വാള്‍സ്ട്രീറ്റ്: നവോമി വോള്‍ഫ് അറസ്റ്റില്‍

വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ലോകമാകെ കത്തിപ്പടരുന്നതിനിടെ ന്യൂയോര്‍ക്കില്‍ പ്രമുഖ ഫെമിനിസ്റ്റ് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ നവോമി വോള്‍ഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക് ഗവര്‍ണറെ ആദരിക്കുന്ന ചടങ്ങിലേക്ക് പ്രതിഷേധവുമായെത്തിയ പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നപ്പോഴായിരുന്നു അറസ്റ്റ്.

വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ലോകമാകെ കത്തിപ്പടരുന്നതിനിടെ ന്യൂയോര്‍ക്കില്‍ പ്രമുഖ ഫെമിനിസ്റ്റ് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ നവോമി വോള്‍ഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക് ഗവര്‍ണറെ ആദരിക്കുന്ന ചടങ്ങിലേക്ക് പ്രതിഷേധവുമായെത്തിയ പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നപ്പോഴായിരുന്നു അറസ്റ്റ്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുഓമോക്ക് ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദ ഇയര്‍’ പുരസ്കാരം നല്‍കുന്ന ചടങ്ങിനിടെയായിരുന്നു അറസ്റ്റ്. നവോമി വോള്‍ഫ് കോളമിസ്റ്റായ ഹഫിങ്ടണ്‍ പോസ്റ്റ് വെബ്സൈറ്റായിരുന്നു സംഘാടകര്‍. ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നവോമിയെന്ന് ‘ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു.

മില്യനയര്‍ നികുതി പുനസ്ഥാപിക്കാന്‍ തയ്യാറാവാത്ത ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി 50ലേറെ പ്രക്ഷോഭകരാണ് ചടങ്ങിനെത്തിയത്. ഇവര്‍ക്ക് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് നവോമി പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നത്. പൊലീസും നവോമിയുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നായിരുന്നു അറസ്റ്റെന്ന് പ്രക്ഷോഭക വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

നവോമിയെയും കൂട്ടുകാരനയും കൈയാമം വെച്ച് മന്‍ഹാട്ടനിലെ സ്കൈലൈന്‍ സ്റ്റുഡിയോക്കു മുന്നിലുള്ള വഴിയിലൂടെ കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ എന്തു കുറ്റമാണ് ചുമത്തുകയെന്ന് വ്യക്തമായിട്ടില്ല. വിലക്ക് ലംഘിച്ച് പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നതിനാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.

മൂന്നാം തരംഗ ഫെമിനിസ്റ്റുകളില്‍ പ്രധാനിയായ നവോമിയുടെ ‘ദ ബ്യൂട്ടിമിത്ത്’ എന്ന കൃതി ഏറെ പ്രശസ്തമാണ്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകള്‍ ഇതിനകം ന്യൂയോര്‍ക്കില്‍ മാത്രം അറസ്റ്റിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *