ഗുഡ്ബൈ, ഗൂഗിള്‍ ബസ്
സംവാദങ്ങളും സൌഹൃദങ്ങളും തഴച്ചു നിന്ന ഒരു സൌഹൃദവനം കൂടി ഇല്ലാതാവുന്നു. ഗൂഗിള്‍ ബസ്. ഏതു നിമിഷവും ഇല്ലാതായേക്കാവുന്ന ആ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ വാക്കും മൌനവും കൊണ്ട് സജീവമായ ഒരുവളുടെ സ്നേഹക്കുറിപ്പ്. യാത്രാമൊഴി. എന്‍.ജി നയന്‍താര എഴുതുന്നു
ഏതു കപ്പലുകള്‍ക്കും
നങ്കൂരമിടാവുന്ന ഒരു തുറമുഖം
പണ്ട്, യു പി സ്കൂളിലേക്ക് നടന്നും ഓടിയും പോകുന്ന കാലത്ത്, വഴിവക്കിലൊരു ചെറിയ ചായക്കടയുണ്ടായിരുന്നു. പലഹാരപ്പെട്ടിയുടെയുള്ളില്‍ തന്നെ സ്ഥലം കൊടുത്ത, ലോകത്തിലെ ഏറ്റവും വലിപ്പമുള്ള റേഡിയോ പഴയതും പുതിയതുമായ പാട്ടുകള്‍ ഇടതടവില്ലാതെ പാടിക്കൊണ്ടിരിക്കും. ചായക്കടയുടെ മുന്നിലെ (കാലു പൊട്ടാറായ) ബെഞ്ചിലിരുന്ന് ഒരു പത്രം നാലായി പങ്കിട്ട് ആരെങ്കിലുമൊക്കെ വായിക്കുന്നുണ്ടാകും. കനത്ത ഇരുട്ടു തളം കെട്ടി നില്‍ക്കുന്ന അകത്തു നിന്ന് പാട്ടിനെ തോല്‍പിക്കുന്ന ഒച്ചയില്‍ വര്‍ത്തമാനങ്ങള്‍ ഉയരുന്നുണ്ടാവും.
ചായക്കടയിലെ അപ്പൂപ്പന്‍ (സ്ഥിരം പതിവനുസരിച്ച് നമുക്ക് പപ്പൂള്ള എന്നു തന്നെ വിളിക്കാം) ഇടയ്ക്കിടെ നിശ്ശബ്ദനായി വന്ന് ഒരു കുറ്റി പുട്ടോ നാലഞ്ചു ദോശയോ ഭൂഗോളത്തിന്റെ വലിപ്പമുള്ള ഉണ്ടന്‍ പൊരിയോ അലമാരയിലേക്ക് വച്ചു പോകുന്നതു കാണാം. രാജീവ്ഗാന്ധി വധേക്കസിലെ പ്രതികള്‍ ശിവരാശനും ശുഭയും ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഒരുച്ചയ്ക്ക് സ്കൂള്‍ വിട്ടു വരുന്ന സമയത്ത് അവിടത്തെ റേഡിയോയില്‍ നിന്നാണു കേട്ടത്. വൈകുന്നേരത്തിരക്ക് തുടങ്ങും മുമ്പുള്ള ആലസ്യത്തില്‍ കുരുങ്ങിക്കിടന്ന ആ പന്ത്രണ്ടര സമയവും ചായക്കടയുടെ വൃദ്ധമുഖവും ബ്രഹ്മാണ്ടന്‍ റേഡിയോയും ഇന്നും ആ വാര്‍ത്ത ഓര്‍ക്കുമ്പോള്‍ മനസ്സിലേക്കു വരും.
ഹൈസ്കൂള്‍ കാലം വരെ ഇരുണ്ടും വിറച്ചും ആ ചായക്കട അവിടെ നിന്നു. രാവിലെ അവിടെ വന്നിരുന്ന് പത്രം വായിച്ചുകൊണ്ടിരുന്നവരില്‍ സ്ഥലത്തെ പ്രധാന രാഷ്ട്രീയക്കാരുണ്ടെന്ന തിരിച്ചറിവൊക്കെ വരാനുള്ള പ്രായമായപ്പോഴേക്കും ഒരു പാടു പോലുമില്ലാതെ ആ ബഞ്ച് പൂതലിച്ചു പോയി. ചായക്കടയുടെ വശത്ത്, സമോവറില്‍ നിന്ന് എത്ര ചൂടുവെള്ളം കോരിയൊഴിച്ചാലും വാടാതെ നിന്ന ശംഖുപുഷ്പ ചെടികള്‍ ഒറ്റ വേനലോടെ വാടിപ്പോയി. ആ സ്ഥലത്ത് പിന്നെ ടയര്‍ വര്‍ക്സോ അപ്ഹോള്‍സ്ററി കടയോ മൊബൈല്‍ റീചാര്‍ജ് സെന്ററോ ഒക്കെ വന്നു. എങ്കിലും ഒരു നിഴല്‍ പോലെ പപ്പൂള്ളയുടെ കടയും അവിടത്തെ നിലയ്്ക്കാത്ത ഒച്ചകളും ഒരിക്കലെങ്കിലും ആ ഇരുട്ടില്‍ നൂണു കടന്ന് അവിടെ എന്തു നടക്കുന്നു എന്നു കാണണമെന്ന, നടക്കാതെ പോയ ആഗ്രഹവും എല്ലാം മനസ്സില്‍ കുരുങ്ങി നില്‍ക്കും.
ഗൂഗിള്‍ ബസ്സ് ആ ഓര്‍മകളെയാണ് തിരികെ കൊണ്ടു വന്നത്. ഒരു വ്യത്യാസം മാത്രം. മുമ്പിലെ ബഞ്ചിലോ, പിറകിലെ ബഞ്ചിലോ ഒരു ഉല്‍കണ്ഠയുമില്ലാതെ ഒരു പെണ്ണായ്പ്പിറന്നവള്‍ക്കും ഇരിക്കാം. സംസാരിക്കാം. മിണ്ടാതിരിക്കാം. വെറുതേ കാര്യങ്ങള്‍ നോക്കിക്കാണാം, മുഷിഞ്ഞാല്‍ ഇറങ്ങിപ്പോകാം. പ്രൈവറ്റ് ബസ്സിലല്ലാതെ ഏതു ബസ്സിനും തല വയ്ക്കാം.
അപരിഷ്കൃതവും നിഷ്കളങ്കവുമായ ഒരു തരം സ്വാതന്ത്യ്രം. വലിയ സാങ്കേതിക വലിവുകളില്ലാത്ത, ജനാധിപത്യത്തിന്റെ പല നിറക്കൊടികള്‍ പാറുന്ന ഒരു മൈതാനം. അന്തവും കുന്തവുമില്ലാത്ത ചര്‍ച്ചകള്‍ എന്നു പറയുമ്പോള്‍ തന്നെ, വീക്ഷണങ്ങളുടെ വൈവിധ്യവും സൂക്ഷ്മതയും കൊണ്ട് വിസ്മയിപ്പിക്കുന്നവ. ‘സംഘി’കളും ‘കമ്മി’കളും ‘ആണ്ടി’കളും എം സി പികളും എഫ് സി പികളും സോദരത്വേന വാഴുന്നു എന്നൊക്കെ ശ്രീനാരായണഗുരു മട്ടിലങ്ങ് കാച്ചിയാല്‍ അതില്‍ ഒരെള്ളോളം അതിശയോക്തിയേ ഉണ്ടാവൂ.
ഇന്നൊരു രാഷ്ട്രീയ ബസ്സില്‍ പരസ്പരം തലതല്ലിപ്പൊളിച്ചവര്‍ നാളെയൊരു പാട്ടുബസ്സില്‍ ഒന്നിച്ചിരുന്നു തലയാട്ടുന്നതു പോലെ, പൊതു സമൂഹവും പൊതുജീവിതവും സാധ്യമാക്കാത്ത ഇടങ്ങള്‍. സംഘര്‍ഷത്തിന്റെ സര്‍ഗാത്മകത. ചില നിലപാടുകളെങ്കിലും സ്വയം തിരുത്താനും പുനപ്പരിശോധിക്കാനും പ്രാപ്തരാക്കുന്ന ചര്‍ച്ചകള്‍… ഈ വിര്‍ച്വല്‍ ലോകത്തിനു പുറത്ത് ഏതു പ്ളാറ്റ്ഫോം നല്‍കും ഇത്തരമൊരു ഇടം? അസഹിഷ്ണുതയെ പോലും സഹിഷ്ണുക്കളായി വീക്ഷിക്കാനുള്ള മനസ്സ്? സെന്‍സറിങ് ഇല്ലാതെ ഏതു ശബ്ദത്തേയും കടത്തി വിടാവുന്ന അന്തരീക്ഷം?
ബസ്സ് ലോകത്താകെ മലയാളികള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നൊരു തമാശയുണ്ട്. സത്യമായിരിക്കുമോ? ചറുപറാ വര്‍ത്തമാനം പറയാന്‍, അത് വീട്ടിലിന്നലെ വച്ച കറിയാകട്ടേ, വായിച്ച പുസ്തകമാകട്ടേ, രാഷ്ട്രീയമാകട്ടേ, ലൈംഗികതയാകട്ടേ, ചിരിയാകട്ടേ, കരച്ചിലാകട്ടേ, രോഷമാകട്ടേ, മലയാളിക്കുള്ളത്ര ഇഷ്ടം ലോകത്താര്‍ക്കെങ്കിലുമുണ്ടാകുമോ?
ബംഗലൂരുവിലെ ഒരു ടെക്കി യുവാവിന്റെ ഉള്ളിലും ദുബായിലെ എഞ്ചിനീയരുടെ ഉള്ളിലും കോട്ടയത്തെ അധ്യാപകന്റെ ഉള്ളിലും പുറംലോകത്തിന്റെ പരിമിതികളെ അതിജീവിക്കുന്ന ആശയ പ്രകാശനത്തിന്റെ വെളിച്ചമുണ്ട്, മധ്യവര്‍ഗത്തിന്റെ മറവികളെ അതിജീവിക്കുന്ന സാമൂഹ്യബോധമുണ്ട് എന്ന, പതിവു ധാരണകളെ തെറ്റിക്കുന്ന പുതു ബോധ്യങ്ങള്‍. അനോണിമസ് ആയ അഭിപ്രായങ്ങള്‍ക്ക് പലപ്പോഴും വിമര്‍ശനം നേരിടേണ്ടി വരാറുണ്ടെങ്കിലും അഭിപ്രായ സാധ്യതകള്‍ക്ക് അതൊന്നും തടസ്സമാകാറുമില്ല.
പപ്പൂള്ളയുടെ ചായക്കട, അതിന്റെ ഇരുട്ട്, ബ്രഹ്മാണ്ടന്‍ റേഡിയോ ഒന്നും തിരികെ വരണമെന്ന് എനിക്കാഗ്രഹമില്ല. പൊതുസമൂഹം മാറാത്തിടത്തോളം ആ മരബഞ്ചിലേക്ക് പൂവും പുഴുവുമുള്‍പ്പെടുന്ന ഈ മുഴുവന്‍ ലോകത്തിനും വന്നിരിക്കാനാകുമോ എന്ന ആശങ്കയെനിക്കുണ്ട്. പക്ഷേ ആ ആശങ്കകളില്ലാതാക്കിയ ബസ്സ് അതിന്റെ യാത്ര അവസാനിപ്പിക്കുന്നെന്നു കേള്‍ക്കുമ്പോള്‍ ആശയങ്ങളുടെ ഘോഷമൊഴിഞ്ഞ ഒരു വേദി ഇല്ലാതാകുന്നതിന്റെ ശൂന്യത തോന്നുന്നു. ഇനിയും പേരോ രൂപമോ അറിഞ്ഞിട്ടില്ലാത്ത ചില സ്നേഹങ്ങളെ, ആകെ ഉലച്ചു കടന്നു കളഞ്ഞ ചില വാക്കുകളെ, ഓര്‍മകളെ, സന്തോഷങ്ങളെ എല്ലാം നഷ്ടമാകുന്നു എന്നൊരു തോന്നല്‍. ഒരിടം പോയാല്‍, മറ്റൊരിടം എന്ന മലയാളിയുടെ ശുഭാപ്തി വിശ്വാസവും മിണ്ടാതിരിക്കുമ്പോഴുള്ള ശ്വാസംമുട്ടും പുതിയ ഇടങ്ങള്‍ കണ്ടെത്തുമായിരിക്കും. പക്ഷേ ഏതു ലോകത്തു നിന്നുമുള്ള കപ്പലുകള്‍ക്കും നങ്കൂരമിടാവുന്ന ഈ തുറമുഖം ശൂന്യമായിപ്പോകുമെന്ന ആകുലത ബാക്കിയാകും.

നന്നായിരിക്കുന്നു ഈ ചരമക്കുറിപ്പ്…മറ്റൊരു കാര്യം തോന്നിയത്, മലയാളികളെപ്പോലെ ഗൃഹാതുരത്വം ഉള്ള മറ്റൊരു ജനതയും ഇല്ലെന്നാണു..ലോകത്തിന്റെ ഏതു കോണിലായാലും കേരളത്തെ സാകൂതം വീക്ഷിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ഒരു സ്വഭാവം കൂടിയാണു ഗൂഗിൾ ബസ് പോലെയുള്ള ഒരു സോഷ്യൽ നെറ്റ് വർക്കിനെ മലയാളികളുടെ ഇടയിൽ ഇത്രയും ജനപ്രിയമാക്കിയത് എന്ന് തോന്നുന്നു..
നന്ദി..ആശംസകൾ
ഇതെഴുതിയ നയനതാരയും കമന്റിട്ട സുനിലുമൊക്കെ ചെന്നെയില്‍ അല്ലേ ജീവിക്കുന്നത്? ഗൃഹാതുരത്വം അന്ത ഊരുകാര്‍ക്ക് കമ്മിയാ?
മലയാളിക്ക് കൂടുതലുള്ളത് ഗൃഹാതുരത്വം അല്ല. വെറും ആതുരത്വം മാത്രമാണ്‍.
“അന്തവും കുന്തവുമില്ലാത്ത ചര്‍ച്ചകള്‍ എന്നു പറയുമ്പോള്‍ തന്നെ, വീക്ഷണങ്ങളുടെ വൈവിധ്യവും സൂക്ഷ്മതയും കൊണ്ട് വിസ്മയിപ്പിക്കുന്നവ”
+1
കൊള്ളാം നയന..
മനസ്സിനെയും കണ്ണിനെയും ആര്ദ്രമാക്കുന്ന കുറിപ്പുകള്‍
നന്നായി… നല്ല എഴുത്ത്… പ്രസക്തിയുള്ള വിഷയം.