ബീമാ പള്ളിയില്‍നിന്ന് വീണ്ടും വാര്‍ത്തകള്‍

തിരുവനന്തപുരത്തെ ബീമാ പള്ളിയില്‍നിന്ന് വീണ്ടും വാര്‍ത്തകള്‍. ഇത്തവണ ഊരുവിലക്കാണ് വിഷയം. പുത്തന്‍ പ്രസ്ഥാനക്കാര്‍ എന്നു പറഞ്ഞ് 27 കുടുംബങ്ങള്‍ക്ക് ഭ്രഷ്ട്. ആരാധനാ സ്വാതന്ത്യ്രം മാത്രമല്ല, സാധാരണ ജീവിതവും നിഷേധിക്കുന്ന വിധമാണ് ഊരുവിലക്ക്. മുഖ്യധാരാ മാധ്യമങ്ങളെല്ലാം പലവിധ കാരണങ്ങളാല്‍ തിരസ്കരിച്ച ആ വാര്‍ത്തകളുടെ പിന്നാമ്പുറ കഥകള്‍ പറയുന്നു, സി.എന്‍ മുജീബ്

തിരുവനന്തപുരത്തെ ബീമാ പള്ളിയില്‍നിന്ന് ഇക്കഴിഞ്ഞ ആഴ്ച ഒരു വാര്‍ത്ത വന്നു. പരിധിയിലെ 27 കുടുംബങ്ങള്‍ക്ക് പള്ളിക്കമ്മിറ്റി വക സാമൂഹിക വിലക്ക്.
പള്ളിക്കമ്മിറ്റിയുടെ തീരുമാനങ്ങളെയും ആചാരങ്ങളെയും ധിക്കരിച്ചുവെന്നാരോപിച്ച് ബീമാപ്പള്ളി ജമാഅത്ത് കമ്മിറ്റിയാണ് ഊരുവിലക്കേര്‍പ്പെടുത്തിയത്. വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ ക്രയവിക്രയങ്ങള്‍ തുടങ്ങിയവയിലാണ് പരസ്യമായ വിലക്ക്. ഇവരുമായി സഹകരിക്കുന്നവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വിലക്കിയവരുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്, അവരുടെ കടകളില്‍ ജോലിക്ക് പോകരുത്, അവരുടെ കടകളില്‍ കച്ചവടം നടത്തരുത്, ബന്ധുക്കളുടെ മൃതശരീരങ്ങള്‍ കാണാന്‍ അനുവദിക്കരുത്, മരിച്ചവര്‍ക്കുവേണ്ടി പള്ളിയില്‍ നമസ്കാരത്തിന് അനുവദിക്കരുത്, ബന്ധുക്കളുടെ കല്യാണത്തില്‍ പങ്കെടുത്താല്‍ കുടുംബക്കാര്‍ക്ക് പിഴ ഇടുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ളത്. മൂന്ന് മാസത്തോളമായി നിശബ്ദമായി നടന്നുവന്ന ഊരുവിലക്ക് നടപടിക്രമങ്ങള്‍ വെള്ളിയാഴ്ചയാണ് കമ്മിറ്റി പരസ്യമാക്കിയത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുന്നോടിയായാണ് ഊരുവിലക്ക് പ്രഖ്യാപനം അരങ്ങേറിയത്.
ഊരുവിലക്കപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് പ്രദേശത്തെ ബാര്‍ബര്‍ ഷോപ്പുകളില്‍ നേരത്തെതന്നെ പ്രവേശനം നിഷേധിച്ചിരുന്നു. വിവാഹങ്ങളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ടായിരുന്നു.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഊരുവിലക്കപ്പെട്ട കുടുംബത്തിലെ ഒരു അഗം പ്രദേശത്തെ ഒരു പാല്‍ വ്യാപാരിയില്‍ നിന്ന് പാല്‍ വാങ്ങുന്നത് ജമാഅത്ത് കമ്മിറ്റി വിലക്കുകയുണ്ടായി. വിവാഹം നടത്തിക്കൊടുക്കുന്നതിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും കമ്മിറ്റി നല്‍കുന്നില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും മനുഷ്യാവകാശ കമ്മിഷനും കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്നാണ് അറിയുന്നത്.

അത്രക്കൊക്കെ സംഭവിക്കണമെങ്കില്‍ വല്ല കാരണവും ഉണ്ടാവുമല്ലോ. ബീമാ പള്ളിയില്‍ ആയതിനാല്‍, സംശയങ്ങള്‍ക്ക് വക ഏറെയാണ്. വ്യാജ സിഡിയോ മറ്റ് വ്യാജ സാധനങ്ങളോ കച്ചവടം നടത്തിയതിന് ഇസ്ലാമിക രീതിയില്‍ എങ്ങാനും ഏര്‍പ്പെടുത്തിയ വിലാക്കാവുമോ ഇത്!
ഏയ് എന്നാണ് ഉത്തരം. അവരൊക്ക അവിടെ തന്നെയുണ്ട്. പൂര്‍വാധികം പ്രൌഢിയോടെ കച്ചവടം നടത്തിയും കാശുണ്ടാക്കിയും അങ്ങനെയങ്ങനെ. ഇത് കേസ് വേറെ. ഇവരൊക്കെ ‘പുത്തന്‍ പ്രസ്ഥാന’ക്കാരാണ് എന്നാണ് വാദം. അതായത് മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത് തുടങ്ങിയ വകുപ്പുകളില്‍ പെടുന്നവര്‍. അത്തരം കുടുംബങ്ങളെ അടുപ്പിക്കേണ്ട എന്നാണ് പള്ളിക്കമ്മിറ്റിയുടെ തിട്ടൂരം. അതിന് ഈ കക്ഷികളൊന്നും ഇപ്പോള്‍ പുത്തന്‍ അല്ലല്ലോ. എത്രയോ കാലങ്ങളായി ഇവിടെ ഉള്ളതല്ലേ എന്നൊക്കെയാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ നാവ് ഇപ്പോഴേ താഴ്ത്തിയേക്കുക.
കേരള മുസ്ലിംകളില്‍ സുന്നി, മുജാഹിദ്, ജമാഅത്ത് എന്നിങ്ങനെ അംശം ദേശങ്ങളായി തിരിഞ്ഞ് തമ്മില്‍ തല്ലിയ കാലം മാറി, ഇപ്പോള്‍ പരമാവധി എല്ലാവരും യോജിച്ചാണ് പ്രവര്‍ത്തിക്കാറ് എന്നൊക്കെയാണ് നിങ്ങളുടെ തുടര്‍ ന്യായീകരണങ്ങള്‍ എങ്കില്‍ നാവ് തീര്‍ച്ചയായും ഉറയിലിട്ടേ മതിയാവൂ. കാരണം ഇത് ബീമാ പള്ളിയാണ്. ഏത് ജനകീയ സര്‍ക്കാറും ഭയക്കുന്ന ഒരിടം. റിപ്പബ്ലിക് ഓഫ് ബീമാപ്പള്ളി എന്ന് സംശയ ലേശമന്യെ വിളിക്കാവുന്ന ഒരിടം. സംശയമുള്ളവര്‍ക്ക് ഇതാ പഴയ ഫയലുകള്‍.

പാഴായൊരു ചാട്ടയടി
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. കൃത്യമായി പറഞ്ഞാല്‍ 1985ല്‍. തിരുവനന്തപുരത്തെ ബീമാപള്ളി ജമാഅത്ത് കമ്മിറ്റിക്ക് മുന്നില്‍ ഒരു കേസെത്തി. അനാശാസ്യമാണ് ആരോപണം. ബീമാപള്ളിയിലെ മുഫ്ത്തിമാര്‍ പാഞ്ഞെത്തി. ശൂറ കൂടി. ശരീഅത്തിന്റെ തലനാരിഴ കീറി ചികഞ്ഞ് ‘രാഗം മാംസനിബദ്ധ’മായിരുന്നുവെന്ന് കണ്ടെത്തി. പാവം ഇത്താത്ത മാത്രം അപരാധി. ശിക്ഷയും വിധിച്ചു. 80 അടി. ‘ഹദ്ദടി’ സംഭവമെന്ന് പിന്നീടത് പുകഴ്പെറ്റു.
നമുക്കറിയാം ഇന്ത്യ മഹാരാജ്യത്തില്‍ ഒരു വ്യക്തിയുടെ കുറ്റകൃത്യം പരിഗണിക്കപ്പെടേണ്ടത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ശിക്ഷിക്കേണ്ടത് കോടതിയുമല്ലേ. അപ്പോളിതോ?
അതാണിഷ്ടാ പറഞ്ഞത്, നമുക്ക് ബുദ്ധികുറവാണെന്ന്. ബീമാപള്ളിയില്‍ പള്ളി കമ്മിറ്റിയാണ് കോടതി. ബീമാപള്ളിയാണ് രാജ്യം. ശരീഅത്താണ് കോടതി (പെരുമഴക്കാലത്തിലെ സലിം കുമാര്‍ കഥാപാത്രത്തിന് സ്തുതിയായിരിക്കട്ടെ). ശരീഅത്ത് എന്നുവെച്ചാല്‍ കമ്മിറ്റി അംഗങ്ങളുടെ വിവേചന ബുദ്ധി. അല്ലെങ്കില്‍ കമ്മിറ്റിയുടെ ഭൂരിപക്ഷ അഭിപ്രായം.

എന്തായാലും നമ്മുടെ ഇത്താത്തയും ഹദ്ദടിയും ബീമാപള്ളിയെ കോടതി കയറ്റി. വെള്ളരിക്കാപട്ടണമാണോ എന്ന് കോടതി ചോദിച്ചില്ലെന്നേ ഉള്ളു. നടപടിയിലെ ബാലിശതയെ കോടതി പരിഹസിച്ചു. തെറ്റ് തിരിച്ചറിഞ്ഞ് (നിവൃത്തിയില്ലാഞ്ഞിട്ട്) പളളി കമ്മിറ്റി ശിക്ഷ പിന്‍വലിച്ചു. ബീമാപള്ളിയിലെ ചാട്ടവാറിന് പണിപോയി. ഇത്താത്ത ജീവനും കൊണ്ടോടി, വലിയതുറ വഴി കിഴക്കേകോട്ടയിലേക്കുള്ള ആദ്യ ബസ് പിടിച്ച് തടി കഴിച്ചിലാക്കി.
ഈ സംഭവം നടന്ന കാലമേതാണെന്ന് നോക്കണം. താലിബാനെന്നോ മുല്ല ഉമറെന്നോ മലയാളി അന്ന് കേട്ടിട്ടു പോലുമില്ല. അഫ്ഗാനിസ്ഥാനില്‍ പിന്നീടുണ്ടായതിലും വലിയ ‘താടി’ബാന്‍ അന്നേ നമ്മുടെ കണ്‍വെട്ടത്തുണ്ടായിരുന്നു!

റിപ്പബ്ലിക് ഗാഥകള്‍
കാലം പിന്നെയും കഴിഞ്ഞാണ് ബീമാപള്ളി ഇന്നത്തെ ബീമാ പള്ളിയായത്. അപ്പോഴേക്കും പായലടിഞ്ഞ ആമയിഴഞ്ചാന്‍ തോടിലൂടെ വെള്ളങ്ങള് കുറെ ഒഴുകിപ്പോയി. പള്ളി പറമ്പിലെ വീഡിയോ കാസറ്റ്, അത്തറ് കച്ചോടം പൊളപ്പനായി പുരോഗമിച്ചു. കച്ചോടം എന്നാല്‍ ഒന്നാം തരം കച്ചോടം. തിരുവനന്തപുരം വിമാനത്താവളത്തിലെ പഴയ ടെര്‍മിനലില്‍ വിമാനമിറങ്ങുന്ന അത്തപ്പാടി ഗള്‍ഫുകാരന്‍ വലിയതുറ അതിര്‍ത്തി കടന്ന് ബീമാപള്ളിയിലേക്ക് വിടും. ബീമാ ഉമ്മച്ചായെ വണങ്ങാനല്ല, അവിടത്തെ ഗള്‍ഫ് ഗുഡ്സ് ഷോപ്പുകളിലേക്ക്. വിലകുറഞ്ഞ ഗള്‍ഫ് സെന്റും റോത്ത്മാന്‍സ് സിഗരറ്റും ലൈറ്ററും വി.സി.ആറും മുട്ടായിയുമായി ഗമയില്‍ വീട്ടിലേക്ക്. പുറത്തെവിടെയെങ്കിലും വിറ്റാല്‍ പൊലീസ് പിടിക്കുന്ന സാധനങ്ങള്‍ നിയമവിധേയമായി ബീമാപള്ളിയില്‍ കിട്ടും. ആരും ചോദ്യം ചെയ്യില്ല. ചോദ്യം ചെയ്യാന്‍ ആരെങ്കിലും പൂന്തുറ ജംഗ്ഷനോ വലിയതുറയോ കടന്നെത്തിയിട്ട് വേണ്ടേ. കൊടികെട്ടിയ പൊലീസ് ഏമാന്‍മാര്‍ ജമാഅത്ത് കമ്മിറ്റി ഓഫീസിന് മുന്നില്‍ ദര്‍ശനം കാത്ത് നിന്ന സന്ദര്‍ഭങ്ങളെത്ര.

കഥ പെരുത്തുണ്ട്. ഒന്നിങ്ങനെ: കഥയില്‍ രണ്ട് പുപ്പുലികള്‍. ഒന്ന് അകത്ത്. മറ്റേത് പുറത്ത്. അകത്തുള്ളവനെ കോടതിയില്‍ ഹാജരാക്കി അട്ടകുളങ്ങര ജയിലിലേക്ക് മടക്കികൊണ്ടുവരുന്നു. നമ്മുടെ ബുഹാരി ഹോട്ടലിന് മുന്നിലെത്തിയപ്പോള്‍ മറ്റേപ്പുലിയുടെ സംഘം ഇടപെട്ടുകളഞ്ഞു. പൊലീസ് സുരക്ഷയില്‍ നടന്നുപോയവന്റെ നേരെ ബോംബേറ്. വിലങ്ങുമായി പാവം പുലി മരിച്ചുവീണു. കൊന്നവനും മരിച്ചവനും ഞമ്മടെ കൌമില്‍ പെട്ടവര്‍.

കൊലപാതകി അഭയം കണ്ടെത്തിയത് അതിര്‍ത്തിക്കുള്ളില്‍. സംഭവം പൊലീസിന് അറിയാം. ചെല്ലാന്‍ പക്ഷേ, മുട്ടുവിറക്കും. അതുകൊണ്ട് ജനത്തെ പറ്റിക്കാന്‍ അവര്‍ നഗരം മൊത്തമിളക്കിജഗപൊഗ കാട്ടി. പ്രതിയെ പിടിക്കണമെങ്കില്‍ മുഫ്ത്തിമാര്‍ കനിയണം. നേരെ ചെന്ന് പിടിക്കാന്‍ കാക്കിക്ക് കരുത്തില്ല. ദിവസം കഴിയുന്തോറും പൊലീസിന് മേല്‍ സമ്മര്‍ദമേറി. ഒടുവില്‍ ജമാഅത്ത് ഓഫീസിന് ചുറ്റും 101 വട്ടം ശയനപ്രദക്ഷിണം നടത്തി ഏത്തവുമിട്ട് കൊന്നവനെ പൊക്കി. കാര്യം കഴിഞ്ഞപ്പോള്‍ സാഷ്ടാംഗവും ശയനപ്രദക്ഷിണവും മറന്നു. കീഴടക്കലിന്റെ കാക്കികഥകള്‍ പാറിപ്പറന്നു.
പിന്നൊരിക്കല്‍ അരി കള്ളക്കടത്ത് സംഘത്തിന്റെ ലോറി അതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തി. പിടിക്കാനെത്തിയ പൊലീസും വിവരമറിഞ്ഞ് വന്ന പത്രക്കാരും ബന്ദികളായത് മണിക്കൂറുകളോളം.

ഇതിനിടെയാണ് ഭൂമി മലയാളത്തില്‍ വ്യാജ സീഡി പെരുകിയത്. മലയാള സിനിമ വ്യവസായം തകരാന്‍ കാരണം വ്യാജനാണെന്ന് കണ്ടെത്തി സര്‍ക്കാര്‍ അതിനെതിരെ പടക്കിറങ്ങി. വ്യാജന്റെ ദേശം നമ്മുടെ റിപ്പബ്ലിക് തന്നെ. അത്തര്‍, തൊപ്പി, തസ്ബി കടകള്‍ വന്‍കിട സിഡി വ്യാപാര കേന്ദ്രങ്ങളായി അതിനിടെ പരിണമിച്ചിരുന്നു. സംവിധായകന്‍ മനസില്‍ ഒരു സിനിമ കാണുമ്പോള്‍ തന്നെ അതിന്റെ വ്യാജന്‍ ബീമാപള്ളിയില്‍ കിട്ടും എന്ന് ഒരു രസികന്‍ പറഞ്ഞത് വെറുതെയല്ല. അതുമാത്രമല്ല, ലോക ക്ലാസിക്കുകള്‍ അഞ്ചും പത്തും ഉലുവക്ക് വാങ്ങി കീശനിറച്ച് കൊണ്ടുപോകുന്നവരുടെ തിരക്കായിരുന്നു അന്ന്. എന്നിട്ടു വേണമല്ലോ, മുല്ലയും ട്രാഫിക്കും താളവട്ടവുമൊക്കെ ഒരുക്കാന്‍. മൂന്നാറിലേക്ക് പോയ പൂച്ചകളിലൊന്നാണ് സിഡി കലം വെളുപ്പിക്കാന്‍ ഇറങ്ങിയത്. മലയിറങ്ങിയതിലും വേഗം പൂച്ച പറപറന്നത് ചരിത്രം.

ഭ്രഷ്ട്

പുതിയ വാര്‍ത്ത ഊരുവിലക്കിന്റേതാണ്. ഭ്രഷ്ര്ട്!
ഇതിന്റെ ആദ്യ സൂചന വന്നത് ഒരു ബാര്‍ബര്‍ ഷോപ്പില്‍നിന്നാണ്. മുജാഹിദ് വിഭാഗത്തില്‍ പെടുന്ന ഒരു വിശ്വാസി മുടിവെട്ടിക്കാന്‍ ബാര്‍ബര്‍ഷോപ്പില്‍ പോയി. ബാര്‍ബര്‍ കൈമലര്‍ത്തി. ‘വെട്ടില്ല’. കാരണം അന്വേഷിച്ചപ്പോള്‍ വന്നു തിട്ടൂര വിവരം. പള്ളി ജമാഅത്ത് പറഞ്ഞിട്ടുണ്ടത്രേ. മുജാഹിദുകള്‍ മുടിവളര്‍ന്ന് സന്യാസികളാകാന്‍ പാടില്ലെന്ന് കരുതി ടിയാന്‍ പൂന്തുറ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. പരാതി വാങ്ങി മേശവലിപ്പിലിട്ട് പൊലീസുകാരന്‍ പരാതിക്കാരനെ മടക്കി. തൊട്ടാല്‍ പൊള്ളുമെന്ന് പൂന്തുറക്കാരന് ആരും പറഞ്ഞുകൊടുക്കേണ്ടല്ലോ.
പിന്നാലെ മയ്യത്ത് നമസ്കരിക്കാന്‍ പള്ളിയിലെത്തിയ മറ്റാരു മുജാഹിദ് പ്രവര്‍ത്തകനെ മടക്കി അയച്ചു. സ്വന്തം സഹോദരിയുടെ വിവാഹത്തിന് പങ്കെടുത്ത മുജാഹിദുകാരന്റെപിതാവിന് പള്ളി കമ്മിറ്റി പിഴയിട്ടു. ഒടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഖുത്തുബാനന്തരം 27 പേരോട് നിസഹകരണം പ്രഖ്യാപിച്ച വിവരം പള്ളി കമ്മിറ്റി നാട്ടുകാരോട് അറിയിച്ചു. നിസഹകരണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ മഹാത്മാഗാന്ധിയും സ്വാതന്ത്യ്ര സമരവും ഓര്‍മവരുന്നവര്‍ അറിയുക: ഇത് ഗാന്ധിസമല്ല, ഗോഡ്സെയിസമാണ്. പച്ച മലയാളത്തില്‍ ഭ്രഷ്ട്. ഈ 27 പേരില്‍ മുജാഹിദുകള്‍ മാത്രമല്ല, ജമാഅത്തെ ഇസ്ലാമിക്കാരും പച്ചവെള്ളം ചവച്ചരച്ച് കുടിക്കുന്ന തബ്ലീഗുകാരനുമുണ്ട്. നേരത്തെ തന്നെ ഈ സംഘടനകള്‍ക്ക് പ്രചാരണം നടത്താനോ, പോസ്റ്റര്‍ പതിക്കാനോ, നോട്ടീസ് വിതരണം ചെയ്യാനോ അനുവാദമുണ്ടായിരുന്നില്ല.

3 thoughts on “ബീമാ പള്ളിയില്‍നിന്ന് വീണ്ടും വാര്‍ത്തകള്‍

  1. ഊരു വിലക്ക് ഇപ്പോള്‍ അപ്രായോഗികം തന്നെ.. പക്ഷെ ഈ പറയപ്പെട്ട മുജാഹിദ് ,ജമായത്ത്, തബ്ലീഗാദികള്‍ സുന്നികളെ മുസ്ലിമായി അംഗീകരിക്കുന്നില്ലലോ സുന്നികളെ കൊല്ലാനാണ്‌ ആഹ്വാനം ചെയ്യുന്നത്. അത് വെച്ച് നോക്കിയാല്‍ ഈ വിലക്ക് നിസാരം

  2. വ്യാജ സിനിമയും ബ്ലു ഫിലിമും കച്ചവടം ചെയ്യുന്നത്തില്‍ ഒരു തെറ്റും കാണാത്ത കബര്‍ ആരാതക്ര്‍ വിജരിച്ചാല്‍ തവുഹീദ്‌ ഒലിച്ചു പോകും എന്ന് വിജരിക്കെണ്ടാ, ഇതു അല്ലാഹു ഇവിടെ നിലനിര്‍ത്തുക തന്നെ ചെയ്യും എന്ന് ഞങ്ങള്‍ക്ക് അല്ലാഹു വിന്‍റെ വാഗ്ദാനം ഉണ്ട് കുറാഫികളെ, മുജാഹിദ്‌ പ്രസ്ഥാനം വളര്‍ന്നു കൊണ്ടിരിക്കുന്നത് നിങ്ങള്‍ക്ക് കാനാതിരിക്കണമെങ്കില്‍ കണ്ണ് അടച്ചുപിടിക്കേണ്ടി വരും …

Leave a Reply to zulfukhaar Cancel reply

Your email address will not be published. Required fields are marked *