നിയോണ്‍ നിലാവത്ത്

കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് എന്നാണ് ഈ നിയോണ്‍ നിലാവത്ത് നടക്കാനാവുക? എന്നാണ് സംശുദ്ധ, സാക്ഷര, പുരോഗമന, പ്രബുദ്ധ കേരള സമൂഹം ആ ചെറിയ സ്വാതന്ത്യ്രം സ്ത്രീകള്‍ക്ക് നല്‍കുക? – ന്യൂദല്‍ഹിയില്‍ ഗവേഷക വിദ്യാര്‍ഥി കൂടിയായ ഫോട്ടോഗ്രാഫര്‍ അശ്വതി സേനന്റെ കുറിപ്പ്. ഒപ്പം അശ്വതി പകര്‍ത്തിയ രാത്രിനഗരത്തിന്റെ ദൃശ്യങ്ങള്‍

 

 

പണ്ടേയുണ്ടായിരുന്നു ക്യാമറയോട് ഒരിഷ്ടം.
ചെറുപ്പം മുതല്‍ ഫോട്ടോ എടുക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നു.
ഡിഗ്രിക്കു പഠിക്കുമ്പോള്‍ ചെറിയ ഒരു ഓട്ടോഫോക്കസ് ക്യാമറയായി ആ ആഗ്രഹം പിന്നാലെ കൂടി.
എന്നാല്‍, അതിനു ഫിലിം റോളും വാഷ് ചെയ്യാന്‍ അതിന്റെ അനുസാരികളും വേണമായിരുന്നു.
ഇത്തിരി ചെലവേറിയ കാര്യം.
അതിനാല്‍, ശ്രീനിവാസന്‍ പറഞ്ഞതുപോലെ എടുക്കാത്ത ചിത്രങ്ങളായിരുന്നു അന്നത്തെ എന്റെ മാസ്റ്റര്‍ പീസ്.
(എടുത്താല്‍ കിട്ടാത്ത എന്നു കൂടി വിവര്‍ത്തനം ചെയ്യാം).
എം.ഫില്ലിന് ഹൈദരാബാദില്‍ ചെല്ലുമ്പോഴാണ് ഈ ക്യാമറ കൂടെ കൂടിയത്.
ഒരു ചെറിയ ക്യാമറ വാങ്ങിത്തരാമെന്ന അച്ഛന്റെ വാഗ്ദാനമാണ് വാങ്ങുന്നെങ്കില്‍
വലിയതാവും നല്ലതെന്ന പറച്ചിലിലൂടെ ഈ ക്യാമറയായി രൂപം മാറിയത്.
അങ്ങനെ വന്നു, ഈ കാനന്‍ ക്യാമറ.
നാല് വര്‍ഷത്തോളമായി ഒപ്പം കൂടിയിട്ടു.
എന്‍റെ ഒപ്പം തെണ്ടല്‍ തന്നെ പണി!

 

നാലാമിടത്തിനു വേണ്ടി രാത്രിനഗരത്തിന്റെ ചിത്രങ്ങളെടുക്കാന്‍
ഞാന്‍ ഒരാഴ്ചയാണ് നടന്നത്.
ദല്‍ഹിയുടെ രാത്രി ജീവിതത്തിലേക്ക്,
സ്ത്രീ ജീവിതങ്ങളിലേക്ക് ക്യാമറയുമായി ഇറങ്ങിനടത്തം.
തീര്‍ച്ചയായും എന്റെ എല്ലാ പരിമിതികളും
ഇതോടൊപ്പമുണ്ട്.
ക്യാമറയിലേക്ക് എന്റെ കൂടെ കയറി വന്ന
ചില ചിത്രങ്ങള്‍ മാത്രമാണ് ഇതോടൊപ്പം.

 

 

ഇന്ത്യയുടെ ‘ബലാല്‍സംഗ തലസ്ഥാന’ത്തേക്കു തിരിക്കുമ്പോള്‍ രാത്രി യാത്രയെ കുറിച്ച് മനസ്സില്‍ ഉണ്ടായിരുന്ന ചിത്രങ്ങള്‍: ചീറിപ്പാഞ്ഞെത്തുന്ന വെളുത്ത മാരുതി വാന്‍. നീണ്ടു വരുന്ന കൈകള്‍. ചുരിദാര്‍ ഷോളിന്റെ ഒരറ്റം. പത്രത്തില്‍ തലക്കെട്ടുകള്‍.
ഉപദേശങ്ങള്‍ പല ഭാഗത്തനിന്നും നേരത്തെ വന്നിരുന്നു. ഏറെ വൈകരുത്. പെപ്പര്‍ സ്പ്രേ കരുതണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അങ്ങനെ, അങ്ങനെ…പക്ഷേ, നിയോണ്‍ വെളിച്ചം നിറഞ്ഞ നഗരത്തിന് എന്നെ ശ്രദ്ധിക്കാന്‍ എവിടെ സമയം? അതിന്റെ വേഗത്തിനും തുടിപ്പിനും ഒപ്പം ഞാനും കൂടി. രാത്രിയെ അറിയാന്‍…

 

 

‘കേവല്‍ മഹിളായേം’ എന്ന പിങ്ക് നിറത്തിലുള്ള ബാനറിനു താഴെ ഒരു മിനിറ്റ് ഇടവിട്ടു വരുന്ന മെട്രോ ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍, രാത്രിയോ പകലോ എന്നറിയില്ല. ഓര്‍ക്കാറില്ല. അപരിചിതരുമായി (പ്രത്യേകിച്ച് കണ്ടാല്‍ സംശയം തോന്നുന്നവരുമായി) സൌഹൃദപ്പെടാതിരിക്കുക, വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാതിരിക്കുക, വാതില്‍ ഇടത്തോ വലത്തോ തുറക്കുന്നത് തുടങ്ങിയ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രാത്രി (11 മണി വരെ), യാത്ര കുശാല്‍! എന്നാല്‍ മെട്രോ സ്റ്റേഷനില്‍ നിന്നിറങ്ങിയാലോ?

 

 

സൈക്കിള്‍ റിക്ഷയില്‍ ആദ്യം കയറാന്‍ മടിയായിരുന്നു. ഒരു പാവം മനുഷ്യന്‍ ഏന്തി വലിച്ചു കൊണ്ടുപോകുന്ന സൈക്കിള്‍ ശകടം. മടിയും തിരക്കും കൂടിയപ്പോള്‍ ന്യായീകരണമായി: അല്ല, അവര്‍ക്കും ജീവിക്കണ്ടേ? എല്ലാവരും ഇങ്ങനെ കരുതിയാല്‍ ഒരു യാത്രയില്‍ 10^15 രൂപ മാത്രം കിട്ടുന്ന ഇവര്‍ എങ്ങിനെ ജീവിക്കും? അങ്ങനെ മെട്രോ സ്റ്റേഷനില്‍നിന്ന് ഇറങ്ങി ഞാനും റിക്ഷയില്‍ യാത്ര തുടങ്ങി. ഭയ്യമാര്‍ സുരക്ഷിതമായി എന്നെ വീട്ടിലെത്തിച്ചു. അഞ്ച് രൂപക്ക് ഞാനും വഴക്കടിക്കാന്‍ പഠിച്ചു.

 

 

ജീവിതം മെട്രോ സുഗമമാക്കിയ കാരണം നാട്ടിലെ പോലെ ബസ് യാത്ര അത്ര പോരാ. എന്നാലും പിന്നോ കുടയോ ഇല്ലാതെ ഇതില്‍ യാത്ര ചെയ്യാം എന്നതാണ് പ്രത്യേകത. തുറിച്ചു നോട്ടങ്ങളും കുറവ്. പച്ചയും ചുകപ്പും ഓറഞ്ചും നിറത്തിലെ ലോ ഫ്ലോര്‍ ബസുകളിലും ബ്ലൂ ലൈന്‍ കില്ലര്‍ ബസുകളിലും നുള്ളല്‍, തോണ്ടല്‍ മുതലായ സംഗതികളും ഉണ്ടാകാറില്ല. മുട്ടിയുരുമ്മല്‍ പിന്നെ ഒഴിച്ചു കൂടാനാവാത്തതു കൊണ്ട് അതിനെ പറ്റി മിണ്ടുന്നില്ല!

 

 

എന്നാല്‍, നാട്ടില്‍ പോയാല്‍ രാത്രി ഒറ്റക്ക് യാത്ര ഒരു ആഗ്രഹം മാത്രമാണ്. സ്വന്തമായി വാഹനമില്ലാത്ത, ആണ്‍തുണയില്ലാത്ത ( അതും ഭര്‍ത്താവോ അച്ഛനോ ആവണം), ഒരു പെണ്‍കുട്ടിക്ക് ഒറ്റക്ക് നടക്കുക എന്നത് നിഷിദ്ധമത്രെ. ഇരുട്ടിയ ശേഷം ഒരു പെണ്ണിനെ പുറത്തുകണ്ടാല്‍ സദാചാര പാഠങ്ങള്‍ കിട്ടിയെന്നിരിക്കും ഫ്രീ ആയിട്ട്. തസ്നി ബാനുവിനെ പോലെ. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് എന്നാണ് ഈ നിയോണ്‍ നിലാവത്ത് നടക്കാനാവുക? എന്നാണ് സംശുദ്ധ, സാക്ഷര, പുരോഗമന, പ്രബുദ്ധ കേരള സമൂഹം (എന്‍റെ സുഹൃത്ത് പ്രഭ ഇതിലേറെ യോജിക്കുന്ന ചില വിശേഷണങ്ങള്‍ കേരളത്തിന് നല്‍കിയിരുന്നു) ആ ചെറിയ സ്വാതന്ത്യ്രം സ്ത്രീകള്‍ക്ക് നല്‍കുക?

കൊച്ചിക്കും ബാംഗ്ലൂര്‍ക്കുമിടയില്‍ രാത്രി

മായ്ച്ചാലും മായാത്ത പേടികള്‍, രാത്രികള്‍

ആകാശത്തെ തേരോട്ടങ്ങള്‍

നിയോണ്‍ നിലാവത്ത്

ഈ നിലാവിന് അതിരു വരച്ചതാരാണ്?

ഇവിടെ രാത്രി, പകലിന്റെ തുടക്കം

17 thoughts on “നിയോണ്‍ നിലാവത്ത്

 1. ദില്ലിയിലെ രാത്രികള്‍ എന്നെയും ഭയപ്പെടുത്തിയിട്ടില്ല, വര്‍ഷങ്ങള്‍ക്കു മുന്‍പ് മഞ്ഞുകാലത്തെ വിറങ്ങലിച്ച കരോള്‍ ബാഗ് രാത്രികളില്‍ തുടങ്ങിയ ജീവിതത്തില്‍ ഞാനുമീ രാത്രികളെ ഇഷ്ടപ്പെടുന്നു, ഇപ്പ്പോള്‍ എന്‍ക്ലേവിനുള്ളിലെ വഴിയോരത്ത്, പവിഴമല്ലിയുടെ ചുവട്ടിലെ സിമന്റ് ബഞ്ചില്‍ രാത്രി പത്തു മണിക്ക് തനിച്ചിരിക്കുമ്പോഴും ആരുമെന്ന് സംശയക്കണ്ണുകള്‍ കൊണ്ട് നോക്കുന്നില്ല,
  നന്നായി രാത്രി വിശേഷങ്ങള്‍ ..

 2. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലേക്ക് ഒരു നീണ്ട കാലാവധി താമസിക്കുന്നതിനായി വന്ന ഒരു സ്ത്രീയാണ് ഞാന്‍. 7 മണിക്ക് ശേഷം ഞാന്‍ ഒരു നഗരം അതിനു ശേഷം കണ്ടിട്ടില്ല. രാത്രി പോയിട്ട് , രാവിലെ വരെ ഒന്ന് ഇറങ്ങി നടക്കാന്‍ എന്തെ കേരളം എന്നെ സമ്മതിക്കാത്തത്? വൈകുന്നേരം മനസ്സൊന്നു ഫ്രഷ്‌ ആകാന്‍ വേണ്ടി ബീച്ചിലോ പാര്‍ക്കിലോ പോയി ഇരിക്കാമെന്ന് വെച്ചാല്‍ ഉടനെ പ്രത്യക്ഷപ്പെടും ആഭാസന്മാര്‍.
  ദില്ലിയില്‍ രാത്രി 2 മണിക്ക് ഇന്ത്യ ഗേറ്റില്‍ പോയി ഐസ് ക്രീം കുടിച്ചിട്ടുണ്ട് സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് 6 മണിക്ക് ശേഷം പച്ചക്കറീ വാങ്ങാനായി മാര്‍ക്കറ്റില്‍ പോയപ്പോള്‍ അനുഭവിച്ചത് വസ്ത്രമൂരി നടന്ന പ്രതീതിയായിരുന്നു.
  എനിക്കും നടക്കണം നിലാവത്ത്!

 3. ഇരുട്ടിനെ എന്തിനു പഴിക്കുന്നു! പട്ടാപകല്‍ പോലും സ്ത്രീയെ നോക്കിയും കണ്ടും വേണമെങ്കില്‍ ഒന്ന് തൊട്ടു തലോടിയും, അതിനു കഴിഞ്ഞില്ലെങ്കില്‍ നാവാല്‍ എങ്കിലും ഒന്നും ബലാല്‍സംഗം ചെയുന്നത് ഒരു credit ആയി കാണുന്ന ചിലര്‍ എങ്കിലും ഉണ്ട്. അതിനു സമൂഹം കണ്ടെത്തുന്ന ന്യായീകരണം “അവള്‍ നേരെ ചൊവ്വേ നടക്കാത്തത് കൊണ്ടാ..!” രാത്രിയില്‍ ഇറങ്ങി നടക്കാനും, തോനുന്ന നേരം വീട്ടില്‍ കേറി വരാനും, ലോകം ചുറ്റാനും, ദുശ്ശീലം ആണെങ്കില്‍ പോലും വെള്ളമടിക്കാനും, പുകവലിക്കാനും ഉള്ള license പുരുഷന് മാത്രം. അതിനു ഒരു സ്ത്രീ തുനിഞ്ഞാല്‍ “അവള്‍ ഒരു പോക്ക് കേസാ…” ദുശ്ശീലങ്ങള്‍ ശീലിക്കുന്നത് ഓരോരുത്തരുടെയും മനോധര്‍മം. സദാചാര പാഠങ്ങള്‍ പഠിപിക്കാന്‍ തുനിയുന്നവര്‍ ഒരു ആത്മപരിശോധന നടത്തിയതിനു ശേഷം മതി. “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” എന്ന മഹത്വചനം വല്ലപ്പോഴും എങ്കിലും ഒന്ന് ഓര്‍ക്കാം… ഒരു സാമൂഹ്യ ജീവിയായി ജീവിക്കാന്‍ ഒരു സ്വാതന്ത്ര്യ സമരം നടത്തേണ്ടി വരുന്നത് ലജ്ജാവഹം!

 4. തരിക നീ പീതസായന്തനത്തിന്റെ നഗരമേ നിന്റെ വൈദ്യുതാലിംഗനം, ( എവിടെ ജോണ്‍- ചുള്ളിക്കാട്)

  ചിത്രങ്ങള്‍ നന്നായിരുക്കുന്നു, എഴുത്തും അഭിവാദ്യങ്ങള്‍

 5. നന്നായിട്ടുണ്ട്. എഴുത്ത് തുടരുക..ചിത്രമെടുപ്പ് തുടരണോ എന്ന് സ്വയം ചിന്തിക്കുക…

 6. എഴുത്ത് നന്നായി. ചിത്രങ്ങള്‍ അത്ര നന്നായില്ലെങ്കിലും അത് സംവദിക്കുന്നുണ്ട്. അത് ധാരാളം. തുടരുക. എല്ലാ ആശംസകളും
  സജി

 7. കാമറെയെ സ്നേഹിക്കുന്ന ഒരാളെടുത്ത ചിത്രങ്ങളില്‍ ആ സ്നേഹംകണ്ടില്ല.
  നിസ്സംഗമായ ചിത്രങ്ങള്‍.
  എഴുത്ത് നന്നു.

 8. എല്ലാവരുടെയും വാക്കുകള്‍ക്കു നന്ദി.
  ഇതൊരിക്കലും കേരളത്തേക്കാള്‍ ജീവിക്കാന്‍ സൌകര്യമോ സന്തോഷമോ ഉള്ള സ്ഥലം ഡല്‍ഹി ആണ് എന്ന് തെളിയിക്കാനുള്ള സംരംഭമായിരുന്നില്ല. കേരളത്തില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടി മറ്റൊരു സംസ്ഥാനത്ത് അനുഭവിക്കുന്ന സ്വാതന്ത്രം എന്ത്, എന്ത് കൊണ്ട്, എന്നതിനെ കുറിച്ചൊരു അന്വേഷണം മാത്രമായിരുന്നു. സുരക്ഷിതത്വം എന്നത് ഒരു തോന്നലാണ്. ഒരു പോലീസ് സ്ക്വാഡ്കൂടെ ഉണ്ടെങ്കിലോ, ഒരു black cat team ഉണ്ടെങ്കിലോ ഒന്നും അത് ഉണ്ടാകില്ല. ഞാന്‍ ശ്രമിച്ചത് ഒരു സ്ഥലത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന പോതുഗതഗതസംവിധനതിനു എങ്ങിനെ സുരക്ഷ എന്ന തോന്നല്‍ ഒരാളില്‍ ഉണ്ടാക്കാന്‍ കഴിയുന്നു എന്നാണ്. അത്തരത്തിലുള്ള ഒരു സംവിധാനം ഉള്ളത് കൊണ്ട്ഡ ല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരെ ഒരു ആക്രമണവും നടക്കുന്നില്ലെന്ന് ഇതിനര്‍ഥമില്ല. എന്നിട്ടും എന്ത് കൊണ്ട് പെണ്‍കുട്ടികളെ ഈ പത്ര വാര്‍ത്തകളും ക്രൈം rates- ഉം വീടിനുള്ളില്‍ തളചിടുന്നില്ല എന്നതാണ് ആലോചിക്കേണ്ടത്. കേരളത്തിന്‌ അത് സാധിക്കുന്നു എന്നതും!

 9. ആശയം കൊള്ളാം. ഫോട്ടോ മോശം. ഇത് ഡല്‍ഹിയിലെ രാത്രികളെ പ്രതിനിധീകരിക്കുന്നില്ല.

 10. Excellant writup ( as always) . As told by others above, pictures could have been little more elaborative.
  Congratulations and continue investigative journalism.

 11. Excellat writeup (as always). Pictures could have beeen liitel more demonstrating. Congratulations. Keepit up.

 12. എഴുത്തില്‍ എന്തെങ്കിലും കാമ്പുള്ളതായി തോന്നിയില്ല. ഫോട്ടോസ് ആണെങ്കില്‍ പറയുകയും വേണ്ട.

 13. Good attempt

  കേരളം hypocrisy യുടെ തറവാടാണ്. സ്ത്രീ സ്വാതന്ത്ര്യം വാക്കുകളില്‍ ഒതുക്കാന്‍ സമൂഹം, മതങ്ങള്‍, സംസ്കാരം, ജീവിത രീതി, ഇത്യാദി കൈകോര്‍ക്കുന്നു.

  ഹൈന്ദവ ആചാരങ്ങളില്‍ ഉള്ള സ്ത്രീ വിരുദ്ധത പലപ്പോഴും പ്രകടം ആണ്. സര്‍വം സഹിക്കുന്ന സീതാ. ഒടുവില്‍ ഒരു അഗ്നി പരീക്ഷണവും. കല്യാണം കഴിഞ്ഞിട്ട് എന്തിനു ആണിന്റെ വീട്ടില്‍ പോയി താമസിച്ചു പെണ്ണിനെ മര്യാദ പഠിപ്പിക്കണം? ആദ്യ രാത്രി മുതല്‍ രണ്ടാഴ്ച പെണ്ണിന്റെ വീട്ടില്‍ ആകുന്നതല്ലേ നല്ലത് പലതു കൊണ്ടും.

  ഒരു mary roy വേണ്ടി വന്നു സ്ത്രീ തുല്യ ആണെന്ന് പള്ളിയെ പഠിപ്പിക്കാന്‍.

  ദൈനംദിന സ്ത്രീ പീടനതിന്റെ ആള്‍ രൂപം ആണ് purdah . ശരീരം മുഴുവന്‍ കറുത്ത ഒറ്റ കുപ്പായത്തില്‍ പൊതിഞ്ഞു പൊരി വെയിലത്ത്‌ നടക്കാന്‍ ഇസ്ലാമിലെ പുരുഷന്മാര്‍ തയ്യരാവില്ലെങ്ങില്‍ മുസ്ലിം സ്ത്രീ എന്തിനതിനു വഴങ്ങണം ?

  ഇങ്ങനെ list വളരെ നീണ്ടതാണ്. പക്ഷേ ഒരു revolutionary പരിഹാരം പറയട്ടെ. പ്രായപൂര്‍ത്തി ആയവര്‍ക്ക് free sex നിയമപരം ആക്കണം. അതായത് ഒരു ആണിനും പെണ്ണിനും ഇഷ്ടമെങ്ങില്‍ ഒരു ഹോട്ടല്‍ മുറിയില്‍ ഒരു ദിവസം കഴിയാന്‍ ഉള്ള നിയമപരമായ സ്വാതന്ത്ര്യം. ഇത് അനുവദിക്കുന്ന സമൂഹങ്ങളില്‍ (west ) സ്ത്രീ പീഡനം കുറവ്. പുര്‍ദയിലും സാംസ്കാരിക ജാടയിലും ലൈന്ഗ്ഗികതയെ ഒതുക്കാന്‍ ശ്രമിക്കുന്ന ഇന്ത്യ, ഇസ്ലാമിക് രാജ്യങ്ങള്‍ എന്നിവയില്‍ സ്ത്രീ ചൂഷണം കൂടുതല്‍.
  ജയന്‍@ലൈവ്.കോം

 14. thulyathayaanu pradhanam.
  sthreeyum purushanumenna vivechanamalla,manushyanenna aikya sankalppamaanu pradhanam.
  “moral policing” apakadakaramaaya pravanathayaanu.
  saamoohya maryyadayekkurich vaachaalaraakunnavar
  vyakthi swathandryathe maniykkalum
  samoohya maryadayanennu thirichariyanam..
  achadakkam undaavendath baahya sammardangalil ninnalla
  aantharikamaaya anweshanangalil ninnanu…
  aswathyude chithrangal
  oru prathishedham koodiyaavunnu..

 15. തുല്യതയാണ് പ്രധാനം .
  സ്ത്രീയും പുരുഷനുമെന്ന
  വിവേച്ചനതിനപ്പുറം
  മനുഷ്യനെന്ന ഐക്യ സങ്കല്‍പ്പമാണ് പ്രധാനം.
  ‘മോറല്‍ പോലിസിംഗ്’ അപകടകരമായ പ്രവണതയാണ്.
  സാമൂഹ്യ മര്യാദയെ പറ്റി മാത്രം വാചകമടിക്കുന്നവര്‍ ഓര്‍ക്കുക,
  വ്യക്തി സ്വതന്ദ്ര്യത്തെ മാനിക്കളും സാമൂഹ്യ മര്യാദയുടെ ഭാഗമാണ് …
  അച്ചടക്കം ,ബാഹ്യമായ സമ്മര്‍ദങ്ങളില്‍ നിന്നല്ല ;ആന്തരികമായ അന്വേഷണങ്ങളില്‍ നിന്നാണ്
  പിരവിയെടുക്കെയ്ണ്ടത് ..
  അശ്വതിയുടെ ചിത്രങ്ങള്‍ കനത്ത പ്രതിഷേധവും
  വാക്കുകള്‍ ക്രൂരമായ പരിഹാസവുമാണ് പേറുന്നത്..

  • എല്ലാ ആഗ്രഹങ്ങലും പൂര്തിയാക്കാനുള്ള കഴിവ് മനുഷ്യനില്ല.വികാരത്തിന്റെ മുന്നില് അച്ഛനും അച്ചനല്ലാതായി തീരുന്നു.

Leave a Reply

Your email address will not be published. Required fields are marked *