ആകാശത്തെ തേരോട്ടങ്ങള്‍

കോഴിക്കോട് കുറ്റിച്ചിറയിലും കല്ലായിയിലുമുള്ള ചില പെണ്‍സുഹൃത്തുക്കള്‍ രാത്രി പത്തുമണിക്കുശേഷം ബീച്ചില്‍പോയിരുന്ന് കാറ്റുകൊള്ളുകയും ആകാശം കാണുകയും ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് അപൂര്‍വ്വം സ്ത്രീകള്‍ക്കുമാത്രം കിട്ടുന്നതാണെന്നറിയാം. കുട്ടിക്കാലത്ത് നല്ലൊരു ആകാശനോക്കിയായിരുന്നിട്ടും എനിക്കവരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അസൂയ തോന്നി-മൈന ഉമൈബാന്‍ എഴുതുന്നു

 

painting by pablo picasso

 

‘രാത്രിയില്‍ നിങ്ങളും കുഞ്ഞുമോനും ഉറങ്ങിക്കഴിയുമ്പോള്‍ ആകാശം കാണാന്‍ മട്ടുപ്പാവിലിറങ്ങി നില്ക്കുന്ന എന്റെ മനസ്സ്, അതിന് അപ്പോള്‍ കിട്ടുന്ന ആനന്ദം നിങ്ങള്‍ക്കൂഹിക്കാന്‍ കഴിയുമോ? ആകാശത്തിലെ വേട്ടക്കാരനും മകരമത്സ്യവും നിലാവില്‍ അനങ്ങുന്ന ഓലത്തുമ്പിന്റെ മൗനസംഗീതവും ചിലപ്പോഴൊക്കെ രാവിന്റെ കരിംസൗന്ദര്യവും എന്റെ സ്വകാര്യതയില്‍ സലോമിയെ ഉണര്‍ത്തുന്നു. കയ്യില്‍ വെള്ളിത്താമ്പാളവുമായി മിഴി ചിതറി, കണ്ണുജ്വലിച്ച്, നാവുനുണഞ്ഞ് , സലോമിയുടെ നൃത്തം. എന്റെയാ കൊച്ചു സ്വകാര്യതയ്ക്ക് നിങ്ങള്‍ ഇത്രയേറെ വില കല്പിച്ചിരുന്നുവോ?’
(ചന്ദ്രമതിയുടെ ജനകീയ കോടതി )

 

 

ഈ കഥയിലെ മൈക്കിള്‍ ജോസഫ്, ഭാര്യ മേബിളിനെ ജനകീയ കോടതിക്കു മുമ്പില്‍ നിര്‍ത്തുമ്പോള്‍ ഭാര്യ എന്ന നിലയിലുളള കുറവുകള്‍ പറയുന്ന കൂട്ടത്തില്‍ പറയുന്നതാണ് ‘ രാത്രിയില്‍ നിര്‍വേദഭാവേന അവളെന്നെ അവഗണിക്കുന്നു’ എന്ന്. അതിനുള്ള മറുപടിയാണ് മുകളില്‍ കൊടുത്ത മേബിളിന്റെ വാക്കുകള്‍.

രാത്രിയില്‍ മട്ടുപ്പാവില്‍ നിന്നു കാണുന്ന ഒരു തുണ്ട് ആകാശം പോലും സ്ത്രീക്ക് അന്യമാണെന്ന്, അതുപോലും ആസ്വദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുവെയ്ക്കുന്നു.

ശരിയാണ്, ആകാശത്തെ് മകരമത്സ്യമോ വേട്ടക്കാരോ മിന്നാമുനുങ്ങുകളോ രാത്രിയുടെ കരിം സൗന്ദര്യമോ സ്ത്രീക്ക് അന്യമാണ്. ആണുങ്ങളുള്ളപ്പോള്‍ വീടിന്റെ പൂമുഖം അന്യമാകും പോലെ. അവള്‍ കരിപിടിച്ച ചിമ്മിനി ചുമരില്‍ രാത്രിയുടെ സൗന്ദര്യം കാണണം. അവിടെ നക്ഷത്രങ്ങളെയും മിന്നാമിനുങ്ങുകളെയും കാണണം.

രാത്രിയുടെ സൗന്ദര്യം സ്ത്രീക്ക് അന്യമാണോ എന്ന ചോദ്യത്തിനു മുന്നിലാണ് ഞാനിക്കാര്യത്തെക്കുറിച്ച് ആലോചിച്ചു പോകുന്നത്. കുട്ടിക്കാലത്തോ കുറച്ചു മുതിര്‍ന്നപ്പോഴോ രാത്രിയെനിക്ക് അന്യമായിരുന്നില്ല. നിലാവില്‍ ആറ്റുവക്കത്തെ പാറയില്‍ കിടന്ന് ആകാശം കണ്ടിരുന്നു. അപ്പോഴെന്റെ മനസ്സ് തൊട്ടുചേര്‍ന്നൊഴുകുന്ന പുഴയിലോ, ഭൂമിയിലോ ആയിരുന്നില്ല. ആകാശത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിലായിരുന്നു.

കുഞ്ഞാങ്ങളമാര്‍ക്കൊപ്പം ചൂട്ടും കത്തിച്ച് മീന്‍പിടിക്കാന്‍ പോവുകയും മിന്നാമിനുങ്ങുകളെപ്പിടിച്ച് അത് പകലും മിനുങ്ങുമോ എന്നറിയാന്‍ പെട്ടിയിലടച്ചുവെയ്ക്കുകയും ചെയ്തു.
മൂന്നാറിലേക്ക് സബ് ജില്ലാ യൂത്ത് ഫെസ്റ്റിവലിന് പോകാന്‍ സ്‌കൂളില്‍ തങ്ങിയ രാത്രി സ്‌കൂള്‍ പറമ്പിലൂടെ ചുമ്മാ നടന്നതും കന്യാസ്ത്രീകള്‍ നട്ടുപിടിപ്പിച്ച റോസാപ്പൂക്കള്‍ കട്ടുപറിച്ച്ക ന്യാമറിയത്തിന് സമര്‍പ്പിച്ചതിനും നിലാവുമാത്രം സാക്ഷി.

അതുകൊണ്ടൊക്കെയാവാണം മറ്റു പെണ്‍കുട്ടികള്‍ക്ക് രാത്രി എങ്ങനെയെന്നൊന്നും ചിന്തിക്കാന്‍ മിനക്കെടാഞ്ഞത്.
പുറംലോകം, പകലുപോലും സ്ത്രീക്ക് നിഷിദ്ധമാണെന്ന് ഇന്ന് തിരിച്ചറിയുന്നു. അപ്പോള്‍ രാത്രി എന്നാഗ്രഹിക്കുന്നതു തന്നെ നടക്കാത്ത സ്വപ്‌നമാണ്. പുറം ലോകത്തിന്റെ , രാത്രിയുടെ സൗന്ദര്യത്തേക്കാളുപരി ഭയപ്പെടുത്തുന്ന വാക്കുകളാണ് അവള്‍ കേട്ടു വളരുന്നത്. സൗന്ദര്യം ആസ്വദിക്കാനിറങ്ങിയാല്‍ തിരിച്ചു വരേണ്ടി വരില്ലെന്നും നല്ലപിള്ള അടങ്ങിയൊതുങ്ങിയിരിക്കുന്നതാണ് നല്ലതെന്നും.

കൗമാരത്തില്‍ എനിക്കൊരു പ്രണയമുണ്ടായിരുന്നു.
അവന്റെ വീട് ഒരു മലയ്ക്കുമുകളിലാണെന്നറിഞ്ഞ നിമിഷം മുതല്‍ എന്റെ ജനലുകള്‍ തുറന്നു കിടന്നു. രാത്രി അവിടെ വിളക്കുകത്തുന്നത് കണ്ടു.
പിന്നീടെന്നും എന്റെ ജനലുകള്‍ തുറന്നു കിടന്നു. രാത്രിയില്‍ ജനലഴികളില്‍പിടിച്ച് ഞാന്‍ അങ്ങോട്ടേക്കു നോക്കി നിന്നു.

ഒരു കീറാകാശത്തിന്റെ ദൂരം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ആ ദൂരത്തെ ഞാനെപ്പോഴും അളന്നളന്ന് നോക്കാന്‍ ശ്രമിച്ചിരുന്നു. എന്നിലെ യുക്തിബോധത്തിനപ്പുറമായിരുന്നു ആ പ്രണയമെങ്കിലും …ഇരുട്ടില്‍ ഒരു കൂമനോ, നത്തോ ആവാന്‍ ഞാന്‍ കൊതിച്ചു. ഓരോ മരച്ചില്ലയില്‍ നിന്ന് മറ്റൊന്നിലേക്ക് അവിടെനിന്ന് പറന്ന് പറന്ന്…
അവിടെ മലയുടെ തുഞ്ചത്തെ വീട്ടില്‍ നിന്ന് അവന്‍ എന്നെ കാണുന്നുണ്ടാവുമോ എന്നെല്ലാം ആലോചിച്ച് ജനാലയ്ക്കല്‍ എത്ര നേരമാണ് നിന്നതെന്ന് ഓര്‍മയില്ല
.
‘നിനക്കെന്നാ വട്ടാണോ’ -വീട്ടിലുള്ളവര്‍ ചോദിച്ചു.
ഒരു ജനലില്‍ നിന്നുള്ള കാഴ്ചകള്‍ പോലും സ്ത്രീക്ക് അന്യമാണെന്ന് തിരിച്ചറിയുന്നു.

കോഴിക്കോട് കുറ്റിച്ചിറയിലും കല്ലായിയിലുമുള്ള ചില പെണ്‍സുഹൃത്തുക്കള്‍ രാത്രി പത്തുമണിക്കുശേഷം ബീച്ചില്‍പോയിരുന്ന് കാറ്റുകൊള്ളുകയും ആകാശം കാണുകയും ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് അപൂര്‍വ്വം സ്ത്രീകള്‍ക്കുമാത്രം കിട്ടുന്നതാണെന്നറിയാം.
കുട്ടിക്കാലത്ത് നല്ലൊരു ആകാശനോക്കിയായിരുന്നിട്ടും എനിക്കവരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അസൂയ തോന്നി.

രാത്രിയില്‍ പ്രേതത്തെയും പിശാചിനെയും കണ്ടത് അധികവും ആണുങ്ങളായിരുന്നു. അവരെ അപായപ്പെടുത്താന്‍ വന്ന യക്ഷി മുന്നിലും പിന്നിലുമായി നടന്നു. അവള്‍ കരിമ്പനയുടെ അടുത്തെത്തി മറഞ്ഞു പോയി. അല്ലെങ്കില്‍ പുഴയോരത്തെത്തിയപ്പോള്‍ ആഴത്തിലേക്ക് മുങ്ങിത്താണു പോയി. കല്ലുവെച്ച നുണകളോ മിത്തോ സത്യമോ?

കേള്‍ക്കുമ്പോള്‍ സത്യമെന്നപോലെ നമ്മളും ഇരുട്ടത്ത് ചൂട്ടുവെട്ടത്തില്‍ വയല്‍വക്കത്തുകൂടിയും ഇടവഴിയിലൂടെയും നടക്കുകയാണ്. മനസ്സിന്റെ സഞ്ചാരം.
പണ്ടൊക്കെ മുറ്റത്തേക്കിറങ്ങിയാല്‍ പെണ്ണുങ്ങള്‍ കൈയ്യില്‍ ഇരുമ്പു കരുതണം. ഭൂതപ്രേതാദികളില്‍ നിന്ന്, രക്തദാഹിയായ യക്ഷികളില്‍ നിന്ന് രക്ഷനേടാന്‍…
ആ ചുടലയക്ഷികള്‍ എങ്ങോ പോയിയൊളിച്ചു. പെണ്ണിനു ഭയം ആണിനെ മാത്രമാണ്.

വിലക്കുകള്‍, ഭയപ്പെടുത്തല്‍ അവള്‍ക്കെന്നും. എവിടെയും ലക്ഷ്മണരേഖകള്‍. സീതാദേവി പോലും ലക്ഷ്മണരേഖ മുറിച്ചു കടന്നു പോയതാണല്ലോ സര്‍വ്വ കുഴപ്പങ്ങള്‍ക്കും കാരണമായത്- അതുകൊണ്ടവര്‍ക്ക് പുഷ്പകവിമാനത്തില്‍ കയറി യാത്രചെയ്യാന്‍ പറ്റി. കടലു കാണാന്‍ പററി. ലങ്ക കാണാന്‍ പറ്റി എന്നിങ്ങനെയും പറയാം.

അമ്പലപറമ്പില്‍ ഉത്സവത്തിനുപോയതും വഅള് (മതപ്രസംഗം) കേള്‍ക്കാന്‍ പള്ളിയില്‍പോയതുമാവണം ചില ഭക്തകള്‍ക്കുകിട്ടിയ രാത്രിയുടെ ബഹളത്തില്‍ മുങ്ങിയ ഉപഹാരം.

നിശബ്ദതയില്‍ ഒരു നടത്തം. നത്തിന്റെ മൂളല്‍, പുഴയൊഴുകുന്നതിന്റെ സംഗീതം, യക്ഷിപ്രേതാദികളുടെ പാദസരകിലുക്കങ്ങള്‍, ആകാശത്തെ തേരോട്ടം എല്ലാം, നഷ്ടം, നഷ്ടം.

കൊച്ചിക്കും ബാംഗ്ലൂര്‍ക്കുമിടയില്‍ രാത്രി

മായ്ച്ചാലും മായാത്ത പേടികള്‍, രാത്രികള്‍

ആകാശത്തെ തേരോട്ടങ്ങള്‍

നിയോണ്‍ നിലാവത്ത്

ഈ നിലാവിന് അതിരു വരച്ചതാരാണ്?

ഇവിടെ രാത്രി, പകലിന്റെ തുടക്കം

7 thoughts on “ആകാശത്തെ തേരോട്ടങ്ങള്‍

 1. നന്നായിട്ടുണ്ട്….സ്ത്രീയുടെ വിഹ്വലതകള്‍…. നഷ്ടബോധങ്ങള്‍…. തിരിച്ചറിയപ്പെടാത്ത പ്രണയങ്ങള്‍…. കാമനകള്‍….
  ഏകാന്തത ആണായ ഞാനും കൊതിക്കുന്നുണ്ട്‌… ഒറ്റകാവാന്‍,സ്വത്വതിലോളിക്കാന്‍…. ശരിക്കുമുള്ള ഞാനാകാന്‍….

 2. ആശ പൂര്‍ണ്ണ ദേവിയുടെ മൂന്നു പുസ്തകങ്ങള്‍ ഉണ്ട്..അതില്‍ ബകുളിന്റെ കഥയില്‍ ആണെന് തോന്നുന്നു..
  കല്‍ക്കട്ടയില്‍ ഭര്‍ത്താവും കുടുമ്പവും വീട് വൈക്കുകയാണ്..
  അവളുടെ ഒരേ ഒരാഗ്രഹം ഒരു ജനാല തെരുവിലേക്ക് വേണം എന്നാണു
  .മറ്റേതൊരു ഭീരുവായ ഭര്‍ത്താവിനെയും പോലെ അവളുടെ ഭര്‍ത്താവും അത് സമ്മതിച്ചു..
  എന്നാല്‍ പണി പൂര്‍ത്തിയായി താമസിക്കാന്‍ വന്നപ്പോള്‍ അതില്‍ ജനാല ഉണ്ടായിരുന്നില്ല..
  അവളുടെ നിരാശ എത്ര തീവ്രം
  ഒരു നൂറ്റാണ്ടിനു മുന്‍പ് സ്ത്രീയുടെ സ്ഥിതി എന്തോ..
  അത് തന്നെ ഇപ്പോഴും..
  ഒരു നുള്ള് ആകാശത്തിനു ആസ്തിത്ത്വം തന്നെ നല്‍കേണ്ടി വരുന്നു

  നിര്‍ജീവമായ മാംസ കുമിളകള്‍ മാത്രമാവുന്ന സ്ത്രീകള്‍..

  നന്നായി എഴുതി..

 3. “കോഴിക്കോട് കുറ്റിച്ചിറയിലും കല്ലായിയിലുമുള്ള ചില പെണ്‍സുഹൃത്തുക്കള്‍ രാത്രി പത്തുമണിക്കുശേഷം ബീച്ചില്‍പോയിരുന്ന് കാറ്റുകൊള്ളുകയും ആകാശം കാണുകയും ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് അപൂര്‍വ്വം സ്ത്രീകള്‍ക്കുമാത്രം കിട്ടുന്നതാണെന്നറിയാം. കുട്ടിക്കാലത്ത് നല്ലൊരു ആകാശനോക്കിയായിരുന്നിട്ടും എനിക്കവരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അസൂയ തോന്നി..”

  എനിക്കറിയാവുന്ന ഒരാള്‍ (സ്ത്രീ, മുസ്ലീം) കുറച്ച്‌ മാസങ്ങള്‍ക്കുമുമ്പ്‌ കുറ്റിച്ചിറയിലെ മുസ്ലീം സ്ത്രീകളെപ്പറ്റി പറഞ്ഞത്‌ — “അവര്‍ പര്‍ദ്ദ ധരിക്കും, അതേ സമയം മൈലാഞ്ചിയൊക്കെ ഇട്ട്, ഫാഷനബിള്‍ ആയി നടക്കുകയും ചെയ്യും. അവര്‍ രാത്രിയൊക്കെ ഒരു പേടിയും കൂടാതെ റോട്ടില്‍ ഇറങ്ങി നടക്കും. ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ ഒറ്റയ്ക്ക് നേരിടുകയും ചെയ്യും. അതൊക്കെ നല്ലത് തന്നെ — പക്ഷേ അവിടത്തെ ചില പെണ്ണുങ്ങള്‍ മതത്തിന്റെ പേര് കളയാനായിട്ട് ഇറങ്ങും — ‘മറ്റേ’ പണിയ്ക്ക് പോവുന്ന പെണ്ണുങ്ങള്‍. അവരും രാത്രിയൊക്കെ പര്‍ദ്ദ ഇട്ടാണ് ഇറങ്ങുന്നത്!” ‘അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ’ എന്ന സങ്കല്‍പ്പത്തിന്റെ അടയാളമായി മാത്രം പര്‍ദ്ദയെ കണ്ട് / കേട്ട് പരിചയിച്ച (അത് മാത്രം കേട്ട് ബോറടിച്ച) എനിക്ക് അതൊരു പുതിയ അറിവായിരുന്നു. ഇപ്പോള്‍ മൈന പറയുന്നതും.

 4. കോഴിക്കോട് പഠിക്കുന്ന കാലത്താണ് ഞാന്‍ ആദ്യമായി സെക്കന്‍ഡ് ഷോയ്ക്ക് പര്‍ദ്ദയിട്ട പെണ്ണുങ്ങളെ തെയേറ്ററില്‍ കാണുന്നത്. മറ്റ് നാട്ടുകാരായ ആളുകള്‍ അത്ഭുതം കൂറുമായിരുന്നു….

 5. വിലക്കുകള്‍, ഭയപ്പെടുത്തല്‍ അവള്‍ക്കെന്നും. എവിടെയും ലക്ഷ്മണരേഖകള്‍. സീതാദേവി പോലും ലക്ഷ്മണരേഖ മുറിച്ചു കടന്നു പോയതാണല്ലോ സര്‍വ്വ കുഴപ്പങ്ങള്‍ക്കും കാരണമായത്- അതുകൊണ്ടവര്‍ക്ക് പുഷ്പകവിമാനത്തില്‍ കയറി യാത്രചെയ്യാന്‍ പറ്റി. കടലു കാണാന്‍ പററി. ലങ്ക കാണാന്‍ പറ്റി എന്നിങ്ങനെയും പറയാം.

 6. നന്നായിട്ടുണ്ട് മൈന…
  തീവണ്ടി യാത്രകളില്‍ പാതിരാവില്‍
  ഉറങ്ങാതിരുന്നു കണ്ട ആകാശം, ഭൂമി,പുഴ,മലകള്‍,നഗരങ്ങള്‍,ഗ്രാമങ്ങള്‍…
  പുലരുമ്പോള്‍ തോന്നുന്ന നഷ്ടബോധം..ഒക്കെയുമോര്‍ത്തു പോയി…

 7. ഞങ്ങളുടെ രാത്രിവാനത്ത് അങ്ങുദൂരെ കുടുക്കക്കാവിലെക്കുള്ള പൂവപ്പരംപുകാവിലമ്മയുടെ തേരോട്ടം അരികില്‍ ചേര്‍ത്ത് നിര്‍ത്തി കൈ ചൂണ്ടി കാണിച്ചു തന്ന അമ്മ….നിലാവിന്റെ വെള്ളിത്തുരങ്കങ്ങളിലൂടെ നടുമുറ്റത്തെത്തി അകന്നകന്നു അലിഞ്ഞുപോയ ദേവനൂപുരങ്ങളുടെ നേര്‍ത്ത കിലുക്കങ്ങള്‍ കഥയുടെ ചില്ലുജാലകങ്ങള്‍ തുറന്നു കേള്‍പ്പിച്ചു തന്ന വല്യ താട്ട്യമ്മ…എല്ലാരേയും ഒരിക്കല്‍ കൂടി ഓര്‍മ്മയിലെത്തിച്ച്ചതിനു വളരെ നന്ദിയുണ്ട് മൈന…

Leave a Reply

Your email address will not be published. Required fields are marked *