കലാപങ്ങളുടെ ഫാഷന്‍

എല്ലാ കലാപങ്ങള്‍ക്കും ഒരു ഫാഷന്‍ ഉണ്ടോ? ഗാന്ധിയെക്കാള്‍ നെഹ്‌റു ഉപയോഗിച്ചിരുന്നു എന്ന് ചിത്രങ്ങളില്‍ കണ്ട ഗാന്ധി തൊപ്പി, അണ്ണാ ഹസാരയെ പിന്തുണക്കാന്‍ വന്ന ജനക്കൂട്ടം ഉപയോഗിക്കുന്നതായി ടെലിവിഷനില്‍ കണ്ടു. അങ്ങനെ സ്വതന്ത്ര ഇന്ത്യയിലെ സ്വാതന്ത്ര്യസമരം അവസാനിച്ചപ്പോള്‍ അണ്ണാ ഹസാരെ ഫാഷന്‍ ആക്സസ്സറിയുടെ കോഡ് തുറന്നു വച്ചു: “I am Anna എന്ന് എഴുതിയ തൊപ്പി ധരിച്ചാല്‍ ആരും അണ്ണാ ആവില്ല. അതിനു ത്യാഗങ്ങള്‍ വേണം. സംശുദ്ധ ജീവിതം വേണം.”-സുരേഷ് എ.ആര്‍ എഴുതുന്നു


ലോകത്തിന്റെ പല ഭാഗത്തും പല പ്രക്ഷോഭങ്ങള്‍ ഇടിമുഴക്കത്തോടെയും മുല്ലപ്പൂമണത്തോടെയും വസന്തമായും വെറുപ്പായും മാനിഫെസ്റ്റോ ഇല്ലാത്ത ജനക്കൂട്ടമായും സംഭവിക്കുമ്പോള്‍ ലീവൈസ് അവരുടെ പുതിയ പരസ്യം അവതരിപ്പിക്കുന്നു: ‘ഗോ ഫോര്‍ത്ത്’. അമേരിക്കന്‍ ലോലൈഫിന്റെ കവി (കവി കൂടി ആയ) ആയ ചാള്‍സ് ബുകൊവ്സ്കിയുടെ ‘ദ ലാഫിംഗ് ഹാര്‍ട്ട്’ പശ്ചാത്തലത്തില്‍ വരുന്ന ഈ പരസ്യം തെരുവില്‍ സമരം ചെയ്യുന്ന യുവാക്കളെയും കലാപങ്ങളെയും അവരുടെ സ്വാതന്ത്ര്യമോഹങ്ങളെയും ഉപയോഗപ്പെടുത്തുന്നു.

courtesy: levis

യുവാക്കളോട് സ്വന്തം ശക്തിയും സൗന്ദര്യവും തിരിച്ചറിഞ്ഞു മുന്നോട്ടു പോകാന്‍ ആഹ്വാനം ചെയ്യുന്ന ലീവൈസിന്റെ ഈ പരസ്യവും എന്നത്തെയുംപോലെ യൌവനത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. ഒറ്റക്കും സംഘംചേര്‍ന്നുമുള്ള സ്വപ്നാന്വേഷണങ്ങള്‍. സംഗീതവും സ്നേഹവും തെരുവുകളിലെ സമരവും. സുരക്ഷാ ഉദ്യോഗസ്ഥരുടെ മാര്‍ച്ചും ടിയര്‍ ഗ്യാസും. പല അര്‍ത്ഥതലങ്ങള്‍ കല്‍പ്പിക്കാവുന്ന കാറ്റ്. അങ്ങനെ, ഈ പരസ്യം വെറും ഒരു പരസ്യം എന്നതിലുപരി കള്‍ച്ചറല്‍ റൊമാന്റിസിസത്തിന്റെ ഒരു ഉല്പന്നം കൂടി ആവുന്നു.

അമേരിക്കന്‍ ആത്മാവ് ആണെങ്കിലും ലോകമെങ്ങുമുള്ള കലഹിക്കുന്ന യുവാക്കളുടെ ആജ്ഞാലംഘനങ്ങളുടെ സജീവമായ ഒരു ഫ്രെയ്മില്‍ ലീവൈസ് സ്വന്തം സ്വത്വവും ചിഹ്നവും എടുത്തുവയ്ക്കുന്നു. മുന്‍പില്‍ ഇരുട്ടിനെ തകര്‍ക്കുന്ന വെളിച്ചം ഉണ്ടെന്നും അതിലേക്കു സ്വയം വഴി തിരഞ്ഞെടുക്കാനും പറയുന്ന, ഏറെ പോപ്പുലര്‍ അപ്പീല്‍ ഉള്ള ചാള്‍സ് ബുകൊവ്സ്കിയുടെ കവിതയെ ഉപയോഗിച്ച് ലീവൈസ് കലാപകാലത്തിലെ സ്വാതന്ത്യത്തിന്റെ സഹചാരി ആവുന്നു. ആ സഹചാരിയെ തിരഞ്ഞെടുക്കാന്‍ പരോക്ഷമായി പറയുകയും ചെയ്യുന്നു. അഥവാ, സമരം ചെയ്യുന്നവരുടെ ഫാഷന്‍ ആകുവാനുള്ള വിലകൂടിയ സന്നദ്ധത ലീവൈസ് അറിയിക്കുന്നു. ലണ്ടനില്‍ നടന്ന കൊള്ളയടിക്കല്‍ കലാപത്തിന്റെ സമയത്ത് ഈ പരസ്യം പുറത്തു വന്നപ്പോള്‍ ഇത് ശ്രദ്ധിക്കപ്പെടാന്‍ ഇതിലെ പൊളിറ്റിക്കല്‍ ഐറണി കൂടി കാരണമായി.

courtesy: levis

ഈ വര്‍ഷം ഓഗസ്റ്റില്‍ ലണ്ടനില്‍ നടന്ന ആ കലാപത്തില്‍, പക്ഷെ, ഏറ്റവും വ്യക്തമായ ചിഹ്നം ഹൂഡി ആയിരുന്നു. സ്പോര്‍ട്സ് താരങ്ങളുടെ ശക്തിയും വിജയവും ആവാഹിക്കാന്‍ ശ്രമിച്ച എണ്പതുകളിലെ ഹിപ്-ഹോപ്‌ ഗായകര്‍ അവരുടെ സംസ്കാരത്തിന്റെ ഫാഷന്‍ കോഡ് ആക്കി ഹൂഡ് ഉള്ള ഈ സ്വെറ്റ്ഷര്‍ട്ട്‌. പിന്നീട് ഹിപ്-ഹോപ്പുമായി സാംസ്കാരിക ചിഹ്നങ്ങള്‍ പങ്കുവച്ച ഗാംഗ് കള്‍ച്ചറിന്റെ ഫാഷന്‍ കൂടിയായി ഹൂഡി.
കൂടാതെ, പാര്‍ശ്വവത്കരിക്കപ്പെട്ട സബ്അര്‍ബന്‍ കൌമാര-യൌവനങ്ങള്‍ അവരുടെ പകയും മുഖ്യധാരയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ രോഷവും ഹൂഡിക്കുള്ളില്‍ ഒതുക്കി. ചിലപ്പോള്‍ സ്വയം തീര്‍ത്ത ഒരു ദ്വീപായും മറ്റുചിലപ്പോള്‍ പൊതുസമൂഹത്തില്‍ അലിഞ്ഞുചേരാനുള്ള ഒരു സുരക്ഷാസഹായി ആയും ഇത് ഉപയോഗിക്കപ്പെട്ടു. 2005 മെയ്മാസം കെന്റിലെ ബ്ലൂവാട്ടര്‍ ഷോപ്പിംഗ്‌ സെന്റര്‍ ഹൂഡി നിരോധിച്ചതും ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും പല സ്കൂളുകളിലും ഹൂഡി ധരിക്കുന്നത് ശിക്ഷാര്‍ഹം ആക്കിയതും ഹൂഡിയെ മുഖ്യധാരാസമൂഹം എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ ആയിരുന്നു.

courtesy: levis

ഡേവിഡ്‌ കാമറൂണ്‍ 2006ല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍, സ്യൂട്ട് ധരിച്ച മുഖ്യധാരാ സമൂഹം ഹൂഡി ധരിച്ചവരെ ആക്രമാണോത്സുകര്‍ ആയ ചെറുപ്പക്കാരുടെ ഗാംഗ് ആയാണ് കാണുന്നത് എന്ന് പറഞ്ഞിരുന്നു. അവരുടെ രോഷത്തിന്റെയും നിരാശയുടെയും കുറ്റവാസനയുടെയുമൊക്കെ യഥാര്‍ത്ഥ കാരണങ്ങളെ പരിശോധിക്കാതെ രോഗലക്ഷണങ്ങളെ മാത്രം ചികിത്സിക്കുന്നതിന്റെ പ്രശ്നങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. എന്നാല്‍ 2011ല്‍, ഹൂഡി ധരിച്ച കൂട്ടങ്ങള്‍ കൊള്ളയടിച്ചും തീവച്ചും നടത്തിയ, പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഒന്നും തന്നെയില്ലാതിരുന്ന, ഒരു കലാപത്തിന്റെ മുന്‍പില്‍ പ്രധാനമന്ത്രി ആയി നിന്നപ്പോള്‍ കാമറൂണ്‍ പറഞ്ഞത് ഇങ്ങനെയാണ്: “ഇതൊക്കെ ചെയ്യാനുള്ള പ്രായം നിങ്ങള്‍ക്ക് ആയിട്ടുണ്ടെങ്കില്‍ ഇതിനുള്ള ശിക്ഷ ഏറ്റുവാങ്ങാനുള്ള പ്രായവും നിങ്ങള്‍ക്ക് ആയിട്ടുണ്ട്‌.”

അനിവാര്യതയും കലാപങ്ങളിലെ ഫാഷനെ നിര്‍വചിക്കാറുണ്ട്. പോലിസ് ക്യാമറ ഉപയോഗിച്ച് പ്രതിഷേധിക്കുന്നവരുടെ ഫോട്ടോ എടുക്കുകയും പിന്നീട് അവര്‍ക്കെതിരെ നടപടി വരികയും ചെയ്യുമ്പോള്‍ മുഖംമൂടികള്‍ ആവശ്യമായി വരുന്നു. തെരുവുകളില്‍ സ്വയം വെളിപ്പെടുകയും ഒപ്പം ഏറെക്കുറെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഒരു ധര്‍മം നിര്‍വഹിക്കാന്‍ മുഖംമൂടികള്‍ സഹായിക്കുന്നുണ്ട്.

എല്ലാ കലാപങ്ങള്‍ക്കും ഒരു ഫാഷന്‍ ഉണ്ടോ? ഗാന്ധിയെക്കാള്‍ നെഹ്‌റു ഉപയോഗിച്ചിരുന്നു എന്ന് ചിത്രങ്ങളില്‍ കണ്ട ഗാന്ധി തൊപ്പി, അണ്ണാ ഹസാരയെ പിന്തുണക്കാന്‍ വന്ന ജനക്കൂട്ടം ഉപയോഗിക്കുന്നതായി ടെലിവിഷനില്‍ കണ്ടു. അങ്ങനെ സ്വതന്ത്ര ഇന്ത്യയിലെ സ്വാതന്ത്ര്യസമരം അവസാനിച്ചപ്പോള്‍ അണ്ണാ ഹസാരെ ഫാഷന്‍ ആക്സസ്സറിയുടെ കോഡ് തുറന്നു വച്ചു: “I am Anna എന്ന് എഴുതിയ തൊപ്പി ധരിച്ചാല്‍ ആരും അണ്ണാ ആവില്ല. അതിനു ത്യാഗങ്ങള്‍ വേണം. സംശുദ്ധ ജീവിതം വേണം.”

അത്രനേരം I am Spartacus എന്ന് പറഞ്ഞിരുന്നവര്‍ അവരവര്‍ തന്നെ ആവാനുള്ള തീരുമാനം എടുത്ത് ഉടന്‍ പിരിഞ്ഞുപോയി.

8 thoughts on “കലാപങ്ങളുടെ ഫാഷന്‍

 1. പുതുമയുള്ള നിരീക്ഷണം. അന്നാ ഹസാരേ നമ്മള്‍ കാത്തിരുന്ന ഒരു നായകന്‍ തന്നെയായിരുന്നു. ഗാന്ധിയന്‍ മേക്കപ്പുള്ള ഒരു നായകനടന്‍. പുതുകാലത്തിന്റെ ഫാഷന്‍ പ്രസ്താവനയായി തന്നെയാണ് അദ്ദേഹത്തെ
  മാധ്യമങ്ങളും കൂടെയുള്ളവരും കൈകാര്യം ചെയ്തത്.

 2. ശരിയാണ്. ഏത് വിപ്ലവത്തിനും വില്‍പ്പന സാധ്യതയുണ്ട്.
  ചെ ഗുവേരയെ പോലെ വിറ്റഴിക്കാന്‍ അപാരമായ സാധ്യതകള്‍ ഓരോ വിപ്ലവകാരിക്കുമുണ്ട്.
  അതിന്റെ ചിഹ്നങ്ങള്‍ പില്‍ക്കാലത്ത് വിപണിയില്‍
  കോളിളക്കം ഉണ്ടാക്കാന്‍ ഉള്ളവയാണ്.
  പരസ്യ മാര്‍ക്കറ്റ് അതാദ്യം തിരിച്ചറിയുന്നു

 3. സുരേഷിന്റെ എഴുത്തുകൾ സ്ഥിരമായി ശ്രദ്ധിക്കാറുണ്ട്. തിരെഞ്ഞെടുക്കുന്ന വിഷയങ്ങളിൽ പുലർത്തുന്ന ജാഗ്രതയ്ക്കും , സൂക്ഷ്മതയുക്കും അഭിനന്ദങ്ങൾ

 4. അണ്ണ ഹസാരേയും ലെവിസിനെയും കണക്ട് ചെയ്തത് ഇഷ്ടമായി.

  “I am Anna എന്ന് എഴുതിയ തൊപ്പി ധരിച്ചാല്‍ ആരും അണ്ണാ ആവില്ല. അതിനു ത്യാഗങ്ങള്‍ വേണം. സംശുദ്ധ ജീവിതം വേണം.”-

  ഇതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു.

 5. നല്ല നിരീക്ഷണം . ലെവിസെന്നെ ലോക ബ്രാന്റ് സമീപകാല സംഭവങ്ങളെ എങ്ങനെ മാർക്കറ്റിങ്ങ് നു വേണ്ടി ഉപയോഗിക്കുന്നു എന്ന് ഇത്ര ക്ലീയർ ആയി സ്റ്റേറ്റ് ചെയ്ത ഒരു ആർട്ടിക്കിൾ ഇതിനു മുന്നേ വായിച്ചിട്ടിലല്ലെന്ന് തന്നെ പറയാം

Leave a Reply to anilkumar pn Cancel reply

Your email address will not be published. Required fields are marked *