മായ്ച്ചാലും മായാത്ത പേടികള്‍, രാത്രികള്‍.

“കേരളത്തിനുപുറത്തുള്ള എന്‍റെ രാത്രി/പകല്‍ ജീവിതങ്ങള്‍ എത്ര സുരക്ഷിതമാണ്, കേരളം മഹാമോശം” എന്ന് പറയുന്നതിലുള്ള പ്രശ്നങ്ങളും മനസിലാക്കുന്നു. കേരളത്തില്‍ ഓരോ രാത്രിയാത്രാദുരനുഭവങ്ങളും ഉണ്ടായപ്പോഴെല്ലാം എന്‍റെ സാമൂഹികഅവസ്ഥ എന്തായിരുന്നു, ഇന്ന് പേടിക്കാതെ, സ്വാതന്ത്ര്യത്തോടെ ഡല്‍ഹി പോലെയൊരു നഗരത്തില്‍ ജീവിക്കുമ്പോള്‍ എനിക്കെങ്ങനെ ധൈര്യം തോന്നുന്നു എന്നുള്ളതൊക്കെ പ്രശ്നങ്ങള്‍ തന്നെയാണ്-പ്രഭാ സക്കറിയാസ് എഴുതുന്നു

 

poem: sylvia plath

 

രാത്രിയെപ്പറ്റി എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാത്രി ഓര്‍മ്മകള്‍ എഴുതി. കേരളത്തിലെയും ഹൈദരാബാദിലെയും ഡല്‍ഹിയിലെയും ഓര്‍മ്മകള്‍. എന്‍റെ അനുഭവങ്ങളും ഒപ്പം കുറെ കൂട്ടുകാരികളുടെ അനുഭവങ്ങളും ചേര്‍ത്ത് ഒരു സങ്കടക്കുറിപ്പ്… എഴുതിക്കഴിഞ്ഞ് വായിച്ചുനോക്കിയപ്പോള്‍ ഇത് എന്തിനുവേണ്ടിയാണ് എഴുതുന്നതെന്ന് തോന്നി. ആരാവും ഇത് വായിക്കുക? ഞാന്‍ നീട്ടിവിസ്തരിച്ച് നാല്പേജിലായി എഴുതിയ ദൈനം ദിനദുരനുഭവങ്ങളുടെ ഓരോ ഉദാഹരണവും ആയിരംതവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളവയാണ്.

ഓരോ സ്ത്രീക്കും പുരുഷനും അറിയുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇത്രനാള്‍ ആളുകള്‍ ഇതെല്ലാം ചര്‍ച്ചചെയ്തിട്ടും യാതൊരു മാറ്റവും വന്നിട്ടില്ല. സാമൂഹികപ്രതിബദ്ധതയും മൂല്യബോധവും സദാചാരബോധവും ലൈംഗികദാരിദ്ര്യവും അരാജകത്വസ്വപ്നങ്ങളും രഞ്ജിത്തും ഷക്കീലയും പദ്മരാജനും ബ്ലെസ്സിയും സത്യന്‍അന്തിക്കാടും സന്തോഷ്‌ പണ്ഡിറ്റും രഞ്ജിനി ഹരിദാസും എല്ലാം ആഴത്തില്‍ ഇഴചേര്‍ന്ന് ബുദ്ധിജീവി ജാഡക്കും തെറിയെഴുത്തിലെ ആനന്ദത്തിനും ഇടയിലുള്ള വല്ലാത്തൊരു മാനസികനിലയില്‍ ജീവിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. മലയാളത്തിലുള്ള നിരവധി ഇന്റര്‍നെറ്റ്‌ പോര്‍ട്ടളുകളില്‍ ഇനിയും പതിനായിരം സ്ത്രീകള്‍ കൂടി തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നെഴുതിയാലും ഒന്നും സംഭവിക്കില്ല. ഒരു പെണ്ണിനോട് ഒരിക്കല്‍ പോലും മാന്യമായി പെരുമാറിയിട്ടില്ലാത്ത ഒരാള്‍ എന്റെയോ എന്‍റെ സുഹൃത്തുക്കളുടെയോ അനുഭവങ്ങള്‍ വായിച്ച് സന്തോഷിക്കുന്നതിനെപ്പറ്റി ആലോചിക്കുക കൂടി ചെയ്തപ്പോള്‍ എഴുതേണ്ട എന്നുപോലും തീരുമാനിച്ചതാണ്. പക്ഷെ ചില കാര്യങ്ങള്‍ പറയാതെ വയ്യ.

“I haven’t seen any one living in so much fear”- എംഫില്‍ കഴിഞ്ഞ് ഹൈദ്രബാദില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്ത് പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ ഒരു കൂട്ടുകാരി പറഞ്ഞു. എന്‍റെ എല്ലാ മൂടുപടങ്ങളും അഴിഞ്ഞുവീഴുകയായിരുന്നു അവിടെ. കേരളത്തില്‍ കളഞ്ഞിട്ടുപോന്നു എന്ന് കരുതിയ പേടികള്‍ എല്ലാം എന്നന്നേയ്ക്കുമായി ഉള്ളില്‍ നിന്ന് നാടുവിട്ടുവെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ഇല്ല, ഒരുമാസം ഒരുമിച്ച് താമസിച്ചുകഴിഞ്ഞപ്പോള്‍ എന്‍റെ ഉള്ളിലുള്ള പേടികളുടെ അടരുകള്‍ കൂടെ താമസിക്കുന്നവള്‍ക്ക് അറിയാന്‍ കഴിഞ്ഞിരിക്കുന്നു. ഞാന്‍ ഒരു നല്ല നടിയല്ല.

എന്നും രാത്രി ജോലി കഴിഞ്ഞ് വൈകി തിരിച്ചെത്തുകയും ഒരു വീട്ടില്‍ ഒറ്റയ്ക്ക് കുറെ നാള്‍ താമസിക്കുകയും ചെയ്ത, കേരളത്തിലെ ഒരു ശരാശരി പെണ്‍കുട്ടിക്ക് അപ്രാപ്യമായ രാത്രിജീവിതം (വഴിയിലൂടെ ഒറ്റയ്ക്ക് നടക്കുക, വഴിവിളക്കുകളെ നോക്കുക തുടങ്ങിയ മഹാസംഭവങ്ങള്‍) അറിഞ്ഞിട്ടുള്ള, സ്വതന്ത്രയെന്നു സ്വയം വിശ്വസിക്കുന്ന, ഓരോ അണുവിലും ധൈര്യവും ആത്മവിശ്വാസവും കുത്തിനിറച്ച് നടക്കുന്ന എന്‍റെ ഉള്ളില്‍ പേടിയുടെ ഒരു കൂന കൂട്ടിവെച്ചിരിക്കുന്നത് ഒരാള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കേരളത്തെക്കുറിച്ചും പുരുഷന്മാരുടെ രഹസ്യവ്യക്തിത്വത്തെക്കുറിച്ചും ഒരു പെണ്ണെന്ന നിലയില്‍ ആ നാട്ടില്‍ ജീവിച്ചതിനെക്കുറിച്ചും വെറുപ്പോടെ മാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ….

 

graphics: prabha

 

രാത്രിജീവിതം കേരളത്തില്‍വെച്ച് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ചില രാത്രിപ്പേടികള്‍ ഉണ്ടായിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത പകല്‍പ്പേടികളും. പറഞ്ഞാല്‍ തീരില്ല കഥകള്‍. സ്വര്‍ഗം തരാമെന്നുപറഞ്ഞാലും ഞാനില്ല കേരളത്തില്‍ ജീവിക്കാന്‍.
ഇങ്ങനെയൊക്കെ പറയുമ്പോള്‍ തന്നെ “കേരളത്തിനുപുറത്തുള്ള എന്‍റെ രാത്രി/പകല്‍ ജീവിതങ്ങള്‍ എത്ര സുരക്ഷിതമാണ്, കേരളം മഹാമോശം” എന്ന് പറയുന്നതിലുള്ള പ്രശ്നങ്ങളും മനസിലാക്കുന്നു. കേരളത്തില്‍ ഓരോ രാത്രിയാത്രാദുരനുഭവങ്ങളും ഉണ്ടായപ്പോഴെല്ലാം എന്‍റെ സാമൂഹികഅവസ്ഥ എന്തായിരുന്നു, ഇന്ന് പേടിക്കാതെ, സ്വാതന്ത്ര്യത്തോടെ ഡല്‍ഹി പോലെയൊരു നഗരത്തില്‍ ജീവിക്കുമ്പോള്‍ എനിക്കെങ്ങനെ ധൈര്യം തോന്നുന്നു എന്നുള്ളതൊക്കെ പ്രശ്നങ്ങള്‍ തന്നെയാണ്. കേരളത്തില്‍ വെച്ച് ബസില്‍ യാത്രചെയ്ത് കോളേജില്‍ പോകേണ്ടിയിരുന്ന കുട്ടിയല്ല ഞാന്‍ ഇന്ന്. മെട്രോ പോലുള്ള കൂടുതല്‍ സുരക്ഷ ഉറപ്പുതരുന്ന നഗരമാര്‍ഗങ്ങളാണ് ഞാന്‍ ഉപയോഗിക്കുന്നത്. പലതരത്തില്‍ ഒട്ടേറെ പ്രത്യേകാനുകൂല്യങ്ങള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്. ഡല്‍ഹിയില്‍ തിരക്കുള്ള ഒരു ബസില്‍ ഞാന്‍ ഇത്വരെ തനിച്ചുയാത്ര ചെയ്തിട്ടില്ല. എപ്പോഴും കൂടുതല്‍ സുരക്ഷിതമായ യാത്രാമാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഞാന്‍ ബോധപൂര്‍വമോ അല്ലാതെയോ ശ്രദ്ധിക്കാറുണ്ട്. ഒരു വീട് വാടകയ്ക്കെടുക്കാന്‍ ആലോചിക്കുമ്പോള്‍ പോലും അത് മെട്രോ സ്റ്റേഷന്‍റെ എത്ര അടുത്താണ് എന്ന് ആലോചിച്ചു നോക്കും ആദ്യം. സൂക്ഷ്മപരിശോധനകള്‍ ഈ നഗരത്തില്‍ എവിടെയുമുണ്ട്. അത് എന്നെപ്പോലെ ഒരു സ്ത്രീയെ രാത്രിയും പകലുമെന്ന ഭേദമില്ലാതെ സുരക്ഷിതയായി വീട്ടിലെത്തിക്കുന്നു. എങ്കിലും ഇരുണ്ട കോണുകളില്‍ ആണിനും പെണ്ണിനുമെന്ന ഭേദമില്ലാതെ ഇവിടെ മോഷണം, പിടിച്ചുപറി, ലൈംഗികഅതിക്രമം മുതലായ ഭീഷണികള്‍ നിലനില്‍ക്കുന്നുമുണ്ട്.

കേരളത്തില്‍ ഉള്ളത് സദാചാരവും സെക്ഷ്വല്‍ ഫ്രസ്ട്രേഷനും കൂടി ഭ്രാന്ത്‌ പിടിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണെങ്കില്‍ ഡെല്‍ഹിയിലുള്ളത് പോലീസിന്‍റെ മൂക്കിനുകീഴെയായതുകൊണ്ട് ഇസ്തിരിയിട്ട ഒരു അച്ചടക്കം പാലിക്കുന്ന ഒരു സമൂഹമാണ്. എങ്കിലും തമ്മില്‍ ഭേദം കേരളത്തിലെയത്ര കപടസദാചാരവും ഫ്രസ്ട്രെഷനും കാണിക്കാത്ത ഏതെന്കിലും അപരിചിതനഗരം തന്നെയാവും. ലിംഗഭേദമോ ജാതിഭേദമോ വര്‍ഗഭേദമോ ഇല്ലാതെ, ആരുടേയും നിര്‍ബന്ധങ്ങളും നിയമങ്ങളും പിഴകളും ഇല്ലാതെ, മറ്റൊരു വ്യക്തിയെ ബഹുമാനത്തോടെയും അന്തസോടെയും പരിഗണിക്കാന്‍ എന്ന് മനുഷ്യര്‍ക്ക്‌ കഴിയുന്നുവോ അന്നുമാത്രമേ മാറ്റം ഉണ്ടായി എന്ന് പറയാന്‍ കഴിയൂ. ആ മാറ്റം ഉണ്ടാകുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. കേരളത്തിന്റെ സാമൂഹ്യബോധം മാറുമെന്ന് തീരെ പ്രതീക്ഷയില്ല. അവിടെനിന്ന് ഓടിരക്ഷപെടുക തന്നെ.

ക്രൈംറേറ്റ് കണക്കുകള്‍ പ്രകാരം അപകടകരമായ നഗരമായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ് ഡല്‍ഹി. ഇവിടെയാണ്‌ ഞാന്‍ ജോലിചെയ്ത് ജീവിക്കുന്നത്. ഇവിടെ എട്ടുമണിക്കോ ഒന്‍പതുമണിക്കോ പാതിരക്ക് പോലുമോ ഒരു സ്ത്രീ തനിച്ച് യാത്രചെയ്യുക എന്നത് ചിന്തിക്കാന്‍ വയ്യാത്ത കാര്യമൊന്നുമല്ല. സ്ത്രീകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് വൈകിയുള്ള യാത്രകളും മറ്റും. ഇവിടെയുള്ള ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കിടയില്‍ ഒറ്റപ്പെട്ട മോശം അനുഭവങ്ങള്‍ ഉണ്ടായവര്‍ കാണും. എന്നാല്‍ സ്ഥിരമായി പേടിച്ചുജീവിക്കുന്ന, ആറുമണി കഴിഞ്ഞാല്‍ സ്വന്തം വീട്ടുമുറ്റത്ത്‌ ഇറങ്ങാന്‍ പോലും ആണ്‍തുണ വേണമെന്ന് വിശ്വസിക്കുന്ന സ്ത്രീകളെ ഞാന്‍ വേറെ എവിടെയും കണ്ടിട്ടില്ല.

തനിച്ചുള്ള രാത്രി ഓര്‍മ്മകള്‍ ഇപ്പോഴുമില്ല എനിക്ക്. ഈ നഗരത്തില്‍ ഒരു പേടിയുമില്ലാതെ ചുറ്റുമുള്ള സ്ത്രീകളെല്ലാം ജീവിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ ഉള്ളിലെ പേടികളുടെ കനലുകളെ ചാരമിട്ട് മൂടിവെച്ചിരിക്കുകയാണ്. ആണ്‍കൂട്ടില്ലാതെ ഞാന്‍ രാത്രി എന്തെന്ന് കണ്ടിട്ടേയില്ല. ശവപ്പെട്ടിക്കുള്ളില്‍ കിടന്നാല്‍ പോലും നേരം വൈകിയാല്‍ എന്‍റെ നെഞ്ചിടിക്കും. വേഗം നടന്ന് വീട്ടിലെത്താന്‍ തോന്നും… കേരളത്തില്‍ വളര്‍ന്ന കുട്ടിക്കാലത്തിനും കൌമാരത്തിനും യൌവനത്തിന്‍റെ ആദ്യപകുതിക്കും ആ കാലം സമ്മാനിച്ച പേടിയുടെ പ്രേതങ്ങള്‍ക്കും നന്ദി. എന്നെങ്കിലും കേരളത്തിന്‍റെ അത്തരം ഓര്‍മ്മകള്‍ മനസ്സില്‍ നിന്ന് മാറണമെന്ന് ആഗ്രഹിക്കുന്നുണ്ട് ഞാന്‍. എങ്കിലും പേടിപ്പിക്കുന്ന നഗരങ്ങളിലും അപരിചിതരായ മറുനാട്ടുകാരുടെ ഇടയിലും ഞാന്‍ വളരെ സുരക്ഷിതയാണ്. ഒരിക്കലും ഞാന്‍ നാട്ടിലേയ്ക്ക് തിരിച്ചുവരില്ല. എനിക്ക് നിങ്ങളുടെ മനോഹരമായ ചാരുപടിയുള്ള വീടുകളും ക്ലോറിന്‍ ചുവയ്ക്കാത്ത വെള്ളവും സുഖകരമായ കാലാവസ്ഥയും നൊസ്ട്ടാള്‍ജിയക്കൂട്ടങ്ങള്‍ പുലമ്പുന്ന മറ്റ് യാതൊരു സൌകര്യങ്ങളും വേണ്ട. വളരെ നന്ദി!

കൊച്ചിക്കും ബാംഗ്ലൂര്‍ക്കുമിടയില്‍ രാത്രി

മായ്ച്ചാലും മായാത്ത പേടികള്‍, രാത്രികള്‍

ആകാശത്തെ തേരോട്ടങ്ങള്‍

നിയോണ്‍ നിലാവത്ത്

ഈ നിലാവിന് അതിരു വരച്ചതാരാണ്?

ഇവിടെ രാത്രി, പകലിന്റെ തുടക്കം

7 thoughts on “മായ്ച്ചാലും മായാത്ത പേടികള്‍, രാത്രികള്‍.

 1. നല്ല ലേഖനം പ്രഭാ! പ്രശ്നം വെറും സെക്ഷുഅല് ഫ്രാസ്ട്രറേന്‍ മാത്രമല്ല എന്ന് തോന്നുന്നു. അതിന്റെ വേരുകള്‍ തപ്പിചെന്നാല്‍ എത്തുന്നത്‌ അച്ഛനമ്മമാരില്‍ തന്നെയാവാനാണ് സാധ്യത, പ്രത്യേകിച്ചും അമ്മമാര്‍. ഇങ്ങനെ പോട്ടിചിരിക്കരുത്, നീ പെണ്ണാണ്‌ എന്ന് ഉപദേശിക്കുന്ന അമ്മമാര്‍, നീ ആണ്‍ കുട്ടിയാണ് കരയരുത് എന്ന് പറയുന്ന അച്ചന്മാര്‍. ഒരിക്കലും ആണ്‍ കുട്ടിയേയും പെണ്‍കുട്ടിയെയും ഒരുപോലെ കാണാന്‍ കഴിയാത്ത അച്ഛനമ്മമാര്‍ക്ക് എങ്ങനെ സ്ത്രീയെ മജ്ജയും മാംസവും വികാരങ്ങളും ഉള്ള ഒരു വ്യക്തിയായി കാണാന്‍ പറ്റുന്ന ഒരു മകനെ സൃഷ്ടിക്കാന്‍ പറ്റും? ഞാന്‍ അമ്മ എന്ന് എടുത്തു പറയാന്‍ കാരണം, സ്ത്രീകള്‍ക്ക് ഏറ്റവും സത്രുക്കലയിട്ടുള്ളത് സ്ത്രീകള്‍ തന്നെയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആണ്‍ കുട്ടികളെ ലാളിച്ചു വഷളാക്കി നശിപ്പിക്കുന്നതും അവര്‍ തന്നെ. ഏകദേശം പത്തു വര്‍ഷത്തെ പുറം നാട്ടിലെ ജീവിതം മതിയാക്കി കുറച്ചു കാലം നാട്ടില്‍ താമസിക്കാന്‍ (പ്രഭ പറഞ്ഞ ആ ഒരു നൊസ്റ്റാള്‍ജിയ തന്നെയാണ് കാരണം എന്ന് തോന്നുന്നു) എത്തിയ എനിക്ക്, അങ്ങേയറ്റം വെറുത്തു പോയി ഈ നാട്– പെണ്ണിനെ വെറും മുടിയും, മുലയും, മേനിയും മാത്രമായിക്കാണുന്ന ഒരു പട്ടം MCP കളുടെ നാട്!

 2. നല്ല ലേഖനം, ഡല്‍ഹിയില്‍ ജീവികുന്നത് പോലെ കേരളത്തില്‍ ജീവിക്കാന്‍ പറ്റില്ല. കേരളത്തില്‍ ഡല്‍ഹിയുടെ മെട്രോ സ്വകാര്യത കിട്ടില്ല. സ്വന്തമായി പ്രവര്‍ത്തിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്രം, അതൊരു വലിയ കാര്യം തന്നെയാണ്. പക്ഷെ ഇപ്പോള്‍ അമ്മ കേരളതിലല്ലേ? മറ്റു സ്വന്തക്കാരും നാട്ടിലല്ലേ? അവര്‍ ഡല്‍ഹിയില്‍ വന്നാല്‍ ഈ പറയുന്ന ഡല്‍ഹി പഴയ ഡല്‍ഹി തന്നെയാകുമോ? നമ്മുടെ നാട്ടിലെ ചിന്താഗതിയുടെ തന്നെ പ്രശ്നമാണ് അത് സഹിക്കാന്‍ വയ്യാതെ പുറത്തു ചാടി കുറ്റം പറയുന്നതിലെ activisam എത്രമാത്രമുണ്ട്? നാട്ടില്‍ സ്ത്രീകളാരും സ്വന്തമായ ചിന്തഗതികുമായി പ്രവര്‍ത്തിക്കുന്നില്ലേ?

  പിന്നെ സ്ത്രീകളോടുള്ള ആക്രമണത്തിന്റെ കാര്യം. ഈ കാര്യത്തില്‍ കേരളവും ഡെല്‍ഹിയുമായി (ആന്ധ്രയുമായി )compare ചെയ്യുന്നതിന്റെ സാന്ഗത്യം എന്താണെന്ന് മനസ്സിലാവുന്നില്ല. http://ncrb.nic.in/cii2007/cii-2007/CHAP5.pdf . ഇത് ഞാന്‍ ഉണ്ടാക്കിയ കണക്കല്ല. ഇതില്‍ just കേരളം എന്നൊന്ന് search ചെയ്തു നോക്കുക, പിന്നെ ഡല്‍ഹിയെന്നും. എന്നിട്ട് അതൊന്നു വായിച്ചു മനസ്സിലാക്ക് സഹോദരിമാര്‍ രണ്ടു പേരും, അപ്പോള്‍ അറിയാം രാത്രി നടന്ന വീഥികളും കണ്ട കാഴ്ചകളും എത്ര മാത്രം safe ആയിരുന്നെന്നു. കേരളത്തില്‍ നിന്നുള്ള ഒരു പുരുഷനെന്ന നിലക്ക് ആ വഴികളിലൂടെ ഇ സമയങ്ങളില്‍ നടക്കരുതെന്നു തന്നെ ഞാന്‍ പറയും, അത് ചിന്തയെയോ പ്രവര്ത്തികലെയോ തടയനല്ല മറിച്ച് safety മാത്രം കണക്കിലെടുത്ത് കൊണ്ടാണെന്ന് അറിയുക. ഇനി അതല്ല സ്വന്തമായി ഇങ്ങനെ ഒരാക്രമത്തെ (അക്രമങ്ങളെ) നേരിടാന്‍ പട്ടുമെന്നുണ്ടെങ്കില്‍ ഇതേല്ലാം ആവാം. First try to analyze the situation rationally without prejudices, if you were in Pune and in town, I would say you go ahead in the night but not in Delhi. In Delhi (or generally in Metros) I dont think these social issues are much talked except other than in their respective circles. Also, once you are outside your native and outside the care of all those MCP’s you one will be looking for most safe and good area for living, most probably alienating from local people (i m also outside kerala) thus will be alienating ourselves from local people or culture (i may be wrong about you, but this generally happens). Try to get out and feel it, but please be safe!!! it seems that “പെണ്ണിനെ വെറും മുടിയും, മുലയും, മേനിയും മാത്രമായിക്കാണുന്ന ഒരു പട്ടം മ്ച്പ്” are more there in delhi.

 3. “”കേരളത്തില്‍ ഉള്ളത് “സദാചാരവും” സെക്ഷ്വല്‍ ഫ്രസ്ട്രേഷനും കൂടി ഭ്രാന്ത്‌ പിടിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണെങ്കില്‍””
  thanks, at least admitted kerala is having some സദാചാരo !! do u think that is really bad???

  “ഡെല്‍ഹിയിലുള്ളത് പോലീസിന്‍റെ മൂക്കിനുകീഴെയായതുകൊണ്ട് ഇസ്തിരിയിട്ട ഒരു അച്ചടക്കം പാലിക്കുന്ന ഒരു സമൂഹമാണ്” joke of the year!!

 4. അരുണ്‍,
  ഈ രോഷം കാണുമ്പോള്‍ ചിരി വരുന്നു. ആര്‍ക്കു വേണ്ടിയാണ് ഈ പ്രകടനം. ഈ ലേഖനം ശരിക്കും വായിച്ചില്ലേ? ഡല്‍ഹി സ്വര്‍ഗമാണെന്നാണോ ഇതില്‍ പറയുന്നത്.കേരളം നരകമാണെന്നോണോ?
  ഇത് ഒരുവള്‍ ഈ രണ്ട് സ്ഥലങ്ങളിലും അനുഭവിച്ച ജീവിതമാണ്. അവളത് തുറന്നു പറയുമ്പോള്‍ ഇത്തരം ലോജിക്കുമായി വരുന്നതിന്റെ അര്‍ഥമെന്താണ്. കേരളത്തില്‍ രാത്രി ഇറങ്ങി നടക്കുന്നത് അത്ര സേഫ് അല്ലെന്ന താങ്കളുടെ ഉപദേശത്തിന്റെ അര്‍ഥം എന്താണ്. ഈ പറയുന്ന കാര്യങ്ങള്‍
  മറ്റൊരു ഭാഷയില്‍ ന്യായീകരിക്കുക തന്നെയല്ലേ താങ്കള്‍.
  ഒരാള്‍ ജീവിച്ച ജീവിതത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി അല്ല, ഇതല്ല നിങ്ങളുടെ ജീവിതമെന്ന് മുറുമുറുക്കുന്നത് എന്തൊരു അശ്ലീലമാണ്!

 5. ഇതും കൂടി ചേര്‍ത്ത് വായിക്കുക “സ്ത്രീകളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന നഗരമായി രാജ്യതലസ്ഥാനം മാറുന്നു. കഴിഞ്ഞ വര്‍ഷം 414 ബലാത്സംഗ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 35 നഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഡല്‍ഹിയിലാണ്.”

 6. cheruthayi kannuneer vannu.
  “bandhurakaanchanakkoottilanengilum bandhanam bandhanam thanne paaril”
  alle chechi? thirike varenda, kapadasadaachaara mukhammoodiyaninja njangalude idayilekku ini varenda.

 7. ഡല്‍ഹിയിലെ രാത്രികളെ കുറിച്ച് ഓര്‍ത്തു ആനന്ദ അശ്രു പൊഴിച്ച ഈ ചേച്ചി ഇന്നെവിടെയാണോ .. അന്ന് ഞാനും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു ഈ പോസ്റ്റു ഷെയര്‍ ചെയ്തിരുന്നു, കേരളത്തെ കുറെ തെറിയും പറഞ്ഞു . അതിനു ശേഷം ഡല്‍ഹിയില്‍(sex ratio is 866 females per 1000 males.) , പഞ്ചാബില്‍ , ഹരിയാനയില്‍ ഇപ്പോള്‍ മദ്ധ്യ പ്രദേശില്‍ .. ഉള്ളൂ പൊളളയായ ഇന്ത്യയുടെ ഹ്രിദയ ഭാഗങ്ങളില്‍ ജീവിതം നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തു . പലയിടത്തും പെണ്ണായി ജനിക്കുന്നതിലും(ജനിക്കാന്‍ അനുവദിച്ചാല്‍ ) ഭേദം പശു ആയി ജനിക്കുന്നതാണ് . ഗായ് മാതയുടെ അന്തസ്സെവിടെ സ്ത്രീ കളുടെ അവസ്ഥയെന്ത് . മദ്ധ്യ പ്രദേശിലെ ദാര്‍ നഗരത്തിലിരുന്നു ഇത് കുറിക്കുമ്പോള്‍ പുറം കാഴ്ചകള്‍ കാണുമ്പൊള്‍ കേരളത്തില്‍ ജനിച്ചത്‌ എത്രയോ ഭാഗ്യം എന്നു തിരിച്ചറിയുന്നു .. ഇന്ന് കേരളത്തെ പുചിക്കുന്ന പോസ്റ്റുകള്‍ കാണുമ്പൊള്‍ ലൈക്‌ പോലും ചെയ്യാന്‍ കഴിയില്ല ‘ഭാരതത്തില്‍ ‘ നിന്ന് കേരളത്തിലേക്ക് നോക്കുമ്പോള്‍ എത്ര മനോഹരം ആണ് സുന്ദരം ആണ് കൊച്ചു കേരളം എന്ന് തിരിച്ചറിയുന്നു . എന്‍റെ കേരളം എത്ര സുന്ദരം

Leave a Reply

Your email address will not be published. Required fields are marked *