ഇവിടെ രാത്രി, പകലിന്റെ തുടക്കം

ആണും പെണ്ണും സ്വന്തന്ത്രമായി ഇടപെടുന്ന ഇവിടെ അവര്‍ക്കിടയില്‍ പ്രേമവും, പ്രണയവും ഉണ്ടാകാം, ഇഷ്ടമുള്ള ആളിനെ വിവാഹവും കഴിക്കാം. വിവാഹ മോചനങ്ങളുമൂണ്ട്. വിദ്യാഭ്യാസ-സാമ്പത്തിക വളര്‍ച്ചയോടൊപ്പം വ്യക്തിക്കു കല, സംസ്കാരം, ചരിത്രം, പ്രകൃതി, ഇവയിലുള്ള സ്വതന്ത്രമായ ബോധവും ആസ്വാദനവും അത്യാവശ്യമാണ്. ലൈംഗികത ഇതിന്റെയൊക്കെ ഇടയില്‍ നില്‍ക്കുന്ന ഒന്നാണ്, അല്ലാതെ, പാപത്തിന്റെ കനിയല്ല. ഈകാരണങ്ങളാല്‍ ഇവിടെ ആണിനും, പെണ്ണിനും, രാത്രി പകലിന്റെ തുടക്കം മാത്രമാണ്- പ്രസന്ന രാഘവന്‍ എഴുതുന്നു

 

photo: Mark Wessels

 

കേരളത്തില്‍, സ്ത്രീകള്‍ അടുത്തകാലത്തായി രാത്രിയില്‍ കൂടുതല്‍ പൊതു ഇടങ്ങള്‍ കയ്യേറുന്നതായി കാണാം. എന്നാല്‍ ഇത് സാമ്പത്തിക/ഔദ്യോഗിക
വികസനത്തിന്റെ ഭാഗമായല്ലാതെ, ഒരു വ്യക്തി-സമൂഹ്യ -രാഷ്ട്രീയ നവോത്ഥാനത്തിന്റെ ഭാഗമായി കാണാന്‍ കഴിയാതെ വരുന്നു.
കാരണം, പുരുഷന്റെ എസ്കോര്‍ട്ടില്ലാതെ സ്ത്രീ ഈ സാഹസത്തിന് ഒരുങ്ങാറില്ല. പൊതു രംഗത്തു, വ്യവസ്ഥകളോടെ പെരുമാറാനുള്ള സ്വാതന്ത്ര്യമേ മത-രാഷ്ട്രീയ-പുരുഷ ഏകാധിപത്യ വാദികള്‍ പെണ്ണിനു കൊടുക്കുന്നുള്ളു ആണിന്റെ ലൈംഗിക ഉദ്ധാരണത്തിനു പെണ്ണു മനസാവാചാകര്മ്മണാ അറിയാതെ തന്നെ കാരണമായാല്‍, അതിന്റെ പേരില്‍ ഉണ്ടാകാവുന്ന ഏതു ഭവിഷ്യത്തുകള്ക്കും പെണ്ണു തന്നെ ഉത്തരവാദികളായിരിക്കും എന്നുള്ള ശാസനം ശിരസാ വഹിക്കാന്‍ തയ്യാറാകുന്ന കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും, രാത്രി ജീവിതം തങ്ങളുടെ അച്ചടക്കത്തിന്റെ പച്ചയായ ലംഘനമാണ്.
എന്നാല്‍, ഈ ഭൂരിപക്ഷത്തില്‍പെടാത്തവര്‍, ഇന്ന് ക്ലബ്ബുകളിലും, ബാറുകളിലും, പാര്ട്ടി കളിലും ഒക്കെ രാത്രിജീവിതം ആഘോഷിക്കുന്നുണ്ട്. എന്നാല്‍ അതിനും പ്രധാനകാരണം സാമ്പത്തികവികസനവും, കുടുംബ ബന്ധങ്ങളിലെ പൊരുത്തക്കേടുകളും നിരാശയുമല്ലാതെ, സമൂഹ്യ നവോത്ഥാനമല്ല, എന്നു മനസിലാക്കാന്‍ വിഷമമില്ല.

ഇതിനെ അന്ധമായ പാശ്ചാത്യവല്ക്കരണമെന്ന് അവിടുത്തെ ‘ജ്നാനികള്‍’ വിലയിരുത്തുമ്പോള്‍, രാത്രി അനുഭവങ്ങളെ, സ്വന്തന്ത്രമായ സമൂഹ്യ ഇടപെടലുകളായി അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്ക്ക് (അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍) അതിനുള്ള സ്വാതന്ത്ര്യമോ, അവസരങ്ങളോ കേരളത്തിലെ, രാഷ്ട്രീയ-മത- സാമൂഹ്യവ്യവസ്ഥയില്‍ ഇല്ല.

എന്നാല്‍ സൌത്താഫ്രിക്കയില്‍ എന്റെ അറിവനുസരിച്ച്, സംഗതികള്‍ വ്യത്യസ്ഥമാണ്. സ്ത്രീയുടെ, രാത്രി-പകലനുഭവങ്ങളെ, അഥവാ സ്ത്രീയെതന്നെ
എങ്ങനെ ഇവിടെ മനസിലാക്കുന്നു എന്നുള്ളതിലാണ് വ്യത്യാസം. ഇവിടെ സ്ത്രീ-പുരുഷ ബന്ധത്തെയും അതിലുണ്ടാകുന്ന പ്രശ്നങ്ങളേയും
മനുഷ്യാവകാശത്തിന്റെ അടിസ്ഥാനത്തിലാണ് കാണുന്നതും വിലയിരുത്തുന്നതും.

 

ഒരു കേപ് ടൌണ്‍ ദൃശ്യം.

 

ഭരണഘടന മുതലുള്ള എല്ലാ ജനാധിപത്യ പ്രമാണങ്ങളും, സ്ത്രീയേയും പുരുഷനേയും തുല്യ അവകാശങ്ങളും കടമകളും, ചുമതലകളുമുള്ള രാഷ്ടീയ സാമൂഹ്യ
എന്റിറ്റികളായാണ് കണക്കാക്കുന്നത്. മതങ്ങള്‍ സകാര്യവിശ്വാസങ്ങളാണ് , അവക്കു വ്യക്തി സ്വാതന്ത്ര്യത്തിന്റെ അരികും മൂലയും തീരുമാനിക്കുന്നതില്‍
സ്ഥാനമില്ല. രാത്രിയും, പകലും, സ്ത്രീക്കും പുരുഷനും, ഇവിടെ എതു പൊതു സ്ഥലങ്ങളിലും തുല്യമായ അവകാശങ്ങളാണ്.
ക്ലബ്ബുകള്‍, പാര്ട്ടികള്‍, മൂസിക്ക് നൈറ്റുകള്‍, മൂവീസ്, ഷോപ്പിങ്, യാത്ര എന്നുതുടങ്ങിയ ഒരിടത്തും സ്ത്രീകള്ക്കു ജെന്ഡര്‍ വ്യവസ്ഥകള്‍ പാലിക്കേണ്ടതില്ല. വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വതന്ത്രമായ താല്പര്യം, അഭിരുചി, എന്നിവ അനുസരിച്ച് ചെയ്യാനുള്ളതാണ്. പെണ്ണിന്റെ ശരീരം കണ്ട്, ഉദ്ധാരണമുണ്ടായി അവളോട് അപമര്യാദയായി പെരുമാറിയാല്‍, പോലീസിന്റെയോ മറ്റു ലോ ആന്ഡ് ഓര്ഡ്ര്‍ ഓഫീസിന്റെയോ ഇടപെടലുകള്‍ ഉണ്ടാകുമെന്നര്ത്ഥം.

എന്നാല്‍ ലോ & ഓര്ഡര്‍ മാത്രമല്ല, സ്ത്രീ പുരുഷ സമത്വത്തെ പരിപാലിക്കാന്‍ ചുമതലപ്പെട്ടിട്ടുള്ളത്. വര്ണവിവേചനത്തിന്റെ കെടുതിയില്‍
നിന്നു സ്വതന്ത്രമായ ഈ രാജ്യത്ത്, വര്ഗത്തിന്റെയോ, ജനനത്തിന്റെയോ, ലിംഗത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരൊറ്റ വ്യക്തിപോലും അവഗണനയോ വിവേചനമോ അനുഭവിച്ചുകൂടാ എന്നു ഭരണഘടനയില്‍ എഴുതി വക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്, ആ സമത്വം വ്യക്തി-സമൂഹ്യ ജീവിതത്തില്‍ പ്രാപ്യമാകുന്ന
വിധത്തിലുള്ള കര്മ്മപരിപടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.
ഓരോ വ്യക്തിയുടെയും സമ്പൂര്ണവികസനമാണ് രാഷ്ട്രനിര്മ്മിതിയുടെ ലക്ഷ്യം. ആണിനും പെണ്ണിനും വ്യത്യാസമില്ലാതെ ഈ വികസനം സാ‍ദ്ധ്യമാകണമെങ്കില്‍
അവര്ക്കു ആദ്യം തുല്യമായ സ്വാതന്ത്ര്യവും സ്വാതന്ത്ര്യ ബോധവും ഉണ്ടാകണം.

അതായത്, രാഷ്ട്രം സ്വാതന്ത്ര്യം അനുവദിച്ചതു കൊണ്ടു മാത്രം വ്യക്തി അതനുഭവിക്കാന്‍ പ്രാപ്തരാകണമെന്നില്ല. കാരണം, സമഗ്രമാ‍യ സ്വാതന്ത്ര്യബോധം
എല്ലാവര്‍ക്കും ഉണ്ടാകാന്‍ വിഷമമാണ്. അതിനാല്‍ അതു വളര്‍ത്തിയെടുക്കുന്നതും രാഷ്ട്രത്തിന്റെ ചുമതലയാണ്. വിദ്യാ‍ഭാസ സ്ഥപനങ്ങള്‍, പ്രിന്റ്-ദൃശ്യ
മാദ്ധ്യമങ്ങള്‍, എന്‍.ജി.കള്‍, രാഷ്ട്രീയ-സമൂഹ്യ സംഘടനകള്‍, കോര്‍പറേറ്റുകള്‍, നിയമം, തുടങ്ങിയവ ഇതിലേക്ക് സാരമായ പങ്കു വഹിക്കുന്നുണ്ട്.

അതില്‍ പ്രധാനമായവയാണ്, പൊതു ഇടങ്ങളില്‍ സ്ത്രീ-പുരുഷ തുല്യപങ്കാളിത്തത്തിനുള്ള അവസരങ്ങള്‍ ഉണ്ടാക്കുക. ഇവിടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലോ, പൊതു രംഗങ്ങളിലോ ആണിനും പെണ്ണിനും വേറെ വേറെ ഇരിപ്പിടങ്ങളില്ല. യൂണിവേഴ്സിറ്റികളില്‍, ആണ്‍-പെണ്‍ ഹോസ്റ്റലുകള്‍ മതിലുകള്‍ കെട്ടി വേര്തിരിച്ചിട്ടില്ല. അവിടെ പെണ്ണിനെ കണ്ടു ഉദ്ധരിച്ച് അവളെ തെറിപറഞ്ഞ് രസിക്കാനോ, ചൊറിയാനോ മാന്താനോ ചെന്നാല്‍, മതത്തിന്റെ
പ്രമാണങ്ങളനുസരിച്ചല്ല, മന:ശാസ്ത്രത്തിന്റെ പ്രമാണമനുസരിച്ചായിരിക്കും ബാക്കികാര്യങ്ങള്‍ നീങ്ങുന്നത്.

ആണും പെണ്ണും സ്വന്തന്ത്രമായി ഇടപെടുന്ന ഇവിടെ അവര്‍ക്കിടയില്‍ പ്രേമവും, പ്രണയവും ഉണ്ടാകാം, ഇഷ്ടമുള്ള ആളിനെ വിവാഹവും കഴിക്കാം. വിവാഹ മോചനങ്ങളുമൂണ്ട്. വിദ്യാഭ്യാസ-സാമ്പത്തിക വളര്‍ച്ചയോടൊപ്പം വ്യക്തിക്കു കല, സംസ്കാരം, ചരിത്രം, പ്രകൃതി, ഇവയിലുള്ള സ്വതന്ത്രമായ ബോധവും ആസ്വാദനവും അത്യാവശ്യമാണ്. ലൈംഗികത ഇതിന്റെയൊക്കെ ഇടയില്‍ നില്‍ക്കുന്ന ഒന്നാണ്, അല്ലാതെ, പാപത്തിന്റെ കനിയല്ല.

ഈകാരണങ്ങളാല്‍ ഇവിടെ ആണിനും, പെണ്ണിനും, രാത്രി പകലിന്റെ തുടക്കം മാത്രമാണ്.

ഇത്രയും പറഞ്ഞതില്‍ നിന്ന്, സൌത്താഫ്രിക്കയില്‍ സ്ത്രീക്ക് പകല്‍-രാത്രി ജീവിതത്തില്‍ യാതൊരു പ്രശ്നങ്ങളുമില്ല എന്നല്ല. വ്യക്തിയുടെ സമഗ്രമായ സ്വാതന്ത്ര്യ,ബോധം കൈവരിക്കല്‍ പലപ്പോഴും പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. വിദ്യാഭ്യാസം, കുടുംബം, മാതാപിതാക്കള്‍,
വളര്‍ച്ച, മാമൂലുകള്‍, സാമ്പത്തികം, ക്രമസമാധാനം, തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. സൌത്താഫ്രിക്കയുടെ ഗ്രാമങ്ങള്‍ പൊതുവെ പട്ടണങ്ങളേക്കാള്‍ ഈ ഘടകങ്ങളില്‍ പിന്നോക്കമാണ്. അതു കൊണ്ട്, സ്ത്രീയുടെ ഗ്രാമങ്ങളിലെ രാത്രി അനുഭവങ്ങള്‍ പട്ടണത്തിലേതില്‍ നിന്ന് വളരെ വ്യത്യസ്ഥമാണ്. തീര്‍ച്ചയായും അവിടെയും വന്‍ തോതില്‍ മാറ്റങ്ങളൂണ്ടാകുന്നുണ്ട്.

ചുരുക്കത്തില്‍ സൌത്താഫ്രിക്കയിലെ സ്ത്രീ- രാത്രി അനുഭവങ്ങള്‍, അവളുടെ രാഷ്ട്രീയ, ദേശീയ സാമൂഹ്യ അനുഭവങ്ങളിലൂടെ ബോധപൂര്‍വം നേടുന്ന ഒരു
നവോത്ഥാനത്തിന്റെ ഭാഗമാണ്. ലൈംഗികതയും, കാമവും, പ്രണയവും, പ്രേമവും, പുരുഷനും എല്ലാം അതില്‍ ഉള്‍ക്കൊള്ളുന്നതുപോലെ അവളുടെ സ്വാന്തന്ത്ര്യവും, വ്യക്തിത്വവും അതില്‍ ഉള്‍പ്പെടുന്നു. സങ്കീര്‍ണമായ ഒന്നു തന്നെയാണത്, സംശയമില്ല. പക്ഷെ, ആ സങ്കീര്‍ണതയില്‍ അവളുടെ മുന്നോട്ടുള്ള ഗതി
ഉറപ്പാക്കാന്‍, പുരുഷനും, സമൂഹവും, ഒരു രാഷ്ട്രവും അതിലെ വ്യവസ്ഥകളും അവളോടൊപ്പമുണ്ട്, അതാണ് വ്യത്യാസം.

കൊച്ചിക്കും ബാംഗ്ലൂര്‍ക്കുമിടയില്‍ രാത്രി

മായ്ച്ചാലും മായാത്ത പേടികള്‍, രാത്രികള്‍

ആകാശത്തെ തേരോട്ടങ്ങള്‍

നിയോണ്‍ നിലാവത്ത്

ഈ നിലാവിന് അതിരു വരച്ചതാരാണ്?

ഇവിടെ രാത്രി, പകലിന്റെ തുടക്കം

5 thoughts on “ഇവിടെ രാത്രി, പകലിന്റെ തുടക്കം

 1. സൗത്താഫ്രിക്കയില് റേപ്പുൾപ്പെടെ സ്ത്രീകൾക്കെതിരെ ഉള്ള അക്രമങ്ങളുടെ കണക്കും ഒന്ന് നോക്കുന്നത് നല്ലതാണു. റേപ്പ് ക്യാപിറ്റൽ ഓഫ് ദി വേൾഡ് എന്ന്അറിയപ്പെട്ടിരുന്ന സ്ഥലമാണു.

  • സൌത്താഫ്രിക്കയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങളുടെ കണക്ക് വ്യക്തമാണ്.
   അതറിയാതെയല്ല ഈ പോസ്റ്റ് എഴുതിയത്.

   എന്നാല്‍, ഇന്ത്യ/കേരളം എടുത്താല്‍, ഈ ആക്രമണങ്ങള്‍ താരതമ്യേന എത്ര കുറവാണ്/ കൂടുതലാണ് എന്നു പറയാന്‍ കഴിയില്ല, കാരണം അവീടെ കണക്കുകള്‍ ഇല്ല. അതുപ്പോലെ സ്ത്രീ ആക്രമണങ്ങള്‍ എങ്ങനെ നിര്‍വചിക്കപ്പെടുന്നു എന്നുള്ളതും വ്യത്യാസമാണ്.

   അതു പോലെ, സ്ത്രീകളോടുള്ള അക്രമം, സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി കാണാനാണ് ട്രോജന്‍ ഹോര്‍സ് ശ്രമിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങളുടെ പഠനങ്ങള്‍, പൊതുവെ ഇതൊരു കാരണമായി കാണുന്നില്ല, കാരണം. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് അവരുടെ സ്വകാര്യ ഇടങ്ങളിലാണ്.

   അപ്പോള്‍ ആക്രമിക്കപ്പെടുന്നത്, അവളുടെ സ്വാതന്ത്രവുമായി ബന്ധപ്പെടുത്തുന്നത്, ഒരു മിഥ്യയാണ്. കേരളത്തിലെ/ഇന്ത്യയീലെ സ്ത്രീകളെ സൌത്താഫ്രിക്കയുടെ ആക്രമണ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞ് ഭീതീപ്പെടുത്തുന്നതും ഇത്തരം ഒരു മിഥ്യ തന്നെ.

   സൌത്താഫ്രിക്കയും ഇന്ത്യയും സ്ത്രീക്കെതിരെയുള്ള അക്രമങ്ങള്‍ അഭിമുഖീകരിക്കുന്നു. അതിനെ സൌത്താഫ്രിക്ക റിയലിസ്റ്റിക്കായി അഭിമുഖീകരിക്കുന്നു, കേരളം സ്ത്രീയെ അടിച്ചമര്‍ത്തി പരിഹാരം കാണാന്‍ ശ്രമിക്കുന്നു. അതാണെന്റെ പോസ്റ്റിന്റെ ഉള്ളടക്കം.

 2. എന്നാല്‍ വേറെ ചില വലിയ സാമൂഹ്യ പ്രേഷനഗല്‍ കൂടി ഇവിടെ സ്ത്രീ പുരുഷന്മാര്‍ നേരിടുന്നു ..പത്തോ പന്തണ്ടോ vayasavumpol പെന്‍ കുട്ടി പ്രായ പൂര്‍ത്തി ആവുന്നു ..പതിനഞ്ചു വയസിനുള്ളില്‍ ഒരു പ്രസവം കഴിഞ്ഞിരിക്കും..ഇരുപതു വയസിനുള്ളില്‍ ചുരുങ്ങിയഹ്ത് മൂന്നു വിവാഹ മോചനം..ആണും പെണ്ണും ഇങ്ങനെ വിവാഹ മോചനം തേടി പുതു ഇണകളെ തേടുന്നത് കൊണ്ട് കുട്ടികള്‍ തികച്ചും അനധര്‍ ആകുന്നു ..ലൈന്കിഗതയെ കുറിച്ചുള്ള തുറന്ന സങ്കല്പം മൂലം അനേകം ഇണകള്‍..മുപ്പത്തി അഞ്ചു വയസവുംപോഴേക്കും സ്ത്രീ വളരെ ഗൌരവമേറിയ ലൈന്ഗീഗ രോഗങ്ങള്‍ ബാധിച്ചു മരണം അടയുന്നു..പുരുഷന്‍ ഏതാണ്ട് നാല്‍പ്പത്തി അഞ്ചു വയസിലും
  അനാഥര്‍ ആക്കപെട്ട കുട്ടികള്‍ സാമൂഹ്യ വിരുദ്ധ കാര്യങ്ങള്‍ ചെയ്തും പഠിക്കാന്‍ പോകാതെയും അലഞ്ഞു നടക്കുന്നു ..ദേശീയ പാതകളില്‍ നടക്കുന്ന പിടിച്ചു പറി ,കൊലകള്‍ കൊള്ളി വൈപ്പ്..എല്ലാം ഈ ചെറുപ്പ കാരുടെ കൈ ക്രിയകള്‍ ആണ് ..ഇരുട്ടിന്റെ സ്വാതന്ത്ര്യം..അത് കൊണ്ടാണ് അവര്‍ക്ക് ലഭ്യ മായിരിക്കുന്നത് ..അച്ചടക്കം ഇല്ലാത്തെ ആ ജനതയെ ഒരു കാര്യത്തിലും നമുക്ക് മാതൃക ആക്കാന്‍ കൊല്ലവുന്നതല്ല എന്നാണ് എന്റെ അഭിപ്രായം

  • ‘’ഇരുട്ടിന്റെ സ്വാതന്ത്ര്യം..അത് കൊണ്ടാണ് അവര്‍ക്ക് ലഭ്യ മായിരിക്കുന്നത് ..അച്ചടക്കം ഇല്ലാത്തെ ആ ജനതയെ ഒരു കാര്യത്തിലും നമുക്ക് മാതൃക ആക്കാന്‍ കൊല്ലവുന്നതല്ല എന്നാണ് എന്റെ അഭിപ്രായം‘’

   ഇരുട്ടിന്റെ സ്വാതന്ത്ര്യം സൌത്താഫ്രിക്കക്കാര്‍ക്കു കൈവന്നതെങ്ങനെയെന്നുള്ള ഇന്ദുവീ ന്റെഭാവന, ഭേഷ്, ഭേഷ്.:)

   സൌത്താഫ്രിക്കന്‍ സാമൂഹ്യ ജീവിതം ഇന്ത്യക്കോ കേരളത്തിനോ മാത്രുകയാക്കാം എന്നു ഞാന്‍ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ് എഴുതിയത്.

   കേരളവും സൌത്താഫ്രിക്കയും തമ്മില്‍ വ്യത്യാസങ്ങളുണ്ട്, സാമ്യങ്ങളുമുണ്ട്.
   കേരളം, അതി പുരാതനവും നൈസര്‍ഗ്ഗികവുമാ‍യ ഒരു സംസ്കാരത്തെ, കടന്നു വന്ന വൈദേശീയ-കൊളോണീയല്‍-വര്‍ഗ്ഗീയ-അധിനിവേശക്കാര്‍ വ്യഭിചരിച്ചതിന്റെ ബാക്കി പത്രമായി ഇന്നു നില്‍ക്കുന്നു. സൌത്താഫ്രിക്ക, അത്രക്കൊരു പുരാതന സംസ്കാരമല്ലെങ്കിലും നൈസര്‍ഗികമായി രൂപം കൊണ്ട്, അതിന്റെ ജീവിത ചര്യകളെ, അതുപോലെ കടന്നു വന്ന വര്‍ഗ്ഗീയ മേധവിത്വം വ്യഭിചരിച്ചതിന്റെ ബാക്കി പത്രമായി നില്‍ക്കുന്നു.

   ആദ്യത്തേതിന്, ഏതാണ്ട്, ആയിരം വര്‍ഷങ്ങളെങ്കിലും പഴക്കമുള്ളപ്പോള്‍, രണ്ടാമത്തേതിന്, ഒരു നന്നൂറു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ല.

   രണ്ടു വ്യഭിചാരങ്ങള്‍ക്കും പൊതുവായി ഉണ്ടായ ഒന്നാണ്, സ്ത്രീയുടെ നേര്‍ക്കുള്ള ലൈംഗിക ചൂഷണങ്ങള്‍. മറ്റുള്ളവരുടേതു പിടിച്ചുപറിക്കാനെത്തുന്ന അധിനിവേശവര്‍ഗ്ഗക്കൂട്ടം ആണിന്റേതാണല്ലോ. പെണ്ണും ക്രമേണ അവര്‍ പിടിച്ചു പറിക്കുന്ന ഒരൈറ്റം ആകുന്നു. പിടിച്ചു പറിക്കപ്പെട്ട പെണ്ണ്, അടിമയോ, അടുക്കളക്കാരിയോ, സാമ്പത്തിക മൂല്യം ഇല്ലാത്തവളോ ആകുന്നു. കാലക്രമേണ അവള്‍ പെറ്റുകൂട്ടുന്ന, സന്തതികള്‍ അടിമകളുടെയോ, അനാഥരുടെയോ,അടുക്കളക്കാരിയുടെയോ എണ്ണത്തെയാണ് പെരുക്കുന്നത്. അങ്ങനെ ജനിച്ചു വളര്‍ന്ന മണ്ണില്‍ അഛനാരാണെന്നറിയാനുള്ള അവകാശമോ, മറ്റു സമൂഹ്യ രാഷ്ട്രീയ, സാമ്പത്തിക അവകാശങ്ങളോ ഇല്ല്ലാതെ ഒരു ജനത ഉണ്ടാകുമ്പോള്‍, പിടിച്ചു പറിയിലൂടെ നേടെയെടുത്ത അരമനകളുടെ സ്വര്‍ഗ സായൂജ്യത്തില്‍ ആറാടുന്ന പെണ്ണുങ്ങളും, ആണുങ്ങളും, വാല്യക്കാരും അവരെ അസത്തുക്കല്‍, ദുശകുനങ്ങള്‍, അച്ചടക്കമില്ലാത്തവര്‍, മൂല്യങ്ങളില്ലാത്തവര്‍, സംസ്കാരമില്ലാത്തവര്‍ എന്നൊക്കെ വിളിച്ച് തരം താഴ്ത്തുന്നു.

   1948ല്‍ വര്‍ണവിവേചനം ഒരു ഭരണക്രമമായപ്പോളേക്ക് സംഗതികള്‍ കുറച്ചുകൂടി മോശമായി. പ്രതിഷേധവുമായി രംഗത്തെത്തിയ ആണ്‍ വര്‍ഗത്തെ മുഴുവന്‍ കള്ളക്കഥ ചമച്ചു തുറുങ്കിലടച്ചും,പരസ്യമായി വേട്ടയാടിയും, നാടുകടത്തിയും, നാമാവശേഷമാക്കി. ആണുങ്ങളില്ലാത്ത സമൂഹം സാധാരണമായപ്പോള്‍, കുടുംബമെന്നതു സങ്കല്പം മാത്രമായപ്പോള്‍, പെണ്ണൂങ്ങള്‍ക്കും കൊച്ചുങ്ങള്‍ക്കും ഒരു വയറാഹാരത്തിനും നാണം മറക്കുന്നതിനും വേണ്ടി, മാന്യന്മാരുടെ മുന്‍പില്‍ തുണിയുരിയേണ്ടി വന്നു.

   കേരളത്തിലേക്കു വന്നാല്‍, സാമ്പത്തിക, സമൂഹ്യ വ്യവഹാരങ്ങള്‍ വരത്ത വര്‍ഗം കൈയ്യേറിയെങ്കിലും ഭൂരിപക്ഷത്തിനു കുടുംബം നിലനിര്‍ത്താന്‍ കഴിഞ്ഞു. ബ്രാഹ്മണ-ക്ഷത്രിയ ലൈംഗിക ചൂഷണം ഒരു വര്‍ഗത്തിലെ പെണ്ണുങ്ങള്‍ ഏറ്റെടുത്തു. അവരുടെ സന്തതികള്‍ക്കു ജനിപ്പിച്ചവരാരാണെന്നറിയുന്നതില്‍ വിലക്കുണ്ടായെങ്കിലും, പെണ്ണൂങ്ങള്‍ ഭൂവുടമകളായി. ആ സാമ്പത്തിക നേട്ടങ്ങളുടെ ആലസ്യതയില്‍, ലൈംഗിക ചൂഷണത്തിന്റെ കഥകള്‍ തേഞ്ഞുമാഞ്ഞു പോയതായി ഭാവിച്ചു, കൊടുത്തവരും നേടിയവരും.

   സാമ്പത്തിക-വര്‍ഗ്ഗിയ ചൂഷണത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച കേരളത്തിന്റെ ഭൂരിപക്ഷത്തെ എങ്ങനെയാണ് ലൈംഗിക-വര്‍ഗ്ഗീയ ചൂഷണത്തിലൂടെ സാമ്പത്തിക, രാഷ്ട്രീയ, സമൂഹ്യ മേല്‍കോയ്മ നേടിയെടുത്തവര്‍ നോക്കിക്കാണുന്നത്, എന്നുള്ളതു മന്‍സിലാക്കുവാന്‍, അധികമായൊന്നും ശ്രമിക്കേണ്ടതില്ല, സംവരണത്തിന്റെ കാര്യം മാത്രം മതി.

   ഇന്ത്യയില്‍ സംവരണത്തിനു നേര്‍ക്കു നടത്തുന്ന വര്‍ഗ്ഗീയ അധിക്ഷേപങ്ങളും, ഇന്ദു സൌത്താഫ്രിക്കയിലെ വര്‍ണവിവ്വേചനത്തിനിരിയായവര്‍ക്കു നേര്‍ക്കു നടത്തീയ തരംതാഴ്ത്തലും ഒന്നു തന്നെയാണ്.

   പക്ഷെ ഒരു പോസ്റ്റ്- അപ്പാര്‍ത്തീഡ് സൌത്താഫ്രിക്ക, വര്‍ഗ-വര്‍ണ്ണാധിപത്യത്തിന്റെ തുടര്‍ച്ചയായി വന്ന് പോസ്റ്റ് ഇന്‍ഡിപ്പെന്‍ഡന്‍ഡ് ഇന്‍ഡ്യയില്‍ നിന്നു വ്യത്യസ്ഥമാണ്. ആദ്യത്തേതു മാനവികവും രണ്ടാമത്തേതു കിരാതവുമാണ്. രാഷ്ട്രീയ വര്‍ഗ്ഗിയ കാരണങ്ങളാല്‍ അനാഥരും, ആലംബഹീനരും, വേശ്യകളും, ദുഖിതരും, ബുദ്ധിയില്ലാത്തവരും ആയവര്‍ക്കു കൂടി അവകാശമുണ്ടാകുമ്പോഴേ രാഷ്ട്രമെന്ന വ്യവസ്ഥക്കു മാനവിക സംസ്കാരത്തിന്റെ അവകാശം കൈപ്പറ്റാനാകു എന്ന് ആദ്യത്തേതു വിശ്വസിക്കുമ്പോള്‍, ഇന്‍ഡ്യയിലെ എലീറ്റുകള്‍ എന്നവകാശപ്പെടുന്ന ഒരു കൂട്ടം വര്‍ണ-വര്‍ഗ്ഗിയ വാദികള്‍ അവരുടെ വേദനയുടെയും, വിഴുപ്പുകളുടെയും, ഇപ്പുറത്തു നിന്നു വിളിച്ചു കൂവുന്നു: ഹാ, ഹാ ഇതു കണ്ടോ, ഈ വൃത്തികെട്ടവരെ, ഈ അനാഥരെ, ഈ വേശ്യകളെ നാണമില്ലാത്തവരെ, ഈ ഡിസിപ്ലിന്‍ ഇല്ലത്തവരെ, എയ്ഡ്സ് ബാധിച്ചവരെ, അവര്‍ക്കു സ്വാതന്ത്ര്യമെന്തിനാണ്?

Leave a Reply

Your email address will not be published. Required fields are marked *