പര്‍ദ്ദക്കുള്ളില്‍ എന്റെ നാളുകള്‍

അതിനുള്ളില്‍ കടന്നു നിന്ന് ആദ്യമായി പുറത്തേക്കു നോക്കിയപ്പോള്‍ എന്റെ മനസ്സിലൂടെ പോയത് വേറെ കുറച്ചു മുഖങ്ങള്‍ ആയിരുന്നു. നാട്ടിലെ വേവുന്ന, വിയര്‍ത്തൊലിക്കുന്ന ചൂടിലും മഴയത്തും തിരക്കു പിടിച്ച റെയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റോപ്പിലും ഇതേ വേഷത്തിനുള്ളില്‍ ഞാന്‍ കണ്ടിട്ടുള്ള മുഖങ്ങള്‍. അന്തരീക്ഷത്തില്‍ ഈര്‍പ്പം ഇല്ലാത്ത ഇവിടുത്തെ വേഷം കണ്ട് നാട്ടില്‍ ഇത് ഇടേണ്ടി വരുന്ന പാവം പെണ്‍കുട്ടികളുടെ ചുവന്ന മുഖങ്ങള്‍-ധ്വനി എഴുതുന്നു

courtesy: azraf zaip

ഒരു പെണ്ണിന്, അതും ഇന്ത്യയില്‍നിന്നു വന്ന ഒരു പ്രവാസി സ്ത്രീക്ക് സൌദിയില്‍ മാധ്യമ പ്രവര്‍ത്തനം നിഷിദ്ധമായ മേഖല ആണന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. അങ്ങനെയാണ് എന്റെ പ്രവര്‍ത്തന മേഖല വിദ്യാഭ്യാസം എന്നു മാറ്റിക്കുറിച്ച് അരികുകള്‍ വെട്ടി പാകപ്പെടുത്തേണ്ടിവന്നത്.
അങ്ങനെ ഒരു സ്കൂളില്‍ അധ്യാപികയായി, ഞാന്‍. വേഷം ചുരിദാറും മുകളില്‍ ഒരു വെളുത്ത കോട്ടും അതിനു മുകളില്‍ ഒരു കറുത്ത പര്‍ദ്ദയും (അബായ). സ്കൂളില്‍ എത്തിയാല്‍ അബായ മാറ്റാം. സത്യം പറഞ്ഞാല്‍ ഈ കുപ്പായം എന്നിലെ മടിച്ചിയെ കുറച്ചൊന്നുമല്ല പ്രോല്‍സാഹിപ്പിച്ചത്. ഉടുപ്പു തേയ്ക്കാന്‍ മെനക്കെടേണ്ട. തലമുടി ചീകാന്‍ പോലും ബുദ്ധിമുട്ടേണ്ട. ഒരു തുണി എടുത്തു ചുറ്റിയാല്‍ മതിയല്ലോ. പക്ഷേ, എന്റെ സ്വതവേ ഉള്ള സ്വാതന്ത്യ്രത്തിന് ഒരു പരിമിതി വന്നപോലെ.
പാന്റും ടോപ്പും മറ്റും ഇടുമ്പോള്‍ കിട്ടുന്ന സ്വാതന്ത്യ്രവും ചുറുചുറുക്കും ആത്മവിശ്വാസവും സാരിക്കെന്നപോലെ തന്നെ ഈ വേഷത്തിനും ഇല്ലല്ലോ. നടക്കാനും എടുക്കാനും കയറാനും ഇറങ്ങാനും ഒക്കെ ഒരു പരിമിതി ഉണ്ടെന്നേ ഉള്ളൂ. അല്ലെങ്കില്‍ നല്ല സൌകര്യമാണ്. സ്കൂളിലെ ജോലിക്ക്, ഇത്തരം വെല്ലുവിളികളുയര്‍ത്തുന്ന ശാരീരിക ചലനങ്ങള്‍ ആവശ്യമില്ലാത്തതുകൊണ്ട് കുഴപ്പമില്ല. പിന്നെ, മുറികളില്‍ എല്ലാം എ.സിയും ഉണ്ട്. നമ്മുടെ നാട്ടിലെ പോലെ ഓടിച്ചാടി ബസില്‍ ഇടിച്ചുകയറി യാത്ര ചെയ്യുകയും ഇറങ്ങുകയും ചെളിനിറഞ്ഞ റോഡിലൂടെ നടക്കുകയും വേണ്ട. അതു കൊണ്ട് ഇവിടെ ഈ വേഷം വലിയ കുഴപ്പമില്ല. സൌകര്യവും ആണ്.
എന്നാല്‍, അതിനുള്ളില്‍ കടന്നു നിന്ന് ആദ്യമായി പുറത്തേക്കു നോക്കിയപ്പോള്‍ എന്റെ മനസ്സിലൂടെ പോയത് വേറെ കുറച്ചു മുഖങ്ങള്‍ ആയിരുന്നു. നാട്ടിലെ വേവുന്ന, വിയര്‍ത്തൊലിക്കുന്ന ചൂടിലും മഴയത്തും തിരക്കു പിടിച്ച റെയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റോപ്പിലും ഇതേ വേഷത്തിനുള്ളില്‍ ഞാന്‍ കണ്ടിട്ടുള്ള മുഖങ്ങള്‍. അന്തരീക്ഷത്തില്‍ ഈര്‍പ്പം ഇല്ലാത്ത ഇവിടുത്തെ വേഷം കണ്ട് നാട്ടില്‍ ഇത് ഇടേണ്ടി വരുന്ന പാവം പെണ്‍കുട്ടികളുടെ ചുവന്ന മുഖങ്ങള്‍.

ചുവരുകളുടെ പരിധി
സ്കൂള്‍ എന്നു പറഞ്ഞാല്‍, ഞാന്‍ പഠിച്ചു വളര്‍ന്നതോ കണ്ടു പരിചയമുള്ളതോ ആയ ഒന്നുമായി എനിക്കൊരു താരതമ്യവും തോന്നിയില്ല. വിദേശത്തെ സ്കൂള്‍ എന്ന എന്റെ സങ്കല്‍പ്പവുമായും അതിന് പൊരുത്തമില്ലായിരുന്നു. ഒരു പഴയ സൌദി ബംഗ്ലാവും പരിസരവും അരികുകളില്‍ മറ്റു ചില കെട്ടിടങ്ങളും തുന്നിച്ചേര്‍ത്തുണ്ടാക്കിയ ഒരു സ്കൂള്‍. കാര്യം, നമ്മുടെ നാട്ടിലെ സ്കൂളുകളുടെ അത്ര വലിപ്പം ഒക്കെയുണ്ട്. ബംഗ്ലാവ് എന്നു തോന്നിക്കുന്ന ഭാഗം മൂന്നു നാല് നിലയുണ്ട്. വലിയ വലിയ മുറികള്‍. ഒരു മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് തുറക്കുന്ന വാതിലുകള്‍. അതിലൂടെ ചെന്നാല്‍ വേറെ മുറികള്‍. ആദ്യമായി ചെന്നു കേറിയാല്‍ വഴി തെറ്റും എന്ന് തീര്‍ച്ച.
മറ്റു കെട്ടിടങ്ങള്‍ എല്ലാം നീളത്തില്‍ പണിത ഷെഡുകള്‍ പോലെയാണ്. എ.സിയുള്ള അടച്ചുറപ്പുള്ള മുറികളോടു കൂടിയ കെട്ടിടങ്ങള്‍. അവിടെ എന്നെ സന്തോഷിപ്പിച്ചത് കുട്ടികളുടെ കൂടെ ആയിരിക്കുക എന്നത് തന്നെയാണ്. നിഷ്കളങ്കമായ പൂക്കള്‍ വിരിയുന്ന, വളരുന്ന പൂന്തോട്ടങ്ങള്‍ ആണല്ലോ ഓരോ ക്ലാസും . ഇവിടെ കുട്ടികള്‍ മിക്സ് ആണ്. മലയാളി മാനേജ്മെന്റ് സ്കൂള്‍ ആയതിനാല്‍ കൂടുതലും മലയാളി കുട്ടികള്‍. എന്നാലും വടക്കേ ഇന്ത്യന്‍ കുട്ടികളും ഈജിപ്ഷ്യന്‍ കുട്ടികളും സൌദി കുട്ടികളും പാകിസ്താനി, അഫ്ഗാനി കുട്ടികളും എല്ലാമുണ്ട്. മലയാളികള്‍ അല്ലാത്ത കുട്ടികള്‍, പഠിപ്പിക്കാന്‍ ഉള്ള സൌകര്യത്തിന്, മറ്റൊരു ക്ലാസില്‍ ആണ്. എല്ലാ ക്ലാസിലും ആദ്യത്തെ ഡിവിഷന്‍ മലയാളി ആണ്‍കുട്ടികള്‍. പിന്നെ, ഈ അ- മലയാളി കുട്ടികള്‍. പിന്നെ പെണ്‍കുട്ടികള്‍ എന്നിങ്ങനെയാണ്.
നാട്ടിലെ കുട്ടികളെ അപേക്ഷിച്ച് പാവങ്ങളാണ് ഇവിടത്തെ കുട്ടികള്‍. അടഞ്ഞ മുറികളില്‍, കേള്‍വിക്കും കാഴ്ചക്കും ചുവരുകളാല്‍ പരിധി നിശ്ചയിക്കപ്പെട്ട് വളരുന്നതിന്റെ ഒരു അജ്ഞത. കൌതുകം തുളുമ്പുന്ന കണ്ണുകള്‍.

രണ്ടു ലോകങ്ങള്‍
ആണ്‍ -പെണ്‍ ടീ ച്ചര്‍മാര്‍ക്ക് വെവ്വേറെ സ്റ്റാഫ് റൂം എന്ന പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകള്‍ ആണ്. അവിടത്തെ നിയമം അനുസരിച്ച് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വെവ്വേറെ കെട്ടിടങ്ങളില്‍ അതേ ലിംഗത്തില്‍നിന്നുള്ള അധ്യാപകര്‍ വേണം പഠിപ്പിക്കാന്‍. പരസ്പരം കാണാനുള്ള വിടവു പോലും പാടില്ല.
പേരു കൊണ്ട് ഒരേ സ്കൂള്‍ ആണെങ്കിലും രണ്ട് വ്യത്യസ്ത ലോകങ്ങള്‍ ആണ് അവ രണ്ടും. കുട്ടികള്‍ക്ക് അപ്പോള്‍ എതിര്‍ ലിംത്തില്‍ പെട്ടവര്‍ ഒരു അന്യഗ്രഹ ജീവിയെ പോലെ കൌതുക വസ്തു ആകുന്നത് തികച്ചും സ്വാഭാവികം. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ സ്കൂളും ഇങ്ങനെ രണ്ടാക്കി പകുത്ത പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടെങ്കിലും ആദ്യം ഒരേ കെട്ടിടത്തില്‍ ആയിരുന്നു എന്നതിനാല്‍ എനിക്ക് പല രാജ്യക്കാരായ ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ഒരവസരം കിട്ടി.
അ-മലയാളി ക്ലാസുകളിലെ കുട്ടികള്‍ക്ക് മലയാളി ടീച്ചര്‍മാരോട് അത്ര ഇഷ്ടം പോരാ. അവര്‍ ക്ലാസ് നടക്കുമ്പോള്‍ അടങ്ങി ഇരിക്കുക കൂടിയില്ല. പെട്ടെന്നു കണ്ടല്‍ ഏതു രാജ്യക്കാരി ആണെന്ന് തിരിച്ചറിയാന്‍ പറ്റാത്തതിനാലോ എന്തോ എനിക്ക് ഇത്തരം ക്ലാസുകള്‍ ആയിരുന്നു കൂടുതല്‍. പൊതുവേ കുട്ടികള്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നെന്നും തോന്നി. പല നിറത്തിലും രൂപത്തിലും വലിപ്പത്തിലും ഉള്ള കുട്ടികള്‍ ആണ് ഒരേ ക്ലാസില്‍. കണ്ടാല്‍ എന്നേക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ടെന്നു തോന്നിക്കുന്ന ചില കുട്ടികള്‍ പോലും ഉണ്ട്. ഇംഗ്ലീഷും പുറമേക്ക് കുറേ ആംഗ്യ ഭാഷയും ഒക്കെ ഉപയോഗിച്ചാണ് അധ്യാപനം.
എന്റെ തത്വം പറച്ചിലും വീരസ്യം വിളമ്പലും അറിയാവുന്ന പലരും എന്നെ നേരത്തെ തന്നെ ഉപദേശിച്ചിരുന്നു. ഇത് ഒരു വിദേശ രാജ്യമാണ്. നമ്മുടെ രാജ്യം പോലെ ചിന്താ സ്വാതന്ത്യ്രമോ അഭിപ്രായ സ്വാതന്ത്യ്രമോ ഒന്നും ഇല്ല. ഇവിടെ ജോലി ചെയ്യണം എന്നുണ്ടെങ്കില്‍ ശമ്പളം കിട്ടുന്നുണ്ടോ എന്ന് മാത്രമേ നോക്കാവൂ, എന്നൊക്കെ. എന്നാലും ചില ദുസ്വഭാവങ്ങള്‍ തൂത്താലും മായ്ച്ചാലും പോകില്ലല്ലോ.

ഏതാണ് വലിയ തെറ്റ്
ഒരിക്കല്‍ ക്ലാസില്‍ ഒരു ഇംഗ്ലീഷ് വാക്കിന്റെ അര്‍ഥം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് അത് ശ്രദ്ധിച്ചത്. പുറകിലത്തെ ബെഞ്ചില്‍ ഒരു പിടിവലി.
എന്നേക്കാള്‍ നാല് ഇഞ്ച് കൂടി നീളമുള്ള അഹമ്മദ് എന്ന അഫ്ഗാനിയും മിശാല്‍ എന്ന ആഫ്രിക്കന്‍ വര്‍ഗക്കാരനായ അറബി കുട്ടിയും തമ്മിലാണ് പിടിവലി. ചോദിച്ചുവന്നപ്പോള്‍ കാര്യം മറ്റൊന്നുമല്ല. വെളുക്കുംവരെ അച്ഛന്റെ കൂടെ കച്ചവടത്തിനു പോവുന്ന അഹമ്മദിനെ ക്ലാസില്‍ വന്നാല്‍ ഉറങ്ങാന്‍ അടുത്തിരിക്കുന്ന മിശാല്‍ സമ്മതിക്കുന്നില്ലത്രെ.
ഇതിനു ഞാന്‍ എന്തു മറുപടി പറയും എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ അടുത്ത ബഹളം.
ആസിഫ് എന്ന പാക്കിസ്താനി കുട്ടിയാണ്. അവന്‍ പറയുന്നു, ‘അല്ല ടീച്ചര്‍, ഈ മിശാല്‍ അല്ലെങ്കിലും ഒരു ചീത്തയാണ്. അവനെ എല്ലാവരും ഹമാം എന്നാണത്രെ വിളിക്കുന്നത്’.
ഹമാം എന്നാല്‍ ടോയ്ലറ്റ്. ഞാന്‍ ഒന്നു വിഷമിച്ചു. പാവം മിശാല്‍. സങ്കടം കൊണ്ട് അവന്റെ കറുത്ത മുഖം ഒന്നു കൂടി ഇരുണ്ടു ചുവന്നു. ദേഷ്യത്തില്‍ അവന്‍ എന്തോ അലറുകയും ചെയ്തു.
‘അല്ലെങ്കിലും അവന്‍ നിജേറിയക്കാരനാണ് ടീച്ചര്‍. ആ രാജ്യം മുഴുവന്‍ ദുഷിച്ചവര്‍ ആണ്’- ആസിഫിനെ പിന്താങ്ങി മന്‍സൂര്‍ എന്ന ഹൈദരാബാദി കുട്ടി.
ഇതില്‍ കൂടുതല്‍ മിണ്ടാതെ ഇരിക്കാന്‍ എന്നിലെ ടീച്ചര്‍ക്ക് ആവുമായിരുന്നില്ല. അവരുടെ ഉള്ളില്‍ കിടക്കുന്ന വിഷം അല്‍പമെങ്കിലും ഒന്ന് കഴുകി തുടക്കാന്‍ ഞാന്‍ വെറുതെ ആഗ്രഹിച്ചു.
‘ മന്‍സൂര്‍, എല്ലാ രാജ്യത്തും നല്ലതും ചീത്തയുമായ ആളുകള്‍ ഇല്ലേ. ഒരു രാജ്യക്കാരെ മുഴുവന്‍ ചീത്ത എന്നു വിളിക്കുന്നത് ശരിയാണോ. ഇന്ത്യയിലും ഇല്ലേ നല്ലവരും ചീത്ത ആളുകളും. പാക്കിസ്താനില്‍ ഇല്ലേ…’
ചോദ്യം മുഴുമിപ്പിക്കാന്‍ ആസിഫ് സമ്മതിച്ചില്ല.
‘ഇല്ല പാക്കിസ്താനില്‍ ചീത്ത ആളുകളോ! ഇല്ലേയില്ല. അവിടെ മുഴുവന്‍ നല്ലവര്‍ ആണ്’
ആസിഫിന്റെ ഓമനത്തം തുളുമ്പുന്ന മുഖത്തിന് താഴെ മുറുകുന്ന ഞരമ്പുകള്‍ കണ്ട് ഞാന്‍ ഒന്നു പേടിച്ചു പരുങ്ങി. എങ്ങനെ ഞാന്‍ ഈ കുട്ടിയെ പറഞ്ഞു മനസ്സിലാക്കും, ദൈവമേ.
ഞാന്‍ നയത്തില്‍ തുടങ്ങി. ‘ആസിഫ്, അങ്ങനെയല്ല മോനേ, എല്ലായിടത്തും ഉണ്ട് നല്ലവരും അല്ലാത്തവരും’
‘ഇല്ല’, ആസിഫിന്റെ മുഖം ചുവന്നു തുടുത്തു.
ശരിയാണ് ടീച്ചര്‍, ടീച്ചര്‍ പറഞ്ഞത് സത്യമാണ്.
പിന്നില്‍നിന്ന് മറ്റൊരു ശബ്ദം. എന്റെ ദുരവസ്ഥ കണ്ട് എന്നെ സഹായിക്കാന്‍ പുറപ്പെട്ടിരിക്കുകയാണ് മറ്റാരു പാകിസ്താനി കുട്ടിയായ ആലം. അവനല്ലെങ്കിലും എന്നെ വലിയ കാര്യമാണ്. നന്നായി പഠിക്കുകയും ചെയ്യും.
എനിക്ക് ഒരല്‍പ്പം ആശ്വാസമായി. മുഴുവന്‍ കുട്ടികളിലും ഈ വിഷം ഇല്ലല്ലോ. ഒരാള്‍ക്കെങ്കിലും ഞാന്‍ പറഞ്ഞത് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടല്ലോ. ആശ്വാസത്തോടെ ഞാന്‍ ആലത്തെ നോക്കി.
അവന്‍ ഗാംഭീര്യത്തോടെ തുടര്‍ന്നു.
‘ അതെ ,ടീച്ചര്‍. ഇപ്പോള്‍ പാക്കിസ്താനിലും ചീത്ത ആളുകള്‍ ഉണ്ട്. എങ്ങനെയാണെന്നാ. കുറേ പാക്കിസ്താനികള്‍ ചില കാഫിറുകളെ കല്യാണം കഴിച്ചു കൊണ്ടുവന്നിട്ടുണ്ട്. അവരൊക്കെ ഉള്ളതു കാരണം പാക്കിസ്താനിലും ഇപ്പോള്‍ നല്ലവര്‍ അല്ലാത്തവരുണ്ട്’
സത്യം പറഞ്ഞാല്‍, എന്റെ ശരീരത്തില്‍ ആ നിമിഷം രക്തം ഉറഞ്ഞുപോയി. അതു പോല വിളറി പോയി ഞാന്‍. രക്ഷയാകും എന്നു തോന്നിയ കുട്ടിയാണ് കൂടുതല്‍ പ്രശ്നമായി നില്‍ക്കുന്നത്.
‘എന്തെങ്കിലും പറയൂ. ആ കുട്ടികളെ പറഞ്ഞു മനസ്സിലാക്ക്’ ^എന്റെ ഉള്ളില്‍ കിടന്ന് ആരോ നിലവിളിച്ചു. ഒരു അവസാന ശ്രമം എന്ന നിലയില്‍ ഞാന്‍ തുടര്‍ന്നു.
‘മോനെ, ആലം. പറയൂ, ഒരാളെ കൊല്ലുന്നതോ അതോ ഒരു കാഫിറിനെ കല്യാണം കഴിക്കുന്നതോ വലിയ തെറ്റ്?’
‘സംശയമെന്ത്. ഒരു കാഫിറിനെ കല്യാണം കഴിക്കുന്നത് തന്നെ!’
വലിയ ഒരു ചോദ്യത്തിന് ശരിയുത്തരം നല്‍കിയ പോലെ ആലം വിജയിയുടെ ഭാവത്തില്‍ എന്നെ നോക്കി ചിരിച്ചു. ആ പിഞ്ചു മുഖത്ത് തുളുമ്പുന്ന കുട്ടിത്തം, ഉരുകിയ ലോഹം പോലെ എന്റെ മനസ്സിനെ പൊള്ളിച്ചു.
‘എന്തു ചെയ്യാന്‍ പറ്റും’-ഞാന്‍ പാടെ തളര്‍ന്നുപോയി.
ഇത്രയും പറഞ്ഞു എന്നറിഞ്ഞപ്പോള്‍ തന്നെ കൂടെയുള്ള ടീച്ചര്‍മാര്‍ എന്നെ കണക്കിനു ശാസിച്ചു. കുട്ടികള്‍ ആരെങ്കിലും ഇത് അവരുടെ വീടുകളില്‍ പോയി പറഞ്ഞാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ ഞാന്‍ വിചാരിക്കുന്നതില്‍ കൂടുതല്‍ ആണത്രെ. എന്തു കേട്ടാലും എത്ര വേദനിച്ചു വന്നാലും ഒന്നും മിണ്ടാതിരിക്കുകയാണ് ഉചിതം.
‘സ്വന്തം കുഞ്ഞുങ്ങള്‍ എന്നൊന്നും നീ കരുതണ്ട. അങ്ങനെ പറ്റില്ല. പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കുക. പോരുക . അത്രയേ ചെയ്യാവൂ’.
ഞാന്‍ എന്റെ ജോലിയെ തന്നെ വെറുത്ത നിമിഷമായിരുന്നു അത്.
ഏതു രാജ്യക്കാരായലും കുട്ടികള്‍ പൂവുകള്‍ പോലെയാണ്. അവര്‍ക്ക് സ്വതവേ ഉള്ളത് സുഗന്ധം മാത്രമാണ്. എന്നാല്‍, അജ്ഞതയുടെയും സ്പര്‍ധയുടെയും ദുര്‍ഗന്ധം വമിക്കുന്ന കറുത്ത പുക അടഞ്ഞ മുറികളില്‍ സൂര്യപ്രകാശം കാണാതെ അടക്കപ്പെട്ടാല്‍ അവര്‍ക്ക് പിന്നെ, ദുര്‍ഗന്ധം വമിക്കുന്ന കറുത്ത പൂവുകള്‍ ആയി വളരാനേ കഴിയൂ.
ഇന്നും ആസിഫിന്റെയും ആലത്തിന്റെയും ഒക്കെ മുഖങ്ങള്‍ ഒരു നീറ്റലോടെ മാത്രമേ എന്റെ ഓര്‍മ്മകളില്‍ തെളിയാറുള്ളൂ. എന്നോടു തന്നെ ക്ഷമിക്കാന്‍ ആവാതെ അപ്പോഴൊക്കെ എന്റെ മനസ്സു പിടയും.

16 thoughts on “പര്‍ദ്ദക്കുള്ളില്‍ എന്റെ നാളുകള്‍

  • അങ്ങനെ ഒരിക്കലും ആകരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന ..!!

 1. it is very sad to leave something in this way. we can call it helplessness or our limitations or whatever. but its sad. well narrated. very touching.

 2. മതം എന്ന വാക്കിന്റെ അര്‍ഥം അഭിപ്രായം എന്നാണ്. അതു കൊണ്ടു തന്ന അഭിപ്രായ സ്വാതന്ത്യ്രവും വ്യക്തിസ്വാതന്ത്യ്രവും മതത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആവശ്യമാണ്. ശരിയായ മതബോധമുള്ളവര്‍ മതത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ സര്‍ഗാത്മകമാക്കാനാണ് ശ്രദ്ധിക്കുക. മതത്തിനുള്ളിലെ ക്രിട്ടിക്കല്‍ ഇന്‍സൈഡര്‍മാരും മതത്തിനു പുറത്തുള്ള വിമര്‍ശകരും ഒരേ ഇടത്തില്‍ ജനാധിപത്യപരമായി സംസാരിക്കുന്നതാണ് ആരോഗ്യകരമായ രീതി.

  ‘religion is the sigh of the opperessed creature, the heart of heartless world, and the soul of soulless codition. it is the opium of the world’ എന്നാണ് കാള്‍ മാര്‍ക്സ് മതത്ത വിശേഷിപ്പിച്ചത്.
  വിമര്‍ശകരാണ് അതിനെ ‘മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതം’ എന്ന അര്‍ഥം കൊടുത്തത്. യഥര്‍ഥത്തില്‍ 19ാം നൂറ്റാണ്ടില്‍ വേദനാ സംഹാരിയായിട്ടാണ് ഓപ്പിയം ഉപയോഗിച്ചിരുന്നത്. അപ്പോള്‍, അക്കാലത്ത് മാര്‍ക്സ് പറഞ്ഞതിന് സവിശേഷമായ അര്‍ഥം ഉണ്ടാകുന്നുണ്ട്.
  ‘ഇതോടൊപ്പം മതത്തെയല്ല, മതത്തെ സൃഷ്ടിച്ച സാഹചര്യത്തെയാണ് എതിര്‍ക്കേണ്ടത്’ എന്ന മാര്‍ക്സിന്റെ നിരീക്ഷണം യഥാര്‍ഥത്തില്‍ മാര്‍ക്സിസത്തിന്റെ നിലപാടുകളെ വ്യക്തമാക്കുന്നതാണ്. 19ാം നൂറ്റാണ്ടിലെ ക്രൈസ്തവ സഭയോടും പൌരോഹിത്യത്തോടും അധികാര വ്യവസ്ഥയോടും കലാപം ചെയ്തു കൊണ്ടാണ് യുവ ഹെഗലിയന്‍മാരായ മാര്‍ക്സും ഏംഗല്‍സും സാമൂഹിക ഇടപെടലുകളില്‍ സജീവമാകുന്നത് എന്നതും ശ്രദ്ധേയമാണ്.
  സംഘടനാവല്‍കരിക്കപ്പെടുന്ന മതം പ്രാചീന കാലത്തും കോര്‍പറേറ്റ് വല്‍കരിക്കപ്പെട്ട പുതിയ കാലത്തും അപകടകരവും മനുഷ്യത്വ വിരുദ്ധവുമായി നിലകൊള്ളുന്നതിനെയാണ് മതബോധമുള്ളവര്‍ യഥാര്‍ഥത്തില്‍ എതിര്‍ക്കേണ്ടത്. വിശ്വാസി ആയിരിക്കുമ്പോഴും ഒരു ക്രിട്ടിക്കല്‍ ഇന്‍സൈഡര്‍ ആയി, മനുഷ്യത്വത്തിന്റെയും കാരുണ്യത്തിനെയും സ്നേഹത്തിന്റെയും കൂടെ നില്‍ക്കുക എന്നത് ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്തമാണ്. അത്തരമൊരു ഓര്‍മ്മപ്പെടുത്തലും തിരിച്ചറിവുമായി ധ്വനിയുടെ കുറിപ്പ് മാറുന്നുണ്ട്.

 3. ഹിന്ദുക്കുട്ടികളോട് കൂടി കളിച്ചാല്‍ ഉസ്താദ് വയക്ക് പറയും എന്ന് സങ്കടത്തോടു കൂടി എന്നോട് പറഞ്ഞ ഒരു ബാല്യകാല സുഹൃത്ത് എനിക്കുണ്ടായിരുന്നു.. അന്നെനിക്ക് അവനോട് ദേഷ്യമായിരുന്നു.. ഇന്ന് സഹതാപം ആണ്… ബുദ്ധി ഉറക്കാത്ത പ്രായത്തില്‍ ഇമ്മാതിരി വിഷം കുത്തി വെക്കുന്ന ഈ ഉസ്താദിന്റെ പഠിപ്പിക്കാനുള്ള യോഗ്യത എന്താണ് ? മതത്തിനെ പറ്റി ആധികാരികമായി അറിയാം എന്നതോ ? ഏത് മതഗ്രന്ഥത്തിലാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്…. കുഞ്ഞുങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ !

 4. muslims kooduthal ulla sthalam okke anagneyaakunnathinte karanam mattonnumalla………….. njangalkku labhikkunna madrassa vidhyabhyasam athrayum moshamaanu………… yente uppa oru purogamanavadhiyaayathu kondu madrassayil vittilla……quran uppa padippichu……athukondu ithepole orikkalum chinthichillaa………….nalla lekhanam…………..

 5. മതത്തേക്കാള്‍ ഉപരി ദേശീയബോധത്തിന്റെ പരിഹാരമില്ലാത്ത കുഴപ്പങ്ങളെയാണ് ധ്വനിയുടെ കുറിപ്പ് പ്രശ്‌നവല്‍ക്കരിക്കുന്നത്. പക്ഷേ താഴെ കമന്റ് ചെയ്തവരില്‍ ഏറെയും മതപരമായ ഒരു വിഷയം എന്ന മട്ടില്‍ പ്രതികരിക്കുന്നതാണ് കണ്ടത്. ‘ആ പാക്കിസ്ഥാനി കുട്ടി ഭാവിയില്‍ ഒരു ബിന്‍ലാദന്‍ ആകും’ എന്ന ഷബാസിയുടെ കുറിപ്പാണോ ചര്‍ച്ചയെ മിസ്‌ലീഡ് ചെയ്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചിലപ്പോള്‍ ‘പര്‍ദ്ദക്കുള്ളിലെ എന്റെ നാളുകള്‍’ എന്ന തലക്കെട്ടാകാനും വഴിയുണ്ട്. മുസ്ലീംകള്‍ എല്ലാവരും നല്ലവരാണ് എന്നല്ല ആ കുട്ടികള്‍ പറഞ്ഞത്. പാക്കിസ്ഥാനികള്‍ നല്ലവരാണ് എന്നാണ്. സൗദി ഉള്‍പ്പെടെയുള്ള മറ്റേതെങ്കിലും മുസ്ലീം രാജ്യങ്ങളേക്കുറിച്ച് ആ കുട്ടികള്‍ക്ക് അങ്ങനെ അഭിപ്രായമുണ്ടോ എന്ന് ടീച്ചര്‍ പറഞ്ഞിട്ടുമില്ല.
  ദേശരാഷ്ട്രങ്ങളുടെ ഉദയകാലം തൊട്ടേ ദേശീയബോധം അതിന്റെ സ്വഭാവം ഇങ്ങനെ തന്നെയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഞങ്ങള്‍ മാത്രമാണ് നല്ലയാളുകള്‍ എന്ന് അത് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. വലിയ ജനസമൂഹങ്ങളെ ഐക്യത്തിന്റെ ചില വഴികളില്‍ ഒന്നിപ്പിക്കാനും അതുവഴി അടിമത്വത്തിനും ചൂഷണത്തിനുമെതിരെ പോരാടാനും ദേശീയത സഹായിച്ചിട്ടുണ്ട്. ഇന്ത്യ തന്നെയാണ് ഏറ്റവും മികച്ച ഉദാഹരണം. ഇതേ കാലത്തുതന്നെ തീവ്ര വലതുപക്ഷക്കാര്‍ ദേശീയതയെ, ജനസാമാന്യത്തെ കൊന്നൊടുക്കാനുള്ള ആയുധമായും ഉപയോഗിച്ചു. ഹിറ്റ്‌ലര്‍ മുതല്‍ സമകാലിക ഭാരതത്തില്‍ വെറുപ്പിന്റെ തത്വശാസ്ത്രം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ വരെ ഈ ഗണത്തിലാണ് പെടുന്നത്. മുസ്ലീം-ക്രിസ്ത്യന്‍ മതങ്ങള്‍ ഉള്‍പ്പെടുന്ന സെമറ്റിക് മത വിഭാഗത്തില്‍ ഞങ്ങളുടെ തത്വശാസ്ത്രം മാത്രമാണ് ശരി എന്നു പറയുന്ന പ്രവണത കൂടുതലാണ്. അത്തരം ഒരു മതത്തിന്റെ നിയമാവലികളാല്‍ കെട്ടിപ്പടുത്തിട്ടുള്ള പാക്കിസ്ഥാനില്‍ നിന്നും അതേ പ്രതീക്ഷിക്കാനുള്ളു. പക്ഷേ പാക്കിസ്ഥാനില്‍ മാത്രമാണ് ഇതുള്ളത് എന്ന് അതിനര്‍ത്ഥമില്ല. ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ക്ക് പ്രാമുഖ്യമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന ഉണ്ടെങ്കിലും ദേശീയബോധം ഇങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കുക. ദേശീയബോധം ഏറ്റവുമധികം ഉള്ള ജനസമൂഹം അമേരിക്കയുടേതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
  പണ്ട് ഇ.എം.എസ് നമ്പൂതിരിപ്പാട് ഇന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കത്തേക്കുറിച്ച് പറഞ്ഞ ഒരു വാചകം വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. ‘ഇന്ത്യ, ഇന്ത്യയുടേതെന്നും ചൈന, ചൈനയുടേതെന്നും പറയുന്ന പ്രദേശങ്ങള്‍..’ എന്ന മട്ടിലായിരുന്നു ആ പ്രസ്ഥാവന. ഇരു രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മൂന്നാമനായ ഒരാളുടെ നിലപാട് എന്ന നിലയില്‍ അതില്‍ ഒരു തെറ്റും ആരോപിക്കാനാകില്ല. എന്നാല്‍ ഇ.എം.എസ്. മൂന്നാമനല്ല. ഇന്ത്യാക്കാരന്‍ ആണ്. ഇന്ത്യാക്കാരനായ ഇ.എം.എസ്. അങ്ങനെ പറയാന്‍ പാടുണ്ടോ എന്നതാണ് പ്രശ്‌നമായത്. ഇ.എം.എസിനെ രാജ്യദ്രോഹി എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്. അതായത്, ഇന്ത്യയില്‍ നിന്നുകൊണ്ട് ഇന്ത്യയുടെ നിലപാട് തെറ്റാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ദേശീയതക്ക് എതിരാകുന്നു. കാശ്മീര്‍ പ്രശ്‌നത്തിലും, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ സൈനീക അധികാരം സംബന്ധിച്ച പ്രശ്‌നത്തിലും ഇത് മമ്മള്‍ കാണുന്നുണ്ട്. (പ്രശാന്ത്ഭൂഷണും അരുന്ധതി റോയിക്കും ഇത് നേരിടേണ്ടി വന്നിട്ടുണ്ട്.) ‘ലോകമേ തറവാട്’ എന്ന നിലപാടുള്ള നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് ഇത്രയൊക്കെ ആകാമെങ്കില്‍ ഒരു പാവം പാക്കിസ്ഥാനി പയ്യന് അവിടെ എല്ലാവരും നല്ലവരാണ് എന്ന് പറഞ്ഞുകൂടെ ടീച്ചര്‍?

 6. ചിന്തിപ്പിക്കുന്ന എഴുത്ത്.നല്ല ശൈലി.
  ജീവിതാനുഭവങ്ങള്‍ കൊണ്ട് പതം വന്ന എഴുത്തുകാര്‍ കുറഞ്ഞു വരുന്ന കാലത്ത് ഇത്തരം രചനകളിലൂടെ സ്വാനുഭവങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ചു കാണിക്കാന്‍ ധ്വനിക്ക് സാധിച്ചിരിക്കുന്നു.
  സമൂഹത്തില്‍ മതം വരിഞ്ഞു മുറുകി മനുഷ്യത്വത്തിന്റെ വളര്‍ച്ച മുരടിക്കുന്ന വിനാശകരമായ പ്രവണത കേരളം പോലെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ചിത്രങ്ങള്‍ സമന്വയിക്കുന്ന ഒരു ഭൂവിഭാഗത്തില്‍ പോലും കണ്ടു തുടങ്ങിയിരിക്കുന്നു
  എന്നാ ഭീതിദമായ യാഥാര്‍ത്ഥ്യത്തിലേക്ക് നീളുന്ന ഒരു ചൂണ്ടുപലകയാണ് പ്രവാസ ജീവിതത്തില്‍ ധ്വനിക്കുണ്ടായ ഈ അനുഭവം.നല്ല ആഖ്യാന ശൈലി ഈ എഴുത്തിനു ഭംഗി നല്‍കുന്നു.
  ഇനിയും എഴുതുക.

Leave a Reply

Your email address will not be published. Required fields are marked *