പൂക്കളും മിഠായിപ്പൊതികളും ക്രമസമാധാനം തകര്‍ക്കുമോ?

മകളെ കാണാതെ നീറിക്കഴിയുന്ന അമ്മക്ക് നല്‍കാന്‍ അവരുടെ കയ്യില്‍ പൂക്കളുണ്ടായിരുന്നു. ഭയത്തിന്റെ ഉള്‍പ്പനി പിടിച്ച കുഞ്ഞുങ്ങള്‍ക്കു നല്‍കാന്‍ ഒരു പിടി മിഠായിയും. ഈ സുഹൃദ് സംഘം ഷൈനയുടെ വീട്ടിലേക്ക് എത്തും മുന്‍പ് ക്രമസമാധാന പ്രശ്നം പറഞ്ഞ് പോലീസ് അവരെ അറസ്റ്റ് ചെയ്തു. മിഠായി കൂടുതല്‍ കഴിച്ചാല്‍ പ്രമേഹ രോഗവും പുഴുപ്പല്ലുമുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ മിഠായിപ്പൊതികള്‍ ക്രമസമാധാന പ്രശ്നവുമുണ്ടാക്കുമെന്ന് ഇപ്പോള്‍ കേരളാ പോലീസ് പഠിപ്പിക്കുന്നു-സവാദ് റഹ് മാന്‍ എഴുതുന്നു

ഫോട്ടോ:ജെറിന്‍ മതിലകം

പാതിരാത്രിയും പകലും പോലീസുകാര്‍ നിരന്തരം ചെല്ലുന്ന ഒരു വീട്ടിലേക്ക് സാന്ത്വന-ഐക്യദാര്‍ഢ്യ സന്ദേശവുമായി നടന്നു ചെന്ന നാല്‍പതോളം പൌരാവകാശ പ്രവര്‍ത്തകരെ ഇന്നു രാവിലെ പോലീസ് അറസ്റ്റു ചെയ്തു. മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് നകരുതപ്പെടുന്ന ഹൈക്കോടതി മുന്‍ ജീവനക്കാരി പി.എ.ഷൈനയുടെ വീട്ടില്‍ പോലീസ് ബൂട്ടടികളും ഭീതിജനകമായ ആക്രോശങ്ങളും പതിവായതോടെയാണ് ആ വീട്ടിലെ പ്രായമായ അമ്മയോടും കുഞ്ഞുങ്ങളോടും നിങ്ങളൊറ്റക്കല്ലാ എന്നു പറയാന്‍ ഒരുകൂട്ടം സുഹൃത്തുക്കള്‍ തീരുമാനിച്ചത്. ബന്ധുക്കള്‍ പോലും ഭയന്ന് കൈവിട്ട അവസ്ഥയിലാണ് ഈ സുഹൃത്തുക്കള്‍ രംഗത്തുവരുന്നത്.
സുഹൃത്തുക്കള്‍ എന്നു വെച്ചാല്‍ പലരും ഷൈനയെ കണ്ടിട്ടോ, കേട്ടിട്ടോ പോലുമുള്ളവരല്ല. ഷൈനക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു വീട്ടില്‍ കടന്നു ചെന്ന് ക്രമസമാധാന പാലനം എന്ന പേരില്‍ ഭീകരത അഴിച്ചുവിടുന്നത്, വൃദ്ധരോടും കുട്ടികളോടും ക്രൂരമായി പെരുമാറുന്നത്, ഒരു ജനാധിപത്യ രാഷ്ട്രത്തിനു ചേര്‍ന്നതല്ല എന്ന തികഞ്ഞ ബോധ്യമാണ് ഫെയ്സ്ബുക്കും ഇ മെയിലും വഴി ലഭിച്ച ക്ഷണക്കുറി കണ്ട് , സ്വാതന്ത്യ്രത്തിന്റെയും സ്വാഭിമാനത്തിന്റെയും വിളക്കുകള്‍ അണയാതിരിക്കട്ടെ എന്ന് ചിന്തയില്‍ ഈ ദീപാവലി ദിവസം വലപ്പാട്ടേക്ക് വണ്ടി കയറാന്‍ നൂറോളം മനുഷ്യരെ പ്രേരിപ്പിച്ചത്.

മകളെ കാണാതെ നീറിക്കഴിയുന്ന അമ്മക്ക് നല്‍കാന്‍ അവരുടെ കയ്യില്‍ പൂക്കളുണ്ടായിരുന്നു. ഭയത്തിന്റെ ഉള്‍പ്പനി പിടിച്ച കുഞ്ഞുങ്ങള്‍ക്കു നല്‍കാന്‍ ഒരു പിടി മിഠായിയും കരുതിയിരുന്നു. ഈ സുഹൃദ് സംഘം ഷൈനയുടെ വീട്ടിലേക്ക് എത്തും മുന്‍പ് ക്രമസമാധാന പ്രശ്നം പറഞ്ഞ് പോലീസ് അവരെ അറസ്റ്റ് ചെയ്തു. മിഠായി കൂടുതല്‍ കഴിച്ചാല്‍ പ്രമേഹ രോഗവും പുഴുപ്പല്ലുമുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ മിഠായിപ്പൊതികള്‍ ക്രമസമാധാന പ്രശ്നവുമുണ്ടാക്കുമെന്ന് ഇപ്പോള്‍ കേരളാ പോലീസ് പഠിപ്പിക്കുന്നു.

ഒരാഴ്ച മുന്‍പ് ഷൈനയുടെ വീടു സന്ദര്‍ശിക്കാനെത്തിയ കേരളത്തിന്റെ പ്രിയ സമരനായകന്‍ ഗ്രോ വാസുവേട്ടനെയും തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമെത്തിയ അഭിഭാഷകരടക്കമുള്ള വൃദ്ധരായ പൌരാവകാശ പ്രവര്‍ത്തകരെയും തൃശൂര്‍ ഗസ്റ്റ് ഹൌസില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഗുഢാലോചനകളടക്കം പല പല ഗുരുതര കുറ്റങ്ങളാണ് അവര്‍ക്കുമേല്‍ പോലീസ് ആരോപിച്ചത്.

ഇത്രമാത്രം ഭീകരമായ കേസന്വേഷണങ്ങള്‍ക്കിരയാക്കപ്പെടാന്‍ തക്കതായ എന്തു കുറ്റമാണ് ഷൈന ചെയ്തതെന്ന് ഇതു വരെ വ്യക്തമല്ല. എത്ര വലിയ കൊടുംകുറ്റവാളിയാണെങ്കിലും ഈ മാതാവിനെയും കുട്ടികളെയും പീഡിപ്പിക്കാന്‍ അതൊരു ന്യായവുമല്ല. നിരോധിത പാര്‍ട്ടിയുടെ അനുഭാവിയാകുന്നത് അറസ്റ്റ് ചെയ്യപ്പെടാന്‍ മതിയായ കുറ്റമല്ല എന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കിയിട്ടുള്ളതുമാണ്.
മാവോയിസ്റ്റുകള്‍ കേരളത്തില്‍ സജീവമാവുന്നു എന്ന പ്രചാരണം കുറച്ചുകാലമായി മാധ്യമങ്ങളുടെ സഹായത്തോടെ പോലീസ് നടത്തി വരുന്നുണ്ട്. ഭരണകൂടത്തിനും വ്യവസായ ലോബികള്‍ക്കും ശല്യമാവുന്നവരെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി ഒതുക്കുക, ജയിലിലടക്കുക, അല്ലെങ്കില്‍ കൊണ്ടുപോയി കൊന്നേക്കുക എന്ന ദേശീയ നയം കേരളത്തിലും നടപ്പാക്കുന്നതിനു മുന്നോടിയാണീ പ്രചാരണ യുദ്ധം.

ഫോട്ടോ:ജെറിന്‍ മതിലകം

മാവോയിസ്റ്റുകള്‍ കുറ്റ രഹിതരാണെന്നോ ഭരണകൂട അതിക്രമങ്ങള്‍ മാത്രമാണ് അപലപിക്കപ്പെടേണ്ടതെന്നോ ഉള്ള വിശ്വാസം ഈ കുറിപ്പെഴുതുന്നവനില്ല. മാവോയിസ്റ്റുകളോ മതരാഷ്ട്രവാദികളോ ചെങ്കോട്ട പിടിക്കുന്ന കാലം വന്നാല്‍ ഇതുപോലൊരു പ്രതികരണക്കുറിപ്പെഴുതാനുള്ള സ്വാതന്ത്യ്രം പോലും അവശേഷിക്കില്ല എന്നും നല്ല ബോധ്യമുണ്ട്. നിരായുധ ജനങ്ങള്‍ക്കും ഭരണകൂട ആജ്ഞകള്‍ നിറവേറ്റാന്‍ വിധിക്കപ്പെട്ട പോലീസുകാര്‍ക്കുമെതിരെ അരങ്ങേറുന്ന മാവോയിസ്റ്റ് അതിക്രമങ്ങളും ഇതേ ശബ്ദത്തില്‍ എതിര്‍ക്കപ്പെടേണ്ടതാണ്. ഇന്ത്യയുടെ ചില പ്രദേശങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്നുണ്ട്,. ക്രമേണ ഇന്ത്യ മുഴുവന്‍ മാവോയിസ്റ്റ് അധീശത്വം സ്ഥാപിക്കപ്പെടും എന്നു പേടിപ്പിച്ചാണ് ഭരണകുടം ഈ നാണം കെട്ട വേട്ടകള്‍ നടത്തുന്നത്.

ദുര്‍ബലരും ആട്ടിപ്പായിക്കപ്പെട്ടവരും ആദി വാസി സമൂഹങ്ങളും പലയിടത്തും മാവോയിസ്റ്റുകളുമായി തോള്‍ ചേര്‍ന്ന് ജീവിതപ്പോരാട്ടം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്- മാവോ സൂക്തങ്ങളുടെ ഉഗ്രതയോ മാവോരാജ്യം ഉദയമെടുക്കുമെന്ന സ്വപ്നമോ അല്ല അവരെ അതിനു പ്രേരിപ്പിക്കുന്നത്, മറിച്ച് കാല്‍ ചവിട്ടി നില്‍ക്കുന്ന മണ്ണുപോലും തുരന്നെടുക്കുന്ന ബഹുമുഖ ചൂഷണത്തില്‍ നിന്ന് രക്ഷ ലഭിക്കുമെന്ന തോന്നലുകളാണ്.

മാവോവാദം രാജ്യത്തെ ബാധിച്ച മാരക രോഗമാണെന്ന് പറയുന്നുണ്ട് രാജ്യതന്ത്രജ്ഞര്‍. എന്നാല്‍ ഇല്ലാത്തവനില്‍ നിന്ന് പിടിച്ചുപറിച്ച് താലത്തില്‍ വെച്ച് ഉള്ളവന് കൊടുക്കുന്ന ഭരണക്രമമാണ് ഈ രോഗത്തിന്റെ മുഖ്യകാരണം എന്നവര്‍ മിണ്ടുന്നില്ല. അസമത്വവും ചൂഷണവും അടിച്ചമര്‍ത്തലുകളും വര്‍ധിക്കുന്നതിനൊപ്പം രോഗവും പടരുന്നു. ഈ നിലയിലാണ് കാര്യങ്ങളെങ്കില്‍ സ്നേഹത്തിന്റെ മിഠായിമധുരത്തെപ്പോലും ഭയക്കുന്ന, പൌരാവകാശത്തിന്റെ പൂച്ചെണ്ടുകള്‍ പോലും ചവിട്ടിയരക്കുന്ന പോലീസ് ചികില്‍സയേക്കാള്‍ ഭേദം ഈ മാരക രോഗം തന്നെയെന്ന് രാജ്യം തീരുമാനിച്ചാലും അല്‍ഭുതപ്പെടാനില്ല.

6 thoughts on “പൂക്കളും മിഠായിപ്പൊതികളും ക്രമസമാധാനം തകര്‍ക്കുമോ?

  1. “മാവോ സൂക്തങ്ങളുടെ ഉഗ്രതയോ മാവോരാജ്യം ഉദയമെടുക്കുമെന്ന സ്വപ്നമോ അല്ല അവരെ അതിനു പ്രേരിപ്പിക്കുന്നത്, മറിച്ച് കാല്‍ ചവിട്ടി നില്‍ക്കുന്ന മണ്ണുപോലും തുരന്നെടുക്കുന്ന ബഹുമുഖ ചൂഷണത്തില്‍ നിന്ന് രക്ഷ ലഭിക്കുമെന്ന തോന്നലുകളാണ്.” മാവോയിസ്റ്റുകള്‍ എന്നതു വെറുമൊരു പേരു മാത്രം . പോരാട്ടം ജീവിതത്തിനുവേണ്ടിയാണ്, മാര്‍ഗ്ഗങ്ങള്‍ , സാഹചര്യങ്ങളും , മാനസികാവസ്ഥകളുമനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്നവയും. അതുകൊണ്ടു തന്നെ പേരിന്റെ നിര്‍വചനം വേണ്ടിടത്തു വലിച്ചും നീട്ടിയും ആരെയും വലയിലാക്കാന്‍ എളുപ്പവുമാണ്.

  2. “മുല്ലപൂക്കളില്ലുടെ ” വിപ്ലം പടരുന്നു ഈ വല്ലാത്ത കാലത്ത് ,ഭരണകൂടും പൂക്കളും മിട്ടായി പൊതികളും നിരോധിചെക്കാം, എല്ലാ പ്രതിരോധങ്ങളയും നേരിടാന്‍ എളുപ്പം ,അവയെ ബ്രാന്‍ഡ്‌ ചെയുക്ക എന്നുതെ തന്നയാണ് ! മവോസിസ്റ്റ് എന്ന് ,ഭീകരവാദി എന്നോ ,ദേശദ്രോഹി എന്നോ ഉള്ള ആരപ്പുവിളിച്കളില്‍ യഥാര്‍ത്ഥ പ്രശ്നേം മറന്നു പോകുന്നു ~

  3. Yes to crush some one, the easiest way is to brand them terrorist..same old technique used by all rulers all over the places..

  4. കേരളാ പോലിസിന് ഭ്രാന്തായെന്ന് തോന്നുന്നു. ഇന്ത്യയില്‍ ആദ്യത്തെ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയ പോലിസല്ലേ.

  5. Keralam is transforming terribly…from a socially active and aware society to a police state??.. Condemn the incident..people are not intellectually dead here..Let’s have our platforms, discussions and reactions like this..

  6. മാവോവാദം രാജ്യത്തെ ബാധിച്ച മാരക രോഗമാണെന്ന് പറയുന്നുണ്ട് രാജ്യതന്ത്രജ്ഞര്‍. എന്നാല്‍ ഇല്ലാത്തവനില്‍ നിന്ന് പിടിച്ചുപറിച്ച് താലത്തില്‍ വെച്ച് ഉള്ളവന് കൊടുക്കുന്ന ഭരണക്രമമാണ് ഈ രോഗത്തിന്റെ മുഖ്യകാരണം എന്നവര്‍ മിണ്ടുന്നില്ല…..

    ഇങ്ങനെയുള്ള രാഷ്ട്രീയക്കാരെ വേദി വച്ചു കൊല്ലാന്‍ തോന്നിയാല്‍ എങ്ങനെ തെറ്റ് പറയും….!!!

Leave a Reply to K A SALIM Cancel reply

Your email address will not be published. Required fields are marked *