കിണ്ണം കട്ടവര്‍

പത്തുമിനുട്ടുകൊണ്ട് സ്പീക്കര്‍ പരിപാടി അവസാനിപ്പിച്ച് കര്‍ട്ടണിട്ടു. ഇരുവരുടേയും സസ്പെന്‍ഷനും പ്രതിപക്ഷത്തിന്റെ പ്രതിഷേധവും സമാപിച്ചു. അപ്പോള്‍ ടിവി രാജേഷിന്റേയും കൂട്ടരുടേയും മുഖത്ത് പണ്ട് മൂത്രമൊഴിച്ചു വരുമ്പോള്‍ കരുണാകരന്റെ മുഖത്തുണ്ടായിരുന്ന ഒരു ചിരിയുണ്ടായിരുന്നത്രേ. കിണ്ണം കട്ട കള്ളന്റെ ചിരി-എം.ജയകൃഷ്ണന്‍ എഴുതുന്നു

മലയാളിയായാലും സര്‍ദാര്‍ജ്ജിയായാലും സായിപ്പായാലും മൂത്രശങ്ക വന്നാല്‍ ഒരുപോലെയാണ്. അതുപോലെയാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചായശങ്ക. കട്ടന്‍ ചായയും പരിപ്പുവടയും മനസ്സിലുദിച്ചാല്‍ പിന്നെ പിടിച്ചു നില്‍ക്കാനാകില്ല. ഈ രണ്ടു ശങ്കക്കും കേരള രാഷ്ട്രീയത്തിലുള്ള സ്ഥാനം ആര്‍ക്കും വിസ്മരിക്കാന്‍ പറ്റില്ല.

വര്‍ഷങ്ങള്‍ മുമ്പാണ്. കെ.മുരളീധരന്‍ എം.എല്‍.എ ഹോസ്റ്റലിനു മുന്നില്‍ നിന്ന്് മുണ്ടു മടക്കിയുടുത്ത് എ.കെ ആന്റണിയെ ചീത്തവിളിച്ചു നടന്ന കാലം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുവേണ്ടി സീറ്റുനിര്‍ണ്ണയത്തിന് ആന്റണിയടക്കമുള്ള നേതാക്കള്‍ക്കൊപ്പം വട്ടത്തിലിരിക്കുമ്പോഴാണ് കരുണാകരന് ചരിത്രപ്രസിദ്ധമായ മൂത്രശങ്കയുണ്ടായത്. കരുണാകരന്‍ മൂത്രമൊഴിച്ചു തിരിച്ചുവന്നപ്പോഴേക്കും ആന്റണിക്കുപോലും തലവേദനയായ മുരളീധരന്‍ എന്ന പീറപ്പയ്യന്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. അതുപോലൊരു ശങ്കയായിരുന്നു സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് രാത്രിമുഴുവന്‍ സഭയില്‍ കിടന്നുറങ്ങി ക്ഷീണിച്ച സഖാവ് ടി.വി.രാജേഷിനും ജയിംസ് മാത്യുവിനുമുണ്ടായത്. ശങ്ക മൂത്രത്തിനായിരുന്നില്ല ചായക്കായിരുന്നുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

തലേന്നു ലഭിച്ച സസ്പെന്‍ഷന്‍ തലയിയിലിരിക്കുമ്പോള്‍ ഇവരെ സഭയില്‍ വീണ്ടും കണ്ടാല്‍ വാച്ച് ആന്റ് വാര്‍ഡിന് പണിയാകും. ഉന്തും തള്ളുമാകും. ചിലപ്പോള്‍ അവര്‍ പിച്ചിയെന്നും മാന്തിയെന്നും നുള്ളിയെന്നും വരാം. ലതിക സഖാവിന് പിടിച്ചു തള്ളിയെന്നും വരും. ഇത്രയൊക്കെയായാല്‍ പഴയ എസ് എഫ് ഐ നേതാക്കള്‍ വാര്‍ഷിക സമ്മേളനത്തിന് ചെയ്യുന്ന ആ കാര്യം ചെയ്യേണ്ടിവരും. കരച്ചില്‍. ഈ പ്രശ്നങ്ങളൊക്കെ അറിയാവുന്ന ടി.വി രാജേഷിന് പെട്ടെന്ന് ചായകുടിക്കാന്‍ മുട്ടിയതില്‍ തെറ്റുപറയാനാകില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ജെയിംസ് മാത്യവിനും മുട്ടി കട്ടന്‍ ചായകുടിക്കാന്‍. ചെവിയില്‍ ഫോണ്‍വെച്ച് ഇരുവരും സഭക്കുപുറത്തിറങ്ങുകയും ചെയ്തു. പിന്നെയെല്ലാം ഒരു ടിപ്പിക്കല്‍ മല്ലു രാഷ്ട്രീയ സിനിമയുടെ ക്ളൈമാക്സുപോലെ നടന്നു. പത്തുമിനുട്ടുകൊണ്ട് സ്പീക്കര്‍ പരിപാടി അവസാനിപ്പിച്ച് കര്‍ട്ടണിട്ടു. ഇരുവരുടേയും സസ്പെന്‍ഷനും പ്രതിപക്ഷത്തിന്റെ പ്രതിഷേധവും സമാപിച്ചു. അപ്പോള്‍ ടിവി രാജേഷിന്റേയും കൂട്ടരുടേയും മുഖത്ത് പണ്ട് മൂത്രമൊഴിച്ചു വരുമ്പോള്‍ കരുണാകരന്റെ മുഖത്തുണ്ടായിരുന്ന ഒരു ചിരിയുണ്ടായിരുന്നത്രേ. കിണ്ണം കട്ട കള്ളന്റെ ചിരി.
ചായകുടിക്കാന്‍ പോയപ്പോള്‍ സ്പീക്കര്‍ ചെയ്തത് വല്ലാത്ത പണിയായിപ്പോയെന്നും രാജേഷും ജെയിസും പരാതി പറഞ്ഞു. അതേസമയം മറ്റൊരു കോണില്‍ വച്ച് വി.എസ് സുനില്‍കുമാര്‍ എല്ലാം നേരത്തേ നിശ്ചയിച്ചതുപോലെയാണ് എന്ന് മാധ്യമങ്ങളോടു പറഞ്ഞു കളഞ്ഞു. ചതിയന്‍, വര്‍ഗ്ഗ വഞ്ചകന്‍. പിന്നെ ഇരുവരും പരസ്പരം നോക്കി ഒരു ഇളം ചിരി പാസ്സാക്കി അംഗങ്ങള്‍ക്കിടയിലേക്ക് ഊളിയിട്ടത്രേ. വീണ്ടും.. കിണ്ണം..കള്ളന്‍..ചിരി.

സസ്പെന്റു ചെയ്തതായാളെ സഭയില്‍ കണ്ടാല്‍ അത് ചട്ടലംഘനമാകും. വീണ്ടും സസ്പെന്‍ഷനാകും എന്നൊക്കെയുള്ള പേടികൊണ്ടാണ് ഇവര്‍ മുങ്ങുകയായിരുന്നെന്ന് ചില സിന്‍ഡിക്കേറ്റ് പത്രക്കാര്‍ പറയുന്നുണ്ട്. അത് കാര്യമാക്കേണ്ടതില്ല. സിന്‍ഡിക്കേറ്റുകാരല്ലേ അവര്‍ അതല്ല അതിനപ്പുറവും പറയും.
കണ്ണൂരിലെ കമ്മ്യൂണിസ്റുകാര്‍ നയിക്കുന്ന പാര്‍ട്ടിയെ ചട്ടങ്ങളും വകുപ്പുമൊന്നും പഠിപ്പിക്കരുത്. ഹൈക്കോടതി ജഡ്ജിയെ ചിലപ്പോള്‍ കായലില്‍ തള്ളും, എന്നാല്‍ മറ്റുള്ളവര്‍ ജഡ്ജിയെ നോക്കി കണ്ണുരുട്ടിയാല്‍ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്യും. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചിലപ്പോള്‍ ചട്ടങ്ങളും വകുപ്പുമൊക്കെ പുല്ലാണ്, ചിലപ്പോള്‍ വിശന്നിരുന്ന പട്ടിക്കു കിട്ടിയ എല്ലുമാണ്. വേണമെങ്കില്‍ സ്പീക്കറെ തെറി പറയാം, താനേതു കോപ്പിലെ സ്പീക്കറാണെന്നു ചോദിക്കാം. തിരിച്ച് വല്ല കെ.പി മോഹനുമെങ്ങാന്‍ കാലുപൊക്കി മേശക്കുമുകളില്‍ വെച്ചാല്‍ അത് സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. നേരത്തേ പറഞ്ഞ പട്ടിക്ക് കിട്ടിയ എല്ലായിരുന്നു കെ.പി മോഹനന്റെ കാല്‍.

സംസ്കാര സമ്പന്നനും സ്ത്രീപീഡകരെയെല്ലാം കൈയാമം വച്ച് തെരുവില്‍ നടത്തിക്കുന്നയാളുമായ സഖാവ് വി എസ് ഈ നടപടിയെ വിവരിച്ചതാണ് രസകരം. സ്ത്രീകളിരിക്കുന്ന സഭയില്‍ മോഹനന്‍ കാലുയര്‍ത്തി, അപ്പോള്‍ മുമ്പിലെ മുണ്ട് അങ്ങോട്ടുമുങ്ങോട്ടും മാറി….. എന്നിങ്ങനെ. പക്ഷേ അധികം താമസിയാതെ ആ എല്ലിന്‍ കഷണം എല്‍ഡിഎഫുകാരുടെ വായില്‍ നിന്നു താഴെ പോയി. അതിനു കാരണം ഒരു സുരേന്ദ്രനായിരുന്നു. ബഹളവും സത്യാഗ്രഹവും നടക്കുന്ന സഭക്കകത്തേക്ക് കടന്ന് സഖാക്കളെ അഭിവാദ്യം ചെയ്യാന്‍ പോയ കടകം പള്ളി സുരേന്ദ്രന്‍. അത് തെറ്റാണെന്നും പണി കിട്ടുമെന്നും പറഞ്ഞുകൊടുക്കാന്‍ പാര്‍ട്ടിയില്‍ ബുദ്ധിയുള്ള തോമസ് ഐസക് തന്നെ വേണ്ടിവന്നു. രണ്ടു ഭാഗത്തും ബോണസായി ഓരോ തെറ്റുകളുണ്ടായപ്പോള്‍ അത് പരസ്പരം പറഞ്ഞു തീര്‍ക്കാമെന്ന് ധാരണയായെന്നാണ് ദേശാഭിമാനിയല്ലാത്ത നുണപത്രങ്ങള്‍ എഴുതിവിട്ടത്.

പക്ഷേ സംഭവിച്ചത് ഇങ്ങനെയാണ്. കടകം പള്ളിയും മോഹനനും സ്പീക്കറോട് ഹൃദയത്തില്‍ തൊട്ട് ക്ഷമ പറഞ്ഞു. ഖേദിച്ചു. അവര്‍ക്കെതിരെ നടപടിയില്ലെന്ന് പ്രഖ്യാപനവും വന്നു. അതേ സമയം സഭയില്‍ ഇരുപക്ഷത്തുമുള്ളവരുടെ മുഖത്ത് പ്രതിഫലിച്ചത് നേരത്തേ പറഞ്ഞ അതേ വികാരം. കിണ്ണം കട്ടതുപോലെ.

One thought on “കിണ്ണം കട്ടവര്‍

  1. “കരുണാകരന്‍ മൂത്രമൊഴിച്ചു തിരിച്ചുവന്നപ്പോഴേക്കും ആന്റണിക്കുപോലും തലവേദനയായ മുരളീധരന്‍ എന്ന പീറപ്പയ്യന്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു.”

    എന്തായിത്? അന്നു ഏകെ ആന്റണിക്കായിരുന്നു മൂത്രശങ്ക. കരുണാകരനല്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *