ഈ നിലാവിന് അതിരു വരച്ചതാരാണ്?

പകല്‍ മുഴുവന്‍ ഞാന്‍ കാത്തിരുന്നു, നനുത്ത രാത്രികള്‍ക്കായി. ശബ്ദത്തിന്റെ നേര്‍ത്ത കണിക പോലും ഇല്ലാതെ ചുറ്റും മഞ്ഞില്‍ മരവിച്ചപ്പോള്‍ ഞാന്‍ നിര്‍ത്താതെ സംസാരിക്കുകയായിരുന്നു- ഓക് മരത്തോട് , മിസ്സിസ്സിപ്പിയോട്, വെള്ളിവെളിച്ചം വിതറി നിന്ന മഞ്ഞിനോട്, ഞാന്‍ പ്രണയിക്കുന്ന രാത്രിയോട്-വാണി പ്രശാന്ത് എഴുതുന്നു

 

painting by bruce bodden

 

നഗരങ്ങള്‍ പലപ്പോഴും തുറന്നു തന്നത് ജന്മ നാട്ടില്‍ ഞാന്‍ അനുഭവിക്കാത്ത വിശാലമായൊരു ആകാശം തന്നെയായിരുന്നു. സദാചാരത്തിന്റെ കരിമ്പടം പുതയ്ക്കാതെ ഏറെക്കുറെ ഹൃദയത്തില്‍ തൊട്ടു ജീവിക്കാന്‍ ആയതും അവിടെ തന്നെ എന്നത് സന്തോഷത്തോടൊപ്പം സങ്കടവും ആകുന്നു. ! എന്തുകൊണ്ട് സ്വന്തം നാട്ടില്‍ ഇപ്പോഴും ഇത് സാധിക്കാതെ പോകുന്നു ?

രാജ് വാഡ
നിലാവിന്റെ നിറമായിരുന്നു ആ പെണ്‍കുട്ടികള്‍ക്ക്. അലസമായി കിടന്ന മുടിയിഴകള്‍ ഇടയ്ക്കിടെ ഒതുക്കി വെള്ളാരം കണ്ണുള്ള പെണ്‍കുട്ടി ഓരോ കടയ്ക്കു മുന്നിലും എത്തി. പല പല സാധനങ്ങള്‍ വാങ്ങി അവള്‍ കൂട്ടുകാര്‍ക്ക് അരികിലേക്ക്. അപ്പോഴേയ്ക്കും ആ സംഘം തെരുവിന്റെ അറ്റത്തു സ്ഥാനം പിടിച്ചിരുന്നു. ആറോ, ഏഴോ പെണ്‍കുട്ടികള്‍ . അവരുടെ പൊട്ടിച്ചിരികളില്‍ രാജ് വാഡ അലിയുകയായിരുന്നു. കുശലം പറച്ചില്‍ നിര്‍ത്തി അവര്‍ പാടാന്‍ തുടങ്ങി..പഴയതും പുതിയതും തനിയെ ഉണ്ടാക്കിയതും . പല പല ഈണങ്ങള്‍. ഇടയില്‍ അവരുടെ കോളേജിനെ പറ്റിയാകണം സജീവ ചര്‍ച്ചകള്‍.

രാജ് വാഡ ഇന്‍ഡോറിലെ ഏറ്റവും തിരക്കുള്ള തെരുവുകളില്‍ ഒന്നാണ്. പകലും , രാത്രിയും ഉറങ്ങാത്ത തെരുവ്. ആ തെരുവില്‍ പകല്‍ കിട്ടാത്തതായി ഒന്നുമില്ല. എന്നാല്‍ രാത്രി കിട്ടുന്നതായി ഒന്നു മാത്രമേ ഉള്ളൂ – ഇന്ത്യയുടെ മുക്കിലും, മൂലയിലും വരെ ഉള്ള എരിവും, പുളിയും, മധുരങ്ങളും!
ദിവസവും രാത്രി ഒന്‍പതിന് ശേഷം തുടങ്ങുന്ന ആഹാര കച്ചവടം അവസാനിക്കുന്നത് പിറ്റേന്ന് വെളുപ്പിനാണ്. സരാഫ എന്ന പേരില്‍ ഈ രാത്രി ഭക്ഷണ തെരുവ് പ്രശസ്തമാണ് .അവിടത്തെ രുചികള്‍ , പല നാടുകളില്‍ യാത്ര ചെയ്തെങ്കിലും ഇന്നും ഏറ്റവും പ്രിയപ്പെട്ടതായി നാവിന്‍ തുമ്പില്‍ നില്‍ക്കുന്നു. ആ തെരുവുകള്‍ എനിക്ക് നല്‍കിയത് ഈ രുചി വൈവിധ്യങ്ങള്‍ മാത്രമായിരുന്നില്ല.. അന്നേവരെ ഞാന്‍ അനുഭവിക്കാത്ത ഒരു പ്രപഞ്ച രഹസ്യം കൂടിയാണ്.

കൈ നിറയെ വളകളിട്ട ആ സ്ത്രീ ഒരു ഗ്ലാസ്സ് നിറയെ കോരിയൊഴിച് ” ശിക്കംജി ” എനിക്ക് നീട്ടി . നിലാവുദിക്കുന്നത് അവരില്‍ നിന്നാണോ എന്ന് എനിക്ക് സംശയം തോന്നി. അലസമായി ഉടുത്ത, കണ്ണാടികള്‍ തുന്നിയ പാവാടയും, ബ്ലൌസും, മനോഹരമായി അലങ്കാരപ്പണികള്‍ ചെയ്ത ഒരു ഷാള്‍ തലയിലൂടെ.
ശിക്കംജി യും , സുന്ദരിയും എന്റെ ദിനചര്യകളില്‍ ഒന്നായി മാറിയത് വളരെ പെട്ടെന്നാണ്.

ആ തെരുവുകളിലാണ് ഞാന്‍ ജോഷി ഭയ്യയെ പരിചയപ്പെടുന്നത്. ജോഷി ഭയ്യയ്ക്ക് മുഴുസമയസ്റ്റാള്‍ ആണ് അവിടെ.. കുമ്പിള്‍ ഇലയില്‍ വിരലുകള്‍ കൊണ്ടു മായാജാലം കാട്ടി മസാലകള്‍ ഇട്ടു ജോഷി ഭയ്യ മുകളിലേക്കെറിഞ്ഞു പിടിച്ചു അഭ്യാസങ്ങള്‍ക്കു ശേഷം നല്‍കുന്ന ദഹി വട അത്ഭുതമാണ് ഇന്നും. പ്രായഭേദമന്യേ എല്ലാവരും ഒത്തുകൂടി ആ സ്വാദിന് മുന്നില്‍. അവിടെ ഞാന്‍ കണ്ടു , രാത്രി ഉണരുന്ന തെരുവിനെ, മറുഭാഗത്ത് അലസമായി ഉറങ്ങുന്ന അഹല്യാ റാണിയുടെ പ്രിയ നഗരിയെ.

ഇല്ലിനോയ്
ഇല്ലിനോയ് ലെ എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയത്‌ വെളുത്തു തണുത്ത ഒരു രാത്രിയിലാണ്.. മഞ്ഞിന്റെ വെളുപ്പും, തണുപ്പും കൂട്ടായ പകലുകളും, രാത്രികളും. നിറഞ്ഞൊഴുകിയ മിസ്സിസ്സിപ്പി മഞ്ഞുകട്ടയായി . നദിക്കരികില്‍ വിടര്‍ന്നു നിന്ന മരം നേര്‍ത്ത കമ്പുകള്‍ മാത്രമായി.
പകല്‍ മുഴുവന്‍ ഞാന്‍ കാത്തിരുന്നു, നനുത്ത രാത്രികള്‍ക്കായി. ശബ്ദത്തിന്റെ നേര്‍ത്ത കണിക പോലും ഇല്ലാതെ ചുറ്റും മഞ്ഞില്‍ മരവിച്ചപ്പോള്‍ ഞാന്‍ നിര്‍ത്താതെ സംസാരിക്കുകയായിരുന്നു- ഓക് മരത്തോട് , മിസ്സിസ്സിപ്പിയോട്, വെള്ളിവെളിച്ചം വിതറി നിന്ന മഞ്ഞിനോട്, ഞാന്‍ പ്രണയിക്കുന്ന രാത്രിയോട്.

ന്യൂയോര്‍ക്ക്
തിരക്കേറിയ തെരുവുകള്‍ , കാഴ്ചകളുടെ വിസ്മയങ്ങള്‍ , ടൈം സ്ക്വയറിലെ പകലിനു ദൈര്‍ഘ്യം കുറവാണെന്ന് തോന്നി. അമേരിക്കയുടെ തന്ത്ര പ്രധാന ഇടങ്ങളില്‍ ഒന്നു ന്യൂയോര്‍ക്ക്. അവിടെയും ഞാന്‍ കാത്തിരുന്നു, രാത്രിയുടെ നിലാവെട്ടത്തിനായി.
വാക്സ് മ്യൂസിയതിനുള്ളില്‍ ഉറങ്ങിയ മെഴുകു പ്രതിമകള്‍ക്ക് പുറത്ത് ഞാനും, ടൈം സ്ക്വയറിലെ വഴികളും കണ്‍ തുറന്നിരുന്നു. നടപ്പാതയിലിരുന്നു കണ്ട ആകാശം കയ്യെത്തി തൊടാമെന്ന് തോന്നി. എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ തുമ്പത്തു കയറിയിരുന്നു ആ കുഞ്ഞു നക്ഷത്രത്തെ തലോടാന്‍ കൊതിയായി. ഉയര്ത്തെഴുന്നെല്‍ക്കുന്ന ട്വിന്‍ ടവേഴ്സിന്റെ കവാടത്തില്‍ , എരിഞ്ഞടങ്ങിയ പലരും കാവല്‍ മാലാഖകളായി എനിക്ക് കഥകള്‍ പറഞ്ഞു തന്നു. കെട്ടിടകൂമ്പാരങ്ങള്‍ക്കിടയില്‍ ആകാശം നോക്കി ഞാന്‍ ചുരുണ്ട് കൂടി.

പെന്‍സില്‍വേനിയ
വേള്‍ഡ്സ് ഏന്‍ഡ് സ്റ്റെയ്റ്റ് പാര്‍ക്ക് എനിക്ക് നല്‍കിയ ആകാശം നിറച്ചാര്‍ത്തുകളുടേതായിരുന്നു. പെന്‍സില്‍വേനിയയിലെ മനോഹരമായ ഒരിടം. ഇല പൊഴിയാന്‍ കാത്തിരുന്ന മരങ്ങള്‍ക്കിടയില്‍ , പല നിറങ്ങളിലുള്ള ഇലകള്‍ തീര്‍ത്ത മെത്തയില്‍ കിടന്നു. അന്ന് ഞാന്‍ കണ്ട ആകാശം നിറയെ പൂത്തിരുന്നു. പൂക്കളും, പൊഴിഞ്ഞ ഇലകളും സമ്മാനിച്ച ആ രാത്രി കാടിന്റെ നിശബ്ദതയില്‍ എന്റെ ഭ്രാന്തിനു കൂട്ടിരുന്നു.

വളയന്‍ ചിറങ്ങര
ഓര്‍മിക്കുവാന്‍ മനോഹരങ്ങളായ രാത്രികള്‍ സമ്മാനിച്ച ഇടങ്ങള്‍ ഏറെയുണ്ട്. എങ്കിലും ഒന്നോര്‍ക്കുമ്പോള്‍ സങ്കടം. നീല നിറമുള്ള എന്റെ ചിറ , അച്ഛന്റെ വിയര്‍പ്പു വളര്‍ത്തിയ ഞങ്ങളുടെ തൊടിയില്‍ ഇരുട്ടില്‍ മുരളനക്കുന്ന കാക്കതൊള്ളായിരം ജീവികള്‍ , കനാല്‍ ബണ്ടിന്റെ കരയില്‍ ഒഴുക്ക് കണ്ടും, കേട്ടും ഒരു രാത്രി . തളിര്‍ത്ത കാലം മുതല്‍ ഇന്നു ഈ സമയം വരെ ഈ മോഹങ്ങള്‍ വളരുന്നു. യാഥാര്‍ത്ഥ്യമാക്കാന്‍ പലവട്ടം ശ്രമിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം .

പലപ്പോഴും എന്റെ രാത്രികളില്‍ ഞാന്‍ കിനാവ്‌ കണ്ടിരുന്നു, നിലാവെട്ടത്തില്‍ ഉറങ്ങുന്ന വളയന്‍ ചിറങ്ങര കവലയെ, വിരിഞ്ഞു നിറഞ്ഞ ആമ്പലിന്റെ നീല നിറം ഊറ്റി എടുത്തു നിലാവിനോട് മത്സരിക്കുന്ന വളയന്‍ ചിറയെ. അന്നേ വരെ ജനാലക്കമ്പികള്‍ക്കിടയിലൂടെ എന്റെ വിരല്‍ തുമ്പിലേക്ക്‌ അരിച്ചെത്തിയ നിലാവെട്ടം

സന്ധ്യക്ക്‌ ശേഷം വാതിലുകള്‍ സാക്ഷയിട്ടു ജനാലക്കുള്ളിലൂടെ മാത്രം പുറം ലോകം കാണാന്‍ വളരുന്ന ഓരോ ഘട്ടത്തിലും ശീലിപ്പിക്കപ്പെട്ടിരുന്നു . രാത്രികള്‍ ജനാലക്കമ്പികള്‍ക്കിടയിലൂടെ എനിക്കരികിലെത്തും. സ്വപ്നങ്ങളില്‍ അവയെ ആവാഹിച്ച് രാത്രികളില്‍ അലിയും.

നിലാവിന്റെ അതിര്‍ത്തികള്‍

നമ്മുടെ നാട്ടില്‍ പുറങ്ങള്‍ ഇന്നും ആണ്‍ കോയ്മയുടെ ആസ്ഥാനങ്ങള്‍ തന്നെ. തനിയെ ” അസമയത്ത് ” കവലകളില്‍ ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ഇന്നും നാട്ടു പ്രമാണിമാരുടെ ‘ സദാചാര ബോധം ‘ ഉണരും. കഥകളും, ഉപകഥകളും കൊണ്ട് അവര്‍ അവളെ കെട്ടിയിടും . പൊതുസ്ഥലങ്ങളിലെ ചര്‍ച്ചകളിലോ , കാഴ്ചകളിലോ ഒന്നും ഇന്നും അവള്‍ക്കു പ്രവേശനമില്ല. നമ്മുടെ നാട്ടിന്‍ പുറങ്ങളുടെ കവലകളും, മരച്ചുവടുകളും എല്ലാം എന്തിന് പകല്‍ പോലും അവള്‍ക്കു നിഷിദ്ധമാണ്. പിന്നല്ലേ രാത്രികള്‍ ! പെണ്ണിനെ ഇത്രയധികം ” കെട്ടുറപ്പോടെ ” സൂക്ഷിച്ചിട്ടും പീഡനങ്ങള്‍ നാട്ടിന്‍പുറങ്ങളിലെ നിത്യസംഭവം ആയതു വൈരുദ്ധ്യം മാത്രം.

കൂട്ടുകാരുമൊത്ത് പൊതുസ്ഥലങ്ങളില്‍ ഇരുന്നു സല്ലപിക്കാനും, ചര്‍ച്ചകള്‍ നടത്താനും, തനിച്ചിരുന്നു സ്വപ്നം കാണാനുമൊക്കെ ആണ്‍ , പെണ്‍ ഭേദമന്യേ എല്ലാവര്ക്കും ഇഷ്ടമാണ് . ഈ ഇഷ്ടങ്ങള്‍ക്ക് ഇനിയും ലിംഗഭേദം കല്പ്പിക്കാതിരിക്കുക.

കണ്ടോട്ടെ എല്ലാവരും നിലാവുദിച്ച രാത്രികളെ..
രാത്രിയില്‍ നിറയുന്ന നാടിനെ

കൊച്ചിക്കും ബാംഗ്ലൂര്‍ക്കുമിടയില്‍ രാത്രി

മായ്ച്ചാലും മായാത്ത പേടികള്‍, രാത്രികള്‍

ആകാശത്തെ തേരോട്ടങ്ങള്‍

നിയോണ്‍ നിലാവത്ത്

ഈ നിലാവിന് അതിരു വരച്ചതാരാണ്?

ഇവിടെ രാത്രി, പകലിന്റെ തുടക്കം

..

6 thoughts on “ഈ നിലാവിന് അതിരു വരച്ചതാരാണ്?

  1. “പെണ്ണിനെ ഇത്രയധികം ” കെട്ടുറപ്പോടെ ” സൂക്ഷിച്ചിട്ടും പീഡനങ്ങള്‍ നാട്ടിന്‍പുറങ്ങളിലെ നിത്യസംഭവം ആയതു വൈരുദ്ധ്യം മാത്രം.”.. ശരിക്കും..

  2. വളരെ നന്നായിട്ടുണ്ട്…നിലാവ് പോലെ നനുത്ത ഭാഷ..

  3. രാജ് വാഡ രാത്രികള്‍ ഗൃഹാതുരത്വമാണ്… കച്ചോരിയും കിംഗ്‌ എഡ്വേഡ് ചുരുട്ടുകളും പാനും നിറച്ച വെളുപ്പാന്‍ കാലങ്ങളെ കുറിച്ച് … പലാസിയ വഴിയുള്ള രാത്രിയുടെ വൈകിയ നേരങ്ങളിലെ സ്കൂട്ടെര്‍ യാത്രകളെക്കുറിച്ച് … നന്ദി…

  4. കണ്ടു മറക്കാത്ത കിനവായ്‌ ഇപ്പോഴും വളയന്‍ചിറങ്ങരയെ ഓര്‍ക്കുന്നു.അവിടെ ശ്രീശങ്കരയില്‍(ssv)പഠിച്ചതു കൊണ്ട് വാണിയുടെ നീല നിറമുള്ള ചിറയോട് ഒരു പ്രത്യേക ഇഷ്ടം. എഴുത്ത് നന്നായിട്ടുണ്ട്.ഇനിയും യാത്രാനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *