സൈക്കിള്‍ ആരുടെ മൃഗം

എന്റെ ആദ്യത്തെ സൈക്കിള്‍ സവാരി കീര്‍ത്തിയോടൊപ്പമായിരുന്നു. ഹരിപ്പാട്ട് നിന്നും ഹൈറേഞ്ചിേലേക്ക് കുടിയേറിപ്പര്‍ത്ത തങ്കപ്പന്‍ പിള്ളയുടെ മകനാണ് കീര്‍ത്തി. ഹരിപ്പാട് നിന്നും അമ്പലപ്പുഴയിലേക്കും ആലപ്പുഴയ്ക്ക് സിനിമകാണാനുമെല്ലാം സൈക്കിള്‍ ചവിട്ടിപ്പോയതിന്റെ ധീരോദാത്തവും അതിസാഹസികവുമായ ഒരു ഭൂതകാലം കീര്‍ത്തിക്കുണ്ടായിരുന്നു. ഞങ്ങളുടെ സൈക്കിള്‍ സവാരികളിലെല്ലാം ആ കഥകളോരോന്ന് കെട്ടഴിഞ്ഞഴിഞ്ഞുവരും. സൈക്കിളിനുപിന്നില്‍ കാരിയറിലിരുന്ന് യാത്രചെയ്യുന്നതിനേക്കാളെനിക്കിഷ്ടം മുന്നിലെ കമ്പിയില്‍ ചരിഞ്ഞിരുന്ന് ഹാന്റിലില്‍ കൈകള്‍ മുറുകെപ്പിടിച്ച് കറുകറുത്ത റോഡിന്റെ അറ്റത്തേക്ക് നോക്കിയിരിക്കുന്നതാണ്. അപ്പോഴൊക്കെ ഞാന്‍ സങ്കല്‍പ്പിച്ചിട്ടുണ്ട് സൈക്കിള്‍ ഓടിക്കുന്നത് ഞാനാണെന്ന്.
ഹരിപ്പാട്ട് നിന്നും മലയാലപ്പുഴക്കോ ആലപ്പുഴക്കോ സൈക്കിള്‍ ചവിട്ടിപ്പോകുന്നതുപോലെ രസകരവും ഉല്ലാസകരവുമൊന്നുമല്ല ഹൈറേഞ്ചിലെ സൈക്കിള്‍ സവാരി. സൈക്കിള്‍ ഓടിക്കുവാന്‍ മാത്രമായി ഒരു യാത്ര. വീട്ടില്‍നിന്നും സൈക്കിള്‍ തള്ളിക്കൊണ്ട് രണ്ടുകിലോമീറ്റര്‍ പോകണം. ഇടക്ക് ചെറിയദൂരങ്ങളില്‍ ചവിട്ടുകയുമാവാം. നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്കൂളിന്റെ മുന്നില്‍ നിന്നുമാണ് യഥാര്‍ത്ഥത്തില്‍ സവാരി ആരംഭിക്കുന്നത്. സ്കൂളിനു താഴെ ഓച്ചിറ കാക്കായുടെ കലുങ്കിനു സമീപം കീര്‍ത്തി സൈക്കിള്‍ നിര്‍ത്തും. അത്രദൂരം സൈക്കിള്‍ തള്ളിയതിന്റെ കിതപ്പോടെ. സൈക്കിളിന്റെ മുന്‍കമ്പിയില്‍ എന്നെ പൊക്കിയെടുത്ത് ഇരുത്തും. പിന്നെ സൈക്കിള്‍ നിവര്‍ത്ത് ഒറ്റക്കാലില്‍ ഞൊണ്ടിക്കയറി ഒറ്റപ്പറപ്പിക്കലാണ്. താന്നിമൂട് വരെ. അത്രയും ദൂരം നല്ല ഇറക്കമാണ്. രണ്ടാമതൊരു സവാരിക്ക് വീണ്ടും നെടുങ്കണ്ടത്തേക്ക് സൈക്കിള്‍ ഉന്തിക്കൊണ്ടുപോകണം എന്നുള്ളതുകൊണ്ട് സവാരി മിക്കവാറും ദിവസം ഒരു നേരം മാത്രമായിരുന്നു.
സമതലങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് സൈക്കിള്‍ പലപ്പോഴും തൊഴിലിന്റെ, ജീവസന്ധാരണത്തിന്റെ, ഉല്ലാസയാത്രയുടെ, നേരംപോക്കിന്റെ, ഒരു സായാഹ്നയാത്രയുടെ കൂട്ടുകാരിയോ (കാരനോ) ആയിരുന്നു. എന്നാല്‍ ഇടുക്കിപോലെ കുന്നുകളും ചെങ്കുത്തായ കയറ്റിറക്കങ്ങളും നിറഞ്ഞ ഒരുഭൂമിശാസ്ത്രത്തില്‍ സൈക്കിള്‍ വിദൂരസമതലങ്ങളില്‍നിന്നും കയറിവന്ന ഒരപൂര്‍വ്വ ജീവിയായിരുന്നു. സൈക്കിള്‍ ഒരു കൌതുക വസ്തു എന്നതിലപ്പുറം ജീവിതത്തെ നിശ്ചയിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അതുപലപ്പോഴും സമതലങ്ങളില്‍നിന്നോ, ഇടനാട്ടില്‍ നിന്നോ കുടിയേറിവന്നവരോടൊപ്പം കയറിവന്ന ഒരു നൊസ്റാള്‍ജിയ ആയിരുന്നു.
ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് സൈക്കിള്‍ സവാരി പഠിക്കണമെന്ന ആഗ്രഹം കലശലായത്. എന്റെ കൂട്ടുകാരന്‍ നൌഷാദ് സ്വന്തമായി സൈക്കിള്‍ വാങ്ങി. നാട്ടില്‍ സ്വന്തമായി സൈക്കിളുണ്ടായിരുന്ന ഞങ്ങളുടെ പ്രായത്തിലുള്ള ആദ്യത്തെയാള്‍ നൌഷാദാണ്. പകുതിയിലേറെ ദൂരം തള്ളിക്കൊണ്ടുപോയും ചെറിയ ദൂരങ്ങളില്‍ ചവിട്ടിയും കയറ്റത്തില്‍നിന്നും താഴേക്ക് കുതിച്ചും ആവര്‍ത്തിക്കുന്ന സൈക്കിള്‍ സവാരികള്‍ക്ക് ഒരുനാറാണത്തു ഭ്രാന്തന്‍ ടച്ചുണ്ട്. എന്നിട്ടും എന്തിനാണ് നൌഷാദ് സൈക്കിള്‍ വാങ്ങിയതെന്നോ, അവന്റെ അത്തയും അമ്മയും അതിനുള്ള പണം കൊടുത്തത് എങ്ങനെയാണെന്നോ ഇന്നും വെളിപ്പെടാത്ത രഹസ്യമാണ്. കാരണം സൈക്കിള്‍ ചവിട്ടുന്നതും സിനിമക്കുപോകുന്നതുമൊക്കെ കുട്ടിക്കാലത്തെ ക്രിമിനല്‍ കുറ്റങ്ങളായിരുന്നുവല്ലോ.
കല്ലാര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിനടുത്ത് സൈക്കിള്‍ വാടകക്ക് കൊടുത്തിരുന്ന ഒരു സ്ഥമുണ്ടായിരുന്നെന്നും അവിടുത്തെ കുട്ടികള്‍ വീട്ടുകാരും സാറന്‍മാരും കാണാതെ ഉച്ചനേരങ്ങളില്‍ സൈക്കില്‍ ചവിട്ടിയിരുന്നെന്നും ഞങ്ങള്‍ നെടുങ്കണ്ടത്തെ കുട്ടികള്‍ കേട്ടിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് കുട്ടികള്‍ കൂട്ടം കൂട്ടമായി സൈക്കിള്‍ ഉന്തി കയറ്റം കയറുന്നതും, ഇറക്കം വിട്ടുപായുന്നതും ഞങ്ങള്‍ സങ്കല്‍പ്പിച്ചുനോക്കിയിട്ടുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം ഒരു ചലച്ചിത്രമേളയില്‍ സൈക്കിളിസ്റ് എന്ന ഇറാനിയന്‍ ചിത്രം കണ്ടിരിക്കുമ്പോള്‍ എനിക്കും എന്റെ ദേശത്തിനും പരിചിതമായ രാഷ്ട്രീയശരീരവും ഭൂമിശാസ്ത്രവുമാണ് എനിക്കു കാണാനായത്.
നൌഷാദാണ് എന്നെയും ചേട്ടനെയും സൈക്കിളോടിക്കാന്‍ പഠിപ്പിച്ചത്. അതൊരു മധ്യവേനലവധിക്കാലമായിരുന്നു. വെയില്‍ ചായുമ്പോള്‍ പടിഞ്ഞാറുനിന്നും അവന്റെ സൈക്കിള്‍ വരും. ഞങ്ങള്‍ വിനീത ശിഷ്യന്‍മാര്‍ വീട്ടിലാരുമറിയാതെ റോഡിലേക്കിങ്ങും. അടുത്തകാലത്താണ് ഞങ്ങളുടെ റോഡ് ടാറ് ചെയ്തത്. ആ വഴിക്കന്ന് ബസ്സുണ്ടായിരുന്നില്ല. വല്ലപ്പോഴും ആളെക്കയറ്റി പ്പോകുന്ന ജീപ്പുകള്‍ മാത്രം. കൂടുതല്‍ സമയവും റോഡ് വിജനമായിക്കിടന്നു. ഏതാണ്ടൊരു മുന്നൂറ് മീറ്ററോളം നിരപ്പുള്ള വഴി. സൈക്കിളോടിക്കാന്‍ ഇതിലും പറ്റിയ സ്ഥലം ഹൈറേഞ്ചില്‍ വളരെ കുറവാണ്! ആ പെരുവഴിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടിയുരുട്ടി ആ ഇരുചക്രവാഹനത്തെ ഞാന്‍ മെരുക്കിയെടുക്കുമ്പോഴേക്കും സ്കൂളു തുറന്നു. ചന്നംപിന്നം മഴതുടങ്ങി.
ഇവിടെ മഴയെന്നാല്‍ മെഗാസീരിയല്‍പോലെയാണ്. കൃത്യം ജൂണ്‍ ഒന്നിന് രാവിലെ തുടങ്ങുന്ന മഴ, ഓണക്കാലത്തോ മറ്റോ ഒന്നു തോര്‍ന്നാലായി. ഇല്ലെങ്കില്‍ നവംബറില്‍ തുലാവര്‍ഷംകൂടി പെയ്തിട്ടേ നില്‍ക്കൂ. അതൊക്കെ പണ്ട്. പണ്ടെന്നു പറഞ്ഞാല്‍ ഒരു പതിനഞ്ചുവര്‍ഷത്തിനപ്പുറം. ഇന്ന് മഴ ഒരു കാല്പനിക വിചാരമോ, കവിതക്കുള്ള വിഷയമോ, കോളെജ് മാഗസിനിടാനുള്ള പേരോ ഒക്കെയാണ്. സൈക്കിള്‍ തിരിയുന്നതിനേക്കാള്‍ വേഗത്തില്‍ മാറിമറിഞ്ഞ പ്രകൃതിയുടെ സഞ്ചാരം മനസ്സിലാക്കുന്നതില്‍ ഒരു ജനത അമ്പേ പരാജയപ്പെട്ടു. വീലുപഞ്ചറായ സൈക്കിള്‍പോലെയാണ് ഇന്ന് ഹൈറേഞ്ചിന്റെ കാലാവസ്ഥ.
അന്ന്, സൈക്കിള്‍ ഇറയത്ത് കയറ്റിവച്ച് മഴ മുറിച്ചുകടന്ന് നൌഷാദും ഞാനും ചേട്ടനുമൊക്കെ സ്കൂളിലേക്കു നടന്നു. ആ സൈക്കിളിന് എന്തുസംഭവിച്ചിരിക്കും? ഇറയത്തിരുന്ന് തുരുമ്പെടുത്തിരിക്കുമോ? ഒന്നുമറിയില്ല, പിന്നീട് അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം സ്കൂളും നാടുംവിട്ട് സമതലത്തില്‍ കുടിയേറ്റക്കാരനായി എത്തുമ്പോഴാണ് ‘ബൈസിക്കിള്‍ തീഫ്സ്’ എന്ന ചിത്രം കാണുന്നത്. ഒരു സൈക്കിള്‍ ഭൂഖണ്ഡങ്ങളും സമതലങ്ങളും കടന്ന് എല്ലാത്തരം ഭൂമിശാസ്ത്രത്തെയും അപ്രസക്തമാക്കി നമ്മുടെ സ്വസ്ഥതയിലേക്ക് പാഞ്ഞുകയറി. അതൊരു രാഷ്ട്രീയ കാലാവസ്ഥയെ അപ്പാടെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു. സൈക്കിള്‍ പരിചിതമായ സഞ്ചാരോപാധിയല്ലാതിരുന്നിട്ടും, ആസന്നമായ ജീവസന്ധാരണ മാര്‍ഗ്ഗമല്ലാതിരുന്നിട്ടും ഒരു ചലച്ചിത്രം നമ്മെ അടിമുടി ഉലച്ചു കളയുന്നു. അത് സിനിമയായതുകൊണ്ടും, സൈക്കിള്‍ ഒരു രൂപകം മാത്രമായതുകൊണ്ടും സംഭവിക്കുന്നതാണ്. നമ്മുടെ അറിവും ലോകബോധവും പ്രത്യയശാസ്ത്ര വിചാരങ്ങളുമാണ് അവിടെ പ്രവര്‍ത്തന ക്ഷമമാകുന്നത്.
സൂക്ഷ്മമായ അര്‍ത്ഥത്തില്‍ (സൂക്ഷ്മ രാഷ്ട്രീയം എന്നൊക്കെ വേണമെങ്കില്‍ പറയാം) സൈക്കിള്‍ ഒരുദേശീയതയുടെ പൊതുരൂപകമായി വേഷം പകരുമ്പോള്‍ മറ്റെല്ലാ ചെറുദേശീയതകളെയും അതിന്റെ വൃത്തപരിധിയിലേക്ക് നിര്‍ബന്ധിക്കുന്നു. അഥവാ ദൈനംദിനജീവിതത്തെ നിര്‍ണയിക്കുന്ന ജീവസന്ധാരണപരമായ ഒരു ഉപകരണമായി, അനുഭവപ്പെടാത്ത മലയോര വാസികളുടെ രാഷ്ട്രീയ/വികസന ബദല്‍മാതൃകയായി സൈക്കിള്‍ രൂപാന്തരപ്പെടുകയില്ല. കേരളത്തിന്റെ വികസനത്തെ സംബന്ധിക്കുന്ന സങ്കല്‍പ്പങ്ങളിലേക്ക് സൈക്കിള്‍ ഓടിച്ചുകയറ്റുമ്പോള്‍, ഉന്തിക്കയറ്റിയും ഇറക്കം വിട്ടും കഴിഞ്ഞുകൂടുന്ന സവിശേഷമായ ഭൂമിശാസ്ത്രത്തെ, ജനതയെ അഭിസംബോധനചെയ്യുന്നതില്‍ പരാജയപ്പെടുന്നു. വികസനം എന്ന പൊതു സങ്കല്‍പ്പനത്തെ അംഗീകരിച്ചുകൊണ്ടുമാത്രമെ “പൊതുവായ ബദല്‍’ നിലനില്‍ക്കുകയുള്ളു. ഇവിടെ വികസനത്തിന്റെ ഏകകം തന്നെയാണ് ബദല്‍വികസനത്തിന്റെയും ഏകകമായി പ്രവര്‍ത്തിക്കുന്നത്. പ്രധാനവ്യത്യാസം, വികസനം മുന്നോട്ടുവയ്ക്കുന്ന അധികാരള്‍മൂലധന ആഗോളീകരണ പ്രായോഗിക പദ്ധതികള്‍ക്കെതിരായ കാല്പനിക പ്രതിരോധമായി സൈക്കിള്‍ രൂപപ്പെടുന്നു. വല്ലാത്തൊരു ലളിതവല്‍ക്കരണം.
ഹൈസ്കൂള്‍ ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒറ്റക്ക് സൈക്കിള്‍സവാരി നടത്തുന്നത്. സുകുമാരന്‍ സാറിന്റെ മകന്‍ അനീഷ് സ്വന്തമായി സൈക്കിള്‍ വാങ്ങി. സ്കൂളിലെ ആദ്യത്തെ സൈക്കിള്‍ മുതലാളി…! അനീഷ് എന്റെ അടുത്ത ചങ്ങാതിയായിരുന്നതിനാല്‍ വൈകുന്നേരങ്ങളില്‍ അവന്‍ എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ തരുമായിരുന്നു. സ്കൂളിന്റെ മുറ്റത്തുനിന്നും പി ഡബ്ല്യു ഡി റസ്റ് ഹൌസുവരെ പത്തുമുന്നൂറുമീറ്റര്‍ സൈക്കില്‍ ഉന്തിക്കയറ്റണം. പിന്നെ നെടുങ്കണ്ടം പടിഞ്ഞാറേ കവലവരെ രണ്ടു കിലോമീറ്റര്‍ നല്ല ഇറക്കമാണ്. ഒരുകപ്പലോട്ടക്കാരന്റെ ത്രില്ലായിരുന്നു അതിന്. കാരണം, കടലും കപ്പലും മാത്രമല്ല എല്ലാത്തരം ജലയാത്രകളും ഞങ്ങള്‍ക്ക് ഒരുവിനോദസഞ്ചാര സാധ്യതകള്‍ മാത്രമായിരുന്നു. എല്ലാവര്‍ഷവും ഞങ്ങളുടെ സ്കൂളില്‍നിന്ന് കുട്ടികള്‍ കടലുകാണാന്‍ പോകുമായിരുന്നു. കടലുകാണല്‍ ഞങ്ങളുടെ കരിക്കുലത്തിന്റെ ഭാഗമായിരുന്നു. ഇന്നോളം തീവണ്ടിയില്‍ യാത്രചെയ്തിട്ടാല്ലാത്ത നിരവധിമനുഷ്യരുണ്ടിവിടെ. തീവണ്ടി കണ്ടിട്ടില്ലാത്തവരും. വികസനം എന്നപേരില്‍ ആഘോഷിക്കുന്ന എല്ലാക്കാര്യങ്ങളും ഇടുക്കിയുടെ ഭൂമിശാസ്ത്രള്‍സാമൂഹ്യശാസ്ത്ര പരിധിക്കു പുറത്തായിരുന്നുവെന്നതാണ് സത്യം. വികസനവുംള്‍ പ്രതിവികസന രൂപകങ്ങളും ആത്യന്തികമായി വികസനത്തിന്റെ പ്രത്യയശാസ്ത്രസങ്കല്‍പ്പം തന്നെയാണ് വച്ചുപുലര്‍ത്തുന്നത്. വലിയൊരു കയറ്റം ഉന്തിക്കയറ്റി ഇറക്കംവിട്ടുപോരുന്ന അത്ര ലളിതമായി, കേരളത്തെ പൊതുവില്‍ ഒറ്റഭൂഖണ്ഡമായി സങ്കല്‍പ്പിക്കാനാവുമോ? എല്ലാവര്‍ക്കും ഓടിക്കാന്‍ കഴിയുന്ന ഒരു സൈക്കിള്‍ സാധ്യമാണോ? എങ്കിലും മലയോര റയില്‍വേയെക്കുറിച്ചും, മലതുരന്നുപായുന്ന എക്സപ്രസ് ഹൈവേയെക്കുറിച്ചുമുള്ള ആസന്ന സംഭാഷണങ്ങളിലാണ് ഹൈറേഞ്ചുകാര്‍. മരംവെട്ടുന്നതും അണകെട്ടുന്നതുമൊക്കെ ഈ ഇന്‍ഫീരിയോരിറ്റി കോംപ്ലക്സിനെ മറികടക്കാനുള്ള താല്ക്കാലിക മാര്‍ഗങ്ങളാണ്.
എന്തായാലും കുന്നിന്‍ മുകളിലേക്ക് ഉന്തിക്കയറ്റി, അതിന്‍ മേല്‍ കയറിയിരുന്ന് താഴേക്ക് പാഞ്ഞുപോകുന്ന സൈക്കിള്‍, മുതിര്‍ന്നവര്‍ക്കും കളിക്കാന്‍ അവസരം കൊടുക്കുന്ന ഒരു കളിപ്പാട്ടമായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിയുമ്പോള്‍ ഏതെങ്കിലും പ്രത്യയശാസ്ത്രത്തെ ലളിതവല്‍ക്കരിക്കുകയല്ല. സൈക്കിള്‍ പ്രതിനിധാനംചെയ്യുന്ന പൊതു ദേശീയതയില്‍ ഞങ്ങളുടെ ഞങ്ങളുടെ ഭൂമിശാസ്ത്രപരമായ ഇടം ബോധ്യപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *