അസ്വാഭാവികമായ ചില പ്രണയങ്ങളും പ്രകാശം പരത്തുന്ന കോടതികളും
നമ്മുടെ അറിവില്ലായ്മയാകുന്ന ആ ഇരുട്ടില്‍ പ്രകാശം കടത്തിവിടുകയും അതുവഴി നമ്മുടെ അറിവില്ലായ്മയെ ഇല്ലായ്മ ചെയ്യുകയും ബോധമില്ലാത്ത കുട്ടികള്‍ക്ക് നല്ല ബുദ്ധി തോന്നിപ്പിക്കുകയും ചെയ്യേണ്ട ജോലി കോടതികളുടേതാണ്. അത് അവര്‍ കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ട് എന്നതില്‍ നാം സന്തോഷിക്കേണ്ടിയിരിക്കുന്നു-കെ.എസ് സുദീപ് എഴുതുന്നു
ചില പ്രണയങ്ങള്‍ തീര്‍ത്തും അസ്വാഭാവികമാണ്. ഉദാഹരണത്തിന്, ഒരു മുസ്ലീം യുവാവിനോട് ഒരു ഹിന്ദു യുവതിയ്ക്ക് തോന്നുന്ന പ്രണയം. സുബോധത്തിലുള്ള ഒരു ഹിന്ദു യുവതിയ്ക്ക് അങ്ങനെ ഒരു പ്രണയം തോന്നാന്‍ പാടില്ല എന്ന് നമുക്കെല്ലാം അറിയാം.
ഇനി ആര്‍ക്കെങ്കിലും അറിയില്ല എങ്കില്‍, നമ്മുടെ അറിവില്ലായ്മയാകുന്ന ആ ഇരുട്ടില്‍ പ്രകാശം കടത്തിവിടുകയും അതുവഴി നമ്മുടെ അറിവില്ലായ്മയെ ഇല്ലായ്മ ചെയ്യുകയും ബോധമില്ലാത്ത കുട്ടികള്‍ക്ക് നല്ല ബുദ്ധി തോന്നിപ്പിക്കുകയും ചെയ്യേണ്ട ജോലി കോടതികളുടേതാണ്. അത് അവര്‍ കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ട് എന്നതില്‍ നാം സന്തോഷിക്കേണ്ടിയിരിക്കുന്നു.
ഒക്ടോബര്‍ പത്തിന് കേരള ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ നടത്തിയ ഒരു വിധിനിര്‍ണ്ണയമാണ് ഈയുള്ളവന് കോടതികളിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചത്. ആ വിധിയെപ്പറ്റി പറയുന്നതിനുമുമ്പ് കേസ് എന്താണെന്ന് പറയാം.
കാണാതായ പെണ്‍കുട്ടി
തങ്ങളുടെ മകളെ കാണാനില്ല എന്ന് പറഞ്ഞ് ഒരച്ഛനും അമ്മയും ഹൈക്കോടതിയില്‍ ഒരു ‘ഹേബിയസ് കോര്‍പസ്’ ഫയല്‍ ചെയ്തു. പരാതി പ്രകാരം കുട്ടിയെ കണ്ടുപിടിച്ച് കോടതിയില്‍ ഹാജരാക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി.
കാണാതായ ‘കുട്ടി’ അത്ര ചെറിയ കുട്ടിയായിരുന്നില്ല. കഴിഞ്ഞ മെയ് മാസത്തില്‍ അവര്‍ക്ക് 22 വയസ്സ് തികഞ്ഞു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 23 വയസ്സ് നടപ്പ്. ജന്മം കൊണ്ട് ഹിന്ദു. പേര് ശരണ്യ. ബാംഗ്ലൂരില്‍ നഴ്സിങ്ങിന് പഠിക്കുന്നു.
പെണ്‍കുട്ടി കോടതിയില്‍ ഹാജരായി. കൂടെ അവളുടെ കാമുകനും ഉണ്ടായിരുന്നു. ഏതാണ്ട് മുപ്പതുവയസ്സ് പ്രായം വരുന്ന ഒരു മുസ്ലീം പയ്യന്‍. കാണാതായ ആളെ കോടതിയില്‍ ഹാജരാക്കുന്നതോടെ കോടതിയ്ക്ക് അവരുടെ പണി കഴിഞ്ഞു എന്നുപറഞ്ഞ് കേസ് അടച്ചുപൂട്ടാമായിരുന്നു. എന്നാല്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള കോടതി അത് ചെയ്തില്ല. അവര്‍ പ്രശ്നം തീര്‍ത്തുകൊടുക്കാന്‍ തന്നെ തീരുമാനിച്ചു
വിധി
“പെണ്‍കുട്ടിയെ ഞങ്ങള്‍ യുവാവുമായി സംസാരിക്കാന്‍ സമ്മതിച്ചില്ല. അവരുടെ അച്ഛനും അമ്മയുമായി അവരെ സംസാരിക്കാന്‍ വിട്ടു. ഉച്ചഭക്ഷണത്തിനു ശേഷം പെണ്‍കുട്ടിയോട് ഞങ്ങള്‍ സംസാരിച്ചു. ആദ്യം ഒറ്റയ്ക്ക്, പിന്നെ മാതാപിതാക്കളുടെ കൂടെ, പിന്നെ ആ യുവാവിന്റെ കൂടെ. അവര്‍ പറഞ്ഞത് അവരെ ആരും തട്ടിക്കൊണ്ടുപോയിട്ടോ തടങ്കലില്‍ വച്ചിട്ടോ ഇല്ല എന്നും അവര്‍ സ്വന്തം ഇഷ്ടപ്രകാരം ആ യുവാവിന്റെ കൂടെ പോയതാണ് എന്നുമാണ്.
അവര്‍ തമ്മില്‍ പ്രണയത്തിലാണ് എന്നും അവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നും അവര്‍ രണ്ടുപേരും പറഞ്ഞു. അവര്‍ വ്യത്യസ്ത സമുദായങ്ങളില്‍ നിന്ന് വരുന്നവരാണ്. പെണ്‍കുട്ടി ഹിന്ദുവും യുവാവ് മുസ്ലീമും. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരാവാന്‍ വേണ്ട നടപടികള്‍ അവര്‍ തുടങ്ങിക്കഴിഞ്ഞു. അത് പ്രകാരം ഒക്ടോബര്‍ ഇരുപതിന് ശേഷം എന്നും അവര്‍ക്ക് വിവാഹിതരാവാം. അവരെ ഒരുമിച്ച് കോടതിയില്‍ നിന്ന് പോകാന്‍ അനുവദിക്കണം എന്നും വിവാഹിതരായ ശേഷം വിവാഹസര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കാം എന്നും അവര്‍ പറഞ്ഞു.
ഇത് വേണ്ടത്ര ചിന്തിച്ചെടുത്തതോ സ്വമേധയാ എടുത്തതോ ആയ തീരുമാനമാണെന്ന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കരുതുന്നില്ല. പെണ്‍കുട്ടിയുടെ മേല്‍ സ്വാധീനം ചെലുത്തി ഇങ്ങനെ ഒരു തീരുമാനം അടിച്ചേല്‍പ്പിക്കുകയാണ് എന്നവര്‍ സംശയിക്കുന്നു. അങ്ങനെയല്ല എന്ന് പെണ്‍കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും മാതാപിതാക്കള്‍ക്ക് അത് അങ്ങോട്ട് ബോധ്യപ്പെട്ടിട്ടില്ല. മകളെ പറഞ്ഞു മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണം എന്നാണ് അവര്‍ പറഞ്ഞത്.
എല്ലാവരോടും സംസാരിച്ച ഞങ്ങള്‍ക്ക് മനസ്സിലായത് ഇത് എന്തുകൊണ്ടും എല്ലാവരും കൂടി രമ്യതയില്‍ പരിഹരിക്കേണ്ട ഒരു വിഷയമാണ് എന്നാണ്. ബോധവല്‍ക്കരിക്കാനും ഉപദേശിക്കാനും നല്ല വഴി പറഞ്ഞുകൊടുക്കാനും സമയം തരണമെന്നും ഇതൊക്കെ കഴിഞ്ഞിട്ടും അവള്‍ക്ക് ആ പയ്യന്റെ കൂടെ പോവണം എന്നാണെങ്കില്‍ അത് സമ്മതിക്കാമെന്നും യുവതിയുടെ മാതാപിതാക്കള്‍ ഉറപ്പുനല്‍കി. സമാധാനപരമായി തങ്ങളുടെ മകളുമായി സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് അവര്‍ അപേക്ഷിച്ചു.
ഇതെല്ലാം കേട്ട ശേഷം ഞങ്ങള്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ വയ്ക്കുന്നു:
കാണാതായതായി പറയപ്പെടുന്ന പെണ്‍കുട്ടി കോടതിയില്‍ നിന്ന് അവരുടെ അച്ഛനമ്മമാരുടെ കൂടെ വീട്ടില്‍ പോകേണ്ടതാണ്. ഈ യുവതിയെ അടുത്ത തവണ കോടതിയില്‍ ഹാജരാക്കും വരെ അവര്‍ തിരുവനന്തപുരത്തുള്ള അവരുടെ വീട്ടില്‍ താമസിപ്പിക്കുന്നതാണ്. അതുവരെ അവരുടെ അച്ഛനും അമ്മയും അനിയത്തിയുമല്ലാതെ ആരും ആ വീട്ടില്‍ താമസിക്കാന്‍ പാടുള്ളതല്ല.
ഇതിനിടയില്‍ ആ യുവതിയെ ഉപദേശിക്കാനും നല്ല വഴിയ്ക്ക് നയിക്കാനും അച്ഛനമ്മമാര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ അവളെ ഉപദ്രവിക്കാനോ ഈ യുവാവിനെ വിവാഹം കഴിക്കാനുള്ള അവളുടെ തീരുമാനത്തിന്റെ പേരില്‍ അവളെ പീഡിപ്പിക്കാനോ പാടുള്ളതല്ല. അവള്‍ക്ക് മരുന്നുകളൊന്നും കൊടുക്കാന്‍ പാടില്ല. ഈ കാലയളവില്‍ വേറെ ആരെയും അവരുടെ വീട്ടില്‍ കയറാനോ യുവതിയുമായി സംസാരിക്കുവാനോ അനുവദിക്കുന്നതല്ല. ഈപ്പറഞ്ഞ യുവാവുമായി വൈകുന്നേരം നാലുമണിക്കും അഞ്ചുമണിക്കും ഇടയില്‍ യുവതിയ്ക്ക് ഫോണില്‍ സംസാരിക്കാം.
ഒക്ടോബര്‍ പതിനെട്ടിന് വീണ്ടും നമ്മള്‍ കോടതിയില്‍ വച്ച് കാണും. അതുവരെ ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലെ എസ് ഐ യുടെ ചുമതലയാണ്..”
ഇങ്ങനെ പോയി ഹൈക്കോടതിയിലെ ജസ്റ്റിസ് ആര്‍ ബസന്ത്, ജസ്റ്റിസ് എം സി ഹരി മണി എന്നിവരടങ്ങിയ ബഞ്ചിന്റെ ആ വിധിപ്രസ്താവന.
സാമൂഹ്യനീതിയും സമുദായനീതിയും ഉറപ്പുവരുത്തുന്ന ഇത്തരം വിധികള്‍ കഴിഞ്ഞ ഒന്നുരണ്ടുവര്‍ഷത്തിനിടെ വേറെയും ധാരാളം ഉണ്ടായിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്.
വയലാര്‍ പറഞ്ഞതുപോലെ, അതു പറയുമ്പോളെന്നുടെ നാട്ടിന്നഭിമാനിക്കാന്‍ വകയില്ലേ?
കഥയുടെ ബാക്കി
‘എന്നിട്ടെന്തുണ്ടായി’ എന്നത് ഈയൊരു കുറിപ്പില്‍ പ്രസക്തമല്ല എന്ന് തോന്നുന്നതിനാലും ഈ കഥ ഇനിയും തീര്‍ന്നിട്ടില്ല എന്നതിനാലും തല്‍ക്കാലം അതിലേയ്ക്ക് പോകുന്നില്ല. വേണമെങ്കില്‍ കമന്റായി ഒരു പിന്‍കുറിപ്പ് പിന്നീട് ചേര്‍ക്കാം. തങ്ങളുടെ മേലുള്ള സാമൂഹികമായ ഭാരിച്ച ഉത്തരവാദിത്തത്തില്‍ നിന്ന് കോടതി ഒരിഞ്ചുപോലും പിന്നോട്ട് പോയില്ല എന്നുമാത്രം ഇവിടെ പറയാം.
കോടതികള്‍ ഇനിയുമിനിയും പ്രകാശം പരത്തിക്കൊണ്ടിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം



ഹായ്! എന്ത് നല്ല കോടതി. നല്ല മുത്ത് ജഡ്ജി. ഉമ്മ.
അച്ചുവിന്റെ അമ്മക്കൊക്കെ പിന്നെ എന്തും ആവാലോ!
അമൃതം തേടി.
കോടതികള്‍ക്ക് ഇത്രയധികം ചുമതലകളുണ്ടെന്ന് ഇപ്പോഴാണു മനസ്സിലായത്, വിധി അനുസരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിരീക്ഷകരെയും ഏര്‍പ്പെടുത്താവുന്നതാണ്.
ഇതൊന്നും ഒരിയ്കലും മാറില്ലേ?…അടുത്ത തലമുറയെങ്കിലും രക്ഷപെടെണ്ടയോ …
സ്മിത, നിരീക്ഷകരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്..
പ്രകാശം കൊണ്ട് കണ്ണ് മഞ്ഞളിക്കുന്നു!
Sudeep, Can you please send the original copy of the judgement ?
I am hundred percent sure that sudeep has not seen the original judgement. Is that needed to write an article on it?
Dear Gulgulumal,
That is some surety that you have, when I have quoted verbatim from the judgement (I have only translated it from English to Malayalam, since this article/note is written for a Malayalam-reading audience). I have seen the original judgements (not one, it is a sequence of judgements, first one dated 10th October 2011, second one 18th October), if that information is of any help to you.
കഷ്ട്ടം……………. കാഷ്ട്ടം
What the F*** !
Nothing to say! Now its clear!