സാക്ഷി പറയുന്നു: ഇനി ഞാന്‍ ‘വേണ്ടാത്തവളല്ല’

മഹാരാഷ്ട്രയിലെ സതാറ ജില്ലയില്‍ നടന്ന പേരു മാറ്റല്‍ ചടങ്ങില്‍’സാക്ഷി’ എന്നപുതിയ പേരു സ്വീകരിച്ച നകുഷ സംസാരിക്കുന്നു. ബി.ബി.സി യുടെ സുബൈര്‍ അഹമ്മദ് തയ്യാറാക്കിയ കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം

സാക്ഷി courtesy: bbc

എന്റെ പേര് സാക്ഷി. വയസ്സ് 16 ആയെങ്കിലും പേരിട്ടത് ഇപ്പോഴാണ്. ഇക്കാലമത്രയും ഞാന്‍ നകുഷ ആയിരുന്നു. വേണ്ടാത്തവള്‍ എന്നാണ് അതിനര്‍ഥം. ഞാന്‍ മാത്രമല്ല, ഞങ്ങളുടെ നാട്ടില്‍ ഇതേ പേരുള്ള മറ്റനേകം പെണ്‍കുട്ടികളുമുണ്ട്. ആണ്‍കുട്ടിക്കായി ആഗ്രഹിച്ച് പെണ്‍കുട്ടി പിറക്കുമ്പോള്‍ അവരിടുന്ന പൊതുവായ പേരാണ് നകുഷ.
എന്തു കൊണ്ടാണ് എന്റെ മാതാപിതാക്കള്‍ക്ക് എന്നെ വേണ്ടാത്തത് എന്നെനിക്കറിയാം. എനിക്കു മുമ്പേ, അവര്‍ക്കുണ്ടായ മൂന്ന് കുട്ടികളും പെണ്ണായിരുന്നു. ഇവിടെ എല്ലാവര്‍ക്കും വേണ്ടത് ആണ്‍കുട്ടികളെയാണ്. എന്നോടു കൂടി അവരുടെ നിര്‍ഭാഗ്യം അവസാനിക്കുമെന്നും ഇനിയൊരു പെണ്‍കുട്ടി പിറക്കില്ലെന്നുമുള്ള വിശ്വാസത്തിലാണ് അവര്‍ എനിക്ക് ആ പേരിട്ടത്. എന്നാല്‍, എനിക്കു ശേഷം രണ്ടു കുട്ടികള്‍ കൂടിയുണ്ടായി. രണ്ട് പെണ്‍കുട്ടികള്‍!
ഈ പുതിയ പേര് എന്റ ജീവിതത്തില്‍ വളരെ പ്രധാനമാണ്. പുതിയ പേരിട്ട ഈചടങ്ങും. ഈ പ്രത്യേക ചടങ്ങിന് ദൃക്സാക്ഷിയായി എന്ന അര്‍ഥത്തിലാണ് ഞാന്‍ സാക്ഷി എന്ന പേര് തെരഞ്ഞെടുത്തത്.

സ്വന്തം പേരില്ലാത്തവള്‍
എന്തു കൊണ്ട് എനിക്ക് സ്വന്തമായി പേരില്ല?. ചില നേരത്ത് അതാലോചിക്കുമ്പോള്‍ ഭീതി വരും.
സ്വന്തം പേരില്ലാത്തവള്‍ എന്ന അവസ്ഥ ഭീകരമാണ്. എനിക്കെന്നെ സ്വയം തെളിയിക്കണമായിരുന്നു. അതിനാലാണ് പഠനത്തിലും സ്പോര്‍ട്സിനും ഞാന്‍ ഏറെ പണിപ്പെട്ടത്. അതിന് ഫലവുമുണ്ടായി.

എന്നെ നകുഷ എന്നാണ് വിളിക്കാറെങ്കിലും മാതാപിതാക്കള്‍ മറ്റ് അഞ്ചു മക്കളെ പോലെ തന്നെയാണ് എന്നെ പരിഗണിച്ചത്. ശരിയായ പേരില്ല എന്ന കാര്യം അത്ര പ്രശ്നമായിരുന്നില്ല. എന്നിട്ടുമെന്താണ് അവരെനിക്ക് ആ പേരിട്ടതെന്ന് ആലോചിച്ച് ഞാനെപ്പോഴും അന്തം വിടാറുണ്ട്. പല വട്ടം മാതാപിതാക്കളോട് ഞാനതിനെക്കുറിച്ച് ചോദിച്ചു. എന്നാല്‍, അപ്പോഴെല്ലാം അവര്‍ കേട്ടില്ലെന്നു നടിച്ചു.

എന്നാല്‍, ഇതിന്റെ പേരില്‍ എനിക്കാരിക്കലും എന്റെ മാതാപിതാക്കളോട് ദേഷ്യമോ പ്രശ്നമോ ഉണ്ടായിരുന്നില്ല. എനിക്കറിയാമായിരുന്നു, എന്തു കൊണ്ടാണ് ജനനസമയത്ത് ഞാനവര്‍ക്ക് ‘വേണ്ടാ’തായത് എന്ന്.

എനിക്കിഷ്ടം സാക്ഷി
ഒരു വീട്ടില്‍ കുറേ പെണ്‍കുട്ടികളുണ്ടാവുന്നത് ഇന്ത്യയില്‍ മാതാപിതാക്കള്‍ക്ക് വന്‍ തലവേദനയാണ്. ആറു പെണ്‍മക്കളാണ് എന്റെ വീട്ടില്‍. ഞങ്ങളെയെല്ലാം കെട്ടിച്ചയക്കുമ്പോഴേക്കും അവര്‍ പാപ്പരാവും. സ്ത്രീധനമായി അത്ര വലിയ തുക കണ്ടെത്തേണ്ടി വരും.
പേരില്ലാത്ത കുട്ടികള്‍ക്ക് പേരിടാന്‍ ജില്ലാ ഭരണകൂടം ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്ന എന്നറിഞ്ഞപ്പോള്‍ എനിക്ക് സത്യത്തില്‍ വലിയ സന്തോഷമാണ് തോന്നിയത്. സ്കൂളിലെ എന്റെ കൂട്ടുകാരാണ് ഈ പേര് തെരഞ്ഞെടുത്തത്. ഭയങ്കര ഇഷ്ടമാണെനിക്ക് ഈ പേര്. നമ്രത, നേഹ എന്നിങ്ങനെ പേരുകളും നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍, എനിക്കിഷ്ടം സാക്ഷി എന്നതായിരുന്നു. ചരിത്രപ്രധാനമായ ഒരു ചടങ്ങിന് സാക്ഷിയാവുന്നു എന്ന നിലക്ക് അതു തന്നെയായിരുന്നു അനുയോജ്യം.

നോക്കൂ, എനിക്കിപ്പോള്‍ ഒരു പേരുണ്ട്

ഞാനിനി എന്റെ കുടുംബങ്ങളോട് എന്റെ പുതിയ പേര് പറയും. ഇനി ആ പേരു വിളിച്ചാല്‍ മതിയെന്ന് അവരോട് ആവശ്യപ്പെടും. ഈ ചടങ്ങിന് വരുമ്പോള്‍, ഞാനവരോട് സമ്മതം ചോദിച്ചിരുന്നു. പേരു മാറ്റാന്‍ അവര്‍ക്ക് പ്രശ്നമുണ്ടായിരുന്നില്ല. അവര്‍ക്കും തോന്നിക്കാണണം, എനിക്ക് ആ പേരിട്ടത് ശരിയായില്ലെന്ന്.
പേര് ശരിയാവാന്‍ കുറച്ചു ക്ഷമിക്കേണ്ടി വരുമെന്ന് എനിക്കറിയാം. ആളുകള്‍ ഇനിയും നകുഷ എന്നു തന്നെ വിളിക്കാനാണ് സാധ്യത. കുറേ നാളുകള്‍ എടുക്കും, അവരെന്റെ പുതിയ പേര് അംഗീകരിക്കാന്‍.
എങ്കിലും, നോക്കൂ, എനിക്കിപ്പോള്‍ ഒരു പേരുണ്ട്. എത്ര നല്ല കാര്യമാണ് അതെന്നോ. അതെനിക്ക് ആത്മവിശ്വാസം പകരുന്നതാണ്. അതെന്റെ ജീവിതം എന്നേക്കുമായി മാറ്റിമറിക്കും.
സ്വയം ഒരു ഐഡന്റിറ്റി ഉണ്ടാവണമെന്ന് എനിക്ക് പണ്ടേ ആഗ്രഹമുണ്ടായിരുന്നു. കുടുംബവുമായി ചേര്‍ന്ന ഒന്നായിരുന്നു എന്റെ ഐഡന്റിറ്റി. ഇപ്പോള്‍, എനിക്ക് എന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടായിരിക്കുന്നു.
ശരിക്കുള്ള ഒരു പേര് ഉണ്ടാവുക എന്നത് അതിപ്രധാനമാണ്. ഞാനിപ്പോള്‍ സ്കൂളിലാണ്. ഇനി കോളജില്‍ പോവും. ഒരു പുതു ജീവിതത്തിന്റെ തുടക്കമായിരിക്കും അത്. കോളജില്‍ ഞാനറിയപ്പെടാന്‍ പോവുന്നത് പുതിയ പേരിലായിരിക്കും. പണ്ട് ഞാന്‍ നകുഷ ആയിരുന്നെന്ന് ഒരാളും അറിയില്ല. ഭാവിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്കാവേശം വരുന്നു.

നകുഷമാർ ഉണ്ടാകുന്നത്

2 thoughts on “സാക്ഷി പറയുന്നു: ഇനി ഞാന്‍ ‘വേണ്ടാത്തവളല്ല’

  1. hope tat d struggle of tese gals wil bring about a change in d attitude of people..girl child s an asset ..they hav d courage,individuality,nd talents to reach heights..

  2. സ്വയം ഒരു ഐഡന്റിറ്റി ഉണ്ടാവണമെന്ന് എനിക്ക് പണ്ടേ ആഗ്രഹമുണ്ടായിരുന്നു. കുടുംബവുമായി ചേര്‍ന്ന ഒന്നായിരുന്നു എന്റെ ഐഡന്റിറ്റി. ഇപ്പോള്‍, എനിക്ക് എന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടായിരിക്കുന്നു.
    ശരിക്കുള്ള ഒരു പേര് ഉണ്ടാവുക എന്നത് അതിപ്രധാനമാണ്. ഞാനിപ്പോള്‍ സ്കൂളിലാണ്. ഇനി കോളജില്‍ പോവും. ഒരു പുതു ജീവിതത്തിന്റെ തുടക്കമായിരിക്കും അത്. കോളജില്‍ ഞാനറിയപ്പെടാന്‍ പോവുന്നത് പുതിയ പേരിലായിരിക്കും. പണ്ട് ഞാന്‍ നകുഷ ആയിരുന്നെന്ന് ഒരാളും അറിയില്ല. ഭാവിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്കാവേശം വരുന്നു.

    മനോഹരം ..

Leave a Reply

Your email address will not be published. Required fields are marked *