അയ്യോ പാവം അംബാനി!

സാമ്പത്തിക മാന്ദ്യവും ആഗോള സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ഇതു പോലെ അഞ്ചോ ആറോ വര്‍ഷം കൂടി നിലനിന്നാല്‍ ഇനി മൂകേഷ് അംബാനിയും അനില്‍ അംബാനിയുമെല്ലാം നാനോ കാറില്‍ യാത്ര ചെയ്യേണ്ടി വരുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക.

‘ധനികരും സാധാരണക്കാരും തമ്മിലുള്ള അകലം വര്‍ധിച്ചു’ -സാമ്പത്തിക പരിഷ്കാരങ്ങളെ കുറിച്ച് ചായക്കടയിലിരുന്ന് ചര്‍ച്ച നടത്തുന്നവര്‍ പോലും ഉയര്‍ത്തുന്ന പ്രധാന പരാതിയാണിത്. അപ്പോള്‍ പിന്നെ ഈ പരിഷ്കാരങ്ങളെ എതിര്‍ക്കുന്നവരുടെ കാര്യം പറയാനുണ്ടോ? ഇവര്‍ക്കെല്ലാമുള്ള മറുപടിയാണ് 2011ലെ ഫോബ്സ് മാസികയുടെ ഇന്ത്യയിലെ സമ്പന്നരുടെ അവസ്ഥ വിവരിക്കുന്ന കണക്ക്.

ചുരുക്കം ചില മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മുന്‍ വര്‍ഷത്തെ പട്ടികയില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലെങ്കിലും ധനികരും സാധാരണക്കാരും തമ്മിലെ അന്തരം വര്‍ധിച്ചുവെന്ന് പറയുന്നവര്‍ക്ക് മറുപടിയാണ് ഏറ്റവും പുതിയ ഫോബ്സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയെ അലട്ടുന്ന ‘അകലം’ കുറച്ചൊന്നുമല്ല നികന്നത്, ഏതാണ്ട് 20 ശതമാനം. സാമ്പത്തിക മാന്ദ്യവും ആഗോള സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ഇതു പോലെ അഞ്ചോ ആറോ വര്‍ഷം കൂടി നിലനിന്നാല്‍ ഇനി മൂകേഷ് അംബാനിയും അനില്‍ അംബാനിയുമെല്ലാം നാനോ കാറില്‍ യാത്ര ചെയ്യേണ്ടി വരുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക.

ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ തലപ്പത്ത് പെട്രോളിയം മുതല്‍ ചില്ലറ വില്‍പ്പന രംഗത്തുവരെ ശക്തമായ സ്വാധീനമുള്ള റിലയന്‍സ് ഇന്റ്സ്ട്രീസ് ലിമിറ്റഡ് മേധാവി മൂകേഷ് അംബാനി തന്നെയാണ്. സ്ഥാനം നിലനിര്‍ത്തിയെങ്കിലും മൂകേഷിന്റെ സമ്പത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. പുതിയ കണക്ക് പ്രകാരം ഇദ്ദേഹത്തിന് 2260 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്. കഴിഞ്ഞ വര്‍ഷം കണക്കെടുത്തപ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്ന് 440 കോടി ഡോളര്‍ (ഏകദേശം 22,000 കോടി രൂപ) കുറവ്. (വെറുതെയല്ല, താമസിച്ചാല്‍ കഷ്ടകാലമാണെന്ന ജ്യോതിഷിയുടെ ഉപദേശം സ്വീകരിച്ച് കോടികള്‍ മുടക്കി പണിത ആന്റില എന്ന 27 നില കൂരയില്‍ നിന്ന് പാവം പടിയിറങ്ങിയത്.)

മൂകേഷിന്റെ കാര്യത്തില്‍ മാത്രമല്ല ഇന്ത്യയിലെ സമ്പന്ന വ്യവസായികളുടെയെല്ലാം ആസ്തിയില്‍ കാര്യമായ ഇടിവുണ്ടായി. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന് ആസ്തി 1920 കോടി ഡോളര്‍ (ഏകദേശം ഒരു ലക്ഷം കോടി രൂപ) മാത്രമാണ്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് ഇദ്ദേഹത്തിന് കുറഞ്ഞത് 690 കോടി ഡോളര്‍ (ഏകദേശം 33,000 കോടി രൂപ).

എന്നാല്‍ തകര്‍ച്ചയുടെ കാര്യത്തില്‍ അംബാനി കൂടുംബത്തിലെ ഇളയ സന്തതി അനില്‍ അംബാനി ഇവരെയെല്ലാം ബഹുദൂരം പിന്നിലാക്കി. 740 കോടി ഡോളറാണ് (ഏകദേശം 37,500 കോടി രൂപ) അനിലിന് ഉണ്ടായ നഷ്ടം. (അല്ലേലും കുടുംബത്തിലെ ഇളയവന്മാരെല്ലാം ഇങ്ങനെയാ). എന്നാല്‍ പട്ടിക നോക്കി നെടുവീര്‍പ്പെടേണ്ട കാര്യമൊന്നും ഇദ്ദേഹത്തിനുമില്ല.

തുകയില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് അനിലാണെങ്കിലും ശതമാനക്കണക്കില്‍ മൂല്യ ചോര്‍ച്ച കണക്കാക്കിയാല്‍ ഒരാള്‍ അനിലിനെ പിന്നിലാക്കും. ലാന്‍കോ ഇന്‍ഫ്രാടെല്ലിന്റെ മേധാവി മധുസൂധന റോ. 78 ശതമാനം ഇടിവാണ് ഇദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായത്.
ഇക്കുറി 100 കോടി ഡോളറിലേറെ (5000 കോടി രൂപ) ആസ്തിയുള്ള ഇന്ത്യന്‍ സമ്പന്നരുടെ എണ്ണത്തിലും കുറവും ഉണ്ടായി. മുന്‍ വര്‍ഷത്തെ 69ല്‍ നിന്ന് ഇക്കുറി ഫോബ്സിന്റെ പട്ടികയില്‍ ഇടം നേടിയ ഇത്തരക്കാരുടെ എണ്ണം 57 ആയും കുറഞ്ഞിട്ടുണ്ട്.

2010 നെ അപേക്ഷിച്ച് ഇന്ത്യയിലെ പാവം സമ്പന്നരുടെ ആകെ ആസ്തിയിലും കുറവുണ്ടായി. കുറച്ചൊന്നുമല്ല 5900 കോടി ഡോളര്‍ (ഏകദേശം മൂന്നു ലക്ഷം കോടി രൂപ). സാമ്പത്തിക മാന്ദ്യവും ആഗോള സാമ്പത്തിക പ്രതിസന്ധിയും മൂലം കമ്പനികളുടെ ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് ഇന്ത്യയിലെ സമ്പന്നര്‍ക്ക് വിനയായത്. അതിനാല്‍, പ്ലീസ് ഇനിയെങ്കിലും സമ്പന്നരും സാധാരണക്കാരും തമ്മിലെ അകലം വര്‍ധിക്കുകയാണെന്ന് വിമര്‍ശിക്കരുത്. സംശയമുണ്ടെങ്കില്‍ ഫോബ്സ് മാസിക കാണുക:-)

3 thoughts on “അയ്യോ പാവം അംബാനി!

  1. ലോകത്തിലെ ഏറ്റവും ദരിദ്രരുടെ പട്ടിക ആര്‍ക്കെങ്കിലും ഉണ്ടാക്കാന്‍ കഴിയുമോ?

  2. @smitha meenaksy
    അസാധ്യമാണ് ….

    .ആ പട്ടികയില്‍ ഇടം നേടുന്നവര്‍ ,നിമിഷങ്ങള്‍കുളില്‍ പട്ടിണി കൊണ്ട് മരിച്ചു പട്ടികയില്‍ നിന്ന് പുറത്തു പോയുകയും ചെയുന്നതിനാല്‍ ..

    മത്താടി കൊള്ളുക മലയാളി മനമേ ! നമ്മുടെ പണയ പലിശകാരന്‍ ജോര്‍ജ് മുത്തൂറ്റ അച്ചായനും ഇ ലിസ്റ്റില്‍ സ്ഥാനം കിട്ടി എന്ന് ഫോര്‍ബസ് മാഗസിന്‍ ! http://blogs.wsj.com/indiarealtime/2011/10/28/forbes-meet-india%e2%80%99s-poor-billionaires/

Leave a Reply to Anishsalutes Cancel reply

Your email address will not be published. Required fields are marked *