അടിമുടിയുലഞ്ഞൊരു പൂമരമായി..

ഒരു സമരമുഖത്തെന്ന പോലെ ചോര കിനിയുന്ന മുറിവുകളുമായി അവളുടെ ഉറച്ച കാലടികള്‍ നടന്നു കൊണ്ടേയിരിക്കുന്നു..എന്നിട്ടും അവള്‍ പദമൂന്നുന്നിടതെല്ലാം താമര വിടരുന്നത് ആരറിയുന്നു…അവളല്ലാതെ- തികച്ചും സാധാരണമായ ഒരു പെണ്‍ജീവിതം നടന്നുചെന്ന അസാധാരണ വഴികള്‍ പകര്‍ത്തുന്നു, സെറീന

അടുക്കളയില്‍ ആരാണിങ്ങനെ ഒഴുകുന്നത്‌, മീനക്ഷിയോ അവള്‍ അടയ്ക്കാന്‍ മറന്ന പൈപ്പ് വെള്ളമോ..
ചൂടാക്കാന്‍ വെച്ച ചായ തിളച്ചു വറ്റുന്നത് മറന്ന്, തുറന്ന പൈപ്പ് അടയ്ക്കാന്‍ മറന്ന് ഒരു തമിഴ് മഴ പെയ്യുകയാണ്..എനിക്കും നിന്‍റെ തമിഴ് പഠിക്കണം മീനാക്ഷി എന്ന് പറഞ്ഞപ്പോള്‍ , അക്കയോടിനി ഞാന്‍ മലയാളമേ പറയില്ല അപ്പോള്‍ഒരു മാസത്തിനുള്ളില്‍ അക്ക തമിഴ് പഠിക്കും എന്ന് ഉറപ്പു തന്നവളാണ്, പക്ഷെ അവള്‍ക്കെവിടെ എന്നോട് മിണ്ടാന്‍ നേരം..ഉള്ളി പൊളിയ്ക്കുന്നതിനിടയില്‍ പാത്രം കഴുകുന്നതിനിടയില്‍ എന്തിന് തേങ്ങ ചിരകുമ്പോള്‍ പോലുമുണ്ടാകും അവളുടെ ചെവിയ്ക്കും തോളിനുമിടയില്‍ മൊബൈല്‍ ഫോണ്‍.. തമിഴ് മൊഴിയുടെ താളം,, ഉണര്‍ന്നോ,..നന്നായുറങ്ങിയോ, ആഹാരം കഴിച്ചോ എന്നൊക്കെയുള്ള വെറും ചോദ്യങ്ങളില്‍ ഇത്രയും സംഗീതമുണ്ടോ? കവിത പോലെ കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന, വാക്കിനും അര്‍ത്ഥത്തിനും അപ്പുറമുള്ള ഒരു തുളുമ്പല്‍..

എന്‍റെ മിക്കവാറും പല ദിവസങ്ങളും തുടങ്ങുന്നത് മീനാക്ഷിയുടെ അലച്ചു കെട്ടിയുള്ള കരച്ചിലും നിര്‍ത്താത്ത വര്‍ത്തമാനവും കേട്ടുകൊണ്ടാണ്..പാതിരയ്ക്ക് കുടിച്ചു ലക്കില്ലാതെ വന്നു കെട്ട്യോന്‍ തല്ലിച്ചതച്ചതിന്റെ പാടുകള്‍, ഉറക്കം വീര്‍ത്ത കണ്ണുകളുമായി തലയ്ക്കു കൈകൊടുത്തിരുന്നു ഒരേ പ്രാക്ക്.ഈ ദുഷ്ട്ടന് മാത്രം ചാക്കാലയില്ലല്ലോ ഭാഗവതീന്നു നിലവിളിക്കും..ചായ കൊടുത്താല്‍ കുടിക്കില്ല..ഒന്നും കഴിക്കില്ല..

എനിക്കൊന്നും വേണ്ടക്കാ ചത്താ മതീന്ന് തൊണ്ടയിടറും..നിര്‍ബന്ധിക്കാതെ ഞാനത് അവിടെ വെച്ചു മൂടും..കഴിക്കാനുള്ളതും എടുത്തു വെയ്ക്കും..എനിക്കറിയാം..കണ്ണേ കലൈ മാനെ എന്ന ഒച്ചയില്‍ അവള്‍ടെ മൊബൈല്‍ മിണ്ടിതുടങ്ങിയാല്‍ അര നിമിഷം..കൊണ്ട് പിന്നെ കാലം മാറുകയായി..കരച്ചിലിന്‍റെ കറുപ്പില്‍ നിന്ന് ഒരു മഴവില്ല് പോലെ അവള്‍ തെളിയുന്ന ആ നിമിഷം എത്രയോ തവണ നോക്കി നിന്നിട്ടുണ്ട്..അങ്ങനെയൊരു നേരത്ത് ഹൊ! കറണ്ട് വന്നല്ലോന്നു ഒരിക്കല്‍ ഞാന്‍ കളിയാക്കി..അതെയക്കാ ഇതല്ലാതെ എന്ത് വെളിച്ചം എന്നവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നമ്പരന്നു..എന്തൊരു കവിതയാണിവളെന്ന് അകത്തൊരു ഉറവ മെല്ലെ..

ചില രാത്രികളില്‍ മീനാക്ഷിയും മകള്‍ കാവേരിയും എന്‍റെ വീട്ടിലേക്കു വരും..കെട്ട്യോന്റെ ഉപദ്രവം വല്ലാതെ കൂടുന്ന ചില ദിവസങ്ങളില്‍..രാത്രി വൈകി അവളുടെ ഫോണ്‍ വന്നാല്‍ ഉറപ്പിക്കാം ..അമ്മയും മോളും കരഞ്ഞു കൊണ്ട് വരുന്ന വഴിയാണ്.. അതു പോലുള്ള രാത്രികളിലാണ് കരച്ചിലിനിടയില്‍, മീനാക്ഷി നാടിനെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ പറയുന്നത്..മീനാക്ഷിയെ പ്രസവിച്ചു 29 ന്റന്നു പുഴയില്‍ തുണി കഴുകാന്‍ പോയപ്പോള്‍ ഒഴുക്ക് കൊണ്ട് പോയ അമ്മ..അച്ഛന് എന്നും കുടിച്ചു വന്നു എടുത്തു വലിച്ചെറിയുന്ന, ഏതോ ഒരു ജീവിയായിരുന്നു അവള്‍..ചെറിയപ്പന്റെ കൈകള്‍ അവളുടെ കുഞ്ഞു ശരീരത്തില്‍ പലപ്പോഴും അവള്‍ക്കറിയാത്ത എന്തോ തിരഞ്ഞു കൊണ്ടിരുന്നു..അറപ്പുള്ള എന്തോ ഒന്ന് എന്നല്ലാതെ ആരോട് എന്താണ് പറയേണ്ടതെന്ന് അവള്‍ക്കു അറിയുമായിരുന്നില്ല.. അയാള്‍ വീട്ടിലുള്ള ഒരു ദിവസം ചുരുട്ടി വെച്ച പനമ്പായ്ക്കുള്ളില്‍ ഒളിച്ചു കിടന്നു അറിയാതെ ഉറങ്ങിപ്പോയി..അന്ന് ചെറിയമ്മയുടെ കൈയില്‍ നിന്ന് പൊതിരെ തല്ലു കിട്ടി. ഒരുപാട് അംഗങ്ങളുള്ള വീട്ടില്‍ കുറേ അധികം പാത്രങ്ങളില്‍ വിളമ്പി ഒടുവില്‍ ചെറിയമ്മയോടൊപ്പം അവള്‍ക്കും കിട്ടുന്നത് ഇത്തിരി കഞ്ഞി വെള്ളവും അഞ്ചാറു വറ്റും മാത്രമാകും..വിശപ്പ്‌ സഹിക്ക വയ്യാതെ

പാതി വെന്ത ചോറ് അടുപ്പിലെ കലത്തില്‍ നിന്ന് ഊറ്റി പാവാടയില്‍ പൊതിഞ്ഞു പറമ്പില്‍ കൊണ്ട് പോയി ഒളിച്ചു തിന്നുമായിരുന്നു അവള്‍, ഇന്നെന്താ ചോറിത്ര കുറവെന്നു ചെറിയമ്മ പറയുമ്പോള്‍ എല്ലാ പാത്രത്തിലേക്കും എത്തിക്കാന്‍ അവര്‍ കഷ്ട്ടപ്പെടുന്നത് കാണുമ്പോള്‍ ഓരോ ദിവസവും അവള്‍ വിചാരിക്കും നാളെ ഇങ്ങനെ ചെയ്യരുതെന്ന്.. രാവിലെ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. വിശപ്പ്‌ സഹിക്കാതാവുമ്പോള്‍ വീണ്ടും അതു തന്നെ ചെയ്യും ..ഒടുവില്‍ മരത്തിനു മോളിലിരുന്നു ആരോ ആ കുറ്റ കൃത്യം കണ്ടു പിടിച്ചു. . അന്ന് എരിയുന്ന വിറകു കൊണ്ട് കൈ പൊള്ളിച്ചു ചെറിയമ്മ. വിശപ്പ്‌ കൊണ്ട് പുളിച്ച പിണ്ണാക്ക് പോലും വാരി തിന്നിട്ടുണ്ടെന്നു പറഞ്ഞു ഇപ്പോഴും കണ്ണു നിറയ്ക്കുന്ന അവളെ മനസ്സ് കൊണ്ട് ഒരായിരം വട്ടം കെട്ടിപ്പിടിച്ചിട്ടുണ്ട് ഞാന്‍. പതിമൂന്നാം വയസ്സില്‍ കല്യാണം.പതിനാറില്‍ അമ്മയായി.. ഒരു കൊച്ചു കുട്ടിയായി അവള്‍ക്കു പോലും അവളെ തോന്നിയിട്ടുണ്ടാവില്ല ജീവിതത്തില്‍ ഒരിക്കല്‍ പോലും..

ഒരു ദിവസം ഞാന്‍ ചോദിച്ചു നിന്‍റെ ഈ പ്രേമം അറിഞ്ഞിട്ടാണോ മീനാക്ഷി കെട്ട്യോനിങ്ങനെ നിന്നെ തല്ലുന്നതെന്ന്… ഏയ്‌,അതു കെട്ടിയ കാലം മുതലേ ഉള്ളതാ. കെട്ട്യോന്‍മാര്‍ക്ക് പെണ്ണുങ്ങളെ തല്ലാന്‍ എന്തെങ്കിലും കാരണം വേണോ അക്കാ അതവന്മാരുടെ ജോലിയാണെന്നല്ലെ വിചാരം..എന്ന് മറുപടി! (എന്‍റെ ഫെമിനിസ്റ്റെ!)

ഈ പ്രണയം അവള്‍ക്കു വീണു കിട്ടിയത് ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്..ഒരു ബസ്‌ യാത്രയ്ക്കിടയില്‍. എറണാകുളത്ത് നിന്ന് തമിഴ് നാട്ടിലേക്ക് പോകുന്ന ബസ്സിലേക്ക് മക്കളെയും കൊണ്ട് ഒരു രാത്രി മീനാക്ഷി ഓടിക്കയറിച്ചെന്നു, ആങ്ങളയുടെ മരണവാര്‍ത്ത അറിഞ്ഞുള്ള പോക്കാണ്. സീറ്റില്ല എന്ന് പറഞ്ഞു ഇറക്കി വിടാന്‍ നോക്കിയ ഡ്രൈവര്‍ ഒടുക്കം മീനാക്ഷിയുടെ കരച്ചിലിന് മുന്നില്‍ അലിഞ്ഞു..

മക്കളെ എവിടെയൊക്കെയോ കുത്തിത്തിരുകി കരഞ്ഞു കരഞ്ഞുള്ള നില്‍പ്പ്. ഡ്രൈവര്‍ ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ട്..കുറച്ചു കഴിഞ്ഞപ്പോള്‍ മുന്നില്‍ അയാള്‍ തന്നെ ആളുകളെ നീക്കിയിരുത്തി സീറ്റ് ഒപ്പിച്ചു കൊടുത്തു..വഴിയിലെവിടെയോ ചായ കുടിക്കാന്‍ എല്ലാവരും ഇറങ്ങി.. അവള്‍ക്കും മക്കള്‍ക്കും അയാള്‍ ചായ വാങ്ങി കൊടുത്തു.. അധികം വൈകാതെ അവളുടെ ചോര അയാളോട് പ്രണയം പ്രഖ്യാപിച്ചു കളഞ്ഞു! എന്താണെന്നോ കഥ, മരണ വാര്‍ത്ത കേട്ടു ഇറങ്ങിയോടുന്ന വെപ്രാളത്തില്‍ അവള്‍ ഓര്‍ത്തില്ല, ഇന്നവളുടെ ആര്‍ത്തവ ദിവസമാണെന്ന്..ഇനിയും മണിക്കൂറുകള്‍ കഴിയണം നാടെത്താന്‍..എന്ത് ചെയ്യും കയ്യില്‍ ഒരു തുണി കഷ്ണം പോലുമില്ല…അടുത്ത സ്ഥലത്ത് ആഹാരം കഴിക്കാന്‍ നിര്‍ത്തുമ്പോള്‍ വല്ല ടോയ് ലറ്റിലും കയറാം എന്ന് വിചാരിച്ചു രണ്ടും കല്‍പ്പിച്ചു അയാളോട് ചോദിച്ചു പഴയ തുണിയോ തോര്‍ത്തോ വല്ലതും ഉണ്ടോ എന്ന് ..എന്തിനാന്നു ചോദിച്ചപ്പോ ചിലപ്പോ ചര്‍ദ്ദിക്കും അതുകൊണ്ടാ എന്ന് പറഞ്ഞു ..അപ്പൊ അയാള്‍ എടുത്തു കൊടുത്തു ഒരു പ്ലാസ്ടിക് കവര്‍! കുറച്ചു കഴിഞ്ഞു അതേ ആവശ്യം അവള്‍ വീണ്ടും പറഞ്ഞു..അയാള്‍ വീണ്ടും അതേ ചോദ്യം ..അതൊരു കാര്യമുണ്ട് പറയാന്‍ പറ്റില്ല എന്നവള്‍..നോക്കട്ടെ എന്ന് പറഞ്ഞതല്ലാതെ അയാള്‍ തുണിയൊന്നും കൊടുത്തില്ല.. ആളുകളൊക്കെ ഉറക്കമായി തുടങ്ങി..അയാളോട് കാര്യം പറഞ്ഞാലോ എന്ന് വരെ ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരിടത്ത് അയാള്‍ വണ്ടി നിര്‍ത്തി ഇറങ്ങി അഞ്ചു നിമിഷങ്ങള്‍ക്കകം മടങ്ങി വന്നു..

കുറെക്കഴിഞ്ഞു അവള്‍ടെ മടിയിലെക്കൊരു പൊതി വന്നു വീണു.. ഒരു പായ്ക്കറ്റ് നാപ്കിന്‍. കുറച്ചു കഴിഞ്ഞു ഹോട്ടലി നിര്‍ത്തും എന്നൊരു പറച്ചിലും..ഒന്നുമറിയാത്ത ഭാവവും..പിന്നെയും പല തവണ അവള്‍ ആ ബസ്സില്‍ യാത്ര ചെയ്തു..നാട്ടിലേക്കുള്ള പോക്കിന്റെ എണ്ണം കൂടി..
ആറോ ഏഴോ വീടുകളില്‍ പണിയെടുക്കുന്നുണ്ട് മീനാക്ഷി, തെറ്റില്ലാത്തൊരു തുക എല്ലാ മാസവും സമ്പാദിക്കുന്നുമുണ്ട്..കള്ളുകുടിക്കാന്‍ കാശില്ലാതാകുമ്പോള്‍ കെട്ട്യോന്‍ തല്ലിയുടയ്ക്കുന്ന കലങ്ങളും കത്തിക്കുന്ന വസ്ത്രങ്ങളും അവള്‍ വീണ്ടും വീണ്ടും വാങ്ങിക്കൊണ്ടെയിരിക്കുന്നു.. ആരുടെയെങ്കിലും കൈയില്‍ നിന്ന് തല്ലു കൊണ്ട് വഴിയില്‍ കിടക്കുന്ന അയാളെ ആശുപത്രിയില്‍ കൊണ്ട് പോകുന്നു, മരുന്നും ആഹാരവും കൊടുക്കുന്നു..അയാള്‍ തല്ലി നീര് വരുത്തിയ അവളുടെ കാലുകളും വയറും ചൂടുവെള്ളമൊഴിച്ച് സുഖപ്പെടുത്തുന്നു..അയാള്‍ മുറിച്ചു കളഞ്ഞ മുടിയുടെ അല്‍പ്പ ബാക്കിയില്‍ വാര്‍മുടി കെട്ടി പൂ ചൂടുന്നു.

ഒരു സമരമുഖത്തെന്ന പോലെ ചോര കിനിയുന്ന മുറിവുകളുമായി അവളുടെ ഉറച്ച കാലടികള്‍ നടന്നു കൊണ്ടേയിരിക്കുന്നു..എന്നിട്ടും അവള്‍ പദമൂന്നുന്നിടതെല്ലാം താമര വിടരുന്നത് ആരറിയുന്നു…അവളല്ലാതെ!

11 thoughts on “അടിമുടിയുലഞ്ഞൊരു പൂമരമായി..

 1. എന്നിട്ടും അവള്‍ പദമൂന്നുന്നിടതെല്ലാം താമര വിടരുന്നത് ആരറിയുന്നു…അവളല്ലാതെ!

 2. പദമൂന്നിടത്തെല്ലാം താമര വിരിയുന്നത് സെറീന എത്ര മനോഹരമായി വരച്ചു കാണിച്ചിരിക്കുന്നു, മീനാക്ഷിയുടെ പ്രണയം പൊയ്പ്പ്പോകാതിരിക്കാന്‍ ഏതു ദേവിയ്ക്കാണു ഞാനൊരു താമരമാല ചാര്‍ത്തേണ്ടത്?

 3. എന്നിട്ടും അവള്‍ പദമൂന്നുന്നിടതെല്ലാം താമര വിടരുന്നത് ആരറിയുന്നു…അവളല്ലാതെ!

 4. വായിക്കാന്‍ നല്ല രസമുണ്ട് സറീന.മീനാക്ഷി, അവളുടെ പ്രണയം, ജീവിതം…ആകെ സങ്കടം വരുന്നു.

 5. Well done Serena..!!
  ഇങ്ങനെ എത്ര സെരീനമാര്‍….!
  വേദനയിലും കവിത വിരിയിക്കുന്നവര്‍..
  ഈ വാക്കുകളിലും കവിതയുണ്ട്..

 6. സെറീന
  പതിവുപോലെ മുറിവുകളിൽ വിരലോടിയ്ക്കുന്നു, ഭേദമാക്കാൻ തുന്നിക്കുത്തുന്നു, സൂചിയോടും വേദനയിൽ അടിമുടി ചുളുങ്ങുമ്പോൾ ഇറ്റുന്ന ചോരയിലും നീ താമര കാട്ടിത്തരുന്നു..
  പ്രിയപ്പെട്ട ഇന്ദ്രജാലക്കാരി..

Leave a Reply to sarath Cancel reply

Your email address will not be published. Required fields are marked *