asish.jpg

മാനം കാക്കാന്‍ കൃഷ്ണനും രാധയും!

കേരള സിനിമാ തിയറ്ററുകള്‍ ദീപാവലിക്കാലത്ത് കാണിച്ച പ്രവണതകള്‍ ഏതൊക്കെയാണ്? തമിഴില്‍നിന്നും ഹിന്ദിയില്‍നിന്നും എത്തിയ പുത്തന്‍ സിനിമകള്‍ ബോക്സ് ഓഫീസില്‍ ചാകര കൊയ്യുമ്പോള്‍ മലയാള സിനിമകളുടെ അവസ്ഥ എന്താണ്? സംഘടനാ പോരും വഷളന്‍ ചിത്രങ്ങളും കൊണ്ട് മലയാളി പ്രേക്ഷകരെ വീണ്ടും വീണ്ടും പരീക്ഷിക്കുന്ന മലയാള സിനിമാ ലോകത്ത് സന്തോഷ് പണ്ഡിറ്റിന്റെ കന്നി ചിത്രം പ്രദര്‍ശിപ്പിക്കുന്ന ആര്‍ജവം എത്രയാണ്-ആശിഷിന്റെ റിപ്പോര്‍ട്ട്

അന്യഭാഷാ ചിത്രങ്ങളുടെ പെരുമഴയിലാണ് കേരളം. തമിഴും ഹിന്ദിയും പേശുന്ന ചിത്രങ്ങള്‍ക്ക് ജനം ഇരച്ചു കയറുന്നു. എന്തിനോ ഇറങ്ങുന്ന മലയാള സിനിമകള്‍ക്കും സിനിമാ സംഘടനകളുടെ പോരിനും ഇടയിലാണ് ഈ മറുനാടന്‍ കുത്തൊഴുക്ക്. ഇനിയാണ് രസകരമായ കാര്യം. മറുനാടുകളില്‍നിന്ന് ഇരച്ചെത്തുന്ന ഈ കൊടുങ്കാറ്റിനെ തടയാന്‍ മലയാള സിനിമയുടെ ഭാഗത്തുള്ള ഒരേയൊരു ഹിമാലയം ഒരു പാവം സിനിമയാണ്. മലയാളികള്‍ ഊടുപാട് തെറി പറഞ്ഞ, പറഞ്ഞു കൊണ്ടിരിക്കുന്നു, വാര്‍ത്താ അവതാരകര്‍ പച്ചക്ക് വിഡ്ഢി എന്ന് വിളിക്കുന്ന ഒരാള്‍ ചെയ്ത സിനിമ!
അതെ, സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും!
സത്യമാണ് പറയുന്നത്. നിങ്ങള്‍ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും അതാണ് വാസ്തവം. സംശയമുണ്ടെങ്കില്‍ നമ്മുടെ നഗരങ്ങളില്‍ ആളുമാരവവും ഉയരുന്ന തിയറ്ററുകളില്‍ ഒന്നു പോയി നോക്കൂ. കാണാം സന്തോഷ് പണ്ഡിറ്റിനെ കാണാന്‍ ഇരമ്പിയെത്തുന്ന ആളൊഴുക്ക്.

ദീപാവലിക്കാലത്ത് അന്യഭാഷാ ചിത്രങ്ങളുടെ കുത്തൊഴുക്കിനിടെ പേരിനെങ്കിലുമൊരു മല്‍സരം കാഴ്ച വെക്കാനാവാതെ നാണക്കേടില്‍ തലതാഴ്ത്തിനില്‍പ്പാണ് മലയാള സിനിമ. അതേസമയം, ഈ അവസരം കൃത്യമായി വിനിയോഗിച്ച വമ്പന്‍ തമിഴ്, ഹിന്ദി ദീപാവലി റിലീസുകള്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ പണം തൂത്തുവാരുകയാണ്. ഉള്ളതുപറഞ്ഞാല്‍ വിജയിന്റെ ‘വേലായുധ’ത്തോടും സൂര്യയുടെ ‘ഏഴാം അറിവി’നോടും ഷാരൂഖ് ഖാന്റെ ‘രാ- വണി’നോടും ഇപ്പോള്‍ കേരളത്തില്‍ മല്‍സരിക്കുന്ന മലയാളചിത്രം സന്തോഷ് പണ്ഡിറ്റിന്റെ ‘കൃഷ്ണനും രാധയും’ മാത്രമാണ്.

300 ഓളം തീയറ്ററുകളിലായി റിലീസ് ചെയ്ത മൂന്ന് അന്യ ഭാഷാ ചിത്രങ്ങളും 35 ലക്ഷം വീതമാണ് ആദ്യദിനം ഷെയര്‍ നേടിയത്. മലയാളത്തില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ പോലും അപൂര്‍വം ചില തീയറ്ററുകളില്‍ ഫാന്‍ ആരവം കൊണ്ടുമാത്രം ഹൌസ് ഫുള്‍ ഷോകള്‍ നേടുന്ന ഇക്കാലത്താണ് എല്ലാ സെന്ററുകളിലും ഈ പ്രേക്ഷക പ്രതികരണം. കൂടാതെ മിക്ക സെന്ററുകളിലും ഈ മൂന്നു ചിത്രങ്ങളും ഒന്നിലധികം തീയറ്ററുകള്‍ നേടിയിട്ടുമുണ്ട്. (ചിലയിടത്ത് നാലും അഞ്ചും വരെയും).

വിജയിനും സൂര്യക്കും ഷാരൂഖിനും കേരളത്തില്‍ ആരാധകരുണ്ടെന്നത് ശരിതന്നെ. എന്നാല്‍ തീയറ്ററുകളില്‍ ഈ കുത്തൊഴുക്ക് സൃഷ്ടിച്ചത് താരാരാധന മാത്രമല്ല, സാങ്കേതികമായും പ്രമേയപരമായും ഉന്നത നിലവാരമുള്ള അന്യഭാഷാ ചിത്രങ്ങള്‍ നല്‍കുന്ന ആസ്വാദനമേന്‍മ കൂടിയാണെന്നതാണ് സത്യം. യുവതലമുറയോടു കൂടുതല്‍ സംവദിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ക്കാവുന്നതും ഈ വിജയങ്ങള്‍ക്ക് സഹായമായി. ഈ വമ്പന്‍ സ്വീകരണവും ആവേശവും വരാനിരിക്കുന്ന വന്‍അന്യഭാഷാ ചിത്രങ്ങളുടെ വിതരണാവകാശ റേറ്റ് കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.

പ്രേക്ഷകരുടെ മനസറിഞ്ഞ് പടമെടുക്കാനാവില്ലെങ്കിലും ഇത്തരമൊരു ഉല്‍സവ സീസണില്‍ മല്‍സരിക്കാനിറങ്ങിയാല്‍ പന്തികേടാവുമെന്ന ബോധ്യം മലയാളത്തിലെ പ്രബല ബാനറുകള്‍ക്കും സൂപ്പര്‍താര ചിത്രങ്ങള്‍ക്കുമുണ്ടെന്നത് അവരുടെ പിന്‍മാറ്റം ഉറപ്പിക്കുന്നുമുണ്ട്.
മോഹന്‍ലാല്‍^ പ്രിയദര്‍ശന്‍ ചിത്രം ‘അറബിയും ഒട്ടകവും പി. മാധവന്‍ നായരും’ , മമ്മൂട്ടി-ഷാഫി ചിത്രം ‘വെനീസിലെ വ്യാപാരി’ തുടങ്ങിയ ചിത്രങ്ങള്‍ അന്യഭാഷാ ആരവം അടങ്ങിയിട്ട് തീയറ്ററുകളിലെത്താന്‍ കാത്തിരിപ്പാണ്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തീരാത്തതും തീയറ്ററുകളുടെ ക്ഷാമവും പടങ്ങള്‍ വൈകാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ടിവര്‍. എന്നാല്‍ വിജയ്, സൂര്യ, ഷാരൂഖ് മേളത്തിനിടെ ഈ ചിത്രങ്ങളുമായി സമീപിച്ചാല്‍ പണം വാരാവുന്ന അന്യഭാഷാ ചിത്രങ്ങള്‍ തഴഞ്ഞ് ഇത്തരം ചിത്രങ്ങളെടുക്കാന്‍ തീയറ്ററുകാര്‍ തയാറാവില്ലെന്നതാണ് യഥാര്‍ഥ കാരണം.

കൂടാതെ അന്യഭാഷാ ചിത്രങ്ങളുടെ കുത്തൊഴുക്കില്‍ പ്രദര്‍ശനത്തിലുണ്ടായിരുന്ന മലയാളചിത്രങ്ങള്‍ തീയറ്ററുകാര്‍ തൂത്തെറിഞ്ഞതായുള്ള വിലാപങ്ങളിലും കഴമ്പുണ്ടെന്നു തോന്നുന്നില്ല. കഴിഞ്ഞവാരം തീയറ്ററിലുണ്ടായിരുന്ന ‘സ്നേഹവീട്’, ഇന്ത്യന്‍ റുപ്പി’ ‘സാന്‍വിച്ച്’ എന്നീ ചിത്രങ്ങള്‍ ദീപാവലി റിലീസുകളെത്തും മുന്‍പേ മിക്ക തീയറ്ററുകളിലും ഹോള്‍ഡ് ഓവര്‍ കലക്ഷനിലേക്ക് കടന്നിരുന്നു. ഇവയില്‍ പ്രമേയമികവ് അവകാശപ്പെടാനാവുന്നത് ‘ഇന്ത്യന്‍ റുപ്പി’ക്ക് മാത്രവുമാണ്. അപൂര്‍വമായി വരുന്ന ഇത്തരം നല്ല ശ്രമങ്ങള്‍ക്കാവട്ടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുമാകുന്നില്ല.

അതേസമയം, വ്യാപക വിമര്‍ശനങ്ങള്‍ നേരിട്ട സന്തോഷ് പണ്ഡിറ്റിന്റെ ‘കൃഷ്ണനും രാധയും’ ആദ്യവാരം മൂന്നു തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി ഇപ്പോള്‍ പത്തുതീയറ്ററിലായി. ബംഗളൂരുവിലടക്കം അന്യ സംസ്ഥാന നഗരങ്ങളിലും ഒന്നിലധികം തീയറ്ററുകളില്‍ ചാര്‍ട്ടിംഗായിട്ടുമുണ്ട്. യുവാക്കള്‍ തമാശക്കും ബഹളമുണ്ടാക്കാനുമായാണ് ‘കൃഷ്ണനും രാധയും’ കാണാന്‍ എത്തുന്നതെങ്കിലും മുഖ്യധാര മലയാളസിനിമയിലെ മടുപ്പിക്കുന്ന ശൈലിയോട് അവരറിയാതെതന്നെ നടത്തുന്ന പ്രതിഷേധമായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്.

ഈയവസ്ഥയിലാണ് കൂനിന്‍മേല്‍ കുരുപോലെ എ ക്ലാസ് തീയറ്ററുടമകളുടെ സമരം നവംബര്‍ ഒന്നുമുതല്‍ തുടങ്ങുന്നത്. സര്‍വീസ് ചാര്‍ജ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയിലും വൈഡ് റിലീസിംഗിനായി തീയറ്റര്‍ വര്‍ഗീകരണം നടത്തുന്നതിലും പ്രതിഷേധിച്ചാണ് സമരം. സമരരീതിയും വിചിത്രമാണ് പുതിയ മലയാള സിനിമകള്‍ സമരം തീരും വരെ റിലീസ് അനുവദിക്കില്ല, അന്യഭാഷക്ക് കുഴപ്പമില്ല.!

എന്തായാലും ഒരുകാര്യം ഉറപ്പായി, ഇങ്ങനെപോയാല്‍ മലയാളസിനിമ കാണാന്‍ പഴയ ഡി.വി.ഡി കലക്ഷനുകള്‍ പരതേണ്ട കാലമെത്താന്‍ ഇനി അധികസമയം വേണമെന്ന് തോന്നുന്നില്ല

when you share, you share an opinion
Posted by on Nov 1 2011. Filed under സിനിമ, സിനിമാപ്പുര-ആശിഷ്. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

5 Comments for “മാനം കാക്കാന്‍ കൃഷ്ണനും രാധയും!”

 1. ഏതായാലും, സിനിമാസ്വാദകരുടെ ട്രെന്‍ഡ് മനസ്സിലാക്കുന്നതില്‍ നിരൂപകരും ചലച്ചിത്ര പണ്ഡിതരും പരാജയപ്പെടുന്നുവെന്ന് മനസ്സിലാക്കാം. എല്ലാ പ്രവചനങ്ങള്‍ക്കും അതീതരാണു തങ്ങളെന്നു കാണികള്‍ തെളിയിക്കുകയാണ്.

     0 likes

 2. അന്യഭാഷാ ചിത്രങ്ങളൂടേ മികവ് എന്നൊക്കെ എത്ര വേണമെങ്കിലും പറഞ്ഞോളൂ പക്ഷേ അതിനു ഏഴാഅറിവ് പോലത്തെ പടത്തെ കൂട്ടുപിടിക്കരുത്.
  മറ്റ് രണ്ട് പടാങ്ങളും കാണാത്ത്തുകൊണ്ട് ഒന്നും പറയാനില്ല. പിന്നെ technological brilliance നു പണം മാത്രം മതി എന്നതിന്റെ ഉദാഹരണമാണ്‌ ഏഴാം അറിവ്.

     0 likes

 3. മനസ്സമാധാനത്തോടെ അര്‍മാദിച്ചു കൂവാം.

  തിയേറ്ററില്‍ കേറി കൂവീട്ടില്ലതതവര്‍ക്ക് സുവര്‍ണാവസരം …

  സന്തോഷ്‌ പണ്ഡിറ്റ്‌ ഫാന്‍സ്‌ ക്ലബ്‌ ഉണ്ടാകുന്നതു വരയേ ഉള്ളൂ…

     0 likes

 4. AN

  santhosh pandit aalu kootharayanenkilum ippozhathe sinimakalum vyatyasthamalla

     0 likes

 5. sasidharan

  എന്തായാലും ഒരുകാര്യം ഉറപ്പായി, ഇങ്ങനെപോയാല്‍ മലയാളസിനിമ കാണാന്‍ പഴയ ഡി.വി.ഡി കലക്ഷനുകള്‍ പരതേണ്ട കാലമെത്താന്‍ ഇനി അധികസമയം വേണമെന്ന് തോന്നുന്നില്ല… athe angane oru kaalam vidooramalla..

     0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers