നഴ് സുമാരുടെ സമരം റാഞ്ചിയതാര്?

വിജയമെന്ന് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ആവര്‍ത്തിച്ചു പറഞ്ഞ മുംബൈയിലെ നഴ്സുമാരുടെ സമരത്തിന്റെ പിന്നീടുള്ള കഥകള്‍ അധികമൊന്നും പുറത്തറിഞ്ഞിട്ടില്ല. സമരത്തിന്റ ഭാഗമായുണ്ടാക്കിയ കരാറുകള്‍ ലംഘിക്കപ്പെടുകയും പ്രതിഷേധിച്ചവരെ ദ്രോഹിക്കുകയും ചെയ്യുന്ന രീതിയിലാണ് സമരത്തിന്റെ ഇപ്പോഴുള്ള അവസ്ഥ. രാജ്യമെങ്ങും കത്തിപ്പടരാന്‍ ശേഷിയുണ്ടായിരുന്ന ഒരു സമരത്തെ തല്‍പ്പര കക്ഷികള്‍ ആസൂത്രിതമായി ഒതുക്കിയതിന്റെ അണിയറക്കഥകള്‍ പറയുന്നു, സമരത്തെ അടുത്തുനിന്നറിഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ ബിജു.ജെ

ഈ മാസം 25നാണ് ആ വാര്‍ത്ത വന്നത്. നാല് ദിവസമായി മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിനു മുന്നില്‍ നടന്നു വന്ന നഴ് സുമാരുടെ പ്രക്ഷോഭത്തിന് വിജയകരമായ സമാപ്തി. എം.പിമാരായ പി.ടി തോമസ്, ജോസ് കെ. മാണി എന്നിവര്‍ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ നഴ് സുമാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നതെന്നും വാര്‍ത്തകള്‍ വ്യക്തമാക്കി. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ തുടങ്ങിയവര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായിരുന്നു ഇതെന്നും മാധ്യമങ്ങള്‍ പറഞ്ഞു.

അപ്പോള്‍ ശരി, സമരം വിജയിച്ചു. ഇനിയെന്ത്?
അതിനും മാധ്യമങ്ങള്‍ ഉത്തരം നല്‍കി. സമരത്തില്‍ പങ്കെടുത്ത 192 പേര്‍ക്ക് ബോണ്ട് തുക നല്‍കാതെ അവരുടെ സര്‍ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കും. ഒപ്പം പ്രവര്‍ത്തന കാലാവധി അനുസരിച്ച് എക്സ്പീരിയന്‍സ് സര്‍ടിഫിക്കറ്റും നല്‍കും. 182 മലയാളികള്‍ ഉള്‍പ്പെടുന്ന നഴ്സുമാരുടെ ഈ പട ഉടന്‍ രാജിവെച്ചു രക്ഷപ്പെടുമെന്നും മാധ്യമങ്ങള്‍ വിശദമാക്കി. മലയാളികളുടെ മുന്‍ കൈയില്‍ നടന്ന ചര്‍ച്ചകളും അനുരഞ്ജന ശ്രമങ്ങളും മലയാളി നഴ് സുമാരുടെ സമരത്തെ തുണച്ചെന്നും മലയാളികളായ നമ്മുടെ ഒത്തൊരുമ അഭിനന്ദനീയമാണെന്നുമടക്കം ചില മാധ്യമങ്ങള്‍ പാര്‍ശ്വ വാര്‍ത്തകളും എഴുതി. ചാനലുകളും ഇതേ വായ്ത്താരി തന്നെ ഉരുവിട്ടു.

നല്ലത്. എന്നിട്ടെന്തായി?
അതാണ്, ഈ മാധ്യമങ്ങളില്‍ മിക്കതും നമ്മോട് പറയാത്തത്. മുംബൈയിലെ ഒരാശുപത്രിയുടെ പ്രശ്നം എന്നതില്‍നിന്ന് രാജ്യത്തെ ആശുപത്രി മാഫിയക്ക് ഭീഷണിയായി ഈ പ്രക്ഷോഭം മാറുമെന്ന് വിധിയെഴുതിയ മാധ്യമങ്ങള്‍ പോലും പിന്നീട് കേവലം ഒരാശുപത്രിയുടെയും അവിടത്തെ നഴ് സുമാരുടെയും പ്രശ്നം മാത്രമായി അത് ഒതുക്കി. കുറച്ചു പേര്‍ക്കു മാത്രം താല്‍പ്പര്യമുള്ള ഒരു വിഷയം. ജനറല്‍ പ്രാധാന്യമില്ലാത്ത വെറും ലൊടുക്കു വാര്‍ത്ത എന്ന നിലയില്‍ എല്ലാവരും ഒതുക്കിയ ഈ സംഭവത്തിന്റെ അങ്ങേയറ്റത്ത് കുരുങ്ങിപ്പോയ നഴ് സുമാരുടെ അവസ്ഥ എന്നാല്‍ ഒട്ടും ശുഭകരമായിരുന്നില്ല. സമവായത്തിലൂടെ കബളിക്കപ്പെടുകയായിരുന്നെന്നും മാനേജ്മെന്റ് തന്നെയാണ് അവസാന വിജയം കൈവരിച്ചതെന്നുമാണ് സമരക്കാരും അവരെ സഹായിച്ച മുംബൈയിലെ വിവിധ സംഘടനാ പ്രവര്‍ത്തകരും ഇപ്പോള്‍ വിശ്വസിക്കുന്നത്. അത് സാധൂകരിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.

പാഴായ വാഗ്ദാനങ്ങള്‍
സമരക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെട്ടില്ല. സമരം ചെയ്ത നഴ് സുമാര്‍ ഉയര്‍ത്തിയ ബോണ്ട് സമ്പ്രദായം റദ്ദാക്കുക പോലുള്ള നിര്‍ണായക ആവശ്യങ്ങളെല്ലാം അവഗണിക്കപ്പെട്ടു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു എന്ന പ്രതീതി പൊതു സമൂഹത്തില്‍ പരന്നതിനാല്‍ ഇക്കാര്യങ്ങളില്‍ ആര്‍ം ആശങ്കകളില്ല.
മൂന്ന് പ്രധാന ആവശ്യങ്ങളായിരുന്നു നഴ് സുമാര്‍ ഉയര്‍ത്തിയത്.
1. നിയമവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക
2. ബോണ്ട് തുക നല്‍കാതെ എല്ലാ സര്‍ടിഫിക്കറ്റുകളും രേഖകളും തിരിച്ചു നല്‍കി പിരിയാന്‍ അനുവദിക്കുക
3. ജോലി ചെയ്ത കാലത്തെ എക്സ്പീരിയന്‍സ് സര്‍ടിഫിക്കറ്റുകള്‍ യഥാക്രമം നല്‍കുക

ചര്‍ച്ചക്കു ശേഷം എന്ത് സംഭവിച്ചു?
1. രാജ്യത്തെ നഴ്സിങ് മേഖലയെ ആഴത്തില്‍ ഗ്രസിക്കുന്ന ബോണ്ട് സമ്പ്രദായം ചര്‍ച്ചയില്‍ അവഗണിക്കപ്പെട്ടു. അക്കാര്യം പിന്നീട് തീരുമാനിക്കാമെന്ന ഉറപ്പിലാണ് സമരം ഒത്തുതീര്‍ത്തത്.
2. ബോണ്ട് തുക നല്‍കാതെ സര്‍ടിഫിക്കറ്റുകളും രേഖകളും നല്‍കാന്‍ മാനേജ്മെന്റ് സമ്മതിച്ചു. എന്നാല്‍, സമരത്തിന് നേതൃത്വം നല്‍കിയവരോട് ദ്രോഹപരമായ നിലപാടാണ് സ്വീകരിച്ചത്
3. രണ്ട് വര്‍ഷം ജോലി ചെയ്തവര്‍ക്ക് അവരവര്‍ ജോലി ചെയ്ത മേഖലയിലെ പരിചയം മുന്‍നിര്‍ത്തി എക്സ്പീരിയന്‍സ് സര്‍ടിഫിക്കറ്റുകള്‍ നല്‍കാമെന്നായിരുന്നു ധാരണ. രണ്ട് വര്‍ഷം തികയാത്തവര്‍ക്ക് അതു പ്രകാരവും സര്‍ടിഫിക്കറ്റ് നല്‍കുമെന്ന് ധാരണയുണ്ടായി. എന്നാല്‍, മാനേജ്മെന്റ് ഇവ പാലിച്ചില്ല. രണ്ട് വര്‍ഷം തികയാത്തവര്‍ക്ക് നല്‍കുന്ന സര്‍ടിഫിക്കറ്റുകളാണ് എല്ലാവര്‍ക്കും നല്‍കുന്നത്. ജോലി ചെയ്യുന്ന വിഭാഗമോ വൈദഗ്ദ്യമോ വ്യക്തമാക്കുന്ന സര്‍ടിഫിക്കറ്റുകളല്ല നല്‍കുന്നത്. എക്സ്പീരിയന്‍സ് സര്‍ടിഫിക്കറ്റിനു മാത്രമായി ഈ പീഡനങ്ങള്‍ സഹിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണിത്.

ഇവയൊന്നും ആശുപത്രി അധികൃതരുടെ ഔദാര്യമല്ല എന്നതാണ് വാസ്തവം. നിയമപ്രകാരമുള്ള അവകാശങ്ങളാണിവ. ഇന്ത്യയില്‍ നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ പ്രകാരം ഇക്കാര്യം നിഷേധിക്കുന്നത് കുറ്റകരമാണ്. ബോണ്ട് സമ്പ്രദായവും നിയമവിരുദ്ധമാണ്. എന്നിട്ടാണ്, ജനപ്രതിനിധികള്‍ ഇടപെട്ട് ആശുപത്രി അധികൃതരില്‍നിന്ന് ഈ ഔദാര്യം ഉറപ്പുവരുത്തിയത്.
സമരം ചെയ്തവരെ ഒറ്റപ്പെടുത്തി ദ്രോഹിക്കുന്ന നടപടികളാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍ സ്വീകരിക്കുന്നത്. ഇത്തവണ ഇവര്‍ക്ക് ദീപാവലി ബോണസ് നല്‍കിയിട്ടില്ല. മറ്റ് ആനുകൂല്യങ്ങളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു. മാനേജ്മെന്റിനെതിരെ ശക്തമായ നിലപാട് എടുത്തനഴ് സുമാരെ ഒറ്റപ്പെടുത്താനും മറ്റിടങ്ങളില്‍ ജോലി കിട്ടാതിരിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സമരശേഷം നഴ്സുമാര്‍ അനുഭവിക്കുന്ന ഈ പ്രശ്നങ്ങള്‍ എന്നാല്‍ പുറത്തറിഞ്ഞിട്ടില്ല. സമര സമയത്ത് ശക്തമായ പിന്തുണ നല്‍കിയ കേരള മുഖ്യമന്ത്രിയും രാഷ്ട്രീയ പ്രമുഖരും അടക്കമുള്ളവര്‍ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഭൂരിഭാഗംമലയാള മാധ്യമങ്ങളും ഇതേഅവഗണന തുടര്‍ന്നു.

സമരത്തിന്റെ ഗതിമാറ്റം തന്നെയാണ് യഥാര്‍ഥത്തില്‍ ഈ അവസ്ഥക്ക് കാരണമായത്. രാജ്യത്തെ ആശുപത്രി മാഫിയക്ക് ഭീഷണി ഉയര്‍ത്തുന്ന വന്‍ പ്രക്ഷോഭമായി വളരുന്നതിനിടെയാണ് സമരം പൊടുന്നനെ അട്ടിമറിക്കപ്പെട്ടത്. ചൂഷണാധിഷ്ഠിതമായ ആശുപത്രി വ്യവസ്ഥ മാറ്റേണ്ടി വരുമെന്ന സൂചന വന്നപ്പോഴാണ് സമരത്തെ റാഞ്ചാന്‍ശ്രമങ്ങള്‍ നടന്നത്. ആദ്യമാദ്യം ആരും ശ്രദ്ധിക്കാത്ത ഇക്കാര്യങ്ങള്‍ പിന്നീട് സമരക്കാരുടെ ശ്രദ്ധയില്‍ പെട്ടെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. രക്ഷാകര്‍തൃ സ്ഥാനത്ത് പൊടുന്നനെ കടന്നുവന്ന ചില രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഗൂഢമായ രാഷ്ട്രീയ താല്‍പ്പര്യങ്ങളും ചേര്‍ന്നാണ് സമരത്തെ നക്കിക്കൊന്നത്.

സമരത്തിനെന്ത് സംഭവിച്ചു?
ബീനയുടെ ആത്മഹത്യയെ തുടര്‍ന്ന് മുംബൈയില്‍ നഴ് സുമാര്‍ നടത്തിയ സമരം അവര്‍ക്കു വേണ്ടി മാത്രമായിരുന്നില്ല. നഴ്സിങ് മേഖലയില്‍ തുടര്‍ന്നു വരുന്ന തൊഴില്‍ ചൂഷണത്തിന് വിരാമമിടുക എന്നതായിരുന്നു അതിന്റെ ആത്യന്തിക ലക്ഷ്യം. ശമ്പളം വര്‍ധിപ്പിക്കണമെന്നോ ആനുകൂല്യം കൂട്ടണമെന്നോ ആയിരുന്നില്ല അവരുടെ ആവശ്യമെന്ന് ശ്രദ്ധിക്കുക. ആ നിലക്ക് സമരത്തിന്റെ പ്രാധാന്യം ഏറെയായിരുന്നു.
പല തരം ചൂഷണങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നത്. ഇതിന്റെ അടിവേരുകള്‍ കിടക്കുന്നത് ബോണ്ട് സമ്പ്രദായത്തിലാണ്. ഇതു പ്രകാരം നഴ്സ് എന്ന നിലയില്‍ നിങ്ങള്‍ ജോലിക്കു കയറുന്നത് ബോണ്ടഡ് ലേബറര്‍ എന്ന നിലയിലാണ്. രണ്ട് വര്‍ഷത്തേക്ക് മറ്റെങ്ങും പോവാന്‍ പാടില്ല. ഉറപ്പിന് എല്ലാ സര്‍ടിഫിക്കറ്റുകളും രേഖകളും ആദ്യമേ വാങ്ങി വെക്കും. ബോണ്ട് കാലാവധിക്കു മുമ്പ് സ്ഥാപനം വിടണമെങ്കില്‍ ചുരുങ്ങിയത് അമ്പതിനായിരമോ ഒരു ലക്ഷമോ നല്‍കേണ്ടി വരും. കാലാവധിക്കുമുമ്പേ പോയാല്‍ തന്നെ അര്‍ഹമായ പല അവകാശങ്ങളും ലഭിക്കുകയുമില്ല. വിദേശ ജോലി സാധ്യത അടക്കംപ്രൊഫഷണല്‍ അവസരങ്ങള്‍ക്ക് ഒഴിച്ചു കൂടാനാവാത്തതാണ് എക്സ്പീരിയന്‍സ് സര്‍ടിഫിക്കറ്റ്. ഇത് ലഭിക്കാതിരിക്കുക എന്നതിനര്‍ഥം നിങ്ങളനുഭവിച്ച ദുരിതങ്ങള്‍ പാഴായി എന്നാണ്.
ഈ സാഹചര്യത്തില്‍ സാധാരണ ഗതിയില്‍ എന്താണ് ചെയ്യാനാവുക. അടങ്ങിയൊതുങ്ങി ജോലി ചെയ്യുക. സ്ഥാപനം പറയുന്നതെല്ലാം അനുസരിക്കുക. വിനീത വിധേയരായി ബോണ്ട് കാലാവധി തികച്ച് സര്‍ടിഫിക്കറ്റുകള്‍ വാങ്ങി പടിയിറങ്ങുക. ഇത്ര കാലമായി ആവര്‍ത്തിക്കുന്നത് ഈ മാതൃകയാണ്.
നിരവധി വാഗ്ദാനങ്ങള്‍ക്കൊപ്പമായിരിക്കും നിങ്ങള്‍ക്ക് ജോലി കിട്ടുക. എന്നാല്‍, ജോലി ആരംഭിച്ചു കഴിഞ്ഞാല്‍ കാര്യം മാറും. ശമ്പളം പാതിയായി കുറയും. എട്ടു മണിക്കൂര്‍ ജോലി പത്തോ പതിനാറോ മണിക്കൂറായി വര്‍ധിക്കും. മാന്യമായ താമസ സൌകര്യം എന്നതിന് കുടുസുമുറിയില്‍ നിരവധി പേര്‍ക്കൊപ്പമുള്ള ദുസ്സഹ ജീവിതം എന്നാവും അര്‍ഥം. ജോലി കഴിഞ്ഞ് വാഹനത്തില്‍ ഹോസ്റ്റലില്‍ കൊണ്ടു വിടുക എന്നത് വേണമെങ്കില്‍ നടന്നു പോയ്ക്കോളൂ എന്നാവും. ഇതിനോടൊപ്പമാണ് ശിക്ഷാ വിധികള്‍. ചെറിയ തെറ്റിനു പോലും കഠിന ശിക്ഷ. ബാക്കിയുള്ള ശമ്പളം വെട്ടിക്കുറക്കപ്പെടും. നാട്ടില്‍ പോവാന്‍ കരുതി വെച്ച അവധി ദിനങ്ങള്‍ വെട്ടിച്ചുരുക്കും. സാധാരണ ജോലിയുടെ ഇരട്ടി ചെയ്യേണ്ടി വരും. ഇതിനോടൊപ്പമാവും മാനസിക പീഡനങ്ങള്‍. ചുരുക്കത്തില്‍ ഒരു എക്സ്പീരിയന്‍സ് സര്‍ടിഫിക്കറ്റിന് നിങ്ങള്‍ നല്‍കേണ്ട വിലയാണ് നരകത്തിലെ ഈ രണ്ട് വര്‍ഷങ്ങള്‍.
വിദേശ ജോലി സാധ്യതയും വെളിയില്‍ പോയി രക്ഷപ്പെട്ടവരുടെ അനുഭവങ്ങളുമൊക്കെയാവും ഈ സഹനത്തിന് നിങ്ങളെ പ്രാപ്തരാക്കുക. പിന്നെ, വിദ്യാഭ്യാസ വായ്പ അടച്ചു തീര്‍ക്കാനാവാത്ത രക്ഷിതാക്കളുടെ ദൈന്യത. സാധാരണഗതിയില്‍ ഇത് മാത്രം മതി ഒരാളെ അടിമ ജോലി ചെയ്യിക്കാന്‍. എന്നാല്‍, എല്ലാ സമയത്തും ഇതുപോലെ പ്രായോഗികമാവാന്‍ കഴിയണമെന്നില്ല. അന്നേരമാണ് ആത്മഹത്യയുടെ വഴി മുന്നില്‍ തുറക്കുന്നത്. ബീന തെരഞ്ഞെടുത്തത് ആ വഴിയായിരുന്നു.

ഒരു സമരം ഒന്നുമല്ലാതാവുന്ന വിധം
എന്തു കൊണ്ടാണ് നഴ് സുമാര്‍ക്ക് മാത്രം ഈ ദുര്‍വിധി? ചെയ്യുന്ന ജോലിക്കു മാന്യമായ പ്രതിഫലവും സൌകര്യങ്ങളും അടിമപ്പണിയില്‍നിന്നുള്ള വിടുതലും ന്യായമായ ആവശ്യമല്ലേ? രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ മുഴുവന്‍ ലംഘിക്കുന്ന ആശുപത്രിമാഫിയ സത്യത്തില്‍ ഈ നഴ്സുമാരുടെ മാത്രം ശത്രുവാണോ? രോഗികളെയും ജീവനക്കാരെയും നഴ് സുമാരെയും ഡോക്ടര്‍മാരെ പോലും പിഴിഞ്ഞ് കൊള്ളലാഭം ഉണ്ടാക്കുന്ന ഈ ഇത്തിക്കണ്ണികള്‍ക്കെതിരെ ആരെങ്കിലും രംഗത്തു വരേണ്ടതില്ലേ?
വിശാലമായ ഈ ആലോചനകള്‍ തന്നെയാണ് മുംബൈയിലെ ഈ നഴ് സുമാരെ സമരരംഗത്തിറക്കിയത്. സഹപ്രവര്‍ത്തകയുടെ ജീവനറ്റ ദേഹം അവരുടെബീനയുടെ മരണം അവരുടെ വീര്യം ജ്വലിപ്പിച്ചു. രാജ്യമാകെ പടരുംവിധം ശക്തമായിരുന്നു സമരത്തിന്റെ തുടക്കം. ദേശവ്യാപകമായി അവര്‍ക്ക് ലഭിച്ച പിന്തുണ ഇതിന്റെ തെളിവാണ്.
ഇത് തന്നെയാണ് ആശുപത്രി മാഫിയയെയും അവര്‍ പോറ്റി വളര്‍ത്തുന്ന രാഷ്ട്രീയക്കാരെയും ഭയപ്പെടുത്തിയത്. ഭയമകറ്റാനുള്ള ഒരേയൊരു മാര്‍ഗം സമരത്തെ ഒതുക്കുകയാണ്. മുംബൈയിലെ ഒരൊറ്റ ആശുപത്രിയിലെ ചുരുക്കം ചില നഴ് സുമാരുടെ പ്രശ്നം മാത്രമായി പ്രക്ഷോഭത്തെ മാറ്റിത്തീര്‍ക്കല്‍. അതിനുള്ള സര്‍വ മാര്‍ഗങ്ങളുമാണ് അവര്‍ പയറ്റിയത്.
ഭയപ്പെടുത്തിയും ദ്രോഹിച്ചും സമരത്തെ തകര്‍ക്കാനായിരുന്നു ആദ്യ ശ്രമം. ലാത്തിച്ചാര്‍ജിനു പിന്നില്‍ അതാണ്. എന്നാല്‍, അത് തിരിഞ്ഞുകുത്തി. കാര്യങ്ങള്‍ വഷളായി. കേരള സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമുണ്ടായി. സമരം ചെയ്യുന്ന പെണ്‍കുട്ടികളെ പാതിരാത്രിക്ക് ഹോസ്റ്റലില്‍നിന്ന് ഇറക്കി വിട്ടതും ഭീഷണിയുടെ മാര്‍ഗമായിരുന്നു. അതും വിപരീത ഫലമുണ്ടാക്കി. പ്രശ്നം ആളിക്കത്തിയപ്പോഴാണ് സമരം എങ്ങനെയങ്കിലും ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നത്. കേരളത്തില്‍നിന്ന് പിന്തുണയുമായി എത്തിയ രാഷ്ട്രീയ നേതാക്കള്‍ അറിഞ്ഞോ അറിയാതെയോ അതിനുള്ള മാര്‍ഗമാവുകയായിരുന്നു. സമരം ഒത്തു തീര്‍ത്തതും അനന്തര സംഭവവികാസങ്ങളും ഇക്കാര്യങ്ങളാണ് തെളിയിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ദല്‍ഹി ആശുപത്രികളില്‍ നടന്ന നഴ്സുമാരുടെ സമരങ്ങളെ ഇതോടു കൂട്ടി വായിക്കണം. ബത്ര ആശുപത്രിയില്‍ ആരംഭിച്ച പ്രക്ഷോഭം അഗ്രസേനിലെയും മെട്രോയിലെയുംനഴ് സുമാര്‍ പിന്നീട് ഏറ്റെടുക്കുകയായിരുന്നു. തലസ്ഥാനത്തെ ഏഴ് ആശുപത്രികളിലെ നഴ് സുമാരാണ് അന്ന് പ്രക്ഷോഭത്തിനിറങ്ങിയത്. ആ സമരമാണ് പിന്നീട് ദല്‍ഹി ആശുപത്രികളിലെ നഴ് സുമാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ കുറച്ചെങ്കിലും മെച്ചപ്പെടുത്തിയത്. മറ്റിടങ്ങളില്‍ അനേകം അവകാശ സമരങ്ങള്‍ക്കും വഴി തെളിച്ചത് അതിന്റെ ഗുണഫലമാണ്.
മുംബൈ സമരം ഒത്തുതീര്‍ന്ന് രണ്ടാം ദിവസം കൊല്‍ക്കത്തയിലെ രബീന്ദ്രനാഥ് ആശുപത്രിയിലും സമരം പൊട്ടിപ്പുറപ്പെട്ടത് വെറുതെയല്ല. അതിനുശേഷമിതാ ഇപ്പോള്‍ ഗുജറാത്തില്‍നിന്നും സമാന വാര്‍ത്തകള്‍ വരുന്നു. പരാജയപ്പെടുത്തിയിട്ടു കൂടി മുംബൈ സമരം ഉയര്‍ത്തിയ അഗ്നിജ്വാലകള്‍ എത്ര തീവ്രമായാണ് വ്യാപിക്കുന്നതെന്നതിന് തെളിവുകളാണിവ.

സമരത്തെ ഒറ്റിക്കൊടുത്തതെങ്ങനെ?
ഇന്ത്യയിലെ ഒന്നാം കിട കോര്‍പ്പറേറ്റ് ആശുപത്രികളിലൊന്നാണ് സമരം നടന്ന മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്. ഹൃദ്രോഗ ശസ്ത്രക്രിയകള്‍ക്ക് ലോകപ്രശസ്തം. 2009 ജനുവരി 24ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങഗിന്റെ ശസ്ത്രക്രിയ നടത്തിയതുവഴി ഏറെ പ്രശസ്തനായ ഡോ. രമാകാന്ത് പാണ്ഡേയാണ് ഉടമ. പ്രധാനമന്ത്രിയുടെ ‘സ്വന്തം’ ഡോക്ടര്‍. പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയക്ക് തൊട്ടുപിന്നാലെ ഇദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കിയത് വന്‍ വിവാദമായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടക്കുന്ന ആള്‍ എന്ന നിലക്ക് സെന്‍ട്രല്‍ ടാക്സ് ബോര്‍ഡിന്റെ ‘രാഷ്ട്രീയ സമ്മാന്‍’ പുരസ്കാരവും ഒന്നിലേറെ തവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഡോക്ടര്‍മാരോടും നഴ് സുമാരോടും പരുക്കനായി ഇടപെടുന്നതില്‍ കുപ്രശസ്തനാണ് ഇദ്ദേഹം. 2011 ജനുവരിയില്‍ എക്സ്പ്രസ് ഹെല്‍ത്ത്കെയറിന്റെ റിയാദത്തക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. സഹജീവനക്കാരോടുള്ള മോശം സ്വഭാവത്തെക്കുറിച്ച് ചോദ്യത്തിന് ‘പൊട്ടിത്തെറിക്കാതിരിക്കാന്‍ ഞാനിപ്പോള്‍ യോഗ പരിശീലിക്കുന്നുണ്ട്’ എന്നായിരുന്നു മറുപടി.
പ്രധാനമന്ത്രിയുടെ സ്വന്തക്കാരനായ ഇത്തരമൊരാളുടെ സ്ഥാപനത്തിനെതിരായിരുന്നു സമരം. ഇതു തന്നെയാണ് ഉന്നതതല, രാഷ്ട്രീയ ഇടപെടലുകള്‍ സാധ്യമാക്കിയതും.
ചുരുക്കം ചിലര്‍ ആരംഭിച്ച സമരം പതിയെയാണ് മുംബൈയിലെ മറ്റ് ആശുപത്രികളിലെ നഴ് സുമാര്‍ കൂടി ഏറ്റെടുത്തത്. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും പിന്തുണയുമായെത്തി. എന്നാല്‍, ഒരു വിട്ടുവീഴ്ചക്കും മാനേജ്മെന്റ് തയ്യാറായില്ല. പ്രശ്നം സംസാരിക്കാന്‍ ചെന്ന ദേശീയ ന്യൂനപക്ഷ കമീഷന്‍ വൈസ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരോട് മാനേജ്മെന്റ് സമീപനം ധിക്കാരപരമായിരുന്നു. സമരത്തിന്റെ നാലാം നാള്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ഒട്ടേറെ പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, ന്യായമായ ആവശ്യങ്ങളോട് മാനേജ്മെന്റ് പുറംതിരിഞ്ഞുതന്നെ നിന്നു.
ഇതിനകം കേരളത്തില്‍നിന്നുള്ള എം.പിമാരായ പി.ടി തോമസ്, ആന്റോ ആന്റണി, മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സമരമുഖത്തെത്തി. ഒപ്പം കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ എന്നിവരും ഇടപെട്ടു. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനോടും ആരോഗ്യമന്ത്രി സുരേഷ് ഷെട്ടിയോടും വിശദീകരണം തേടി. ഇത്തരം പിന്തുണ സമരത്തെ ശക്തമാക്കി. അതിനിടെയാണ് സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ അര്‍ധരാത്രി ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയത്. അവരെ ഒരു രാത്രി മുഴുവന്‍ മുംബൈയിലെ സാമൂഹിക പ്രവര്‍ത്തകരും മലയാളി സംഘടനകളും തെരുവില്‍ സംരക്ഷിക്കുകയായിരുന്നു. ഇത് സമരത്തെ അക്ഷരാര്‍ഥത്തില്‍ ആളിക്കത്തിച്ചു. ആക്ഷന്‍ കൌണ്‍സില്‍ ബാന്ദ്രയിലെ ഡി.സി.പി ഓഫീസിലേക്ക് 25ാം തീയതി പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചു.
ഇതോടെ നഗരത്തിലെ സ്വകാര്യ, കോര്‍പ്പറേറ്റ് ആശുപത്രികള്‍ ഭയപ്പാടിലായി. അങ്ങനെയാണ് അഞ്ചാം ദിനം സമരത്തിന്റെ ഗതി മുന്‍കൂട്ടിയെഴുതിയ തിരക്കഥയിലെന്ന വണ്ണം മാറിയത്. വൈകുന്നേരത്തോടെ സമരം ഒത്തുതീര്‍ക്കുമെന്ന് രാവിലെ തന്നെ പി.ടി തോമസ് എം.പി സമരക്കാര്‍ക്കു മുന്നില്‍ അറിയിച്ചിരുന്നു. വൈകുന്നേരം ദല്‍ഹിയില്‍നിന്ന് ജോസ് കെ. മാണി എത്തി. തൊട്ടുപിന്നാലെ മാനേജ്മെന്റുമായി ചര്‍ച്ച ചെയ്ത് മടങ്ങിവന്ന പി.ടി തോമസ് എം.പിസമരം ഒത്തുതീര്‍ന്നതായി പ്രഖ്യാപിച്ചു.
സമരം ചെയ്ത മുഴുവന്‍ നഴ് സുമാര്‍ക്കും ഉപാധികളില്ലാതെ സര്‍ടിഫിക്കറ്റുകള്‍ വിട്ടുകൊടുക്കും എന്ന ഒറ്റ ഉറപ്പിലാണ് സമരം ഒത്തുതീര്‍ന്നത്. എന്നാല്‍,മുഖ്യ പ്രശ്നമായ ബോണ്ടിനെക്കുറിച്ച് ഒരു പരാമര്‍ശവുമുണ്ടായില്ല. ഇത് സമരത്തിനും അവര്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ക്കും കടക വിരുദ്ധമായിരുന്നു.
വലിയൊരു പൊട്ടിത്തെറി ഇതോടെ ഒതുക്കപ്പെട്ടു. സവിശേഷ പ്രാധാന്യം നല്‍കി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കൈകാര്യം ചെയ്യേണ്ട ഒരു പൊതു പ്രശ്നം കേവലം ഒരു സ്ഥാപനവുമായുള്ള പ്രശ്നമായി ചുരുക്കാന്‍ കൂട്ടുനില്‍ക്കുയായിരുന്നു നമമുടെ ജനപ്രതിനിധികള്‍. ഉന്നതങ്ങളില്‍ പിടിപാടുള്ള സ്ഥാപന അധികൃതര്‍ക്ക് തന്നെയായിരുന്നു ഇതിലൂടെ ജയം. കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അവസരം അവസാന നിമിഷം ഇല്ലാതാവുകയായിരുന്നു.

അവസാനത്തെ ആണി

ഒത്തുതീര്‍പ്പു ചര്‍ച്ചയോടെ തീര്‍ന്നില്ല കാര്യങ്ങള്‍. ഇനി ഇത്തരം സമരങ്ങള്‍ ഉണ്ടാവരുതെന്ന നിശ്ചയത്തോടെ പ്രക്ഷോഭത്തിന്റെ വേരുകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് മുതിരുകയാണ് ആശുപത്രി മാഫിയ. സമരം തികഞ്ഞ പരാജയമാണെന്ന് ഉറപ്പാക്കുകയാണ് അതിന്റെ പ്രാഥമിക മാര്‍ഗം. സമര നേതൃത്വത്തിലുള്ളവരെ തെരഞ്ഞുപിടിച്ച് ക്രൂശിക്കുന്നതും എക്സ്പീരിയന്‍സ് സര്‍ടിഫിക്കറ്റ് വിതരണം അട്ടിമറിക്കുന്നതെല്ലാം ഈ ലക്ഷ്യം മുന്നില്‍ വെച്ചാണ്. സമരക്കാര്‍ക്ക് ഭാവി ജോലി സാധ്യതകള്‍ ഇല്ലാതാക്കുകയാണ് അടുത്ത പടി. ഇതിനും സമര്‍ഥമായ കരുനീക്കങ്ങള്‍ നടക്കുന്നുണ്ട്.
ഭാവിയില്‍ ഉയരാവുന്ന ശബ്ദങ്ങള്‍ ഇല്ലാതാക്കാനും പുതിയ ശ്രമങ്ങള്‍ ആലോചിക്കുന്നുണ്ട്. തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന ഒരു ട്രേഡ്യൂനിയനു കീഴില്‍ നഴസുമാരെ അണിനിരത്താനാണ് പുതിയ നീക്കങ്ങള്‍. പിണിയാളുകളായ മുഖ്യധാരാ രാഷ്ട്രീയക്കാരുടെ മുന്‍കൈയിലാണ് ഇതിനുള്ള ശ്രമം. അങ്ങനെ വന്നാല്‍, പിറക്കാനിരിക്കുന്ന പ്രക്ഷോഭങ്ങളെ മുഴുവന്‍ മുളയിലേ നുള്ളാമെന്നാണ് കണക്കുകൂട്ടല്‍. ആശുപത്രി മാഫിയയുമായി ഇടനില സാധ്യത മുന്നില്‍ കണ്ട് രാഷ്ട്രീയക്കാരും ഇതില്‍ ഏറെ താല്‍പ്പര്യം കാട്ടുന്നുണ്ട്. എം.എന്‍.എസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ ഈ വഴിക്ക് ശ്രമങ്ങള്‍ തുടരുകയാണ്.
തങ്ങളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശക്തമായ സംഘടനകള്‍ ഇല്ലെന്നതാണ് നഴ് സുമാരുടെ പ്രധാന പ്രശ്നം. ഉള്ള രണ്ട് സംഘടനകളില്‍ പ്രബലമായത് ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ ഓഫ്ഇന്ത്യ (ടി.എന്‍.എ.ഐ) ആണ്. അക്കാദമിക് കാര്യങ്ങളല്ലാതെ തൊഴില്‍ സാഹചര്യങ്ങള്‍ അവരുടെ പരിഗണനയില്‍ വരില്ല. നഴ് സുമാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സുപ്രധാനമായ കേസില്‍ നഴ് സുമാരുടെ സംഘടനകളെ കക്ഷിചേര്‍ക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ഇന്നാണ് വന്നത്. ഇതില്‍ കക്ഷിചേരാന്‍ അവസരം ലഭിക്കുക ഈ സംഘടനകള്‍ക്കായിരിക്കും. പാവപ്പെട്ട നഴ് സുമാരുടെ തൊഴില്‍ സാഹചര്യങ്ങളോ ബോണ്ട് വ്യവസ്ഥയോ വിഷയമല്ലാത്ത ഇത്തരം സംഘടനകള്‍ കേസില്‍ കക്ഷി ചേര്‍ന്നാല്‍ ആരുടെ താല്‍പ്പര്യമാവും സംരക്ഷിക്കുകയെന്നത്് കാത്തിരുന്നു കാണേണ്ടതില്ല. സ്വന്തം പക്ഷം അവര്‍ എന്നേ വ്യക്തമാക്കിയതാണ്.

ബീനയുടെ ചോര നമ്മോട് നിലവിളിക്കുന്നത്…

9 thoughts on “നഴ് സുമാരുടെ സമരം റാഞ്ചിയതാര്?

 1. ഒത്തു തീര്‍പ്പ് വ്യവസ്ഥകലോട് യോജിപ്പില്ലയിരുന്നെങ്കില്‍ സമരം അവസാനിച്ചപ്പോള്‍ മാധ്യമങ്ങളോട് നേഴ്സമാര്‍ക്ക് തുറന്നു പറയാമായിരുന്നു…
  ഒരു നേഴ്സിന്റെ അഭിപ്രായം പോലും ചേര്‍ക്കാതെ ഉള്ള ലേഖനത്തില്‍ പോരായ്മ മുഴച്ചു നില്‍ക്കുന്നു
  എന്തിനും ഏതിനും രാഷ്തൃയക്കാരെ കുറ്റപ്പെടുത്തുന്നത് ശരിയായ പ്രവണത അല്ല

 2. ഒരു തൊഴില്‍ എന്ന നിലക്ക് നഴ്സിംഗ് തിരഞ്ഞെടുക്കുന്നവര്‍ ഏറെയുള്ള നാട് തന്നെയാണ് വലിയ തൊഴില്‍ സാഹചര്യഅവകാശ ബോധമുള്ളവര്‍ എന്ന് വീമ്പുപറയുന്നെടത്താണ് ഈ മേഖലയില്‍ നില നില്‍ക്കുന്ന അവിശ്വസനീയമായ ദയനീയത പ്രസക്തമാകുന്നത്.മുഖ്യധാരാമാധ്യമങ്ങള്‍ പ്രസംസിച് ഒതുക്കിതീര്‍ത്ത ഈ സമരത്തിന്റെ ശേഷഭാഗം തുറന്നു കാണിച്ച ബിജുവിനും നാലാമിടത്തിനും നിറഞ്ഞ അഭിനന്ദനങ്ങള്‍ .ഈ ഇടപെടല്‍ കേരളത്തിന്റെ മനസ്സാക്ഷി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

 3. ഈയ്യാള്‍ക്ക് നേഴ്സ് മാരുടെ പ്രശ്നങ്ങളെ പറ്റി എന്തോന്ന് അറിയാം..?? ഞങ്ങളുടെ പ്രശ്നങ്ങള്‍ ഞങ്ങള്കെ അറിയത്തുള്ളൂ

 4. to sreenivas: wt u know about this profession? edo thn thante pani nikkial mathi .chumma nattil kanunnathinokke abhiprayam parayanda. nhangalud prashnam enthanennu nhangalkkariyam

 5. ശ്രീനിവാസ്, പാവപ്പെട്ട നെഴ്സ്മാരുടെ ഭാഗത്തു നിന്ന് ചിന്തിക്കുക. പലതരം മാഫിയകളുണ്ട് നമ്മുടെ നാട്ടില്‍. അതിനെതിരെ തുറന്നു പ്രതികരിക്കാന്‍ ചിലപ്പോള്‍ ഇരകള്‍ക്ക് കഴിഞ്ഞില്ലെന്നു വരാം. അതു തന്നെയാണ് ഇവിടെ നഴ്സ്മാരുടെ അവസ്ഥയും………

 6. samarathinte bhakipathram thurannezhuthiya bijuvinu thanks.nsg mekhalayile ee prasnangal ennu pariharikkappedum?pinne srinivas doesn.t know what is nursing?and what all the problems they are facing in their professional life. Nurses are the one of major part in the society so u cannot ignore their problems

 7. രാജ്യത്തെ എല്ലാ നെഴ്സ്മാരു സംകടിക്കണം നമുക്കെതിരെ ഉള്ള അനീതിക്കെതിരായി ഒറ്റകെട്ടായി ജയിക്കും വരെ പൊരുതണം നമ്മള്‍ ഒരു വലിയ ശക്തിയായി മാറണം

Leave a Reply to sigi Cancel reply

Your email address will not be published. Required fields are marked *