വൈഡ് ആംഗിള്‍-എന്‍.പി സജീഷ്

ചുവന്ന താരങ്ങളും രക്തനക്ഷത്രങ്ങളും:
മുഖ്യധാരാ മാര്‍ക്സിസത്തിന്റെ
ആവിഷ്കാരം മുഖ്യധാരാ സിനിമയില്‍

 

കാള്‍ മാര്‍ക്സ് മരിച്ച് 12 വര്‍ഷം കഴിഞ്ഞാണ് സിനിമ പിറക്കുന്നത്. തനിക്കു മുമ്പേ പിറന്ന മാര്‍ക്സിസത്തെ എന്നാല്‍, സിനിമ ഇക്കാലയളവില്‍ സവിശേഷമായി തന്നെ പകര്‍ത്തി. സിനിമ കണ്ട മാര്‍ക്സിസം എന്തായിരുന്നുവെന്ന് അന്വേഷിക്കുന്നത് സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ക്ക് ഊര്‍ജം പകരും. മലയാള ചലച്ചിത്ര നിരൂപണത്തിലെ പുതു തലമുറയില്‍ ആഴമുള്ള നിരീക്ഷണങ്ങളും ആര്‍ജവമുള്ള എഴുത്തുംകൊണ്ട് വേറിട്ടു നില്‍ക്കുന്ന എന്‍.പി സജീഷ് ഇത്തരമൊരു അന്വേഷണത്തിന്റെ വഴിയിലാണ്. ആ അന്വേഷണങ്ങളുടെ ആമുഖമാണ് ഇത്. പല ഭാഗങ്ങളായി ഇത് നാലാമിടം പ്രസിദ്ധീകരിക്കുന്നു.

 

Cinema is the most important of all arts. In the hands of the party, it must be the most powerful medium of communist enlightenment and agitation.

Vladimir Ilyich Lenin

സുന്ദരനായ കാറല്‍ മാര്‍ക്സ് സായിപ്പിന് സുന്ദരിയായ എംഗല്‍സ് മദാമ്മയില്‍ മീനമാസത്തിലുണ്ടായ സന്തതിയാണ് ലെനിന്‍. ഉണ്ണിലെനിന്‍. ആ ഉണ്ണി വലുതായി വിവരം വെച്ചപ്പോള്‍ സായിപ്പും മദാമ്മയും ഈ ഉണ്ണിയും കൂടി ഒരേ മേശപ്പുറത്തിരുന്ന് എഴുതാന്‍ തുടങ്ങി. സായിപ്പിനു കൈ കഴയ്ക്കുമ്പോള്‍ മദാമ്മ എഴുതും. മദാമ്മക്കു കൈ കഴയ്ക്കുമ്പോള്‍ ഉണ്ണിലെനിനെഴുതും. അങ്ങനെ അവര്‍ മൂന്നുപേരും കൂടി കൈമാറി കൈമാറി എഴുതിയുണ്ടാക്കിയതാണ് ദസ് ക്യാപിറ്റല്‍. അതായത് പത്തു കല്‍പനകള്‍.
രക്തസാക്ഷികള്‍ സിന്ദാബാദ് (വേണു നാഗവള്ളി,1998)
സഖാവ് ശിവന്‍ (മോഹന്‍ലാല്‍) വരാന്‍ വൈകിയപ്പോള്‍ മറ്റൊരു സഖാവ് (സൈനുദ്ദീന്‍) എടുക്കുന്ന പാര്‍ട്ടിക്ലാസ്.

……………………

“അറബിക്കഥ'(ലാല്‍ജോസ്, 2007)യില്‍ ഒരു തീന്മേശക്കരികിലിരുന്ന് ക്യൂബ മുകുന്ദനും (ശ്രീനിവാസന്‍ ) ഒരു ചൈനക്കാരിയും (ഷാങ് ചുമിന്‍) സിദ്ധാര്‍ഥനും (ജയസൂര്യ) സംസാരിക്കുകയാണ്. കേരളത്തിലെ കമ്യൂണിസ്റ്റുകാരെപ്പറ്റി അറിയാമോ എന്നു ചോദിക്കാന്‍ ദ്വിഭാഷിയായ സിദ്ധാര്‍ഥനോട് മുകുന്ദന്‍. പക്ഷേ സിദ്ധാര്‍ഥന്‍ ചോദിക്കുന്നത് “”നിങ്ങള്‍ പുഴുക്കളെ തിന്നുമെന്നു കേട്ടിട്ടുണ്ട്. ഏതൊക്കെ പുഴുക്കളെയാണ് തിന്നാറുള്ളത് ”എന്നാണ്. റോസാപുഴു, പട്ടുനൂല്‍പ്പുഴു തുടങ്ങി വലിയ ഒരു ലിസ്റ്റ് തന്നെ അവള്‍ നിരത്തുന്നു. അത് സിദ്ധാര്‍ഥന്‍ വിവര്‍ത്തനം ചെയ്തുകൊടുക്കുന്നത് “”ഇ.എം.എസ്, എ.കെ.ജി, കൃഷ്ണപ്പിള്ള എന്നിവരൊക്കെ ഇവര്‍ക്കു തറവാട്ടു കാരണവന്മാരെപ്പോലെയാണ് ”എന്നാണ്. ഇവിടെ ചൈനീസ് കമ്യൂണിസത്തോടുള്ള ആഭിമുഖ്യം കൊണ്ട് ചൈനക്കാരിയെ പ്രണയിക്കുകയും അവളുടെ സംഭാഷണത്തില്‍ ഇ.എം.എസ്, എ.കെ.ജി തുടങ്ങിയ ശബ്ദങ്ങള്‍ ഒന്നും കേള്‍ക്കാതിരുന്നിട്ടും ദ്വിഭാഷി പറഞ്ഞതു വിശ്വസിക്കുകയും ചെയ്യുന്ന സുന്ദരവിഡ്ഢിയായി ആദര്‍ശകമ്യൂണിസത്തിന്റെ ആള്‍രൂപമായ ക്യൂബ മുകുന്ദനെ അവതരിപ്പിച്ചിരിക്കുന്നു. മലയാളിയുടെ രണസ്മരണകള്‍ക്കു തീപിടിപ്പിച്ച ഇ.എം.എസും എ.കെ.ജിയും കൃഷ്ണപ്പിള്ളയും ഇവിടെ കമ്പോളസിനിമയുടെ അഴുക്കുവെള്ളത്തില്‍ നുരയ്ക്കുന്ന പുഴുക്കള്‍ മാത്രമാവുന്നു.

……………………

ഒരു കൂട്ടുമന്ത്രിസഭയില്‍ നാലു കസേര കിട്ടിയാല്‍ അടിസ്ഥാനവര്‍ഗത്തിന് എന്തു ഗുണം ചെയ്യാന്‍ പറ്റും സഖാവേ? മന്ത്രിസഭയിലെ ബാക്കി ഭൂരിപക്ഷവും വര്‍ഗശത്രുക്കളല്ലേ? പ്രതിപക്ഷമാവാനേ യോഗമുള്ളൂവെങ്കില്‍, ഭരണകക്ഷിക്ക് മുണ്ടുപൊക്കി കാണിച്ചാല്‍ അതു വിപ്ലവമാകുമോ സഖാവേ?
“അടിമകള്‍ ഉടമകള്‍'(ഐ.വി.ശശി,1987) എന്ന ചിത്രത്തില്‍ ട്രേഡ് യൂനിയന്‍ നേതാവ് സഖാവ് രാഘവന്‍ (മമ്മൂട്ടി )പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അനന്തനോടു ചോദിക്കുന്നു.

……………………

ഇനി “ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍'(വിനയന്‍, 2007) എന്ന ചിത്രത്തിലെ ഒരു രംഗം ശ്രദ്ധിക്കുക. ചെഗുവേരയുടെ മുഖമുള്ള കീചെയിന്‍ പ്രണയസമ്മാനമായി കൊടുത്ത കാമുകി ഇന്ദു(ഭാമ)വിനെ, ചെഗുവേരയുടെ ചിത്രമുള്ള ടീഷര്‍ട്ടു ധരിച്ച കാമുകന്‍ അലക്സ് (മണിക്കുട്ടന്‍)പഴയ ഒരു ബൈക്കില്‍ കയറ്റി ചുറ്റിക്കറങ്ങാന്‍ പോവുന്നു. “”വിപ്ലവകാരിയായ അച്ഛന്റെ വീരശൂരപരാക്രമങ്ങള്‍ക്കു മുഴുവന്‍ സാക്ഷ്യംവഹിച്ച” നീണ്ട ചരിത്രമുണ്ടത്രെ ഇടക്കിടെ സ്റ്റാര്‍ട്ടാവാത്ത ആ ബൈക്കിന്. അവര്‍ നാട്ടുവഴിയിലൂടെ ബൈക്കില്‍ നീങ്ങുമ്പോള്‍ പിന്നില്‍ ഒരു വാഹനം.
അതുകണ്ട് അലക്സ്: ദേ ഒരു ലക്സിസ്. മുതലാളിത്തത്തിന്റെ മുഖമുദ്ര. അങ്ങനെ അവനിപ്പോ കേറിപ്പോവണ്ട. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ബുദ്ധിമുട്ടെന്താണെന്ന് അവനുമൊന്ന് അറിയട്ടെ.
അലക്സ് പിന്നില്‍ വരുന്ന വാഹനത്തിന് സൈഡു കൊടുക്കുന്നില്ല.
അലക്സ്: അതാരാണെന്നറിയുമോ? ബൂര്‍ഷ്വ ശങ്കരന്‍. പാവപ്പെട്ട ചെത്തുതൊഴിലാളികളുടെ കഞ്ഞിയില്‍ പാറ്റയിട്ട് കോടീശ്വരനായ തെണ്ടി.
ഇന്ദുവിന് വാഹനമുടമയെപ്പറ്റി വിശദീകരിച്ചുകൊടുക്കുന്നതിനിടെ പെട്ടെന്ന് ബൈക്ക് കേടാവുന്നു.
അതുകണ്ട് പരിഹാസത്തോടെ ഇന്ദു: ഇപ്പോ തീരും വിപ്ലവം.
ബൈക്ക് റോഡിന്റെ വശത്തേക്കു മാറ്റി നിര്‍ത്തുമ്പോള്‍ കടന്നുപോവുന്ന വാഹനത്തെ ഈര്‍ഷ്യയോടെ നോക്കി അലക്സ:് വൃത്തികെട്ട ബൂര്‍ഷ്വ. ഇവനെയൊക്കെ ടിപ്പര്‍ കയറ്റി കൊല്ലണം.
അവന്‍ ആ വാഹനത്തിനു കല്ലെറിയാന്‍ ശ്രമിക്കുന്നു.
ചിത്രത്തിലെ മറ്റൊരു രംഗത്തില്‍ പ്രണയനൈരാശ്യം ബാധിച്ച അലക്സിന് മദ്യമൊഴിച്ചുകൊടുത്തുകൊണ്ട് കമ്യൂണിസ്റ്റുകാരന്‍ ജോസഫേട്ടന്‍ (കൊച്ചിന്‍ ഹനീഫ): ഒരെണ്ണമെടുത്ത് അടി സഖാവേ, റഷ്യയിലെ കൊടുംതണുപ്പില്‍ മഹാനായ ലെനിനും സ്റ്റാലിനും രണ്ടെണ്ണം അടിച്ചിരുന്നുവെന്നതാണ് ചരിത്രസത്യം. കാലത്തിന്റെ മാറ്റമനുസരിച്ച് കമ്യൂണിസത്തിലും മാറ്റം വരണം. അടി സഖാവേ.
അലക്സ് കണ്ണും പൂട്ടി ഗ്ലാസ് വായിലേക്കു കമിഴ്ത്തുന്നു. അവന്‍ നെഞ്ചു തടവുമ്പോള്‍ ജോസഫേട്ടന്‍: ദേ വിപ്ലവം കത്തിത്തുടങ്ങി. അവളോട് പോവാന്‍ പറ സഖാവേ, കേട്ടിടത്തോളം മുതലാളിത്തത്തിന്റെ വക്താവാണ് ആ പെങ്കൊച്ച്. എടാ, കമ്യൂണിസത്തിന്റെ ഒരു സിദ്ധാന്തത്തിലും പ്രത്യയശാസ്ത്രത്തിലും പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കേണ്ടെന്നു പറഞ്ഞിട്ടില്ല. അതുപോലെ പത്തു കാശു കിട്ടിയാല്‍ കയ്ക്കുമെന്ന് ജനങ്ങളെ സേവിക്കുന്ന കമ്യൂണിസ്റ്റുകാരന്‍ ഇപ്പോ പറയോ?

……………………

“സന്ദേശം'(സത്യന്‍ അന്തിക്കാട്, 1991) എന്ന ചിത്രത്തില്‍ പ്രഭാകരന്‍ (ശ്രീനിവാസന്‍) പെണ്ണുകാണല്‍ച്ചടങ്ങിനിടെ ഇങ്ങനെ പറയുന്നു: റവല്യൂഷനറി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരു ബുദ്ധിജീവിയാണ് ഞാന്‍. കല്യാണത്തിന് ആര്‍ഭാടങ്ങളൊന്നും പറ്റില്ല. ഞങ്ങളുടെ പാര്‍ട്ടി ഓഫീസില്‍ വെച്ച് വളരെ ലളിതമായ ഒരു ചടങ്ങ്. ഞാനൊരു രക്തഹാരം അങ്ങോട്ടണിയിക്കും. കുട്ടി ഒരു രക്തഹാരം ഇങ്ങോട്ടണിയിക്കും. അതിനുശേഷം അരമണിക്കൂര്‍ നേരം ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിസൂക്തങ്ങള്‍ ഉറക്കെ ചൊല്ലും. പിന്നെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം. ചടങ്ങു തീര്‍ന്നു. ഞാനധികവും അണ്ടര്‍ഗ്രൌണ്ടിലായിരിക്കും. ഒളിവില്‍. ശ്രീമാന്‍ തോപ്പില്‍ഭാസിയുടെ “ഒളിവിലെ ഓര്‍മകള്‍’ വായിച്ചിട്ടുണ്ടോ? അതുപോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും. ചിലപ്പോള്‍ ലോക്കപ്പിലോ ജയിലിലോ ആയെന്നുവരാം. ഒരു വിപ്ലവകാരിയുടെ ഭാര്യ എന്തും സഹിക്കാന്‍ പ്രാപ്തയായിരിക്കണം. ചിലപ്പോള്‍ കുട്ടി വെടിയുണ്ടകളെ നേരിടേണ്ടിവന്നേക്കാം. അപ്പോള്‍ വിരിമാറു കാണിച്ചുകൊടുക്കേണ്ടിവരും.
അച്യുതന്‍ നായരെ (ഒടുവില്‍ ഉണ്ണികൃഷ്ണന്‍) വിളിച്ച് പെണ്ണിന്റെ അച്ഛന്‍: താനൊരു ഭ്രാന്തനെയാണോ എന്റെ മോള്‍ക്ക് ഭര്‍ത്താവായി കൊണ്ടുവന്നിരിക്കുന്നത്?.
അതേ ചിത്രത്തിലെ മറ്റൊരു രംഗം ഇങ്ങനെ:
രാത്രിയില്‍ പ്രഭാകരന്റെ മുറിയിലേക്ക് അച്ഛന്‍ രാഘവന്‍ (തിലകന്‍) കടന്നു ചെല്ലുന്നു. പിന്നിലൂടെ വരുന്ന അച്ഛനെ കണ്ട് ഞെട്ടിയെഴുന്നേല്‍ക്കുന്ന പ്രഭാകരന്‍: അച്ഛനോ, ഞാന്‍ വിചാരിച്ചു ഏതോ കുത്തക മുതലാളിയായിരിക്കുമെന്ന്. പേടിച്ചുപോയി.
രാഘവന്‍: മുതലാളിമാരെ എന്തിനാ പേടിക്കുന്നത്?.
പ്രഭാകരന്‍: അവരെ മാത്രമാണച്ഛാ പേടിക്കേണ്ടത്. അവരാണ് വിപ്ലവത്തിന്റെ പാതയിലെ കുപ്പിച്ചില്ലുകള്‍, കാരമുള്ളുകള്‍, കാളസര്‍പ്പങ്ങള്‍.

……………………

കേരളത്തില്‍ പ്രബലമായ സാമൂഹികാടിത്തറയുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപഹസിക്കുന്ന ആഴം കുറഞ്ഞ രാഷ്ട്രീയാഖ്യാനങ്ങളാണ് മലയാളത്തിലെ മുഖ്യാധാരാസിനിമയുടെ ചരിത്രത്തിലുടനീളം കാണാന്‍ കഴിയുക എന്ന യാഥാര്‍ഥ്യത്തിന്റെ ദൃശ്യസാക്ഷ്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ച ചലച്ചിത്രരംഗങ്ങളും സംഭാഷണശകലങ്ങളും. കമ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിച്ച അടിസ്ഥാനപരമായ പ്രത്യയശാസ്ത്രവ്യതിയാനങ്ങളെ ഔചിത്യപൂര്‍വം വിമര്‍ശവിധേയമാക്കുന്ന ചലച്ചിത്രങ്ങള്‍ മുഖ്യധാരയില്‍ നിര്‍മിക്കപ്പെട്ടിട്ടില്ല. മറിച്ച് രാഷ്ട്രീയ പ്രബുദ്ധതയുള്ള പ്രേക്ഷകസമൂഹത്തിന്റെ സംവേദനക്ഷമതയെ നിര്‍ലജ്ജം പരിഹസിക്കുന്ന യുക്തിരഹിതമായ വിമര്‍ശനങ്ങളാണ് 75 വര്‍ഷം പിന്നിട്ട തിരമലയാളത്തിന്റെ ദൃശ്യചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.

മാര്‍ക്സ് കാണാത്ത
കല കണ്ട മാര്‍ക്സിസം

സിനിമ പിറക്കുന്നതിനു 12 വര്‍ഷം മുമ്പ് മാര്‍ക്സ് മരിച്ചതുകൊണ്ട് സിനിമയുടെ ഒരു നിര്‍വചനം “മാര്‍ക്സ് കാണാത്ത കല’ എന്നാവാം എന്ന് മാങ്ങാട് രത്നാകരന്‍. അപ്പോള്‍ മാര്‍ക്സ് കാണാത്ത കല കണ്ട മാര്‍ക്സിസം എന്തായിരുന്നുവെന്ന് അന്വേഷിക്കുന്നത് ചലച്ചിത്രത്തിന്റെ രാഷ്ട്രീയ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ക്ക് ഊര്‍ജം പകരും. ആദ്യമായി തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയ നാട്, ലോകസിനിമയിലെ നവതരംഗങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മികച്ച ദൃശ്യശില്‍പങ്ങള്‍ നിര്‍മിച്ച നാട് എന്നൊക്കെയുള്ള പദവികള്‍ ഒരു ചുവപ്പന്‍ കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് കാലാകാലങ്ങളില്‍ മലയാള സിനിമ നല്‍കിയ വര്‍ണങ്ങള്‍ എന്തായിരുന്നുവെന്ന അന്വേഷണത്തെ പ്രസക്തമാക്കുന്നുണ്ട്. മുഖ്യധാരാ മാര്‍ക്സിസത്തെ അഥവാ വ്യവസ്ഥാപിത ഇടതുപക്ഷത്തെ മുഖ്യധാരാ മലയാള സിനിമ എങ്ങനെ അടയാളപ്പെടുത്തി എന്നാണ് ഇവിടെ അന്വേഷിക്കുന്നത്. എഴുപതുകളിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷത്തിന്റെ ഉപോല്‍പ്പന്നങ്ങളായി വന്ന ഇടതുപക്ഷതീവ്രവാദം പ്രമേയമാക്കുന്ന സിനിമകളെ ഈ വിശകലനത്തിന്റെ പരിധിയില്‍നിന്നും മാറ്റിനിര്‍ത്തിയിരിക്കുന്നു. എന്നാല്‍ മുഖ്യധാരാ ഇടതുപക്ഷത്തെ പ്രമേയതലത്തില്‍ കൊണ്ടുവരുന്ന സമാന്തരസംരംഭങ്ങളെക്കുറിച്ച് ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.
കാഴ്ചയുടെ ആഴങ്ങളില്‍ ഗോപനം ചെയ്യപ്പെട്ട പ്രതിലോമ പ്രത്യയശാസ്ത്രത്തിന്റെ ആച്ഛാദിത ബിംബങ്ങളുടെ രാഷ്ട്രീയധ്വനികള്‍ ജനമനസ്സുകളെ സ്വാധീനിക്കുന്നതിനാല്‍ മാര്‍ക്സിസത്തിന്റെ ചലച്ചിത്രസമീപനത്തെക്കുറിച്ചും ചലച്ചിത്രത്തിന്റെ മാര്‍ക്സിസ്റ്റ് സമീപനത്തെക്കുറിച്ചും ഗൌരവമായ വിചിന്തനങ്ങള്‍ ആവശ്യമാണ്. മാര്‍ക്സിസ്റ്റ് ഭരണകൂടങ്ങള്‍ സിനിമക്കു പ്രാമുഖ്യം നല്‍കിക്കൊണ്ട് കലകള്‍ക്ക് വിപുലമായ പ്രോല്‍സാഹനം നല്‍കി മാതൃക കാട്ടിയെങ്കിലും കലാകാരന്മാരുടെ ആവിഷ്കാരസ്വാതന്ത്യ്രത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന് ചിദാനന്ദദാസ് ഗുപ്ത നിരീക്ഷിക്കുന്നുണ്ട്. (Seeing Is Believing: Selected Writings On Cinema പേജ് 6) നെഹ്രുവിയന്‍ ഇന്ത്യ ഇതിനു രണ്ടിനുമിടയിലെ പാതയാണ് സ്വീകരിച്ചത്. രാഷ്ട്രീയ ഉള്ളടക്കത്തെപ്പറ്റിയുള്ള നിബന്ധനകള്‍ ഇല്ലാതെതന്നെ സിനിമക്കും മറ്റു കലാരൂപങ്ങള്‍ക്കും പിന്തുണ നല്‍കാന്‍ ഇന്ത്യക്ക് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കേന്ദ്രമായ റഷ്യന്‍ മാതൃക ജനപ്രിയേതര സിനിമയുടെ ചരിത്രത്തില്‍ ദശകങ്ങളോളം നിര്‍ണായക പങ്കു വഹിച്ചുണ്ടെന്ന് അദ്ദേഹം പറയുന്നു. സോവിയറ്റ് യൂനിയനും അതിന്റെ ഉപഗ്രഹരാഷ്ട്രങ്ങളും ശിഥിലമായിക്കഴിഞ്ഞിട്ടും അതിന്റെ സ്വാധീനം പല സിനിമകള്‍ക്കും പ്രചോദനമാവുന്നു. അത് പരിഷ്കരണവാദത്തിന്റെ നിലയിലേക്ക്ഒഴുകുകയും സ്വതന്ത്ര ഇന്ത്യയിലെ സാമൂഹികമാറ്റത്തിനായുള്ള അജണ്ടയെ വിപുലീകരിക്കുകയും ചെയ്തു. ചലച്ചിത്രകാരന്‍ നടത്തുന്ന ആത്മസമരങ്ങളുടെ കഥ കൂടിയാണ് ജനപ്രിയേതര സിനിമ എന്ന് ചിദാനന്ദദാസ് ഗുപ്ത നിരീക്ഷിക്കുന്നുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ള പ്രബലരായ വ്യക്തിവാദികള്‍ക്കുപോലും അതൊരു പ്രതിപാദ്യവിഷയമായി എന്ന് “മുഖാമുഖ’ത്തെ(1984) ഉദ്ധരിച്ച് അദ്ദേഹം സമര്‍ഥിക്കുന്നു. ഈ ആത്മസമരത്തിന്റെ പീഡകള്‍ ഏറ്റുവാങ്ങിയ ഋതിക് ഘട്ടക് “സിനിമ, മാര്‍ക്സിസം ആന്റ് ദ മദര്‍ ഗോഡസ്’എന്ന പ്രബന്ധം 1954ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സമര്‍പ്പിച്ചിരുന്നു. സാംസ്കാരികമണ്ഡലത്തില്‍ പുരോഗമനപരമായ സ്വാധീനം വര്‍ധിച്ചുവരുന്നതായും എന്നാല്‍ അതില്‍ കമ്യൂണിസ്റ്റുകാരുടെ സാന്നിധ്യമില്ലെന്നും അതില്‍ അദ്ദേഹം സൂചിപ്പിച്ചു. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം മുഖ്യപ്രമേയവും പ്രചോദനവുമായ സിനിമകള്‍ ഭൂരിഭാഗവും അവ ലക്ഷ്യംവെക്കുന്ന ജനങ്ങളിലേക്ക് എത്തിച്ചേരുന്നില്ല എന്ന അഭിപ്രായക്കാരനാണ് ചിദാനന്ദദാസ് ഗുപ്ത. ജനപ്രിയേതര സിനിമയുടെ മുഖ്യപ്രമേയം പലപ്പോഴും മാര്‍ക്സിസമാണ്. സോവിയറ്റ്മാതൃകയില്‍നിന്ന് നേരിട്ട് സ്വാംശീകരിച്ചെടുത്തതല്ലെങ്കിലും അടിസ്ഥാനവര്‍ഗത്തോട് അനുതാപപൂര്‍ണമായ സമീപനം പുലര്‍ത്തുന്ന റേ, ഘട്ടക്, ഗൌതംഘോഷ്, ഗോവിന്ദ് നിഹലാനി, മൃണാള്‍സെന്‍, ബുദ്ധദേവദാസ് ഗുപ്ത തുടങ്ങിയവര്‍ അടിസ്ഥാനവര്‍ഗം കാണാത്ത സിനിമകളാണ് അവര്‍ക്കു വേണ്ടി നിര്‍മിക്കുന്നത്. നഗരമധ്യവര്‍ഗമാണ് ഇവരുടെ കാഴ്ചക്കാര്‍. പ്രഖ്യാപിത മാര്‍ക്സിസ്റ്റുകാരായ കുമാര്‍ സഹാനിയും മണി കൌളും തങ്ങളുടെ ചിത്രങ്ങള്‍ പൊതുതിയറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മാര്‍ക്സിസത്തിന്റെ ചലച്ചിത്ര സമീപനത്തെക്കുറിച്ചുള്ള ഈ ബംഗാളി പണ്ഡിതന്റെ നിരീക്ഷണങ്ങളില്‍നിന്ന് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ സംസ്കാരിക സ്വാധീനം നിര്‍വീര്യമായതോടെ കമ്പോള സിനിമ മാര്‍ക്സിസത്തെ എങ്ങനെ സമീപിച്ചുവെന്ന വിചാരത്തിലേക്കു വരാം.
ഇരുപതാം ശതകത്തിന്റെ മൂന്നാംദശകമാവുമ്പോഴേക്കും കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയം രൂപപ്പെട്ടുകഴിഞ്ഞിരുന്നു. 1930കളുടെ രണ്ടാം പാദത്തില്‍ കേരളത്തിലെ കലാസാഹിത്യമേഖലയില്‍ മാര്‍ക്സിയന്‍ ലാവണ്യശാസ്ത്രത്തിന്റെ സ്വാധീനം വ്യാപകമായിത്തുടങ്ങി. സാമൂഹികവും സാംസ്കാരികവുമായ പുരോഗമനം ലക്ഷ്യം വെച്ചുകൊണ്ട് 1937 ഏപ്രില്‍ 20ന് ജീവല്‍സാഹിത്യപ്രസ്ഥാനം രൂപംകൊണ്ടു. അതോടെ ഇടതുപക്ഷത്തിന്റെ സാംസ്കാരിക ഇടപെടലുകള്‍ സജീവമായി. 1950ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കെ.പി.എ.സി എന്ന നാടകസംഘം രൂപവത്കരിക്കപ്പെട്ടു. 1952 ഡിസംബറില്‍ കൊല്ലം ചവറ തടാശേãരി ജംഗ്ഷനിലെ ഓലക്കൊട്ടകയില്‍ വെച്ച് “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യുടെ അവതരണത്തിനു തുടക്കമിട്ടു. കാല്‍പനികമായ സ്വപ്നാടനങ്ങളില്‍നിന്നും തീക്ഷ്ണമായ സാമൂഹിക യാഥാര്‍ഥ്യങ്ങളിലേക്ക് കലാകാരന്മാര്‍ വഴിമാറി നടന്നു. കഥകളിക്കൊട്ടിലില്‍നിന്നും ആട്ടുകട്ടിലില്‍നിന്നും ആലസ്യത്തേടെ ഇറങ്ങിവന്ന കല നിര്‍ണായകമായ ജീവിതപ്രശ്നങ്ങളോട് പ്രതിബദ്ധത കാട്ടിക്കൊണ്ട് മതനിരപേക്ഷവും സാമൂഹികവുമായ ഒരു പുനഃസംഘാടനത്തിനു വിധേയമായി. തൊഴിലാളികളുടെയും കര്‍ഷകരുടെയും സംഘബോധവും പ്രത്യയശാസ്ത്രമണ്ഡലത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കുള്ള ആഴത്തിലുള്ള സ്വാധീനവും വന്നതോടെ പൊതുമണ്ഡലത്തില്‍ ഇടതുപക്ഷ പുരോഗമനശക്തികള്‍ ശക്തമായി നിലയുറപ്പിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ഈ സ്വാധീനത്തിന്റെ ആഴവും വ്യാപ്തിയും വെളിപ്പെടുത്തി. അമ്പതുകള്‍ക്കു ശേഷമുള്ള മലയാള സിനിമ കേരളീയ നവോത്ഥാനത്തിന്റെയും ഐക്യകേരള പ്രസ്ഥാനത്തിന്റെയും പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ഊര്‍ജം ആവാഹിച്ചുകൊണ്ടുള്ള പ്രമേയങ്ങളെയാണ് സ്വീകരിച്ചത്. “നീലക്കുയില്‍’, “രാരിച്ചന്‍ എന്ന പൌരന്‍’ എന്നീ ചിത്രങ്ങള്‍ “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തെ പോലെ തന്നെ 1957ലെ തെരഞ്ഞെടുപ്പ് വിജയത്തിന് വഴിയൊരുക്കിയ സാംസ്കാരിക സംഭവങ്ങളായിരുന്നുവെന്ന് സക്കറിയ നിരീക്ഷിക്കുന്നുണ്ട്. (പി. ഭാസ്കരന്‍, സംഗീതസ്മൃതികള്‍, പേജ് 39)
പൊതുമണ്ഡലത്തിന്റെ രൂപവത്കരണത്തില്‍ ബഹുജനസമരങ്ങള്‍ക്കുണ്ടായിരുന്ന അഭൂതപൂര്‍വമായ പ്രസക്തിയാണ് ഇടതുപക്ഷത്തിന്റെ നെടുനായകത്വത്തിന് വിത്തുപാകിയതെന്ന് മാര്‍ക്സിസ്റ്റ് ചിന്തകനായ ഡോ.ടി.കെ രാമചന്ദ്രന്‍ പറയുന്നു.
“”ചരിത്രപരമായി നോക്കിയാല്‍ 1960കള്‍ വരെ ഇടതുപക്ഷത്തിന്റെ നെടുനായകത്വം ഏറ്റവും നിസ്സംശയമായി നിലനിന്നത് സാംസ്കാരികരംഗത്തായിരുന്നു. പ്രതിലോമകാരികള്‍ പോലും അവരുടെ മനസ്സിലിരിപ്പ് വെട്ടിത്തുറന്നു പറയാന്‍ അന്ന് മടിച്ചിരുന്നു. മിക്കവാറും പ്രച്ഛന്നവേഷത്തില്‍ മാത്രമേ അന്ന് പ്രതിലോമ പ്രത്യയശാസ്ത്രത്തിന് നാട്ടുവെളിച്ചത്തില്‍ പ്രത്യക്ഷപ്പെടാന്‍ ആവുമായിരുന്നുള്ളൂ. കുഞ്ചാക്കോയുടെ “പുന്നപ്രള്‍വയലാര്‍’ പോലെ കച്ചവടക്കണ്ണോടെ മാത്രം പടയ്ക്കപ്പെട്ട സിനിമകള്‍ പോലും ഇടതുപക്ഷത്തിന് അധരസേവ നടത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. “പുന്നപ്രള്‍വയലാറി’ല്‍നിന്ന് “ചീഫ് മിനിസ്റ്റര്‍ കെ.ആര്‍. ഗൌതമി’യിലേക്കുള്ള ദൂരം അടിസ്ഥാനപരമായ അര്‍ഥത്തില്‍ തന്നെ സാംസ്കാരിക അപചയത്തിന്റെ ആഴം വെളിവാക്കുന്നുണ്ട്.” എന്ന് ഡോ.ടി.കെ. രാമചന്ദ്രന്‍ നിരീക്ഷിക്കുന്നു. (കാഴ്ചയുടെ കോയ്മ. പേജ് 13)
പിന്നീട് സാംസ്കാരിക രംഗത്ത് ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: അമ്പതുകളുടെ ഒടുവില്‍ വിമോചനസമരത്തോടെ മടിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട അതിയാഥാസ്ഥിതികമായ പ്രതിതരംഗം എണ്‍പതുകളോടെ പ്രത്യയശാസ്ത്രപരമായ ദാര്‍ഢ്യം കൈവരിച്ചു. പൊതുമണ്ഡലം സങ്കോചിക്കുകയും പ്രതിതരംഗം വികസിക്കുകയും ചെയ്തു. ഈ പ്രതിതരംഗത്തിന് ഊര്‍ജം പകരുന്ന മൂന്ന് പ്രതിഭാസങ്ങളുണ്ട്. ഒന്ന് സാംസ്കാരിക കലാപ്രശ്നങ്ങള്‍ ഇടതുപക്ഷത്തിന്റെ അജണ്ടയില്‍നിന്ന് അപ്രത്യക്ഷമായി. രണ്ട്, കമ്പോള മൂല്യത്തില്‍ അധിഷ്ഠിതമായ സാംസ്കാരിക വ്യവസായത്തിന്റെ ആവിര്‍ഭാവം.കോട്ടയവും കോടമ്പാക്കവും മുന്നോട്ടുവെച്ച സംവേദനശീലങ്ങള്‍ പൊതുമണ്ഡലത്തിലെ പുരാഗമന ഇടതുപക്ഷാശയങ്ങളെ നിര്‍വീര്യമാക്കി. മൂന്ന്, കലാരംഗത്തേക്കു കടന്നുവന്ന വരേണ്യവാദത്തിലധിഷ്ഠിതമായ ആധുനികത. ആധുനികതയുടെ ഭ്രമകല്‍പനയില്‍ മുഴുകി സംഘടിത ഇടതുപക്ഷത്തില്‍നിന്ന് യുവജനത അകന്നുപോയി. ഇടതുപക്ഷത്തുനിന്ന് കമ്പോളകലയുടെ വ്യാപനത്തിനെതിരെ നടന്ന ചുരുക്കം ചില നീക്കങ്ങള്‍ തന്നെയും വ്യക്തമായ ഒരു സിദ്ധാന്തത്തിന്റെ അഭാവത്തില്‍ പരാജയപ്പെട്ടു. ചുണ്ടില്‍ ബീഡിയും തലയില്‍ കെട്ടുമായി ഗഫൂറിന്റെ കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെടുന്ന ചുമട്ടുകാരന്റെ ചിത്രവും “അങ്ങാടി’ പോലുള്ള സിനിമകളില്‍ ചിത്രീകരിക്കപ്പെടുന്ന തൊഴിലാളിയും “മുഖാമുഖ’ത്തിലെ ത്യാഗധനനായ രാഷ്ട്രീയനേതാവും ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടതുപക്ഷത്തിന്റെ ഋണാത്മക പ്രതിനിധാനങ്ങളുടെ ഫലമായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. സാംസ്കാരിക ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടികളെക്കുറിച്ചുള്ള ഡോ.ടി.കെ. രാമചന്ദ്രന്റെ വിശകലനങ്ങളുടെ വെളിച്ചത്തില്‍ തിരമലയാളത്തിന്റെ മുഖ്യധാരയില്‍ പടര്‍ന്ന ചുവപ്പുരാശിയുടെയും തെളിഞ്ഞുകണ്ട രക്തനക്ഷത്രങ്ങളുടെയും ദൃശ്യങ്ങളിലേക്കു വരാം.

Leave a Reply

Your email address will not be published. Required fields are marked *