കവര്‍സ്റ്റോറി…സെക്രട്ടറി നന്നായാല്‍ പാതി നന്നായി

സംസ്ഥാന സമ്മേളന പശ്ചാത്തലത്തില്‍ പ്രമുഖ രാഷ്ട്രീയ, മാധ്യമ നിരീക്ഷകന്‍ അഡ്വ. ജയശങ്കറുമായി സി.പി ബിനീഷ് സംസാരിക്കുന്നു

 

? സി.പി.എമ്മില്‍ വീണ്ടും സമ്മേളന കാലമാണ്. വിവാദങ്ങളും ഗ്രൂപ്പ്പോരുകളും സജീവം. തെറ്റുതിരുത്തല്‍ രേഖ പ്രാവര്‍ത്തികമാക്കുമ്പോള്‍ 14 വര്‍ഷമായി സെക്രട്ടറി സ്ഥാനത്തുള്ള പിണറായി ഒഴിയേണ്ടി വരുമോ? എന്താണ് അഭിപ്രായം

# പിണറായി മാറണം. കുറച്ചുകൂടി നല്ല ആളുകള്‍ വരണം. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം ഏത് തരത്തില്‍ ഇടപെടും എന്നുനോക്കേണ്ടതുണ്ട്. പിണറായി മാറിയാല്‍ പി.ബി അംഗം എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന്‍ അല്ലെങ്കില്‍ എം.വി ഗോവിന്ദന്‍ മാസ്റ്ററെപ്പോലുള്ളവര്‍ സെക്രട്ടറി സ്ഥാനത്തെത്തിയേക്കാം. ഇക്കൂട്ടത്തില്‍, കോടിയേരി incompetent ആണ്.

 


വേണ്ടത് ഡീ പിണറായൈസേഷന്‍

 


? മാറ്റങ്ങള്‍ അനിവാര്യമാണ്. അപ്പോള്‍, ജീര്‍ണത അവസാനിച്ച് സി.പി.എം വൃത്തിയുള്ള പാര്‍ട്ടിയായി മാറും എന്നു കരുതാമോ?
# അത് പുതിയ സെക്രട്ടറിയെ ആശ്രയിച്ചിരിക്കും. സെക്രട്ടറി നന്നായാല്‍ പാര്‍ട്ടി പകുതി നന്നാവും.
സെക്രട്ടറി വ്യക്തിപരമായി നല്ല മനുഷ്യനായിരിക്കണം. മാറ്റി നിര്‍ത്തേണ്ടവരെ മാറ്റി നിര്‍ത്താനുള്ള ആര്‍ജവം വേണം. സെന്‍സിബിള്‍ ആയി സംസാരിക്കാനറിയണം. ഘടകകക്ഷികളെ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകണം. പാര്‍ട്ടി പ്രവര്‍ത്തകരുമായി നല്ല ബന്ധവും വേണം.
ചുരുക്കിപ്പറഞ്ഞാല്‍ പിണറായി ചെയ്തതിന് എതിരായുള്ള പ്രവൃത്തി. ‘ ഡീ പിണറായൈസേഷന്‍ ‘ എന്നൊക്കെ പറയാം. ചില സെക്രട്ടറിമാര്‍ വരുമ്പോള്‍ മാറ്റങ്ങളുണ്ടാകാറുണ്ട്. പണ്ട് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായപ്പോള്‍ അവിടെ രാഷ്ട്രിയ കൊലപാതകങ്ങള്‍ കുറഞ്ഞിരുന്നു.

?എം.എ ബേബിയേപ്പോലുള്ളവരുടെ സ്വരങ്ങളില്‍ ചില മാറ്റങ്ങള്‍ കാണുന്നു. പാര്‍ട്ടിയിലെ ശാക്തിക ചേരികളില്‍ മാറ്റമുണ്ടാകുമോ

# പുതിയ അധികാരകേന്ദ്രങ്ങള്‍ വരുമ്പോള്‍ എല്ലാവരിലും മാറ്റമുണ്ടാകും. പുതിയ സെക്രട്ടറി വരികയാണെങ്കില്‍ അദ്ദേഹത്തിന് ചുറ്റും കുറച്ചുപേര്‍ സ്വാഭാവികമായുമുണ്ടാകും.

 


സി.പി.എമ്മില്‍ പ്രശ്നങ്ങളുണ്ട്

 


? സി.പി.എമ്മില്‍ വീണ്ടും സമ്മേളനങ്ങള്‍ വരാന്‍ പോകുന്നു. വിവാദങ്ങളും ഗ്രൂപ്പ്പോരുകളും തുടരുന്നു. എന്നാല്‍ എല്ലാം മാധ്യമസൃഷ്ടി ആണെന്നാണ് പതിവുപോലെ ഔദ്യോഗിക വിശദീകരണം. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മാധ്യമസൃഷ്ടിയാണോ

# സി.പി.എമ്മില്‍ യഥാര്‍ഥത്തില്‍ പ്രശ്നങ്ങളുണ്ട്. പാര്‍ട്ടി നേതൃത്വം അനുകൂലമായ രീതിയില്‍ അവ വ്യാഖ്യാനിക്കുകയാണ്.
പ്രധാനമായും മൂന്ന് കുഴപ്പങ്ങളാണ് പാര്‍ട്ടിക്ക് സംഭവിച്ചത്. ഒന്ന്^ ഇടതുപക്ഷ ഐക്യമുന്നണി ഉണ്ടാക്കുന്നതിലും മുന്നോട്ട് കൊണ്ട് പോകുന്നതിലും മുഖ്യഘടകകക്ഷി എന്ന നിലയിലുള്ള പാകപ്പിഴ. താല്‍ക്കാലിക ലാഭത്തിന് വേണ്ടി പല സംഘടനകളുമായി കൂട്ടുപിടിച്ചു. പി.ഡി.പി, കേരള കോണ്‍ഗ്രസ് ജോസഫ് തുടങ്ങിയവരുമായുള്ള ബാന്ധവം. സാമുദായിക കക്ഷികളുമായി കൂട്ടുകൂടാനേ പാടില്ലെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് പണ്ട് വ്യക്തമാക്കിയതാണ്. 2001ല്‍ ഭരണം നഷ്ടപ്പെടാന്‍ കാരണമായത് ജോസഫുമായുള്ള ബന്ധമാണ്. മന്ത്രിയായിരിക്കേ ജോസഫിന്റെ പ്ലസ്ടു അഴിമതികള്‍ ഇടതുമുന്നണിക്ക് തിരിച്ചടിയായി. ഐസ്ക്രിം കേസിന്റെ പശ്ചാത്തലത്തില്‍ ലീഗുമായി വരെ സഖ്യത്തിന് ശ്രമിച്ചില്ലേ. കരുണാകരന്റെ ഡി.ഐ.സിയുമായി ചങ്ങാത്തത്തിന് ഒരുങ്ങിയതും സി.പി.എം തന്നെ. ഇത്തരം നയവ്യതിയാനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്.
അതേസമയം, വര്‍ഷങ്ങളായി മുന്നണിയിലുള്ള ഘടകകക്ഷികളെ സി.പി.എം ഒതുക്കി. എന്‍.സി.പിയെയും ആര്‍.എസ്.പിയെയും ഒതുക്കി. ഇവരുടെ സീറ്റുകള്‍ ബലമായി പിടിച്ചുവാങ്ങി. എന്നും ഇടതുമുന്നണിക്കൊപ്പമായിരുന്ന വീരേന്ദ്രകുമാറിനെ പുകച്ചുചാടിച്ചു. മുന്നണിയിലുള്ളവരെ പുറത്തുചാടിച്ചതിനൊപ്പം ചില പിന്തിരിപ്പന്‍ കക്ഷികളെ മുന്നണിക്ക് അകത്താക്കി. ഇത് ഇടതുപക്ഷ സ്വഭാവത്തെ ബാധിച്ചു. ഉപ്പിന് കാരമില്ലാതാവുന്ന അവസ്ഥയുണ്ടാക്കി. ഇപ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ ജനാധിപത്യകക്ഷികള്‍ എന്ന അര്‍ഥത്തില്‍ തോമസ് ചാണ്ടിയെപ്പോലുള്ളവര്‍ മാത്രമേയുള്ളൂ. ബൂര്‍ഷ്വാസെറ്റപ്പിലാണ് കാര്യങ്ങള്‍.
രണ്ടാമത്തെ കുഴപ്പം പാര്‍ട്ടിയുടെ കമ്മ്യൂണിസ്റ്റ് ചട്ടക്കൂടിലുണ്ടായ മാറ്റം. ആ ചട്ടക്കൂട് ശരിക്കും സ്റ്റാനിലിസ്റ്റ് സ്വഭാവം തന്നെയാണ്. പാര്‍ട്ടി അച്ചടക്കത്തിന് ഇപ്പോള്‍ ഒരു പ്രാധാന്യവുമില്ല. അകത്ത് ജനാധിപത്യമില്ല. വിമര്‍ശനങ്ങള്‍ പാര്‍ട്ടി ഫോറത്തിലല്ല, പാര്‍ട്ടിവേദികള്‍ക്ക് പുറത്താണ്. പാര്‍ട്ടി സമ്മേളനങ്ങളിലെയും കമ്മിറ്റികളിലെയും ചര്‍ച്ചകള്‍ പിറ്റേന്ന് പത്രത്തില്‍ വായിക്കാവുന്ന സ്ഥിതിയാണ്. ഇതൊന്നും മാധ്യമസൃഷ്ടിയല്ല. നേതാക്കന്മാര്‍ക്കെല്ലാം വ്യക്തി താല്‍പര്യങ്ങള്‍ മാത്രമാണ്. ഇതിനെല്ലാം സിദ്ധാന്തത്തിന്റെ മേലങ്കിയണിയുകയാണ്.
മൂന്നാമതായി , മൂലധനശക്തികളുമായുള്ള സമരസപ്പെടലാണ് പാര്‍ട്ടിയെ ബാധിച്ചത്. കമ്യൂണിസം ഒരു ആശയം മാത്രമല്ല. ജീവിതശൈലി തന്നെയാണ്. വന്‍സ്വത്ത് പാര്‍ട്ടിക്ക് എഴുതിവെച്ച ഇ.എം.എസ് പിന്നീട് പാല്‍പ്പായസം കുടിച്ചിരുന്നില്ലെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹം സ്വയം ഡീക്ലാസ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നേതാക്കന്മാര്‍ പുറത്ത് ലളിതം. അല്ലെങ്കില്‍ നാട്ടില്‍ ലളിത ജീവിതം. ഡല്‍ഹിയിലും മറ്റും എത്തുമ്പോള്‍ ആഡംബര ജീവിതവും. ടാറ്റയും ബിര്‍ളയും പോലുള്ള വ്യവസായികളുമായി പോലുമല്ല ഇവരുടെ കൂട്ട്. ഫാരിസ് അബൂബക്കറിനെപ്പോലുള്ള മാഫിയ സംഘങ്ങളുമായാണ് ചങ്ങാത്തം. മൂലധനത്തെ എതിര്‍ക്കുന്നതിനൊപ്പം ഇത്തരം ശക്തികളില്‍ നിന്ന് പലതും സന്തോഷപൂര്‍വം കൈപ്പറ്റുന്നു. ഭൂമി കൈയേറ്റം, പാടം നികത്തല്‍ എന്നിവക്ക് പാര്‍ട്ടി കൂട്ടുനില്‍ക്കുന്നു. അതുപോലെ പാര്‍ട്ടി കൊട്ടിഘോഷിച്ച് കൊണ്ടു വന്ന ജനകീയാസൂത്രണം കൊണ്ട് ഒരു ഗുണമുണ്ടായി. ബ്രാഞ്ച് മെമ്പര്‍മാര്‍ വരെ അഴിമതിക്കാരായി. അഴിമതിയുടെ വികേന്ദ്രീകരണം എന്നു പറയാം.

 


തോറ്റത് വി.എസല്ല

 


? മലപ്പുറം സമ്മേളനത്തില്‍ വി.എസ് അച്യുതാനന്ദന്റെ വിജയം പ്രതീക്ഷിച്ചെങ്കിലും നേരിയ വ്യത്യാസത്തിന് തോറ്റു. കോട്ടയത്ത് പിണറായിയുടെ ആധിപത്യമായിരുന്നു. അടുത്ത സമ്മേളനത്തില്‍ വി.എസിന് എന്ത് സംഭവിക്കും

# മലപ്പുറത്ത് വി.എസിന്റെ പരാജയം സ്വാഭാവിക പരിണതിയായിരുന്നു. മറുവശത്ത് പിണറായിയുടെ വിജയമായിരുന്നെങ്കിലും പരാജയത്തിന്റെ വിത്ത് അതിലുണ്ടായിരുന്നു. മലപ്പുറം സമ്മേളനത്തിലെ വി.എസിന്റെ പരാജയത്തില്‍ യഥാര്‍ഥ ഇടതുപക്ഷക്കാര്‍ വിഷമിച്ചു. സാധാരണക്കാര്‍ മുതല്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വരെ സങ്കടം വന്നു. ഈ തോല്‍വി വി.എസിന്റെ മൈലേജ് കൂട്ടി. അതുവഴി പാര്‍ട്ടിക്ക് അധികാരത്തിലെത്താനുമായി. അദേഹത്തെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടി ഭരിച്ചു. കോട്ടയത്തും തോറ്റുപോയ നായകനോടുള്ള ആരാധനയായിരുന്നു വി.എസിനോട്. മദ്യപന്‍മാരായിരുന്നെങ്കിലും വി.എസിന് മാത്രമേ അന്ന് പൊതുസമ്മേളനത്തില്‍ അണികള്‍ സിന്ദാബാദ് വിളിച്ചിരുന്നുള്ളൂ. ഇനി വി.എസിന് പ്രതിപക്ഷനേതാവായി തുടരുക എന്നേയുള്ളൂ. നല്ല ഇമേജില്‍ നില്‍ക്കുകയാണ് വി.എസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം പ്രതിഷേധത്തിനൊടുവില്‍ മല്‍സരിച്ച അദ്ദേഹം പാര്‍ട്ടിയെ വിജയത്തിന്റെ വക്കിലെത്തിച്ചു.

 


കേന്ദ്രനേതൃത്വം അപ്രസക്തമായി

 


? വി.എസിനെതിരായ ചില ആക്ഷേപങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്റെ നിലപാട്
# സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വം അപ്രസക്തമായി. പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും മറ്റും അഡ്രസില്ലാതായി. ബംഗാളിലെ തകര്‍ച്ച അവര്‍ക്ക് താങ്ങാനാവാത്തതാണ്.
ആണവകരാറുമായി ബന്ധപ്പെട്ട് ഒന്നാം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചപ്പോള്‍ മമതാ ബാനര്‍ജിയുമായി കോണ്‍ഗ്രസിന് സഖ്യമുണ്ടാക്കാനായി. ബംഗാളില്‍ മമത യഥാര്‍ഥ ഇടതുപക്ഷമായി. ഇടതുപക്ഷത്തില്‍ നിന്ന് ആഗ്രഹിച്ചത് ബംഗാള്‍ ജനതക്ക് മമതയില്‍ നിന്ന് കിട്ടി.
ഒന്നിടവിട്ട് ഭരണം നഷ്ടമാകുന്ന കേരളത്തില്‍ വിജയത്തിന്റെ വക്കുവരെ എത്തിച്ച വി.എസിനെതിരെ കേന്ദ്രനേതൃത്വംഎന്ത് നടപടിയെടുക്കാന്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് , ‘ലോകമാന്‍ഡ്’ ആയെന്ന് പണ്ട് കരുണാകരന്‍ പറഞ്ഞതുപോലെയാണ് സി.പി.എം കേന്ദ്രനേതൃത്വം.
അല്ലെങ്കില്‍ തന്നെ 90ാം വയസിലെത്തുന്ന വി.എസിന് ഇനി എന്തു നേടാന്‍്? ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം ഇരുന്നു. അദ്ദേഹത്തിന് ഒന്നും നഷ്ടപ്പെടാനില്ല.

 


പ്രസ്ഥാനത്തിന്റെ ജീര്‍ണത

 

? ഒളികാമറ പോലുള്ള വിവാദങ്ങളിലൂടെ ജില്ലാ സെക്രട്ടറിമാര്‍ വരെപുറത്താകുന്ന അവസ്ഥയല്ലേ
# കോണ്‍ഗ്രസില്‍ പോലും കാണാത്ത അവസ്ഥയാണിത്. അച്ചടക്കമില്ലാതായ പ്രസ്ഥാനത്തിന്റെ ജീര്‍ണതയാണിത്. മറ്റ് ചില ജില്ലാ സെക്രട്ടറിമാരെയും മാറ്റേണ്ട സമയമായി.
?ബര്‍ലിന്‍ വിവാദത്തിലൂടെ ഭക്ഷണത്തില്‍പ്പോലും ഗ്രൂപ്പ് കലര്‍ത്തുകയല്ലേ.
# പാര്‍ട്ടി പുറത്താക്കിയയാളുടെ വീട്ടില്‍ പോയാല്‍ ആക്ഷേപമുറപ്പാണ്. പണ്ട് എം.വി രാഘവനെ വീട്ടില്‍ ഭക്ഷണത്തിന് ക്ഷണിച്ചയാളെ പുറത്താക്കി. പാര്‍ട്ടിക്കെതിരെ നിന്നാല്‍ പത്രത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും.

2 thoughts on “കവര്‍സ്റ്റോറി…സെക്രട്ടറി നന്നായാല്‍ പാതി നന്നായി

  1. വായില്‍ തോന്നുന്നതെല്ലാം കോതക്ക് പാട്ട് എന്ന് പറയുന്ന പോലെയാണ് ജയശങ്കര്‍. എല്ലില്ലാത്ത നാവു ഉണ്ടെന്നു കരുതി എന്തും പറയുന്നവന്‍.

Leave a Reply

Your email address will not be published. Required fields are marked *