ഭൂമിയേക്കാള്‍ പഴക്കമേറിയഒരു ഇലവു മരത്തിന്റെ കഥ

എന്നിട്ടും ആ ഇലവുമരം മുറിച്ചു. ഒരു വൈകുന്നേരം സ്‌കൂള്‍വിട്ട് ഞങ്ങള്‍ കുട്ടികളെത്തുമ്പോള്‍ കുന്നിന്‍ ചെരിവ് ശൂന്യമായിക്കിടന്നു. ആ വൈകുന്നേരം വിശപ്പേറെയുണ്ടായിരുന്നിട്ടും എനിക്കും ചേട്ടനും ചോറ് ഇറങ്ങിയില്ല. പിറ്റേന്നത്തെ പള്ളിക്കൂടയാത്രയില്‍ ഇലവുഞ്ചോട് നടന്നുകയറിയ കൂട്ടുകാരിലെല്ലാം പേരറിയാത്ത ഒരു സങ്കടം വിതുമ്പിനിന്നിരുന്നു. ദേശത്തിന്റെ ആത്മകഥയായി മാറിയ ഒരു വൃക്ഷത്തിന്റെ ജീവിതം കെ. പി ജയകുമാര്‍ എഴുതുന്നു


പ്രതീക്ഷകള്‍ നടുന്നവര്‍ക്കറിയാം സന്തോഷത്തിന്റെ കൊയ്ത്തുകാലം വരുകതന്നെ ചെയ്യുമെന്ന്. മഹാവൃക്ഷങ്ങളുടെ വിത്തുകള്‍ പാകി കടന്നുപോയവര്‍ അത് മുളയ്ക്കുന്നതും വളര്‍ന്ന് വടവൃക്ഷമായി തലമുറകള്‍ക്ക് തണലേകുന്നതും പൂക്കള്‍ വിടരുന്നതും കാറ്റ് പരാഗങ്ങള്‍ പരത്തുന്നതും തേന്‍തേടി ശലഭങ്ങള്‍ വന്നുപോകുന്നതും കായകള്‍ പഴുത്ത് കനിയാകുന്നതും കനിതേടി ശിഖരങ്ങളില്‍ പക്ഷികള്‍ കൂടുകൂട്ടുന്നതും അണ്ണാനും കുരങ്ങനും മറ്റനേകം മരങ്കേറിവികൃതികളും വന്നണയുന്നതും തിന്നുതൂറിയ കനികള്‍ വിത്തുകളാകുന്നതും മണ്ണില്‍ പുതിയ കാടിന്റെ ഇലകള്‍ വിരിയുന്നതും ഒറ്റമരം ഒരു കാടായി മാറുന്നതും ഒരു പക്ഷെ, മണ്ണില്‍ സ്വപ്‌നത്തിന്റെ ആദ്യവിത്തിട്ട മനുഷ്യന്‍ അറിഞ്ഞെന്നുവരില്ല. ഇലകളില്‍ സൂര്യന്‍ തിളയ്ക്കുന്നതും വേരുകള്‍ കിനിയുന്നതും അരുവികള്‍ മുളപൊട്ടുന്നതും പിന്നെയും വരാനിരിക്കുന്ന തലമുറകള്‍ക്കായാണ്.

ഞങ്ങളുടെ പറമ്പിന്റെ പടിഞ്ഞാറേ അറ്റത്തായിരുന്നു. ആ കൂറ്റന്‍ ഇലവുമരം. അഞ്ചോ ആറോ പേര്‍ വട്ടംപിടിച്ചാല്‍ പിടിമുറ്റാത്ത വന്‍മരം. ആകാശത്തോളമുയര്‍ന്ന ശിഖരങ്ങളില്‍ ഞാത്തിയിട്ട തേന്‍കൂടുകളില്‍ കടന്നലുകള്‍ മൂളിയിരമ്പുന്നത് താഴെ വയല്‍ക്കരയിലിരുന്നാല്‍ കേള്‍ക്കാം. വേനലില്‍ പൂത്തുനിറയുന്ന ഇലയില്ലാത്ത ചില്ലകളില്‍ തത്തയും മൈനയും മാടത്തയും പച്ചിലക്കുടുക്കയും ഉപ്പനും പരുന്തും കുയിലും ഓലഞ്ഞാലിയും പിന്നെ പേരറിയാത്ത അനേകം പക്ഷികളും പറവകളും അനവധി അണ്ണാറക്കണ്ണന്‍മാരും കുടിപാര്‍ത്തു. ഒരു കുന്നുകയറി വരുന്നിടത്തെ ചെറുനിരപ്പിലാണ് ഇലവ് നിന്നിരുന്നത്. കയറ്റം കയറി വരുന്നവര്‍ കിതപ്പാറ്റാന്‍ ഇത്തിരി നില്‍ക്കും. പള്ളിക്കൂടത്തിലേക്ക് പോകുന്നകുട്ടികള്‍ ഒത്തുകൂടി യാത്ര തുടങ്ങുന്നതും മടക്കത്തില്‍ നാളേക്കായി പിരിയുന്നതും ഈ മരച്ചുവട്ടില്‍ വച്ചായിരുന്നു. അങ്ങനെ ആ സ്ഥലം ഇലവുഞ്ചോട് എന്നറിയപ്പെട്ടു.

ഇലവുമരത്തിന്റെ നിഴല്‍ പതിക്കുന്ന താഴ്‌വാരം കണ്ടമാണ്. മഴക്കാലത്ത് തരിശ്ശിടുകയും വേനലില്‍ വിതച്ചുകൊയ്യുകയും ചെയ്യുന്ന മലമുകളിലെ പാടശേഖരം.
തുലാവര്‍ഷം പെയ്‌തൊഴിഞ്ഞ് മറ്റുണങ്ങുമ്പോള്‍ കണ്ടങ്ങള്‍ കൊത്തിക്കിളച്ച് കട്ടതട്ടി പൊടിമണ്ണാക്കും. തരിയില്ലാതെ കാവിമണ്ണിന്റെ മണം. മണ്ണൊരുക്കിയാല്‍ പിന്നെ വിതയാണ്. അച്ഛനുമ്മയും ചെറുകുട്ടകളില്‍ നെല്‍വിത്തുമായി പോകും. വരമ്പില്‍ നിന്ന് വിത്തുകള്‍ വാരിവിതറും. ഒന്നിനോടൊന്നൊട്ടാതെ കൃത്യമായ അകലങ്ങളില്‍ അവ സ്വയം ചെന്ന്പതിക്കും. പൊടിമണ്ണിന്റെ ഉദരത്തില്‍വീഴുന്ന വിത്തുകള്‍ക്ക് മുളയ്ക്കാതിരിക്കാനാവില്ലല്ലോ.

വിതക്കാലമാവുമ്പോഴേക്കും ഇലവുമരത്തില്‍ ഇലകള്‍ സമൃദ്ധമായിരിക്കും. മരംകോച്ചുന്ന മകരമാസത്തെ വൃക്ഷങ്ങള്‍ അതിജീവിക്കുന്നത് ഇലകളില്‍ ശിഖരങ്ങള്‍ ഒളിപ്പിച്ചാണ്. മഞ്ഞുകാലത്ത് കൈകാലുകളിലെയും ചുണ്ടുകളിലെയും തൊലി വരണ്ട് പൊഴിയുന്നതുപോലെ മരങ്ങളിലും കാണാം. വെളുത്ത തൊലിയും നാണയത്തുട്ടിന്റെ വലിപ്പത്തില്‍ ഇലകളുമുള്ള വെള്ളിലാവിനും തൊലിപൊഴിയുന്നത് കണ്ടിട്ടുണ്ട്. കണ്ടത്തില്‍ നെല്ലുകള്‍ മുളപൊട്ടുകയും പച്ചയുടെ നിറഭേദങ്ങളിലൂടെ അവ വളര്‍ന്നുവരുകയും ചെയ്യുമ്പോഴേക്കും ഇലവുമരം ഇലകൊഴിച്ച് തുടങ്ങിയിരിക്കും.

പാടം കതിരിടും മുമ്പ് ഇലവ് മൊട്ടിടും ഇലയില്ലാതെ കൂമ്പിനില്‍ക്കുന്ന വലിയ പൂമൊട്ടുകളുമായി ഒരു കൂറ്റന്‍ ശില്പംകണക്കെ കാറ്റിലിളകാതെ ഘനഗംഭീരനായ ഒറ്റമരം. താഴെ കാറ്റിനൊത്ത് ദിശമാറുന്ന നെല്‍നാമ്പുകളുടെ ഇളക്കങ്ങള്‍.. നെല്ലുകള്‍ കതിരാകുന്നതും ഇലവ് പൂക്കുന്നതും ഒരേകാലത്താണ്. അപ്പോള്‍ തേന്‍തേടി പക്ഷികള്‍ കൂട്ടത്തോടെ വന്നുതുടങ്ങും. ചുവപ്പും പച്ചയും ചുണ്ടുകളുള്ള തത്തകളാണ് സമൃദ്ധമായെത്തുക. കതിരുകൊത്താന്‍ വരുന്ന പക്ഷികളെ പാട്ടകൊട്ടി ഓടിക്കലായിരുന്നു എന്റെ ജോലി.

ചേച്ചിമാരും ചേട്ടനുമെല്ലാം പള്ളിക്കൂടത്തില്‍ പോയിക്കഴിഞ്ഞാല്‍ ഒറ്റക്കാകുന്ന എനിക്ക് വയല്‍ക്കരയില്‍ പാറപ്പുറത്തിരുന്ന് പാട്ടകൊട്ടാന്‍ ഇഷ്ടമായിരുന്നു. അനങ്ങാതിരുന്നാല്‍ ഇലവില്‍ നിന്നും തത്തക്കൂട്ടം മെല്ലെ വയലിലേക്ക് ഊളിയിടുന്നത് കാണം. പെട്ടെന്ന് പാട്ടകൊട്ടി ശബ്ദമുണ്ടാക്കണം. ഉച്ചത്തില്‍ ചിലച്ചുകൊണ്ട് അവ ഉയര്‍ന്നുപൊങ്ങി ഇലവുമരത്തിലേക്ക് പോകും. വയല്‍ അപ്പാടെ ഉയര്‍ന്നു താഴുംപോലെ പച്ചയുടെ തിരയിളക്കം.

അക്കാലത്ത് ഹൈറേഞ്ചില്‍ തത്തകള്‍ ധാരാളമുണ്ടായിരുന്നു. രാമക്കല്‍മേട്ടിലെ കുറ്റിക്കാടുകളില്‍ കാട്ടുപഴം തിന്നാന്‍ വരുന്ന തത്തകളെ വലവെച്ച് പിടിച്ച് വേടന്‍മാര്‍ തൂക്കുപാലം ചന്തയില്‍ വില്‍ക്കാന്‍ കൊണ്ടുവരുന്നത് കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. ഇന്ന് ഹൈറേഞ്ചില്‍ തത്തകളെ തീരെയും കാണാനില്ല. മൈയും മാടത്തയും വൈകുന്നേരങ്ങളില്‍ കാപ്പിച്ചെടികളില്‍ വരിവരിയായി ചേക്കേറുന്ന കുരുവികളും ഉച്ചതിരിഞ്ഞ ഉറക്കനേരങ്ങളെ ഇക്കിളിയിട്ടുണര്‍ത്തുന്ന കരിയിലപിടകളും പിന്നെ അനേകം ചിത്രശലഭങ്ങളും തുമ്പികളും വേനല്‍ക്കാല രാത്രികളിലെ കുന്നിന്‍ ചരിവുകളെ, താഴ്‌വാരങ്ങളെ അറ്റമില്ലാത്ത ദീപക്കാഴ്ചകളില്‍ വിസ്മയഭരിതമാക്കുന്ന മിന്നാമിനുങ്ങുകളും കുടിയൊഴിഞ്ഞിരിക്കുന്നു. കീടനാശിനികള്‍ കവര്‍ന്നുകൊണ്ടുപോയ അനേകം ജീവിതങ്ങളില്‍ ഇവരുടെ പേരുകളും വേരുകളുമുണ്ട്.

കൊടും വേനലിലും വറ്റാത്ത ജലസമൃദ്ധമായിരുന്നു ഞങ്ങളുടെ പറമ്പ്. കിലോമീറ്ററുകള്‍ക്കപ്പുറം കൈലാസപ്പാറ മലമുകളില്‍ നിന്നും പൊന്നാംകാണിയില്‍ നിന്നുമൊക്കെ കുന്നിറങ്ങി വെള്ളമെടുക്കാന്‍ ആണുംപെണ്ണും കുട്ടികളും വന്നുപോകും. കൂറ്റന്‍ ഇലവുമരം വേരുകളില്‍ തലമുറകളിലേക്കുള്ള ജലം കരുതിവച്ചു. അനേകം വന്‍മരങ്ങളും ചെറുചെടികളും ഭൂമിയില്‍ അവരുടെ കടമ നിര്‍വ്വഹിക്കുന്നു. കാറ്റ് വിത്തുകളെ ചിതറിച്ചു. വേരുകള്‍ ജലം തേടി ഭൂമിയുടെ ഉദരത്തിലേക്ക് ആണ്ടുപോയി. ഹൈറേഞ്ചിന്റെ ആവാസവ്യവസ്ഥ ഈ പാരസ്പര്യത്തിലാണ് പുലര്‍ന്നുപോന്നത്.

എന്നിട്ടും ആ ഇലവുമരം മുറിച്ചു. നാണ്യവിളകളാല്‍ പലവട്ടം ചതിക്കപ്പെട്ട കര്‍ഷകനായിരുന്നു അച്ഛന്‍. ബാങ്ക് ലോണ്‍ ജപ്തിയിലേക്കെത്തിയകാലത്ത് നിവൃത്തിയില്ലാതെയാണ് ഭൂമിയുടെ ഒരു ഭാഗം വിറ്റത്. അവിടെയായിരുന്നു ആ ഇലവുമരം. മരം അങ്ങനെ നിന്നാല്‍ പത്തിരുപത് സെന്റ് ഭൂമിയാണ് വെറുതെ പോകുന്നതെന്ന് ഭൂമി വാങ്ങിയ ആള്‍ കണ്ടെത്തുന്നു. അതിനുമുമ്പ് കിളികള്‍ക്ക് കൊടുക്കാന്‍ എന്തിനാ വെറുതെ വിതക്കുന്നതെന്ന് അയാള്‍ കണ്ടെത്തിയിരുന്നു. പന്നികള്‍ കൂട്ടത്തോടെ വന്ന് പാടം ഉഴുത് മറിച്ചപ്പോഴും കാലം തെറ്റിയ വര്‍ഷം കൃഷിയൊഴുക്കിക്കൊണ്ടുപോയപ്പെഴും മുറിഞ്ഞുപോയ ആത്മബന്ധങ്ങളെ തിരികെപ്പിടിക്കുന്നതിന്റെ ആത്മഹര്‍ഷത്തോടെ എല്ലാവരും മണ്ണൊരുക്കുകയും കൃഷിയിറക്കുകയും പാട്ടകൊട്ടി പകല്‍ തത്തകളെ ഓടിക്കുകയും രാത്രി പന്നികളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു.

നാണ്യവിളകള്‍ പ്രലോഭനങ്ങളുമായി വന്ന് ഓരോ വയലും പിടിച്ചെടുത്തപ്പോഴാണ് ഹൈറേഞ്ചില്‍ നെല്‍കൃഷി ഇല്ലാതായത്. ഒടുവില്‍ വിറ്റൊഴിയും വരെ കൃഷിയിറക്കാന്‍ നിവൃത്തിയില്ലാതിരുന്നിട്ടും മറ്റൊരുകൃഷിക്കുമായി മണ്ണ് മാറ്റിവയ്ക്കാതിരുന്ന അച്ഛന്റെ മനസ്സ് ഇന്നെനിക്ക് കാണാം.

ഒരു വൈകുന്നേരം സ്‌കൂള്‍വിട്ട് ഞങ്ങള്‍ കുട്ടികളെത്തുമ്പോള്‍ കുന്നിന്‍ ചെരിവ് ശൂന്യമായിക്കിടന്നു. തരിശുകിടന്ന പാടത്തേക്ക് ചില്ലകള്‍ തകര്‍ന്ന് ഒരു കാലം ചരിഞ്ഞുകിടന്നിരുന്നു. ആ വൈകുന്നേരം വിശപ്പേറെയുണ്ടായിരുന്നിട്ടും എനിക്കും ചേട്ടനും ചോറ് ഇറങ്ങിയില്ല. പിറ്റേന്നത്തെ പള്ളിക്കൂടയാത്രയില്‍ ഇലവുഞ്ചോട് നടന്നുകയറിയ കൂട്ടുകാരിലെല്ലാം പേരറിയാത്ത ഒരു സങ്കടം വിതുമ്പിനിന്നിരുന്നു.

ദശകങ്ങള്‍ക്കിപ്പുറം മറ്റൊരു ഹൈറേഞ്ച് യാത്രയിലാണ് ഇലവുമരം ഓര്‍മ്മകളിലേക്ക് തിരികെവന്നത്. സുഹൃത്തായ രണ്‍ജിത്തും ഞാനും ഇടുക്കിയുടെ കിഴക്കേയറ്റത്ത് മറയൂരില്‍ ഒരു വൈകുന്നേരം.
”മറയൂരിലെത്തുന്നവര്‍ ചന്ദനക്കാട് കണ്ടിരിക്കണം സാര്‍…” ഓട്ടോറിക്ഷയിലേക്ക് വിളിച്ചുകയറ്റി ചന്ദനക്കാടിനു നടുവില്‍ ഇറക്കുമ്പോള്‍ കതിരേശന്‍ പറഞ്ഞു. കാടിന്റെ ഘനഗംഭീര മൗനത്തിലൂടെ ഞങ്ങള്‍ ഇടവഴികള്‍ പിന്നിട്ട് ഒരുപാട് നടന്നു. ഇരുള്‍ പരന്നുതുടങ്ങിയിരുന്നു.

കാട്ടുപോത്തുകള്‍ മേയാനിറങ്ങുന്ന നേരമായെന്ന് കതിരേശന്‍ ഓര്‍മ്മിപ്പിച്ചു. ”ഇവിടെ നിന്നാല്‍ അടുത്തു കാണാം സാര്‍…” ഉള്ളൊന്നു കാളി. ഏറെ നേരം കാത്തുനിന്നിട്ടും അവ വന്നില്ല. ചന്ദനമരങ്ങള്‍ക്കിടയിലെ വീതികുറഞ്ഞ പാതയിലൂടെ മടക്കം. വളവുതിരിഞ്ഞ് കയറ്റം കയറുമ്പോള്‍ റോഡിന് വലതുവശത്ത് അടിക്കാടുകളില്‍ ഒരിളക്കം. ചകിതരായ ഒരുപറ്റം കാട്ടുപോത്തുകള്‍ മുന്നിലൂടെ നിരത്തു മുറിച്ചുകടന്നുപോയി. പത്തുവാരമാത്രം അകലെ! ഭയത്താല്‍ ഉറഞ്ഞുപോയ ഞങ്ങളെ നോക്കി കതിരേശന്‍ പഞ്ഞു. ”പോത്തുകള്‍ ആരേയും ഒന്നും ചെയ്യത്തില്ല സാര്‍… പാവങ്ങള്‍…”

ശിഖരം മുറിഞ്ഞുപോയ ഒരു ചന്ദനമരത്തിന്റെ മുറിപ്പാടില്‍ മണത്തുനോക്കി. കാറ്റ് ചന്ദനം മണത്തു. ഒരു ചെറിയ മരം ചൂണ്ടിക്കാട്ടി കതിരേശന്‍ പറഞ്ഞു. ”സാര്‍… ഒരു ചന്ദനമരം ഇത്രയുമാകാന്‍ നൂറു വര്‍ഷമെങ്കിലും വേണം. നൂറും ഇരുന്നൂറും മുന്നൂറും വര്‍ഷം പഴക്കമുള്ള മരങ്ങളാണ് ഈ കാട്ടിലുള്ളത്.” പിന്നീട് ഒരാത്മഗതം പോലെ കതിരേശന്‍ ഇത്രയുംകൂടി പറഞ്ഞു.
”ഒരു ചന്ദനമരം മുറിച്ചുകൊണ്ടുപോകുമ്പോള്‍ നൂറ് കണക്കിന് വര്‍ഷങ്ങളാണ് സാര്‍ മുറിഞ്ഞുപോകുന്നത്…”

ചരിത്രം ആലേഖനം ചെയ്ത ഉടലാണ്
വൃക്ഷങ്ങളുടേത്. വാര്‍ഷികവലയങ്ങളില്‍ സൂക്ഷ്മ ലിപികളില്‍ അത് പ്രപഞ്ചത്തിന്റെ ചരിത്രത്തെ വഹിക്കുന്നു. വരാനിരിക്കുന്ന കാലത്തെ പ്രവചിക്കുന്നു. ഒരു മരം മുറിഞ്ഞുവീഴുമ്പോള്‍ പോയ കാലത്തിന്റെ സ്മൃതികളും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള അറിവുകളുമാണ് ഇല്ലാതാകുന്നത്.

ഞാനിപ്പോഴും കടപുഴകി നില്‍ക്കുന്ന ഒരിലവുമരം ഓര്‍മ്മയില്‍ കൊണ്ടുനടക്കുന്നുണ്ട്.

9 thoughts on “ഭൂമിയേക്കാള്‍ പഴക്കമേറിയഒരു ഇലവു മരത്തിന്റെ കഥ

 1. ഒറ്റ ശ്വാസത്തിൽ വായിച്ച് തീർത്തു. അസ്സൽ എഴുത്ത്. ഹാറ്റ്സ് ഓഫ് ജയകുമാർ

 2. Ormalkkenthu sugandham.. aathmavin nashta sugandham… Kannadachal thirichu pidikkavunna ormakalillekku onnu koodi thjirichukondu povunnu…Thanks.

 3. സുന്ദരമായ ഭാഷ. അനുഭവിപ്പിക്കുന്നു.
  സിനിമ പോലെ കാണിച്ചു തരുന്നു.
  മനോഹരമായ വായനാനുഭവം.
  നാലാമിടത്തിന് അഭിനന്ദനങ്ങള്‍

 4. നന്നായി എഴുതി……………..ഒരു മരം ഒരു മരം മാത്രമല്ല……………

 5. ഒരുമരമൊരു കാടാകുന്നു, പൂമരക്കാട്… ഒരു ഇലവുഞ്ചോടെങ്കിലുമില്ലാത്ത നാട്ടുവഴികള്‍ ഉണ്ടായിരുന്നില്ല മുന്‍പൊക്കെ, ആ മരങ്ങളില്‍ ഇപ്പോള്‍ എത്ര ബാക്കിയുണ്ടാകും? ( എങ്കിലും ഒരുപാടോര്‍മ്മകളില്‍ അവയൊക്കെ ജീവനോടെ തന്നെ )

 6. ഇലവുമരത്തിന്റെ കഥ നഷ്ടപ്പെട്ട കുട്ടിക്കാലത്തിന്റെ നാട്ടുവഴികളില്‍ ഒരു നൊമ്പരമായ് നില്‍ക്കുന്നു.

 7. ഒരു ദേശത്തിന്റെ കഥയില്‍ പറയുന്നുണ്ട് ഒരു ഇലവു മരത്തെപ്പറ്റി. പൊറ്റക്കാടിന്റെ ഭാഷയില്‍ ഋതുഭേതങ്ങളേ ഇത്ര വ്യക്തമായി അടയാളപ്പെടുത്തുന്ന വേറെ മരം ഇല്ല.
  അഭിനന്ദനങ്ങള്‍ ഹൃദ്യമായ ഈ എഴുത്തിനു.

Leave a Reply to Prasanna Raghavan Cancel reply

Your email address will not be published. Required fields are marked *