സെക്യുലറിസ്റ്റിന്റെ മരണക്കിടക്ക

ജനിച്ചുവീണ സമുദായത്തിന്റെ മുറപ്രകാരം മണ്ണിനടിയില്‍ പോകാനാണ് ഓരോ മനുഷ്യന്റെയും വിധി. സെക്യുലറിസ്റ്റുകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാകുമിത്. ജീവിതത്തില്‍ സംഘടിത മതത്തെ, അതിന്റെ അടയാളങ്ങളെ അടുപ്പിക്കാന്‍ താല്‍പര്യം കാണിക്കാതെ ജീവിക്കുകയും ചെയ്തവരെ ‘പട്ടില്‍ പൊതിഞ്ഞ് പട്ടടയിലേ’ക്കെടുക്കുന്നതിന്റെ സാംഗത്യമെന്താണ്-എ.വി ഷെറിന്‍ ചോദിക്കുന്നു

 

courtesy: reuters

 

അങ്ങിനെ,ആകാശത്തോളം കത്തിക്കയറി സംസാരിച്ചവരെല്ലാം മരിച്ചു തീരുകയാണ്.ജീവിതത്തില്‍ ഉടനീളം ഇവര്‍ കാട്ടിയ പുകിലുകളെയെല്ലാം ക്ഷമയോടെ സ്വീകരിക്കാന്‍, അത്രയും വിശാലത കൈവരിച്ചവരാണോ നമ്മുടെ മതസമൂഹം എന്ന് ഓരോ മൃതദേഹങ്ങളും അവര്‍ പേരുകൊണ്ട്ബന്ധം സ്ഥാപിച്ച മതങ്ങളുടെ ശവപ്പറമ്പുകളിലേക്ക് നീങ്ങുമ്പോള്‍ തോന്നിയിട്ടുണ്ട്.

എന്തൊക്കെ വീരവാദം പറഞ്ഞാലും ഒരു ശവക്കുഴി നമ്മെയെല്ലാം കാത്തിരിക്കുന്നുണ്ടല്ലോ.ഇപ്പോഴും എക്സിസ്റ്റന്‍ഷ്യല്‍ ചോദ്യങ്ങളോ എന്ന് നെറ്റി ചുളിക്കരുത്.ജീവിതം അത്രമേല്‍ കേവലമായ ഒരു പ്രക്രിയയല്ല എന്ന ബോധ്യമുള്ളവര്‍, ചില ആശയക്കുഴപ്പമെങ്കിലുമുള്ളവര്‍ ജീവിത ശീലങ്ങളെ അപനിര്‍മിക്കുന്നവരാണ്.അങ്ങിനെയുള്ളവരുടെ ജീവിതാന്ത്യത്തിലെ ചിന്തകളിലൊന്ന് എന്റെ ചേതനയറ്റുപോകുന്ന ഈ ശരീരത്തെ സമൂഹം എന്തു ചെയ്യും എന്നതു തന്നെയാകും.

ജനിച്ചുവീണ സമുദായത്തിന്റെ മുറപ്രകാരം മണ്ണിനടിയില്‍ പോകാനാണ് ഓരോ മനുഷ്യന്റെയും വിധി. സെക്യുലറിസ്റ്റുകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാകുമിത്.ജീവിതം നിരന്തര പോരാട്ടമാവുകയും മുഖ്യധാരാ സമൂഹവും സ്വന്തം വീടും മറുപക്ഷത്തുനില്‍ക്കുകയും ചെയ്യുമ്പോഴും ജീവിതത്തില്‍ സംഘടിത മതത്തെ, അതിന്റെ അടയാളങ്ങളെ അടുപ്പിക്കാന്‍ താല്‍പര്യം കാണിക്കാതെ ജീവിക്കുകയും ചെയ്തവരെ ‘പട്ടില്‍ പൊതിഞ്ഞ് പട്ടടയിലേ’ക്കെടുക്കുന്നതിന്റെ സാംഗത്യമെന്താണ്?

കമ്മ്യൂണിസ്റ്റുകാരനായിരുന്ന എന്റെ പിതാവ് മരണപ്പെട്ട് മണിക്കൂറുകള്‍ക്കകം സ്ഥലത്തെ സഖാക്കള്‍ വന്ന് മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചിരുന്നു. ആ ഐക്യദാര്‍ഢ്യം ഞാനുള്‍പ്പെടെയുള്ളവരെ ആവേശഭരിതരാക്കി. കാലത്തായിരുന്നു മരണം. വൈകുന്നേരത്തോടുകൂടി സംസ്കാരം നടത്തണമെന്നതിനാല്‍ ഉച്ചയോടുകൂടി കാര്യങ്ങള്‍ എവിടെ, എങ്ങിനെ എന്നീ ചര്‍ച്ചകള്‍ തുടങ്ങി. സ്ഥലത്തെ പ്രധാന സഖാവ് വന്ന് എന്നോട് ‘ചടങ്ങുകളെങ്ങിനെ’ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ചടങ്ങുകളൊന്നും വേണമെന്നില്ലെന്ന് വ്യക്തമാക്കി. അപ്പോള്‍ കുഴങ്ങിയത് പാര്‍ട്ടിക്കാരാണ്.അങ്ങിനെ പറ്റില്ലെന്നും എന്തെങ്കിലുമൊന്ന് ചെയ്യണമെന്നുമായി അവര്‍.എവിടെയെങ്കിലും വച്ചൊന്നു തീര്‍ക്കണ്ടേ എന്നാണ് അദ്ദേഹം ചോദിച്ചത്.അതായത് ഒരു ഫുള്‍സ്റ്റോപ്പിടല്‍. അത്തരമൊന്ന് സെക്യുലര്‍ ജീവിതമോ മതനിരാസ ജീവിതമോ നയിച്ചവര്‍ക്കില്ലേ?

തല്‍ക്കാലം ഇല്ല.മാത്രവുമല്ല, ജീവിതം ഘോഷിച്ചവരെയൊക്കെ തെമ്മാടിക്കുഴികളൊരുക്കിയും അന്ത്യകൂദാശയെന്ന ഇമ്പാച്ചി കാണിച്ചും സംഘടിത മതങ്ങള്‍ പേടിപ്പിക്കുകയും ചെയ്യും.

ശവസംസ്കാര വേള എല്ലാ അസംബന്ധങ്ങളും നിറഞ്ഞാടുന്ന നേരമാണ്. വെള്ള തോര്‍ത്തു മുണ്ട് തോളിലിട്ട ആള്‍ക്കാര്‍ ചുറ്റിനും വന്ന് കരയരുതെന്ന് ഭീഷണിപ്പെടുത്തും. വടിമുറിയായി കിടക്കുന്ന ചേതനയറ്റ ശരീരത്തെ എണ്ണയും ചെറുപയര്‍ പൊടിയും തേച്ച് കുളിപ്പിക്കാന്‍ പറയും. ആ നേരത്തിന്റെ സവിശേഷമായ കാലാവസ്ഥയില്‍ എല്ലാം ചെയ്യാന്‍ വിധിക്കപ്പെടേണ്ടവരാകാനാണ് ഉറ്റവരുടെയും വിധി.

ഇതില്‍ അല്‍പമെങ്കിലും ആശ്വാസം തരുന്നത് വൈദ്യുതി ശ്മശാനങ്ങളുടെ വരവാണ്. സ്റ്റീഫന്‍ സ്പെന്‍ഡര്‍ (1909 ^1995) ജീവിച്ചിരുന്നെങ്കില്‍ ഈ സംവിധാനത്തെക്കുറിച്ച് ഒരു മനോഹരമായ കവിതയെഴുതിയേനെ. മരണം നടന്ന് വിളിച്ചുപറഞ്ഞാല്‍ ഇലക്ട്രിക് ക്രിമെറ്റോറിയം ഓണ്‍ ചെയ്തു വക്കും. മൃതദേഹം എത്തിച്ച് പുറത്തേക്ക് നീളുന്ന ഒരു റെയിലില്‍ കിടത്തും. പിന്നെ ഒരു ലിവര്‍ വലിച്ചാല്‍ മതി. എല്ലാം തീര്‍ന്നു. അത്രയെങ്കിലും സ്വയംനിര്‍ണയാവകാശം മരണത്തില്‍ സെക്യുലറിസ്റ്റുകള്‍ക്ക് കിട്ടണം.

5 thoughts on “സെക്യുലറിസ്റ്റിന്റെ മരണക്കിടക്ക

  1. ചത്തുകഴിഞ്ഞു ശവത്തിനെന്തു സെക്യുലറിസം, അതൊക്കെ ജീവിച്ചിരിക്കുന്നവരുടെയല്ലേ. ഭാര്യയോട് മരണശേഷം ശരീരം ദഹിപ്പിച്ചുകളയണമെന്നു പറഞ്ഞപ്പോൾ ചൊദിക്കുന്നു, മരണശേഷം നിങ്ങളുടെ ശരീരം എന്തു ചെയ്യണമെന്നു ഞാൻ തീരുമാനിക്കും. അതെങ്കിലും എനിക്കു വിട്ടുതരില്ലേ എന്നു. എന്റെ ജീവിതം അതിന്റെ എല്ലാ തന്റേടത്തോടൂകൂടിയും ജീവിക്കുന്ന എനിക്കു ഒപ്പം ഒട്ടിനിന്നു ജീവിക്കുന്ന എന്റെ പാതിയോട് ഞാൻ എന്തു പറയാൻ. മരണശേഷം എന്തായാലെനിക്കെന്ത് അല്ലെങ്കിൽ എന്താണെന്നെനിക്കെങ്ങനറിയാം. എന്റെ ശാഠ്യങ്ങൾ എന്നിൽ തന്നെ ഒടുങ്ങട്ടെയെന്നു തീരുമാനിച്ചു.

  2. മരണശേഷം സെകുലരിസ്ടുകളുടെ ശവം എന്ത് ചെയ്യണമെന്നു നിഷ്കര്ഷിച്ചുകൊണ്ട് ഒരു മാനുവല്‍ ഉണ്ടാവണം. ആ മാനുവല്‍ ഉണ്ടാക്കാന്‍ ഒരു സെറ്റപ്പും അതിനൊരു തലവനും കുറെ സഹായികളുമൊക്കെ ആവാമെന്നേ. എല്ലാ സെകുലരിസ്ടുകളും ആ മാനുവല്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഒരു സംഘടനയും അതിനു ലോക്കല്‍ ബ്രാഞ്ചുകളുമാവാം…

    ഇതൊന്നും വേണ്ടെങ്കില്‍ ശവത്തെ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്നെ. നന്നായി ജീവിച്ച് നന്നായി ചത്തവന്‍ ഡെഡ് ബോഡിയെപ്പറ്റി വ്യാകുലപ്പെടുമോ?

  3. മരിച്ചാല്‍ ശവം ചക്കിലിട്ട് ആട്ടണം എന്ന് ശ്രീ നാരായണന്‍ പറയുക ഉണ്ടായത്രേ! ശവത്തിനു വേദനിക്കില്ല എന്ന് അദ്ദേഹം അതിനു ന്യായവും പറഞ്ഞു. പ്രശ്നം ശവത്തിന്റെ വേദനയല്ല, ശവം ആവാത്തവരുടെ വേദനയാണ്. അതാവട്ടെ നിരര്‍ത്ഥകവും. അതുകൊണ്ട് , ശവമായാല്‍ ശരീരം എന്തുചെയ്യണം എന്നത് ശവമാകും മുന്‍പ് അയാള്‍ ജീവിച്ചത് എങ്ങനെയാണോ അതിനു അനുസരിച്ച് ആവുന്നതല്ലേ നല്ലത്? ജീവിച്ചിരുന്നപ്പോള്‍ ഉള്ളതില്‍ ഏറെ എന്ത് അവകാശമാണ് ഒരാളുടെ ശവത്തിനോട് മറ്റൊരാള്‍ക്ക് ഉള്ളത്?

Leave a Reply

Your email address will not be published. Required fields are marked *