കൊച്ചിക്കും ബാംഗ്ലൂര്‍ക്കുമിടയില്‍ രാത്രി

ബാംഗ്ലൂരിലെ എല്ലാ മനോഹര രാത്രികളെയും ഞാന്‍ സ്നേഹിക്കുന്നു എന്നൊരുവള്‍ പറഞ്ഞു. ഇവിടെ രാത്രികള്‍ വെളിച്ചമുള്ളതും സന്തോഷകരവും സുന്ദരവുമാണ്. എല്ലാ രാത്രിയും നമ്മള്‍ പുറത്തുപോകണമെന്നില്ല, അത് തിരിച്ചറിയാന്‍. രാത്രിയുടെ തുടിപ്പുകള്‍ ഹോസ്റ്റലിന്റെ നാലു ചുവരിനുള്ളിലേക്ക് പകര്‍ന്നുവരുമത്രെ. ചടുലമായ ഒരു രാത്രി പുറത്തു സംഭവിക്കുമ്പോഴാണ് താന്‍ വിശമ്രിക്കുന്നതെന്ന ചിന്ത തന്നെ തനിക്ക് സ്വാതന്ത്യം ഉറപ്പാക്കുന്നെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞു. ഏതുനിമഷവും രാത്രിയിലേക്കിറങ്ങാന്‍ അധികം കടമ്പകള്‍ കടക്കാനില്ലല്ലോ-ടിസി മറിയം തോമസ് എഴുതുന്നു

 

photo courtesy: Tracy Backes

 

രാത്രി ഒന്‍പതര.
ബാംഗ്ലൂര്‍ എം.ജി റോഡിലെ ചര്‍ച്ച് സ്ട്രീറ്റ്.
പബ്ബുകളുടെയും റസ്റ്റോറന്റുകളുടെ നിരകള്‍. പൊതുനിരത്തിലും കടകളുടെ വരാന്തകളിലും കടകള്‍ക്കുള്ളിലും പാര്‍ക്കു ചെയ്തിരിക്കുന്ന കാറുകള്‍ക്കുള്ളിലുമായി ആണുങ്ങളും പെണ്ണുങ്ങളും ധാരാളം.

പ്രസന്നവദനരായ, അട്ടഹസിച്ചു മറിയുന്ന, സംസാരിച്ചു കൊണ്ടേയിരിക്കുന്ന, ഊര്‍ജസ്വലരായ മനുഷ്യര്‍. (തീര്‍ച്ചയായും പതിനെട്ടിനു വയസ്സിനു മുകളിലുള്ളവര്‍). ജോലി കഴിഞ്ഞ് തിരക്കിട്ട് മടങ്ങുന്നവരല്ല; സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് തിരക്കിട്ട് യാത്ര പറയുന്നവരല്ല. ഉപ്പും മുളകു വാങ്ങാന്‍ (വീട്ടിലാണുങ്ങളില്ലാത്തതിനാല്‍) വന്നവരുമല്ല; എന്റെ മലയാളി മനസ്സ് താരതമ്യ പഠനം നടത്തി.

വെറുതെ കൂട്ടുകൂടാന്‍, സൊറ പറയാന്‍, സമയം കൊല്ലാന്‍, ചിരിക്കാന്‍ ഒരുമിച്ചു ചേര്‍ന്നവര്‍. ഒരു നിമിഷം ഈ സംഘങ്ങളെ ആണുങ്ങളുടേതു മാത്രമായി ഞാന്‍ സങ്കല്‍പ്പിച്ചുനോക്കി. അങ്ങനെയെങ്കില്‍ ഞാനിവിടെ നില്‍ക്കാന്‍ പാടുള്ളതല്ലല്ലോ!
കേരളത്തിലെ കവല കാഴ്ചകളിലേക്ക് ഞാനൊന്ന് പോയിവന്നു. രാത്രിയില്‍, കൊച്ചി ബാംഗ്ലൂരായി മാറിപ്പോവുമോ എന്ന ആധിയോടു കൂടിയ ഉത്തരവാദിത്തം സദാചാര വാദികളെ അക്രമികളായി മാറ്റിയ സംഭവം രണ്ടു മാസത്തിനുമുമ്പ് കേട്ടതോര്‍മ്മവന്നു. രാവലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ സന്ധ്യവരെ ഓടിക്കൊണ്ടേയിരിക്കുന്ന ഈ നഗരത്തിലെ (ആണ്‍ -പെണ്‍) സൌഹൃദങ്ങള്‍ സമയം കണ്ടെതതുന്നത് സന്ധ്യക്കു ശേഷമാണ്. അതു കൊണ്ടുതന്നെ ഇവയുടെ കച്ചവട സാധ്യതകളെ നഗരം മുതലെടുക്കുന്നുമുണ്ട്.

കേരളത്തിലെ കവലകളിലെ ചായക്കടകളില്‍ അല്ലെങ്കില്‍ പൊതുനിരത്തുകളില്‍ മണിക്കൂറുകളളോളം സംസാരിച്ചു നില്‍ക്കുന്ന ആണുങ്ങളോട് നിങ്ങളെന്തിനാ ഇവിടിങ്ങനെ നില്‍ക്കുന്നതെന്ന് ചോദിക്കാന്‍ ശ്രമിച്ചു നോക്കൂ. അറിഞ്ഞിട്ടെന്താണെന്നോ നിനക്കു നഷ്ടമൊന്നുമില്ലെന്നോ, നീ നിന്റെ കാര്യം നോക്കെന്നോ എന്നൊക്കെയാവും അധികാരത്തോടെയുള്ള മറുചോദ്യം.

ഇതേ മറുചോദ്യം പെണ്ണുന്നയിച്ചാലോ?

അവര്‍ അഹങ്കാരികള്‍. നോട്ടപ്പുള്ളികള്‍. വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍. ഇനി, ആരെയും കൂസാതെ തല ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്നവളാവട്ടെ അപഥ സഞ്ചാരിണി.! പുറത്തിറങ്ങുന്ന സ്ത്രീകളുടെ പരമമായ ഉദ്ദേശ്യം ലൈംഗികാകര്‍ഷണമാണെന്നും ആണുങ്ങള്‍ അത് കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും വ്യംഗ്യം.

കേരളത്തിലെ രാത്രികള്‍ പരിപൂര്‍ണമായും ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. എന്നതിന് ഒരു രാത്രി റോഡിലേക്കിറങ്ങി നടന്നാല്‍ മതി. (ജീവന്‍ പണയം വെച്ച് എന്നുകൂടെ ചേര്‍ത്തോട്ടെ). പെണ്ണുങ്ങളെ (അതും തിരക്കിട്ട് വീടണയുന്നവരെ മാത്രം) മരുന്നിനെങ്ങാനും കണ്ടാലായി. എട്ടുവര്‍ഷമായി കേരളത്തിനു പുറത്തുതാമസിക്കുന്ന എനിക്ക് ലഭ്യമായ സ്വാതന്ത്യ്രത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് രാത്രി. ഒളിഞ്ഞും മറഞ്ഞും അപകടങ്ങളും ആക്രമണങ്ങളും പ്രതീക്ഷിച്ചുകൊണ്ടുതന്നെ nightlife ന് അരക്കെ ശ്രമിക്കാമെന്ന ആത്മധൈര്യം ഇവിടെയുണ്ട്. ആസ്വാദനത്തിന്റെ സദാചാര വാദങ്ങളിലേക്ക് പോകുന്നതിനുമുമ്പ് രാത്രിയുടെ സാധ്യതകള്‍ നിരത്തട്ടെ.

ടാറിട്ട റോഡ് കാണാന്‍ പോലും കഴിയാതെ നിറഞ്ഞുതുളുമ്പി ഒഴുകുന്ന ഗതാഗതം ഗണ്യമായി കുറയുന്നു എന്നതാണ് രാത്രിയുടെ ഒരു സമാധാനം. ഐ.ടി കമ്പനികളുടെ ഷിഫ്റ്റ് അനുസരിച്ച് നമ്മുടെ യാത്ര കൂടെ തരപ്പെടുത്തിയാല്‍ സുഹൃദ്സന്ദര്‍ശനങ്ങള്‍, അത്താഴ വിരുന്നുകള്‍, ജന്‍മദിന വിവാഹ വാര്‍ഷിക പാര്‍ട്ടികള്‍, വെറും ചുറ്റിയടിക്കലുകള്‍ ഇവക്ക് രാത്രികളിലാണ് സൌകര്യം.

രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണമുണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ കറിവേപ്പിലയില്ലെങ്കില്‍ ഇട്ടിരിക്കുന്ന മുഷിഞ്ഞ വസ്ത്രത്തോടെ കവലയിലേക്ക് ഓടാനാവുന്നത് ഒരു ആശ്വാസമാണ്. (അതും ദുപ്പട്ടയില്ലാതെ, മുട്ടറ്റമുള്ള മുറി പാന്റ്സിലും വയറു കാണാവുന്ന ടീ ഷര്‍ട്ടിലും !)
ഈ സൌകര്യങ്ങള്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യുക, ഗാര്‍ബേജ് കൊണ്ടുകളയുക, അര്‍ധ രാത്രിക്ക് ഒരു ഹൊറര്‍ പടത്തിന്റെ സി.ഡി വാങ്ങാനുള്ള അത്യാഗ്രഹം, പിറ്റേ ദിവസത്തേക്കുള്ള കുര്‍ത്തയുടെ കീറല്‍ തുന്നാന്‍ പോകുക മുതലായ കാര്യങ്ങളില്‍ അത്യാഗ്രഹം തന്നെയാണ്. ‘അയ്യോ രാത്രിയായല്ലോ, പെണ്ണായിപ്പോയല്ലോ, പണി കിട്ടുമല്ലോ ‘-ഇത്തരം ദുഷ്ചിന്തകളൊന്നും അലട്ടാതെ തന്നെ.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഒരു ദൈനംദിന പ്രക്രിയയിലെ സുഖങ്ങളാണെങ്കില്‍ രാത്രിയില്‍ നടക്കാന്‍ പോകുന്ന രസം ഒരു വരദാനമാണ്.
അത്താഴം കഴിഞ്ഞ് അമ്മയും രണ്ടു വയസ്സുകാരനും സ്വെറ്ററും തൊപ്പിയുമണിഞ്ഞ് , കവലയിലേക്ക് തിരക്കൊഴിഞ്ഞ തൊട്ടടുത്തുള്ള റോഡിലൂടെ ഓടിനടക്കുകയെന്ന യാഥാര്‍ഥ്യം കേരളത്തിലാണെങ്കില്‍ ഒരു സ്വപ്നമായ അവശേഷിക്കും.
കുഞ്ഞിക്കണ്ണുകള്‍ നിറയെ കാഴ്ചകളാണ് രാത്രിയില്‍. ഇരുട്ടെന്ന കറുപ്പ് അവന്റെ പകലത്തെ കാഴ്ചകളെ മൂടിവെക്കുന്നു. സ്ഥിരമായി കാണുന്ന പശുവില്ല, പൂക്കളില്ല, കെട്ടിടങ്ങളില്ല, ഭിക്ഷക്കാരില്ല,

എല്ലാവരെയും ഇരുട്ടു മറയ്ക്കുന്നു. അല്ലെങ്കില്‍ എല്ലാവരും വീട്ടില്‍ പോയി,നാളെ വരാനായി^കുഞ്ഞു ചിന്തകള്‍.
മിന്നിത്തിളങ്ങിനില്‍ക്കുന്ന നക്ഷത്രക്കൂട്ടങ്ങള്‍, ചിരിച്ചു നില്‍ക്കുന്ന അമ്പിളിയമ്മാവന്‍, ഇപ്പോ മഴ പെയ്യുമെന്നു തോന്നിക്കുന്ന കറുത്ത ആകാശം, കാനഡയിലെ അമ്മാവനെ കാണാനായി മാത്രം പറക്കുന്ന ചെറിയ ശബ്ദമുള്ള വിമാനങ്ങള്‍, ശ്രദ്ധിച്ചു കേട്ടാല്‍ ചീവീടിന്റെയോ തവളയുടെയോ അവരുടെ കൂട്ടുകാരുടെയോ അടക്കിപ്പിടിച്ച കരച്ചില്‍, ഫാക്ടറികളിലെ സൈറണ്‍, രാത്രിക്കാഴ്ചകള്‍ നീളുന്നു.

നമ്മുടെ കേരളത്തിലെ അപ്രസക്തമായ ഈ കാഴ്ചകള്‍ ഇവിടെ ശ്രദ്ധിക്കപ്പെടുന്നത് രാത്രിയിലെ ശാന്തത കൊണ്ടാണ്. ചീറിപ്പാഞ്ഞുവരുന്ന വണ്ടികളും മനുഷ്യരും ചുറ്റുപാടും ശ്രദ്ധിക്കാതെ സ്വാര്‍ഥരാകുന്ന നഗര സംസ്കാരം. ആര്‍ദ്രമായ കാഴ്ചകള്‍ക്കുവേണ്ടി അന്വേഷിച്ചിറങ്ങിയാല്‍ മാത്രം കണ്ടെത്താനാകുന്ന സാന്ത്വനങ്ങള്‍.
രാത്രികാലം നല്‍കുന്ന എത്രയധികം പാട്ടുകള്‍, കഥകള്‍, തമാശകള്‍, കുട്ടിക്കളികള്‍, നടപ്പിന്റെ നീളം കൂടുന്നതറിയില്ല. ഒരിടവേളയ്ക്കുശേഷം അവനെയും കൊണ്ടിറങ്ങിയുപ്പാള്‍ അമ്പിളിയമ്മാവന്‍ ശോഷിച്ചു നില്‍ക്കുകയായിരുന്നു. ‘ ‘എന്തുപറ്റിയമ്മേ മൂണിന്?’
ശാസ്ത്രമോ പ്രപഞ്ചരഹസ്യമോ ഗ്രഹിക്കാനാവാത്ത കുഞ്ഞുമനസ്സിനെ, അത് മൂണിന്റെ കുഞ്ഞുകൂട്ടുകാരനാണെന്ന് വിശ്വസിപ്പിച്ചു, മൂണുറങ്ങിയെന്നും. വാ പൂട്ടാത്ത സംശയങ്ങള്‍.

റോഡിലൂടെ കുറുകെ ഓടാം. തെരുവുവിളക്കിന്റെ ചുവട്ടിലെ ഈയാംപാറ്റകളെ കണ്ടുപേടിക്കാം. മണംപിടിച്ച് അടുത്തുവരുന്ന പട്ടികളെ കമന്റടിക്കാം. ദൂരെനിന്നുവരുന്ന വണ്ടിയുടെ ഹെഡ്ലൈറ്റ് കണ്ട് ഏതു വണ്ടിയാണെന്ന് ഊഹിക്കാം. ചുറ്റും നടക്കുന്നവര്‍ ചിലപ്പോള്‍ ശ്രദ്ധിച്ചാലായി.
എങ്കില്‍ത്തന്നെ കുട്ടിയുടെ ശ്രദ്ധയെ ആകര്‍ഷിക്കാനുള്ള കോപ്രായങ്ങള്‍ കാട്ടിയാവും. രാത്രി നടത്തം.

കുഞ്ഞിക്കാലും കൈയും വീശിയെറിഞ്ഞ് അന്തരീക്ഷത്തില്‍ പടര്‍ത്തി അറിയാവുന്ന നഴ്സറി പാട്ടുകളും കൊഞ്ചിപ്പാടി മൂളി കണ്ണടച്ചു നടക്കുന്നത് മറ്റൊരു പരീക്ഷണം. അമ്മയുടെ കൈപിടിച്ച് കണ്ണടച്ചു നടക്കുക. തനിയെ നടന്ന് ദിശമാറി എങ്ങോട്ടേക്കോ പോകുക. നിഴലിനെ വലുതും ചെറുതുമാക്കുക, നിഴല്‍ രൂപങ്ങളുണ്ടാക്കുക, എന്നിങ്ങനെ എത്രയെത്ര കുട്ടിക്കളികള്‍. ഓരോ കളിക്കും ഇടവേള നല്‍കിക്കൊണ്ട് വഴിമുടക്കിവരുന്ന വണ്ടികള്‍. ഈ രാത്രിനടത്തം അവനു നല്‍കുന്ന അറിവുകള്‍ അളന്നെടുക്കാന്‍ കഴിയുന്നതല്ല.

കേരളത്തില്‍നിന്നും ബാംഗ്ലൂരില്‍ വന്നു പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ ആദ്യ പ്രതികരണം കേരളത്തിലെ രാത്രികള്‍ വളരെ നീണ്ടതും പേടിപ്പെടുത്തുന്നതുമാണെന്നായിരുന്നു. അതേ സമയം, ഇവിടെ രാത്രികള്‍ വിനോദവും ആസ്വാദനവും സമ്മാനിക്കുന്നു എന്നും .
ഷോപ്പിങിന് കൂട്ടുകാരോടൊത്ത് പോകാനാവുമെന്നതാണ് ഇവിടുത്തെ ഒരു വലിയ സന്തോഷമെന്ന് ചിലര്‍ പറഞ്ഞു. കേരളത്തിലെ ഈ ഭയങ്കര തെറ്റ് ഇവിടെ ഒരു സാധാരണ ശരിയാണ്. പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ പുറത്തുപോകാനാവാത്തത് ആണുങ്ങളുടെ കുഴപ്പം കൊണ്ടാണെങ്കില്‍ ആണുങ്ങള്‍ക്ക് വീട്ടിലിരുന്ന് പരിഹരിക്കാനാവുന്നത്ര ലളിതമാക്കാമല്ലോ കാര്യങ്ങള്‍ എന്നൊരു മിടുക്കി ചോദിച്ചു.

ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന ഒരു പെണ്‍കുട്ടിക്ക് ഇവിടത്തെ രാത്രി ബഹളമയവും പ്രകാശമാനവുമാണെങ്കില്‍ കേരളത്തില്‍ പുഴയുടെ മൂളല്‍ കേട്ടുറങ്ങാവുന്ന ഇരുണ്ട രാത്രികളാണ്. വളരെ നേരത്തെ കിടന്നുറങ്ങാനാവുകയെന്ന വലിയ ഗുണം (നിവൃത്തിയില്ലാതെ! വേറൊന്നും ചെയ്യാനാവില്ലല്ലോ!) മാത്രമേ അവര്‍ക്ക് അഭിപ്രായപ്പെടാനാവുന്നുള്ളൂ.

കൂട്ടുകാരുടെ വീട്ടില്‍ ഒരു രാത്രി താമസിക്കുക, ഒരു രാത്രി മുഴുവന്‍ നഗരത്തില്‍ ചുറ്റിയടിക്കുക, രാത്രി പന്ത്രണ്ട് മണിവരെ പുറത്ത് തങ്ങുക, പബ്ബില്‍ സമയം ചെലവഴിക്കുക എന്നിങ്ങനെ രാത്രി പരീക്ഷണ സാധ്യതകള്‍ പെണ്‍കുട്ടികള്‍ക്കേറെയാണ്. ബാംഗ്ലൂരിലെ എല്ലാ മനോഹര രാത്രികളെയും ഞാന്‍ സ്നേഹിക്കുന്നു എന്നൊരുവള്‍ പറഞ്ഞു. ഇവിടെ രാത്രികള്‍ വെളിച്ചമുള്ളതും സന്തോഷകരവും സുന്ദരവുമാണ്. എല്ലാ രാത്രിയും നമ്മള്‍ പുറത്തുപോകണമെന്നില്ല, അത് തിരിച്ചറിയാന്‍. രാത്രിയുടെ തുടിപ്പുകള്‍ ഹോസ്റ്റലിന്റെ നാലു ചുവരിനുള്ളിലേക്ക് പകര്‍ന്നുവരുമത്രെ. ചടുലമായ ഒരു രാത്രി പുറത്തു സംഭവിക്കുമ്പോഴാണ് താന്‍ വിശമ്രിക്കുന്നതെന്ന ചിന്ത തന്നെ തനിക്ക് സ്വാതന്ത്യം ഉറപ്പാക്കുന്നെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞു. ഏതുനിമഷവും രാത്രിയിലേക്കിറങ്ങാന്‍ അധികം കടമ്പകള്‍ കടക്കാനില്ലല്ലോ.

വിനോദവും ആസ്വാദനവും ആഗ്രഹിക്കുന്ന മലയാളികളുടെ രാത്രികാലം ഏഴുമണി മുതല്‍ പത്തുമണി വരെയാണ് കേരളത്തില്‍. ടി.വി സീരിയലുകളും റിയാലിറ്റി ഷോകളും പ്രേക്ഷക മനസ്സിനെ തരളിതമാക്കുന്ന സമയം. പ്രധാനപ്പെട്ട ദൈനംദിന കൃത്യങ്ങളെല്ലാമൊതുക്കി ടി.വിക്കു മുന്നിലേക്ക് ഒതുങ്ങുന്ന സാങ്കല്‍പ്പിക ലോകം. ബന്ധങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും കേരളത്തില്‍ നാം ആസ്വദിക്കുന്നത് മിനിസ്ക്രീനിലൂടെയാണെങ്കില്‍ ബാംഗ്ലൂരില്‍ അതേ സമയം അവ യാഥാര്‍ഥ്യമാണ്. രാത്രി അസ്തമിക്കുന്നതുവരെ ഉണര്‍ന്നിരിക്കുന്ന ആസ്വാദനം.

പെണ്ണും രാത്രിയും ബന്ധിപ്പിക്കുന്നത് ലൈംഗികതയും സദാചാരവുമാണ്. ആണു രാത്രിയും അതേസമയം ഇവയുമായി ബന്ധപ്പെടാതെയുമിരിക്കുന്നു!! അതു കൊണ്ട് ആണുങ്ങള്‍ മാത്രമോ, പെണ്ണുങ്ങള്‍ മാത്രമോ പൊതുനിരത്തിലെ രാത്രി ആസ്വദിച്ചാല്‍ രാത്രിയുടെ ‘പവിത്രത’ കളങ്കപ്പെടാതിരിക്കുന്നു. ഈ മൂന്നും ഒന്നിച്ചുചേര്‍ന്നാല്‍ പെണ്ണിന്റെ ‘ചാരിത്യ്രം’ (പവിത്രത) നഷ്ടമാകുന്നു. പെണ്ണിനുണ്ടാകുന്ന ഈ തീരാനഷ്ടമാണ് അവളെ രാത്രിയില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്.
ആണും പെണ്ണുമെന്ന ഈ വേര്‍തിരിവു കണ്ട് ഒരു വിദേശവനിത അത്ഭുതപരതന്ത്രയായി കേരളം സ്വവര്‍ഗ രതിക്കാരുടെ നാടാണോ എന്ന് ചോദിച്ചത്രെ. (സിവിക് ചന്ദ്രനോട് കടപ്പാട്).

അതേ സമയം നമ്മുടെ ലൈംഗിക സദാചാര അളവുകോലുകളെ തിരുത്തേണ്ട സമയം അതിക്രമിച്ചെന്ന് കൊലപാതകവും ബലാല്‍സംഗവും നടത്തി പുത്തന്‍ തലമുറ നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ കുട്ടിക്കുറ്റവാളികളെ അവഗണിച്ച് വൃശ്ചിക തണുപ്പില്‍ തലവഴി പുതപ്പുമൂടി കണ്ണടച്ചിരുട്ടാക്കി മൂല്യച്യുതിയെ പഴിപറഞ്ഞ് ആണ്‍കട്ടിലിലും പെണ്‍കട്ടിലിലും പുറംതിരിഞ്ഞ് ഇനിയുമുറങ്ങാം.
sweet dreams.

കൊച്ചിക്കും ബാംഗ്ലൂര്‍ക്കുമിടയില്‍ രാത്രി

മായ്ച്ചാലും മായാത്ത പേടികള്‍, രാത്രികള്‍

ആകാശത്തെ തേരോട്ടങ്ങള്‍

നിയോണ്‍ നിലാവത്ത്

ഈ നിലാവിന് അതിരു വരച്ചതാരാണ്?

ഇവിടെ രാത്രി, പകലിന്റെ തുടക്കം

9 thoughts on “കൊച്ചിക്കും ബാംഗ്ലൂര്‍ക്കുമിടയില്‍ രാത്രി

 1. തമിഴ്നാട്ടിലും മറ്റു സ്ഥലങ്ങളിലും സ്ത്രീകളുടെ യാത്ര സ്വാതന്ത്യ്രത്തില്‍ ആരും വിലങ്ങു തടിയാവാറില്ല. എന്നാല്‍ വിദ്യാസമ്പന്നരായ കേരളത്തിലെ ഓരോ തരി മണ്ണും സ്ത്രീയെ വഴി മുടക്കുന്നു. സമൂഹത്തിന്റെ കാഴ്ചപ്പാടു മാറണം.

 2. കേരളത്തില്‍ അത് നമ്മുടെ മുന്‍ ഗണന ആണ്..
  ഏതു വേണം..
  രാത്രി സഞ്ചരിക്കാന്‍ ഉള്ള സ്വാതന്ത്ര്യമോ..
  നാട്ടുകാര് ആണുങ്ങളുടെ ചെകിട്ടത്തു അടിയോ..
  മലബാറില്‍ ഒരു സ്ത്രീയ കാണാന്‍ പോയ ചെറുപ്പക്കാരനെ അടിച്ചു ഇട്ടിട്ടു..
  അവന്‍ മരിച്ചാല്‍ ഞങ്ങള്‍ ജയിലില്‍ പൊയ്ക്കോളാം എന്ന് പറയുന്ന ധാര്ഷ്ട്ട്യം
  തിരുവനന്ത പുരത്തു അറുപത്തി അഞ്ചു വയസായ മുത്തശ്ശിയെ
  ബലാല്‍ സംഗം ചെയ്തു കൊന്നിട്ടതും ഈ പ്രബുദ്ധ കേരളത്തില്‍ തന്നെ

  സഹിക്കാന്‍ ആവുന്നില്ല എന്നതാണ് വാസ്തവം …

 3. >>കേരളത്തിലെ കവലകളിലെ ചായക്കടകളില്‍ അല്ലെങ്കില്‍ പൊതുനിരത്തുകളില്‍ മണിക്കൂറുകളളോളം സംസാരിച്ചു നില്‍ക്കുന്ന ആണുങ്ങളോട് നിങ്ങളെന്തിനാ ഇവിടിങ്ങനെ നില്‍ക്കുന്നതെന്ന് ചോദിക്കാന്‍ ശ്രമിച്ചു നോക്കൂ. അറിഞ്ഞിട്ടെന്താണെന്നോ നിനക്കു നഷ്ടമൊന്നുമില്ലെന്നോ, നീ നിന്റെ കാര്യം നോക്കെന്നോ
  എന്നൊക്കെയാവും അധികാരത്തോടെയുള്ള മറുചോദ്യം. ഇതേ മറുചോദ്യം പെണ്ണുന്നയിച്ചാലോ? അവര്‍ അഹങ്കാരികള്‍. നോട്ടപ്പുള്ളികള്‍. വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍. ഇനി, ആരെയും കൂസാതെ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നവളാവട്ടെ അപഥ സഞ്ചാരിണി.! പുറത്തിറങ്ങുന്ന സ്ത്രീകളുടെ പരമമായ ഉദ്ദേശ്യം ലൈംഗികാകര്‍ഷണമാണെന്നും
  ആണുങ്ങള്‍ അത് കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും വ്യംഗ്യം. << ഇതിനൊരു മാറ്റം എന്നെങ്കിലും പ്രതീക്ഷിക്കാന്‍ ആവുമോ !! 🙁
  നല്ലൊരു പോസ്റ്റിനു നന്ദി…

 4. നമുക്ക് നഷ്ടമായ രാത്രികള്‍ !! ചെറു നടത്തങ്ങളിലും ചെറു ഓട്ടങ്ങളിലും അവസാനിക്കുന്ന സന്ധ്യകള്‍ !! കേരളീയ സ്ത്രീജീവിതത്തിന്റെ പരിമിതികള്‍ .
  നല്ല എഴുത്ത് … നന്ദി …

 5. മുട്ടറ്റമുള്ള മുരിപാന്റും വയറു കാണാവുന്ന ടി ഷര്‍ട്ടും അടിവസ്ത്രം കാണാവുന്ന തരത്തിലുള്ള ഡ്രെസ്സും ധരിച്ചു പുറത്തിറങ്ങുന്ന ബംഗാളുര്‍ പെണ്ണുങ്ങള്‍ മടുള്ളവര്‍ തന്‍റെ നഗ്നത കണ്ടോട്ടെ എന്നാ വ്യക്തമായ ഉദ്ടെഷതോടല്ലേ പുരതിരങ്ങുനെ…തന്നെ പോലയൂള്ള സ്ത്രീകള്‍ക്ക് അതിനെ ന്യായീകരികാന്‍ പല കാരണവും ഉണ്ടാവും എന്നാലും അല്പവസ്ത്രധാരികള്‍ ആയി പുറത്തിറങ്ങുന സ്ത്രീകളുടെ പ്രധാന ആവശ്യം ലൈംഗികത കലര്‍ന്ന നോട്ടം ആണെന്നുള്ളതില്‍ സംശയമില്ല ..നിങ്ങള്‍ എങ്ങനെ ന്യായീകരിച്ചാലും.

  • ട്രൌസേരും മുറിക്കൈയ്യന്‍ ഷര്‍ട്ടും ഇട്ടു പുറത്തിറങ്ങുന്ന ആണും അതെ നോട്ടം തന്നെയാണോ ആഗ്രഹിക്കുന്നത്?

 6. അത് കൊള്ളാം ” ഒരാള്‍” പറയുന്നത് കേട്ടാല്‍ തോന്നും ബര്‍മുഡ ഇട്ടു നടക്കുന്നവരെല്ലാം പീടനതിനു ഇര ആവുനവര്‍ ആണെനു .സ്വന്തം പേര് പോലും മറച്ചു വച്ച് പേടിച്ചു കമന്റ്‌ ഇടുന്നോരോക്കെ വേറെ വല്ല പണിയും നോക്കി പോടോ.

 7. സ്ത്രീ ശാക്തീകരണം എന്ന് പറഞ്ഞു നടക്കുന്ന ഇവരെപോലെയുള്ളവാരന് സ്ത്രീകളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ ..

Leave a Reply

Your email address will not be published. Required fields are marked *