പൊട്ടന്‍ വോട്ടുബാങ്കല്ല..!

ഈ കുറ്റകരമായ മൌനമാണ്, ഈ അമര്‍ത്തിച്ചിരികളാണ് പി.സി ജോര്‍ജിനെ വീണ്ടും വീണ്ടും പൊട്ടന്‍ വിളികളില്‍ എത്തിക്കുന്നത്. നോക്കൂ, ജാതിപ്പേരു വിളി പ്രശ്നമായപ്പോള്‍ ജോര്‍ജ് വിഴുങ്ങി. ഇനി അയാള്‍ അത് ആവര്‍ത്തിക്കില്ല. എന്നാല്‍, പൊട്ടനെ വിളിച്ചപ്പോള്‍ നമമളെല്ലാം അത് ചിരിച്ചു തള്ളി. അതിനാല്‍, ജോര്‍ജ് അത് വീണ്ടും ആവര്‍ത്തിക്കുന്നു. ജോര്‍ജ് മാത്രമല്ല മറ്റുള്ളവരും ഇനിയും അത് ആവര്‍ത്തിക്കും-ശിവന്‍ എഴുതുന്നു

 

 

പൊട്ടന്‍ എന്ന വിളിയുമായി പി.സി ജോര്‍ജ് വീണ്ടും ഉറഞ്ഞാടി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ തെറി വിളിച്ചതിന്റെ ചൊരുക്ക് തീര്‍ക്കാനാണ് ഒന്നിനു പകരം രണ്ട് തവണ പൊട്ടന്‍ എന്ന് ആറാടിയത്. വി.എസിനെ പൊട്ടനെന്ന് വിളിക്കാന്‍ ഞാന്‍ പൊട്ടനല്ല. ഇതായിരുന്നു മറ്റു പലതിനുമൊപ്പം ആ ഡയലോഗ്. ഇതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ചിലരൊക്കെ ജോര്‍ജിനെ തന്നെ പൊട്ടനെന്നു വിളിച്ചതും കണ്ടു.

തൊട്ടുമുമ്പ് ജാതിപ്പേര് തെറിയാക്കിയ ജോര്‍ജ് പിന്നെ ആ വാക്ക് മിണ്ടിയിട്ടില്ല. ദേശീയ പട്ടിക ജാതി കമീഷന്‍ അടക്കം ഇടപെട്ടതും സി.പി.എം പോലുള്ള സംഘടനകള്‍ രംഗത്തുവന്നതും നിയമക്കുരുക്കും ഭയന്നു തന്നെയാണ് ജോര്‍ജ് സുപ്രഭാതത്തില്‍ ‘സല്‍പ്പേര് നാരായണന്‍കുട്ടി’യായത്.

എന്നാല്‍, ശ്രദ്ധിക്കുക, അങ്ങേര് ജാതിപ്പേരേ ഉപേക്ഷിച്ചിട്ടുള്ളൂ. പൊട്ടന്‍ വിളി രണ്ടായും മൂന്നായും കൂടി. എന്തു കൊണ്ടാണ് ജോര്‍ജ് അതു മാത്രം നിര്‍ത്താത്തത്? അതിനു കാരണം തിരഞ്ഞാല്‍ എത്തുക ചില സത്യങ്ങളിലേക്കാണ്. അതി ശക്തമായി കേരളം അപലപിക്കേണ്ട, ഇതു വരെ ഒരാളും പരിഗണിക്കാത്ത ക്രൂരമായ ഒരു മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കാണ്. സത്യങ്ങളെ കുറിച്ച് ഇനി പറയാം.

പ്രതിപക്ഷ നേതാവ് വി.എസ്അച്യുതാനന്ദനായിരുന്നു ജോര്‍ജിന്റെ ഒടുവിലത്തെ ഇര. കഴിഞ്ഞ തവണ ജാതി പരാമര്‍ശം നടത്തിയതിന്റെ ക്ഷീണം ഇനിയും തീരാത്തതു കൊണ്ട് ഇത്തവണ പൊട്ടന്‍ വിളി മാത്രമേയുള്ളൂ. എന്നാല്‍, അതിത്തിരി രൂക്ഷമായാണ്. കേള്‍ക്കാത്ത പത്രക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ കേട്ടോട്ടെ എന്ന മട്ട്. നമമള് മലയാളികളാണെങ്കില്‍ അതു കേട്ട് ചിരി ഇനിയും നിര്‍ത്തിയിട്ടില്ല. എന്തൊരു തമാശയാണ്, മറ്റുള്ളവരുടെ ജന്‍മവൈകല്യങ്ങള്‍ ഇങ്ങനെ പറഞ്ഞു ചിരിക്കാന്‍!

കഴിഞ്ഞ ദിവസം പത്തനാപുരത്ത് നടന്ന പ്രസംഗത്തില്‍ പി.സി ജോര്‍ജ് മുന്‍മന്ത്രി എ.കെ ബാലനെ തെറി പറയാനും ഈ വാക്ക് ഉപയോഗിച്ചിരുന്നു. ജാതിപ്പേരു വിളിച്ചും പൊട്ടനെന്നു വിളിച്ചുമായിരുന്നു അന്ന് പൂഞ്ഞാര്‍ രാജാവിന്റെ പ്രകടനം. ഇതില്‍ ജാതിപ്പേര് വിളിച്ചത് കുറിക്കു കൊണ്ടു. എ.കെ ബാലന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. സംസ്ഥാന പട്ടിക ജാതി കമീഷനും ദേശീയ പട്ടികജാതി കമീഷനും പ്രശ്നത്തില്‍ ഇടപെട്ടു. ജാതി പരാമര്‍ശം പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് ദേശീയ പട്ടികജാതി കമീഷന്‍ അംഗം ശിവണ്ണ വ്യക്തമാക്കിയിരുന്നു. സി.പി.എമ്മും മറ്റ് ഇടതുപക്ഷ കക്ഷികളും പി.സി ജോര്‍ജിനെതിരെ നടത്തിയ ആക്രമണങ്ങളുടെയും മുന ജാതിവിരുദ്ധ പരാമര്‍ശത്തിലായിരുന്നു. കേരളത്തിലെ മാധ്യമങ്ങളും ഫോക്കസ് ചെയ്തത് ഇതേ വിഷയത്തിലായിരുന്നു.

പൊട്ടന്‍ എന്ന തെറി വിളിയെ അന്ന് എല്ലാവരും ചിരിച്ചു തള്ളിക്കളഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇക്കാര്യം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും ജാതിവിരുദ്ധ പരാമര്‍ശ ബഹളത്തിനിടയില്‍ അത് മുങ്ങിപ്പോയി. എന്നാല്‍, ആ വിളി അങ്ങനെ ചിരിച്ചു തള്ളാവുന്നതായിരുന്നില്ല. ജാതിപ്പേരു വിളി പോലെയോ അതിലേറെയോ ഗുരുതരമായ മനുഷ്യാവകാശ പ്രശ്നങ്ങമായിരുന്നു അത്. ഇക്കാര്യം ഒരിടത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടേയില്ല.

ആരാണീ പൊട്ടന്‍? ജന്‍മനാ ഊമയും ബധിരനുമായവന്‍. എന്താണ് അവന്റെ പ്രശ്നം? കാര്യങ്ങള്‍ കൃത്യമായി കേള്‍ക്കാനോ ഉച്ചരിക്കാനോ കഴിയില്ല. ഇതിനാല്‍ തെറി വിളി അടക്കമുള്ള കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവനാവില്ല. സംവാദങ്ങളില്‍ ഇടപെടാനോ കാര്യങ്ങള്‍ മറു തെറി മുഴക്കാനോ അവനാവില്ല. പൊട്ടന്‍ എന്ന സര്‍വ്വ നാമത്തിനു കീഴില്‍ വരുന്ന നിരവധി വിഭാഗങ്ങളുണ്ട്. അന്ധര്‍, ബധിരര്‍, മൂകര്‍ എന്നിങ്ങനെ വൈകല്യങ്ങളുളളവര്‍ നാട്ടുഭാഷയില്‍ യഥാക്രമം കണ്ണു പൊട്ടനും ചെകിടു പൊട്ടനും, വെറും പൊട്ടനുമാണ്. തികച്ചും നിഷ്കളങ്കമായ രീതിയില്‍ പൊട്ടന്‍ വാക്ക് ഗ്രാമീണ മേഖലകളില്‍ ഉപയോഗിക്കപ്പെടുന്നുമുണ്ട്

പൊട്ടന്‍ എന്നത് കേവലം ഒരു വ്യക്തിയെയല്ല ഉദ്ദേശിക്കുന്നത്. ഒരു വലിയ ജനസമൂഹത്തെയാണ് ആ വാക്ക് പ്രതിനിധീകരിക്കുന്നത്. മിണ്ടാപ്രാണികളായ, സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത, നമുക്കിടയില്‍ നമുക്കൊപ്പം വിളിക്കുന്ന ഒരു വലിയ ജനാവലി. ചോദിക്കാനും പറയാനും ആരുമില്ലാത്ത ആ വലിയ വിഭാഗത്തെയാണ് ഇത്തരമൊരു സ്ഥാനത്തിരുന്ന് നിരന്തരം നമ്മുടെ ചീഫ് വിപ്പ് ആക്രമിക്കുന്നത്. ഇതാണ് ജനം ചിരിച്ചു കൊണ്ട് കേട്ട് ഹുറേ വിളിക്കുന്നത്. ജാതിപ്പേരു വിളി കേട്ട് പ്രതിഷേധിച്ചവരെല്ലാം വിട്ടു കളഞ്ഞത് ഈ വിഭാഗത്തിനെതിരായ ആക്രോശമാണ്.

എന്തു കൊണ്ടാണ് ഈ അവസ്ഥ? മിണ്ടാനാവാത്ത ഒരു പറ്റം മനുഷ്യരെ ഇത്രയും നീചമായി പല തവണ ആക്രമിക്കുമ്പോള്‍ എന്തു കൊണ്ടാണ് നമുക്കാര്‍ക്കും പൊള്ളാത്തത്. ശബ്ദമില്ലാത്തവരുടെ ശബ്ദം എന്നാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സ്വയം വിശേഷിപ്പിക്കാറ്. സത്യത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ട ജോലിയും അതു തന്നെയാണ്. മാധ്യമങ്ങളും സ്വയം വിശേഷണ അവസരങ്ങളിലെല്ലാം ഉപയോഗിക്കാറുണ്ട് ശബ്ദമില്ലാത്തവരുടെ ശബ്ദമെന്ന ഈ പറച്ചില്‍. ഈ പറച്ചില്‍ ശരിയാണെങ്കില്‍ ജന്‍മനാ മിണ്ടാനും കേള്‍ക്കാനും കഴിയാത്ത, ഒരു തരത്തിലും ശബ്ദമില്ലാത്ത ഈ വിഭാഗത്തിന്റെ ശബ്ദമാവേണ്ടത് രാഷ്ട്രീയക്കാരും മാധ്യമങ്ങളുമാണ്.

എന്നാല്‍, നോക്കൂ ഇവിടെ എന്താണ് സംഭവിക്കുന്നത്. ആരാണോ ഈ മിണ്ടാപ്രാണികള്‍ക്കു വേണ്ടി ശബ്ദിക്കേണ്ടത് അതേ ആളുകളാണ് ഇവരെ അപഹസിക്കുന്നത്. ഇവര്‍ക്കെതിരായ തെറിവിളി ചിരിച്ചു തള്ളുന്നത്.

ഈ കുറ്റകരമായ മൌനമാണ്, ഈ അമര്‍ത്തിച്ചിരികളാണ് പി.സി ജോര്‍ജിനെ വീണ്ടും വീണ്ടും പൊട്ടന്‍ വിളികളില്‍ എത്തിക്കുന്നത്. നോക്കൂ, ജാതിപ്പേരു വിളി പ്രശ്നമായപ്പോള്‍ ജോര്‍ജ് വിഴുങ്ങി. ഇനി അയാള്‍ അത് ആവര്‍ത്തിക്കില്ല. എന്നാല്‍, പൊട്ടനെ വിളിച്ചപ്പോള്‍ നമമളെല്ലാം അത് ചിരിച്ചു തള്ളി. അതിനാല്‍, ജോര്‍ജ് അത് വീണ്ടും ആവര്‍ത്തിക്കുന്നു. ജോര്‍ജ് മാത്രമല്ല മറ്റുള്ളവരും ഇനിയും അത് ആവര്‍ത്തിക്കും. കാരണം ജാതിമതം പറഞ്ഞാല്‍ തിരിച്ചടി അതിവേഗമുണ്ടാവും. അതിനാല്‍, ഇത്തരം അധിക്ഷേപങ്ങളാണ് പഥ്യം. ആരും ചോദിക്കാനുണ്ടാവില്ല. ആരും പറയാനുമുണ്ടാവില്ല. പൊട്ടന്‍മാര്‍ ഒരു വോട്ട് ബാങ്കല്ലല്ലോ.

വികലാംഗര്‍ക്കും മറ്റും വേണ്ടി ശബ്ദിക്കുന്ന അനേകം സംഘടനകളും ഈ വിളികളില്‍ പ്രതിഷേധിച്ചു കണ്ടില്ല. അവര്‍ക്ക് പറയാന്‍ മറ്റനേകം കാര്യങ്ങള്‍ ഉള്ളതു കൊണ്ടാവും. മറ്റനേകം പ്രശ്നങ്ങളില്‍ അവര്‍ ചൂഴ്ന്നു കിടക്കുന്നതു കൊണ്ടാവും. ആരുമില്ലാത്തവര്‍ക്കു നാവാകാന്‍ കച്ച കെട്ടിയിറങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളുമെല്ലാം ഇതില്‍ നിശãബ്ദത തുടരുക തന്നെയാണ്. ഇതാണ് വി.എസിനെ തെറി വിളിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ പി.സി ജോര്‍ജിന്റെ നാവില്‍ പൊട്ടന്‍ എന്ന വാക്കു തന്നെ കടന്നുവരാനുള്ള കാരണം. അതു പറയാന്‍ മാത്രം ചീഫ് വിപ്പ് അങ്ങുന്നിന് ധൈര്യം നല്‍കിയത് നമ്മളെല്ലാം പുലര്‍ത്തുന്ന ഈ മൌനം തന്നെയാണ്.

കാമവെറിയന്‍, പുഴു, കൃമി, തുടങ്ങിയ വാക്കുകള്‍ വിശേഷിപ്പിക്കുന്നതും പരിഹസിക്കുന്നതും ഒരാളുടെ ജന്‍മനാലുള്ള വൈകല്യത്തിനെയല്ല മറിച്ച് അയാളുടെ കുറ്റം കൊണ്ടു തന്നെ അയാള്‍ക്ക് സംഭവിച്ച വ്യക്തിത്വ വൈകല്യത്തെയാണ്. എന്നാല്‍, പൊട്ടന്‍ വിളി ചെന്നു തൊടുന്നത് ജന്‍മവൈകല്യത്തെയാണ്. സ്വന്തം തെറ്റു കൊണ്ടല്ലാതെ ഒരാള്‍ക്കു വന്നു പെടുന്ന നിസ്സഹായത. ഇതിനെയാണ് പി.സി ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ നീളമേറെയുള്ള നാക്കുകൊണ്ട് നിരന്തരം ആക്രമിക്കുന്നത്. ഇതാണ് നാം കണ്ടു നിന്ന് ചിരിച്ചു കൊണ്ടേയിരിക്കുന്നത്.

പൊട്ടന്‍ ഒരു മതമല്ല, ഒരു സംഘടിതശക്തിയെയും അവന്‍ പ്രതിനിധീകരിക്കുന്നില്ല, അവന് പറയാനായി മഹത്തായ പോരാട്ട പാരമ്പര്യമില്ല. അത് പാടിനടക്കാന്‍ പാണന്‍മാരുമില്ല, പരിഹസിക്കുന്നവന്റെ കൈവെട്ടാനും അവര്‍ക്കെതിരെ തീവ്ര വിപ്ളവങ്ങള്‍ സംഘടിപ്പിക്കാനുമൊക്കെ അവന്‍ അശക്തനാണ്. അവന്റെ ഊര്‍ജം മുഴുവന്‍ തന്റേതല്ലാത്ത കാരണത്താല്‍ വന്നു ഭവിച്ച വൈകല്യങ്ങളോടു പൊരുതാനാണ് ചിലവഴിക്കപ്പെടുന്നത്.

അതിനാല്‍, നമുക്കിനിയും ഇതു തുടരാം. പി.സി ജോര്‍ജ് അടക്കമുള്ള അനേകം രാഷ്ട്രീയ അണ്ണ്നന്‍മാര്‍ തെറി പറയാന്‍ കാത്തുനില്‍പ്പാണ്. അവര്‍ക്കെല്ലാം പറയാന്‍ നാട്ടില്‍ തെറി പരിമിതശപ്പട്ടു വരികയാണ്. അതിനാല്‍, പൊട്ടന്‍ വിളി അഹോരാത്രം മുഴങ്ങട്ടെ.

6 thoughts on “പൊട്ടന്‍ വോട്ടുബാങ്കല്ല..!

 1. disabled personsനെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു പാട് തെറികളും നിരുപദ്രവമെന്ന് തോന്നിപ്പിക്കുന്ന പല പ്രയോഗങ്ങളും ഇന്നും നമ്മുടെ നിത്യ വ്യവാഹരതിലുണ്ട്.പൊട്ടന്‍, മുടന്തന്‍ ന്യായം, മുതലായവ അവയില്‍ ചിലത് മാത്രം. disability studies എന്ന academic discipline,മറ്റു discriminations pole thanne bhashayile padaprayogangalile prashnangale kurich choondi kaanichittund.

 2. “കാമവെറിയന്‍, ശുംഭന്‍, പുഴു, കൃമി, നായ, തുടങ്ങിയ വാക്കുകള്‍ വിശേഷിപ്പിക്കുന്നതും പരിഹസിക്കുന്നതും ഒരാളുടെ ജന്‍മനാലുള്ള വൈകല്യത്തിനെയല്ല മറിച്ച് അയാളുടെ കുറ്റം കൊണ്ടു തന്നെ അയാള്‍ക്ക് സംഭവിച്ച വ്യക്തിത്വ വൈകല്യത്തെയാണ്. “….

  അങ്ങനെ പറയാനാകുമോ? ഒരാള്‍ ശുംഭനാകുന്നത് അയാളുടെ കര്മ്മഫലമാണോ? ചര്‍ച്ച ചെയ്യുന്ന പ്രശ്നത്തില്‍ യാതൊരു വിധത്തിലും പങ്കില്ലാത്ത ഒരു ജീവിയുടെ പേര് വലിചിഴയ്ക്കുന്നവനാണോ വിളികെള്‍ക്കുന്നവനാണോ വ്യക്തിത്വ വൈകല്യം?

  പാവം നായ. അതിനും വോട്ടില്ലല്ലോ….

 3. @തീരെ നന്നായിട്ടുണ്ട്, ശരിയാണ്.
  അതവിടെ വരേണ്ടതല്ല. അബദ്ധം സംഭവിച്ചതാണ്.
  ചൂണ്ടിക്കാട്ടിയതില്‍ നന്ദി. അത് ഒഴിവാക്കുന്നു.

 4. In a community which has thousands to back and strike for a leader who use such a word as “Sumbhan” to “criticize” court, who dont feel any sort of difference between criticism and an insult. It would be easy to find many who keep silent and laugh in private about such statements. there is nothing to be amused about it.

 5. പൊട്ടന്‍ പ്രയോഗം പീ സീ ജോര്‍ജില്‍ നിന്നും കൊടിയെരിയിലേക്ക് വളര്‍ന്നപ്പോള്‍ അതില്‍ പരിഹാസ്യതയുടെ അളവും വളരെയേരിയിരുന്നു. പൊട്ടന്‍ പുട്ട് വിഴുങ്ങിയ പോലെ ബെബ്ബബ്പേ … എന്ന് മിമിക്രി പ്രകടനത്തിന് മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്നത് ആരും ഇവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ ഇല്ല എന്ന തോന്നല്‍ ഉള്ളത് കൊണ്ട് തന്നെ ആണ്. ശബ്ദമില്ലാതതവരുടെ ശബ്ദം എന്നത് കൊണ്ട് ഈ മിമിക്രി ആണോ ഇത്തരക്കാര്‍ ഉദ്ദേശിക്കുന്നത്?

Leave a Reply

Your email address will not be published. Required fields are marked *