‘അവര്‍ ഞങ്ങളെ വഞ്ചിച്ചു’

മുംബൈയിലെ നഴ്സുമാരുടെ സമരം മാധ്യമങ്ങള്‍ പറയുംപോലെ വിജയമായിരുന്നോ? എന്തായിരുന്നു, സമരത്തിനിടയാക്കിയ കാരണങ്ങള്‍? രാജ്യമാകെ പടരാന്‍ ശേഷിയുള്ള പ്രക്ഷോഭത്തിന് പിന്നെയെന്താണ് സംഭവിച്ചത്? പ്രക്ഷോഭത്തില്‍ സജീവമായിരുന്ന ഒരു നഴ്സിന്റെ തുറന്നു പറച്ചില്‍. പേര് വെളിപ്പെടുത്താനുള്ള ഭയം കാരണം അവരുടെ പേര് ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നില്ല

ഈ മാസം 18നാണ് ബീന മരിച്ചത്. ഞെട്ടിക്കുന്നതായിരുന്നു ആ മരണം. ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചേര്‍ന്നതു മുതല്‍ എല്ലാ കാര്യത്തിലും അവള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഒന്നിച്ച്.
ഞങ്ങളെല്ലാവരും അഭിമുഖീകരിക്കുന്നത് ഒരേ പ്രശ്നങ്ങള്‍ തന്നെയായിരുന്നു. മനുഷ്യരെ പോലെ ഞങ്ങളെ കാണാത്ത മാനേജ്മെന്റിന്റെയും ഉന്നതരുടെയും സമീപനം. പലപ്പോഴും എല്ലാം മതിയാക്കി നാട്ടിലേക്ക് പോവണമെന്ന് ആഗ്രഹിച്ചിരുന്നു ഞങ്ങളെല്ലാം. എന്നാല്‍, എല്ലാ രേഖകളും അവര്‍ വാങ്ങി വെച്ചതിനാല്‍ അത് അസാധ്യമായിരുന്നു. അവ തിരിച്ചു കിട്ടണമെങ്കില്‍ ബോണ്ട് കാലാവധി കഴിയണമായിരുന്നു. ഇല്ലെങ്കില്‍ അവര്‍ പറയുന്ന പണം നല്‍കണം. അതിനുള്ള ശേഷി ഉണ്ടായിരുന്നില്ല, ഞങ്ങള്‍ക്ക്. ബാങ്ക് വായ്പയെടുത്ത് പഠിച്ചതിനാല്‍ വീട്ടില്‍നിന്ന് അത്ര വലിയ തുക ചോദിക്കാനും കഴിയില്ല. ഇനി, കാശ് എങ്ങനെയെങ്കിലും ഉണ്ടാക്കിയാലും അവര്‍ നല്ലൊരു എക്സ്പീരിയന്‍സ് സര്‍ടിഫിക്കറ്റ് പോലും തന്നില്ലെങ്കില്‍ ഇക്കാലമത്രയും കണ്ണീര്‍ കുടിച്ചത് മുഴുവന്‍ പാഴാവും. ഇതൊക്കെ ആലോചിച്ചാണ് എല്ലാവരും പിടിച്ചു നിന്നത്. അവളും ഇത്ര നാളും ഇതു പോലെ തന്നെയായിരുന്നു. എന്നിട്ടും ജോലി സ്ഥലത്തെ പീഡനം സഹിക്കാന്‍ കഴിയാത്ത ഏതോ നേരത്താവണം മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ അവള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

സത്യം പറഞ്ഞാല്‍, എന്നോ കിട്ടാവുന്ന നല്ലൊരു വിദേശ അവസരത്തിന്റെ സ്വപ്നമായിരുന്നു ഞങ്ങളെയെല്ലാം എല്ലാം അതിജീവിക്കാന്‍ പ്രാപ്തരാക്കിയത്. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ആശുപത്രിയിലായിരുന്നു ഞങ്ങള്‍ വര്‍ക്ക് ചെയ്തിരുന്നത്. അവിടെ നിന്ന് കിട്ടുന്ന എക്സ്പീരിയന്‍സ് സര്‍ടിഫിക്കറ്റിന്റെ വില എല്ലാവര്‍ക്കും അറിയാമായിരുന്നു. ആ വിലയാണ് ഞങ്ങളെ എല്ലാം സഹിച്ചും ഈ ദുരിതം സഹിക്കാന്‍ പ്രേരിപ്പിച്ചത്. പിന്നെ വീട്ടുകാരെക്കുറിച്ച ഓര്‍മ്മയും. എല്ലാം സഹിച്ച്, ആട്ടും തുപ്പും ഏറ്റുവാങ്ങി, എല്ലാ വഞ്ചനകള്‍ക്കും ഇരയായി അവിടെ തുടര്‍ന്നത് അതുകൊണ്ട് മാത്രമായിരുന്നു. ഞങ്ങളില്‍ പലരും പലപ്പോഴായി തളര്‍ന്നു പോവുമായിരുന്നു. കൂടെയുള്ളവരാണ് അന്നേരം ആത്മവിശ്വാസം തരിക. തളരരുതെന്നും പിടിച്ചു നില്‍ക്കണമെന്നും എല്ലാവരും എല്ലാവരോടും പറയും. ആരുടെയും ആശ്വാസ വാക്കുകള്‍ക്ക് പിടിച്ചു നിര്‍ത്താനാവാത്ത മാനസിക സംഘര്‍ഷം അനുഭവിച്ചതു കൊണ്ടായിരിക്കും ബീന നേരത്തെ പോയത്.

മരണം കീഴടക്കിയ അവളുടെ ദേഹം ആശുപത്രി പടി കടന്ന് വീട്ടിലേക്ക് യാത്ര തിരിച്ചപ്പോള്‍ മുതല്‍ ഞങ്ങളെല്ലാം അങ്കലാപ്പിലായിരുന്നു. അടക്കാനാവുന്നുണ്ടായിരുന്നില്ല കണ്ണുനീരും രോഷവും.ഞങ്ങളുടെയല്ലാം മരണമായിരുന്നു സത്യത്തില്‍ അവള്‍ മരിച്ചത് എന്നു തോന്നിപ്പോയി. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയുള്ള മരണം. അടുത്ത ഇര ഞങ്ങളിലൊരാള്‍ ആവാതിരിക്കട്ടെ എന്ന തോന്നലും അവളുടെ മരണം തീര്‍ത്ത വൈകാരികമായ തകര്‍ച്ചയുമാണ് ഞങ്ങളെപ്രതിഷേധത്തിലേക്ക് നയിച്ചത്.
ഞങ്ങള്‍ക്കാര്‍ക്കും പരിചയമുള്ള കാര്യമായിരുന്നില്ല പ്രതിഷേധം.അനുസരിച്ചേ ശീലമുണ്ടായിരുന്നുള്ളൂ എന്നും. പഠനകാലം മുതല്‍ നിരന്തരം ഞങ്ങളെ ബോധ്യപ്പെടുത്തിയത് എല്ലാം അനുസരിക്കണമെന്ന പാഠമായിരുന്നു. വൈകാരികതക്ക് അപ്പുറം കാര്യങ്ങളെ നിസ്സംഗമായി കാണാനും പ്രായോഗികമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുമാണ് സത്യത്തില്‍ ഞങ്ങളെല്ലാം പഠിച്ചിരുന്നത്. അതിനാല്‍, തന്നെ ഞങ്ങളുടെപ്രതിഷേധത്തിന് പരിചയക്കുറവിന്റെ എല്ലാ പ്രശ്നങ്ങളുമുണ്ടായിരുന്നു. എന്നാല്‍, സത്യസന്ധതയുടെയും ആത്മാര്‍ഥതയുടെയും കരുത്തുണ്ടായിരുന്നു ആ തീരുമാനത്തിന് എന്ന് ഇന്നിപ്പോള്‍ തീര്‍ച്ചയാവുന്നു.

മറ്റ് ആശുപത്രികളില്‍ ഇതേ ജീവിതം നയിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ ഈ കൊടും പീഡനത്തില്‍നിന്ന് രക്ഷപ്പെടുത്തണമെന്ന ആഗ്രഹം മാത്രമായിരുന്നു സമരത്തിന്. ഞങ്ങളുടെ ശമ്പളം കൂട്ടണമെന്നോ സൌകര്യം മെച്ചപ്പെടുത്തണമെന്നോ ഉള്ള ഒരു ഡിമാന്റും ഞങ്ങള്‍ മുന്നോട്ടു വെച്ചിട്ടില്ല. പൊതുവായ ആവശ്യം മാത്രമായിരുന്നു ഞങ്ങള്‍ക്ക് പറയാനുള്ളത്. ഏറ്റവും ന്യായമായ ആവശ്യങ്ങള്‍. എന്നാല്‍, മാനേജ്മെന്റ് അപ്പോഴും കടുത്ത ധാര്‍ഷ്ഠ്യത്തിലായിരുന്നു. അനര്‍ഹമായ എന്തോ ആവശ്യപ്പെട്ടതു പോലെയായിരുന്നു അവരുടെ സമീപനം. എന്നിട്ടും ഞങ്ങള്‍ തളര്‍ന്നില്ല. മനസ്സില്‍ ബീനയുടെ മുഖമായിരുന്നു. ഞങ്ങളുടെയും ഞങ്ങളെപ്പോലെ സഹിക്കുന്ന മറ്റനേകം സഹോദരങ്ങളുടെയും ദൈന്യതകളായിരുന്നു ഞങ്ങളുടെശക്തി.

അങ്ങേയറ്റം പരിതാപകരമായ ജോലി സാഹചര്യങ്ങളായിരുന്നു ആശുപത്രിയിലേത്. JCI,NIAHO, ISO തുടങ്ങിയ ആഗോള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മനുഷ്യരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവിടെയുള്ളവര്‍ക്ക് അറിയില്ലായിരുന്നു. ഇത്തരം അംഗീകാരങ്ങള്‍ക്കു വേണ്ടിയുള്ള തിടുക്കം പാച്ചിലില്‍ അവര്‍ക്കാര്‍ക്കും ഞങ്ങളുടെകണ്ണീരു കാണാന്‍ നേരമുണ്ടായിരുന്നില്ല.
കൃത്യമായ ജോലി സമയം എന്ന ഒന്ന് അവിടെ ഉണ്ടായിരുന്നില്ല. ഏഴ് മണി മുതല്‍ മൂന്ന് മണി വരെയാണ് ആദ്യ ഷിഫ്റ്റ് എന്നാണ് പറയാറുള്ളതെങ്കിലും അഞ്ചും ആറും മണിക്കൂറുകള്‍ വൈകി രാത്രി പത്ത് പതിനൊന്നു മണിവരെ പോലും ജോലി ചെയ്യേണ്ടി വരാറുണ്ട്. പന്ത്രണ്ട് മണിക്കൂറുള്ള നൈറ്റ് ഷിഫ്റ്റുകളില്‍ ഭക്ഷണം കഴിക്കാന്‍ പോലും സമയം അനുവദിക്കാറില്ല. 2,3 ദിവസം തുടര്‍ച്ചയായി ജോലി ചെയ്തവര്‍ പോലും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.

എല്ലാ ജോലിയും മടിയില്ലാതെ ചെയ്യുന്ന കോവര്‍ കഴുതകളെയായിരുന്നു അവര്‍ക്കാവശ്യം. ഒരു മടിയുമില്ലാതെ ഞങ്ങളതെല്ലാം ചെയ്തുകൊടുത്തിരുന്നു. കൃത്യമായ ആഴ്ചാവധികള്‍ ഞങ്ങള്‍ക്ക് ലഭിക്കാറേയില്ല. ചെറിയ പിഴവുകള്‍ക്കു പോലും ഭീഷണിയും അവധി വെട്ടിക്കുറക്കലടക്കമുള്ള ശിക്ഷാ നടപടികളുമായിരുന്നു. നല്ല ശമ്പളം തരുമെന്ന് പറഞ്ഞാണ് ഞങ്ങളെ അവിടെ കൊണ്ടു വന്നിരുന്നത്. എന്നാല്‍, തുച്ഛമായ ശമ്പളമേ അവര്‍ തന്നിരുന്നുളളൂ. ഹോസ്റ്റല്‍ സൌകര്യമടക്കമുള്ള കാര്യങ്ങളില്‍ അവര്‍ ഞങ്ങളെവഞ്ചിക്കുകയായിരുന്നു.
എല്ലാവരും ഇതു പോലെ സഹിച്ചു കഴിയുകയാണെന്നൊന്നും ധരിക്കരുതേ. എന്റെ ബാച്ചില്‍ ഒന്നിച്ചു ചേര്‍ന്നവരില്‍ കുറച്ചു പേര്‍ മാത്രമാണ് ഇപ്പോഴും ജോലിയില്‍ തുടരുന്നത്. മറ്റുള്ളവരെല്ലാം അമ്പതിനായിരം രൂപയും ഒരു മാസത്തെ ശമ്പളവും അടച്ച് സര്‍ടിഫിക്കറ്റുകള്‍ തിരികെ വാങ്ങി രക്ഷപ്പെട്ടു. അടുത്ത കാലത്തു മാത്രം ഏതാണ്ട് 320 പേരാണ് ഇങ്ങനെ പിരിഞ്ഞുപോയത്. ബോണ്ട് ലംഘിച്ചു എന്ന ഒറ്റപ്പേരില്‍ ഏതാണ്ട് രണ്ട് കോടിയോളം രൂപയാണ് കഴിഞ്ഞ രണ്ട് വര്‍ഷം മാത്രം പാവപ്പെട്ട നഴ്സുമാരില്‍നിന്ന് ഇവര്‍ ഈടാക്കിയത്.

ഒരു യൂനിയന്റെ പോലും ബാനറില്ലാതെയാണ് ഞങ്ങള്‍ സമരത്തിനിറങ്ങിയത്. നഴ്സിങ് ഫീല്‍ഡില്‍ രണ്ട് സംഘടനകളാണ് പ്രധാനമായി ഉള്ളത്. അവരാരും തൊഴില്‍ സാഹചര്യങ്ങളിലല്ല ശ്രദ്ധിച്ചിരുന്നത്.അക്കാദമിക് കാര്യങ്ങള്‍, സിലബസ് തുടങ്ങിയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്ന സംഘടനകള്‍ക്ക് ഞങ്ങളേക്കാള്‍ ഉന്നതരുമായാണ് സമ്പര്‍ക്കം. അതിനാല്‍,ഞങ്ങള്‍ക്ക് ഞങ്ങളേയുണ്ടായിരുന്നുള്ളൂ.
എന്നാല്‍, സമരം തുടങ്ങിയപ്പോള്‍ മുംബൈയിലെ സാധാരണക്കാരായ മലയാളി സഹോദരങ്ങള്‍ ഞങ്ങള്‍ക്ക് പിന്തുണയുമായി വന്നു. ഞങ്ങളെ സംരക്ഷിക്കാനും കൈയേറ്റങ്ങള്‍ ചെറുക്കാനും അവരും മുംബൈയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുമേ ഉണ്ടയിരുന്നുള്ളൂ.
അവര്‍ ഞങ്ങളെ ലാത്തിച്ചാര്‍ജ് ചെയ്ത് പേടിപ്പിക്കാനാണ് നോക്കിയത്. എന്നാല്‍, അതിലും വലിയ വേദനകള്‍ നിത്യവും സഹിക്കുന്ന ഞങ്ങള്‍ക്ക് ലാത്തിയുടെ വേദനയൊന്നും ഒന്നുമായിരുന്നില്ല. പിന്നയവര്‍ ഞങ്ങളെ പാതിരാക്ക് ഹോസ്റ്റലുകളില്‍നിന്നിറക്കി. നോക്കൂ, മുംബൈ പോലൊരു നഗരത്തില്‍ കുറച്ചു പെണ്‍കുട്ടികള്‍ പാതിരാക്ക് തെരുവില്‍ അകപ്പെട്ടാലുള്ള അവസ്ഥ. അന്നേരവും മുംബൈയിലെ ഞങ്ങളറിയാത്ത ഞങ്ങളുടെ സഹോദരങ്ങള്‍ ഞങ്ങള്‍ക്കു മുന്നില്‍ സുരക്ഷാ കവചമായി ഉറങ്ങാതെ നിന്നു.

പിന്നെയാണ്, രാഷ്ട്രീയക്കാര്‍ വന്നു തുടങ്ങിയത്. വെളുക്കെ ചിരിച്ച് തെരഞ്ഞെടുപ്പു കാലങ്ങളില്‍ മാത്രം കാണാറുള്ളവര്‍ അതേ പോലെ ഞങ്ങളുടെഅടുത്തേക്കും വന്നു. ഞങ്ങളേക്കാള്‍ ഉച്ചത്തില്‍ അവര്‍ ഞങ്ങള്‍ക്കു വേണ്ടി കരഞ്ഞു. ഞങ്ങളേക്കാള്‍ ദൈന്യതയോട് സഹാനുഭൂതി പ്രകടിപ്പിച്ചു. ഞങ്ങള്‍ക്കറിയില്ലായിരുന്നു എങ്ങനെ സമരങ്ങള്‍ നടത്തുമെന്ന്. എങ്ങനെ വിജയങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടുമെന്നും.അവര്‍ ഞങ്ങള്‍ക്കു വേണ്ടി ഉന്നതരോട് സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടെ നാവായി നിന്ന് അവര്‍ ഒടുവില്‍ സമരം ഒത്തു തീര്‍ത്തു. ഞങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളൊക്കെ നോക്കുകുത്തിയാക്കിയാണ് അവര്‍ സമരം തീര്‍ന്നുവെന്ന് നാട്ടുകാരെ മുഴുവന്‍ അറിയിച്ചത്. വിജയിച്ചുവെന്ന് തന്നെ ഞങ്ങളും കരുതി. നാടെങ്ങും ആഹ്ലാദിക്കുന്ന നേരത്ത് ഞങ്ങള്‍ മാത്രം സങ്കടപ്പെടുന്നതില്‍ എന്തര്‍ഥം.

അതു കഴിഞ്ഞ് അവരൊക്ക പോയി. ഇപ്പോള്‍ മാലോകര്‍ക്കു മുന്നില്‍ ഞങ്ങള്‍ വിജയിച്ച സമരത്തിലെ പോരാളികളാണ്. എന്നാല്‍, അക്ഷരാര്‍ഥത്തില്‍ ഞങ്ങളായിരുന്നു തോറ്റത്. ഞങ്ങളുയര്‍ത്തിയ വലിയ മുദ്രാവാക്യങ്ങള്‍ അവര്‍ കൈയിലൊതുക്കി കളഞ്ഞു.
ഞങ്ങള്‍ക്ക് വേണ്ടത് സര്‍ടിഫിക്കറ്റുകളാണ്. ബോണ്ട് ഇല്ലാതെ അത് തരാന്‍ അവര്‍ തയ്യാറായി. എന്നാല്‍, ആ സര്‍ടിഫിക്കറ്റുകളുമായി അടുത്ത ജോലി സ്ഥലത്ത് ചെന്നു കയറാന്‍ എക്സ്പീരിയന്‍സ് സര്‍ടിഫിക്കറ്റുകള്‍ വേണമായിരുന്നു. അതിന്റെ മുകളില്‍ അവര്‍ വീണ്ടും കളിച്ചു. ഏത് വിഭാഗത്തില്‍ എത്ര കാലം ജോലി ചെയ്തെന്നും ഏതൊക്കെ ഉപകരണങ്ങളില്‍ വൈദഗ്ദ്യം നേടിയെന്നും സാക്ഷ്യപ്പെടുത്തുന്ന വിശദമായ പരിചയ സര്‍ടിഫിക്കറ്റുകളായിരുന്നു അതിനു മുമ്പൊക്കെ അവര്‍ നല്‍കിയിരുന്നത്. സമരത്തില്‍ ജയിച്ച ഞങ്ങള്‍ക്ക് അവര്‍ നല്‍കുന്നത് കേവലം രണ്ട് വരി കുറിപ്പാണ്. ഏത് സെക്ഷനില്‍ ജോലി ചെയ്തെന്നോ എന്ത് പരിചയ സമ്പത്തുണ്ടെന്നോ ഒന്നുമെഴുതാത്ത ഈ കുറിപ്പുകള്‍ കൊണ്ട് ഇനി ഞങ്ങളെന്താണ ്ചെയ്യുക?
ആരോടാണ് ഞങ്ങളിതൊക്കെ പറയുക?

പുറത്ത് ഞങ്ങള്‍ ജയിച്ച സമരത്തിലെ നായകരല്ലേ. ഞങ്ങളുടെ ഫീല്‍ഡിലുള്ളവര്‍ക്ക് മാത്രം മനസ്സിലാവുന്ന ഇത്തരം കാര്യങ്ങള്‍ക്ക് ചെവിയോര്‍ക്കാന്‍ ഏത് രാഷ്ട്രീയക്കാര്‍ക്കാണ് നേരമുണ്ടാവുക. ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നു പറഞ്ഞ് പത്രക്കുറിപ്പിറക്കി പോയവര്‍ സത്യത്തില്‍ സംരക്ഷിച്ചത് ആരുടെ താല്‍പ്പര്യങ്ങളാണെന്ന് എനിക്ക് സംശയമുണ്ട്. ഞങ്ങള്‍ ശരിക്കും വഞ്ചിക്കപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങള്‍ അതു മാത്രമാണ് എന്നെ ബോധ്യപ്പെടുത്തുന്നത്.

ബീനയുടെ ചോര നമ്മോട് നിലവിളിക്കുന്നത്…

4 thoughts on “‘അവര്‍ ഞങ്ങളെ വഞ്ചിച്ചു’

  1. നേഴ്സുമാര്‍ക്ക് പിന്തുണ അര്‍പ്പിക്കുന്നു

  2. നേഴ്സിങ്ങിന് പോകുമ്പോള്‍ എന്നോട് അനുഗ്രഹം തേടിയ ഒരു വിദ്യാര്‍ത്ഥിനിയെ ഓര്‍ക്കുന്നു. അവള്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല………….. ഞാന്‍ കൊടുത്ത ഉപദേശങ്ങള്‍…………..

Leave a Reply

Your email address will not be published. Required fields are marked *