ബീനയുടെ ചോര നമ്മോട് നിലവിളിക്കുന്നത്…

ബോണ്ട് തുകയായ 50, 000 രൂപ ഉണ്ടെങ്കില്‍ മുംബൈ ഏഷ്യന്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴില്‍ പീഡനവും തൊഴില്‍ കരാര്‍ ലംഘനവും മറന്ന് രക്ഷപ്പെടാമായിരുന്നു, കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മലയാളി നഴ്സ് ബീനക്ക്. ആ തുക ഇല്ലാത്തതിനാലും തൊഴില്‍ ചൂഷണത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തതിനാലുമാണ് ബീന ജീവിതത്തിന് സ്വയം വിരമാമിട്ടത്. മറ്റൊരു മേഖലയുമില്ലാത്തത്ര കൊടും ചൂഷണമാണ് നഴ്സിങ് രംഗത്തെന്നു വിളിച്ചു പറയുന്ന ആ ആത്മഹത്യയോടുള്ള സഹ നഴ്സുമാരുടെ പ്രതിഷേധം തല്ലിത്തീര്‍ക്കുകയായിരുന്നു മുംബൈ പൊലിസ്. ഭൂമിയിലെ മാലാഖമാരെന്ന വിളിപ്പേരു കൊണ്ട് പൊതുസമൂഹം മൂടിവെക്കുന്ന നഴ്സുമാരുടെ ദുരിത ജീവിതത്തില്‍നിന്നുള്ള ശക്തമായ ഒരു പ്രതികരണം നാലാമിടം പ്രസിദ്ധീകരിക്കുന്നു. മുംബൈയില്‍നിന്ന് അരുണ്‍ കൃഷ്ണന്‍ ആര്‍ എഴുതുന്നു

ബീന ബേബി ഇപ്പോള്‍ ഒരു പേര് മാത്രമല്ല നമുക്ക്, മറിച്ച് അടക്കിപ്പിടിച്ച വേദനകളുടെ, നിസ്സഹായതയുടെ,മുറിവുകളുടെ ഒരോര്‍മ്മപ്പെടുത്തലാണത്. മുംബൈയിലെ നഴ്സിംഗ് സമൂഹത്തിന്‍റെ കാലങ്ങളായി കൊണ്ട് നടന്ന വീര്‍പ്പുമുട്ടലുകളുടെ പൊട്ടിത്തെറിക്ക് വഴി മരുന്നിട്ടു എന്നത് മാത്രമല്ല അതിനു കാരണം. വലുതും ചെറുതുമായ നമ്മളുടെ ആശുപത്രി വരാന്തകളില്‍ ആശ്വാസത്തിന്റെ സ്നേഹസ്പര്‍ശമാകുന്ന ഒരു വിഭാഗം അനുഭവിക്കുന്ന അവിശ്വസനീയമായ ക്രൂരതയുടെ നേര്‍ക്ക്‌ ജീവിതം കൊണ്ടോരേറ് നല്‍കിയാണ് ആ കൊല്ലപ്പുഴക്കാരി നമ്മളുടെ തിമിരക്കണ്ണുകളില്‍ നിന്ന് അന്യയാകുന്നത്.

ഏറെ മിടുക്കന്മാരും മിടുക്കികളും കടന്നുവന്നതുകൊണ്ടാണ് നഴ്സിംഗ് ഒരു മികച്ച ഔദ്യോഗികരംഗമായി കേരളത്തില്‍ സജീവമാകുന്നത്.ഒരു ജോലിയുടെ കണക്ക്പുസ്തകത്തിനപ്പുറം അവര്‍ സമര്‍പ്പിച്ച ആര്‍ദ്രതയുടെ സൌന്ദര്യത്തില്‍ മലയാളി നേഴ്സുമാര്‍ ഒരു ആഗോളബ്രാന്റായി രൂപപ്പെടുകയായിരുന്നു.അങ്ങനെ പ്രവാസം അവരുടെ വ്രതമാവുകയും കേരളത്തിന്റെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളെ മറ്റൊരു മേഖലക്കും കഴിയാത്ത വിധത്തില്‍ സ്വാധീനിക്കുകയും ചെയ്തു നഴ്സിംഗ്.പക്ഷെ തിരിച്ച് എന്താണ് അവര്‍ക്ക്‌ നമുക്ക് നല്കാനായത്?.ഈ ഉത്തരത്തിന്റെ വിരലുകള്‍ നമ്മളുടെ ഓരോരുത്തരുടെയും നേരെ കൂടിയാണ് ചൂണ്ടപ്പെടുന്നത്.കോര്‍പ്പറേറ്റ് പഞ്ചനക്ഷത്ര ആശുപത്രികള്‍ മുതല്‍ ചെറിയ നഴ്സിംഗ് ഹോമുകളില്‍ വരെ ഒട്ടേറെ ബീനമാര്‍ അരക്ഷിതത്വത്തിന്റെ,പീഡനങ്ങളുടെ,പരിതാപകരമായ തൊഴില്‍ സാഹചര്യങ്ങളുടെ ഇരകളായി.നമ്മള്‍ ഒന്നും കണ്ടില്ല. കണ്ടവര്‍ ഒന്നും കണ്ടതായി നടിച്ചതുമില്ല.കേരളത്തിന്റെ പൊതുസമൂഹം വെച്ച് പുലര്‍ത്തിയ അപകടകരമായ ഈ മൌനത്തിന്റെ മൊട്ടത്തലയിലേക്ക് കൂടിയാണ് ബീനയുടെ മരണത്തിന് ശേഷം നടന്ന സമരം കല്ലെറിഞ്ഞത്..ശവത്തണുപ്പുള്ള ഈ നിശബ്ദത ആ 22കാരിയുടെ മരണത്തില്‍ മുഖ്യപങ്കാളിയാണ്.

ബീന തുടക്കമല്ല,തുടര്‍ച്ചയാണ്. ഇനി പാടില്ലാത്ത ഒരു തുടര്‍ച്ച. ആ വേര്‍പാട്‌ നമുക്ക് ഒരു സാധാരണ മരണവാര്‍ത്തയാകരുത്..പൊള്ളിക്കുന്ന ഒരു വേദനയും മലീമസമായ ഒരു തൊഴില്‍ സംസ്കാരം നിറഞ്ഞ നമ്മളുടെ ആശുപത്രികളുടെ ശുദ്ധികലശത്തിന്റെ അടയാളവാക്യവുമാകണമത്.
ബീനയുടെ മരണം അതുതന്നെയാണ് നമ്മളോട് സംവദിക്കുന്നത്.തൊഴില്‍ ചൂഷണത്തില്‍ പെട്ടുപോകുന്ന പുത്തന്‍ ബീനമാരെ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് വഴി നടത്താന്‍ ആ സഹോദരിമാരുടെ ത്യാഗവും ദാനവും ആവോളം ആസ്വദിച്ച നമ്മളുടെ അന്തരീക്ഷത്തിനു കഴിയണം. ബീനയുടെ മരണം സൃഷ്‌ടിച്ച ആഖാതത്തിലേക്ക് തീ കൊരിയോഴിച്ചു,അന്നിറങ്ങിയ പത്രത്തില്‍ അച്ചടിച്ചുവന്ന സംസ്കരച്ചടങ്ങിന്റെ ചിത്രം. ബീനക്കിഷ്ടപ്പെട്ട പാവക്കുട്ടിയെ അവളോട് ചേര്‍ത്ത് വെച്ച് വാവിട്ടുകരഞ്ഞ ഒരു ഉടപ്പിറപ്പിന്റെ നിഴല്‍ രൂപം..
“എന്റെ കുഞ്ഞാവ എന്താ മിണ്ടാത്തെ?” തന്റെ കുഞ്ഞനുജത്തിക്ക് പ്രിയപ്പെട്ട പാവക്കുട്ടിയെ വെച്ചുനീട്ടിക്കരയുന്ന ബിന്‍സി എന്ന ചേച്ചിയുടെ പൂര്‍ത്തിയാക്കാതെ മുറിഞ്ഞുപോകുന്ന ഈ വാചകങ്ങളാണ് ഇപ്പോള്‍ വല്ലാതെ പേടിപ്പിക്കുന്നത്. എങ്ങനെയാണ് അവരോടു പറയാന്‍ കഴിയുക, എന്നും ഒന്നാം റാങ്കുകാരിയായിരുന്ന നിന്‍റെ മിടുക്കി അനിയത്തിക്കുട്ടി ഇനി നിന്നോട് തല്ലുകൂടാന്‍ വരില്ലെന്ന്…അല്ലെങ്കില്‍ ഒരു ഷാളിന്റെ ഒന്നര മീറ്റര്‍ വലിപ്പത്തില്‍ ഒരു വ്യവസ്ഥയുടെ ക്രൂരതയില്‍ മനം നൊന്ത് അവള്‍ മരണത്തെ ഉമ്മ വെച്ചതില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനായില്ലല്ലോയെന്ന്…

2

നെഞ്ചില്‍ കൈവെച്ച് നമ്മള്‍ ആലോചിച്ചിട്ടുണ്ടോ, എത്രമേല്‍ മലയാളിയുടെ പൊതുബോധം നഴ്സിംഗ് സമൂഹത്തെ കൃത്യമായി വിലയിരുത്തിയിട്ടുണ്ടെന്ന്?..ചില പ്രയോഗങ്ങളില്‍ വെറുതെ പറഞ്ഞുപോകുന്ന ആര്‍ദ്രതയുടെ നന്മയുടെ,ഭൂമിയിലെ മാലാഖമാരെന്ന ക്ലിഷേ വാചകങ്ങള്‍ക്കപ്പുറം നമ്മള്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയിട്ടുണ്ടോ നഴ്സിംഗ് സമൂഹത്തിന്?.. ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥമാണ് കേരളം. കാരണം കേരളത്തിന്റെ ഡെമോഗ്രഫിയില്‍ നഴ്സിംഗ് കേവലം ഒരു തൊഴില്‍ മേഖല മാത്രമല്ല,അത് നമ്മളെ നമ്മളാക്കിയ,സമകാലിക കേരളരൂപീകരണത്തിന്റെ ഒരു വലിയ ഉത്പ്രേരകം കൂടിയാണ്.കണക്കുകള്‍ കേട്ട് മാത്രം വിശ്വസിക്കുന്നവര്‍ IMF ന്‍റെ Michael Debabrata Patra , Muneesh Kapur എന്നിവര്‍ നടത്തിയ പഠനം വായിക്കണം.വിദേശത്ത് ജോലി ചെയ്യുന്ന മലയാളി നഴ്സുമാര്‍ കേരളത്തിന്റെ മൊത്തം
വിദേശവരുമാനത്തിന്റെ 25%സംഭാവന ചെയ്യുന്നുവെന്നതാണ് പഠനത്തിന്‍റെ കാതല്‍ . ചില ജില്ലകളില്‍ അത് 45%ത്തോളം വരുമെന്നും.

ഇനിയാലോചിക്കൂ,അങ്ങനെ കണ്ടിട്ടുണ്ടോ നമ്മള്‍ ആ സമൂഹത്തെ? വേറെയും ചില കാഴ്ചകള്‍ ഇവിടെ നമ്മള്‍ കാണാതെ പോകരുത്. കുടിയേറ്റത്തിന്റെ മലമ്പനിപ്പിടുത്തത്തില്‍ പനിച്ചുവിറച്ച ഒരു ജനതയെ അതിന്‍റെ രണ്ടാംതലമുറ ഉയിര്‍ത്തെഴുന്നേല്‍പിച്ചത് ലോകമെങ്ങും പാറി നടന്ന് ചെയ്ത നഴ്സിംഗ് ജോലി വഴി മാത്രമാണ്. ആ നേട്ടങ്ങളെ മുഴുവന്‍ നമ്മള്‍ റബ്ബര്‍ പാലിന്റെ മറവില്‍ ഒളിപ്പിച്ചുകളഞ്ഞു.പക്ഷെ നഴ്സിംഗ് പാവപ്പെട്ട ഒരു ജനതയ്ക്ക് അപ്പോഴും പ്രതീക്ഷ നല്‍കി. ഉയര്‍ന്ന മാര്‍ക്കുള്ള,മികച്ച കുറെ കുട്ടികള്‍ പിന്നെയും നഴ്സിംഗ് പഠിച്ചു.നല്ല നാളെ സ്വപ്നം കണ്ട അച്ഛനമ്മമാര്‍ ലക്ഷങ്ങള്‍ ലോണെടുത്തു. നഴ്സിംഗ് കോളെജുകള്‍ തുടങ്ങാന്‍ ചിലര്‍ ആശുപത്രി പോലും തുടങ്ങി.

ഇനിയാണ് ദാരുണമായ മറ്റൊരു വശം. പരിപൂര്‍ണ സാക്ഷരതയുടെ മേനി പറയുന്ന കേരളത്തില്‍ പോലും സ്വകാര്യ മേഖലയില്‍ പകുതിയിലധികവും യാതൊരു യോഗ്യതകളുമില്ലാത്തവരാണ് നഴ്സുമാരെന്നു പറഞ്ഞു ജോലി ചെയ്യുന്നതെന്ന് ഇവിടെയാണോര്‍ക്കേണ്ടത്.. വ്യജന്മാര്‍ക്കും യഥേഷ്ടം കോട്ടിട്ട് നടക്കാവുമ്പോള്‍ പിന്നെന്തിനാണ് അധിക ശമ്പളത്തിന് യോഗ്യതയുള്ളവരെന്നു മുതലാളിമാരുടെ ആദ്യത്തെ ചിന്ത.പിന്നെ യോഗ്യതയുള്ളവരെ എങ്ങനെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്താമെന്ന കോര്‍പ്പറേറ്റ് ബുദ്ധിയില്‍നിന്ന് ബോണ്ട്‌ സമ്പ്രദായം ഉരുത്തിരിഞ്ഞുവന്നു.ഒപ്പം 10+2+4 പഠനകാലത്തെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും പിടിച്ചുവെക്കല്‍ . പച്ചമലയാളത്തില്‍ അടിമപ്പണി..

ബോംബെ പോലുള്ള മഹാനഗരങ്ങളില്‍ പോലും ഇരുപതിനായിരത്തോളം ശമ്പളം പറയുകയും പതിനായിരത്തിനു താഴെ കൊടുക്കുകയും ചെയ്യുന്ന ചെപ്പടിവിദ്യ. സമാന ഉദ്യോഗത്തിന് സര്‍ക്കാര്‍മേഖലയില്‍ തുടക്കക്കാര്‍ക്ക്പോലും ശമ്പളം നാല്പതിനായിരത്തിന് മുകളിലാണെന്ന് കൂട്ടിവായിക്കുമ്പോഴാണ് ഈ ചൂഷണത്തിന്റെ ആഴം അറിയുക. 6 മണിക്കൂര്‍ പറയുകയും 16മണിക്കൂര്‍ ചെയ്യുകയും വേണ്ട ജോലിസമയം.അനുവദിക്കാത്ത ആഴ്ച്ചയവധികള്‍ . മെച്ചപ്പെട്ട അവസരങ്ങള്‍ക്ക് ഒന്ന് ശ്രമിക്കാന്‍ പോലും അവസരം നല്‍കാത്ത മാനേജ്‌മെന്റ്‌.ഓരോ നിമിഷവും ഇട്ടെറിഞ്ഞു വരാന്‍ തോന്നുമ്പോള്‍ കഴുത്തിന്‌ മുകളില്‍ ഡെമോക്ലീസിന്റെ വാള് പോലെ ബോണ്ടും പിടിച്ചുവെക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും..

3
വീണ്ടും ബീനയെ ഓര്‍ക്കണം…സഹിക്കാന്‍ ഒരിത്തിരി പോലും വയ്യാതായപ്പോഴും ആ കുട്ടി പറഞ്ഞത് കേള്‍ക്കുക.. “എങ്ങനാ ഓടിപ്പോവ്ക,കഷ്ടപ്പെട്ട് ലോണെടുത്ത് പഠിപ്പിച്ച ചാച്ചനോടെങ്ങനാ ഇനീം അമ്പതിനായിരം ചോദിക്യാ”

ഇല്ല ബീനാ, നിന്റെ രക്തസാക്ഷിത്വവും ആരെയും ഒന്നും ഓര്‍മിപ്പിച്ചിട്ടില്ല.

വാച്ച് നോക്കാതെ ജോലി ചെയ്യുന്ന സേവനസന്നദ്ധതയുടെ ഈ ആള്‍രൂപങ്ങളെ മലയാളിയുടെ പോതുബോധത്തിന്റെ കണ്ണുകള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. നിങ്ങളിങ്ങനെ കഷ്ടപ്പെട്ട് രണ്ടോ മൂന്നോ വര്‍ഷത്തെ അടിമത്തത്തിന്റെ ആടുജീവിതത്തിനു ശേഷം ജനിച്ച നാട് വിട്ടുപോകണം . എന്നിട്ട് യൂറോപ്പിന്‍റെ, അറബുലോകത്തിന്റെ സമൃദ്ധിയെ ഞങ്ങള്‍ക്ക് ഗാന്ധിത്തലകളാക്കി തിരിച്ചു നല്‍കുക..കേരളത്തിന്റെ “റെമിററന്‍സ് ബെയ്സ്ഡ് എകണോമി” ശക്തിപ്പെടട്ടെ…

ബീന ബേബി ആദ്യത്തെ ബലിയല്ല,കോര്‍പ്പറേറ്റ് ആശുപത്രികളുടെ പീഡനത്തിന്റെ നെഞ്ച് ചവിട്ടലില്‍ മുമ്പും രക്തസാക്ഷികള്‍ ഉണ്ടായിട്ടുണ്ട്.അല്ലെങ്കില്‍ ഈ എണ്ണങ്ങള്‍ നമ്മളെ എപ്പോഴാണ് അലോസരപ്പെടുത്തിയിട്ടുള്ളത്? നമ്മളുടെ മാധ്യമങ്ങള്‍ക്ക്‌ അത് ചരമപ്പേജിന്റെ ഒറ്റകോളം വാര്‍ത്ത മാത്രമാണ്.നിര്‍മല്‍ മാധവന്റെ,ഐസ്ക്രീം പാര്‍ലറിന്‍റെ നൂറിലൊന്ന് സെന്‍സേഷനില്ലാത്ത ഈ വാര്‍ത്തക്ക് ആരാണ് ഇടം കൊടുക്കുക??

ഏത്‌ നിയമസഭയാണ് വോട്ടുബാങ്കിനു പുറത്തുള്ള ബീനമാരെക്കുറിച്ച് അര മണിക്കൂര്‍ ഇറങ്ങിപ്പോവാതെ ചര്‍ച്ച ചെയ്യുക??

എത്ര നാള്‍ ഉറക്കം നടിക്കാനാകും ഒരു ജനതക്ക്‌? വിശിഷ്യാ ഒരുനാള്‍ ആ സമൂഹത്തിന്റെ കൈയിലേക്ക് ഈ ഭൂമുഖത്ത്‌ ആദ്യമായി പിറന്നുവീണ മൂന്നേമുക്കാല്‍ കോടി ജനതതി തീര്‍ക്കുന്ന കേരളം എന്ന ഈ ഒറ്റപ്പേരിന്? സ്വന്തം അമ്മക്ക് മുമ്പ്‌ നമ്മളെ മാറോട്‌ ചേര്‍ത്തവരാണവര്‍ . അവരുടെ വിയര്‍പ്പ് ചേര്‍ത്ത് കെട്ടിപ്പൊക്കിയ നമ്മളുടെ സമ്പത്ത്‌വ്യവസ്ഥ എങ്കിലും അതിടക്കോര്‍ക്കുന്നത് നന്ന്, കാരണം അവരുടെയൊക്കെ കണ്ണീര്‍ ഒരൊറ്റപ്പുഴയായി ഒഴുകിവന്നാല്‍ ഒലിച്ചുപോവാന്‍ മാത്രമേയുള്ളു കേരളം എന്ന ഈ ഇട്ടാവട്ടം നാട്യദേശം.

ബിന്‍സീ,ആ പാവക്കുട്ടിയെ അവളോട്‌ ചേര്‍ത്ത് വെക്കുക.. അവളുടെ ഒരിഷ്ടത്തിലെങ്കിലും പൂക്കളുണ്ടാവട്ടെ…

ബീനാ…സ്മൃതിഭ്രംശം വന്ന ഞങ്ങള്‍ക്ക് മാപ്പ് നല്‍കുക…

6 thoughts on “ബീനയുടെ ചോര നമ്മോട് നിലവിളിക്കുന്നത്…

 1. ബിന്‍സീ,ആ പാവക്കുട്ടിയെ അവളോട്‌ ചേര്‍ത്ത് വെക്കുക.. അവളുടെ ഒരിഷ്ടത്തിലെങ്കിലും പൂക്കളുണ്ടാവട്ടെ….!!!!
  Haunting…. How can we pay for her????

 2. എത്ര നാള്‍ ഉറക്കം നടിക്കാനാകും ഒരു ജനതക്ക്‌?……..ഉറക്കം നടിച്ചു കിടക്കുന്ന നമ്മുടെ കാല്ക്കീഴിലൂടെ സഹജീവികളുടെ ജീവിതം പോലെതന്നെ, നമ്മുടെ ജീവിതം തന്നെയും…ഈ ലോകം തന്നെയും ഒലിച്ചു പോകാന് തുടങ്ങുന്നു….ഇന്നലെ ബീന…ഇന്ന് ഞാന്…നാളെ നീ……..
  നാട്യം നിലക്കട്ടെ……ഉറക്കം വിട്ടുണരുക……പൊരുതുക……നമ്മുടെ സമയം അതിക്രമിച്ചിരിക്കുന്നു……

  • ഈ ചൂഷണങ്ങള്‍ക്ക് എന്ന് അറുതി വരും ആര് വരുത്തും……ഇതിനെതിരെ പൊരുതേണ്ട നമ്മള്‍ കണ്ണടക്കുകയല്ലേ…..പുതിയൊരു ബീന ഉണ്ടാകുന്നതിനു മുന്‍പ് സമൂഹവും നമ്മള്‍ ഓരോരുത്തരും ഇതിനെതിരെ പ്രതികരിക്കണം……

 3. നിങ്ങളുടെ സമരത്തിന്‌ എന്‍റെയും സുഹുര്തുകളുടെയും പൂര്‍ണ പിന്തുണ അമ്മയുടെ പേര് മുതലകി ചിലര്‍ നിങ്ങളുടെ അവകാശം ചൂഷണം ചെയ്യുന്നു. അമ്മ അറിയുനുണ്ടോ ആവോ.

  ഇന്ത്യയിലെ സ്വകാര്യ ആശുപത്രിയിളുടെ ചൂഷണം ചെയ്യപെടുന്ന എല്ലാ നേഴ്സ്മാര്‍ക്കും അവരുടെ ജോലിക്ക് ശെരിയായ വേതനവും മറ്റു അവകാശങ്ങളും കിട്ടട്ടെ, സമരം തുടരുക, സമുസം ഒപ്പം ഉണ്ട്

 4. സ്വന്തം അമ്മക്ക് മുമ്പ്‌ നമ്മളെ മാറോട്‌ ചേര്‍ത്തവരാണവര്‍ …………….

  …ഉറക്കം വിട്ടുണരുക……പൊരുതുക……നമ്മുടെ സമയം അതിക്രമിച്ചിരിക്കുന്നു……

Leave a Reply

Your email address will not be published. Required fields are marked *