ഒരു സിലിണ്ടര്‍ പ്രാണവായുവിന് എന്ത് വിലവരും?

 
 
 
 
ഒരു ദിവസം ശ്വസിക്കുന്ന പ്രാണവായുവിന്റെ വിലയറിയാന്‍ ആശുപത്രിയില്‍ ചെന്ന് ഓക്സിജന്‍ സിലണ്ടര്‍ പിടിപ്പിച്ച ഒരു രോഗിയുടെ ആശുപത്രി ബില്ല്പരിശോധിച്ചാല്‍ മതി- ടി.പി പത്മനാഭന്‍ മാസ്റ്റര്‍ എഴുതുന്നു
 
 
സാമൂഹിക നീതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ, ഭരണകൂടങ്ങളുടെ സോഷ്യലിസത്തിന്റെ പൊള്ളത്തരം അനാവരണം ചെയ്യുന്ന ഒരു ഉപഭോഗ വസ്തുവാണ് പാചകവാതകം. ഇന്ന് കിട്ടുന്ന അത്രയും പാചകവാതക സിലിണ്ടര്‍ ലഭ്യമാക്കണമെന്ന ശാഠ്യത്തിനര്‍ഥം ഇന്ന് ഉപയോഗിക്കാത്തവര്‍ക്ക് അതൊരിക്കലും കൊടുക്കരുത് എന്നു കൂടിയാണ്-ടി.പി പത്മനാഭന്‍ മാസ്റ്റര്‍ എഴുതുന്നു
 

courtesy: Kaladhar-Bapu


 
നമുക്ക് ഒരു ദിവസം ശ്വസിക്കാന്‍ എത്ര പ്രാണവായു വേണം. ശരാശരി പതിമൂന്നര കിലോ ഗ്രാം വേണമെന്നാണ് ഒരു കണക്ക്. ഏകദേശം, വീട്ടില്‍ കിട്ടുന്ന പാചകവാതക സിലിണ്ടറിലെ വാതകത്തിന്റെ അതേ അളവ്. പാചക വാതകത്തിന്റെ വില നമുക്കറിയാം. അത് വര്‍ധിക്കുന്നതില്‍ ഓരോരുത്തര്‍ക്കുമുണ്ട്, പ്രതിഷേധവും പരിഭവവവും പരാതിയും. പണമില്ലാത്തതു കൊണ്ടും വിലകൂടിയതും കൊണ്ടും മാത്രമല്ല പാചകവാതകത്തിന്റെ ഉപയോഗം കുറക്കുന്നത്. മറിച്ച്, അതിന്റെ ലഭ്യത പരിമിതമായതു കൊണ്ടു കൂടിയാണ്.

 

courtesy: CHRIS MADDEN


 

ഒരു ദിവസം ശ്വസിക്കുന്ന പ്രാണവായുവിന്റെ വിലയറിയാന്‍ ആശുപത്രിയില്‍ ചെന്ന് ഓക്സിജന്‍ സിലണ്ടര്‍ പിടിപ്പിച്ച ഒരു രോഗിയുടെ ആശുപത്രി ബില്ല്പരിശോധിച്ചാല്‍ മതി. അപ്പോള്‍, ഇത്രയും നാള്‍ ശ്വസിച്ച പ്രാണവായുവിന്റെ വില കൂട്ടിനോക്കി അന്തംവിട്ടു പോവും. പ്രാണവായുവിന്റെ മൂല്യമറിയുന്ന നിമിഷം, മുന്നില്‍ കാണുന്ന വിത്തെടുത്തു നടും. ശ്വസിക്കാന്‍ മാത്രം ഒരാള്‍ പതിനാലു മരം നട്ടുവളര്‍ത്തണമെന്ന് നീതിസാരം പറയും.
പാചകവാതകം അടുത്ത കാലം വരെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരാണ് ഉപയോഗിച്ചിരുന്നത്. ഏറെക്കൂറെ അവര്‍ക്കത് പൂര്‍ണ സബ്സിഡിയോടെ ലഭിച്ചിരുന്നു. ഇന്നതിന്റ ഉപയോഗം സാധാരണക്കാരില്‍ വരെ എത്തിയിരിക്കുന്നു. അപ്പോള്‍ സബ്സിഡി വലിയ തോതില്‍ വെട്ടിക്കുറക്കുകയാണ്. പരമിതമായ വിഭവം വ്യാപകമായി ഉപയോഗിക്കുമ്പോള്‍ ലഭ്യത കുറയുകയും ചെയ്യും. അപ്പോഴും മുപ്പതു കോടിയില്‍പ്പരം ഇന്ത്യക്കാര്‍ക്ക് പാചകവാതകം എന്തെന്നറിയുക പോലുമില്ല. അവര്‍ കൂടി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ സബ്സിഡി ഉണ്ടാകില്ല. യഥാര്‍ത്ഥ വില തന്നെ നല്‍കേണ്ടിയും വരും.

സാമൂഹിക നീതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ, ഭരണകൂടങ്ങളുടെ സോഷ്യലിസത്തിന്റെ പൊള്ളത്തരം അനാവരണം ചെയ്യുന്ന ഒരു ഉപഭോഗ വസ്തുവാണ് പാചകവാതകം. ഇന്ന് കിട്ടുന്ന അത്രയും പാചകവാതക സിലിണ്ടര്‍ ലഭ്യമാക്കണമെന്ന ശാഠ്യത്തിനര്‍ഥം ഇന്ന് ഉപയോഗിക്കാത്തവര്‍ക്ക് അതൊരിക്കലും കൊടുക്കരുത് എന്നു കൂടിയാണ്.

കേരളീയര്‍ കണികാണലില്‍ വിശ്വസിക്കുന്നവാണല്ലോ. നിത്യവും ഉണരുമ്പോള്‍ കണികാണേണ്ട വസ്തു പാചകവാതക സിലിണ്ടറാണ്. അതിനാല്‍ ഒഴിഞ്ഞ സിലിണ്ടര്‍ സൂക്ഷിക്കേണ്ടത് കിടപ്പുമുറിയിലാവണം. കാരണം, അത് രണ്ട് കാര്യങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ഒന്ന്: വിഭവങ്ങളെല്ലാം പരിമിതമാണ്. സൂക്ഷിച്ചുപയോഗിക്കുക. ധൂര്‍ത്തിന് വേണ്ടിയുള്ളത് ഇവിടെയില്ല.
രണ്ട്: എല്ലാ വിഭവങ്ങള്‍ക്കും മൂല്യമുണ്ട്. പണം കൊടുത്ത് വാങ്ങിക്കാന്‍ പറ്റാത്തവര്‍ക്കു കൂടി അവകാശപ്പെട്ടത് അതുള്ളവര്‍ തട്ടിയെടുക്കരുത്.
പരിമിതമായ വിഭവങ്ങള്‍ വരും തലമുറക്കു കൂടി ലഭ്യമാക്കുമാറ് മൂല്യമറിഞ്ഞ് ഉപയോഗിക്കലാണ് സംസ്കാരം.
 
 

3 thoughts on “ഒരു സിലിണ്ടര്‍ പ്രാണവായുവിന് എന്ത് വിലവരും?

  1. ഉപഭോഗം നിയന്ത്രിക്കണമെന്നതു ശരിതന്നെ, പക്ഷേ , സബ്‌സിഡി ഇല്ലാതാകുന്നതിനെ കുറിച്ച് ഇത്ര ലളിതമായി പറഞ്ഞുപോകാമോ? ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതി സാധാരണക്കാരന്റെ ജീവിതത്തിനു അനുയോജ്യമല്ലാത്ത വിധം മാറുകയാണ്. പാചകവാതകത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അപ്രത്യക്ഷമാകുന്ന സബ്‌സിഡികള്‍ എല്ലാം തന്നെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടണം..

  2. പപ്പന്‍ മാഷിന്റെ ഈ ചെറിയ ലേഖനം അതിന്റെ പ്രാധാന്യത്തോടെ മനസ്സിലാക്കിയാല്‍ ഹരിത്കണ്മുള്ള ഓരോ ജീവജാലങ്ങളെയും നമ്മള്‍ സംരക്ഷിക്കേണ്ടതാണ് എന്ന് ഭോധ്യപ്പെടും. “കള” എന്നൊന്നില്ല!!!

Leave a Reply to rajeev.m.u Cancel reply

Your email address will not be published. Required fields are marked *