ആത്മഹത്യക്കു മുമ്പ് ഒരു കര്‍ഷകന്‍ ജീവിതം പറയുന്നു

ഇത് അയ്യൂബ്ക്കയുടെ കഥ. മണ്ണിന്റെ മനസ്സറിയാത്ത കൃഷി ഉദ്യോഗസ്ഥരും സര്‍ക്കാര്‍ നയങ്ങളും ചേര്‍ന്ന് ഇല്ലാതാക്കിയ ഹൈറേഞ്ചിന്റെ പച്ചപ്പിന്റെ കഥ. കുരുമുളകും കൊക്കോയും മള്‍ബെറിയും വാനിലയും മാറി മാറി പരീക്ഷിച്ചു തോറ്റ അനേകായിരം കര്‍ഷകരുടെ കഥ. ഹൈറേഞ്ചിന്റെ കൃഷിയും കര്‍ഷകരും ഇല്ലാതായ വിധം കെ. പി ജയകുമാര്‍ പകര്‍ത്തുന്നു

ഒരുപാട് കാലത്തെ ഇടവേളക്കുശേഷമായിരുന്നു നാട്ടിലേക്കുള്ള യാത്ര. പലരേയും കാണാനുണ്ട്. ഏറെയും പഴയ കുടിയേറ്റക്കാര്‍. ഒരുപാടുപേര്‍ മരിച്ചുപോയിരിക്കുന്നു. ഇനിയും ചിലര്‍ ജീവിതത്തിന്റെ അവസാനവിളുമ്പിലാണ്. ഒരുപാട് ഓര്‍മ്മകളും. ആ ഓര്‍മ്മകള്‍ ചരിത്രമാണ്. കുടിയേറ്റത്തിന്റെ ചരിത്രം. മറ്റെവിടെയും അവരത് എഴുതിവച്ചിട്ടുണ്ടാവില്ല. സ്വന്തം ശരീരത്തിലല്ലാതെ. ഓരോ മരണവും ഒരുപാടോര്‍മ്മകളുടെ നഷ്ട്ടപ്പെടലാണ്. ചരിത്രത്തിലേക്കുള്ള താക്കോല്‍കൂട്ടങ്ങളുമായാണ് അവര്‍ വിടപറയുക. അതുകൊണ്ടുതന്നെ കുടിയേറ്റത്തിന്റെ ആദ്യ തലമുറകളില്‍ അവശേഷിക്കുന്ന ചിലരെയെങ്കിലും കാണുക എന്നതായിരുന്നു ഈ യാത്രയുടെ ഉദ്ദേശ്യം.

ചില മനുഷ്യരെത്തേടി ഇറങ്ങിനടക്കുമ്പോഴാണ് യാദൃഛികമായി അയ്യൂബ്ക്കായെ കാണുന്നത്. താമ്മൂട് തിരുവല്ലാപ്പടചി ജംഷനില്‍ ഒരു പച്ചക്കറിക്കട നടത്തുകയാണ് അയ്യൂബിക്ക. ആകെ ക്ഷീണിച്ചിരിക്കുന്നു. മുടികൊഴിഞ്ഞു. വാര്‍ദ്ധക്യം വന്നുകറിയ മുഖം. നല്ല കിളിത്തട്ടുകളിക്കാരനായിരുന്നു അയ്യൂബിക്ക. തട്ടില്‍ ഒന്നുവിരിഞ്ഞുനിന്നാല്‍ ഒരുത്തനും വെട്ടിച്ചു ചാടില്ല. ആറ്റുതീരത്തെ സന്ധ്യാകാല ചീട്ടുകളി സംഘത്തിലും അയാളുണ്ടാകും. എതിരാളിയുടെ കണ്ണറിഞ്ഞ് കയ്യറിഞ്ഞ് ചീട്ടിറക്കുന്ന ബുദ്ധിമാന്‍. പിന്നെ അയ്യൂബിക്കയെ കാണുന്ന മറ്റൊരിടം കല്യാണവീടുകളാണ്. തലേന്നത്തെ ചായ സല്‍ക്കാരത്തിന് മല്‍മല്‍ മുണ്ട് അലക്കി പൊറോട്ടക്ക് മാവുവീശുന്ന അയ്യൂബിക്ക!. അവധി ദിവസങ്ങളില്‍ പാര്‍ട്ടി പരിപാടികള്‍ക്ക് പോകും. അയ്യൂബിക്ക് കമ്യൂണിസ്റ്റായിരുന്നു. സര്‍വ്വോപരി ഹൈറേഞ്ചിലെ എല്ലുമുറിയെ പണിയെടുക്കുന്ന ഒരൊന്നാന്തരം കൃഷിക്കാരന്‍. അയ്യൂബിക്കാന്റെ ജീവിതം ഒരു കാര്‍ഷിക തകര്‍ച്ചയുടെ കഥയാണ്.

മള്‍ബറിക്കാടുകളില്‍ പട്ടുനൂല്‍ പുഴുക്കള്‍ മുട്ടയിട്ട് വിരിയുന്നതുംകാത്ത് ഇടുക്കിമലമുകളില്‍ ഒരുപാടുകര്‍ഷകര്‍ ഊണും ഉറക്കവും കളഞ്ഞിട്ടുണ്ട്. അവരില്‍ ഒരുവനാകുന്നു ഈ അയ്യൂബ്. പട്ടുനൂല്‍ക്കിനാവുകള്‍ പിഞ്ഞിപ്പോയ ഒരുപാട് കൃഷിക്കാരിലൊരാള്‍. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് വ്യാപകമായി വായ്പ്പ നല്‍കിയത്.

”ഇതിലേക്ക് വരാനുണ്ടായ സാഹചര്യമെന്നു പറഞ്ഞാല്…അന്നു നമുക്ക് പ്രത്യേകിച്ച് തൊഴിലൊന്നുമില്ലായിരുന്നു. ഒരു പണിപോലുമില്ല, കൂലിപ്പണിയും കിട്ടാതെവന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇതുപോലെയൊരു പദ്ധതിയുമായി വന്നത്…”
അപ്പോഴവിടെ വേനല്‍ച്ചൂടായിരുന്നു. നാണ്യവിളത്തോട്ടങ്ങളില്‍ കൃഷിനാശം. കിട്ടിയ വിളകള്‍ക്ക് വിലയില്ല.
”മറ്റൊരു നിലനില്‍പ്പും ഇല്ലാതിരുന്ന സമയത്താണ് ബാങ്കില്‍ നിന്ന് ലോണ്‍ തന്നത്. അന്ന് അതിനുമാത്രമേ ലോണ്‍ കൊടുക്കൂ. മറ്റൊന്നിനും വായ്പ്പ കിട്ടില്ല. ഒമ്പതിനായിരം രൂപ ബാങ്ക് തന്നു. മൂവായിരം രൂപ സെറിഫെഡ് സബ്‌സിഡിയും.”
അങ്ങനെ പതിമൂവായിരം രൂപയുടെ മൂലധനവുമായി അയ്യൂബിനെപ്പോലെ ആയിരങ്ങള്‍ പട്ടുനൂല്‍ വികസനത്തിനായി കൃഷിക്കിറങ്ങി. വിളയും വിലയും കുറഞ്ഞ കുരുമുളകു ചെടികളും കായ്ഫലംകുറഞ്ഞ കാപ്പിച്ചെടികളും വെട്ടിമാറ്റി മണ്ണൊരുക്കി. വെയില്‍ വീണു പൊടിഞ്ഞ മണ്ണില്‍ മള്‍ബറിക്കമ്പുകള്‍ നട്ടു. കുടിക്കാന്‍ വെള്ളം കിട്ടാതിരുന്ന വേനലിലും മള്‍ബറിത്തയ്യുകള്‍ക്ക് അവര്‍ വെള്ളമൊഴിച്ചു. നനഞ്ഞ മണ്ണില്‍ മള്‍ബറികള്‍ ഇലകള്‍ വിരിച്ചു.

ഇതിനുമുമ്പും ഒരു പാടുതവണ ഹൈറേഞ്ചിലെ കര്‍ഷകര്‍ മണ്ണൊരുക്കിയിട്ടുണ്ട്. അടിക്കാടുകള്‍ വെട്ടിനീക്കി ഏലച്ചെടികള്‍ നട്ടു. തണല്‍ വിരിച്ചു നിന്നിരുന്ന വന്‍മരങ്ങളില്‍ കുരുമുളകുവള്ളികള്‍ വളര്‍ന്നു വിളഞ്ഞിരുന്നു. കുത്തനെ ചരിഞ്ഞ പ്രദേശങ്ങളില്‍ കാപ്പിനട്ടു. നാണ്യ വിളകള്‍ക്ക് നല്ലവില. കൃഷിച്ചെലവാണെങ്കില്‍ വളരെക്കുറവ്. ഹൈറേഞ്ചില്‍ സമൃദ്ധിയുടെ കാലം. മഴയും തകര്‍ത്തുപെയ്യുമായിരുന്നു. ജൂണില്‍ മഴ തുടങ്ങും. വെറും മഴയല്ല. നൂലുപോലെ പെയ്യുന്ന നാല്പതാം നമ്പര്‍ മഴ. മുഖത്തേയ്ക്കു ചാഞ്ഞു വീഴുന്ന മഴനൂലുകള്‍ അവസാനിക്കുന്നത് നവംബറില്‍ തകര്‍ത്തുപെയ്യുന്ന തുലാവര്‍ഷത്തോടെയാണ്. ആറുമാസത്തെ മഴക്കാലം കഴിഞ്ഞാല്‍ സഹ്യഗിരികളില്‍ മഞ്ഞിറങ്ങും. മഞ്ഞുകാലത്താണ് കാപ്പികള്‍ പൂക്കുന്നത്. ഹൈറേഞ്ചുമുഴുവന്‍ സുഗന്ധത്തില്‍ മുങ്ങിനില്‍ക്കും. ഏപ്രില്‍ മെയ് മാസങ്ങളാണ് മലമുകളില്‍ ചൂടുകാലം. കുരുമുളകും കാപ്പിയും ഉണക്കിയെടുക്കുന്നതും, കപ്പവാട്ടിയുണക്കുന്നതും ഈ വേനല്‍ പകലുകളിലാണ്. പിന്നെ മഴയെത്തുമ്പോള്‍ കൃഷിയിടങ്ങള്‍ മറ്റൊരു വിളവിനായി പിന്നെയും ഒരുക്കം തുടങ്ങുന്നു.

ഇത്രയും ലളിതമായിരുന്നു മലനാടിന്റെ കാര്‍ഷിക ജീവിതം. 1950കളുടെ തുടക്കത്തിലാണ് ഇടുക്കിയുടെ കുന്നിന്‍ മുകളിലേയ്ക്ക് കുടിയേറ്റം ആരംഭിക്കുന്നത്. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുമ്പോള്‍ കാര്‍ഷിക സമൃദ്ധമായ ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളെ കേരളത്തിന്റെ ഭാഗമാക്കി നിര്‍ത്തുവാനായിരുന്നു മലയാളി കുടിയേറ്റം സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിച്ചത്. പട്ടം താണുപിള്ളയുടെ കാലത്ത് അഞ്ചേക്കര്‍ ഭൂമിയും കൃഷിക്കാവശ്യമായ പണിയായുധങ്ങളും സൗജന്യമായി നല്‍കി. സമതലങ്ങളില്‍ നിന്നും ആളുകള്‍ കുടിയേറി കൃഷി ഭൂമികള്‍ സ്വന്തമാക്കി. നാണ്യവിളകളുടെ, സുഗന്ധവിളകളുടെ സ്വന്തം നാടായി ഇടുക്കി മാറുകയായിരുന്നു.

1970കളുടെ അവസാനമായപ്പോഴേക്കും ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം വ്യാപകമായി. സമൃദ്ധമായ നാണ്യവിളകളായിരുന്നു എല്ലാവരുടേയും ആകര്‍ഷണം. ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം താലൂക്കുകളുടെ വനമേഖലകളിലേയ്ക്ക് കുടിയേറ്റം വര്‍ദ്ധിച്ചു.
നാണ്യവിളകളുടെ പ്രോല്‍സാഹനത്തിനായി കൃഷിവകുപ്പും കാര്‍ഷിക വികസനബാങ്കുകളും ഉണ്ടായി. വനമേഖലയില്‍ സ്വാഭാവികമായി നിലനില്‍ക്കുന്ന കൃഷി രീതികൊണ്ട് കാര്യമായ പ്രയോജനമില്ലെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍. കുറഞ്ഞ സ്ഥലത്തുനിന്നും കൂടുതല്‍ ഉല്‍പ്പാദനം ഉണ്ടാവുന്ന കാര്‍ഷിക രീതികള്‍ അവര്‍ മുന്നോട്ടുവെച്ചു. ബാങ്കുകള്‍ കൃഷി നവീകരണത്തിന് വായ്പ്പകള്‍ നല്‍കി. കറുത്തപൊന്നാണ് കുരുമുളകെന്ന് മാധ്യമങ്ങളും സര്‍ക്കാരും പ്രചരിപ്പിച്ചു. വിദേശ വിപണികളില്‍ ഹൈറേഞ്ചിലെ കുരുമുളകെത്താന്‍ സായിപ്പ് കാത്തു നില്‍ക്കുകയാണെന്ന് തിടുക്കം കൂട്ടി. മരങ്ങള്‍ മുറിച്ചുമാറ്റി മുരിക്കിന്‍കമ്പുകള്‍ നാട്ടി കൂടുതല്‍ കുരുമുളകുവള്ളികള്‍ നട്ടു. തണല്‍മരങ്ങള്‍ ഇല്ലാതായത് ഏലക്കൃഷിയെ ബാധിച്ചു. അങ്ങനെ ഏലവും കുരുമുളകും മറ്റും ഇടവിളയായി കൃഷിചെയ്യുന്ന രീതി അവസാനിച്ചു. സ്വതന്ത്രമായ ഏലത്തോട്ടങ്ങളും കുരുമുളകുതോട്ടങ്ങളും ഉണ്ടായി.

വനഭൂമിയുടെ ധാതുപുഷ്ടമായ മണ്ണില്‍ കുരുമുളകു കനത്തു വിളഞ്ഞു. ”പുതുവല്‍ കൃഷിയല്ലെ, എങ്ങനെ പറിച്ചു തീര്‍ക്കാനാണ്. പണിക്കാരെ കിട്ടാനില്ല. എല്ലായിടത്തും ഒരേ സമയത്താണ് മുളകുപറിക്കുന്നത്. അന്യ നാടുകളില്‍ നിന്നും ഈ സീസണില്‍ ഒരു പാടുപണിക്കാര്‍ വരും.”
പഴയ ഒരു കൃഷിക്കാരന്റെ ഒര്‍മ്മ. കുരുമുളകിനെ ഹൈറേഞ്ചുകാര്‍ കറുത്ത പൊന്നെന്നുവിളിച്ചു. സ്വര്‍ണ്ണം വിളയുന്ന മണ്ണിലേക്ക് കുടിയേറ്റക്കാര്‍ വന്നുകൊണ്ടിരുന്നു. ഗ്രാമങ്ങള്‍ പട്ടണങ്ങളായി. റോഡുകളും വാഹനങ്ങളും പെരുകി. ധനകാര്യ സ്ഥാപനങ്ങള്‍ വന്നു നിറഞ്ഞു. എവിടെ നിന്നും കൃഷിക്കു വായ്പ്പ കിട്ടും. കൃഷിക്കായി കൂടുതല്‍ വനഭൂമികള്‍ വെട്ടി നിരത്തി.
കപ്പയും കാച്ചിലും ചേമ്പും ചേനയും നൂറിലേറെ ഇനം വാഴകളും കൃഷിചെയ്തിരുന്ന കൃഷിയിടങ്ങള്‍ കുരുമുളകിനു വഴിമാറി. നെല്‍പ്പാടങ്ങള്‍ പൂര്‍ണ്ണമായും നികത്തി. എണ്‍പതുകളുടെ തുടക്കത്തില്‍വരെ ഭക്ഷ്യ സാധനങ്ങളും പച്ചക്കറികളും വാഴക്കുലകളും കയറ്റിയ ലോറികള്‍ തമിഴ്‌നാട്ടിലേയ്ക്ക് പോയിരുന്നു. ഇന്ന് ഹൈറേഞ്ചുകാര്‍ കപ്പ തിന്നണമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരണം. പക്ഷെ, എന്തും വാങ്ങാവുന്ന അവസ്ഥയിലേക്ക് ജീവിത നിലവാരം മാറിയിരുന്നു.

ഒരിക്കല്‍ മഞ്ഞപ്പാറയില്‍ നിന്നും നെടുങ്കണ്ടത്തേയ്ക്ക് കുരുമുളകുവില്‍ക്കുവാന്‍ വന്നയാളും സുഹൃത്തും ബാര്‍ഹോട്ടലില്‍ കയറി, ഓര്‍ഡര്‍ ചെയ്ത ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുവരാന്‍ താമസിച്ചപ്പോള്‍ അയാള്‍ പറഞ്ഞ ഒരു ഡയലോഗ് ഇങ്ങനെ: ”നിന്റെയൊക്ക ഈ ബാറിന് എന്റെ അടുക്കള വശത്തു നില്‍ക്കുന്ന ഒരു കൊടിയുടെ വിലയില്ല…”
ടാക്‌സി വിളിച്ച ജീപ്പുകാരന്‍ വെയിറ്റുചെയ്യാന്‍ ബുദ്ധിമുട്ടാണെന്നു പറഞ്ഞപ്പോള്‍ വണ്ടിക്കു വിലപറഞ്ഞ് വാങ്ങിയതും അവനെത്തന്നെ ഡ്രൈവറാക്കി നിയമിച്ചതും മറ്റൊരു കഥ. അസമയത്തു സിനിമകാണാന്‍ ചെന്നതും ഇനി ഷോ ഇല്ല എന്നു പറഞ്ഞ തീയറ്റര്‍ ഉടമയോട് ”ഒരു ഷോയിക്ക് തനിക്കെത്ര രൂപാ വേണം” എന്നു ചോദിച്ചതും. സിനിമ കണ്ടതുമൊക്കെ ഒരു കാലത്തെ അടയാളപ്പെടുത്തുന്ന മിത്തുകളാണ്.

പക്ഷെ, തിരിച്ചടികള്‍ വിചാരിച്ചതിലും വേഗത്തിലായിരുന്നു. കാടുകള്‍ തെളിഞ്ഞതോടെ വെയില്‍ നേരിട്ട് മണ്ണില്‍ പതിച്ചു. കാട്ടുചെടികളുടെ ആവരണം പോയ ഭൂമിയില്‍ ജലം തങ്ങി നിന്നില്ല. മേല്‍മണ്ണൊഴുക്കി മഴക്കാലം തോടുകളിലൂടെയും ആറുകളിലൂടെയും കലങ്ങിമറിഞ്ഞുപാഞ്ഞുപോയി. ഈ സമയം ഏലത്തോട്ടങ്ങളായി നിലനിന്ന കാടുകളും തെളിഞ്ഞു തുടങ്ങിയിരുന്നു.

1982 ല്‍ ഹൈറേഞ്ചില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച അനുഭവപ്പെട്ടു. ഏലവും കുരുമുളകു ചെടികളും ഉണങ്ങി. ദ്രുതവാട്ടം എന്നരോഗം പടര്‍ന്നുപിടിച്ചു. വിളവെത്തിനിന്ന കുരുമുളകുതോട്ടങ്ങള്‍ ഇലകള്‍ മഞ്ഞച്ച് വാടിവീണു. വിപണിയില്‍ കുരുമുളകിനു വിലകുറഞ്ഞു. ആളുകള്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. കുരുമുളക് പറിച്ചു തിന്നാല്‍ വിശപ്പടങ്ങില്ലല്ലോ. ഭക്ഷ്യവിളകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുകയെന്ന അജണ്ടയാണ് നാണ്യവിളയുടെ പ്രോല്‍സാഹനത്തിനുപിന്നിലെന്ന് അപ്പോഴും കര്‍ഷകര്‍ക്ക് മനസ്സിലായില്ല.

വീണ്ടും സര്‍ക്കാര്‍ സഹായവുമായെത്തി. കുരുമുളകുകൃഷി ലാഭകരമല്ലാത്തതിനാല്‍ ഉപേക്ഷിക്കുക. ഇനി കൊക്കോ കൃഷി മാത്രമാണു രക്ഷ. ലോകകമ്പോളത്തില്‍ കൊക്കോയ്ക്ക് ഞെട്ടിക്കുന്ന വില. ബാങ്കുകള്‍ വന്‍തുക ലോണ്‍നല്‍കി, സര്‍ക്കാര്‍ സബ്‌സിഡി നല്‍കി. ആളുകള്‍ കൊക്കോ കൃഷിചെയ്തു. വിളയുന്ന കാലമായപ്പോഴേക്കും മാര്‍ക്കറ്റിടിഞ്ഞു. കൊക്കോ പ്രമോട്ടു ചെയ്തിരുന്നത് ലോകത്തിലെ കുത്തക ചോക്കലേറ്റ് കമ്പനികളായിരുന്നു. അവര്‍ക്ക് ആവശ്യമുള്ളത്ര കൊക്കോ ലഭ്യമായതോടെ അവര്‍ വാങ്ങല്‍ നിര്‍ത്തി. കമ്പനികള്‍ നല്‍കിയ ധനസഹായത്തിന്റെ മേലാണ് സര്‍ക്കാര്‍ സബ്‌സിഡികള്‍ നല്‍കിയത്. കമ്പനികള്‍ സഹായം നിര്‍ത്തി. സര്‍ക്കാര്‍ സബ്‌സിഡിയും നിര്‍ത്തി. കൊക്കോത്തോട്ടങ്ങള്‍ വിളഞ്ഞു പഴുത്തു. അണ്ണാനും എലിയും കുറെയൊക്കെ തിന്നു തീര്‍ത്തു. തിന്നാന്‍ പോലുമാവാത്ത നിസ്സഹായതയാല്‍ കര്‍ഷകര്‍ വെറുതെയിരുന്നു. വായ്പ്പകള്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ ചിലര്‍ കിടപ്പാടങ്ങള്‍ വിറ്റു. ബാക്കിയായവ ബാങ്കുകള്‍ ലേലത്തില്‍ പിടിച്ചു.

എണ്‍പതുകളുടെ അവസാനം ലോകമാര്‍ക്കറ്റില്‍ പിന്നെയും കുരുമുളകിന് വിലയേറി. പിന്നെയും പ്രതീക്ഷ. അവശേഷിക്കുന്ന ഭൂമിയും പണയംവച്ച് കടമെടുത്ത് കൊക്കോ വെട്ടിനീക്കിയും പഴയ കുരുമുളകുവള്ളികള്‍ മാറ്റിയും വീണ്ടും കൃഷിയിറക്കി.
”ഒരേക്കര്‍ ഭൂമിയില്‍ കൃഷിചെയ്യാന്‍ അമ്പതിനായിരം രൂപയെങ്കിലും വേണം. അഞ്ചാം വര്‍ഷമേ വിളവെടുക്കാന്‍ പറ്റു. അപ്പോഴേക്കും പലിശയും അതിന്റെ പലിശയും മറ്റുമായി ഒരൊന്നര ലക്ഷമെങ്കിലും കടം ആയിക്കാണും.” ഒരു പഴയ കര്‍ഷകന്റെ മൊഴി.

അഞ്ചാം വര്‍ഷം വളരെ ചെറിയ വിളവേ ഉണ്ടാകു. ഈ വര്‍ഷങ്ങളത്രയും മണ്ണില്‍ അയാളും കുടുംബവും അധ്വാനിച്ചതിന്റെ നേരിയ ഒരു ശതമാനം പോലും തിരികെ കിട്ടാനുണ്ടാവില്ല. അപ്പോഴാണ് ബാങ്കിലെ കടം. ദുരിതങ്ങള്‍ അവിടെയും തീരുന്നില്ല. മുന്നൂറുരൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ ഇപ്പോഴത്തെ വില അറുപതുരൂപയാണ്. ഈ ഉദാരമായ ലോകത്തില്‍ ഹൈറേഞ്ചിലെ ഒരു കര്‍ഷകന്‍ എങ്ങനെ ജീവിക്കും എന്ന ചോദ്യം ഒരിക്കലും ഉന്നയിക്കപ്പെടുന്നില്ല.
അയ്യൂബിന്റെ ജീവിതം പക്ഷെ, പിന്നെയും നീളുന്നു.

കുരുമുളകും ഏലവും കാപ്പിയും കൊക്കോയും പരാജയപ്പെട്ടിടത്തുനിന്നുമാണ് സര്‍ക്കാരിന്റെ പുതിയ വിളി വന്നത്. 1996ല്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നെടുങ്കണ്ടം ശാഖയില്‍ നിന്നുമാണ് മള്‍ബറികൃഷിക്കും പട്ടുനൂല്‍ വളര്‍ത്തലിനുമായി വായ്പ്പ ലഭിച്ചത്. അമ്പതുസെന്റുസ്ഥലം അതിനായി ബാങ്കിന് ഈടു നല്‍കി. മണ്ണില്‍ മള്‍ബറി വളര്‍ന്നു തുടങ്ങി. ഇലകളില്‍ പട്ടുനൂല്‍പ്പുഴുവിന്റെ മുട്ടകള്‍ വെച്ചു. വളരെ സൂക്ഷ്മമായി പരിപാലിച്ചു. പുഴുക്കളെ കൊത്തി പറന്നുപോകുന്ന പക്ഷികള്‍ വരാതെ കാവലിരുന്നു.
മുട്ടകള്‍ വിരിഞ്ഞ് കൊക്കൂണുകള്‍ പാകമാവുംമുമ്പ് മഴവന്നു. നനഞ്ഞ ഇലയില്‍ പുഴുക്കള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് സെമിനാറുകളും ക്ലാസുകളും നടത്തിയവര്‍ പറഞ്ഞു കൊടുത്തതേയില്ല. അങ്ങനെ മഴക്കാലത്ത് പുഴുക്കള്‍ ചത്തു. പ്രത്യേകം മഴനനയാത്ത കൂടുകള്‍കെട്ടി അതില്‍ മുട്ടകള്‍ വച്ചു. ”മള്‍ബറീടെ പാകമായ ഇലകള്‍ പറിച്ച് വെള്ളംതുടച്ചാണ് അവയ്ക്ക് തിന്നാന്‍ കൊടുക്കുന്നത്. വെള്ളം തുടച്ച് ഇലകള്‍ ഒരുമിച്ച് വെക്കാന്‍ പറ്റില്ല, വിയര്‍ത്ത് പിന്നെയും ഈര്‍പ്പം വരും. ഓരോ ഇലയും വേറേവേറേ വെക്കണം. കുഞ്ഞുങ്ങളെ നോക്കുംപോലെയാ എല്ലാവരും പട്ടുനൂല്‍ പുഴൂനെ നോക്കീത്.” അയ്യൂബ് പറഞ്ഞു.
മഴക്കാലം കഴിഞ്ഞു. മുട്ടകള്‍ പിന്നെയും കൊണ്ടുവന്നു. പക്ഷെ, കൂടിയ ചൂടില്‍ പുഴുക്കള്‍ വളരില്ലെന്ന് അപ്പോഴാണ് കര്‍ഷകര്‍ മനസ്സിലാക്കിയത്. അപ്പോഴേക്കും പുഴുക്കള്‍ ചത്തുപോയിരുന്നു.
”വേനലും മഴയുമല്ലാത്ത ഇടക്കാല കാലാവസ്ഥയില്‍ നമുക്ക് ഒന്നോ രണ്ടോ കൃഷി ചിലപ്പോള്‍ ചെയ്യാന്‍ പറ്റും. നൂറുരൂപയില്‍ കൊറയാത്ത വില കിലോയ്ക്ക് കിട്ടുമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഒരു കിലോ കൊക്കൂണ്‍ വില്‍ക്കാന്‍ ഞാന്‍ മറയൂര്‍ വരെപ്പോയി. കിട്ടിയത് ഇരുപതുരൂപയാണ്. മറയൂരുവരെയെത്താന്‍ നൂറ്റിയിരുപതു കീലോമീറ്റര്‍ പോകണം…”

ബാങ്കുകാരും സെറിഫെഡും വാഗ്ദാനം ചെയ്ത വിലയോ വിപണിയോ ഉണ്ടായില്ല. അങ്ങനെ വേനലിലും മഴയിലും പറ്റാത്ത ഒരു കൃഷിക്കുവേണ്ടി ആയിരങ്ങളാണ് പണവും അധ്വാനവും ജീവിതവും കൊടുത്തത്. കൊടുത്ത പണം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ പലതവണ കര്‍ഷകരെ വിളിച്ചുകൂട്ടി. ജപ്തി ഭയന്ന് ജനം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി, അങ്ങനെ ഇപ്പോഴുള്ള മുതലും പലിശയും ചേര്‍ത്ത് ഒറ്റലോണാക്കി തരാമെന്നും മള്‍ബറി ലോണിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പശുലോണാക്കി കണ്‍വേര്‍ട്ടു ചെയ്യാമെന്നും കുറേശ്ശെ സൗകര്യം പോലെ തിരിച്ചടച്ചാല്‍ മതിയെന്നും ബാങ്കുകള്‍ വാഗ്ധാനം ചെയ്തു. പലരും ആ വിട്ടുവീഴ്ചക്ക് തയ്യാറായി.

അതോടെ മള്‍ബറി കൃഷിക്ക് ലോണെടുത്തതായുള്ള രേഖകള്‍ അവസാനിച്ചു. പശു ലോണ്‍ തിരിച്ചടക്കാത്തതിന്റെ പേരില്‍ ജപ്തി നടപടികള്‍ വന്നു. മള്‍ബറി കൃഷി നഷ്ടമായതിന് സര്‍ക്കാര്‍ എന്തെങ്കിലും ഇളവുകള്‍ നല്‍കിയാല്‍പോലും അവര്‍ക്ക് ലഭിക്കില്ല. ഉള്ളതൊക്കെ വിറ്റുപെറുക്കി ലോണടച്ചുതീര്‍ത്ത് അയ്യൂബിക്കയും.

ഏലത്തിനും കുരുമുളകിനും തേയിലക്കും കൊക്കോയ്ക്കും മള്‍ബറിക്കും ശേഷം ഹൈറേഞ്ചിനെ മോഹിപ്പിച്ചു വാനിലയും വന്നുപോയിരിക്കുന്നു. ഇന്നിവിടെ കൃഷി തിരിച്ചുകൊണ്ടുവരുവാനാവാത്തവിധം കാലാവസ്ഥയും മണ്ണും മാറുകയാണ്.
യാത്ര പറഞ്ഞ് പിരിയുമ്പോള്‍ അയ്യൂബിക്ക പറഞ്ഞു. ”അല്ല, ഇവിടെ എല്ലാം തീര്‍ന്നു… ഇനി ഏതു സമയത്തും ഇവിടെ നിന്നു പിരിയാം…”

5 thoughts on “ആത്മഹത്യക്കു മുമ്പ് ഒരു കര്‍ഷകന്‍ ജീവിതം പറയുന്നു

  1. Thank you!
    It is a poignant rendition of the story of kerala high range farmers and very similar to the saga that we see around the country …..
    After playing with farmer livelihoods and lives , there are experts who arrogantly claim that farmers are patients and policy makers should just prescibe medicines to them! Well we see the results of medicines prescribed..unabated farmer suicides!
    When and where has atleast one policy maker suffered for this series of wrong advices given to farmers?

  2. There are many ways to tell the agriculture history of a region. But stories, real stories of people tell the history much better than pages of description. Thanks for this blog. But will this go on. What can be done ? Why is every policy related to agriculture pushing more and more farmers to despair and more land to degradation. In Wyanad when we did out fact finding tour, we found people suicided for such small amounts of 10,000 and 20,000 rupees. The amount is not what mattered…it was the hopelessness. Of never ever being able to get a good crop…And that can happen only when the farmer has lost his lands fertility, his seeds quality, and all the life supporting systems around him. When all this gets degraded then there is no hope…

  3. കണ്‍മുന്നില്‍ കണ്ടറിഞ്ഞ, തൊട്ടറിഞ്ഞ ജീവിതം…. വാനില കൃഷിയുടെ പേരില്‍ ചതിക്കപ്പെട്ട കര്‍ഷകനെപ്പറ്റിക്കൂടി നമുക്കെഴുതാതിരിക്കാനാകുമോ? നാമൊക്കെ എന്തിനാണ്‌ ഇടുക്കിയില്‍ നിന്നു കുടിയിറങ്ങിയതെന്നും…

Leave a Reply to tc rajesh Cancel reply

Your email address will not be published. Required fields are marked *