ചാരായഷാപ്പ് കേരളത്തില്‍ ചെയ്തത്

ഇരുപതോ ഇരുപത്തഞ്ചോ രൂപയായിരുന്ന ആ കള്ളുകുടിയുടെ പരമാവധി ചെലവ്. താരതമ്യേന നല്ല സ്പിരിറ്റുമാണ് ലഭിച്ചിരുന്നത്. ഇക്കാര്യമാണ് ചാരായ നിരോധത്തിന് ശേഷം അട്ടിമറിക്കപ്പെട്ടത്.ഒരു ദിവസത്തെ അധ്വാനത്തിനുശേഷം ലഭിക്കുന്ന കൂലിയുടെ ചെറിയ ഭാഗം ചാരായത്തിന് ചെലവഴിച്ചവര്‍ നിരോധനത്തിന് ശേഷം അതിന്റെ ഇരട്ടിയോ അതിലധികമോ പണം ചെലവിട്ട് നിലവാരം ഒട്ടുമില്ലാത്ത മദ്യം വാങ്ങിത്തുടങ്ങി. ചാരായ നിരോധനം നമ്മുടെ താഴെക്കിടയിലുള്ളവര്‍ക്കുനേരെയുള്ള ഒരു ഇരുട്ടടിയായിരുന്നു-എ.വി ഷെറിന്‍ എഴുതുന്നു

 

 

പണ്ട് പണ്ട് , കള്ളുകുടിയെ സംബന്ധിച്ച് അത്ര മോശമല്ലാത്ത ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. എം.എസ് സ്വാമിനാഥന്റെ ഹരിതവിപ്ലവം വരുന്നതിനു മുമ്പ് കൊലുന്നനെയുള്ള വെണ്ടക്കകള്‍ പാടങ്ങളില്‍ ചിരിച്ചുനിന്ന പോലെ വെട്ടിത്തിളങ്ങുന്ന കള്ളും ചാരായവും കിട്ടിയിരുന്ന ഒരു സ്വപ്ന സുന്ദരകാലം. സര്‍ക്കാര്‍ കുത്തക വന്ന് ‘നിങ്ങളുടെ വീട്ടു മുറ്റത്തെ തെങ്ങ് ചെത്തിക്കുടിക്കരുതെന്നും നിങ്ങള്‍ ശര്‍ക്കരവെള്ളത്തില്‍ കള്ളിന്റെ മട്ടൊഴിച്ച് ചാരായം നിര്‍മ്മിക്കരുതെന്നും’ പറഞ്ഞതോടെയാണ് നാട്ടില്‍ കള്ളുകുടിയന്‍മാരുടെ അധോഗതി തുടങ്ങുന്നത്.സര്‍ക്കാര്‍ കുത്തക മദ്യത്തിനുമേല്‍ വരുന്നതിനു മുമ്പ് എങ്ങിനെയാകും മലയാളി കള്ളുകുടിച്ചിട്ടുണ്ടാവുക?കാര്യമായ അറിവില്ല. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകള്‍ തൊട്ട് ജോണ്‍ എബ്രഹാമിന്റെ ചാരായക്കടകളിലെ സൌഹൃദങ്ങള്‍ വരെയുള്ള ഫോക്ലോറുകള്‍ മാത്രമേ ഇക്കാര്യത്തില്‍ ചരിത്രരേഖയായുള്ളൂ.ആരെങ്കിലും കാണുമോ എന്ന പേടിയില്ലാതെ, നാളെ കണ്ണുപോകുമോ എന്ന ആശങ്കയില്ലാതെ, പോത്തുകുടിക്കുന്നത്രയും കുടിച്ചില്ലെങ്കില്‍ ഞാന്‍ ആണല്ലാതാകുമോ എന്ന സംശയമില്ലാതായിരുന്നിരിക്കുമോ ആ മദ്യപാനസായാഹ്നങ്ങള്‍?

1996 എന്ന വര്‍ഷം കേരള ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ്. അന്നാണ് നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി അരപ്പട്ടിണിക്കാരന്റെ കണ്ണില്‍ പൊടിയിടാന്‍ ഐക്യജനാധിപത്യ മുന്നണി ചാരായ നിരോധനം കൊണ്ടുവരുന്നത്. കേരളത്തിലെ ‘സാധാരണക്കാരന്റെ’ ജീവിതം തുരുമ്പെടുത്തു പോകുന്നത് തടയാന്‍ വേണ്ടി നടത്തിയ ഈ അഭ്യാസം മലയാളിയുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും.

ചാരായ വില്‍പന രംഗത്ത് 1984 മുതല്‍ വാണ കേരള സ്റ്റേറ്റ് ബവ്റിജസ് കോര്‍പറേഷന്‍ എന്ന സ്ഥാപനം ചാരായ നിരോധനത്തിനുശേഷം സംസ്ഥാനത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനമായി മാറി. ഇന്ത്യയിലെ ആളോഹരി കള്ളുകുടിയുടെ കണക്കുപ്രകാരം മലയാളി നെറ്റിപ്പട്ടം ചാര്‍ത്തി ഒന്നാമതെത്തി നില്‍ക്കുന്നത് ഈ സ്ഥാപനത്തിന്റെ അനുഗ്രഹമൊന്നു കൊണ്ടുമാത്രമാണ്.നിലവില്‍ 19 വെയര്‍ഹൌസുകളും 337 ചില്ലറ വില്‍പന സ്ഥാപനങ്ങളും ഇവര്‍ക്കുണ്ട്. പെരുത്ത ലാഭം നേടുന്ന സ്ഥാപനമാണെങ്കിലും കള്ളുവാങ്ങാനെത്തുവര്‍ക്ക് വേണ്ട യാതൊരു പരിഗണനയും ഈ സ്ഥാപനം നല്‍കുന്നില്ല.

ശരാശരി 300 രൂപക്ക് മുകളില്‍ വിലയുള്ള ഉല്‍പന്നങ്ങള്‍ കമ്പോളത്തില്‍ നിന്നു വാങ്ങുമ്പോള്‍ കിട്ടാറുള്ള ഒരു പുഞ്ചിരി പോലും മദ്യപര്‍ക്ക് വിധിച്ചിട്ടില്ല. മാത്രമല്ല, ബില്ലിലോ ബാലന്‍സിലോ മറ്റോ എന്തെങ്കിലും സംശയമുണ്ടായാല്‍ അതു തീര്‍ക്കാനുള്ള സാവകാശവും ലഭിക്കുന്നില്ല. പലപ്പോഴും മദ്യപരുടെ ചോയ്സ് ബില്ലടിക്കുന്നവര്‍ നിര്‍ണയിക്കുന്ന സ്ഥിതിയുമുണ്ട്. ഈ പ്രതിസന്ധിയെല്ലാം മറികടന്നാണ് മദ്യപര്‍ ബവ്റിജസ് കോര്‍പറേഷനെ നിലനിര്‍ത്തുന്നത്.തൊട്ടടുത്തുള്ള ബാംഗളൂരിലെ മദ്യ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ നടന്ന് ഐറിഷ് വിസ്കിയുടെ ബ്ലന്‍ഡിംഗ് വിവരങ്ങള്‍ വായിച്ച് രസിക്കുമ്പോള്‍ നമ്മുടെ കള്ളുകടകള്‍ക്കുമുന്നിലെ തലയില്‍ മുണ്ടിട്ടവരുടെ അറ്റമില്ലാത്ത വരി ഓര്‍മ്മ വരും. അത്തരമൊരു സൂപ്പര്‍ മാര്‍ക്കറ്റ് ആലോചിക്കാനേ നമ്മുടെ സര്‍ക്കാറിനാവില്ല. കാരണം അതൊക്കെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളല്ലേ?

ചാരായഷാപ്പ് പൂട്ടുന്ന അവസാന ദിവസം നടത്തിയ വിറ്റഴിക്കല്‍ വില്‍പനയില്‍ ഗൃഹാതുരത്വവും സങ്കടവും കൊണ്ട് മദ്യപന്‍മാര്‍ ഗ്ലാസുകണക്കിന് ചാരായം കുടിച്ചുവറ്റിച്ച് കണ്ണില്‍ വെള്ളം നിറച്ച കഥ ഞാന്‍ കേട്ടിട്ടുണ്ട്. ചാരായ ഷാപ്പിന്റെ സുവര്‍ണ്ണ കാലങ്ങളില്‍ അവിടം സന്ദര്‍ശിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്.ചാരായ ഷാപ്പ് ഒരു സമഭാവനയുടെ ലോകമായിരുന്നു. ‘മിനിമം പൈസ, മാക്സിമം പൂസ് ‘ എന്നൊരു തിയറിയായിരുന്നു അവിടെ പ്രാക്ടീസ് ചെയ്യപ്പെട്ടിരുന്നത്. വെള്ളനിറത്തിലുള്ള, ടാപ്പ് പിടിപ്പിച്ച ഒരു വലിയ പ്ലാസ്റ്റിക്ക് പാത്രം ക്ഷേത്രങ്ങളിലെ മഹാമൂര്‍ത്തിയെ പോലെ പ്രതിഷ്ഠിച്ചിരിക്കും.അതിലാണ് ചാരായമുള്ളത്. അതിനു താഴെ ചില അളവു പാത്രങ്ങള്‍. അലുമിനിയത്തില്‍ നിര്‍മിച്ചത്. 50 എംഎല്‍, 100 എംഎല്‍ എന്നിവ എപ്പോഴും കാണാം. പിന്നെയുള്ളത് ചില കാര്‍ബണേറ്റഡ് ഡ്രിങ്കുകളാണ്. മിക്കവയും സമീപത്തെ സോഡാക്കാരന്‍ നിര്‍മ്മിക്കുന്നത്.

അപൂര്‍വമായി ‘കാംപ കോല’ എന്നൊരു സാധനവും കാണാം.ഇതിനെ പൊതുവെ ‘കളര്‍’ എന്നാണ് വിളിച്ചിരുന്നത്. മരപ്പലകകള്‍ ചേര്‍ത്തുവച്ച ചാരായഷാപ്പിനോട് ചേര്‍ന്ന് തൊട്ടുകൂട്ടാനുള്ള സാധനങ്ങള്‍ പാചകം ചെയ്യുന്ന ഒരാള്‍ ഉണ്ടാകും. പുഴുങ്ങിയ കോഴിമുട്ട രണ്ടായി മുറിച്ച് ഉപ്പും മുളകുപൊടിയും ചേര്‍ത്ത മിശ്രിതത്തില്‍ മുക്കി ഇടത്തേ കയ്യില്‍ പിടിച്ച് വലത്തേ കയ്യിലെ ചാരായം ഒറ്റവലിക്ക് മോന്തുന്ന കാഴ്ചയായിരുന്നു ഒട്ടു മിക്ക സ്ഥലങ്ങളിലും. അതിനുശേഷം ഈ മുട്ട വായിലേക്കിടും. ചാരായം കുടിക്കുന്നയാളുടെ കൈ വിറക്കുന്നതും ചാരായത്തുള്ളികള്‍ അല്‍പാല്‍പ്പം ചുണ്ടിന്റെ വക്കിലൂടെ ഒലിച്ചിറങ്ങുന്നതും കാണുമ്പോള്‍ അയാള്‍ ഒരു പ്രൊഫഷനല്‍ കുടിയനാണെന്ന് മനസിലാക്കാം.

ദലിത് വിഭാഗത്തില്‍ പെട്ട സ്ത്രീകളെയും ചാരായ ഷാപ്പുകളില്‍ കാണാമായിരുന്നു. ഇരുപതോ ഇരുപത്തഞ്ചോ രൂപയായിരുന്ന ആ കള്ളുകുടിയുടെ പരമാവധി ചെലവ്. താരതമ്യേന നല്ല സ്പിരിറ്റുമാണ് ലഭിച്ചിരുന്നത്. ഇക്കാര്യമാണ് ചാരായ നിരോധത്തിന് ശേഷം അട്ടിമറിക്കപ്പെട്ടത്.ഒരു ദിവസത്തെ അധ്വാനത്തിനുശേഷം ലഭിക്കുന്ന കൂലിയുടെ ചെറിയ ഭാഗം ചാരായത്തിന് ചെലവഴിച്ചവര്‍ നിരോധനത്തിന് ശേഷം അതിന്റെ ഇരട്ടിയോ അതിലധികമോ പണം ചെലവിട്ട് നിലവാരം ഒട്ടുമില്ലാത്ത മദ്യം വാങ്ങിത്തുടങ്ങി. ഒറ്റക്കു നടക്കാതയപ്പോള്‍ ഓഹരി ചേര്‍ത്ത് ‘കട്ട’യിട്ടു.അപ്പോഴും പോക്കറ്റ് കാലി.പത്ത് കിലോ ഒന്നാന്തരം മട്ടയരി വാങ്ങുന്ന കാശ് കൊടുത്താലും ഇപ്പോഴും നല്ലൊരു ഫുള്‍ ബോട്ട്ല്‍ ബ്രാന്‍ഡി കിട്ടില്ല.അപ്പോള്‍ ചാരായ നിരോധനം നമ്മുടെ താഴെക്കിടയിലുള്ളവര്‍ക്കുനേരെയുള്ള ഒരു ഇരുട്ടടിയായിരുന്നു എന്ന് ഉറപ്പിച്ചു പറയേണ്ടി വരും.

ചാരായം അടിസ്ഥാനപരമായി ഒരു സാംസ്കാരിക അടയാളമായിരുന്നു. പട്ടയടിക്കുന്നവന്‍ എന്ന് വിളിക്കപ്പെട്ടവന്‍ ‘ലോ കള്‍ച്ചറി’ന്റെ ആദ്യ പ്രതിനിധിയും ആയിരുന്നു. മധ്യവര്‍ഗം സംസ്കാരം മേല്‍ക്കൈ നേടിയ കേരളീയ സമൂഹത്തിനെ സുഖിപ്പിക്കാനും അതുവഴി അധികാരമുറപ്പിക്കാനുമാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചാരായ നിരോധനം കൊണ്ടു വന്നത്. അന്നും ‘എപ്പോഴെങ്കിലും രണ്ട് സ്മോള്‍ കഴിക്കുന്ന’ ആള്‍ക്ക് മാന്യത കല്‍പ്പിക്കപ്പെട്ടിരുന്നു. പുറമ്പോക്കുകളില്‍ നിര്‍ത്തപ്പെട്ടവരായിരുന്നു ‘പട്ടയടിക്കാര്‍’. ഈ സാംസ്കാരിക കൂട്ടിക്കൊടുപ്പു കൊണ്ട് മലയാളികള്‍ കൂടുതല്‍ ദരിദ്രരും കുടിയന്‍മാരുമായി എന്നതല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല എന്നത് എത്ര മേല്‍ ഖേദകരമാണ്?

15 thoughts on “ചാരായഷാപ്പ് കേരളത്തില്‍ ചെയ്തത്

 1. ഈ ലേഖനത്തോട് പൂർണമായും വിയോജിപ്പ് രേഖപെടുത്തി കൊള്ളട്ടെ.
  എവിടെയാണു നല്ല സ്പിരിറ്റ് ലഭിച്ചിരുന്നതു? എവിടെയാനു നല്ല മദ്യം ലഭിക്കുന്നതു? മദ്യം അന്നും ഇന്നും സ്വഭോധത്തെ നശിപ്പിക്കുന്നതായതു കൊണ്ട് വിഷം കലക്കി വിറ്റാലും കുടിക്കുന്നവനു അപകടം വരുന്നതു വരെ ആരും അതേ കുറിച്ച് ബോധവാനല്ല എന്നതാനു സത്യം. എന്തു കൊണ്ടാണു സർക്കാർ വക മദ്യശാലകളിൽ നിന്നു ലഭിക്കുന്ന മദ്യത്തിനു വീര്യം കുറവു അനുഭവപെടുന്നതു എന്നു ഈ ലേഖനം പരാമർശിക്കാതെ പോയതു? പൂസാവുന്നതു വരെ കുടിച്ച് ശീലിച്ച മലയാളികളേ വീര്യം കുറഞ്ഞ മദ്യം നൽകി എങ്ങനെ സംതൃപ്തരാകും? ചാരയത്തിൽ നിന്നു ബിവരേജ് കോർപറേറ്റനില്ലെക്കുണ്ടായ ദൂരമാണോ നാം അളക്കേണ്ടതു. അതിനു പകരം നാം നമ്മുടെ മദ്യാസക്തി കുറക്കാനുള്ള വഴി തേടുന്നതല്ലെ ഉചിതം. മദ്യത്തിന്റെ വരുമാനത്തിലെ ഈ വലിയ മാറ്റം വരുന്നതു ശരാശരി ഒരു വ്യക്തിയുടെ ഉപയോഗവുമായി താരതമ്യം ചെയ്താൽ മനസിലാവുന്നതെയുള്ളൂ. എന്തിനും ഏതിനും മദ്യം തല വരെ ഒഴിക്കുന്നതിനു പകരം മലയാളി ആവശ്യത്തിനു മദ്യം ഉപയോഗിച്ച് ശീലിച്ചാൽ, സൂപ്പർമാർക്കറ്റിലേക്കുള്ള ദൂരം കുറക്കാനാവില്ല. ഈ ഒരു അവസ്ഥയിൽ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങിയാൽ തീരുമോ നമ്മുടെ പ്രശ്നം. ആ സൂപ്പർ മാർക്കറ്റ് ഉണ്ടാക്കാൻ പോകുന്ന ട്രാഫിക്ക് ബ്ലോക്ക്. ആ മാർക്കറ്റിന്റെ പരിസരത്ത് താമസിക്കുന്നവർക്കുണ്ടാവും പ്രശ്നങ്ങൾ. ആ മാർക്കറ്റിന്റെ മുന്നിലൂടെ പോക്കുന്ന സ്ത്രീകളുടെ/കുട്ടികളുടെ പ്രശ്നങ്ങക്ക് എല്ലാം ആരു ഉത്തരം പറയും?

  എന്റെ വീടിന്റെ അടുത്തുണ്ടായ ഒരു സംഭവം പറയാം. ഞങ്ങളുടെ ഗ്രാമത്തിൽ ഒരു വലിയ ഹോട്ടൽ തുടങ്ങുന്നു. ഇത്ര വലിയ ഹോട്ടലിന്റെ ഒരു ആവശ്യവും ഇല്ല എന്നു മാത്രമല്ല. അവിടെ പോയി ഭക്ഷണം കഴിക്കാൻ തക്ക ജനങ്ങളും കുറവു. അങ്ങനെ കഴിക്കുന്നവർ ആണെങ്കിൽ പോലും, ലോക്കൽ ഏരിയയിൽ പോയി വലിയ ഭക്ഷണം കഴിക്കുന്നതു പകരം ടവ്ണിൽ പോയി ഭക്ഷണവും ഷോപ്പിങ്ങും നടത്തുന്നവർ. ഞങ്ങളുടെ പ്രതീക്ഷിച്ചതു പോലെ തന്നെ അതിന്റെ മുന്നിലൂടെ പോവുന്നവർ ആ ഹോട്ടലിനെ നോക്കി പതിവ് പരിഹാസം വിതറി യാത്ര തുടരും. ആദ്യത്തെ 5 മാസം ആളനക്കമില്ലാതെ ഉറങ്ങി കിടന്ന ഹോട്ടൽ യൂ.ഡി.എഫ് മന്ത്രിസഭ അതികാരത്തിൽ വന്നു 3ആം മാസം മുന്നിലെ പേരെഴുത്ത് മാറ്റി “A/C ഹോട്ടൽ & ബാർ റെസ്റ്റോറന്റ്” എന്നാക്കുന്നു. അന്നു ആ ഹോട്ടലിനെ നോക്കി പരിഹസിച്ചവർ ഇന്നു ഹോട്ടലിനു മുന്നിൽ വണ്ടി സ്ലോവാക്കാതെ പോവാനാവില്ല. ആ പോലെ ജനം അതിന്റെ മുന്നിൽ കാണും. ഒരു 2-3 തട്ട് കട, കടല കച്ചവടക്കാർ, ബസ്സ് സ്റ്റോപ്പ്(വയ്കിട്ട്/ഒഴിവ് ദിവസങ്ങളിൽ തിരക്ക് കാരണം നിർത്തി കൊടുക്കും), പീപ്പി, ബലൂൺ വിൽപനക്കാർ മുതൽ ഓട്ടോ സ്റ്റാന്റ് വരെ വന്നു. ഒരു ഉൽസവ പ്രതീതി. ഡാൻസും, പാട്ടും, തല്ലും, തെറിവിളിയും കൊണ്ട് ആ പരിസരം ഉണർന്നു. സൂക്ഷിച്ച് വണ്ടി ഓടിച്ചിലെങ്കിൽ ബാറിൽ നിന്നിറങ്ങിയവർ വന്നു വട്ടം ചാടും. എങ്ങാനും മുട്ടിയാൽ തന്നെ, എല്ലാ കുടിയന്മാരും കൂടി വണ്ടി കത്തിക്കും/അളെ കത്തിക്കും. അതാണു ഇന്നു ആ പരിസരത്തിന്റെ അവസ്ഥ!!

 2. ഇവനൊക്കെ കള്ള് കുടി നിര്‍ത്തിക്കൂടെ…. കള്ള് കുടിച്ചു വീട്ടില്‍ പോയി ഭാര്യയെയും പിള്ളേരെയും തല്ലുന്നത് നിര്‍ത്താന്‍ ആണ് നിരോധിച്ചത്.. ഈ ലേഖനം കണ്ടാല്‍ എന്തോ മലയാളികളുടെ വെള്ളം കുടി മുട്ടി എന്ന് തോന്നും…

 3. മദ്യം വിഷമാണ്,വിഷമമാണ് ..
  ചാരായ നിരോധനം ആന്റണി സര്‍ക്കാര്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ് .
  അതിനു അന്നത്തെ സര്‍ക്കാരിനെ പ്രേരിപിച്ചത്‌ വിഷ ചാരായം കുടിച്ചത് മൂലം ഉണ്ടായ മരണങ്ങള്‍ കൊണ്ടാണ്
  മദ്യത്തില്‍ ചേര്‍ക്കുന്ന മാലിന്യങ്ങള്‍ മരണ കാരകങ്ങള്‍ ആയതാണ് കാര്യം..
  അത് കൊണ്ട് സ്വകാര്യ മേഖലയില്‍ ഇപ്പോള്‍
  മദ്യം വാങ്ങുകയോ വില്‍ക്കുകയോ വേണ്ട എന്നും തീരുമാനമെടുത്തു
  പണി കഴിഞ്ഞു വന്നാല്‍ മദ്യം വേണമെന്ന് ആരാണ് ഇയാളോട് പറഞ്ഞത്..
  അത് ഒരു സുഖാനു ഭൂതി എന്ന നിലയിലുള്ള കഴ്ച്ചപാടെ മാറണം.
  ഇപ്പോഴും കുറഞ്ഞ വിലക്കുള്ള മദ്യം മാര്‍ക്കെറ്റില്‍ കിട്ടും..
  എന്നാല്‍ അത് ശുദ്ധമായ മദ്യം ആയിരിക്കും..
  ആലപ്പുഴയില്‍ ഒക്കെ എന്നല്ല
  കേരളത്തില്‍ മുഴുവന്‍ കിട്ടുന്ന കള്ളില്‍
  കിക്ക് കിട്ടാന്‍ വേണ്ടി ഡയസിപാം തുടങ്ങിയ ഉറക്ക് മരുന്നുകള്‍ ചേര്‍ക്കുന്നു..
  അത് കഴിച്ചു കരളു വീര്‍ത്തു മരിച്ച മഹാരധന്മാരെ കുറിച്ച് ഞാന്‍ എഴുതണോ
  താഴ്ന്ന വരുമാനക്കാരോ ആരുമോ..നന്നായി ജോലി ചെയ്തു വന്നാല്‍
  നല്ല ചൂട് വെള്ളത്തില്‍ കുളിച്ചു നല്ല ഭക്ഷണം കഴിച്ചു സുഖമായി കിടന്നു ഉറങ്ങിയാല്‍ മതി
  അല്ല പിന്നെ

 4. 2016 ഏപ്രിലില്‍ കള്ള് നിരോധിക്കാന്‍ സാധ്യതയുണ്ടത്രേ,…

 5. @അംജിത്,
  പൂര്‍ണമായി വിയോജിക്കുന്നു എന്നു പറയുമ്പോഴും
  താങ്കളുടെ വാദങ്ങള്‍ ഈ ലേഖനത്തോട് യോജിക്കുകയാണല്ലോ. ആവേശം കൊള്ളുന്നത്ര ഗുണഫലമല്ല ചാരായ നിരാധനം കൊണ്ടുണ്ടായത്
  എന്നാണ് ലേഖനം പറയുന്നത്. സര്‍ക്കാര്‍ വക ബിവറേജസ് കോര്‍പറേഷനും
  സ്വകാര്യ മുതലാളിമാര്‍ക്കും മാത്രം മെച്ചമുണ്ടായി,
  മദ്യപാനത്തിന്റെ തോത് പല മടങ്ങ് ഇരട്ടിച്ചു,
  മദ്യവില്‍പ്പന പല മടങ്ങ് വര്‍ധിച്ചു എന്നീ കാര്യങ്ങള്‍ ഇത് തെളിയിക്കുന്നു. നാട്ടിലെ ഹോട്ടലില്‍ തിരക്ക് കൂടിയതുപോലുള്ള പ്രക്രിയ
  എല്ലായിടങ്ങളിലും നടക്കുന്നു. അതിനര്‍ഥം ചാരായനിരോധം ഗുണമല്ല
  ദോഷമാണ് ഉണ്ടാക്കിയത് എന്നു മാത്രമാണ്.

  @ മലയാളി
  എന്നിട്ടു ഭാര്യക്കും മക്കള്‍ക്കും തല്ലു കുറഞ്ഞോ.
  ചാരായം കുടിച്ചാല്‍ മാത്രമാണോ ഈ പ്രക്രിയ.
  ബിവറേജസ് കോര്‍പറേഷന്‍ വഴിയും ബാറുകള്‍ വഴിയും വില്‍ക്കുന്ന മദ്യം വലിയ വിലക്കു വാങ്ങിക്കുടിച്ചും ആളുകള്‍ ഇതേ കാര്യങ്ങള്‍ ചെയ്യുന്നുണ്ടല്ലോ.

  ഇന്ദ്രസേന, ചാരായ നിരോധനം നല്ലതാണെന്ന് ചുമ്മാ ആവര്‍ത്തിക്കാതെ. കേരളത്തിലെ മദ്യ ഉപഭോഗം കുറക്കാനോ അതുമൂലം ഉണ്ടാവുന്ന
  പ്രശ്നങ്ങള്‍ കറേക്കാനോ കഴിഞ്ഞോ എന്നു കൂടി നോക്കുക. ഓരോ വിശേഷദിവസങ്ങളിലും വില്‍ക്കുന്ന മദ്യത്തിന്റെ കണക്കുകള്‍ കോര്‍പറേഷന്‍ വൈബ്സൈറ്റില്‍ കാണും ഒന്നെടുത്തു നോക്കുക.
  എന്നിട്ടു പറയുക, ചാരായനിരോധനം ആര്‍ക്കാണ് ഗുണം ചെയ്തത് എന്ന്.

 6. ഒരുപക്ഷെ സമൂഹത്തിലെ സാമ്പത്തികമായി താഴ്ന്ന തട്ടിലെ സ്ത്രീ ജീവിതങ്ങളുടെ പ്രധാന ശത്രു മദ്യം തന്നെയായിരിക്കും

 7. കൊടിയത്തൂരില്‍ ഒരു പച്ചമനുഷ്യനെ കെട്ടിയിട്ടു തല്ലിക്കൊന്നവരാരും മദ്യപന്മാരല്ലെന്നു മാന്യ സുഹൃത്തുക്കളെ അറിയിക്കട്ടെ!

  • “കൊടിയത്തൂരില്‍ ഒരു പച്ചമനുഷ്യനെ കെട്ടിയിട്ടു തല്ലിക്കൊന്നവരാരും മദ്യപന്മാരല്ലെന്നു മാന്യ സുഹൃത്തുക്കളെ അറിയിക്കട്ടെ!”

   മാന്യോ നമുക്കു കുട്ടികൾക്ക് മുലപ്പാലിനു പകരം മദ്യം വിളമ്പാം..ന്താ

 8. ഷെറിനു…
  മദ്യം സമൂഹത്തിലും കുടുമ്പത്തിലും ഉണ്ടാക്കുന്ന ക്രൂരതകൾ എണ്ണിയാൽ ഒടുങ്ങാത്തതാണു. കുറെ നാളു മുമ്പ് വായിച്ചു സ്വന്തം അച്ഛൻ തനിക്കു ജനിച്ച മകനെ, പുന്നരിച്ചോമനിച്ച് കയ്യൊ കാലോ വളരുന്നതെന്നു നോക്കി വളർത്തിയ സ്വന്തം മകനെ തലക്കടിച്ചും കഴുത്തു കണ്ടിച്ചും കൊല്ലുന്ന കാഴ്ചകൾ വാർത്തകൾ വായിക്കുന്നു. ഇതൊക്കെ മദ്യം ചെയ്തു കൂട്ടുന്ന ക്രൂരതകളാണു. സ്വന്തം മകനെ കഴുത്തു കണ്ടിച്ചു കൊല്ലാൻ മാത്രം, അതും സുബോധത്തിൽ സ്വന്തം അഛൻ ചെയ്യുന്നു എന്നത് എത്ര ഭയാകനകമാണു. മദ്യപിച്ച് വന്ന മകൻ നിരന്തരം സ്വന്തം അമ്മയേയും സഹോദരിയേയും കടന്നു പിടിക്കുകയും, ക്രൂരമായി മർദ്ദിക്കുകയും ചെയ്യുക കണ്ടിരിക്കാൻ കഴിയാതെ വന്ന പിതാവു ചെയ്തുപോയതാണു. ഇത്തരം വാർത്തകൾ സ്വന്തം കയ്യാൽ എഴുതുന്ന ശ്രീ എ,വി.ഷെറിനെ താങ്കൾക്കു മുകളിൽ കൊടുത്ത കുറിപ്പെഴുതുവാൻ തോന്നിയ ചേതോവികാരത്തെ എന്തുപറഞ്ഞാലും ന്യായീകരിക്കാനാവില്ല. മതവും മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പറയാൻ ഏറ്റവും യോഗ്യൻ എന്നു ധരിക്കുന്ന താങ്കളല്ലേ..മദ്യവും മതവും ചെയ്തു കൂട്ടുന്ന ക്രൂരതകൾ താങ്കൾ എന്ന പത്രപ്രവർത്തകൻ കാണുന്നില്ലെങ്കിൽ അല്ലെങ്കിൽ അറിയുന്നില്ലെങ്കിൽ ഹാ കഷ്ടം.
  താങ്കളുടെ രാഷ്ട്രീയം യുഡിയെഫിനെ വിമർശിക്കുനതിൽ എന്തു തെറ്റ്, പക്ഷെ അതു ചെകുത്താനെ കൂട്ടുപിടിച്ചാവുംമ്പോൾ ….യോജിക്കാനാവുന്നില്ല.

  ഇന്നത്തെ ഒരു വാർത്ത താഴെ…

  തലയ്ക്കടിയേറ്റു യുവാവ് മരിച്ചു; പിതാവ് കസ്റഡിയില്‍

  ഇരിങ്ങാലക്കുട: തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. പിതാവ് പോലീസ് കസ്റഡിയില്‍. നടവരമ്പ് കല്ലംകുന്ന് മുകുന്ദപുരം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പാലപ്പറമ്പില്‍ വെള്ളോന്‍ മകന്‍ ബിജു(35) ആണ് തലക്കടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വീടിനു മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടത്. തലയുടെ ഇടതുവശത്താണ് അടിയേറ്റതിന്റെ ലക്ഷണമുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് വെള്ളോനെ (60) പോലീസ് കസ്റഡിയില്‍ എടുത്തു. രാവിലെ സംഭവത്തിനുശേഷം കാണാതായിരുന്ന ഇയാളെ ഇരിങ്ങാലക്കുട ബസ് സ്റാന്‍ഡില്‍നിന്നാണ് പിടികൂടിയത്. കൂലിപ്പണിക്കാരനായ അച്ഛനും സ്വകാര്യ വാഹനത്തില്‍ ക്ളീനറായി ജോലി ചെയ്യുന്ന മകനും വീട്ടില്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാവാറുണ്െടന്ന് സമീപവാസികള്‍ പറയുന്നു. ഇന്നലെ രാത്രി ഇതു പോലെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. വഴക്കു പതിവായിരു ന്നതിനാല്‍ പരിസരവാസികള്‍ ഇത് കാര്യമാക്കിയില്ല. ഇന്ന് പുലര്‍ച്ചെയാണ് യുവാവിനെ വീടിനുമുന്നില്‍ മരിച്ചനിലയില്‍ അയല്‍ക്കാര്‍ കണ്ടത്. അവിവാഹിതനായ ബിജുവും പിതാവും അമ്മ കല്യാണിയും മാത്രമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. അമ്മയ്ക്ക് ഇടക്കിടക്ക് മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്െടന്നു പറയുന്നു. കൊലപാതകം അമ്മ കണ്ടതായാണ് പോലീസ് കരുതുന്നതെങ്കിലും മാനസിക രോഗിയായതിനാല്‍ ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇരിങ്ങാലക്കുട എഎസ്ഐ സുരേഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ബിന്ദു, ബീന എന്നിവരാണ് കൊല്ലപ്പെട്ട ബിജുവിന്റെ സഹോദരിമാര്‍.

 9. ഒരു മലയാളി, രാമന്‍, സരസ്സന്‍.. മദ്യം അകത്തുചെല്ലാതെ മനുഷ്യര്‍ നടത്തുന്ന ക്രൂരതകളെപ്പറ്റി അറിയാതെയല്ല നിങ്ങളൊന്നും ഇതൊക്കെ പറയുന്നത് എന്ന് കരുതട്ടെ..! കൊടിയത്തൂരില്‍ ഒരു മനുഷ്യനെ തല്ലിക്കൊന്നത് മാത്രമല്ല ഗുജറാത്തിലെ കൂട്ടക്കൊലകളോ മംഗലാപുരത്ത് പബ്ബില്‍ പോയ സ്ത്രീകളെ ആക്രമിച്ച ശ്രീരാമസേനക്കാരുടെ പരാക്രമങ്ങളോ ഒന്നും ‘കള്ളുകുടിച്ചു ബോധമില്ലാതെ’ ഉണ്ടായിട്ടുള്ളതല്ല എന്നുവേണം കരുതാന്‍. മുലപ്പാലിന് പകരം മദ്യം വിളമ്പിയത് കൊണ്ട്‌ എന്തെങ്കിലും ഗുണമുണ്ടാവും എന്നല്ല — മുലപ്പാല്‍ കുടിക്കുന്നവരൊക്കെ നല്ലവര്‍, കള്ള് /ചാരായം കുടിക്കുന്നവരൊക്കെ മോശക്കാര്‍ എന്ന തിയറിയില്‍ വലിയ കാര്യമൊന്നും ഇല്ല.

 10. മുലപ്പാല്‍ കുടിക്കുന്ന ചിലരെങ്കിലും നല്ലവര്‍..
  മദ്യം (അമിതമായി) കുടിക്കുന്ന ആര്‍ക്കും നല്ലവരായി തുടരാനാവുന്നില്ല….

  മദ്യം പ്രശ്നമാണ്. അഥവാ മദ്യമാണ് പ്രശ്നം…
  മുലപ്പാല്‍ പ്രശ്നമല്ല. അഥവാ മുലപ്പാല്‍ അല്ല പ്രശ്നം

 11. മദ്യം കുടിച്ചാല്‍ നന്നാവുന്നവരുണ്ട്.. രണ്ടെണ്ണം ചെന്നാല്‍ എന്താ ഒരു സ്നേഹം.. അങ്ങനെയുള്ള ആരെയും കണ്ടിട്ടില്ല എന്നുണ്ടോ? അമിതമായി കുടിക്കണം എന്ന് ഷെറിന്‍ പറഞ്ഞിട്ടാണോ എല്ലാവരും അയാളുടെ തലയില്‍ കേറാന്‍ തുടങ്ങിയത്?

 12. രാവിലെ മുതല്‍ മലയാളി ഉപയോഗിക്കുന്നത് വിഷമാണ്
  ടൂത്ത് പേസ്റ്റ് , സോപ്പ്, മൈദാ, എന്ടോസുല്ഫന്‍ പച്ചക്കറി, അമ്മോനിയ മീന്‍, ഹോര്‍മോണ്‍ ഇറച്ചി, അജിനോമോട്ടോ, sauce , coca cola ……
  ഇതിനൊന്നും ആര്‍ക്കും ഒരു കുഴപ്പവുമില്ല
  രാത്രി രണ്ടു ഗ്ലാസ്‌ മദ്യം കഴിക്കുന്നതാണ് കുഴപ്പം, അപ്പൊ ഇറങ്ങിക്കോളും കപട സദാചാര വാദികള്
  ഷെറിന്‍ എഴുതിയത് അപ്പടി ശരി

Leave a Reply

Your email address will not be published. Required fields are marked *