asish.jpg

സിനിമാസമരം: ഇനി ബാക്കി പ്രേക്ഷകര്‍ മാത്രം

പൂര്‍ത്തിയായ ചിത്രങ്ങള്‍ തീയറ്ററിലെത്തിക്കാനാവാതെയും ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങള്‍ സമരഭാഗമായി പാതി വഴിയില്‍ നിര്‍ത്തിവെച്ചും തീയറ്ററുകള്‍ പുതിയ സിനിമ കിട്ടാതെയും കോടികളുടെ നഷ്ടമാണ് ഇക്കാലയളവില്‍ മേഖലയിലുണ്ടാവുന്നത്. ഇതിനുപുറമേ സിനിമാ മേഖലയില്‍ നേരിട്ടും അല്ലാതെയും പണിയെടുക്കുന്ന അനേകായിരം തൊഴിലാളികളുടെ കാര്യവും കഷ്ടത്തിലാണ്- സിനിമാ മേഖലയെ സ്തംഭനത്തിലാഴ്ത്തി നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ സി.ആര്‍ ആശിഷിന്റെ വിലയിരുത്തല്‍.

 

 

കലുഷിതമായ മലയാള സിനിമാ രംഗത്ത് ഇനി സമരത്തിനിറങ്ങാന്‍ ബാക്കിയുള്ളത് പ്രേക്ഷകര്‍ മാത്രം. രണ്ടാഴ്ചക്കിടെ തീയറ്ററുടമകളുടെയും വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും സംഘടനകള്‍ പരസ്പരം സമരം തുടങ്ങിയ സാഹചര്യത്തില്‍ സിനിമാ മേഖല ഏതാണ്ട് സ്തംഭനാവസ്ഥയിലാണ്. നേരത്തെ ഈമാസം പണിമുടക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക തല്‍കാലം നേരിട്ടുള്ള സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

പൂര്‍ത്തിയായ ചിത്രങ്ങള്‍ തീയറ്ററിലെത്തിക്കാനാവാതെയും ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങള്‍ സമരഭാഗമായി പാതി വഴിയില്‍ നിര്‍ത്തിവെച്ചും തീയറ്ററുകള്‍ പുതിയ സിനിമ കിട്ടാതെയും കോടികളുടെ നഷ്ടമാണ് ഇക്കാലയളവില്‍ മേഖലയിലുണ്ടാവുന്നത്. ഇതിനുപുറമേ സിനിമാ മേഖലയില്‍ നേരിട്ടും അല്ലാതെയും പണിയെടുക്കുന്ന അനേകായിരം തൊഴിലാളികളുടെ കാര്യവും കഷ്ടത്തിലാണ്. പ്രതിസന്ധി തുടര്‍ന്നാല്‍ സര്‍ക്കാരിന് നികുതിയിനത്തില്‍ കിട്ടുന്ന തുകയിലും വന്‍ കുറവുണ്ടാകും.

സമരങ്ങള്‍, കാരണങ്ങള്‍

ആദ്യം സമരം ആരംഭിച്ചത് എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷനാണ്. അറ്റകുറ്റപണിക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് പിന്‍വലിക്കുമെന്നും തീയറ്ററുകളെ സൌകര്യങ്ങളനുസരിച്ച് തരംതിരിക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെയാണ് സമരം. ഇതിന്റെ ഭാഗമായി പുതിയ മലയാള ചിത്രങ്ങളുടെ റിലീസ് അവര്‍ ബഹിഷ്കരിച്ചിരിക്കുകയാണ്. അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുമില്ല. ഈ അവസരം മുതലെടുത്ത് ദീപാവലി റിലീസുകളായ തമിഴ്, ഹിന്ദി ചിത്രങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം പണം തൂത്തുവാരുകയും ചെയ്തു.

മലയാളം ചിത്രങ്ങളെടുത്തില്ലെങ്കില്‍ കഴിഞ്ഞവാരം മുതല്‍ അന്യഭാഷാ ചിത്രങ്ങളും നല്‍കില്ലെന്ന് പ്രഖ്യാപിച്ച് വിതരണക്കാരുടെ സംഘടന ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഇവര്‍ക്ക് മറുപടിയുമായി എത്തി. ഇതിനെ തടയിടാന്‍ ഈവാരം റിലീസ് ചെയ്ത അന്യഭാഷാ ചിത്രങ്ങളായ റോക്ക്സ്റ്റാര്‍, ടിന്‍ടിന്‍ എന്നിവ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുംബൈ, ചെന്നൈ വിതരണക്കാര്‍ വഴി നേരിട്ടെത്തിച്ച് കേരളത്തിലെ വിതരണക്കാര്‍ക്ക് തിരിച്ചടി നല്‍കി.

നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും തമ്മിലുള്ള തര്‍ക്കങ്ങളും തൊഴിലാളികളുടെ ബാറ്റയെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസവും ഏറെ നാളായി തുടരുകയായിരുന്നു. ഇതിന്റെ മുര്‍ധന്യാവസ്ഥയിലാണ് കഴിഞ്ഞദിവസം മുതല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചത്.

സമരം മലയാളത്തിന്റെ വെള്ളിത്തിരയില്‍ കൊടുമ്പിരി കൊള്ളുമ്പോഴും ഈ സംഘടനകളിലെ എല്ലാ അംഗങ്ങള്‍ക്കും ഒരേ അഭിപ്രായമാണെന്ന് കരുതാന്‍ തരമില്ല. നേതൃത്വത്തിന്റെ തീരുമാനം ധിക്കരിക്കാന്‍ മടിച്ച് അംഗീകരിക്കുന്നവരുമേറെയുണ്ട്.

തീയറ്ററുകളില്‍ പുതിയ മലയാള ചിത്രങ്ങള്‍ എടുക്കേണ്ടെന്ന തീരുമാനം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ കൈക്കൊണ്ടതോടെ പ്രദര്‍ശനം ആരംഭിച്ച അന്യഭാഷാ ചിത്രങ്ങള്‍ പലേടത്തും ഇപ്പോള്‍ കലക്ഷന്‍ കുറഞ്ഞിട്ടുണ്ട്. ഇനി എങ്ങനെ പ്രദര്‍ശനം തുടരുമെന്ന ആശങ്കയിലാണ് പല തീയറ്ററുടമകളും. മാത്രമല്ല, വിതരണക്കാര്‍ അന്യഭാഷാ ചിത്രങ്ങളും ഇപ്പോള്‍ നല്‍കുന്നില്ല. സമരം ഇനിയും നീണ്ടാല്‍ കറണ്ട് ബില്‍, തൊഴിലാളികളുടെ കൂലി തുടങ്ങിയവ നല്‍കാന്‍ വന്‍കിട തീയറ്ററുകളില്‍ ചിലതൊഴികെ ബുദ്ധിമുട്ടും.

നിര്‍മാതാക്കളുടെ കടവും സമരം മൂലം കൂടിക്കൊണ്ടിരിക്കുകയാണ്. തീയറ്ററുകാര്‍ എടുക്കാത്തതിനാല്‍ മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, മോഹന്‍ലാലിന്റെ അറബീം ഒട്ടകോം പി. മാധവന്‍ നായരും, ജയറാമിന്റെ നായിക, സ്വപ്നസഞ്ചാരി, ആസിഫലിയുടെ അസുരവിത്ത് തുടങ്ങിയ സിനിമകള്‍ പ്രതിസന്ധിലാണ്. ഇനി സമരം അടുത്താഴ്ചക്ക് മുന്‍പ് തീര്‍ന്നാലും ഇവ ഒന്നിച്ച് പുറത്തിറക്കാനാവില്ല. ഇറക്കിയാല്‍ എല്ലാ ചിത്രങ്ങളുടെയും കലക്ഷനെയും ബാധിക്കും.

തൊഴിലാളികളുടെ ബാറ്റയെച്ചൊല്ലിയുള്ള നിര്‍മാതാക്കളുടെ സമരത്തിലും വിള്ളല്‍ വീണിട്ടുണ്ട്. ശനിയാഴ്ചമുതല്‍ പുതിയ സിനിമാ ചിത്രീകരണം തുടങ്ങില്ലെന്നും നടക്കുന്ന ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേകന്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ചയും ഒന്‍പതോളം ചിത്രങ്ങള്‍ ഷൂട്ടിംഗ് തുടര്‍ന്നു. മാസ്റ്റേഴ്സ്, ഓര്‍ഡിനറി, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളാണ് ഷൂട്ടിംഗ് തുടരുന്നത്.
കോടികള്‍ മുടക്കി തുടങ്ങിയ ചിത്രീകരണം ഒരു സുപ്രഭാതത്തില്‍ നിര്‍ത്താനാവില്ലെന്ന് ഒരു വിഭാഗം നിര്‍മാതാക്കള്‍ രഹസ്യമായെങ്കിലും സമ്മതിക്കുന്നു.
എന്നാല്‍ പാക്കപ്പ് ചെയ്യാന്‍ ചില സെറ്റുകളില്‍ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്നും അതുകണ്ട് ഇവര്‍ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി ചിത്രീകരിക്കേണ്ടെന്നുമാണ് അസോസിയേഷന്‍ നേതാക്കളുടെ വിശദീകരണം.

ഈഗോയുടെ പേരില്‍ സംഘടനകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഇത്രയേറെ രൂക്ഷമായി, മേഖല സ്തംഭനാവസ്ഥയിലായിട്ടും പരിഹാരത്തിനുള്ള ഇടപെടലോ നടപടിയോ അധികൃതരുടെയോ മറ്റുള്ളവരുടേയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്.

ഇത്ര നാള്‍ സംഘടനാ നേതാക്കളുടെ നാടകങ്ങള്‍ കണ്ടു നിന്ന പ്രേക്ഷകര്‍ മാത്രമാണ് സമരത്തില്‍ ഇതുവരെ ഇടപെടാതെ നിന്നത്. യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സിനിമാ സമരങ്ങള്‍ക്കെതിരെ ജനങ്ങളും രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് മലയാളം ചിത്രങ്ങള്‍ ബഹിഷ്കരിക്കുന്ന തീയറ്ററുകളില്‍ തള്ളിക്കയറി പ്രദര്‍ശനം തടസപ്പെടുത്തിയിരുന്നു. സിനിമാ പ്രതിസന്ധി അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ രംഗത്തിറങ്ങുമെന്ന് ഡി.വൈ.എഫ്.ഐയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് കൂട്ടായ്മകളിലും മറ്റുമായി യുവജനതയും സാധാരണ പ്രേക്ഷകരും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. എന്തൊക്കെ പ്രശ്നങ്ങള്‍ പരിഹരിച്ചാലും തങ്ങള്‍ വേണ്ടെന്നുവെച്ചാല്‍ സിനിമാ മേഖല തന്നെ ഇല്ലാതാകുമെന്നാണ് പ്രേക്ഷകരുടെ മുന്നറിയിപ്പ്. പ്രേക്ഷകരും സമരത്തിനിറങ്ങിയാല്‍ എല്ലാം പൂര്‍ണമാവും. തിരിച്ചറിവില്ലാതെ പോരടിക്കുന്ന സംഘടനകള്‍ക്ക് ഇതൊക്കെ ശ്രദ്ധിക്കാന്‍ എവിടെ നേരം?

when you share, you share an opinion
Posted by on Nov 12 2011. Filed under സിനിമ, സിനിമാപ്പുര-ആശിഷ്. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers