ആരുടെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിയ്ക്കുന്നത്?

സ്ത്രീ സ്വാതന്ത്യ്രവാദികള്‍ എന്നും നേരിട്ടിട്ടുള്ള ഏറ്റവും ശക്തമായ വെല്ലുവിളികളില്‍ ഒന്ന് സ്വാതന്ത്യ്രം എന്നതിനെകുറിച്ചുള്ള സമഗ്രമായ ആശയ സങ്കല്‍പ്പത്തിന്റെ അഭാവമാണ്. “എന്തില്‍ നിന്നുള്ള സ്വാതന്ത്യ്രം?ഏത് തരം സ്വാതന്ത്യ്രം? എന്തിനു വേണ്ടിയുള്ള സ്വാതന്ത്യ്രം? ” എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അവസാനിയ്ക്കുന്നത്, ലിംഗപരമായ വിവേചനങ്ങളുടെ ചുറ്റുവട്ടത്താണ്-ശാലിനി പത്മ എഴുതുന്നു

painting by frida kahlo

ആത്മാര്‍ഥമായി ആഗ്രഹിയ്ക്കുകയും, ലക്ഷ്യത്തിനായി, അക്ഷീണം പരിശ്രമിയ്ക്കുകയും ചെയ്യുന്നവര്‍ക്ക് അതു* ലഭിയ്ക്കുന്നു.
-(ജോണ്‍ റീഡ്- ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങള്‍ )

വ്യവസ്ഥാപിത സമൂഹത്തിന്റെ ആരംഭ കാലം മുതല്‍ സ്ത്രീ സ്വാതന്ത്യ്രത്തിനായുള്ള ഒച്ചപ്പാടുകള്‍ നടന്നു കൊണ്ടേയിരിയ്ക്കുന്നു . യഥാര്‍ഥത്തില്‍ സ്വാതന്ത്യ്രം എന്ന പദം കൊണ്ട് സ്ത്രീകള്‍ എന്താണ് അര്‍ഥമാക്കുന്നത്? ഒരു രാഷ്ട്രത്തിന്റെ, വംശത്തിന്റെ രാഷ്ട്രീയ ആദര്‍ശങ്ങളുടെ, സ്വാതന്ത്ര്യലബ്ധിയ്ക്കായുള്ള പോരാട്ടങ്ങളില്‍ “സ്വാതന്ത്യ്രം “എന്ന പദം വ്യക്തവും സുതാര്യവുമായി നിര്‍വചിയ്ക്കപ്പെടെണ്ടതാണ് അല്ലാത്ത പക്ഷം ആശയപരമായ അവ്യക്തത പ്രവര്‍ത്തന അപാകതകളിലെയ്ക്ക് നയിയ്ക്കുകയും, സ്വാതന്ത്യ്രം എന്ന ആശയം മറ്റൊന്നിനു വഴിമാറുകയും ചെയ്യുന്നു.

മാറിക്കൊണ്ടിരിയ്ക്കുന്ന സമൂഹത്തില്‍ സ്വാതന്ത്യ്രത്തിന്റെ അര്‍ഥങ്ങളും സദാ മാറ്റത്തിനു വിധേയമാവുന്നു.മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും , സ്വയം വിമര്‍ശനത്തിലൂടെ ആശയങ്ങളെ പുതുക്കി പണിയാനും കഴിയാതെ വരുമ്പോഴാണ്, സ്വാതന്ത്യ്രത്തിന്റെ വിഗ്രഹങ്ങള്‍ ഉടഞ്ഞു ചിതറുന്നത്‌. മഹത്തായ സാമൂഹ്യ വിപ്ലവങ്ങള്‍ക്ക് സംഭവിയ്ക്കുന്നതും മറ്റൊന്നല്ല.
സാമൂഹ്യ സാഹചര്യങ്ങള്‍ മാറേണ്ടതിന്റെ ആവശ്യകത സജീവവും, ശക്തവുമായി ചര്‍ച്ച ചെയ്യപ്പെടുന്നത്, കൂടുതല്‍ മികച്ചതും, യാഥാര്‍ധ്യ ബോധമുള്ളതുമായ ഒരു ബദല്‍ മാറ്റത്തിനു വേണ്ടി വാദിയ്ക്കുന്നവര്‍ മുന്നോട്ടു വെയ്ക്കുമ്പോഴാണ്. ലോക ചരിത്രത്തില്‍ സുവ്യക്തവും, സൂക്ഷ്മവുമായ ഒരു ബദല്‍ നിര്‍ദേശത്തിലൂടെ മുന്നേറപ്പെടിട്ടുള്ള വിഭാഗങ്ങള്‍ ദുഷ്കരവും, സമാനതകള്‍ ഇല്ലാത്തതുമായ ലക്ഷ്യങ്ങള്‍ നേടിയെടുത്തിട്ടുണ്ട് എന്ന വസ്തുത, ആശയ നിര്‍മാണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു.

ശാലിനി പത്മ

ദൌര്‍ഭാഗ്യകരം എന്ന് പറയട്ടെ സ്ത്രീ സ്വാതന്ത്യ്രവാദികള്‍ എന്നും നേരിട്ടിട്ടുള്ള ഏറ്റവും ശക്തമായ വെല്ലുവിളികളില്‍ ഒന്ന് സ്വാതന്ത്യ്രം എന്നതിനെകുറിച്ചുള്ള സമഗ്രമായ ആശയ സങ്കല്‍പ്പത്തിന്റെ അഭാവമാണ്. “എന്തില്‍ നിന്നുള്ള സ്വാതന്ത്യ്രം , ?ഏത് തരം സ്വാതന്ത്ര്യം? എന്തിനു വേണ്ടിയുള്ള സ്വാതന്ത്യ്രം ? ” എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അവസാനിയ്ക്കുന്നത്, ലിംഗപരമായ വിവേചനങ്ങളുടെ ചുറ്റുവട്ടത്താണ്.

തൊഴിലാളി വര്‍ഗത്തെപ്പോലെയോ , വംശീയ സ്വാതന്ത്ര്യ സംരക്ഷണ സംഘടനകളെ പോലെയോ, പൊതുവായ ഒരു സാമൂഹ്യ മാനം, സ്ത്രീ സമൂഹത്തിനില്ല. സ്ത്രീ സമൂഹം എന്നത്, സമൂഹത്തിന്റെ വിവിധ തുറകളില്‍ അതതു മേഖലകളിലെ “കുടുംബം “എന്ന സ്ഥാപനത്താല്‍ വേര്‍തിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. സാമ്പത്തികവും, ജാതീയവും, വംശീയവും, ആചാര പരവുമായി, താരതമ്യം സാധ്യമല്ലാത്ത വൈരുധ്യങ്ങളില്‍ ജീവിയ്ക്കുന്ന ഒരു സമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ ഒന്ന് തന്നെയാണ്, എന്നത്,, ലിംഗപരമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് തെളിയിയ്ക്കുന്നു. (നിലനില്‍ക്കുന്ന ഒന്നിനെ, അതു നിലനില്‍ക്കുന്നു, എന്ന് തെളിയിച്ച്, ഉറക്കം നടിയ്ക്കുന്ന ഭൂരിപക്ഷത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്ന കുഴപ്പം പിടിച്ചതും, ദുഷ്കരവുമായ പ്രവര്‍ത്തിയുടെ പേരത്രേ , മാറ്റത്തിനു വേണ്ടിയുള്ള വാദം! )

ആന്തരികവും , ബാഹ്യവുമായ സംഘര്‍ഷങ്ങളാണ് , ഏതൊരു മാറ്റത്തിനും വഴിയൊരുക്കുന്നത്, സ്ത്രീ പക്ഷ സമരങ്ങള്‍ ഭൂരിഭാഗവും, ബാഹ്യലോകവുമായി ലിംഗപരമായ സംഘര്‍ഷങ്ങളില്‍ഏര്‍പ്പെട്ടുകൊണ്ടെയിരിയ്ക്കുന്നു. സംഭവാധിഷ്ഠിതമായ ബാഹ്യ യുദ്ധങ്ങള്‍ അവസാനിയ്ക്കാതെ നീണ്ടു പോവുന്നു, ഒരു പെണ്‍കുഞ്ഞു ബലാല്‍സംഗം ചെയ്യപ്പെടുന്നു, തുടര്‍ന്ന് നടക്കുന്ന അനേകം കോലാഹലങ്ങളുടെ ഏറ്റവും ഒടുവില്‍ മറ്റൊരു സ്ത്രീ തെരുവില്‍ വില്‍ക്കപ്പെടുന്നു, കോലാഹലങ്ങള്‍ ആ വഴിയ്ക്ക് പോവുന്നു. അവസാനിയ്ക്കാത്ത ആള്‍ക്കൂട്ട കലമ്പലുകളുടെ പ്രകടന വേദിയാവുകയാണ്, സ്ത്രീ പക്ഷ വാദങ്ങള്‍ .

“നീണ്ട കാലത്തേയ്ക്ക്, നിരന്തരമായി, ഒരു വ്യക്തിയോ, സമൂഹമോ, അപര്‍ഷകത ജനിപ്പിയ്ക്കുന്ന സാഹചര്യങ്ങളില്‍ ജീവിയ്ക്കുമ്പോള്‍ ,സത്യത്തില്‍ അവര്‍ അപകര്‍ഷതാ ബോധമുള്ളവരായി മാറുന്നു.-സിമോണ്‍ ഡി ബുവിയൊര്‍ .

സ്വന്തം അസ്തിത്വത്തെ ഭയക്കുന്ന, മാമൂലുകളെ സ്വമേധയാ അനുസരിയ്ക്കുന്ന,വിധേയത്വത്തില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സമൂഹത്തെ അടിച്ചമര്‍ത്താന്‍ , എളുപ്പമാണ്.സമൂഹം കാലാകാലങ്ങളായി അതു തന്നെ ചെയ്തു കൊണ്ടിരിയ്ക്കുന്നു.

ലിംഗപരമായ അബദ്ധ ധാരണകള്‍ വെച്ചുപുലര്‍ത്തിപ്പോരുന്ന വലിയ, വളരെ വലിയ ഒരു സമൂഹത്തിനോട് നിങ്ങള്‍ ചോദിയ്ക്കുന്നു,”നിങ്ങള്‍ക്ക് സ്വാതന്ത്യ്രം വേണ്ടേ?” അവര്‍ ഒന്നടങ്കം മറുപടി പറയുന്നു.”വേണം, വേണം , തെരുവുകളില്‍ , പൊതു ഇടങ്ങളില്‍ , ജോലിസ്ഥലങ്ങളില്‍ , നിങ്ങള്‍ വീണ്ടും ചോദിയ്ക്കുന്നു, എന്തില്‍നിന്ന്? സ്വന്തം ശരീരത്തിന്റെ സാമൂഹ്യ സാധ്യത എന്ന വജ്രായുധത്തില്‍ നിന്ന്?
സംരക്ഷിയ്ക്കപ്പെടെണ്ടവളാണ് എന്ന ധാരണയില്‍ നിന്ന്?
കന്യകാത്വം നിരസിക്കപ്പെടാനാവാത്ത ഒരു ഗുണമാണ് എന്നതില്‍ നിന്ന്?
ആര്‍ത്തവം എന്നത് ഒരു വികലാംഗത്വമാണ് എന്ന ധാരണയില്‍ നിന്ന്?

ആള്‍ക്കൂട്ടംഅപശബ്ദങ്ങളോടെ പിരിഞ്ഞു പോവുന്നു. അവശേഷിയ്ക്കുന്നവര്‍ ചുളിഞ്ഞ നെറ്റിയോടെ നിങ്ങളോട് തിരിച്ചു ചോദിയ്ക്കുന്നു
.”നിങ്ങള്‍ ആരുടെ സ്വാതന്ത്യ്രത്തെ കുറിച്ചാണ് പറയുന്നത്??!”

(*റഷ്യന്‍ തൊഴിലാളി സമൂഹത്തെക്കുറിച്ച്

2 thoughts on “ആരുടെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിയ്ക്കുന്നത്?

  1. “എന്തില്‍ നിന്നുള്ള സ്വാതന്ത്യ്രം , ?ഏത് തരം സ്വാതന്ത്ര്യം? എന്തിനു വേണ്ടിയുള്ള സ്വാതന്ത്യ്രം ? എന്നീ ചോദ്യങ്ങള്‍ അഭിമുഖീകരിക്കുന്നത് സ്ത്രീ സ്വാതന്ത്ര്യ വാദികള്‍ മാത്രമല്ല എന്ന് തിരിച്ചറിയുക . മനുഷ്യ കുലം ആകെ അഭിമുഖീകരിക്കുന്ന ചോദ്യങ്ങലാനിവയെല്ലാം . സ്വാതന്ത്ര്യം ഒരു ഉത്തരവാദിത്തം കൂടിയാണെന്ന് തിരിച്ചറിയാത്തവര്‍ കൂടി പലപ്പോഴും സ്വാതന്ത്ര്യത്തെ ഭയക്കുന്നു. സമൂഹത്തില്‍ നിന്നും അടര്‍ത്തി മാറ്റി വ്യക്തിയുടെ അശാഭിലാഷങ്ങലെയോ വൈയക്തികമായ ആശഭിലാശങ്ങളെ പരിഗണിക്കാതെ സമൂഹ നിയമങ്ങളെയോ നിര്‍വചിക്കാന്‍ സാധ്യമല്ല . അപ്പോള്‍ പെണ്ണിന്റെ മാത്രമല്ല ആണിന്റെയും കുട്ടികളുടെയും വൃദ്ധന്മാരുടെയും എന്നിങ്ങനെ ആരുടേയും സ്വാതന്ത്ര്യ ചിന്തകള്‍ക്ക് സമഗ്ര ഭാവം ഉണ്ടാവില്ല. അപ്പോള്‍ പോരാട്ടങ്ങളും സംഘര്‍ഷങ്ങളും വേണ്ടത് വ്യക്തി സ്വാതന്ത്രത്തിനു വേണ്ടിയാണ് -അങ്ങനെയുള്ള ഒരു സമൂഹത്തില്‍ പിന്നെ ആണ്‍ സ്വാതന്ത്ര്യം പെന്‍ സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള വേര്‍ തിരിവുകള്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം!

  2. അവസാനിയ്ക്കാത്ത ആള്‍ക്കൂട്ട കലമ്പലുകളുടെ പ്രകടന വേദിയാവുകയാണ്, സ്ത്രീ പക്ഷ വാദങ്ങള്‍ ……………
    athe thangalude ee vakkukalanu sathyam…………

Leave a Reply

Your email address will not be published. Required fields are marked *