പൂമ്പാറ്റകള്‍ക്കൊപ്പം ഒരു ക്യാമറ

എട്ടുവര്‍ഷം മുമ്പ് മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി പുറത്തിറക്കിയ ‘കേരളത്തിലെ ചിത്ര ശലഭങ്ങള്‍’ ചിത്രശലഭങ്ങളെ കുറിച്ച് മലയാളത്തിലിറങ്ങിയ ഏറ്റവും ആധികാരിക പുസ്തകങ്ങളിലാന്നാണ്. പിന്നീട്, മികച്ച പരിസ്ഥിതി ഡോക്യുമെന്ററികള്‍ക്കുള്ള നിരവധി ദേശീയ ബഹുമതികള്‍ നേടിയ ബാബു കാമ്പ്രത്താണ് ഗവേഷകരായ ജാഫര്‍ പാലോട്ട്, വി.സി ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ആ പുസ്തകം ഒരുക്കിയത്. പൂമ്പാറ്റകള്‍ക്കു പിന്നാലെ അനേക നാളുകള്‍ ക്യാമറയുമായി ബാബു നടത്തിയ സഞ്ചാരങ്ങളാണ് ആ പുസ്തകത്തിലെ അപൂര്‍വ ഫോട്ടോകള്‍ സാധ്യമാക്കിയത്. പയ്യന്നൂര്‍ സ്വദേശിയായ ബാബു പരിസ്ഥിതി പ്രവര്‍ത്തന വഴികളില്‍നിന്നാണ് ഫോട്ടോഗ്രാഫര്‍, ചലച്ചിത്ര സംവിധായകന്‍ എന്നീ വഴികളിലേക്ക് നടന്നത്. ഇപ്പോള്‍ അടിമാലിയില്‍ എല്‍.ഐ.സി ഉദ്യോഗസ്ഥനാണ്. പൂമ്പാറ്റകള്‍ക്കൊപ്പം നടന്ന ആ ദിവസങ്ങള്‍ ബാബു കാമ്പ്രത്ത് എഴുതുന്നു

ബാബു കാമ്പ്രത്ത്

ഓര്‍മ്മകളില്‍ ബാക്കിയാവുന്ന
ചിത്രങ്ങള്‍

പൂമ്പാറ്റകളുടെ പിറകെ ബാല്യത്തിലെ കിനാവുകളിലൂടെന്ന പോലെ പാറി നടന്ന കാലം. ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സുപോകുന്നത് തീര്‍ച്ചയായും കാഴ്ച്ചകള്‍ക്കപ്പുറത്തേക്കു തന്നെയാണ്. പലരും ചോദിക്കുന്ന ഒരു സാധാരണ ചോദ്യമുണ്ട്. ഏതാണ് നിങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രമെന്ന്. അപ്പോള്‍ പറയാനുള്ള ഉത്തരം, എടുത്ത ചിത്രങ്ങളേക്കാള്‍ എടുക്കാന്‍ ബാക്കിയായ ചിത്രങ്ങളാണ് എനിക്കിഷ്ടമാണെന്നാണ്. ഈ ബാക്കിയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. സത്യം പറഞ്ഞാല്‍ ഈ ബാക്കിയില്‍ തന്നെയാണ് നാം ജീവിക്കുന്നതും.
ആദ്യം കയ്യില്‍ വന്ന ക്യാമറ ഒരു Zenith ക്യാമറയായിരുന്നു. കൂടെ ഒരു 100 എം.എം. ലെന്‍സും. പയങ്ങാടിക്കാരനായ അബ്ദുള്‍ ഖാദര്‍ മാഷിന്റെ കയ്യില്‍ നിന്നും കടം കൊണ്ടതായിരുന്നു അത്. അതില്‍ പകര്‍ത്തിയ നാട്ടുവേലിയിലെ ചെമ്പരത്തിപ്പൂക്കളായിരുന്നു ഞാനെടുത്ത ആദ്യത്തെ സൂക്ഷ്മ ചിത്രങ്ങള്‍.
പിന്നീട്, സീക്കിന്റെ പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ സി. ഉണ്ണിയേട്ടന്റെ കൂടെക്കൂടിയായിരുന്നു ചിത്രമെടുപ്പിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ക്യാമറകളെക്കുറിച്ചും ലെന്‍സിനെക്കുറിച്ചുമൊക്കെ നല്ല ധാരണയുള്ള മനുഷ്യന്‍. ഉണ്ണിയേട്ടന്റെ നിക്കോണ്‍ എ3 ക്യാമറകളും ലെന്‍സുകളുമൊക്കെ പലപ്പോഴും എന്റെ കയ്യില്‍തന്നെയായിരുന്നു. അദ്ദേഹം ട്രാന്‍സ്പരന്‍സ് ഫിലിമുകളായിരുന്നു ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ കൂടെ മാടായിപ്പാറയിലൂടെ സഞ്ചരിച്ച് കൊച്ചുപൂക്കളുടെ വിശാലലോകം ക്യാമറയില്‍ പകര്‍ത്തിയത് നല്ല ഓര്‍മ്മകളാണ്.

മഞ്ഞുകാലത്തെ കുളിരണിഞ്ഞ ഒരു പ്രഭാതം. തുഷാരബിന്ദുക്കള്‍ ചൂടിനില്‍ക്കുന്ന പുല്ലുകള്‍ നിറഞ്ഞ പറമ്പിലൂടെ നടക്കുമ്പോഴാണ് തൊടിയിലെ കൊച്ചുപുളിമരത്തില്‍ പ്യൂപ്പക്കൂടുതുറന്ന് വിരിഞ്ഞ് നില്‍ക്കുന്ന “ബ്ലാക്ക് രാജ’യെന്ന പൂമ്പാറ്റ കണ്ണില്‍പെ ടുന്നത്. ക്യാമറയെടുത്ത് പുറത്തുവന്നപ്പോഴേക്കും അത് പുളിമരത്തില്‍ നിന്നും താഴെയുള്ള തോട്ടവാഴച്ചെടിയില്‍ വെയില്‍കാഞ്ഞുനില്‍ക്കുകയായിരുന്നു. ആ സമയത്ത് മാക്രോലെന്‍സ് അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. ക്യാമറയില്‍ നിന്ന് നോര്‍മല്‍ ലെന്‍സ് അഴിച്ച് തിരിച്ചുപിടിച്ച് മാക്രോ ആക്കിയായിരുന്നു പടമെടുത്തത്. തോട്ടവാഴച്ചെടിയുടെ ഇലത്തുമ്പത്ത് ചിറക് പൂട്ടി നില്‍ക്കുന്ന ബ്ലാക്ക് രാജയുടെ മനോഹരചിത്രം എനിക്ക് പകര്‍ത്താന്‍ കഴിഞ്ഞെങ്കിലും, പുളിയിലയില്‍ പ്യൂപ്പത്തോടിന് ചേര്‍ന്ന് നില്‍ ക്കുന്ന ബ്ലാക്ക് രാജയാണ് മനസ്സില്‍ ബാക്കിയായ ആദ്യത്തെ പൂമ്പാറ്റ ചിത്രം.

പിന്നീട് പൂമ്പാറ്റകള്‍ക്ക് പിറകെയുള്ള യാത്രകളില്‍ ഓര്‍മ്മകളില്‍ ഒരുപാട് ചിത്രങ്ങള്‍ ബാക്കിയായിട്ടുണ്ട്. വീട്ടുപറമ്പിലെ ഉറിതൂക്കിയില്‍ (ഈശ്വരമുല്ല) തൂങ്ങിയാടുന്ന ഗരുഢ ശലഭത്തിന്റെ പ്യൂപ്പയ്ക്ക് മുന്നില്‍ എല്ലാ ദിവസവും വിരിയാറായോ എന്ന് ഉറ്റുനോക്കിയ ഒരു കാലമുണ്ടായിരുന്നു. ഗരുഢ ശലഭത്തിന്റെ പ്യൂപ്പ വിരിയാന്‍ ഒരു മാസത്തോളമെടുക്കും. ദിവസവും കൈവളരുന്നോ കാലുവളരുന്നോ എന്നപോലെ ഒരകാംക്ഷ. ഒരു ദിവസം വൈകുന്നേരം നോക്കിയപ്പോള്‍ പ്യൂപ്പക്കൂട് ട്രാന്‍സ്പരന്റായി അകത്ത് ഗര്‍ഭാശയത്തില്‍ കുട്ടിയെന്ന പോലെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ശലഭം ചുരുണ്ട് കിടക്കുന്നു. നാളെ രാവിലെ പ്യൂപ്പക്കൂട് തുറന്ന് ചിത്രശലഭം പുറത്തുവരുമെന്ന് ഉറപ്പ്.

ബ്ലാക്ക് രാജ

വിരിഞ്ഞു വരുന്ന പൂമ്പാറ്റയെ സ്വപ്നം കണ്ട് ഒരു രാത്രി. രാവിലെ അഞ്ച് മണിക്കുതന്നെ എഴുന്നേറ്റ് ക്യാമറയുമായി പ്യൂപ്പക്കൂടിന് മുന്നില്‍ ഇരിപ്പുറപ്പിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞു, വിരിയാന്‍ യൊതൊരു ഭാവവുമില്ലാതെ ശലഭം പ്യൂപ്പക്കൂടിനകത്തുതന്നെ . നേരം പത്തുമണിയായി. പൂമ്പാറ്റ വിരിഞ്ഞില്ല. ഓഫീസില്‍ വിളിച്ച് ലീവ് പറഞ്ഞു. രാവിലെത്തെ ചായയും ഉച്ചയൂണും എല്ലാം പ്യൂപ്പക്കൂടിന് മുന്നില്‍വച്ചു തന്നെ തീര്‍ത്തു. ഒടുവില്‍ വൈകുന്നേരമായി. അപ്പോഴാണ് പ്രിയ സുഹൃത്ത് വി.സി. ബാലകൃഷ്ണന്‍ വീട്ടിലെത്തുന്നത്. രണ്ട് പൂമ്പാറ്റ ചിത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു വരവ്. വീടിനകത്തു കയറി പൂമ്പാറ്റയുടെ ചിത്രവും കൊടുത്തു തിരിച്ചുവന്നപ്പോഴേക്കും ഗരുഡശലഭം പ്യൂപ്പക്കൂട് പിളര്‍ന്ന് പുറത്തുവന്നു കഴിഞ്ഞിരുന്നു.
ഒരുപക്ഷെ, അവന്‍ എന്നെ നോക്കി പ്യൂപ്പക്കൂടിനകത്ത് ഇരുന്നതായിരിക്കാം. ഇയാള്‍ എത്രനേരം ഇങ്ങനെ നില്‍ക്കും എന്നറിയാന്‍. എന്റെ കണ്ണൊന്ന് തെറ്റുന്നതറിയാന്‍. ഒടുവില്‍ പറ്റിച്ചേ എന്ന് പറഞ്ഞ് കൂടുതുറന്ന് പുറത്തുവന്ന അവന്റെ കുസൃതിയാണ്, ചിത്രത്തിനു പകരം പ്രകൃതി എനിക്ക് സമ്മാനിച്ചത്.
ഇത്തരം ധാരാളം കുസൃതികള്‍ നിറഞ്ഞതാണ് ഭൂമിയിലെ ജൈവലോകം. അത് ചിലപ്പോള്‍ നമ്മുടെ ക്ഷമയെ നല്ലപോലെ പരീക്ഷിക്കും. കുട്ടിക്കാലത്തെ “ഒളിച്ചുകളി’ പോലെ. എല്ലാ കളികളിലും ജയം ഒരാള്‍ക്കുമാത്രമാവില്ലല്ലൊ.

കോമണ്‍നവാഭ്

കാത്തിരുന്ന് കിട്ടാതെ പോയ ചിത്രങ്ങള്‍ നിരവധിയാണ്. അപ്പോള്‍ മനസ്സില്‍ വിഷമം തോന്നാറുമുണ്ട്. മറ്റൊരവസരത്തില്‍ അവയുടെ തന്നെ മികച്ച ചിത്രങ്ങള്‍ പലപ്പോഴും കിട്ടാറുമുണ്ട്. അത്തരമൊരനുഭവം ഉണ്ടായത് ആറളം വന്യജീവിസങ്കേതത്തില്‍ വച്ചായിരുന്നു. പൂമ്പാറ്റകളുടെ ദേശാടനപഠനവുമായി ബന്ധപ്പെട്ട് കാട്ടിലേക്കിറങ്ങിയതായിരുന്നു. “കോമണ്‍നവാഭ്’ എന്ന സുന്ദരന്‍ പൂമ്പാറ്റ മുന്നിലൂടെ പാറിക്കളിക്കുന്നു. അന്ന് എനിക്ക് നവാഭിന്റെ ചിത്രം കിട്ടിയിട്ടുണ്ടായിരുന്നില്ല. ചിത്രമെടുക്കാന്‍ നോക്കിയപ്പോള്‍ നവാഭ് നേരെ വന്നിരുന്നത് എന്റെ മൂക്കിന്‍ തുമ്പത്ത്. പിന്നെ, ചുറ്റിപ്പറന്ന് എന്റെ തലയില്‍. കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ എന്റെതലയിലും മൂക്കിലുമൊക്കെയിരുന്ന നവാഭിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. പക്ഷെ, എനിക്ക് ഫോട്ടോ തരാതെ പെട്ടെന്ന് കാട്ടിനുള്ളിലേക്ക് അവന്‍ പറന്ന് മറഞ്ഞു. സത്യമായും ഞാന്‍ വല്ലാതെ നിരാശപ്പെട്ട ഒരു ദിവസമായിരുന്നു അത്.

പിന്നീട് ആറേഴു മാസങ്ങള്‍ക്കുശേഷം അതേ കാട്ടില്‍ പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ഡോര്‍മിറ്ററിയുടെ വാതില്‍ തുറന്ന്, കാടിന്റെ കുളിരിലേക്കിറങ്ങിയപ്പോള്‍, വഴിവക്കില്‍ ചെടിയില്‍ വിരിയാറായ നവാഭ് ശലഭത്തിന്റെ പ്യൂപ്പ. നേരെ മുറിയില്‍ പോയി ക്യാമറയുമെടുത്തെത്തിയപ്പോഴേക്കും ശലഭം വിരിയാന്‍ എന്നെയും കാത്ത് നില്‍ക്കും പോലെ. രണ്ടുമൂന്ന് മിനിറ്റുകള്‍ക്കകം പ്യൂപ്പക്കൂട് ലോലമായ കാലുകള്‍ കൊണ്ട് തള്ളിത്തുറന്ന് അവന്‍ പുറത്തുവന്നു. ക്യാമറയുടെ ഷട്ടര്‍ തുറന്നടഞ്ഞു കൊണ്ടേയിരുന്നു. അകത്തെ സെല്ലുലോയഡില്‍ നവാഭ് വിരിയുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍. മുമ്പ് എനിക്ക് പിടിതരാതിരുന്ന നവാഭ് അന്ന് പറഞ്ഞിരിക്കാം നിനക്കായ് പ്രകൃതി കാത്തുവെച്ചിരിക്കുന്നത് അതിലും സുന്ദരദൃശ്യമാണെന്ന്ള്‍ എന്റെ പിറവിയുടെതന്നെ ദൃശ്യം.
പ്രകൃതി അങ്ങനെയാണ്, ചിലപ്പോള്‍ എത്രകാത്തിരുന്നാലും പിടിതരില്ല. മറ്റുചിലപ്പോള്‍ കാത്തിരിക്കാതെ തന്നെ ദൃശ്യവിസ്മയമൊരുക്കി മുന്നില്‍ വന്നുനില്‍ക്കും. ചെമ്പഴകന്റെ ചിത്രം അങ്ങനെ കിട്ടിയതാണ്.

കക്കയം കാട്ടിലൂടെയുള്ള പൂമ്പാറ്റ സവാരി. രാവിലെ തുടങ്ങിയതാണ് യാത്ര. ഉച്ചയായപ്പോഴേക്കും കാട്ടിലെ കൊച്ചു നിര്‍ച്ചാലിന് സമീപമെത്തി നോക്കിയപ്പോള്‍ ഓരത്തെ പാറപ്പരപ്പില്‍ നിറയെ ശലഭങ്ങള്‍. അടുത്തെത്തിയപ്പോഴേക്കും അവ പുള്ളിവാലന്‍ ശലഭങ്ങളാണെന്ന് മനസ്സിലായി. ക്യാമറയുമായി പാറയില്‍ കമിഴ്ന്ന് കിടന്ന്, നിരങ്ങി നീങ്ങി ശലഭങ്ങള്‍ക്ക് മുന്നിലെത്തി. തുമ്പിക്കൈ നീട്ടി ശലഭങ്ങള്‍ വെള്ളം കുടിക്കുന്നതിന്റെ ടൈറ്റ് ആംഗിള്‍ പടമെടുപ്പ് തുടങ്ങി. പുള്ളിവാലന്റെ ചിത്രങ്ങള്‍ ഇതിനു മുമ്പും കിട്ടിയിരുന്നെങ്കിലും ഇത്രയും അടുത്ത ദൃശ്യമായിരുന്നില്ല അവയൊന്നും. പെട്ടെന്ന് മറ്റൊരു ശലഭം മുന്നില്‍ വന്നിരുന്നു. ക്യാമറയുടെ കൃത്യം ഫോക്കസില്‍. ഞാന്‍ വല്ലാതെ അദ്ഭുതപ്പെട്ടു. തീരെ പ്രതീക്ഷിക്കാതെ ഒരപൂര്‍വ്വശലഭം അതും ക്യാമറയുടെ കൃത്യം ഫോക്കസില്‍ വന്നിരുന്ന് എന്റെ ചിത്രം കൂടി പകര്‍ത്തൂ എന്ന് പറയും പോലെ ഒരു അപൂര്‍വ്വാനുഭവം. ഒന്നുരണ്ട് ചിത്രമെടുത്തപ്പോഴേക്കും നോക്കെ ത്താദൂരത്തേക്ക് അവന്‍ പറന്നു പോയിരുന്നു. ഞാനാദ്യമായും അവസാനമായും ചെമ്പഴകനെ കാണുന്നത് അങ്ങനെയായിരുന്നു. ക്യാമറയുടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഒരു സ്വപ്നം പോലെ അവന്‍ പറന്നുപോയി. ചെങ്കല്‍ കുന്നിന്റെ പൊള്ളുന്ന വെയിലില്‍ രാവിലെ മുതല്‍ ഉച്ചവരെ പിറകെ കളിപ്പിച്ച് ഒടുവില്‍ തളര്‍ന്ന് മുന്നില്‍ വന്നിരുന്ന് എങ്ങനെ വേണമെങ്കിലും പടമെടുത്തോളൂ എന്ന് പറഞ്ഞ ബ്ലൂപാന്‍സി ശലഭം, മാടായിപ്പാറയിലെ സായാഹ്ന സവാരിയില്‍ പോക്കുവെയിലിന്റെ സുവര്‍ണ്ണശോഭയില്‍ തിളങ്ങിനില്‍ക്കുന്ന സുവര്‍ണ്ണ ആര, ചിന്നാര്‍യാത്രയില്‍ പിടിതരാതെ പോയ വൈറ്റ് ഓറഞ്ച് ടിപ്… ഓര്‍മ്മകളുടെ വാതില്‍ തള്ളിത്തുറക്കുന്നു ഇങ്ങനെ ശലഭവര്‍ണ്ണങ്ങള്‍.

വനദേവത

ഇഷ്ടപ്പെട്ട ശലഭമേതാണെന്ന ചോദ്യത്തിന് ഉത്തരമായി പലപ്പോഴും ഓര്‍ത്തെടുക്കാറ് വനദേവതയെന്ന ശലഭത്തെയാണ്. ലോലമായ ചിറകുകള്‍ സാവാധാനം ചലിപ്പിച്ച് കാടിന്റെ കനോപ്പികളിലൂടെ പ്രണയപൂര്‍വ്വം പാറി നടക്കുന്ന വനദേവതകളുടെ കാഴ്ചയ്ക്കുമുന്നില്‍ ക്യാമറ പൂട്ടി തൊഴുതുനിന്നിട്ടുണ്ട് പലപ്പോഴും. വനദേവതമാരുടെ വിവിധ ആംഗിളുകളിലുള്ള ധാരാളം ചിത്രങ്ങള്‍ ഞാന്‍ എടുത്തിട്ടുണ്ട്. പക്ഷേ, അവയുടെ ഈ പറന്ന് നടപ്പ്, അതാണ് ഓര്‍മ്മയില്‍ ബാക്കിവെച്ച എന്നത്തേയും മികച്ച എന്റെ പൂമ്പാറ്റ ചിത്രം.
പൂമ്പാറ്റകള്‍ പ്രകൃതിയിലേക്ക് തുറക്കുന്ന ജാലകങ്ങളാണ് ശലഭ ലാര്‍വ വളരുന്ന ചെടികളും തേന്‍ കുടിക്കുന്ന പൂക്കളും പൂമ്പാറ്റയെ ആഹരിക്കുന്ന തൊഴുകയ്യന്‍ പ്രാണികളും അവയെ പിടിക്കുന്ന വാവലുകളും വാവലുകള്‍ വിത്തുവിതരണം ചെയ്യുന്ന ചെടികളും അങ്ങനെയങ്ങനെ പ്രകൃതിയുടെ വിശാലലോകത്തേക്ക് തുറക്കുന്ന ജാലകം. പൂമ്പാറ്റകള്‍ക്കു പിറകെയുള്ള നടത്തം നമ്മെയെത്തിക്കുക ഈ ജീവലോകത്തേക്കു തന്നെയാണ്. അതുകൊണ്ടാണ് നമ്മള്‍ പറയുന്നത് പൂമ്പാറ്റകളെ വെറുതെ പേരുചൊല്ലി വിളിച്ചതുകൊണ്ടുമാത്രം കാര്യമില്ല എന്ന്. ശലഭവഴികളിലൂടെ നടക്കുമ്പോള്‍ നാം അറിയാന്‍ ശ്രമിക്കേണ്ടതും ഈ ജീവലോകത്തിലെ പാരസ്പര്യത്തെക്കുറിച്ചു തന്നെയാണ്.

എന്തുകൊണ്ട് ചിത്രശലഭങ്ങള്‍ എന്ന ചോദ്യത്തിന് ആദ്യത്തെ ഉത്തരം അവ സുന്ദരമാണ് എന്നുതന്നെയാണ്. ശലഭച്ചിറകിന്റെ വര്‍ണ്ണഭംഗിയില്‍ ആകൃഷ്ടരാകാത്തവരുണ്ടാവില്ല. അതുകൊണ്ടുതന്നെ ശലഭസഞ്ചാരത്തിലൂടെയുള്ള പ്രകൃതിസഞ്ചാരമാണ് കുട്ടികള്‍ക്ക് പ്രകൃതി കാണിച്ചുകൊടുക്കുവാനുള്ള ഉത്തമ വഴികളിലൊന്ന്. ശലഭകാഴ്ചകളില്‍ തുടങ്ങി പ്രകൃതിയുടെ ജൈവലോകത്തേക്ക് കൈപിടിച്ചുകയറുവാനും എളുപ്പമാണ്.

ചിത്രശലഭങ്ങള്‍ പ്രകൃതിയുടെ ജൈവവൈവിധ്യത്തിന്റെ സൂചകങ്ങള്‍ കൂടിയാണ്. ഒരു നാട്ടില്‍ കൂടുതല്‍ പൂമ്പാറ്റകളുണ്ടെന്നു പറഞ്ഞാല്‍ അവിടം സസ്യസമൃദ്ധമാണ് എന്നുതന്നെയാണ് അര്‍ത്ഥം. കാരണം, ഓരോ പൂമ്പാറ്റയും മുട്ടയിടുന്നതും ശലഭപുഴു വളരുന്നതും വിഭിന്നയിനം സസ്യങ്ങളിലാണ്. ഇവയില്‍ മിക്കവയും ഔഷധസസ്യങ്ങളുമാണ്. ഇത് പഴയകാലത്തെ നമ്മുടെ നാട്ടുവൈദ്യന്മാര്‍ക്ക് അറിവുള്ള കാര്യമാണ്. നാട്ടുമരുന്ന് പറിക്കാന്‍ പോകുന്നവര്‍ക്ക് പലപ്പോഴും വഴികാട്ടികളാവുക ചിത്രശലഭങ്ങളായിരുന്നു. ഗരുഡശലഭമുണ്ടെങ്കിലും ഉറിതൂക്കി അഥവാ ഈശ്വരമുല്ലയുണ്ടെന്നും തന്നെയാണ് അര്‍ത്ഥം.
കൂടാതെ പൂമ്പാറ്റകള്‍ പാരിസ്ഥിതികാരോഗ്യത്തിന്റെ അടയാളങ്ങള്‍ കൂടിയാണ്. തെളിച്ചു പറഞ്ഞാല്‍ വിഷമുക്തഭൂമിയുടെ സൂചകങ്ങള്‍. കീടനാശിനികള്‍ ആദ്യം കൊല്ലുന്നത് ശലഭപ്പുഴുക്കളെയാണല്ലൊ. ഒരു നാട്ടില്‍ കൂടുതല്‍ ചിത്രശലഭങ്ങളുണ്ടെന്നു പറഞ്ഞാല്‍ ആ നാട് ജീവിക്കാന്‍ കൊള്ളാവുന്ന സ്ഥലമാണ് എന്നാണ് അര്‍ത്ഥം. ഇത്തരം സൂചകങ്ങളെ നാം അവഗണിക്കുമ്പോഴാണ്, തിരിച്ചു പിടിക്കാന്‍ പറ്റാത്തവിധം ഭൂമി മരിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ കാലത്ത് ഇത്തരം ആലോചനകള്‍ കൂടുതല്‍ കൂടുതല്‍ പ്രാധാന്യമേറി വരികയാണ്. ചുറ്റുപാടുകളില്‍ നിന്ന് ജൈവവൈവിധ്യം അപ്രത്യക്ഷമാകുമ്പോള്‍ ഒരു ശാസ്ത്രത്തിനും നമ്മെ രക്ഷിക്കാന്‍ പറ്റാത്തത്ര ദുരിതക്കയത്തിലേക്കാണ് നാം കൂപ്പുകുത്തുക. നമ്മുടെ നാടിനെ രക്ഷിക്കാന്‍നമുക്ക് മാത്രമെ കഴിയുകയുള്ളൂ. അതിന് ആദ്യം അറിയേണ്ടത് പ്രകൃതിയുടെ പരസ്പരാശ്രിതത്ത്വമാണ്. എല്ലാ യാത്രകളും ഒടുവില്‍ എത്തിച്ചേരുക ഈ ലോകതത്ത്വങ്ങളിലേക്കു തന്നെയാണ്. അതുകൊണ്ടായിരിക്കണം ഒരുപക്ഷേ, ശ്രീബുദ്ധന്‍ പറഞ്ഞത്: വിശ്വസാഹിത്യത്തില്‍ നിന്ന് ഉള്‍ക്കൊണ്ടതിനേക്കാളേറെ ഞാന്‍ പൂമ്പാറ്റയില്‍ നിന്ന് പഠിച്ചിട്ടുണ്ട് എന്ന്.

6 thoughts on “പൂമ്പാറ്റകള്‍ക്കൊപ്പം ഒരു ക്യാമറ

  1. ജീവിക്കാന്‍ കൊള്ളാതാവുന്ന നാടിനെ തിരിച്ചു പിടിക്കാന്‍ നമുക്ക് പൂമ്പാറ്റകളെ കൂടുതല്‍ അറിയേണ്ടതുണ്ട്.
    നന്ദി, ഈ അറിവിലേക്ക് എത്തിച്ചതിന്

Leave a Reply to suresh kumar pn Cancel reply

Your email address will not be published. Required fields are marked *