പല കാഴ്ചകളില്‍ ഒരു നഗരം

ജറൂസലെം നഗരത്തെക്കുറിച്ച് ഇറങ്ങിയ രണ്ട് പുസ്തകങ്ങള്‍. കരേന്‍ ആംസ്ട്രോങും സൈമണ്‍ സെബാഗ് മോണ്‍ടിഫോറിയും എഴുതിയത്. പല പുസ്തകങ്ങള്‍ക്കിടയില്‍, പല വിശ്വാസങ്ങള്‍ക്കിടയില്‍, പല കാഴ്ചകള്‍ക്കിടയില്‍ വീതം വെക്കപ്പെട്ട ഒരു നഗരത്തെക്കുറിച്ച് മുഹമ്മദ് സുഹൈബ് എഴുതുന്നു

[

courtesy: New York Times

പാതകളും പാലങ്ങളും കവലകളും കമ്പോളങ്ങളും മാത്രമല്ല ഒരു നഗരം. കോണ്‍ക്രീറ്റ് വനങ്ങളും അതില്‍ വിഹരിക്കുന്ന ഇരുകാലി ഹിംസ്ര ജന്തുക്കളും ശത സഹസ്രം ശകടങ്ങളും അഴുക്കുചാലുകളും ചവറ് കൂനകളും ചേരി പ്രദേശങ്ങളും ഉള്‍ചേര്‍ന്ന നഗരങ്ങള്‍ക്കുമുണ്ട് സ്വഭാവവും ആത്മാവും വ്യക്തിത്വവും. കാലാതിവര്‍ത്തിയായ വ്യക്തിത്വം പേറുന്ന നഗരങ്ങളുണ്ട്. കാലത്തിനനുസരിച്ച് നിറം മാറുന്നവയുമുണ്ട്. ആദ്യം പറഞ്ഞതില്‍ പെട്ടതാണ് ഇസ്രയേലിന്റെ തലസ്ഥാനവും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ആണിക്കല്ലുമായ ജറൂസലം നഗരം.

അക്ഷരാര്‍ഥത്തില്‍ ലോക തലസ്ഥാനമാണ് ജറൂസലം. മൂന്നു പ്രമുഖ മതങ്ങളും നൂറ്റാണ്ടുകളായി അതിന്‍മേല്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടേയിരുക്കുന്നു. ക്രിസ്ത്യാനിക്കും മുസ്ലിമിനും ജൂതനും അവിടെ പുണ്യമേഖലകളുണ്ട്. ആരും വിട്ടുവീഴ്ചക്ക് തയാറല്ല. അതിന് അവരവരുടെ മതബോധം അനുവദിക്കില്ല. വിട്ടുവീഴ്ച ചെയ്യുന്നവന്‍ ജീവിത വൃത്തം ശാന്തമായി പൂര്‍ത്തിയാക്കില്ല. വെട്ടിപ്പിടിക്കുന്നവനാണ് നായകന്‍. എത്രയെത്ര നായകന്‍മാരെ ഈ നഗരം കണ്ടിരിക്കുന്നു. കാലങ്ങളില്‍ എത്ര തവണ കൈമറിഞ്ഞു?

jerusalem one city

കൈമാറ്റങ്ങളിലെല്ലാം ചോരവീഴ്ത്തല്‍ ഒരു അനുഷ്ഠാനം പോലെ മതങ്ങള്‍ കൊണ്ടാടി. ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും ഈ കുഴമണ്ണില്‍ കാലുകുത്തുന്ന ഒരു സഞ്ചാരിയുടെ മസ്തിഷ്കത്തില്‍ ഈ ചിന്തകള്‍ ഓളങ്ങള്‍ തീര്‍ക്കും. ഓര്‍മകളുടെ ഭാരം താങ്ങാനാകാതെ തലച്ചോര്‍ പ്രകമ്പനം കൊള്ളും. വയ ഡോളറോസയിലൂടെയുള്ള യേശുക്രിസ്തുവിന്റെ അന്ത്യയാത്രയും ദാവീദിന്റെയും ഗോലിയാത്തിന്റെയും ദ്വന്ദയുദ്ധവും സോളമന്റെ ഇന്ദ്രപ്രസ്ഥവും മുഹമ്മദ്നബിയുടെ സ്വര്‍ഗാരോഹണവും മനസിന്റെ തിരശീലയില്‍ ഓട്ടപ്രദക്ഷിണം നടത്തുമ്പോള്‍ താനൊരു യേശുക്രിസ്തുവാണെന്നോ മോശെയാണെന്നോ സോളമനണെന്നോ അയാള്‍ക്ക് വെളിപാടുണ്ടാകും. ദുര്‍ബലമാനസര്‍ ശാശ്വതമായ വിഭ്രാന്തിയിലേക്ക് വഴുതുമ്പോള്‍ ചില ഭാഗ്യവാന്‍മാര്‍ ബോധത്തിനും അബോധത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ ട്രപ്പീസ് കളിച്ച് ഒടുവില്‍ ജീവിതത്തിലേക്ക് മടങ്ങിവരും. ജറുസലം സിന്‍ഡ്രം എന്നുവിളിക്കുന്ന ഈ അവസ്ഥ നഗരം സന്ദര്‍ശിക്കുന്ന നല്ലൊരു ശതമാനം സഞ്ചാരികള്‍ക്കും ഉണ്ടാകുന്നു.

ലോകത്ത് മറ്റൊരു നഗരത്തിനും അവകാശപ്പെടാനില്ലാത്ത സവിശേഷതകള്‍ പേറുന്ന ജറൂസലമിന്റെ ചരിത്രം പല പ്രമുഖരും എഴുതിയിട്ടുണ്ട്. സമകാലീന ലോകത്തെ ഏറ്റവും ശ്രദ്ധേയയായ മതചരിത്രകാരിയായി അറിയപ്പെടുന്ന കരേന്‍ ആംസ്ട്രോങിന്റെയും വിചിത്ര ചരിത്രങ്ങളുടെ ആശാനെന്ന് പേര് കേട്ട സൈമണ്‍ സെബാഗ് മോണ്‍ടിഫോറിയുടെയും ജറുസലം പുരാണങ്ങള്‍ ഇവയില്‍ വേറിട്ടു നില്‍ക്കുന്നു. ‘ജറുസലം: വണ്‍ സിറ്റി; ത്രീ ഫെയ്ത്ത്സ്’ എന്ന പേരില്‍ കരേന്‍ എഴുതിയ നഗരചരിത്രം ഒരു ക്ലാസിക്കാണ്. മൂന്നു സെമിറ്റിക് മതങ്ങളുടെയും വീക്ഷണ കോണിലൂടെ നഗരത്തെ കാണാനാണ് അവര്‍ ശ്രമിക്കുന്നത്. മൂവര്‍ക്കും അവിടെയുള്ള അവകാശത്തെ കരേന്‍ ചരിത്ര വസ്തുതകള്‍ നിരത്തി പരിശോധിക്കുന്നു. കൂടുതല്‍ അക്കാദമികമാണ് സൈമണിന്റെ പുസ്തകം.

കുറഞ്ഞത് 3000 വര്‍ഷങ്ങളുടെ അവകാശം യഹൂദര്‍ നഗരത്തിന് മേല്‍ ഉന്നയിക്കുന്നു. ബിസി 10ാം നൂറ്റാണ്ടില്‍ ദാവീദ് തന്റെ രാജധാനിയായി ജറൂസലമിനെ തിരഞ്ഞെടുത്തു. പിന്നീട് സോളമന്‍ ചക്രവര്‍ത്തി അവിടെയൊരു പള്ളി നിര്‍മിച്ചു. ടെമ്പിള്‍ മൌണ്ട് എന്ന ഇന്നത്തെ ‘കൊടുങ്കാറ്റിന്റെ കണ്ണാ’യ വിശുദ്ധ മേഖലയില്‍ നിലനില്‍ക്കുന്ന വിലാപത്തിന്റെ മതില്‍ ഈ പള്ളിയുടെ അവശിഷ്ടമാണെന്ന് യഹൂദര്‍ കരുതുന്നു. മുസ്ലിം ആരാധനാലയമായ ബൈത്തുല്‍ മുഖദിസിന് കീഴില്‍ സോളമന്റെ പള്ളിയുടെ അവശിഷ്ടം ഉണ്ടാകാമെന്ന യഹൂദ പ്രതീക്ഷ പലതവണ സംഘര്‍ഷത്തിന് വഴിവെച്ചു. ബൈത്തുല്‍ മുഖദിസിന് കീഴിലൂടെ ഇസ്രയേല്‍ തുരങ്കം നിര്‍മിക്കാനും ശ്രമിക്കുന്നു. ലോകത്തിന്റെ ഏതു വിദൂര കോണില്‍ അടക്കപ്പെടുന്ന യഹൂദന്റെ മൃതദേഹവും ഭൂമിക്കടിയിലൂടെ ജറൂസലം പൂകുമെന്ന് അവര്‍ വിശ്വസിക്കുന്നു.

യഹൂദ വിശുദ്ധഗ്രന്ഥമായ തോറയില്‍ പരാമര്‍ശമില്ലെങ്കിലും ബൈബിളില്‍ 632 തവണയാണ് ജറൂസലമിനെ പറ്റി പറയുന്നത്. യേശുക്രിസ്തുവിന്റെ ജീവിതം ചുരുളഴിഞ്ഞത് ഈ നഗരത്തിന്റെ പ്രാന്തങ്ങളിലാണ്. യരൂശലം പള്ളിയിലെ കച്ചവടക്കാരെ ചാട്ടക്കടിച്ച യേശു, സിയോണ്‍ കുന്നിലാണ് തന്റെ അന്ത്യ അത്താഴം കഴിക്കുന്നത്. ക്രൂശിതനാകുന്നത് ജറൂസലമിലെ തന്നെ ഗോല്‍ഗൊത്തയിലും.

മക്കയ്ക്ക് മുമ്പ് ഇസ്ലാമിന്റെ പ്രാര്‍ഥനാദിശ ജറൂസലാമായിരുന്നു. മറ്റ് രണ്ട് സെമിറ്റിക് മതങ്ങളെയും അവരുടെ പ്രവാചകരെയും അംഗീകരിക്കുന്ന ഇസ്ലാമിന് അതുകൊണ്ട് തന്നെ നഗരം പ്രധാനപ്പെട്ടതാകുന്നു. ഒരു ദിവസം നിശാ നമസ്കാരം കഴിഞ്ഞ് മക്കയിലെ വീട്ടില്‍ പ്രവാചകന്‍ മുഹമ്മദ് നബി ഉറങ്ങാന്‍ കിടന്നു. പ്രഭാത നമസ്കാരത്തിന് പള്ളിയിലെത്തിയ പ്രവാചകന്‍ ആ രാത്രി തനിക്കുണ്ടായ അനുഭവം അനുയായികളോട് വിശദീകരിച്ചു: ഉറങ്ങി ഏറെ കഴിയും മുമ്പ് പ്രവാചകന്‍ ഉണര്‍ത്തപ്പെട്ടു.

കണ്ണെത്തുന്നിടത്ത് കാലെത്തുന്ന പ്രകാശ വേഗമാര്‍ന്ന ഒരു അത്ഭുത മൃഗം അവതരിപ്പിക്കപ്പെട്ടു. അതിലേറിയ പ്രവാചകന്‍ മക്കയില്‍ നിന്ന് ആയിരക്കണക്കിന് കാതങ്ങളകലെയുള്ള ജറൂസലമില്‍ ക്ഷണ നേരം കൊണ്ട് എത്തപ്പെട്ടു. ജറൂസലം ദേവാലയത്തില്‍ വെച്ച് മുന്‍ പ്രവാചകന്‍മാരെ മുഹമ്മദ് നബി കണ്ടുമുട്ടുന്നു. അവര്‍ക്ക് നേതൃത്വം നല്‍കി നമസ്കാരം പൂര്‍ത്തിയാക്കി. ടെമ്പിള്‍ മൌണ്ട് വളപ്പിലെ പാറയില്‍ ഒരു അത്ഭുത കോണി കാണായി. അതില്‍ കയറിയ പ്രവാചകന്‍ ഏഴാകാശവും കടന്ന് സൃഷ്ടാവിനെ കണ്ടു. പുലരും മുമ്പ് മക്കയില്‍ തിരിച്ചെത്തുകയും ചെയ്തു. ഈ സംഭവത്തോടെ ഇസ്ലാമിക വീക്ഷണത്തില്‍ ജറൂസലമിന് പ്രാധാന്യം വര്‍ധിച്ചു.

മക്കയ്ക്കും മദീനക്കും ശേഷം മൂന്നാം സ്ഥാനമാണ് ഇസ്ലാമിക വിശ്വാസ ക്രമത്തില്‍ ജറൂസലമിന് സ്ഥാനം. രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് ഇസ്ലാം ജറൂസലം കീഴടക്കി. ഏറെ കഴിയും മുമ്പ് ക്രിസ്ത്യന്‍ കുരിശുയോദ്ധാക്കള്‍ നഗരം തിരിച്ചുപിടിച്ചു. 1187 ല്‍ സലാഹുദീന്‍ അയ്യൂബി ഇസ്ലാമിന് ജറൂസലം തിരിച്ചുനല്‍കി. പിന്നെ എത്ര എത്ര രക്തചൊരിച്ചിലുകള്‍? 1967 ല്‍ ഇസ്രയേല്‍ നടത്തിയ ബഹുമുഖ യുദ്ധത്തിനൊടുവില്‍ ജോര്‍ദാനില്‍ നിന്ന് നഗരം അവര്‍ പിടിച്ചെടുത്തു. നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായാണ് അവര്‍ നഗരത്തെ കാണുന്നത്. വിട്ടുകൊടുക്കാന്‍ ഇസ്രയേല്‍ തയാറുമല്ല. അങ്ങനെ സ്റ്റേല്‍മേറ്റില്‍ കഥ നില്‍ക്കുകയാണ്. ആരുമാരും മുന്നേറാതെ നില്‍ക്കുന്ന ഈ അവസ്ഥയില്‍ നിന്ന് പുറകിലേക്ക് സഞ്ചരിക്കുകയാണ് കരേനും സൈമണും

Leave a Reply

Your email address will not be published. Required fields are marked *