asish.jpg

തമിഴ് തിരയില്‍ വീണ്ടും കടലിരമ്പം

തമിഴിലെ പുതുസിനിമാ വസന്തം ഈ ദീപാവലിക്ക് പൂത്തുലഞ്ഞു. കേരളമടക്കം പുറം സംസ്ഥാനങ്ങളിലും തിരയിളക്കം സൃഷ്ടിച്ച നാലു ചിത്രങ്ങള്‍. വ്യത്യസ്തതയും പുതുമയും ഒന്നിച്ചു ചേര്‍ന്ന ആ ചിത്രങ്ങള്‍ കേരളമടക്കമുള്ള സിനിമാ വിപണിയോട് പറയുന്നതെന്തെല്ലാമാണ്- ആശിഷ് എഴുതുന്നു

ചെന്നൈ ആല്‍ബര്‍ട്ട് തിയറ്റില്‍ പ്രദര്‍ശിപ്പിച്ച ഏഴാം അറിവിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍

അന്യഭാഷാ ചിത്രങ്ങളുടെ പെരുമഴ കേരളത്തില്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല. തമിഴില്‍ നിന്നെത്തിയ ദീപാവലി ചിത്രങ്ങള്‍ കേരളത്തിലാകെ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. കുറേ കാലങ്ങളായി തമിഴകം കൊണ്ടു നടക്കുന്ന പുതു സിനിമാ സ്വപ്നങ്ങളുടെ ഉറച്ച അടിത്തറയില്‍നിന്ന് ഉയിര്‍ത്തതാണ് ഈ ചിത്രങ്ങള്‍. തമിഴ് ചിത്രങ്ങള്‍ എന്നു പൊതുവേ വിശേഷിപ്പിക്കുമ്പോഴും ഒന്നിച്ചൊരു ചരടില്‍ കെട്ടാനാവാത്തത്ര വൈവിധ്യമാണ് അവയുടെ കാതല്‍. അടിമുടി വ്യത്യസ്തം. പല തരം പ്രമേയങ്ങള്‍. വ്യത്യസ്തമായ ട്രീറ്റ്മെന്റുകള്‍, അവതരണ രീതിയിലും കഥാപാത്ര സ്വീകാര്യത്തിലും പുലര്‍ത്തുന്ന സവിശേഷതകള്‍ എന്നിങ്ങനെ പറയാനേറെയുണ്ട്. അഭിരുചി ഏതായാലും അതിനുള്ള മരുന്ന് തങ്ങളുടെ പക്കലുണ്ടെന്നും അവ ഏതൊക്കെ ചേരുവകള്‍ ചേര്‍ത്ത് നല്‍കണമെന്നും വ്യക്തമായ ഗ്രാഹ്യമുണ്ടെന്ന് ഈ ചിത്രങ്ങള്‍ വിളിച്ചറിയിക്കുന്നു.

സൂര്യയുടെ ഏഴാം അറിവ്, വിജയിന്റെ വേലായുധം, തൊട്ടുമുന്‍പ് പുറത്തിറങ്ങിയ മുരുകേശന്റെ എങ്കേയും എപ്പോതും എന്നീ ചിത്രങ്ങളാണ് തമിഴ് സിനിമാ മേഖലയിലെ ഇപ്പോഴത്തെ ട്രെന്‍ഡിന്റെ കൃത്യമായ സൂചികകളാവുന്നത്. നായക സങ്കല്‍പങ്ങളുടെയും ആഖ്യാന ശൈലിയുടേയും ദൃശ്യധാരാളിത്തത്തിന്റെയും കാര്യത്തില്‍ മൂന്നുവഴികളിലൂടെയാണ് ഈ ചിത്രങ്ങളുടെ സഞ്ചാരം.

വൈവിധ്യമുള്ള കഥയും ആഖ്യാനവുമായി വരുന്ന പുതുതലമുറ യുവതാരചിത്രങ്ങളുടെ പ്രതിനിധിയാണ് എങ്കേയും എപ്പോതും. കോടികള്‍ മുടക്കി ഗ്രാഫിക്സിനും പുത്തന്‍ പരീക്ഷണങ്ങളുമായി വരുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ഉദാഹരണമാണ് ഏഴാം അറിവ്. കാലങ്ങളായി തമിഴ്സിനിമയെന്ന് കേട്ടാല്‍ മനസില്‍ ഓടിയെത്തുന്ന ചേരുവകളുമായി വന്ന മാസ് എന്റര്‍ടെയ്നറാണ് വേലായുധം. മൂന്നുചിത്രങ്ങളും തീയറ്ററില്‍ നിറഞ്ഞോടുമ്പോള്‍ വ്യക്തമാവുന്നത് എല്ലാതരം ചിത്രങ്ങളും ഉള്‍ക്കൊള്ളാനുള്ള മനസ് തമിഴനുണ്ടെന്നാണ്. തമിഴ്നാട്ടിനു പുറത്തെ ശക്തമായ മാര്‍ക്കറ്റുകളായ കേരളം, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിലുള്ളവരെയും എത്തിക്കാന്‍ ഇവക്ക് കഴിവുണ്ടെന്നാണ്.

ചെന്നൈയിലെ തിരുവന്‍മിയൂരില്‍ വേലായുധം പ്രദര്‍ശിപ്പിക്കുന്ന ജയന്തി തിയറ്ററിലെ ദൃശ്യം

എങ്കേയും എപ്പോതും
നവാഗതനായ എം. ശരവണന്‍ സംവിധാനം ചെയ്ത എങ്കേയും എപ്പോതും പറയുന്നത് ആരുടെ ജീവിതത്തിലും എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്ന ഒരു റോഡപകടം നിരവധി ജീവിതങ്ങളെ എങ്ങനെ മാറ്റി മറിക്കുന്നു എന്നതാണ്. ക്ലൈമാക്സ് ആദ്യരംഗത്തില്‍ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തുന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
തിരുച്ചിയില്‍ നിന്ന് ചെന്നെയിലേക്കും ചെന്നൈയില്‍ നിന്ന് തിരുച്ചിയിലേക്കുമുള്ള രണ്ട് ബസുകള്‍ കൂട്ടിയിടിക്കുന്ന ഭീതിദമായ രംഗമാണ് ഹൈലൈറ്റ്. ഈ രംഗമൊന്നു മാത്രം മതി ചിത്രത്തിന്റെ നിലവാരമളക്കാന്‍. അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് മാറുംമുന്‍പേ സംവിധായകന്‍ കഥ പറഞ്ഞു തുടങ്ങുകയാണ്, എങ്ങനെയാണ് ഇരു പട്ടണങ്ങളില്‍ നിന്നും ഈ ബസുകള്‍ തിരിച്ചതെന്ന് അതിനുള്ളിലുണ്ടായിരുന്നവര്‍ എന്തെല്ലാം പ്രതീക്ഷകളും ലക്ഷ്യങ്ങളുമായാണ് കയറിയതെന്നും.

പ്രധാനമായും രണ്ടു ജോഡി പ്രണയികളുടെ ജീവിതത്തില്‍ ചുറ്റിപ്പറ്റിയാണ് കഥ വിശദീകരിക്കുന്നത്. അമുദയും ഗൌതമുമാണ് ആദ്യത്തേത്. (അനന്യയും ശര്‍വാനന്ദും). കതിരേശനും മണിമേഘലയുമാണ് മറ്റൊരു ജോഡി (ജയ്യും അഞ്ജലിയും). ഇവരുടെ പ്രണയം വിശദീകരിക്കുന്നതിലും പതിവ് ചിട്ടവട്ടങ്ങളെ മാറ്റിനിര്‍ത്താന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
പ്രേമം തോന്നുമ്പോഴുള്ള വിദേശഗാനങ്ങളില്ല, വില്ലന്‍ പിന്നാലെയില്ല, വീട്ടുകാരെ വെല്ലുവിളിച്ച് ഒളിച്ചോട്ടവുമില്ല. അതേസമയം, ഒരുമിച്ച് ജീവിക്കുകയാണെങ്കില്‍ നേരിടേണ്ട പ്രശ്നങ്ങള്‍ ഇരു ജോടികളും മുന്‍കൂട്ടി ചിന്തിക്കുകയോ മനസിലാക്കുകയോ ചെയ്യുന്നുമുണ്ട്.
ഇതൊരു പ്രണയകഥയാണോ എന്ന് ചോദിച്ചാല്‍ നിശ്ചയമായും അല്ല, അപകടമുണ്ടാക്കുന്ന വൈകാരികത മുതലാക്കലാണോ ചിത്രത്തിന്റെ ലക്ഷ്യമെന്നാണ് ചോദ്യമെങ്കിലും അല്ലെന്നാവും ഉത്തരം. എന്നാല്‍ ജീവിതത്തിലെ അനിശ്ചത്വവും അതു നിമിഷാര്‍ഥം കൊണ്ട് തകര്‍ക്കുന്ന സ്വപ്നങ്ങളുമാണ് ഈ അപകടവും പ്രണയങ്ങളും കരുക്കളാക്കി ശരവണന്‍ പറഞ്ഞുവെക്കുന്നത്. എവിടെയും എപ്പോഴും ആരുടെ ജീവിതവും മാറ്റിമറിക്കപ്പെടാം എന്ന ഓര്‍മക്കുറിപ്പോടെ.

എഴാം അറിവ് കണ്ട ശേഷം പ്രേക്ഷകര്‍ ഇറങ്ങിവരുന്നു. ചെന്നൈയിലെ ആല്‍ബര്‍ട്ട് തിയറ്ററില്‍നിന്നുള്ള ദൃശ്യം

ഏഴാം അറിവ്
ഗജിനിക്കുശേഷം സംവിധായകന്‍ ഏ.ആര്‍ മുരുകദാസ് സൂര്യയെ നായകനാക്കി ഒരുക്കിയ ഏഴാം അറിവ് പണമെറിഞ്ഞ് പണം നേടാനായി സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചരിത്ര-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. കരുണാനിധി കുടുംബത്തിന്റെ റെഡ് ജയന്റ് മൂവീസ് നിര്‍മിക്കുന്നെന്നതും സൂപ്പര്‍താരമായ സൂര്യ നായകനാവുന്നതും റിലീസിന് മുമ്പ് തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളുയര്‍ത്താന്‍ സഹായകമായിരുന്നു.

ആറാം നൂറ്റാണ്ടില്‍ ജീവിച്ച ബോധിധര്‍മന്‍ എന്ന തമിഴ് യോഗിയെ ഇന്നത്തെ തലമുറയുടെ ഓര്‍മയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ചരിത്രവും ശാസ്ത്രവും കൂട്ടിക്കുഴക്കുകയാണ് ചിത്രത്തില്‍. തമിഴ്നാട്ടില്‍ നിന്ന് ചൈനയിലെത്തുന്ന ഇദ്ദേഹമാണ് അവിടുത്തുകാരെ മഹാവ്യാധിയില്‍ നിന്ന് രക്ഷിച്ചതെന്നും ആയോധന കലകള്‍ അഭ്യസിപ്പിച്ചതെന്നുമാണ് വിശ്വാസം. ബോധിധര്‍മന്റെ കാലത്തെ കഥ പറഞ്ഞശേഷം ഇന്നത്തെ കാലത്ത് അദ്ദേഹത്തിന്റെ വംശത്തിലെ കണ്ണിയായ അരവിന്ദന്‍ എന്ന സര്‍ക്കസുകാരനിലേക്ക് ക്യാമറ തിരിയുകയാണ്.
ബോധിധര്‍മന്‍ പകര്‍ന്നുനല്‍കിയ അറിവുപയോഗിച്ച് ജൈവയുദ്ധത്തിലുടെ ഇന്ത്യയെ കീഴ്പെടുത്താനുള്ള ചൈനയുടെ നീക്കം ശുഭ ശ്രീനിവാസന്‍ എന്ന യുവ ശാസ്ത്രജ്ഞ ചെറുക്കാന്‍ ശ്രമിക്കുകയാണ്. ഇതിനവള്‍ കണ്ടെത്തുന്നത് ബോധിധര്‍മന്റെ ഡി.എന്‍.എയുമായി പൊരുത്തങ്ങളേറെയുള്ള അരവിന്ദനെയാണ്.

ഏഴാം അറിവില്‍ കഥ പറയാന്‍ വലിയൊരു ക്യാന്‍വാസുണ്ട്. അതിനുപോന്ന കഥാപാത്രങ്ങളുണ്ട്. സാഹസികതയുണ്ട്, സംഘര്‍ഷവും സംഘട്ടനവും പ്രണയവുമുണ്ട്. ഇതിനെല്ലാം മേമ്പൊടിയേകുന്ന സംഘട്ടന രംഗങ്ങളും ഗാനരംഗങ്ങളും പണക്കൊഴുപ്പുമുണ്ട്. തമിഴന്റെ ചരിത്രബോധത്തെയും തമിഴ്സ്വത്വത്തെയും ഉണര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും ചിത്രത്തിലുണ്ട്.
സാങ്കേതികതയുടെ മികവും ഇവക്കെല്ലാം പിന്‍തുണയുമായുണ്ട്. രവി കെ. ചന്ദ്രന്റെ ക്യാമറയാണ് ബോധിധര്‍മന്റെ കാലം വിവരിക്കുന്ന രംഗങ്ങളുടെ ഹൈലൈറ്റ്. വര്‍ത്തമാനകാല രംഗങ്ങളില്‍ ഗാന ചിത്രീകരണവും ആക്ഷന്‍ കോറിയോഗ്രാഫിയുടെ മികവുമാണ് എടുത്തു പറയേണ്ടത്. നായകനും നായികയും വില്ലനുമായി യഥാക്രമം സൂര്യയുടേയും ശ്രുതി ഹാസന്റെയും ജോണി ട്രൈന്യൂയാന്റെയും പ്രകടനവും ശ്രദ്ധേയമാണ്.

അതേസമയം, ചിത്രത്തിന്റെ എടുത്തുപറയേണ്ട പോരായ്മ തിരക്കഥയിലെ അച്ചടക്കമില്ലായ്മയും ദുര്‍ബല ക്ലൈമാക്സുമാണ്. സൂര്യയെന്ന താരത്തിന് ഹൈ, ലോ ക്ലാസ് പ്രേക്ഷകരില്‍ ഒരേപോലെ സ്വാധീനം ചെലുത്താനാവുമെന്നത് മുന്നില്‍കണ്ട് നടത്തിയ ശ്രമങ്ങളിലും സംവിധായകന്‍ പരാജയപ്പെട്ടിട്ടുണ്ട്.

ചെന്നൈ ആല്‍ബര്‍ട്ട് തിയറ്റില്‍ പ്രദര്‍ശിപ്പിച്ച ഏഴാം അറിവിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍

വേലായുധം
മേല്‍പറഞ്ഞ രണ്ടു ചിത്രങ്ങളില്‍ നിന്നും അപ്പാടെ മാറി ക്ലീഷേ മാസ് മസാല ചിത്രമാണ് വിജയ് നായകനാകുന്ന ‘വേലായുധം’. റീമേക്ക് ചിത്രങ്ങളിലൂടെ തമിഴകത്ത് ഹിറ്റ് മേക്കറായ ജയം രാജയാണ് സംവിധാനം. ഇത്തവണ 1941ല്‍ ഹോളിവുഡില്‍ പറഞ്ഞുതുടങ്ങി ബോളിവുഡിലും ടോളിവുഡിലും പതിപ്പുകളിറങ്ങിയ കഥയാണ് കോളിവുഡില്‍ രാജയുടെ കൈകളിലൂടെ പുനരവതരിച്ചിരിക്കുന്നത്.
ഒരു വിജയ് ചിത്രത്തിനുള്ള വിജയചേരുവകള്‍ ആവശ്യമായ മസാലകളിട്ട് വേവിച്ചെടുത്തിരിക്കുകയാണ് ‘വേലായുധ’ത്തില്‍. നിഷ്കളങ്കനും നാട്ടിന്‍പുറത്തുകാരനുമാണെങ്കിലും അപരാജിതനായ നായകന്‍, അയാളോട് പ്രേമം തോന്നാന്‍ ചുരുങ്ങിയ രണ്ട് സുന്ദരികള്‍, ആറോളം ഗാനങ്ങള്‍, രക്തപങ്കിലമായ സംഘട്ടന രംഗങ്ങള്‍, മേമ്പൊടിക്ക് തീവ്രവാദവും ദേശസ്നേഹവും ഇത്രയും വീണ്ടും പുതിയൊരു കുപ്പിയിലാക്കി തരികയാണിവിടെ. കൂടാതെ വിജയ് ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായ ‘തങ്കച്ചി പാശം’ (സഹോദരീ സ്നേഹം) ഇതിലും ഹൈലൈറ്റാണ്. ചെറുപ്പത്തില്‍ മരിച്ച തന്റെ സഹോദരി വിദ്യയോടുള്ള ആത്മബന്ധമാണ് ഈ ഘടകം എല്ലാ ചിത്രങ്ങളിലും ഉള്‍പ്പെടുത്താന്‍ വിജയിനെ പ്രേരിപ്പിക്കുന്നത്.

വിജയ് എന്ന സൂപ്പര്‍താരം സൂര്യയില്‍ നിന്ന് വ്യത്യസ്തനാവുന്നത് മറ്റൊരു കാര്യത്തിലാണ്. പുതുമക്കും വൈവിധ്യത്തിനും വേണ്ടി എന്തു ത്യാഗത്തിനും സന്നദ്ധനാവുന്ന നടനാണ് സൂര്യയെങ്കില്‍ തന്റെ സ്ഥിരം മാസ് പ്രേക്ഷകര്‍ക്ക് വേണ്ട ചേരുവകളില്‍ നിന്ന് ഒട്ടും മാറാന്‍ ആഗ്രഹിക്കാത്തയാളാണ് വിജയ്.
അതുകൊണ്ടുതന്നെ വിജയ് ഫോര്‍മുല ചടുലമായി അവതിരിപ്പിക്കുക മാത്രമായിരുന്നു സംവിധായാന്‍ രാജയുടെ ദൌത്യം. രണ്ടാം പകുതിയില്‍ ദൈര്‍ഘ്യം കൂടിയിട്ടുണ്ടെന്നതൊഴിച്ചാല്‍ അക്കാര്യത്തില്‍ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.

വാഗൈ സൂട വാ
ഈ മൂന്നു ചിത്രങ്ങള്‍ക്ക് പുറമേ, വിട്ടുപോകരുതാത്ത മറ്റൊരു ചിത്രം കൂടിയുണ്ട് തമിഴകത്ത് ശ്രദ്ധ നേടിയവയില്‍ -വാഗൈ സൂട വാ. കളവാണി എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ സര്‍ഗുണവും യുവനടന്‍ വിമലും ഒന്നിക്കുന്ന ഈ പിരീഡ് ചിത്രം 1966ല്‍ ഒരു തമിഴ് ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ലാളിത്യത്തോടെ അവതരിപ്പിക്കുന്നത്. ബാലവേല സജീവമായിരുന്ന ഒരു കാലഘട്ടത്തില്‍ കുട്ടികളെ സ്കൂളിലെത്തിക്കാനും അറിവ് നല്‍കാനും ഒരു യുവ അധ്യാപകന്‍ നടത്തുന്ന ശ്രമമാണ് കഥ. മലയാളിയായ ഇനിയയാണ് നായിക. പുതുമുഖം ജിബ്രാന്റെ സംഗീതവും മോശമല്ല. യഥാര്‍ഥ്യ ബോധവും ലാളിത്യവുമുള്ള മറ്റൊരു നല്ല ചിത്രമാണ് വാഗൈ സൂട വായെന്നതും പറയാതെ വയ്യ.

വിജയപാത
മുകളില്‍ ചര്‍ച്ച ചെയ്ത നാലുചിത്രങ്ങള്‍ക്കും അതിന്റേതായ പ്രേക്ഷകരെ കണ്ടെത്താനായെന്നാണ് ബോക്സ് ഓഫീസില്‍ നിന്നുള്ള സൂചനകള്‍. ഇതില്‍ വമ്പന്‍ ചിത്രങ്ങളായ ഏഴാം അറിവും വേലായുധവും ഒരു പോലെ വിജയപാതയിലാണ്. റെഡ് ജയന്റ്, സണ്‍ മൂവീസിന്റെ സ്വാധീനമുപയോഗിച്ച് ഭൂരിപക്ഷം തീയറ്ററുകള്‍ നേടാനായതും റിലീസിന്റെ തലേനാള്‍ തന്നെ ചെന്നൈയിലെ മള്‍ട്ടിപ്ലെക്സുകളില്‍ എല്ലാത്തിലും 30 ഓളം ഷോ വീതം പ്രദര്‍ശിപ്പിക്കാനായതും ഏഴാം അറിവിന്റെ ഇനീഷ്യല്‍ കലക്ഷന്‍ കുത്തനെ കൂട്ടിയിട്ടുണ്ട്. കൂടാതെ സണ്‍ ടി.വി, കലൈഞ്ജര്‍ ടി.വി തുടങ്ങിയ മാധ്യമങ്ങളുടെ ശക്തമായ പ്രചാരണവും ചിത്രത്തിന് തുണയാണ്.

സണ്‍ കുടുംബ കുത്തകക്ക് മുന്നില്‍ ആദ്യം പതറിയെങ്കിലും റിലീസിനുശേഷം കൂടുതല്‍ തീയറ്ററുകള്‍ നേടാനായതും മാസ് എന്റര്‍ടെയ്നറെന്ന പേര് നേടാനായതും വേലായുധത്തിന്റെ കലക്ഷനും കൂട്ടിയിട്ടുണ്ട്. ആദ്യ അഞ്ചുദിനം 2.35 കോടി ഏഴാം അറിവ് നേടിയപ്പോള്‍ 2.10 കോടിയുമായി വേലായുധവും തൊട്ടുപിന്നിലുണ്ട്. ഈ ചിത്രങ്ങള്‍ കേരള വിപണിയിലും മലയാളചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി കലക്ഷന്‍ വേട്ട തുടരുകയാണെന്നതാണ് ശ്രദ്ധേയം.

when you share, you share an opinion
Posted by on Nov 7 2011. Filed under സിനിമ, സിനിമാപ്പുര-ആശിഷ്. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

2 Comments for “തമിഴ് തിരയില്‍ വീണ്ടും കടലിരമ്പം”

  1. Shaju K.S

    ഒരത്തറ്റത്ത്‌ മലയാള സിനിമാലോകം നിലവാര തകര്‍ച്ച കൊണ്ടും തമ്മില്‍ തല്ലു കൊണ്ടും മൂക്ക് കുത്തി കൊണ്ടിരികുമ്പോള്‍ മറ്റെ അറ്റത്ത്‌ നമ്മള്‍ ഒരു കാലത്ത് പാണ്ടികള്‍ എന്നു പറഞ്ഞു കളിയാക്കി കൊണ്ടിരുന്ന തമിഴ് സിനിമാ ലോകം കേരളം അടക്കി വാഴുന്നു

       0 likes

  2. RAM

    തമിഴ് സിനിമയില്‍ മാത്രമാണോ വസന്തങ്ങള്‍ ഉണ്ടാകുന്നതു? അവിടെ നല്ല പടങ്ങള്‍ വരുന്നു എന്നത് അംഗീകരിക്കുന്നു. അതെ സമയം മലയാളത്തിനെ കൈവിട്ടുള്ള അവരുടെ വസന്തം നമ്മള്‍ കാണണോ?

       0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers