നകുഷമാര്‍ ഉണ്ടാകുന്നത്

മഹാരാഷ്ട്രയിലെ സത്താറയില്‍ കഴിഞ്ഞ ആഴ്ച അസാധാരണമായ ഒരു ചടങ്ങ് നടന്നു. ‘വേണ്ടാത്തവള്‍‘ എന്നര്‍ഥം വരുന്ന നകുഷ എന്ന പേരുള്ള 280 ഓളം പെണ്‍കുട്ടികള്‍ക്ക് ജില്ലാ ഭരണകൂടം ഇടപെട്ട് പുതിയ പേരുകളിട്ടു. തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ പിറക്കുമ്പോള്‍ ഇനി അങ്ങനെ സംഭവിക്കല്ലേ എന്ന ആഗ്രഹത്തോടെ മാതാപിതാക്കള്‍ ഇടുന്ന പേരാണ് നകുഷ. സ്വന്തം പേരില്ലാത്ത അനേകം നകുഷമാരാണ് ഈ പ്രദേശങ്ങളിലുള്ളത്. സത്താറയിലെ പേരിടല്‍ കര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ സ്മിതാ മീനാക്ഷിയുടെ നിരീക്ഷണം

ഇക്കഴിഞ്ഞ ശനിയാഴ്ച, അതായത് ഒക്റ്റോബര്‍ ഇരുപത്തിരണ്ടാം തീയതി മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്ക് വളരെ പ്രത്യേകതയുള്ള ഒരു ദിവസമായിരുന്നു. അന്ന് അവിടെ നടന്നത് അവരുടെ പേരിടല്‍ ചടങ്ങാണ്. ക്ഷമിക്കണം – പുനര്‍ നാമകരണച്ചടങ്ങ് എന്നാണു പറയേണ്ടത്, ആ കുട്ടികള്‍ക്ക് അവരുടെ അച്ഛനമ്മമാര്‍ ജനിച്ചപ്പോഴേ പേരു നല്‍കിയതായിരുന്നല്ലോ. ആ പേരുകള്‍ ലോകത്തോടു വിളിച്ചു പറഞ്ഞിരുന്നത് അവര്‍ ആവശ്യമില്ലാത്ത ജന്മങ്ങളാണെന്നായിരുന്നു. ‘നകുഷ’ എന്ന പേരില്‍ വിളിക്കപ്പെട്ടിരുന്ന ഇരുനൂറ്റി എണ്‍പതോളം പെണ്‍കുട്ടികളാണ് ആ ചടങ്ങില്‍ വച്ച് ജീവിതത്തില്‍ പ്രതീക്ഷയുണര്‍ത്തുന്ന പുതിയ പേരുകള്‍ സ്വീകരിച്ചത്. അവരില്‍ കൂടുതല്‍ പേരും സ്വീകരിച്ച പേര് ‘ഐശ്വര്യ എന്നാണ്. ഇന്നുവരെ അവര്‍ വിളിക്കപ്പെട്ടതിന്റെ നേര്‍ വിപരീതമായ നാമം.

‘നകുഷ‘ യെന്നാല്‍ ‘വേണ്ടാത്തവള്‍‘ ( unwanted) എന്നാണു മറാത്തി ഭാഷയില്‍ അര്‍ത്ഥം. ആണ്‍കുട്ടിയെ പ്രതീക്ഷിച്ചിരിക്കുന്ന മാതാപിതാക്കള്‍ പെണ്‍കുഞ്ഞിന്റെ ജനനത്തിലുണ്ടായ നിരാശയും രോഷവും പ്രകടിപ്പിക്കുന്നതിന് ആ കുഞ്ഞിനു നല്‍കുന്ന പേരാണു നകുഷ. ഒന്നില്‍ കൂടുതല്‍ പെണ്‍കുട്ടികളുള്ളവരോ, കുട്ടി ആണാകുവാന്‍ കാത്തിരിക്കുന്നവരോ ആകാം ആ മാതാപിതാക്കള്‍. വെറുമൊരു വിളിപ്പേരല്ല ഇത്, ഔപചാരികമായി അവര്‍ നകുഷയോ, നകുഷിയോ, നകോഷിയോ ആയി മാറുകയാണ്. സത്താറ ജില്ലയിലെ പല താലൂക്കുകളില്‍ നിന്നുമായി സ്കൂള്‍ രേഖകളില്‍ നിന്ന് അധികൃതര്‍ ഇത്തരം പേരുള്ള 266 പേരെ കണ്ടെത്തിയെന്നാണ് വാര്‍ത്തകള്‍ നമ്മോടു പറയുന്നത്. (സ്കൂളിലെത്തിപ്പെടാത്തവരും, എത്തിക്കടന്നുപോയവരും വേറെ !) സത്താറയിലെ ചില സ്ഥലങ്ങളില്‍ രണ്ടാമതു ജനിക്കുന്ന എല്ലാ പെണ്‍കുട്ടികളും നകുഷമാരാണെന്നും ഒരു വാര്‍ത്തയില്‍ വായിച്ചു.

‘പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കുക‘ എന്ന സര്‍ക്കാര്‍ സംരംഭത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രവര്‍ത്തനം നടന്നത്. ജില്ലാ പരിഷത്തിലെ ഉദ്യോഗസ്ഥരാണ് നകുഷമാരെ കണ്ടെത്തിയത്. കലക്ടറും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു വന്‍ സന്നാഹം തന്നെ ഇതിന്റെ പിന്നണിയിലുണ്ടായിരുന്നു. ഗവണ്മെന്റ് അതിന്റെ സ്ഥാനം തിരിച്ചറിയുന്ന ചില നല്ല മുഹൂര്‍ത്തങ്ങളിലൊന്നായി ഈ സംഭവത്തെ കാണാം.
ഈ വാര്‍ത്ത രണ്ടു രീതിയിലാണു നാമുള്‍ക്കൊള്ളൂന്നത് ; ഒന്നാമത്, പെണ്‍കുട്ടികളെ ജീവിക്കാനനുവദിക്കുക (ജനിക്കാനും) എന്ന ആഹ്വാനത്തെ സമൂഹമനസ്സിലേയ്ക്കെത്തിക്കുന്ന പ്രവര്‍ത്തനമെന്ന രീതിയില്‍ പ്രതീക്ഷയായും‍, രണ്ടാമത്, ഇപ്പോഴും ഇത്രയും പ്രകടമായ വിവേചനം നമ്മുടെ സമൂഹത്തില്‍ ക്രൂരവും നീചവുമായ രീതിയില്‍ നിലനില്‍ക്കുന്നു എന്ന ഭയജനകമായ തിരിച്ചറിവായും.

പലയിടത്തും ഒരു കുടുംബത്തിലെ അഞ്ചാമത്തെയോ ആറാമത്തെയോ ഏറ്റവും ഒടുവിലത്തെയോ കുട്ടിയാണു നകുഷയാകുന്നത്. ഒരു പെണ്‍കുട്ടിയ്ക്ക് നകുഷി അഥവാ നകുഷ എന്നു പേരു കൊടുക്കുന്നതിലൂടെ അടുത്തതായി ജനിക്കുന്ന കുട്ടി ആണ്‍കുട്ടിയാകും എന്നും ഒരു വിശ്വാസം അവരുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സ്വന്തം കുഞ്ഞ് ആവശ്യമില്ലാത്തവള്‍ അല്ലെങ്കില്‍ പോലും ആ പേരു കൊടുക്കുവാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരാകുന്നു. ഈ ആചാരം സാമ്പത്തികമായി താഴ്ന്ന വിഭാഗങ്ങളില്‍ മാത്രമല്ല മധ്യവര്‍ഗ്ഗമുള്‍പ്പെടെയുള്ള നിലകളിലും കാണപ്പെടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഒരാണ്‍കുട്ടിയ്ക്കു വേണ്ടി മാത്രമായി, അഞ്ചും ആറും തവണ പ്രസവിക്കുവാന്‍ നിര്‍ബന്ധിതരാകുകയാണു സ്ത്രീകള്‍. ഗര്‍ഭസ്ഥശിശു അഥവാ പെണ്ണാണെങ്കില്‍ ലിംഗമാറ്റത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തുന്ന ജനസമൂഹങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. പുത്രനെ പ്രസവിക്കാത്ത സ്ത്രീ, കുടുംബത്തിന്റെ ശാപമാണെന്ന വിശ്വാസവും ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നു. ‘നൂറു പുത്രന്മാര്‍ക്കു ജന്മം കൊടുക്കുക‘ എന്ന വിവാഹ ആശിര്‍വാദം വിലയേറിയതാകുന്നു ഇവിടിപ്പോഴും.

മഹാരാഷ്ട്രയില്‍ മാത്രം പ്രതിവര്‍ഷം 55053 പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ട് എന്ന് ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകള്‍ പറയുന്നു. 2011 ലെ സെന്‍സസ് അനുസരിച്ച് ആയിരം പുരുഷന്മാര്‍ക്ക് എണ്ണൂറ്റി എണ്‍പത്തിമൂന്ന് സ്ത്രീകള്‍ എന്നതാണു മഹാരാഷ്ട്രയിലെ ലിംഗാനുപാതം. ഗര്‍ഭത്തില്‍ നിന്നു പിഴുതെറിയപ്പെട്ടവരും ജനിച്ച ഉടനെ കൊല്ലപ്പെട്ടവരുമായ പെണ്‍കുഞ്ഞുങ്ങളുടെ ശരീരങ്ങള്‍ മലിനജല കനാലുകളില്‍ കാണപ്പെടുന്ന കാലത്താണു നാം ജീവിക്കുന്നതെന്നു ഭയപ്പാടൊടെ നാം ചിന്തിക്കുന്നു. സത്താറ ജില്ലയില്‍ സ്ത്രീ ജനസംഖ്യ തരതമ്യേന കുറവാണെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവിടെ,ഒരുപാട് പെണ്‍‌ജന്മങ്ങള്‍ ജനിക്കുന്നതിനു മുന്‍പ് പിഴുതെറിയപ്പെട്ടിരിക്കും. ലിംഗനിര്‍ണ്ണയം നടത്താനാകാതെ പോയവരും, ഭ്രൂണഹത്യയ്ക്ക് പണമില്ലാതെ പോയവരുമാകാം ‘നകുഷ‘മാര്‍ക്കു ജന്മം കൊടുത്തത്.

‘ഒരു പേരിലെന്തിരിക്കുന്നു‘ എന്നാരൊക്കെ ചോദിച്ചാലും, ഇവിടെ പേരുമാറിക്കിട്ടിയ പെണ്‍കുരുന്നുകള്‍ക്ക്, ഒരു പേരിലൊരു ജീവിതം തന്നെയുണ്ടെന്നു പറയുവാന്‍ കഴിയും. പേരില്‍പ്പോലും ‘ആവശ്യമില്ലാത്തവരാ‘യി മാറിയ അവര്‍ക്ക് മറ്റെന്തൊക്കെയായിരിക്കും ഇതുവരെയുള്ള ജീവിതത്തില്‍ നഷ്ടമായിരിക്കുക? അവയൊന്നും തിരിച്ചുകൊടുക്കുവാന്‍ ആര്‍ക്കുമാകില്ല, ‘ഐശ്വര്യ‘യെന്നോ ‘ഭാഗ്യശ്രീ‘യെന്നോ പേരുമാറ്റുന്നതിലൂടെ നാളത്തെ അവരുടെ ജീവിതം ഐശ്വര്യം നിറഞ്ഞതാകും എന്നും നമുക്ക് പ്രതീക്ഷിക്കാനാകില്ല. എങ്കിലും ഇനി മുതല്‍ ഒരോ വിളിയിലും അവര്‍ വേദനിപ്പിക്കപ്പെടുകയില്ല എന്നെങ്കിലും നമുക്കാശ്വസിക്കാം. തികച്ചും പ്രതീകാത്മകമായ ഒരു മുന്നേറ്റമായിരുന്നു അത്, പേരും ഒരു പ്രതീകം തന്നെയാണല്ലൊ. നകുഷമാരെ ഐശ്വര്യമാരാക്കിമാറ്റിയ പ്രക്രിയ സമൂഹത്തെ കുറച്ചെങ്കിലും ബോധവത്കരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സ്മിതാ മീനാക്ഷി

സത്താറ ജില്ലയില്‍ നിന്നുള്ള വാര്‍ത്തകള്‍, മുന്‍പ് കര്‍ഷക ആത്മഹത്യകളിലൂടെയും നമ്മുടെ മുന്‍പിലെത്തിയതാണ്. ജീവിതത്തെ അതിജീവനമാക്കുവാന്‍ നിര്‍ബന്ധിതരാകുന്ന ഒരു ജനതയ്ക്ക് ഒരുപക്ഷേ ഇങ്ങനെയൊക്കെയാകും അവരുടെ അമര്‍ഷം പ്രകടിപ്പിക്കാനാകുക. ദുരാചാരങ്ങളെ കൂട്ടുപിടിച്ച് സങ്കീര്‍ണമാക്കുന്ന ജീവിതങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അന്യമല്ല. ഒരു പെണ്‍കുട്ടി സമൂഹത്തില്‍ ആണ്‍കുട്ടിയുടെ ഒപ്പം അന്തസ്സു നേടുന്ന കാലം ഇനിയും അകലെയാണെന്ന് ഇവയൊക്കെ നമ്മോടു പറയുന്നു. സ്ത്രീ ധനവും, സ്ത്രീ വാണിഭവും നിലനില്‍ക്കുന്ന മണ്‍‌തറയില്‍ നിന്നാണല്ലോ നാം 2ജി യില്‍ നിന്ന് 3ജി യിലേയ്ക്കും 4ജിയിലേയ്ക്കുമൊക്കെ കണ്ണൂം കാതും തുറക്കുന്നത്.

സാക്ഷി പറയുന്നു: ഇനി ഞാന്‍ ‘വേണ്ടാത്തവളല്ല’

7 thoughts on “നകുഷമാര്‍ ഉണ്ടാകുന്നത്

 1. “‘ഐശ്വര്യ‘യെന്നോ ‘ഭാഗ്യശ്രീ‘യെന്നോ പേരുമാറ്റുന്നതിലൂടെ നാളത്തെ
  അവരുടെ ജീവിതം ഐശ്വര്യം നിറഞ്ഞതാകും എന്നു നമുക്ക് പ്രതീക്ഷിക്കാനാകില്ല. എങ്കിലും ഇനി മുതല്‍ ഒരോ വിളിയിലും അവര്‍ വേദനിപ്പിക്കപ്പെടുകയില്ല എന്നെങ്കിലും നമുക്കാശ്വസിക്കാം.”
  അതെ , അത്രയെങ്കിലും ആശ്വാസം… നല്ലൊരു പോസ്റ്റിനു നന്ദി സ്മിതാ…

 2. നന്ദി ഈ വാര്‍ത്ത കാണിച്ചു തന്നതിന്………..ഒരു പേരിലെന്തിരിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. എങ്കിലും ജന്മം കൊടുത്തവര്‍ ഈ പേര് ചൊല്ലിവിളിക്കുമ്പോള്‍ മുഖം കുനിയുന്ന നൂറുകണക്കിന് പെണ്‍കുഞ്ഞുങളുടെ മുഖം മനസ്സില്‍ തെളിയുന്നു.
  വെള്ളം വെറുതെ കളയുമ്പോള്‍ അമ്മ പറയാറുണ്ട് ഈ ജന്മം വെള്ളം പാഴാക്കിയാല്‍ അടുത്തജന്മം വേണ്ടാത്തിടത്ത് പെണ്ണായി ജനിക്കുമെന്ന് .. അപ്പോള്‍ അമ്മയും ഞാനും തമ്മില്‍ ഉള്ള ഔരു മൌനഭാഷണം ഉണ്ട്. ഞ്ഗങളുടെ മനസ്സിലൂടെ ഒരു മിന്നല്‍ പിണര്‍ പോലെ പാഞ്ഞു പോവും ആ ഭീകരമായ അവസ്ഥ . ഒന്നും ചെയ്യാനാവില്ല ……പൈപ്പ് മുറുക്കെ അടച്ച് ബാക്കി ജോലികളില്‍ ഏര്‍പ്പെടുകയല്ലാതെ.

 3. ഗവണ്മെന്റ് അതിന്റെ സ്ഥാനം തിരിച്ചറിയുന്ന ചില നല്ല മുഹൂര്‍ത്തങ്ങളിലൊന്നായി ഈ സംഭവത്തെ കാണാം.
  valare sari…

 4. ഗവണ്മെന്റ് അതിന്റെ സ്ഥാനം തിരിച്ചറിയുന്ന ചില നല്ല മുഹൂര്‍ത്തങ്ങളിലൊന്നായി ഈ സംഭവത്തെ കാണാം.
  , പെണ്‍കുട്ടികളെ ജീവിക്കാനനുവദിക്കുക (ജനിക്കാനും)

 5. “ഒരു പെണ്‍കുട്ടി സമൂഹത്തില്‍ ആണ്‍കുട്ടിയുടെ ഒപ്പം അന്തസ്സു നേടുന്ന കാലം ഇനിയും അകലെയാണെന്ന് ഇവയൊക്കെ നമ്മോടു പറയുന്നു….” ആ കാലം അടുതെതാന്‍ പുതിയ തലമുറയിലേക്കു എങ്കിലും നമ്മുക്ക് തിരിച്ചറിവ് പകരാന്‍ ശ്രമിക്കാം.,

  അത്തരം തിരിച്ചറിവിലേക്ക് ഉതകുന്ന നല്ല പോസ്റ്റ്‌, നന്ദി.

 6. Excellent writing…………….It’s a shocking news to us….. In Kerala we never do this…… Our literacy will be a major factor to recognize a girls’ identity…… thanks Smitha…….

Leave a Reply to jayachandranmoker Cancel reply

Your email address will not be published. Required fields are marked *