ഗദ്ദാഫിക്കു ശേഷം ഇനിയെന്ത്?

അറബ് വസന്തം ബഹുസ്വരമായ ജനമുന്നേറ്റത്തിന്റെ പുതുമാതൃകയായാണ് നമുക്ക് മുന്നില്‍ അവതരിക്കപ്പെടുന്നത്. എന്നാല്‍, അതിലെ ബഹുസ്വരതയും ജനാധിപത്യത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും സംശയജനകമാണ്. വരാന്‍ പോവുന്ന വിപ്ലവങ്ങളുടെ ജനകീയ മാതൃകയായി അറബ് വസന്തത്തെ വിലയിരുത്താമോ? ഈ മൂന്ന് വസന്തങ്ങളും അവിടങ്ങളില്‍ ഇസ്ലാമിക യാഥാസ്തികത്വത്തെ പ്രതിഷ്ഠിക്കുമോ-ഗവേഷകനായ ഒ.ബി രൂപേഷിന്റെ നിരീക്ഷണം

courtesy: daylife

ഗദ്ദാഫി വധിക്കപ്പെട്ടതോടെ ലിബിയന്‍ വസന്തവും പൂര്‍ണമാവുകയാണ്. സൈനുല്‍ ആബിദീന്‍ ബിന്‍ അലി സൌദിയിലേക്ക് പലായനം ചെയ്യുന്നതില്‍ കലാശിച്ച ടുണീഷ്യയിലെ ജാസ്മിന്‍ വിപ്ലവത്തിനും ഹുസ്നി മുബാറക്ക് പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ വസന്തത്തിനുമൊടുവില്‍ ലിബിയയിലും ഏകാധിപത്യം അവസാനിച്ചിരിക്കുന്നു. സിറിയയിലെ ബശ്ശാറുല്‍ അസദും യമനിലെ അലി അബ്ദുല്ലാ സാലിഹും ജനമുന്നേറ്റങ്ങളെ ചെറുത്തുകൊണ്ട് ഭരണത്തില്‍ പിടിച്ചു നില്‍ക്കുന്നു.

ഒ.ബി രൂപേഷ്

മുന്‍ വസന്തങ്ങളില്‍നിന്ന് ലിബിയയയെ വ്യത്യസ്തമാക്കുന്നത് നാറ്റോ സൈന്യത്തിന്റെ പ്രത്യക്ഷ പിന്തുണയോടെ ‘വിരിയിച്ചെടുത്ത വസന്തം’ എന്ന നിലയിലാണ്. അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും തങ്ങളുടെ ദീര്‍ഘകാല ശത്രുവിനെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല അവസരമായിരുന്നു ലിബിയന്‍ വസന്തം. എണ്ണയെ മുന്‍നിര്‍ത്തിയുള്ള തങ്ങള്ുടെ രാഷ്ട്രീയ സൈനിക താല്‍പ്പര്യങ്ങള്‍ സമ്പന്നമായ എണ്ണ നിക്ഷേപമുള്ള ലിബിയന്‍ മണ്ണിലും അവര്‍ ഫലപ്രദമായി നടപ്പാക്കിയിരിക്കുന്നു.
സാമ്രാജ്യത്വത്തോട് നിരന്തരം കലഹിച്ച ഭരണാധികാരിയായിരുന്നു ഗദ്ദാഫി. എന്നാല്‍, അത് ഏകാധിപത്യത്തിനുള്ള ന്യായീകരണമല്ല. ലിബിയ ഉള്‍പ്പടെ രാജ്യങ്ങളില്‍ ഏകാധിപത്യത്തിനെതിരെ ഉയര്‍ന്ന ജനമുന്നേറ്റങ്ങളെ, അവരുടെ ആവശ്യങ്ങളെ നമുക്ക് അവഗണിക്കാനുമാവില്ല. സാമ്രാജ്യത്വ വിരോധത്തിന്റെ പേരില്‍ മാത്രം ഏകാധിപതികളെ ജനങ്ങള്‍ എക്കാലവും സഹിക്കില്ല. അവരുടെ സഹനങ്ങള്‍ ഒടുവില്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് തന്നെ അനുഗുണമായി മാറിയേക്കും. ലിബിയയില്‍ അതാണ് സംഭവിച്ചത്.

അറബ് വസന്തം ബഹുസ്വരമായ ജനമുന്നേറ്റത്തിന്റെ പുതുമാതൃകയായാണ് നമുക്ക് മുന്നില്‍ അവതരിക്കപ്പെടുന്നത്. എന്നാല്‍, അതിലെ ബഹുസ്വരതയും ജനാധിപത്യത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും സംശയജനകമാണ്. സൈനിക ഭീകരത, ഭരണകൂട അടിയന്തിരാവസ്ഥ, ഭക്ഷ്യ വിലപ്പെരുപ്പം, കൂലി വര്‍ധന, അഭിപ്രായ സ്വാതന്ത്യ്രം തുടങ്ങിയ വിഷയങ്ങള്‍ക്കുമേല്‍ ഒന്നുചേര്‍ക്കപ്പെട്ട പൊറുതി മുട്ടിയ ആള്‍ക്കൂട്ടമായിരുന്നു അത്. പരസ്പര വൈരുധ്യങ്ങളുടെ കലവറ. വസന്തത്തിന്റെ മധുവിധുവിനുശേഷം പൊട്ടിയൊലിക്കാന്‍ പോകുന്ന വൈരുധ്യങ്ങളുടെ കുന്ന്. ജനാധിപത്യ ബോധ്യങ്ങളെ ആന്തരവല്‍കരിക്കുകയും സംഘടിത ശക്തിയായി മാറ്റുകയും ചെയ്ത സംഘങ്ങള്‍ അവയില്‍ കുറവായിരുന്നു. അല്ലെങ്കില്‍ അത്തരക്കാര്‍ ആള്‍ക്കൂട്ടമായിരുന്നു. എന്നാല്‍ സംഘടിതരും ആശയപരമായി കൃത്യതയും നേതൃശേഷിയുമുള്ള ഇസ്ലാമിക യാഥാസ്ഥിതിക വിഭാഗവും ഇതില്‍ സജീവമായിരുന്നു.

വരാന്‍ പോവുന്ന വിപ്ലവങ്ങളുടെ ജനകീയ മാതൃകയായി അറബ് വസന്തത്തെ വിലയിരുത്താമോ? ഈ മൂന്ന് വസന്തങ്ങളും അവിടങ്ങളില്‍ ഇസ്ലാമിക യാഥാസ്തികത്വത്തെ പ്രതിഷ്ഠിക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. 1990ല്‍ ഇസ്ലാമിക ഭരണകൂടത്തിനുവേണ്ടി സമരം ചെയ്യുകയും അടിച്ചമര്‍ത്തപ്പടുകകയും ചെയ്ത ഇസ്ലാമിക് ആക്ഷന്റെ പുതുരൂപമായ അന്നഹ്ദ പാര്‍ട്ടിയാണ് (ennahda party)തുനീഷ്യയിലെ മുഖ്യ കക്ഷി. ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കാനും സ്ത്രീ സ്വാതന്ത്യ്രത്തെ അടിച്ചമര്‍ത്താനും അവര്‍ വാദിക്കുന്നു. ഒക്ടോബര്‍ 23ന് നടക്കാന്‍ പോകുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അവരും സഖ്യകക്ഷികളും വിജയിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. അങ്ങനെ വന്നാല്‍ ഭരണഘടനയും രാഷ്ട്ര നിര്‍മാണവും മുന്‍കാലത്തേക്കാള്‍ യാഥാസ്തികമാവും. വിപ്ലവകാല ജനാധിപത്യ സ്വപ്നങ്ങള്‍ തകരും.

ഈജിപ്തും ഇതില്‍നിന്ന് വ്യത്യസ്തമല്ല.1928ല്‍ രൂപീകൃതമായ തീവ്ര ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് ഈജിപ്ഷ്യന്‍ വസന്തത്തിനു പിറകിലെ നിര്‍ണായക ശക്തിയാണ്. തീവ്ര മത നിലപാടു കാരണം മുബാറക് ഭരണകാലത്ത് അവര്‍ അടിച്ചമര്‍ത്തപ്പെടുകയായിരുന്നു. ഈജിപ്ത് ഒരു മതേതര ഭരണകൂടമായിരുന്നു. 2009ല്‍ ഇവര്‍ നടത്തിയ സമരങ്ങളെ മതേതരത്വത്തിനെതിരാണെന്ന് പറഞ്ഞായിരുന്നു മുബാറക് തടയാന്‍ ശ്രമിച്ചത്. ക്രിസ്ത്യാനികളും സ്ത്രീകളും ഈജിപ്ത് പ്രസിഡന്റാകുന്നതിനെതിരെ നടന്ന സമരങ്ങളും ഇത്തരത്തില്‍ കൈകാര്യം ചെയ്യപ്പെട്ടു. വിശാലമായ ജനാധിപത്യത്തിനു പകരം ഈജിപ്തിന്റെ ഭാവി മുബാറക്കിനേക്കാള്‍ പ്രകൃതമായ ഇസ്ലാമിക ഭരണകൂടത്തിന്റെ കൈയിലാവുമോ?

മുബാറക്ക് ഭരണമൊഴിഞ്ഞ് ഒരു മാസം കഴിഞ്ഞ്, വനിതാ ദിനത്തില്‍ വസന്തത്തിനായി സമരം ചെയ്ത സ്ത്രീകള്‍, തലസ്ഥാന നഗരിയില്‍ പ്രകടനം നടത്തിയപ്പോള്‍ പുരുഷ കേസരികള്‍ അത് അലങ്കോലമാക്കി.അസഭ്യം പറഞ്ഞും കയ്യേറ്റം ചെയ്തും അവരത് തടഞ്ഞു. വിപ്ലവ സമയത്ത് കൂടെ നിന്നവരായിരുന്നു ആ പുരുഷ കേസരികള്‍ എന്നു കൂടി അറിയുക. വരാന്‍ പോകുന്ന തെരഞ്ഞടുപ്പില്‍ തങ്ങളുടെ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാന്‍ ഇസ്ലാമിക് ബദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ട് കഠിനാധ്വാനം ചെയ്യുകയാണിപ്പോള്‍. തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനും അവര്‍ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ഇറാനിയന്‍ വിപ്ലവത്തില്‍ ഇസ്ലാമിസ്റ്റുകള്‍ക്കൊപ്പം തോള്‍ ചേര്‍ന്നുനില്‍ക്കുകയും വിപ്ലവാനന്തരം അവരാല്‍ കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്ത കമ്യൂണിസ്റ്റുകാരുടെ അനുഭവം ടുനീഷ്യന്‍, ഈജിപ്ഷ്യന്‍ ജനാധിപത്യ വാദികളെയും തുറിച്ചു നോക്കുന്നു.

ലിബിയയിലെ താല്‍ക്കാലിക സര്‍ക്കാറില്‍ അംഗമായ ലിബിയന്‍ ഇസ്ലാമിക് മൂവ്മെന്റ് (ലിബിയന്‍ ഇസ്ലാമിക് ഫൈറ്റിങ് ഗ്രൂപ്പ്) ലോകവ്യാപകമായി നിരോധിക്കപ്പെട്ട ഭീകരസംഘടനയാണ്. 1990ല്‍ സോവിയറ്റ് യൂനിയനെതിരായി രൂപീകരിക്കപ്പെട്ടതാണിത്. ഇസ്ലാമിക രാഷ്ട്രമാണ് ഇവരുടെയും ലക്ഷ്യം.
പടിഞ്ഞാറിന്റെ അജണ്ടയും, ഏകാധിപത്യത്തിനെതിരായ അറബ് അസംതൃപ്തിയും ചേര്‍ന്ന് ജനാധിപത്യത്തിനു പകരം ഇസ്ലാമിക യാഥാസ്തികാത്വത്തെ ഉറപ്പിച്ചെടുക്കുമോ. വസന്തങ്ങളുടെ ഭാവി ഇരുളടഞ്ഞതാവുമോ. ആഘോഷിക്കപ്പെടുന്ന നവവിപ്ലവ മാതൃകയുടെ ഭാവി അത്രമാത്രം പ്രതീക്ഷാ നിര്‍ഭരമല്ലെന്ന് ചുരുക്കം. സാമൃാജ്യത്വ അജണ്ടക്കും തീവ്ര ഇസ്ലാമിക വലതുപക്ഷത്തിനും ഇടയിലെ ജനാധിപത്യ പാത എത്ര മാത്രം സാധ്യമാണെന്ന് വരുംദിനങ്ങള്‍ തെളിയിക്കും. മുന്‍കാലവിപ്ലവങ്ങള്‍ സൃഷ്ടിച്ച ആഘാതങ്ങളും പുതുവിപ്ലവത്തിനായുള്ള അഭിലാഷവും ചേര്‍ന്ന നമ്മുടെ സ്വപ്നങ്ങളെ, നടന്നുകൊണ്ടിരിക്കുന്ന പുതുവസന്തങ്ങള്‍ക്കു മേല്‍ വിശകലനാതീതമായി നിക്ഷേപിക്കാനും സൈദ്ധാന്തിക വ്യാഖ്യാനങ്ങള്‍ ചമക്കാനുമുള്ള അമിതമായ ത്വര പഴയ നിരാശകളേക്കാള്‍ വലിയ നിരാശകളെ നമുക്ക് സമ്മാനിക്കാതിരിക്കട്ടെ.

6 thoughts on “ഗദ്ദാഫിക്കു ശേഷം ഇനിയെന്ത്?

 1. if one who oppresses america,it is not a permission to continue dictatorship in their country.gaddafi was a sinful dictator and he killed his owen people to wipe out opinions against him.nato did a good job.it was the sake of time.every arab can understand this.

 2. “മുബാറക്ക് ഭരണമൊഴിഞ്ഞ് ഒരു മാസം കഴിഞ്ഞ്, വനിതാ ദിനത്തില്‍ വസന്തത്തിനായി സമരം ചെയ്ത “സ്ത്രീകള്‍, തലസ്ഥാന നഗരിയില്‍ പ്രകടനം നടത്തിയപ്പോള്‍ പുരുഷ കേസരികള്‍ അത് അലങ്കോലമാക്കി.അസഭ്യം പറഞ്ഞും കയ്യേറ്റം ചെയ്തും അവരത് തടഞ്ഞു. വിപ്ലവ സമയത്ത് കൂടെ നിന്നവരായിരുന്നു ആ പുരുഷ കേസരികള്‍ എന്നു കൂടി അറിയുക.”
  സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം സ്ത്രീകള്‍ നേരിടേണ്ടി വന്ന അവഗനനെയെ കുറിച്ച് ” അക്കാമ്മ ചെറിയാന്‍” ഇതുപോലെ തന്നെ പറഞ്ഞതായി വായിച്ചത് ഓര്‍ത്തു പോകുന്നു.

 3. ലേഖകന്‍ പങ്കു വയ്ക്കുന്നത് ചിന്തിക്കുന്ന ജനസമൂഹത്തിന്റെ ഇന്നത്തെ ആകുലതകളാണ്. അറബ് വസന്തത്തെ ഇതിനകം സ്വീകരിച്ചവരോ, പ്രതീക്ഷകളോടെ കാത്ത്റ്റിരിക്കുന്നവരോ ആയ ഒരു രാജ്യത്തും ഒരു മതേതര ജനാധിപത്യം പുലരുവാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നില്ല എന്നതാണ് ദു:ഖകരവും, ഭീതിതവുമായ യാഥാര്‍ത്ഥ്യം.

 4. Revolutions have never lightened the burden of tyranny: they have only shifted it to another shoulder”…the above said things justify this quote…

 5. ടുണീഷ്യയിലെയും ഈജിപ്തിലെയും പിന്നെ ലിബിയയിലെയും ഏകാധിപതികളെ അധികാര ഭ്രഷ്ടരാക്കാന്‍ അന്നാടുകളിലെ ജനത നടത്തിയ വിപ്ളവസമാനമായ മുന്നേറ്റത്തെ അവമതിക്കുകയാണ് ലേഖഖനിവിടെ. ഈ രാജ്യങ്ങളില്‍ സാമ്രാജ്യത്തശക്തികള്‍ക്ക് ചൂട്ടുപിടിക്കുന്ന ഭരണക്രമത്തെ വലിച്ചെറിഞ്ഞ് അവര്‍ തങ്ങളുടെ നാട്ടില്‍ ആഴത്തില്‍ അടിത്തറയുളള ഇസ്ളാമിക-മതേതര സംഘടനകളെ അധികാരമേല്‍പ്പിക്കുന്നുവെങ്കില്‍ ലേഖകന്‍ അതിനെ എന്തുകൊണ്ട് ഭയപ്പെടണം. ജന്മഭൂമിപോലും കണ്ടെത്താത്ത നിരീക്ഷണമാണ് നാലാമിടത്തിലൂടെ ലേഖകന്‍ നടത്തുന്നത്. ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ നാലാമിടം എഡിറ്റോറിയല്‍ ടീം ഇതൊന്നു പരിശോധിക്കേണ്ടതാണ്. ലേഖനത്തിലെ വാദങ്ങളെ കണ്ണടച്ച് എതിര്‍ക്കുകയല്ല. പക്ഷേ വസ്തുതകള്‍ക്കപ്പുറം തന്റെ നിലപാടുകളെ സ്ഥാപിക്കാനുളള ശ്രമമാണിവിടെ കാണുന്നത്. പാശ്ചാത്യശക്തികള്‍ക്ക് ചൂട്ടുപിടിച്ച് മനുഷ്യാവകാശലംഘനങ്ങള്‍ തുടരുകയും തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുകയും ചെയ്തുപോന്ന ഈ ഭരണകൂടങ്ങള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിപ്പോന്ന ഇത്തരം ഇസ്ളാമികസംഘടനകളെ അടിച്ചമര്‍ത്തുകയും നിരോധിക്കുകയും ചെയ്യുകയായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. അന്നഹ്ദയും മുസ്ളീം ബ്രദര്‍ഹുഡുമെല്ലാം അന്നാടുകളില്‍ ആഴത്തില്‍ വേരുകളുളള സംഘടനകളാണ്. ന്യൂനപക്ഷമായ കോപ്റ്റിക്ക് ക്രിസ്ത്യാനികളുടെ ഇടയില്‍ പോലും ഇവയ്ക്ക് സ്വീകാര്യതയുമുണ്ട്. പ്രക്ഷോഭകാലത്ത് ക്രിസ്ത്യന്‍ പള്ളി തകര്‍ന്നപ്പോള്‍ പുനര്‍നിര്‍മ്മാണം നടത്താന്‍ രംഗത്തിറങ്ങിയത് ഈ സംഘടനകളുടെ പ്രവര്‍ത്തകരായിരുന്നുവെന്നതും ദൃശ്യങ്ങളിലൂടെ ലോകം കണ്ടതാണ്.

  ഇസ്ളാമിസ്റ് പാര്‍ട്ടിയായ അന്നഹ്ദ 40 ശതമാനത്തിലധികം വോട്ടുകളും 90 സീറ്റുകളും നേടിയെടുത്തുകൊണ്ട് ഏറ്റവും വലിയ കക്ഷിയായി ഉയര്‍ന്നുവന്നിരിക്കുന്നു. 217 അംഗ പാര്‍ലമെന്റില്‍ മറ്റു പാര്‍ട്ടികളുടെ സഹകരണത്തോടെ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നാണ് അന്നഹ്ദ പ്രഖ്യാപിച്ചിരിക്കുന്നത്. ആനുപാതിക പ്രാതിനിധ്യ ക്രമം അംഗീകരിച്ച തുനീഷ്യയില്‍ രണ്ടാംസ്ഥാനത്തിനായി പോരാട്ടത്തിലേര്‍പ്പെട്ട ഇടതുപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ ദ റിപ്പബ്ളിക്കും (സി.പി.ആര്‍) അത്തകത്തുലും അന്നഹ്ദയുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കെ ഭരണ പ്രതിസന്ധിക്കുള്ള സാധ്യത നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നുമില്ല.
  മതേതര ഇസ്ളാമിക കാഴ്ചപ്പാടുപുലര്‍ത്തി മാതൃകാപരമായ ഭരണം നടത്തുന്ന എര്‍ദോഗാന്റെ തുര്‍ക്കി മോഡലാണ് അറബ് രാജ്യങ്ങള്‍ക്ക് വഴികാട്ടിയാവുന്നത്. അതൊന്നും ലേഖകനറിയില്ലേ. ലിബിയയില്‍ നിന്നും വ്യത്യസ്തമാണ് ഈജിപ്തിലെയും ടുണീഷ്യയിലെയും സ്ഥിതിഗതികളെന്ന ലേഖകന്‍ തന്നെ സമ്മതിക്കുന്നു. സംഘടിതരായ ദിശാബോധമുളള ഈ സംഘടനകളുടെ സാന്നിധ്യമാണ് നോറ്റോയേയും അധിനിവേശഭീതിയേയും ഇന്നാടുകളില്‍നിന്നും തള്ളിയകറ്റാന്‍ സാധ്യമാക്കിയത്. വിപ്ളവത്തിന്റെ വിജയം അനിശ്ചിതത്വത്തിലേക്കും അസ്ഥിരതയിലേക്കും രാജ്യത്തെ തള്ളിവീഴ്ത്താതിരുന്നത് മുഖ്യമായും അന്നഹ്ദയുടെ വിവേകപൂര്‍വമായ ഇടപെടല്‍കൊണ്ടാണ്. സംഘടിക്കാനോ പ്രവര്‍ത്തിക്കാനോ ഒരുവിധ സ്വാതന്ത്യ്രവും ഇല്ലാതിരുന്നിട്ടുകൂടി ജനമനസ്സുകളില്‍ പ്രസ്ഥാനത്തിന് കടന്നുചെല്ലാന്‍ കഴിഞ്ഞത് ആത്യന്തികതയിലേക്കും തീവ്രവാദപരമായ സമീപനങ്ങളിലേക്കും എടുത്തുചാടാതെ മിതത്വത്തിന്റെ പാതയില്‍ ഉല്‍കൃഷ്ടാശയങ്ങളെ സന്ദര്‍ഭോചിതമായി പ്രയോഗവത്കരിക്കാനും യുക്തിസഹമായ മുന്‍ഗണനാക്രമം സ്വീകരിക്കാനും സാധിച്ചതുകൊണ്ടാണ് ഈ വിജയവും കൈവന്നത്.

  പടിഞ്ഞാറന്‍ സയണിസ്റ് മാധ്യമങ്ങള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ അപ്പടി പകര്‍ത്തിവെക്കല്ല മാധ്യമപ്രവര്‍ത്തനം. ഇടതുപക്ഷാഭിമുഖ്യമുളള മാധ്യമങ്ങള്‍ക്കുപോലുമില്ലാത്ത ഈ നിരീക്ഷണം പങ്കുവെക്കുന്ന ലേഖകന്റെ രാഷ്ട്രീയമെന്തെന്നുപോലും പിടികിട്ടുന്നില്ല. സമ്മര്‍ദങ്ങളെ അതിജീവിച്ച്, സാമ്രാജ്യത്വമൊരുക്കുന്ന കെണികളെ തിരിച്ചറിഞ്ഞ്, രാജ്യനന്മക്കായി പ്രവര്‍ത്തിക്കാന്‍ ഇത്തരം സംഘടനകള്‍ക്കായാല്‍ അറബ് ലോകത്തുതന്നെ പുതിയ ഇതിഹാസം രചിക്കാന്‍ അവര്‍ക്കാവും. ചുവടുപിഴച്ചാലോ, മൊത്തം അറബ് വസന്തത്തിന്റെതന്നെ ഭാവിക്ക് അത് തിരിച്ചടിയാവുകയും ചെയ്യും. അറബ് വസന്തത്തെ തള്ളിപ്പറയുമ്പോള്‍ അമേരിക്കന്‍ തന്ത്രം തന്നെയാണ് വിജയിക്കുന്നത്. അതോര്‍ക്കുക.

Leave a Reply to dhwani Cancel reply

Your email address will not be published. Required fields are marked *