എന്നാല്‍, ഇനിയല്‍പ്പം തെറിയാവാം

പൊതു വിനിമയ ഭാഷയില്‍ സംസ്കാരഹീനമെന്ന് കരുതപ്പെടുന്ന പ്രയോഗങ്ങളുപയോഗിച്ച് മറുഭാഗത്തുളളവനെ വിശേഷിപ്പിക്കുന്നത് വീരനായകപരിവേഷം ചാര്‍ത്തിക്കിട്ടുന്നതിനുളള എളുപ്പ വഴിയായാണ് നമ്മുടെ പുകള്‍ പെറ്റ രാഷ്ട്രീയക്കാര്‍ കാണുന്നത്. കേരളമെമ്പാടും ഇത്തരം പ്രയോഗങ്ങള്‍ക്ക് ഏതാണ്ട് ഒരേ അര്‍ത്ഥം തന്നെയാണു താനും–ശിവന്‍ എഴുതുന്നു

 

 

…..ശങ്കാഹീനം ശശാങ്കാമലതരയശസാ കേരളോല്‍പന്നഭാഷാ-
വങ്കാട്ടില്‍ സഞ്ചരിക്കും സിതമണിധരണീ ദേവഹര്യക്ഷവര്യന്‍
ഹുങ്കാരത്തോടെതിര്‍ക്കും കവികരിനിടിലം തച്ചുടയ്ക്കുമ്പോള്‍
നിന്ദാഹങ്കാരം പൂണ്ട നിയ്യാമൊരു കുറുനരിയെ കൂസുമോ കുന്നിപോലും…..

വെണ്‍മണി മഹന്‍ കാത്തുള്ളില്‍ അച്ചുതമേനോനയച്ച മറുപടിയായ കവിപുഷ്പമാലയിലെ ഏറ്റവും പ്രസിദ്ധമായ ശ്ളോകമാണ് മുകളിലുദ്ധരിച്ചത്. വെണ്‍മണി കാലഘട്ടത്തിലാണ് കവികള്‍ പരസ്പരം ആക്ഷേപിച്ചും പുച്ഛിച്ചും കൊണ്ടുളള കവിതയെഴുത്ത്പ്ര സിദ്ധമായത്. ഇതു വഴി വളര്‍ന്നത് മലയാളഭാഷയും കൂടിയായിരുന്നു. ചാരുതയാര്‍ന്ന വരികളും കുറിക്കു കൊളളുന്ന പരിഹാസവുമായി ശങ്കാഹീനം ആ കവി വര്യന്‍മാര്‍ അതു തുടര്‍ന്നു പോന്നു. ഭാഷയില്‍ അതു വരെ തീണ്ടാപ്പാടകലെ നിര്‍ത്തിയ പല പ്രയോഗങ്ങളും ഇതോടെ സര്‍വ്വ സാധാരണമായി കവിതയിലും മറ്റും ഉപയോഗിക്കാന്‍ തുടങ്ങി. ഇത് സാമാന്യജനം നല്ല രീതിയില്‍ തന്നെ ആസ്വദിക്കാനും തുടങ്ങി. ഇതോടെ കവികള്‍ക്കും ആവേശം കയറി. വന്ന് വന്ന് തീവ്രമായ വ്യക്തി പരിഹാസത്തിലേക്കും അതെത്തിച്ചേര്‍ന്നു. പായ്ക്കാട്ടു നമ്പൂതിരിയെക്കുറിച്ച് പായ്ക്കാടന്‍ പട്ടിനക്കി എന്നു തുടങ്ങുന്ന ശ്ളോകമൊക്കെ ഇതിന്റെ ഉത്തമോദാഹരണങ്ങളാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ കവിതയില്‍ സംഭവിച്ചതു തന്നെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ കേരള രാഷ്ട്രീയത്തിലും സംഭവിക്കുന്നത്. സംഭവിക്കുന്നതും.
പൊതു വിനിമയ ഭാഷയില്‍ സംസ്കാരഹീനമെന്ന് കരുതപ്പെടുന്ന പ്രയോഗങ്ങളുപയോഗിച്ച് മറുഭാഗത്തുളളവനെ വിശേഷിപ്പിക്കുന്നത് വീരനായകപരിവേഷം ചാര്‍ത്തിക്കിട്ടുന്നതിനുളള എളുപ്പ വഴിയായാണ് നമ്മുടെ പുകള്‍ പെറ്റ രാഷ്ട്രീയക്കാര്‍ കാണുന്നത്. കേരളമെമ്പാടും ഇത്തരം പ്രയോഗങ്ങള്‍ക്ക് ഏതാണ്ട് ഒരേ അര്‍ത്ഥം തന്നെയാണു താനും. തലമൂത്ത നേതാക്കളുടെ വായ്ത്താരി ഏറ്റെടുക്കാന്‍ ചെറുബാല്യം വിടാത്ത നേതാക്കന്‍മാര്‍ കച്ചകെട്ടി കാത്തുനില്‍ക്കുന്നുമുണ്ട്. പഴയ സവര്‍ണ്ണ മാടമ്പിത്തരത്തിന്റെ പുത്തന്‍ പതിപ്പുകളായി മാറുകയാണ് നമ്മുടെ നേതാക്കന്‍മാര്‍. ഈ വാക്മാടമ്പിത്തരത്തിന് ഇടതെന്നോ വലതെന്നോ ഭേദമില്ലാത്ത അവസ്ഥയാണുള്ളത്.

ജി സുധാകരനായിരുന്നു ഇക്കാര്യത്തില്‍ ഇരുപതാം നൂറ്റാണ്ടില്‍ കുപ്രസിദ്ധി നേടിയ ആദ്യത്തെയാള്‍. സുധാകരന് ശേഷം വന്നവരാകട്ടെ കടിച്ചതിനേക്കാള്‍ വലുതാണ് മാളത്തിലിരുന്ന തങ്ങള്‍ എന്ന് കേള്‍വിക്കാരന് തോന്നത്തക്കവിധത്തിലുളള പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുകയും ചെയ്തു. സുധാകരന്റെ കുപ്രസിദ്ധമായ കൊഞ്ജാണന്‍ പ്രയോഗം തന്നെയെടുക്കാം. കൊഞ്ജാണന്‍, കൊഞ്ഞന്‍, എന്നൊക്കെയുളള പദങ്ങള്‍ വടക്കന്‍ മലബാറില്‍ സംസാരവൈകല്യം ഉളളവരെ വിശേഷിപ്പിക്കുന്ന പേരാണ്. ചെക്കനിത്തിരി കൊഞ്ഞനാ മുതലായ സംഭാഷണങ്ങള്‍ തികച്ചും സാധാരണമായ രീതിയില്‍ അവിടെ ഉപയോഗിക്കപ്പെടുകയും ചെയ്യാറുണ്ട്.

ഇപ്പോള്‍ പി.സി ജോര്‍ജിന്റെ ഊഴമാണ്. ചീഫ് വിപ്പ് സ്ഥാനത്തിരുന്ന് പണി കാര്യമായി ഇല്ലാത്തതിനാലാവും നാവു കൊണ്ടുള്ള പണി കാര്യക്ഷമമായി ഏറ്റടുത്തിരിക്കുകയാണ് അദ്ദേഹം. ഭരണപക്ഷം വിലക്കെടുത്തു നിര്‍ത്തിയ ഒരു തെറിയഭിഷേകക്കാരനെ പോലെ ജോര്‍ജ് കുഴപ്പമില്ലാതെ ജോലി നിര്‍വഹിച്ചു പോരുകയാണ്. ജോര്‍ജ് മാത്രമല്ല, ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി ഒംരു പാടു നാവുകളാണ് ഒരുമ്പെട്ടു നില്‍ക്കുന്നത്.

അധികാരസ്ഥാനങ്ങളുടെയും താന്‍ എന്ത് എമ്പോക്കിത്തരം പറഞ്ഞാലും കയ്യടിക്കാനും കടലാസുപക്കി പറത്താനും ആളുണ്ടെന്നതിന്റെയും അഹങ്കാരമാണ് ഇത്തരം പ്രയോഗങ്ങള്‍ക്കു പിന്നിലെ മനശാസ്ത്രം.ചീഫ് വിപ്പ് കെ എസ് ഇ ബി ജീവനക്കാരെ കേട്ടാലറയ്ക്കുന്ന തെറിവിളിക്കുന്ന വീഡിയോ യു ട്യൂബില്‍ കണ്ട് അഹോ..അഹോ എന്ന് അതിനു താഴെ കമന്റിട്ടവരെല്ലാം ഈ മാടമ്പിത്തരത്തിനെ മനസ്സാ സ്വീകരിച്ചു കഴിഞ്ഞവരാണ്.

രാഷ്ട്രീയത്തില്‍ ഇതൊന്നും തെറ്റല്ല എന്ന തെറ്റായ സന്ദേശമാണ് ഇത് അണികള്‍ക്ക് കൈമാറുക. വെണ്‍മണി കാലഘട്ടത്തില്‍, വേലിക്കു പുറത്തു നിര്‍ത്തിയിരുന്ന പല വാക്കുകളെയും കവിതയുടെ അറയില്‍ കുടിയിരുത്തിയ പോലെ കറുത്തനിറമുളള വാക്കുകള്‍ നമ്മുടെ ജനപ്രതിനിധികള്‍ നില്‍ക്കുന്ന പ്രസംഗപീഠങ്ങളിലും ആഭാസ നൃത്തം ചവിട്ടിത്തുടങ്ങും.
ഫലം സംസ്കാരശൂന്യമായ ഒരു കൂട്ടമായി കേരളത്തിലെ നേതാക്കന്‍മാര്‍ അധപതിക്ക്. കാന്‍സര്‍ രോഗി, മന്ദബുദ്ധി, ഭ്രാന്തന്‍, എയ്ഡ്സ് രോഗി, വൃക്കാവിഹീനന്‍, ഷണ്ഡന്‍, നപുംസകം തുടങ്ങിയ പദങ്ങളും വരും കാലങ്ങളില്‍ എതിരാളിയെ വിശേഷിപ്പിക്കാനായി ഉപയോഗിക്കപ്പെടുമെന്നും തീര്‍ച്ച!.
ഒരു കുഴപ്പവുമില്ല മാഷേ….നമ്മളെന്തു പറഞ്ഞാലും അവരൊന്നും നമ്മളോട് കമാന്നൊരക്ഷരം മിണ്ടില്ല…!!!

2 thoughts on “എന്നാല്‍, ഇനിയല്‍പ്പം തെറിയാവാം

  1. അല്ല മാഷെ, നൂറ്റാണ്ടുകളുടെ എണ്ണം തെറ്റിയോന്നൊരു ശങ്ക!!!

  2. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ കവിതയില്‍ സംഭവിച്ചതു തന്നെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ കേരള രാഷ്ട്രീയത്തിലും സംഭവിക്കുന്നത്. സംഭവിക്കുന്നതും…(കാലത്തിന്റെ ഓരോ കളികള്‍)

Leave a Reply

Your email address will not be published. Required fields are marked *