പാചകത്തില്‍ ഭാവനക്കും ഇടമുണ്ട്
ആലോചിച്ചപ്പോള്‍ മുന്നില്‍ വന്നത് പഴയൊരു തമാശയാണ്. കുറേ കാലം മുമ്പ് ഒരു മല്‍സര വേദിയില്‍ ഉണ്ടായ അനുഭവം. സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ ഉണ്ടായ ആ പാചകാനുഭവത്തിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ ഞാന്‍ നടത്തുന്ന പാചക പരീക്ഷണങ്ങള്‍-ജുമാന കാദ് രി എഴുതുന്നു
പ്രിയ വായനക്കാര്‍ക്ക് ഈദ് ആശംസകള്‍
ഇന്ന് എന്താണ് നിങ്ങളോട് പറയേണ്ടതെന്ന് ആലോചിച്ചപ്പോള്‍ മുന്നില്‍ വന്നത് പഴയൊരു തമാശയാണ്. കുറേ കാലം മുമ്പ് ഒരു മല്‍സര വേദിയില്‍ ഉണ്ടായ അനുഭവം. സത്യത്തില്‍ വെറുമൊരു തമാശ മാത്രമെന്ന് അതിനെ വിളിക്കാമോ എന്നെനിക്കറിയില്ല. കേവലം ഒരു തമാശ എന്നതിനപ്പുറം മറ്റെന്തൊക്കെയോ ആയിരുന്നു ആ സംഭവമെന്ന് ഇന്നിപ്പോള്‍ തിരിച്ചറിയാനാവുന്നു. പല പാചക പരീക്ഷണങ്ങള്‍ക്കും വ്യത്യസ്തമായ കോംബിനേഷനുകള്‍ക്കും എനിക്ക് പ്രചോദനവും ധൈര്യവും തരുന്നത് സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ ഉണ്ടായ ആ പാചകാനുഭവമാണ്. അന്നത്തെ ആ തമാശയുടെ ബാക്കിയാണ് സത്യത്തില്‍ ഇപ്പോള്‍ ഞാന്‍ നടത്തുന്ന പാചക പരീക്ഷണങ്ങള്‍.
ഹൈസ്കൂളിലായിരുന്നു ഞാനന്ന്. പത്താം തരത്തില്‍. ഇക്കണോമിക് ആന്റ് ന്യൂട്രിഷ്യസ് ഫുഡ്് മല്‍സരത്തില്‍ പങ്കെടുക്കുകയാണ്. തൊട്ടുമുമ്പത്തെ വര്‍ഷം ഈ മല്‍സരത്തില്‍ എനിക്ക് സമ്മാനം ലഭിച്ചിരുന്നു.
മൂന്ന് മണിക്കൂറാണ് മല്‍സരം. അതിനിടയില്‍ വൈവിധ്യമാര്‍ന്ന പരമാവധി വിഭവങ്ങള്‍ ഉണ്ടാക്കണം. മനസ്സ് മുഴുവന്‍ വിഭവങ്ങളില്‍ മാത്രം അര്‍പ്പിച്ച് ഞാന്‍ പാചകത്തില്‍ മുഴുകി. ദൈവാനുഗ്രഹത്താല്‍ മൂന്നു മണിക്കൂറിന് അഞ്ചു മിനിറ്റ് മുമ്പ് ഞാന്‍ അവസാനിപ്പിച്ചു. 63 വ്യത്യസ്ത ഇനങ്ങള്‍ ഇതാ എന്റെ മുന്നില്‍. ഹാവൂ, ആശ്വാസമായി.
ഞാന്‍ ചുറ്റിലും നോക്കി. മറ്റ് മല്‍സരാര്‍ഥികള്‍ തകൃതിയായ പരിശ്രമത്തിലാണ്. അതു കണ്ടപ്പോള്‍ എനിക്കൊരു ടെന്‍ഷന്‍. ഒരു വിഭവം കൂടി ഉണ്ടാക്കിയാലോ. ഇനിയും അഞ്ചു മിനിറ്റുണ്ട്. ആ നേരം മതി മതി പുതിയ ഒരു വിഭവം തീര്‍ക്കാന്‍.
എന്നാല്‍, കൂടുതലാലോചിച്ചപ്പോള്‍ സംശയമായി. മല്‍സരത്തിന് നീറ്റ്നെസും ഒരു പ്രധാന ഘടകമാണ്. ഒതുക്കി വെച്ച മണ്ണെണ്ണ സ്റ്റൌവും മറ്റു പാത്രങ്ങളും വീണ്ടും പുറത്തെടുത്താല്‍ കാണാന്‍ വൃത്തിയുണ്ടാവില്ല. അപ്പോള്‍ പിന്നെ എന്തു ചെയ്യും.
ഞാനാകെ അന്തിച്ചു. വീണ്ടും ചുറ്റും നോക്കി. തകൃതിയായി പാചകത്തില്‍ മുഴുകിയ മറ്റുള്ളവരെ കണ്ടപ്പോള്‍ വീണ്ടും ഒരു ചാഞ്ചാട്ടം.
ശരി, എങ്കില്‍ ഒരു വിഭവം കൂടിയാവാം, മനസ്സ് വീണ്ടും പറഞ്ഞു. കുക്കിങ് ഇല്ലാത്ത ഒരു വിഭവമാണ് ഈ സമയത്ത് നല്ലത്. അതിന് പറ്റിയതെന്താണ്?
പെട്ടെന്ന് തലയില്‍ ബള്‍ബ് കത്തി. ഐഡിയ!
മിക്സി പോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ പറ്റില്ല. അതിനാല്‍, തേങ്ങാപ്പാല്‍ ഉണ്ടാക്കിയത് നാടന്‍ രീതിയിലായിരുന്നു. ചെറു ചൂടു വെള്ളത്തില്‍ ഒരു മണിക്കൂര്‍ കുതിര്‍ത്ത ശേഷം പിഴിഞ്ഞെടുക്കല്‍. പാലെടുത്ത ശേഷമുള്ള തേങ്ങാ പീര ബാക്കിയുണ്ടായിരുന്നു. അതാണ് ഇനിയെന്റെ തുരുപ്പുശീട്ട്.
തേങ്ങാപ്പീരയില്‍ ഒരല്‍പ്പം നാരങ്ങാ നീര് പിഴിഞ്ഞു. പിന്നെ, മല്ലിയില, പൊതീന, ഇഞ്ചിനീര്, ഒരല്‍പ്പം നെയ്യ്, ഉപ്പ്. അങ്ങനെ ബാക്കിയുണ്ടായിരുന്ന കുറച്ചു സാധനങ്ങള്‍ ഉപയോഗിച്ച് ഒരു ചമ്മന്തി കുഴച്ചു വെച്ചു. ഇതാ, എന്റെ 64ാമത്തെ വിഭവം!
തമാശ അതു കഴിഞ്ഞായിരുന്നു. മല്‍സര ശേഷം. വിധി നിര്‍ണയത്തിന്റെ നേരമായി. ജഡ്ജസ് എന്റെ മേശപ്പുറത്തേക്കു വരുന്നു. അവിടെയിപ്പോള്‍ 64 ഇനങ്ങള്‍. എല്ലാം ശ്രദ്ധിച്ചു മനസ്സിലാക്കിയ ശേഷം അവരുടെ അഭിപ്രായം എന്നെ ഞെട്ടിക്കുന്നതായിരുന്നു. ‘എല്ലാം നന്നായി. ഏറ്റവും ഗംഭീരമായത്, ആ ചമ്മന്തി തന്നെ!’
ഭാഗ്യത്തിന് അവര്‍ എന്നോട് അതിന്റെ പാചകക്കുറിപ്പ് ചോദിച്ചില്ല. ചോദിച്ചെങ്കില്‍ ഞാന്‍ പെട്ടുപോയേനെ.
64 വിഭവങ്ങള്‍ തയ്യാറാക്കി എന്ന റെക്കോര്‍ഡും ഒപ്പം സ്വന്തം ഭാവനയില്‍ മെനഞ്ഞെടുത്ത ആ റെസിപി അംഗീകരിക്കപ്പെട്ടു എന്ന സന്തോഷവും ഒപ്പം സമ്മാനം നേടാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദവുമൊക്കെ ചേര്‍ന്ന് അത്രയെളുപ്പം വിവരിക്കാനാവാത്ത ഒരവസ്ഥയിലായിരുന്നു ഞാന്‍.
അന്നാണ് ഭാവനക്കും പാചകത്തില്‍ ഇടമുണ്ടെന്ന് ഞാന്‍ മനസ്സിലായത്. പരീക്ഷണങ്ങള്‍ക്ക് ധൈര്യം തന്നതു മുഴുവന്‍ ആ സംഭവമായിരുന്നു.
കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ്.
ഇനി നമുക്കൊരു റെസിപി.
കുല്‍ഫി ഫലൂദ
ചേരുവകള്‍
തിളപ്പിച്ച പാല്‍ – 1 ടിന്‍
കണ്ടന്‍സ്ഡ് പാല്‍ – 1 ടിന്‍
വിപ്പ്ഡ് വിപ്പിങ്ങ് ക്രീം – 2 ടേബിള്‍ സ്പൂണ്‍
ബ്രെഡ് ചെറിയ കഷണങ്ങാക്കിയത് – 3 എണ്ണം
ഏലക്ക – 4 എണ്ണം
ചെറിയ വെളുത്ത സേമിയ – ഒരു കപ്പ്
പാല്‍ – ഒരു കപ്പ്
പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍
വെള്ളം – 1 കപ്പ്
പിസ്ത , ( ഉപ്പില്ലാതെ ) മുറിച്ചത്
റോസ് വാട്ടര്‍ – 3/4 ടീ സ്പൂണ്‍
പാചക രീതി
1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ മിക്സറിൽ നന്നായി ചേർത്തെടുക്കുക. ചെറിയ പാത്രങ്ങളിലാക്കി ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിച്ചെടുക്കുക.
പാലും, വെള്ളവും, പഞ്ചസാരയും ചേർക്കുക.
സേമിയ പാലില്‍ നന്നായി വേവിക്കുക.
തണുക്കാൻ അനുവദിച്ച ശേഷം റോസ് വാട്ടര്‍ ചേര്‍ത്ത് തണുപ്പിച്ചെടുക്കുക. പ്ലേറ്റിലേക്ക് സേമിയ പകര്‍ത്തി, കുല്‍ഫി മുകളിൽ വയ്ക്കുക
മുറിച്ചെടുത്ത പിസ്ത കഷണങ്ങളും ചേര്‍ത്ത് വിളമ്പുക
facebook page: https://www.facebook.com/media/set/?set=a.150604711679634.37000.150600381680067&type=3


Chickan sambar=chik n veg soup(hot n sour) just add chik stk,chop veg n chik.not to ad asftd: n drumstick. make it as soup costny: