെണ്‍കുട്ടികള്‍ക്ക് കൂട്ടായി അഞ്ച് ആണ്‍കുട്ടികള്‍ മാത്രമായിരുന്നു. അവരില്‍ എന്നോട് മറയില്ലാത്ത സൌഹൃദം ബൈജു മത്തായിക്കുണ്ടായിരുന്നു. കാരണം ഡിഗ്രിയെടുത്തശേഷം അച്ചപ്പട്ടം പഠിക്കാന്‍ പോകാനുറപ്പിച്ചിരുന്ന അവനില്‍ ഞാനൊരു ഭാവി വൈദികനെ കണ്ടു. അങ്ങനെയിരിക്കെയാണ്, ബൈജു മത്തായിയടക്കം ക്ലാസിലെ ആണ്‍കുട്ടികളെല്ലാം മിക്ക വെള്ളിയാഴ്ചകളിലും രാവിലെ അപ്രത്യക്ഷരാവുന്നത്
എന്റെ ശ്രദ്ധയില്‍പ്പെട്ടത്.

മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഒരാവശ്യവുമില്ലാതെ തലയിടുന്നത് ജന്‍മശീലമായ എന്നിലെ അന്വേഷക ഉണര്‍ന്നു. ആഴ്ചകള്‍ നീണ്ട ഭീഷണികള്‍ക്കും ചോദ്യംചെയ്യലിനും ഒടുവില്‍ ബൈജുമത്തായി എന്ന ഭാവി വൈദികന്‍ ആ സത്യം എന്നോടു പറഞ്ഞു, അവര്‍ മാരാമണ്‍ മൌണ്ട് തിയറ്ററില്‍ അഡല്‍ട്ട്സ് ഒണ്‍ലി
നൂണ്‍ഷോ കാണാന്‍ പോകുന്നതാണ്! മംഗളം, മനോരമ ഇത്യാദികളിലെ തുടരന്‍ കഥ വായിച്ചാല്‍ പോലും കുട്ടികള്‍ വഷളായിപ്പോകുമെന്നു കരുതിയിരുന്ന
കുടുംബത്തില്‍ വളര്‍ന്ന ഞാന്‍ ഞെട്ടിത്തരിച്ചു! അപ്പോള്‍ ക്ഷമാപണ സ്വരത്തില്‍ മത്തായി പറഞ്ഞു, ‘നീയിതാരോടും പറയരുത്. അച്ചനായാ പിന്നെ ഇതൊന്നും പറ്റൂല്ലല്ലോ. അതോണ്ടാ. ഇനി പോവൂല്ലാ’. ‘എന്നാലും മത്തായീ, കര്‍ത്താവ് ഇതൊക്കെ അറിയുന്നുണ്ട്, ഓര്‍ത്തോ’ എന്നൊരു ഡയലോഗടിച്ച് ഞാന്‍ അവനിലെ ദൈവഭയത്തിലേക്ക് അമ്പയച്ചു. ‘എടീ, അതെനിക്കറിയാം. മൌണ്ട് തിയറ്ററില്‍ ഏതു സിനിമ തുടങ്ങും മുമ്പും കന്യാമറിയത്തിന്റേം ഉണ്ണിയേശുവിന്റേം ഫോട്ടോ കാണിക്കും. അപ്പോ ഞാനും കണ്ണടച്ചു പ്രാര്‍ഥിക്കും ‘പൊറുക്കണേ കര്‍ത്താവേ’ എന്ന്. ഇനി എന്തായാലും പോവൂല്ല, കര്‍ത്താവാണേ സത്യം’. കുട്ടിയുടെ നിഷ്കളങ്കതയോടെ മത്തായി പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചുപോയി. കോഴഞ്ചേരിയില്‍ ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന മണല്‍പ്പുറത്തിന്റെ അരികില്‍ തന്നെ ആയിരുന്നു, നൂണ്‍ഷോ പതിവായി അഡല്‍ട്ട്സ് ഒണ്‍ലി സിനിമകള്‍ കളിച്ചിരുന്ന മൌണ്ട് തിയറ്റര്‍.

വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ക്ലാസില്‍ നിന്ന് ഒളിച്ചുപോയി ബൈജുമത്തായിയും സംഘവും കണ്ട ‘അവളുടെ രാവുകളും’, ‘രതിനിര്‍വേദവും’ ഇപ്പോള്‍ പതിവായി ചാനലില്‍ വരുന്നതിനാല്‍ ഇന്നത്തെ കുട്ടികള്‍ വീട്ടിലിരുന്നു തന്നെ കാണുന്നു. ഇന്നും മാരാമണ്‍ പാലം വഴി കടന്നുപോകുമ്പോഴൊക്കെ ഞാന്‍ ബൈജുമത്തായിയെ ഓര്‍ക്കും, അഡള്‍ട്ട്സ് ഒണ്‍ലി സിനിമക്കു മുമ്പും മാതാവിന്റെ പടം മുടങ്ങാതെ കാണിച്ചിരുന്ന ആ തിയറ്റര്‍ ഓര്‍ക്കും. (കൂട്ടത്തില്‍ പറയട്ടെ, ബൈജു മത്തായി പള്ളീലച്ചനായില്ല, നാലു പിള്ളേരുടെ അച്ചനായി.)

പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത് നരേന്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച ‘വീരപുത്രന്‍’ എന്ന സിനിമ കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ആ പഴയ മൌണ്ട് തിയറ്റര്‍ കഥ ഓര്‍ത്തു. വടക്കന്‍ കേരളത്തിന്റെ സ്വാതന്ത്യ്ര പോരാട്ട ചരിത്രത്തിലെ അവിസ്മരണീയമായ ഒരു കാലത്തേയും അസാധാരണമായ ഒരു
വ്യക്തിത്വത്തേയും തിരശീലയില്‍ പുനഃസൃഷ്ടിക്കാന്‍ കുഞ്ഞുമുഹമ്മദ് നടത്തിയ ശ്രമം, പുണ്യരൂപവും അഡല്‍റ്റ്സ് ഒണ്‍ലി ദൃശ്യവും ഒരേ സ്ക്രീനില്‍
കാണുന്നതുപോലെ അരോചകമായതോര്‍ത്ത് എനിക്കു സങ്കടം തോന്നി. ‘മരിച്ചവരോടു പ്രാര്‍ഥിക്കാമോ?’ എന്ന വിഷയത്തില്‍ ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍
വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ട് എന്നാണ് മുസ്ലിം സൃഹൃത്തുക്കള്‍ വഴിയുള്ള എന്റെ അറിവ്. അതെന്തായാലും ധീരദേശാഭിമാനിയായ മുഹമ്മദ് അബ്ദുറഹ്മാന്‍
സാഹിബിന്റെ ആത്മാവിനോട് ഞാന്‍ തിയറ്ററില്‍ ഇരുന്ന് കണ്ണടച്ചു പ്രാര്‍ഥിച്ചു: ‘പുണ്യാത്മാവേ, ഈ ചലച്ചിത്ര അപമാനത്തിന് ഞങ്ങളോട് പൊറുക്കേണമേ. ദുനിയാവില്‍ അങ്ങയെ മതമൌലികവാദികളും ബ്രിട്ടീഷുകാരും വേട്ടയാടി. ഖബറില്‍ ചെന്ന് കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും അങ്ങയെ ഇതാ ചലച്ചിത്രരൂപത്തിലും ഞങ്ങള്‍ വേട്ടയാടുന്നു. പൊറുക്കേണമേ….’

ഈ ചരിത്രം എന്നു പറയുന്നത് ഏറെ കുഴപ്പം പിടിച്ചൊരു സാധനമാണ്. പ്രത്യേകിച്ച് അതിനെ സിനിമയാക്കുമ്പോള്‍. കാരണം ചരിത്രത്തിന് ഒറ്റ വഴിയിലുള്ള വായനയല്ല ഉള്ളത്. ചരിത്രമെഴുത്തുകളില്‍ പോലും പലപ്പോഴും കെട്ടുകഥകള്‍ ഇടം പിടിക്കാം. കേട്ട ചരിത്ര പാഠങ്ങളില്‍ നിന്ന് സത്യത്തെ വേര്‍തിരിച്ചെടുക്കല്‍ പലപ്പോഴും എളുപ്പമല്ല. അത് അസാമാന്യ ക്ഷമയും ദീര്‍ഘകാല പഠനവും അനിതര സാധാരണ പ്രതിഭയും ആവശ്യമുള്ളൊരു പ്രക്രിയയാണ്.
പ്രതിഭാധനരായ പല ചലച്ചിത്രകാരന്‍മാരും ലോകസിനിമയില്‍ ആ ദൌത്യം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. ഫലം ഉജ്ജ്വലമായ ചലച്ചിത്രകാവ്യങ്ങള്‍
ചരിത്രപാഠങ്ങളില്‍ നിന്നു പിറന്നു.

അത്രയൊക്കെ ബുദ്ധിമുട്ടാനുള്ള ബുദ്ധിയും പാടവവുമൊന്നും നമ്മള്‍ മലയാളി ചലച്ചിത്രകാരന്‍മാര്‍ക്കില്ല. തിയറ്റര്‍ കലക്ഷനും ഒത്താലൊരു അവാര്‍ഡുമൊക്കെയാണ് നമ്മുടെ ആത്യന്തിക ലക്ഷ്യങ്ങള്‍. ചരിത്രത്തോടല്ല, ചരിത്രമെന്ന പേരിലുള്ള മസാല പ്രയോഗങ്ങളോടാണ് നമുക്കു താല്‍പര്യം.
അതുകൊണ്ട് കറുത്തുതടിച്ച് ഉയരം കുറഞ്ഞവനെന്ന് ദൃക്സാക്ഷികള്‍ വിവരിച്ച പഴശãിയുടെ വേഷം നമ്മള്‍ അതി സുന്ദരനായ മമ്മൂട്ടിയെ ഏല്‍പ്പിക്കും.
പഴശãിയുടെ പട്ടമഹിഷിയായി കനിഹയെപ്പോലൊരു സുന്ദരിയെ തെരഞ്ഞെടുത്ത് മുലക്കച്ച കെട്ടിച്ച് പടികള്‍ ഓടിച്ചു കയറ്റി പാട്ടു സീനുണ്ടാക്കും. മലേറിയ രോഗം പിടിച്ചു മരിച്ചെന്ന് ചരിത്രം ഉറപ്പിച്ചു പറയുന്ന വാസ്കോഡഗാമയെ, മരണത്തിനു മുമ്പ് കേളു നായനാര്‍ എന്നൊരു മലയാളി ഇടിച്ചു ചമ്മന്തിയാക്കിയിരുന്നു എന്നൊരു തമാശക്കഥയുണ്ടാക്കി അതിനെ ലോകസിനിമയെന്നു വിളിക്കും. ഏറ്റവുമൊടുവിലിതാ, കേരളത്തിന്റെ ധീരദേശാഭിമാന ശബ്ദങ്ങളില്‍ ഒന്നായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതമെന്ന പേരില്‍, മുംബൈ നടി റൈമ സെന്നിന്റെ കുളിസീനും കിടപ്പറ സീനും തിയറ്ററുകളില്‍
എത്തിയിരിക്കുന്നു, ‘വീരപുത്രന്‍’ എന്ന പേരില്‍.

‘വീരപുത്രനി’ല്‍ കുഴപ്പങ്ങള്‍ പലതാണ്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെക്കുറിച്ച് ചരിത്രരേഖകള്‍ പലതുണ്ടായിട്ടും എന്‍.പി മുഹമ്മദിന്റെ
ഒരു ഭാവനാരചനയെ ആശ്രയിച്ചാണ് തിരക്കഥ പി.ടി ഒരുക്കിയത് എന്നത് ആദ്യത്തെ കുഴപ്പം. മതിയായ റിഹേഴ്സല്‍ ഇല്ലാത്ത ഒരു ഹൈസ്കൂള്‍ നാടകം പോലെ
അപൂര്‍ണതകളും അബദ്ധങ്ങളും അസ്വാഭാവികതകളും ഈ സിനിമയുടെ ഓരോ സീനിലും വെളിപ്പെടുന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന ചിത്രം രണ്ടിലും ദയനീയമായി പരാജയപ്പെടുന്നു. പരസ്പര ബന്ധമില്ലാത്ത രംഗങ്ങള്‍ വിട്ടകന്നു
നില്‍ക്കുന്നു. വ്യക്തി ജീവിത ചിത്രീകരണമെന്ന പേരിലുള്ള രംഗങ്ങള്‍ സാധാരണ പൈങ്കിളി സിനിമകളുടെ നിലവാരത്തിലേക്കു താഴുമ്പോള്‍, ചരിത്രത്തിലെ
മഹാവ്യക്തിത്വം ഉടഞ്ഞു പോകുന്നു, പ്രേക്ഷക മനസ്സില്‍. സ്വാതന്ത്യ്ര പോരാട്ട രംഗങ്ങളെല്ലാം ഡോക്യുമെന്ററി പോലെ വിരസതയില്‍ മുങ്ങുന്നു.

ഇതിനെല്ലാം പുറമേയാണ് ചരിത്രത്തിന്റെ വളച്ചൊടിക്കലുകള്‍. ‘ഇടതുപക്ഷ സഹയാത്രികനായ ചലച്ചിത്രകാരന്‍’ എന്ന വിശേഷണമൊരു ബഹുമതിയാണ്. കാരണം, ഇടതുപക്ഷം ഹൃദയപക്ഷമെന്ന് പ്രഖ്യാപിച്ച മഹാ ചലച്ചിത്രകാരന്‍മാര്‍ ലോകത്ത് ഒരുപാടുണ്ടായിട്ടുണ്ട് എന്നതു തന്നെ. എന്നാല്‍, കക്ഷിരാഷ്ട്രീയ തിമിരം
ബാധിച്ച ഒരു ചലച്ചിത്രകാരന് ഒരിക്കലും താന്‍ ഇടതുപക്ഷമാണ് എന്നവകാശപ്പെടാന്‍ കഴിയില്ല. അയാള്‍ക്ക് ഒരിക്കലും സത്യസന്ധനായ ചരിത്രാന്വേഷിയാകാനും സാധ്യമല്ല. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ എതിരാളികള്‍ പഴംപൊരിയില്‍ വിഷം ചേര്‍ത്തു കൊടുത്തു കൊന്നു എന്ന സൂചന നല്‍കിയാണ് ‘വീരപുത്രന്‍’ അവസാനിക്കുന്നത്. ചരിത്ര രേഖകളുടെ പിന്‍ബലം ഒന്നും ഇല്ലാത്ത ഈ കഥാഗതി സംവിധായകന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളുടെ തെളിവായാണ് പ്രേക്ഷകന് അനുഭവപ്പെടുക. ആ ‘കൊലപാതകം’ കാണിക്കാനായി ചിത്രീകരിച്ചിരിക്കുന്ന ‘നിഗൂഡ രംഗങ്ങള്‍’ ഒരു തട്ടുപൊളിപ്പന്‍ ഷാജി കൈലാസ് ചിത്രത്തെ ഓര്‍മിപ്പിക്കുന്നു. നാടകത്തിലാണ് അഭിനയിക്കുന്നതെന്ന് വിശ്വസിച്ച് സ്ക്രീനില്‍ വന്നു പോകുന്ന താരങ്ങളൊന്നും ഈ സിനിമക്ക് പ്രത്യേകിച്ച് ഒന്നും സംഭാവന ചെയ്യുന്നില്ല. നരേനും റൈമസെന്നും അടക്കം ആരും നമ്മെ സ്പര്‍ശിക്കുന്നതേയില്ല.

ഒരു കോളജ് അധ്യാപകന്‍ (ശരത്കുമാര്‍) ഒരു സംഘം സര്‍വകലാശാലാവിദ്യാര്‍ഥികളേയും കൂട്ടി മുഹമ്മദ് അബ്ദുറഹ്മാന്റെ ജീവിതം അന്വേഷിച്ച്
ഇറങ്ങുന്നതില്‍ നിന്നാണ് സിനിമയുടെ തുടക്കം. ഈ അധ്യാപക വേഷം ചെയ്യാന്‍ മോഹന്‍ലാലിനെയാണ് ആദ്യം സംവിധായകന്‍ സമീപിച്ചിരുന്നതെന്നു കേള്‍ക്കുന്നു.
ലാലിന്റെ ഭാഗ്യമാവാം അതു നടന്നില്ല. അപ്പാടെ മുറിച്ചു കളഞ്ഞാലും സിനിമക്ക് ഒന്നും സംഭവിക്കാത്ത ഏച്ചുകെട്ടലായിപ്പോയി ‘വീരപുത്രനി’ലെ
ശരത്കുമാറിന്റെ വേഷം. ചരിത്രത്തെ വര്‍ത്തമാനകാലവുമായി യോജിപ്പിക്കാനുള്ള ശ്രമം പ്രതിഭാശൂന്യതകൊണ്ട് അപഹാസ്യമാവുന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ ഖബറിടത്തിലേക്ക് കുട്ടികളും അധ്യപകനും പാട്ടുപാടി പോകുന്നതും വഴിയില്‍ കാണുന്നവരെല്ലാം ആ യാത്രയില്‍ ചേരുന്നതും മറ്റും തനി ബാലിശമായിപ്പോയി! ‘എങ്ങനെ ചരിത്ര സിനിമയെടുക്കരുത്?’ എന്നതിനൊരു പാഠപുസ്തകമായി ‘വീരപുത്രന്‍’ ഭാവിയില്‍ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കു
പ്രയോജനപ്പെട്ടേക്കാം.

ഇതെല്ലാം പറയുമ്പോഴും അവശേഷിക്കുന്ന ഒരു സത്യമുണ്ട്. കേരളീയ മുസ്ലിംകളുടെ ചരിത്രം, വര്‍ത്തമാനം, സംസ്കാരം, ഭൂതകാല പോരാട്ടങ്ങള്‍ എന്നിവയൊന്നും
നമ്മുടെ സിനിമയിലോ സാഹിത്യത്തിലോ കലയിലോ അതിന്റെ തനിമയില്‍, സത്യസന്ധതയില്‍ ഇനിയും ആവിഷ്കരിക്കപ്പെട്ടിട്ടില്ല. ഒരു മുസ്ലിം സുഹൃത്ത്
അടുത്തിടെ പറഞ്ഞു: ‘മുസ്ലിംകള്‍ നമസ്കരിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി ഒരു സിനിമയില്‍ കണ്ടിട്ട് മരിച്ചാല്‍ മതിയായിരുന്നു. ഒറ്റ മലയാള
സിനിമയിലും മുസ്ലിം പ്രാര്‍ഥനാ രംഗം തെറ്റില്ലാതെ ഞാന്‍ കണ്ടിട്ടില്ല’. കഥകളി മുതല്‍ തെയ്യം വരേയും ചെണ്ടമേളം മുതല്‍ ഭരതനാട്യം വരേയും തെറ്റാതെ
പഠിച്ച് സിനിമയില്‍ തന്‍മയത്വത്തോടെ അവതരിപ്പിക്കുന്ന താരങ്ങളുടേയും സംവിധായകരുടെയും കേരളമാണ് ഇത് എന്നോര്‍ക്കുക. അതേ സമയം തന്നെയാണ്, വീതി കൂടിയ പച്ച ബെല്‍റ്റും വെള്ള തൊപ്പിയും ഊശാന്‍ താടിയുമുള്ള ക്രൂരന്‍മാരായ മുസ്ലിം വില്ലന്‍മാരുടെ കാലം മലയാള സിനിമയില്‍ ഇപ്പോഴും തുടരുന്നത്. ഇനി എങ്ങാനൊരു മുസ്ലിം കേന്ദ്രകഥാപാത്രമായാല്‍ അയാളെക്കൊണ്ട് ‘ഞാനൊരു രാജ്യസ്നേഹിയാണ്’ എന്ന് പലവട്ടം പറയിപ്പിച്ച് ഉറപ്പിക്കുകയും വേണം
തിരക്കഥയില്‍. പറഞ്ഞുവന്നത്, കേരളീയ മുസ്ലിം ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കരണങ്ങള്‍ നമ്മുടെ സിനിമയിലും കലയിലും ഉണ്ടാവണം. എന്നാല്‍, ‘പരദേശി’, ‘വീരപുത്രന്‍’ നിലവാരത്തിലാണ് ഈ ആവിഷ്കാരമെങ്കില്‍ ഹാ കഷ്ടം! പാവം മുസ്ലിംകള്‍! പാവം പ്രേക്ഷകര്‍!

ഒടുവില്‍ കേട്ടത്:

###
‘വീരപുത്രനെ’ വിമര്‍ശിച്ച ഹമീദ് ചേന്ദമംഗലൂരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.ടി കുഞ്ഞുമുഹമ്മദ്. ‘ഈ സിനിമയെ വിമര്‍ശിക്കുന്നവര്‍ക്കെതിരില്‍ നിയമ നടപടി സ്വീകരിക്കും’ എന്ന കാര്യം ടൈറ്റിലിനു മുമ്പായി എഴുതി കാണിക്കാമായിരുന്നു!
###
പി.ടി കുഞ്ഞുമുഹമ്മദ് ചരിത്രത്തെ വളച്ചൊടിച്ചെന്ന് മുസ്ലിംലീഗ്. ഒടുവില്‍ ലീഗുകാരും ചരിത്രം വായിച്ചു തുടങ്ങിയിരിക്കുന്നു. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!

21 thoughts on “ഫസ്റ്റ് വിറ്റ്നസ്: സ്വാതന്ത്യ സമരത്തില്‍ കുളിസീനിന്റെ പ്രസക്തി

 1. ഒരു സിനിമ എന്ന നിലയ്ക്ക് കലാപരമായും സാങ്കേതികമായും ഒക്കെ ഒരുപാട് അബദ്ധങ്ങളുള്ള, പിഴവുകളുള്ള സിനിമ തന്നെയാണ് വീരപുത്രന്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുളിസീനും എഡിറ്റിങ്ങും കാസ്റ്റിങ്ങുമൊക്കെ പരമബോറുമാണ്. പക്ഷേ ചരിത്രകാരന്മാര്‍ ബഌക്ക് ഔട്ട് ചെയ്ത ഒരു ചരിത്രപുരുഷനെ അഭ്രപാളികളിലെത്തിക്കാനുള്ള ശ്രമമെന്ന നിലയ്ക്ക് പി ടി അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. നാടകമായാലും പൈങ്കിളിയായലും എന്ത് പിണ്ണാക്കായാലും അബ്ദുറഹ്മാനെപ്പോലൊരു ചരിതപുരുഷനെ സ്‌ക്രീനിലെത്തിക്കാന്‍ ഒരു പി ടി അല്ലേ ഉണ്ടായുളളൂ. സമാന്തസിനിമയുടെയും കമേഴ്‌സ്യല്‍ സിനിമയുടെയും ഹോള്‍സെയില്‍ ഡീലര്‍മാരായ ഒരു പൂമാനും ഉണ്ടായില്ലല്ലോ. പിന്നെ ഒരു സംഗതി എത്ര ബോറായാലും ഉണ്ടാക്കാനാണ് പാട്. പുരപ്പുറത്ത് കേറിയിരുന്ന് വിമര്‍ശിക്കനും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുമൊന്നും വലിയ പ്രയാസമൊന്നുമില്ല. എന്‍ പിയുടെ നോവലിനെ ആധാരമാക്കി സിനിമയെടുത്തൂകൂട എന്ന വാദം പോലും എത്ര ജനാധിപത്യ വിരുദ്ധമാണ്. ചരിത്രം അതേപടി പകര്‍ത്താനായിരുന്നെങ്കില്‍ ഒരു ഡോക്യുമെന്ററി എടുത്താല്‍ പോരായിരുന്നോ. എന്തിന് സിനിമയെടുക്കണം. ചരിത്രം പൊക്കിപ്പിടിച്ചുള്ള വാദം കേട്ടാല്‍ തോന്നും അബ്ദുറഹ്മാന്റെ ജീവിതം മുഴുവന്‍ ഇവിടെ ചരിത്ര രേഖകളായി ഉണ്ടെന്ന്. 5-6 പതിറ്റാണ്ട് മുമ്പ് മാത്രം നടന്ന സംഭവങ്ങളായിട്ടും ഇന്നും വ്യക്തമായ, കൃത്യമായ ചരിത്രം പലകാര്യങ്ങളിലുമില്ല. പലതരം ഭീഷണികള്‍ നേരിട്ടിരുന്ന അബ്ദുറഹ്മാന്‍ എന്ന് വ്യക്തി മരിച്ചതോ കൊല്ലപ്പെട്ടതോ എന്ന ഒരു അന്വേഷണം പോലും നടന്നിട്ടില്ല. എന്തുകൊണ്ട് അത് സംഭവിച്ചില്ല. അബ്ദുറഹ്മാന്റെ മരണം ആവശ്യമായിരുന്ന പലരും അക്കാലത്ത് ഉണ്ടായിരുന്നു എന്ന വസ്തുത ആരും എന്തേ പരിഗണിച്ചില്ല. അബ്ദുറഹ്മാനെക്കുറിച്ചുള്ള ശരിയായ വസ്തുതകള്‍ പുറത്തുവരുന്നത് പലരുടെയും പൂച്ച് പുറത്താകും. അത്തരക്കാര്‍ അബ്ദുറഹ്മാനെപ്പോലെ സിനിമയെയും ബ്ലാക്ക്ഔട്ട് ചെയ്യാന്‍ ശ്രമിക്കും. അതാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് വെറുതേ സിദ്ധാന്തജാടയണിഞ്ഞ് അടുപ്പുകൂട്ടണോ അന്നമ്മക്കുട്ടീ…

  • suhruthe,,
   kure koodi vishalamayi chinthikkooo
   undakki pazhakkunnathilum nallathu undakkathirikkunnathalle??
   veerputhran enna cinema illenkilum abdu sahib ennum ariyappedum
   thettu kanumbol choondi kanikkunathu thettano?
   rima seninte kuli sceno kidappara sceno alla evide vishayam…
   veeraputhran charithrathode neethi pularthiyo ennathanu…..
   p t kku aavishkara svathantryam undu…pakshe charithram valachodikkanulla avakasham illa…………………….

 2. @ യാസിര്‍
  ഇവിടെ അടുപ്പു കൂട്ടുന്നത് ആരാണ്? താങ്കള്‍ തന്നെയല്ലേ.
  ആദ്യമേ താങ്കള്‍ പറഞ്ഞുവെച്ചു സിനിമ എന്ന നിലയില്‍ അബദ്ധവും ബോറും എന്ന്. സിനിമ എന്ന നിലയില്‍ തന്നെയാണല്ലോ ആളുകള്‍ കാശുമുടക്കി കാണുന്നത്. അല്ലാതെ സാമൂഹിക പ്രവര്‍ത്തനം എന്ന നിലയിലല്ലോ
  ആളുകള്‍ പടം കാണാന്‍ പോവുന്നത്.
  അപ്പോള്‍, സിനിമ മോശമെങ്കില്‍ പിന്നെ ഈ പറച്ചിലില്‍ എന്ത് അര്‍ഥമാണുള്ളത്. ആരോടൊക്കെയോ ഉള്ള മറുപടി സിദ്ധാന്ത രൂപത്തില്‍ ഇങ്ങനെപുറത്തുവിടുന്നതല്ലേ സത്യത്തില്‍ അടുപ്പു കൂട്ടല്‍.

  ഇങ്ങനെയാണ് ചരിത്രപുരുഷന്‍മാരെ സ്ക്രീനിലെത്തിക്കുന്നതെങ്കില്‍ തമസ്കരണത്തേക്കാള്‍ വലിയ ദ്രോഹം അതല്ലേ. പ്രേക്ഷകരായ ഞങ്ങള്‍ ചെന്നു കാലുപിടിച്ചിട്ടല്ലല്ലോ അദ്ദേഹം ഇമ്മാതിരി സിനിമ എടുത്തത്. കാശു കിട്ടുന്ന ഒരു പ്രൊജക്റ്റ് എന്ന രീതിയില്‍ തന്നെയല്ലേ.
  ഉണ്ടാക്കുന്ന പാട് ഉണ്ടാക്കുന്നവര്‍ക്കല്ലേ. കാശുമുടക്കി കാണുന്നവര്‍ അതാലോചിച്ചു കുഴങ്ങേണ്ട
  കാര്യമെന്ത്? ഇനി അതും പ്രേക്ഷകരുടെ നെഞ്ചത്തു തന്നെയാണോ?

 3. പി.ടി യുടെ ഏത് സിനിമയാണു നല്ലതായുള്ളത്?
  ഒരു ആവറേജ് എന്നതിന്നപ്പുറം പി.ടിക്ക് പ്രാധാന്യമൊന്നുമില്ല എന്നതാണു സത്യം.
  അദ്ദേഹത്തിൽ നിന്നു കൂടുതൽ പ്രതീക്ഷിക്കുന്നുമില്ല.

 4. @സുരേഷ്,
  അതേ സിനിമ കാണുന്നത് ചിലപ്പോള്‍ സാമൂഹിക പ്രവര്‍ത്തനവും സാംസ്‌കാരിക പ്രവര്‍ത്തനവുമായി മാറും. ആനന്ദത്തിന് വേണ്ടി മാത്രമല്ലല്ലോ സിനിമ കാണുന്നത്. അബ്ദുറഹ്മാന്‍ സാഹിബിന്റെ വ്യാക്തിത്വത്തിന്റെ തരിമ്പും ഈ സിനിമയിലില്ലെന്ന് പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ. ആ വ്യക്തിത്വന്റെ ആഴം അടയാളപ്പെടുത്തിയപ്പോള്‍ പി ടി യുടെ പ്രതിഭയുടെ പോരായ്മകള്‍ അതില്‍ നിഴലിച്ചിട്ടുണ്ട് എന്നതല്ലാതെ സിനിമ പറ്റേ അബദ്ധമാണ് എന്ന വാദം ആര്‍ക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഒന്നും ചെയ്യാതിരിക്കുന്നതും അല്‍പം ചെയ്യുന്നതും ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. തമ്‌സ്‌കരണം കുറ്റകൃത്യവുമാണ്. പിന്നെ പ്രേക്ഷരായ നിങ്ങളെ ഒരുത്തനേം പി ടി നിര്‍ബന്ധിക്കുന്നില്ല. സമയവും സൗകര്യവും ഉണ്ടെങ്കില്‍ പോയിക്കണ്ടാല്‍ മതി.

 5. ആണോ. അങ്ങനെയല്ലല്ലോ മാതൃഭൂമിയില്‍ അങ്ങേരുമായി നടത്തിയ
  ഇന്റര്‍വ്യൂവില്‍ പറയുന്നത്. പ്രതിബദ്ധ സിനിമ, ആര്‍ട്ട് സിനിമ എന്നതൊട്ടെ മണ്ടത്തരമായിരുന്നൂ, ഏറ്റവും സാധാരണക്കാരനുമായി പോലും കമ്യൂണിക്കേറ്റ് ചെയ്യണം, അവര്‍ക്കു വേണ്ടിയാണ്
  പടമെടുക്കുന്നത് എന്നൊക്കെയായിരുന്നല്ലോ ഗീര്‍വാണം.
  സമയവും സൌകര്യവും ഉള്ളപ്പോള്‍ കണ്ടോട്ടെ എന്നാണെങ്കില്‍ സിനിമ വീട്ടീ വെച്ചിരുന്നാ പോരെ. നാടായ നാടു മുഴുവന്‍
  പരസ്യം ചെയ്യുന്നതും മാധ്യമങ്ങള്‍ മുഴുവന്‍ വാര്‍ത്തകളും ലേഖനങ്ങളും വരുത്തിക്കുന്നതുമൊക്കെ പിന്നെ എന്താണ്.
  പരസ്യം എന്നത് ആളുകളെ ക്ഷണിക്കുന്നത് തന്നെയെന്ന് താങ്കള്‍ മറന്നുപോയോ.

 6. സാധാരണക്കാര്‍ക്ക് വേണ്ടി, അവരുമായി കമ്യൂണിക്കേറ്റ് ചെയ്യുന്ന സിനിമ എടുക്കുന്നത് ഇത്രവലിയ തെറ്റാണെന്ന് അറിഞ്ഞില്ല. ക്ഷമീര്. പരസ്യം ക്ഷണമാണെന്നത് വാദത്തിന് സമ്മതിച്ചാല്‍ പോലും അത് നിര്‍ബന്ധിക്കലല്ല. ക്ഷണം സ്വീകരിക്കാനും നിരസിക്കാനും ഉള്ള അവകാശവുമുണ്ട്. പി ടിയുമായുള്ള ഇന്റര്‍വ്യൂ വായിച്ചവര്‍ക്കൊക്കെ അദ്ദേഹം ആര്‍ട്ട്, പ്രതിബദ്ധ സിനിമയെ നിരാകരിച്ചിട്ടില്ലെന്നും പ്രസ്തുത പേരിട്ട് പടച്ചുവിടുന്ന ആര്‍ക്കും മനസ്സിലാകാത്ത സിനിമ ജാഢകളെയാണ് നിരാകരിച്ചതെന്നും വ്യക്തമാകും. അത് ഗീര്‍വാണമല്ല. ബുദ്ധിജീവിപ്പട്ടം പൊയ്‌പ്പോകുമോ എന്ന് പേടിച്ച് പലരും പറയാതിരുന്ന യാഥാര്‍ത്ഥ്യമാണ്.

 7. ഹ ഹ ഹ. രജ്യ സേവനം പോലെ തന്നെ പ്രധാനമല്ലേ ഒരാള്‍ക്ക് തന്റെ കുടുംബജീവിതവും. മുഹമ്മദ് അബ്ദുറഹ്മാന്റെ കുടുംബജീവിതത്തെ ആസ്പദമാക്കിയല്ലേ വീരപുത്രന്‍ സിനിമ എടുത്തിരിക്കുന്നേ…? പിന്നെ ലീഗിന്റെ ചരിത്രം ലീഗുകാര്‍ക്കെന്താ ചരിത്രം വായിച്ചൂടെ. ?

 8. I really appreciate PT’s efforts to portray a stellar personality like Sahib. I haven’t seen the film. But I felt bad seeing the kuliscene of Sahib’s wife. PT could have done this in some other film; not in this film

 9. അതാണോ കുളിസീന്‍? കഷ്ടം തന്നെ. അപ്പോ യഥാര്‍ഥ കുളിസീന്‍ കണ്ടാലോ? ഈ അന്നമ്മക്കുട്ടി ഏതെങ്കിലും ഒരു സിനിമ താരതമ്യേന മികച്ചതെന്ന് പറഞ്ഞിട്ടുണ്ടോ? ഇനി അന്നമ്മക്കുട്ടിയൊരു പടം പിടിക്ക്. ഞങ്ങള് കാണട്ടെ.

 10. അബ്ദുറഹ്മാന്‍ എന്ന വ്യക്തി ഒറ്റപ്പെട്ടു പോകുന്നതാണ് ഈ സിനിമയില്‍ എന്നെ സ്പര്‍ശിച്ചത്…

 11. അന്നമ്മകുട്ടി ഒരുപാട് സംഭവങ്ങള്‍ ഓര്‍ക്കാതിരിക്കുന്നതാണ് നല്ലത് എല്ലാ രിവ്യുവിലും നിങ്ങളുടെ ഓര്‍മ്മകള്‍ മാത്രമേ കാണാനുള്ളൂ പഴയ ഓര്‍മ്മകള്‍ അയവിറക്കാനാനെങ്കില്‍ ഒരു ബ്ലോഗില്‍ ഇട്ടാല്‍ പോരെ ഞങ്ങള്‍ വന്നു വായിച്ചോളാം കൂട്ടുകാരന്‍ ക്ലാസ് കട്ട് ചെയ്തു സിനിമ കാണാന്‍ പോയതും ഈ വിഷയവുമായി എങ്ങനെ ലിങ്ക് ചെയ്യുന്നെന്നു മനസിലാവുന്നില്ല ഈ രിവ്യുവിന്റെയും മുക്കാല്‍ ഭാഗം താങ്കളുടെ ഓര്‍മ്മകള്‍ കവര്‍ന്നെടുത്തു കഴിഞ്ഞ പല രിവ്യുകളിലും ഇത് തന്നെ സ്ഥിതി സിനിമയെക്കുറിച്ച് എഴുതൂ

  • ജൈസണ്‍ !
   അന്നമ്മ ഓര്‍മിച്ചതില്‍ കാര്യമുണ്ട്
   “”എടീ, അതെനിക്കറിയാം. മൌണ്ട് തിയറ്ററില്‍ ഏതു സിനിമ തുടങ്ങും മുമ്പും കന്യാമറിയത്തിന്റേം ഉണ്ണിയേശുവിന്റേം ഫോട്ടോ കാണിക്കും. അപ്പോ ഞാനും കണ്ണടച്ചു പ്രാര്‍ഥിക്കും””
   ഇത് പോലെ വീരപുത്രനില്‍ സാഹിബിന്റെ ജീവിതമെന്ന പേരില്‍, കുറെ സ്വാതന്ത്ര്യ സമര മുഹൂര്‍ത്തങ്ങളും മുംബൈ നടി റൈമ സെന്നിന്റെ കുളിസീനും കിടപ്പറ സീനും സമന്വയിപ്പിചിരിക്കുന്നു…

   “””പുണ്യരൂപവും അഡല്‍റ്റ്സ് ഒണ്‍ലി ദൃശ്യവും ഒരേ സ്ക്രീനില്‍”””

   അന്നമ്മക്കുട്ടിയുടെ ഓര്‍മ ഇവിടെ എന്തുകൊണ്ടും ഫിറ്റ് 100 %,,,,,,,

 12. സത്യസന്ധമായ നിരൂപണം …. വീരപുത്രന്‍ ഒട്ടും കലാമൂല്ല്യമില്ലതെയും , ചരിത്രത്തോട് നീതിപുലര്‍ത്തതെയുമാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് …!!

 13. സമരസേനാനികള്‍ക്ക് ‘ദുര്‍ബല’വികാരങ്ങള്‍ പാടില്ല എന്ന് കരുതുന്ന ഒരു ജനതയ്ക്ക് അങ്ങനെ ഒരാളുടെ പ്രണയ രംഗങ്ങള്‍ കണ്ട് അദ്ദേഹത്തിന്റെ മഹാവ്യക്തിത്വം ഉടഞ്ഞു പോകുന്നു എന്ന് തോന്നിയാല്‍ അത്ഭുതമില്ല. അല്ലാതെ വ്യക്തിത്വം ഉടയാന്‍ മാത്രം എന്താണ് ഈ സിനിമയില്‍ കാണിച്ചിട്ടുള്ളത്?

  “ചരിത്രരേഖകള്‍ പലതുണ്ടായിട്ടും ഭാവനാരചനയെ ആശ്രയിച്ചാണ് തിരക്കഥ ഒരുക്കിയത് എന്നത് ആദ്യത്തെ കുഴപ്പം” –> എന്തുകൊണ്ടാണ് അതൊരു കുഴപ്പമാവുന്നത്? ഇത് മുഴുവന്‍ ചരിത്രമാണ് എന്ന് സംവിധായകന്‍ അവകാശപ്പെടുന്നുണ്ടോ? ഇത് ചരിത്രവും കാല്‍പ്പനികതയും കലര്‍ന്നതാണ് എന്ന് ആദ്യം തന്നെ എഴുതിക്കാണിച്ചില്ലേ?

  “കക്ഷിരാഷ്ട്രീയ തിമിരം ബാധിച്ച ഒരു ചലച്ചിത്രകാരന് ഒരിക്കലും താന്‍ ഇടതുപക്ഷമാണ് എന്നവകാശപ്പെടാന്‍ കഴിയില്ല. അയാള്‍ക്ക് ഒരിക്കലും സത്യസന്ധനായ ചരിത്രാന്വേഷിയാകാനും സാധ്യമല്ല” — എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണം?

  @യാസിര്‍: “നാടകമായാലും പൈങ്കിളിയായലും എന്ത് പിണ്ണാക്കായാലും അബ്ദുറഹ്മാനെപ്പോലൊരു ചരിത്രപുരുഷനെ സ്‌ക്രീനിലെത്തിക്കാന്‍ ഒരു പി ടി അല്ലേ ഉണ്ടായുളളൂ.” ++

  “‘വീരപുത്രനെ’ വിമര്‍ശിച്ച ഹമീദ് ചേന്ദമംഗലൂരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.ടി കുഞ്ഞുമുഹമ്മദ്” എന്ന് എവിടെയാണ് കേട്ടത് എന്നുകൂടി പറയാമായിരുന്നു.

  കഥാപാത്രങ്ങള്‍ ‘സ്പര്‍ശിക്കുന്ന’ കാര്യമൊക്കെ പറഞ്ഞാല്‍ പഴശ്ശിരാജ വന്‍ ഹിറ്റാക്കിയ ആള്‍ക്കാരാണ് നമ്മള്‍ കേരളീയര്‍ എന്നുകൂടി ഓര്‍ക്കണം!

 14. സിനിമ കാണാത്തതുകൊണ്ട് വിശദമായ അഭിപ്രായം ഇല്ല
  എന്നാലും ഒന്ന് പറയാതിരിക്കാന്‍ കഴിയില്ല്

  ഉപ്പ് എന്ന സിനിമക്ക് ശേഷം ഒരു സിനമപോലും നന്നാക്കാന്‍ ഇദ്ദേഹത്തിന്‍ കഴിഞ്ഞില്ല

  • @ Manohar Manikkath
   VEERAPUTHRAN njanum kandilla
   athu kondu visadamaya abhiprayam enikkum illa

   ennalum onnu parayathirikkan kazhiyilla

   UPPU enna cinema PAVITHRANte aanu
   athil PT abhinayichitte ullu

 15. പി ടി കുഞ്ഞുമുഹമ്മദ് ചെയ്തിട്ടുള്ളതൊന്നും മികച്ച സിനിമകളല്ലായിരിക്കാം, എന്നാല്‍ ആ സിനിമകള്‍ക്കെല്ലാം പ്രസക്തിയുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മുസ്ലീം പശ്ചാത്തലത്തില്‍ സാധാരണ മനുഷ്യരുടെ കഥകള്‍ പറഞ്ഞു എന്നതുതന്നെ വലിയൊരു കാര്യമാണ്, തീവ്രവാദികള്‍, മുസ്ലീമാണെങ്കിലും നല്ലവന്‍ / ദേശസ്നേഹി എന്നിങ്ങനെയുള്ള സ്റ്റീരിയോ ടൈപ്പുകള്‍ മാത്രം മുഖ്യധാരയില്‍ കാണാന്‍ കിട്ടുമ്പോള്‍. മഗ് രിബ് അധികമൊന്നും ഓര്‍മ്മയില്ല, പക്ഷേ വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു. പ്രമേയത്തില്‍ മാത്രമല്ല, ചലച്ചിത്രഭാഷയിലും. (ഉദാഹരണത്തിന്, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ സംഭാഷണങ്ങള്‍ നടക്കുമ്പോള്‍ കേള്‍ക്കുന്നയാള്‍ക്കാരുടെ മുഖമാണ് സിനിമയില്‍ നാം കണ്ടത് ). ഗര്‍ഷോം പ്രവാസിയുടെ വേദനകള്‍ അനുഭവിപ്പിച്ചു, ഗാന്ധിയൊക്കെ വരുന്ന ചില സീനുകള്‍ നല്ല ബോറായി തോന്നിയെങ്കിലും. പരദേശി അത് തിരഞ്ഞെടുത്ത വിഷയം കൊണ്ടുതന്നെ പ്രസക്തമാണ്. ഡല്‍ഹിയില്‍ വെച്ച് പരദേശിയുടെ പ്രദര്‍ശനവും അതോടനുബന്ധിച്ച് ഒരു പത്രസമ്മേളനവും നടന്നപ്പോള്‍ ഒരു ടി വി ജേര്‍ണലിസ്റ്റ് ചോദിച്ചു, ഈ പടം ഫണ്ട് ചെയ്തത് ഐ എസ് ഐ ആണോ എന്ന് !

  “ഏതെങ്കിലും ചരിത്ര പുരുഷനെക്കുറിച്ചുള്ള ചലച്ചിത്രത്തിലോ ഇതര
  സൃഷ്ടികളിലോ രേഖാധിഷ്ഠിത ചരിത്ര വസ്തുതകള്‍ക്കു കടകവിരുദ്ധമായി വല്ലതും
  കടന്നുവരുമ്പോള്‍, അത് ചൂണ്ടിക്കാണിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്.
  ഉദാഹരണത്തിന്, ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ സ്വാഭാവികമരണമോ
  ഇ.എം.എസ്സിന്റെ സ്വാഭാവികമരണത്തെ കൊലപാതകമോ ആയി വല്ല ചലച്ചിത്ര
  സംവിധായകരും ചിത്രീകരിച്ചാല്‍ അത് എതിര്‍ക്കപ്പെടണം. എന്നുവെച്ച് ആ
  ചലച്ചിത്രകാരന്റെ സൃഷ്ടി നിരോധിക്കണമെന്നോ പിന്‍വലിക്കണമെന്നോ
  ആവശ്യപ്പെട്ടുകൂടാ. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടുതന്നെ വേണം നേരിടാന്‍.
  നിയമയുദ്ധത്തിനും പേശീബലത്തിനും അവിടെ സ്ഥാനമില്ല. ‘വീരപുത്ര’നോടുള്ള
  എന്റെ പ്രതികരണത്തില്‍ ഈ തത്ത്വം എപ്പോഴെങ്കിലും പാലിക്കപ്പെടാതെ
  പോയിട്ടുണ്ടെങ്കില്‍ അതിനുകാരണം എന്റെ അവധാനതക്കുറവാണ്. അതില്‍ ഞാന്‍
  നിര്‍വ്യാജം ഖേദിക്കുന്നു” — ഹമീദ് ചേന്ദമംഗലൂര്‍.

Leave a Reply to amritha Cancel reply

Your email address will not be published. Required fields are marked *