സിനിമ അറേബ്യയെ സംവിധാനം ചെയ്യുന്നു

മത യാഥാസ്ഥിതികതയ്ക്ക് കലയെ ദീര്‍ഘകാലം എതിര്‍ക്കാനാവും, എന്നാല്‍ അത് ജീവിതത്തോടുള്ള എതിര്‍പ്പാകുമ്പോള്‍ പെട്ടെന്ന് അടിയറവ് പറയേണ്ടിവരുന്നു.മതത്തിന്റെയൊ ഭരണകൂടത്തിന്റെയോ വരുതിയ്ക്ക് നില്ക്കാന്‍ സിനിമയ്ക്ക് ആവാത്തതു കൊണ്ട് അത് സ്വന്തം വഴി തേടിക്കൊണ്ടിരിക്കും. – മതവും ഗോത്രവ്യവസ്ഥയും വിതച്ച വിലക്കുകള്‍ മറികടന്നു പൂവിടുന്ന അറബ് സിനിമാ വസന്തങ്ങളെ കുറിച്ച് സര്‍ജു എഴുതുന്നു

സ്വന്തം സിനിമ എന്ന് വിശേഷിപ്പിക്കാവുന്നവ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുണ്ടാവാന്‍ തുടങ്ങിയിട്ട് ചുരുങ്ങിയ കാലമേ ആയിട്ടുള്ളു. ഗള്‍ഫ് സിനിമ എന്ന് ഉച്ചരിക്കപ്പെടുന്നതു തന്നെ എ. ഡി രണ്ടായിരത്തിന് ശേഷമാണ്. എന്നാല്‍ മറ്റെവിടെയും എന്ന പോലെ ഗള്‍ഫ് രാജ്യങ്ങളിലും മുന്നേ തന്നെ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ഗണ്യമായ ഒരുവിഭാഗം ആളുകള്‍ അവ കാണുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി തിയേറ്ററുകള്‍ നിരോധിക്കപ്പെട്ടിട്ടുള്ള സൌദിയില്‍ പോലും അറുപതുകളിലും എഴുപതുകളിലും സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തൊണ്ണൂറുകളില്‍ ഒമാനിലെ ഒരസല്‍ മരുഭൂമിയിലെ ഉള്‍ഗ്രാമമായ യാംങ്ക്വലില്‍ മേല്‍ക്കൂരയില്ലാത്ത തിയറ്ററില്‍ സമ്മോഹനം എന്ന സിനിമ കണ്ടത് ഓര്‍മ്മയിലുണ്ട്.

പ്രധാനമായും ഹോളിവുഡില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സിനിമകളുടെ വിപണിയായിരുന്നു ഗള്‍ഫ്. എന്നാല്‍ തദ്ദേശീയരായ അറബികളുടെ ജീവിത പരിസരങ്ങളില്‍ നിന്നുള്ള സിനിമകള്‍ ഉണ്ടായില്ല. മറ്റുള്ളവര്‍ അത്തരം ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചതാകട്ടെ, ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം, ഗള്‍ഫ് യുദ്ധം, ഭീകരവാദം ഇങ്ങനെ സ്ഥിരം വിഷയങ്ങളെ മുന്‍ നിര്‍ത്തി മാത്രമായിരുന്നു. ഗള്‍ഫിലെ അറബികള്‍ അവരുടെ ജീവിതത്തെക്കുറിച്ച് വെള്ളിത്തിരയില്‍ എന്തെങ്കിലും അടയാളപ്പെടുത്തിയതിന്റെ രേഖകള്‍ ഇരുപതാംനൂറ്റാണ്ടില്‍ കണ്ടെത്താനാവത്തതിന് പലകാരണങ്ങളുണ്ട്.

സര്‍ജു

മതപരമായ വിലക്കുകള്‍
ഒന്ന്, ഗള്‍ഫിലെ സ്വദേശികളുടെ മനുഷ്യ വിഭവ ശേഷി ആധുനികവല്‍ക്കരിക്കുന്നതിലുള്ള പിന്നോക്കാവസ്ഥയാണ്. മറ്റ് പല മേഖലകളിലുമുള്ള പ്രൊഫഷണലുകളുടെ അഭാവം ചലച്ചിത്ര രംഗത്തും പ്രകടമാകുന്നു.
എന്നാല്‍ ഈ മേഖലയില്‍ സിനിമയുടെ വളര്‍ച്ചയെ പ്രധാനമായും തടഞ്ഞത് മനുഷ്യന്റെ പ്രതിരൂപങ്ങളും ബിംബങ്ങളും സൃഷ്ടിക്കുന്നത് ഇസ്ലാമിക മത ചിന്തയ്ക്ക് എതിരാണ് എന്ന യാഥാസ്ഥിതിക വാദങ്ങളും വ്യാഖ്യാനങ്ങളുമാണ്. കാലിഗ്രാഫിയിലും അമൂര്‍ത്തതയിലും മുന്നേറുമ്പൊഴും ഫിഗറേറ്റീവ് ആകാന്‍ അറബ് ചിത്രകല അറച്ചതിന് പിന്നിലെ കാരണവും ഇത് തന്നെ.

കടുത്ത ബിംബാരാധനക്കാരായ അറബികളെ ഏകദൈവ വിശ്വാസത്തിലേയ്ക്ക് പരിവര്‍ത്തിപ്പിച്ച ഇസ്ലാം, ബിംബങ്ങളുടെ നിര്‍മ്മിതിയെ സ്വാഭാവികമായി തള്ളിപ്പറഞ്ഞിട്ടുണ്ടാകും.എന്നാല്‍ അതിനെ മനുഷ്യന്റെ സര്‍ഗാത്മകതയ്ക്ക് മുഴുവന്‍ ഉടക്ക് വയ്ക്കുന്ന ഒന്നായി വ്യാഖ്യാനിക്കുന്നതിന്റെ അപകടം മറ്റാരെക്കാള്‍ അറബികള്‍ ഇന്ന് തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.

വിവിധ ദേശങ്ങളിലും ഭാഷകളിലും സംസ്കാരങ്ങളിലുംപെട്ട ലോകത്തിലെ ഇസ്ലാം മത വിശ്വാസികളെ മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍ ഇതൊരു ഗൌരവമുള്ള പ്രശ്നമായി ഉയര്‍ന്നു നില്‍ക്കുന്നില്ല. ലോകത്തിലെ ഇസ്ലാം വിശ്വാസികളില്‍ ഒരു ഭാഷാവിഭാഗം എന്ന നിലയില്‍ അറബികളുടെ സംഖ്യ നാലില്‍ ഒന്ന് മാത്രമാണ്. ഗള്‍ഫ് പ്രദേശങ്ങളോട് ചേര്‍ന്നു കിടക്കുന്ന ഇറാനിലും തുര്‍ക്കിയിലുമൊക്കെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തില്‍ നിന്ന് തന്നെ വളര്‍ന്നു വികസിച്ച വലിയ ചലച്ചിത്ര സംസ്കാരങ്ങളുണ്ട്.

മാറ്റങ്ങളുടെ കാറ്റില്‍

salt of the sea

മനുഷ്യരുടെ പ്രതിരൂപങ്ങളുടെ സൃഷ്ടി ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന യാഥാസ്ഥിതിക നിലപാടിന് തിരിച്ചടി ഏല്‍‌പ്പിച്ചത് ഫോട്ടോഗ്രാഫിയുടെ വരവാണ്.
ഒരു പറ്റം അല്ലെങ്കില്‍ സമൂഹം എന്നതില്‍ നിന്നു വ്യക്തി എന്ന നിലയിലേയ്ക്കുണ്ടായ മാറ്റവും അതിന്റെ ചരിത്രവും ഇവിടെ പ്രധാന ഘടകമാണ്.ദേശീയതയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രങ്ങളുടെ രൂപീകരണം, പൌരത്വം, ദേശാന്തര സഞ്ചാരം , കുടിയേറ്റം ഇതൊക്കെ ഓരോ വ്യക്തിയേയും സഹജമായ വ്യത്യാസങ്ങളോടെയും സവിശേഷതകളോടെയും തിരിച്ചറിയേണ്ടതിന്റെയും പരിഗണിക്കേണ്ടതിന്റേയും ആവശ്യകത അനിവാര്യമാക്കി.

മത യാഥാസ്ഥിതികതയ്ക്ക് കലയെ ദീര്‍ഘകാലം എതിര്‍ക്കാനാവും, എന്നാല്‍ അത് ജീവിതത്തോടുള്ള എതിര്‍പ്പാകുമ്പോള്‍ പെട്ടെന്ന് അടിയറവ് പറയേണ്ടിവരുന്നു.ഫോട്ടോ ഹറാമാകയാല്‍ വര്‍ഷാന്ത്യ ക്ലാസ്ഫോട്ടോയ്ക്ക് നില്‍ക്കാന്‍ കൂട്ടാക്കാതിരുന്നവരുടെ കഥകള്‍ നിരവധിയാണ്. എന്നാല്‍ ഫോട്ടോ എടുത്തെടുത്ത് തന്റെ മുഖം തേഞ്ഞുപോയി എന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പരിതപിച്ചതും അതേ കാലത്തില്‍ തന്നെ.

വീഡിയോ ഗ്രാഫിയാണ് മറ്റൊരു വഴിത്തിരിവുണ്ടാക്കിയത് . വി സി ആറും വി സി പിയും വന്നതോടെ കേരളീയ ഗള്‍ഫ് ഭവനങ്ങളിലേയ്ക്കെന്ന പോലെ സകല അറബി വീടുകളിലേയ്ക്കും സിനിമ പ്രവേശിച്ചു. തിയേറ്റര്‍ ഒരു പൊതു ഇടം എന്ന നിലയില്‍ നിന്ന് സ്വകാര്യ ഇടമായി മാറാന്‍ തുടങ്ങി. ഗള്‍ഫിലും നാട്ടിലും വീഡിയൊ പാര്‍ലറുകള്‍ വ്യാപിച്ചതോടെ ആളുകള്‍ കാണുന്ന സിനിമകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി. നിര്‍മ്മിക്കപ്പെടുന്ന സകല സിനിമകളും കാണുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഇനിയും പഠിക്കപ്പെടേണ്ട ഒരു വിഷയമാണ്.

എതിര്‍പ്പ് അവസാനിപ്പിച്ച്, സിനിമയെ ഇസ്ലാമിക ചിന്തയ്ക്കും ഇസ്ലാമിക രാഷ്ട്രത്തിനും ഉപയോഗപ്പെടുത്താവുന്ന ഒന്നാക്കി മാറ്റാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഇറാനില്‍ ഖൊമേനി പുതിയ നിലപാട് എടുത്തു. ഇത്തരം സുവിശേഷ സിനിമാക്കാരില്‍ ഒരാളായാണ് മക്മല്‍ ബഫ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത് എന്നത് കൌതുകകരമാണ്. കല്യാണ വീഡിയോയ്ക്ക് മുന്നില്‍ വധുവിനേക്കാള്‍ മുഖം മറച്ചിരുന്ന മലയാളി മൊല്ലമാര്‍ പുഞ്ചിരിയോടെ പോസ് ചെയ്യാന്‍ തുടങ്ങിയതും ഇക്കാലത്ത് തന്നെ.

ലോകത്തിലേക്കും തിരിച്ചുമുള്ള പുറപ്പാടുകള്‍

sea shadow

ദൃശ്യമാധ്യമങ്ങളും ഉപഗ്രഹ ചാനലുകളും നവമാധ്യമങ്ങളും ഗല്‍ഫിലെ അറബ് ജീവിതത്തില്‍ അടിസ്ഥാനമാറ്റങ്ങള്‍ക്ക് കാരണമായി. ഒട്ടേറെ മറകളുള്ള അടഞ്ഞ സമൂഹങ്ങളായി തുടരാനുള്ള സാധ്യതയെ അത് ഇല്ലാതാക്കി. ലോകം അവരിലേയ്ക്ക് പ്രവേശിച്ച പോലെ അവര്‍ ലോകത്തിലേയ്ക്കും പുറപ്പെട്ടു. ആശയവിനിമയത്തിന്റെ വലിയ ശൃംഖലകള്‍ രൂപപ്പെടാന്‍ തുടങ്ങി. സാമൂഹിക പരിഷ്കരണങ്ങളോ രാഷ്ട്രീയ മുന്നേറ്റങ്ങളോ കാര്യമായി നടക്കാത്ത സമൂഹത്തില്‍ ശരിയ്ക്കും റ്റെക്നോളജി കൊണ്ടുവന്ന ഒരു ഗ്ലാസ് നോസ്റ്റ് ആയിരുന്നു ഇത്

അല്‍ ജസീറ പോലുള്ള ചാനലുകള്‍ മാധ്യമ രാഷ്ട്രീയത്തെ അറബ് രാഷ്ട്രീയവുമായി ബന്ധിപ്പിച്ച് പുതിയൊരു ലോകവീക്ഷണം മുന്നോട്ടുവച്ചു.മാധ്യമ വികാസം മറ്റിടങ്ങളില്‍ ദൃശ്യങ്ങളുടെ കുത്തൊഴുക്കും പ്രളയവും ഉണ്ടാക്കിയപ്പോള്‍ ഗള്‍ഫില്‍ ഒരോ ദൃശ്യവും രാഷ്ട്രീയ മുദ്രയുള്ളതായി. ഗള്‍ഫ് യുദ്ധത്തിന്റെ തത്സമയ റിപ്പോര്‍ട്ടുകളില്‍ തന്നെ ഈ മാറ്റം ലോകം തിരിച്ചറിയുകയും ചെയ്തു.

അറബ് സിനിമ: ആദ്യ വഴികള്‍

അറബ് ലോകത്ത് ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ കേന്ദ്രീകരിച്ചത് ഈജിപ്റ്റിലായിരുന്നു. 1976 -ല്‍ ആരംഭിച്ച കെയ്റോ രാജ്യാന്തര ചലച്ചിത്രോത്സവമാണ് ആദ്യ അറബ് ഫിലിം ഫെസ്റ്റിവല്‍. അതുകൊണ്ട് തന്നെ ദീര്‍ഘകാലം അറബ് സിനിമകള്‍ എന്നാല്‍ ഈജിപ്ഷ്യന്‍ സിനിമകളായിരുന്നു.പിന്നീട് ലെബനോണ്‍,സിറിയ, അള്‍ജീരിയ, മൊറോക്കൊ, റ്റുണീഷ്യ, ജോര്‍ദ്ദാന്‍ , പലസ്തീന്‍ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ സജീവമാകാന്‍ തുടങ്ങി.മതചിന്തയും സിനിമയും തമ്മിലുള്ള സംഘര്‍ഷം അവര്‍ക്ക് കാലഹരണപ്പെട്ടതായി.

ചെറുസിനിമകള്‍ക്കും ഡോക്യുമെന്ററികള്‍ക്കുമായി മസൂദ് അലി അമറുള്ളയുടെ മുന്‍ കയ്യില്‍ 2001 -ല്‍ അബുദബിയില്‍ ആരംഭിച്ച എമിറേറ്റ്സ് ഫിലിം കോമ്പറ്റീഷനാണ് ഗള്‍ഫ് രാജ്യങ്ങളിലെ പുതുതലമുറയുടെ സ്വദേശി സിനിമയ്ക്കായുള്ള ആദ്യ കൂട്ടായ സരംഭം. വിദേശങ്ങളില്‍ നിന്ന് വിഷ്വല്‍ മീഡിയയും സിനിമയും പഠിച്ചു വന്ന എമിറാത്തി ചെറുപ്പക്കാരും കോളേജ് വിദ്യാര്‍ത്ഥികളുമൊക്കെ നിര്‍മ്മിച്ച ചെറുസിനിമകളും വിവിധ ദേശങ്ങളില്‍ നിന്നുള്ള ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും ഉള്‍പ്പെട്ട ഒരു ഫെസ്റ്റിവലായിരുന്നു ഇത്.

യു. എ യിലെ അറബ് നാടക പ്രവര്‍ത്തകരും എഴുത്തുകാരുമൊക്കെ ഇതിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടതോടെ കൂട്ടായ ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ സജീവമായി.യു.എ.ഇ സിനിമകള്‍ക്കെന്നപോലെ ജി സി സി സിനിമകള്‍ക്കും മത്സരവിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയത് പ്രാദേശികമായൊരു ഉണര്‍വുണ്ടാക്കി. പുതിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം ചലചിത്ര നിര്‍മ്മാണ വിതരണ കമ്പനികള്‍, സിനിമ-ദൃശ്യമാധ്യമ പഠന സ്ഥാപനങ്ങള്‍, പുതിയ ചലചിത്രോത്സവങ്ങള്‍ ഇതൊക്കെ രൂപപ്പെട്ടുവന്നു.

യു .എ ഇ യില്‍ നിന്നുള്ള നവാഫ് അല്‍ ജനാഹി, ഹാനി അല്‍ ഷെയ്ബാനി തുടങ്ങിയവരുടെ ഫീച്ചര്‍ സിനിമകള്‍, നുജും അല്‍ ഘാനത്തിന്റെ ഡോക്യുമെന്ററികള്‍ ആദ്യ യെമനി ഫീച്ചര്‍ സിനിമയായ എ ന്യു ഡേ ഇന്‍ ഓള്‍ഡ് സന (2005) ആദ്യ സൌദി ഫീചര്‍ ഫിലിം കൈഫ് അല്‍ ഹാല്‍ (2006 ) ഇങ്ങനെയുള്ള ഗല്‍ഫ് സിനിമയിലെ ആദ്യ രചനകള്‍ തന്നെ ഗള്‍ഫിന് പുറത്ത് ശ്രദ്ധനേടി.

2005 ല്‍ ദുബായ് രാജ്യാന്തര ചലച്ചിത്രോത്സവം, 2007 -ല്‍ അബുദബി രാജ്യാന്തര ചലചിത്രോത്സവം, അതേ വര്‍ഷം ഗള്‍ഫ് ഫിലിം ഫെസ്റ്റിവല്‍, 2009 -ല്‍ ദോഹ ട്രിബേക്ക ചലചിത്രോത്സവം, ബാഗ്ദാദ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഇവയുടെയൊക്കെ തുടക്കവും വളര്‍ച്ചയും ഗള്‍ഫ് സിനിമ എന്ന സങ്കല്‍‌പ്പത്തെ യാഥാര്‍ത്ഥ്യത്തോട് അടുപ്പിച്ചു.സിനിമ തുര്‍ക്കിയില്‍നിന്നോ , ഇന്ത്യയില്‍ നിന്നോ, ഫ്രാന്‍സില്‍ നിന്നോ, ലെബനോണില്‍ നിന്നോ ഏത് രാജ്യത്തു നിന്നായാലും അതേ ദേശക്കാരായ ഒരു വിഭാഗം പ്രേക്ഷകരുടെ സാന്നിദ്ധ്യം ഉറപ്പിക്കാനാവുന്നു എന്നത് ഗല്‍ഫ് ഫെസ്റ്റിവലുകളുടെ പ്രത്യേകതയാണ്. ഇറാനിയന്‍ സിനിമകളും തുര്‍ക്കിയില്‍ നിന്നുള്ള നവസിനിമകളും, പലസ്തീന്‍ പശ്ചാത്തലത്തില്‍ നിന്നുവന്ന ഏലിയ സുലൈമാനെ പോലുള്ള ചലച്ചിത്രകാരന്മാരും പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ ഗല്‍ഫ് ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് പ്രചോദനമായി.

യാഥാര്‍ത്യബോധമുള്ള ദൃശ്യ ഭാഷ

ടെക്നോളജിയോട് ആഭിമുഖ്യവും സര്‍ഗാത്മകതയുമുള്ള അറബ് യുവത്വത്തിന് ചെറുസിനിമകളും ഡോക്യുമെന്ററികളും സ്വയം ആവിഷ്കരിക്കാനുള്ള ഉപാധികളായി. മധ്യപൂര്‍വേഷ്യയുടെ സവിശേഷ രാഷ്ട്രീയ സാഹചര്യങ്ങളേയും ജീവിത ചുറ്റുപാടുകളെയും കുറിച്ച് കൂടുതല്‍ യാഥാര്‍ത്യബോധമുള്ള ഒരു ദൃശ്യ ഭാഷ രൂപപ്പെടാന്‍ തുടങ്ങി. എല്ലാഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള മനുഷ്യര്‍ ജീവിക്കുന്ന യു എ ഇ പോലുള്ള രാജ്യങ്ങളില്‍ തദ്ദേശീയരും പ്രവാസികളും തമ്മിലുള്ള ആശയവിനിമയത്തിന്റേയും സാംസ്കാരിക വിനിമയത്തിന്റെയും തലത്തില്‍ സിനിമ പല വാതിലുകള്‍ ഒന്നിച്ചു തുറന്നു.പ്രമേയങ്ങളുടെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഗല്‍ഫിന് പുറത്ത് ഇന്ത്യ, പലസ്തീന്‍, മൊറോക്കെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഈ സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്.

nujoom al ghanem

ഗള്‍ഫ് സിനിമകളുടെ മറ്റൊരു പ്രത്യേകത സംവിധായകരെന്ന നിലയ്ക്കുള്ള സ്ത്രീകളുടെ വലിയ പങ്കാളിത്തമാണ്. നുജും അല്‍ ഘാനെം, നൈല അല്‍ ഖാജ , ഹന അല്‍ സറൂനി തുടങ്ങി എമിറാത്തി സ്ത്രീകളുടെ ഒരു വലിയ നിര തന്നെയുണ്ട് ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരായി.

മതത്തിന്റെയൊ ഭരണകൂടത്തിന്റെയോ വരുതിയ്ക്ക് നില്ക്കാന്‍ സിനിമയ്ക്ക് ആവാത്തതുകോണ്ട് അത് സ്വന്തം വഴി തേടിക്കൊണ്ടിരിക്കും. തെക്കന്‍ ഫ്രാന്‍സില്‍ നിന്ന് യൂറോപ്പിലൂടെയും മിഡില്‍ ഈസ്റ്റിലൂടെയും കാര്‍മാര്‍ഗം മക്കത്തേയ്ക്ക് ഹജ് യാത്ര ചെയ്യുന്ന ഒരു വൃദ്ധനായ മനുഷ്യനും കാറോടിക്കുന്ന അവിശ്വാസിയായ മകനും ഒന്നിക്കുന്ന ഇസ്മയില്‍ ഫറൂക്കിയുടെ ലെ ഗ്രാന്റ്‌ വോയേജ് പോലുളള സിനിമകളില്‍ നേര്‍ വിപരീത വീക്ഷണങ്ങള്‍ക്ക് ഒരേ വാഹനം നല്‍കുന്ന സര്‍ഗാത്മക വിസ്മയം ലോകം കണ്ടാദരിച്ചതാണ്. അതാണ് കലയുടെ സവിശേഷമായ രാഷ്ട്രീയവും. മനുഷ്യരുടെ പ്രതിരൂപങ്ങളുടെ നിര്‍മ്മിതിയെ ഭയക്കുന്ന മത ചിന്തയും വല്ലാതെ ഫിഗറേറ്റീവ് ആയ ഇസ്ലാമിക രാഷ്ട്രീയവും ഒരേ ഇടത്തിന്റേത് തന്നെ.

6 thoughts on “സിനിമ അറേബ്യയെ സംവിധാനം ചെയ്യുന്നു

    • വസ്തുതാപരമായ പിഴവുകൾ താങ്കൾ ചൂണ്ടിക്കാട്ടുമെങ്കിൽ സന്തോഷം

  1. മിസ്റ്റർ സമി സൈദ് അലി , ഡിക്ലറേറ്റിവ് സ്റ്റേറ്റ്മെന്റുകൾ ഒന്നും ചെയ്യുന്നില്ല. എവിടെയൊക്ക്കെയാണ് പ്രശ്നങ്ങൾ എന്ന് ചൂണ്ടീ ക്കാട്ടുമ്പോഴല്ലേ നമുക്ക് കൂടെ മനസിലാവൂ. . താങ്കളുടെ ഒരു വിശദമായ കുറിപ്പ് പ്രതീക്ഷിക്കുന്നു

  2. വസ്തുതാപരമായ തെറ്റുകളേക്കാള്‍ പ്രധാനം ലേഖനത്തിലെ വാര്‍ത്തയും വിഷയവും ആണു്. ഇസ്ലാമിന്റെ ഉരുക്കുപോലെയുള്ള ദാര്‍ഢ്യങ്ങളെ തകര്‍ക്കാന്‍ പുതിയ അറബ് സിനിമക്കു് കഴിയട്ടെ. ഒപ്പം മുസ്ലീംജീവിതത്തിലെ തൂവല്‍സ്പര്‍ശങ്ങളെ വെളിച്ചത്തുകൊണ്ടുവരാനും. നഷ്ടസ്മൃതിയായ പലസ്തീന്‍സെക്യൂലറിസവും കലാസൃഷ്ടികളിലൂടെ പുനരുജ്ജീവിക്കും.

Leave a Reply to sarju Cancel reply

Your email address will not be published. Required fields are marked *