ഓര്‍മ്മകളില്‍ ഒരു ഭക്ഷണശാല

കഴിഞ്ഞ തവണ തൃശ്ശൂര്‍ പോയി വരുന്ന വഴിയ്ക്ക് ദ്രവിച്ചുതുടങ്ങിയ മരപ്പലകകള്‍ കൊണ്ട്‌ മൂടിയ കറന്റ് ബുക്സ് കണ്ടപ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തി, മൊബൈലില്‍ ഒരു ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. രാത്രിയായതുകൊണ്ട് ഇരുട്ട് മാത്രമാണ് ഫോട്ടോയില്‍ പതിഞ്ഞത്. “അടുത്ത തവണ വരുമ്പോള്‍ ഫോട്ടോ എടുക്കാം” — ബേന പറഞ്ഞു. “എത്ര കാലം ഇങ്ങനെ ഇതുണ്ടാവും എന്നറിയില്ല” എന്ന് മറുപടി പറയുമ്പോഴും എല്ലാം ഇത്ര പെട്ടെന്നായിരിക്കും എന്ന് കരുതിയിരുന്നില്ല. കഴിഞ്ഞ മാസം പൊളിച്ചു മാറ്റിയ തൃശൂര്‍ കറന്റ് ബുക്സിന്റെ പഴയ പുസ്തകശാലയുടെ ഓര്‍മ്മ. കെ. എസ് സുദീപ് എഴുതുന്നു

ഫോട്ടോ: മുസ്തഫ ദേശമംഗലം

വിശക്കുന്നവന് / വിശക്കുന്നവള്‍ക്ക് ഭക്ഷണം എങ്ങനെയോ അതുപോലെയാണ് വായിക്കാന്‍ വിശന്നുനടക്കുന്നവര്‍ക്ക് പുസ്തകങ്ങള്‍. അങ്ങനെ വിശന്നുനടന്ന ഒരു കാലത്തിന്റെ ഓര്‍മ്മകള്‍ വിശപ്പടക്കിയ പുസ്തകശാലകളുടെ ഓര്‍മ്മകളില്‍ നിന്ന് വേര്‍പെടുത്താനാവില്ല.

തൃശ്ശൂര്‍ റൌണ്ടിലെ പഴയ കറന്റ് ബുക്സ് ഷോറൂം കഴിഞ്ഞ മാസം പൊളിച്ചുകളഞ്ഞതായി വായിച്ചപ്പോള്‍ അങ്ങനെയുള്ള കുറെ ഓര്‍മ്മകളിലൂടെ മനസ്സ് പുറകോട്ടു സഞ്ചരിച്ചു. നാഗ്പുരും മുംബയിലും ബാംഗളൂരിലും വീണ്ടും മുംബയിലുമൊക്കെയായി ജീവിച്ചുതീര്‍ത്ത കാലത്ത് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കേരളത്തില്‍ വരുമ്പോള്‍ വിശപ്പുമാറ്റാന്‍ മുഖ്യമായും എത്തിപ്പെട്ടത് റൌണ്ടിലെ ഒരു മൂലയിലെ കറന്റ് ബുക്സിലായിരുന്നു.

മാധവിക്കുട്ടിയുടെയും ഓ എന്‍ വിയുടെയും സി രാധാകൃഷ്ണന്റെയും ആനന്ദിന്റെയും എന്‍ എസ് മാധവന്റെയും പത്മരാജന്റെയും യു ആര്‍ അനന്തമൂര്‍ത്തിയുടെയും സിതാരയുടെയും സാറാ ജോസഫിന്റെയും ശിഹാബുദ്ദീന്റെയും മുകുന്ദന്റെയും കെ ജി എസിന്റെയും സച്ചിദാനന്ദന്റെയും ഗീതാ ഹിരണ്യന്റെയും ബി മുരളിയുടെയും കമലാ സുരയ്യയുടെയുമൊക്കെ പുസ്തകങ്ങള്‍. എന്റെ കഥ, ഭൂമിയ്ക്ക് ഒരു ചരമഗീതം, ഉജ്ജയിനി, ആള്‍ക്കൂട്ടം, വേട്ടക്കാരനും വിരുന്നുകാരനും, വീടും തടവും, തിരുത്ത്, ചൂളൈമേട്ടിലെ ശവങ്ങള്‍, പര്യായകഥകള്‍, മഞ്ഞുകാലം നോറ്റ കുതിര, കാമരൂപി, വാസ്തുഹാര, പ്രതിമയും രാജകുമാരിയും, അഗ്നിയും കഥകളും, കലാപങ്ങള്‍ക്ക് ഒരു ഗൃഹപാഠം, ആലാഹയുടെ പെണ്‍മക്കള്‍, ഉള്ളില്‍ ഉള്ളത്, ഡെല്‍ഹി, നൃത്തം, കേശവന്റെ വിലാപങ്ങള്‍, കത്തുന്ന തലയണ, കടല്‍മരുഭൂമിയിലെ വീട്, ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജന്മസത്യം, നന്ദിതയുടെ കവിതകള്‍, അക്കര്‍മാശി / ആത്മചരിതം… (ആ പുസ്തകങ്ങളില്‍ പലതും ബോംബെ ഐ ഐ ടിയിലെ പുസ്തകപ്രേമികളായ മലയാളി സുഹൃത്തുക്കള്‍ വായിക്കുകയും കൈമാറുകയും വായിക്കുകയും ചെയ്തു).

ഒരു `സെയിലും’ ഇല്ലാത്തപ്പോഴും പതിനഞ്ചും ഇരുപതും ശതമാനം ഡിസ്കൌണ്ട് തന്നിരുന്നു എന്നത്‌ തന്നെയായിരുന്നു പ്രധാനമായും എന്നെ അങ്ങോട്ടാകര്‍ഷിച്ചത്‌. പിന്നെ, അന്വേഷിക്കുന്ന പുസ്തകങ്ങള്‍ അവിടെയുണ്ടാകാതിരിക്കാറില്ല എന്നതും.

അച്ഛന്‍ പറഞ്ഞിട്ടുള്ള പഴയകാല തൃശ്ശൂര്‍ കഥകളിലും മുണ്ടശ്ശേരി മാഷും മാഷുടെ കേന്ദ്രമായ കറന്റ് ബുക്സും ഉണ്ടായിരുന്നു. (മുണ്ടശ്ശേരി മാഷുടെ കള്ളുംകുപ്പി എന്നറിയപ്പെട്ടിരുന്ന അരവിന്ദാക്ഷന്‍ മാഷും.)

കഴിഞ്ഞ അഞ്ചാറു വര്‍ഷത്തിനുള്ളില്‍ കറന്റ് ബുക്സുമായുള്ള ബന്ധം ഏതാണ്ട് പൂര്‍ണ്ണമായും മുറിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ ആദില്‍ ജനിച്ചതിനു ശേഷം. ഒറ്റയ്ക്കുള്ള യാത്രകള്‍ കുറഞ്ഞതും റൌണ്ടില്‍ തെണ്ടിത്തിരിയാനും വായിക്കാന്‍ തന്നെയും ജീവിതത്തില്‍ സമയവും താല്‍പ്പര്യവും കുറഞ്ഞതുമെല്ലാം അതിന്‌ കാരണമായിട്ടുണ്ടാവാം. ഇടയ്ക്ക് സുഹൃത്തുക്കള്‍ അയച്ചുതന്ന പുസ്തകങ്ങളും ചില സുഹൃത്തുക്കളുടെ കയ്യില്‍ നിന്ന് സംഘടിപ്പിച്ച ആഴ്ചപ്പതിപ്പുകളുമാണ് മലയാളം സാഹിത്യവുമായുള്ള ബന്ധം മുറിഞ്ഞുപോവാതെ നോക്കിയത്. വീണ്ടും പുസ്തകങ്ങള്‍ വാങ്ങിക്കാനും വായിക്കാനും തുടങ്ങിയപ്പോഴേയ്ക്ക് ഞാന്‍ കേരളത്തിലെത്തന്നെ മറ്റൊരു നഗരത്തിലെത്തിയിരുന്നു. പുതിയ പുസ്തകശാലകള്‍, പുതിയ രീതികള്‍.

കഴിഞ്ഞ തവണ തൃശ്ശൂര്‍ പോയി വരുന്ന വഴിയ്ക്ക് ദ്രവിച്ചുതുടങ്ങിയ മരപ്പലകകള്‍ കൊണ്ട്‌ മൂടിയ കറന്റ് ബുക്സ് കണ്ടപ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തി, മൊബൈലില്‍ ഒരു ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. രാത്രിയായതുകൊണ്ട് ഇരുട്ട് മാത്രമാണ് ഫോട്ടോയില്‍ പതിഞ്ഞത്. “അടുത്ത തവണ വരുമ്പോള്‍ ഫോട്ടോ എടുക്കാം” — ബേന പറഞ്ഞു. “എത്ര കാലം ഇങ്ങനെ ഇതുണ്ടാവും എന്നറിയില്ല” എന്ന് മറുപടി പറയുമ്പോഴും എല്ലാം ഇത്ര പെട്ടെന്നായിരിക്കും എന്ന് കരുതിയിരുന്നില്ല. അടുത്ത തവണ പോവുമ്പോള്‍ അവരുടെ പുതിയ ഷോറൂം കണ്ടുപിടിക്കണം, മെനുവില്‍ പുതിയതായി എന്താണുള്ളത് എന്ന് നോക്കണം.

12 thoughts on “ഓര്‍മ്മകളില്‍ ഒരു ഭക്ഷണശാല

  1. ജീവിതത്തിലെന്നപോലെ, സംസാരത്തിലെന്നപോലെ സുദീപ്, എന്തിനീ വിനയം എഴുത്തിലും.
    കാര്യമായിട്ട്, പുതുതായിട്ട്‌ ഒന്നുമില്ലെങ്കിലും വായിക്കുമ്പോള്‍ തന്നെ വല്ലാത്ത ഒരു ആത്മബന്തമാണ് നീ ഉണ്ടാക്കുന്നത്, both with the writer and the text.

  2. “ഒരു `സെയിലും’ ഇല്ലാത്തപ്പോഴും പതിനഞ്ചും ഇരുപതും ശതമാനം ഡിസ്കൌണ്ട് തന്നിരുന്നു എന്നത്‌ തന്നെയായിരുന്നു പ്രധാനമായും എന്നെ അങ്ങോട്ടാകര്‍ഷിച്ചത്‌”

    very true

  3. വീട്ടിലേക്കുള്ളാ യാത്രയില്‍ എന്റെയും ഇടതാവളമായിരുന്നു.. പക്ഷെ തോള്‍ സഞ്ചിയില്‍ കൊള്ളുന്നതിലേറെ ഞാനൊരിക്കലും അവിടേന്ന് വാങ്ങിയിട്ടില്ല.. വീട്ടില്‍ ചെല്ലുമ്പോള്‍ ശ്രദ്ധിക്കപ്പെടരുതെന്ന വിചാരം തന്നെ.. മഞ്ഞിനു വേണ്ടിയാണ് ഞാന്‍ ആദ്യം കറന്റ് ബുക്സ് അന്വേഷിച്ചതെന്നു തോന്നുന്നു..

  4. വളരെ കുറച്ചേ പോയിട്ടുള്ളൂ.. പുത്തന്‍ കാലത്തേ പുസ്തകടകളുടെ ഇടയിലും ആ പഴയ പുത്തക കടക്കു ഒരു വല്ലാത്ത ആകര്‍ഷണം ഉണ്ടായിരുന്നു..

Leave a Reply to sithara Cancel reply

Your email address will not be published. Required fields are marked *