ഏഴാം അറിവ്: ഇനിയും പറയാത്ത രഹസ്യങ്ങള്‍

ആരാധനയോടെ, അസൂയയോടെ തിര മലയാളത്തില്‍ യാത്ര തുടരുന്ന ‘ഏഴാം അറിവ്’ തമിഴ് സ്വത്വരാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ
സൂചനയാണെന്നാണ് വായനകള്‍. എന്നാല്‍, തമിഴകം ഈ ചിത്രത്തെ സമീപിച്ചത് വ്യത്യസ്തമായാണ്. ചൈനീസ് മണ്ണിലെ ബോധിധര്‍മ്മന്റെ
ഇടപെടലുകളെ രാഷ്ട്രീയമായി വായിക്കുകയാണ്, ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകനായ പി.ബി അനൂപ്

കോളീവുഡിന്റെ കര്‍ത്തരി കര്‍മ്മണി പ്രയോഗങ്ങള്‍ മാറിയതും തമിഴന്റെ കാഴ്ച്ചശീലങ്ങള്‍ മാറിയതും നവരസങ്ങളോടെയും അതില്‍പ്പെടാത്ത അസൂയ, കുശുമ്പ് എന്നീ വികാരങ്ങളോടെയും നാം ഏറെ ചര്‍ച്ചചെയ്തു കഴിഞ്ഞു. താരാരാധനയ്ക്കൊപ്പം വിമര്‍ശനബുദ്ധിയോടും കൂടിയാണ് തമിഴന്‍ ഇന്ന് തീയ്യേറ്ററുകളില്‍ ആര്‍ത്തുവിളിക്കുന്നത്.

ഈ ദീപാവലിക്ക് വാളയാര്‍ ചുരം കടന്ന് മലയാളമണ്ണില്‍ വെടിക്കെട്ട്‌ തീര്‍ക്കാന്‍ രണ്ട് ‘പാണ്ടി’പ്പടങ്ങള്‍ എത്തിയിരുന്നു. ( ‘ പാണ്ടിയല്ലടാ, പാണ്ട്യന്‍ .എന്നുവെച്ചാല്‍ രാജാവ്.!’ ശ്രീകുമാരന്‍ തമ്പിയുടെ യുവജനോത്സവത്തിലെ തമിഴന്‍ കഥാപാത്രം പറഞ്ഞ ഡയലോഗ് ഓര്‍മ്മവരുന്നു. ഇന്ന് എന്തുകൊണ്ടും മലയാളിയേക്കാള്‍ രാജാവ് തമിഴന്‍ തന്നെ. ‘ഒരു സംശ്യല്ല്യ’.)
വിജയ്‌ പാക്കിസ്ഥാന്‍കാരനോടും സൂര്യ ചൈനക്കാരനോടും സണ്ടപോട്ടപ്പോള്‍ അതുകണ്ട് ദീപാവലി ആഘോഷിച്ച നമ്മള്‍ സന്തോഷ്‌ പണ്ഡിറ്റിന് നേരെ ഭരണിപ്പാട്ട് പാടി ആനന്ദനിര്‍വൃതി പൂണ്ടു. തൃശൂര്‍ ജില്ലയില്‍ അഷ്ട്ടദിക്ക്പാലകരായി നിലകൊള്ളുന്ന എല്ലാ തീയ്യേറ്ററുകളിലും മുടങ്ങാതെ മുട്ടിറക്കുന്ന പൊറിഞ്ചുഏട്ടന്‍ ദീപാവലിക്ക് കേരളത്തിലെ തീയ്യേറ്ററുകള്‍ മലയാളം പേശാതെ പോയതില്‍ മനംനൊന്ത് പറഞ്ഞു ” മ്മക്ക് എന്തൂട്ടാ ഗഡിയെ ഈ ദീവാല്യൊക്കെ, അതൊക്കെ ആ തെക്കര്‍ക്കുള്ളതല്ലേ… മ്മക്ക് മ്മടെ വിഷുവരും… അപ്പൊക്കാണാം ആര്‍മാദം. ന്നാലും ആ ബോധിധര്‍മ്മന്‍ ഗഡി ആള് കൊള്ളാട്ടോ… കുളിക്കാതെ കഴുതപ്പാലും കുടിച്ചു നടന്ന തമിഴമ്മാരുടെ നാട്ടില് ഇങ്ങന്യൊക്കെ ഉണ്ടായിരുന്നോ…!! ”

” സര്‍, വേലായുധം താന്‍ സൂപ്പര്‍ ഹിറ്റ്. ആനാ, ഏഴാം അറിവില്‍ വന്ത് കൊഞ്ചം അര്‍ത്ഥമിരുക്ക് . ഇന്ത ഉലകത്തില്‍ റൊമ്പ പെരുമയാന ബോധിധര്‍മ്മന്‍ ഒരു തമിഴന്‍ താന്‍ … അവരെപ്പറ്റി ഏങ്കള്‍ക്കും തിരിയില്ലയെ… ” ചെന്നൈ സത്യം തീയ്യേറ്ററിന് മുന്നിലൂടെ പോകവേ കാറിന്റെ ആക്സിലേറ്ററില്‍ ആഞ്ഞുചവിട്ടിക്കൊണ്ട് ഡ്രൈവര്‍ മുരുഗന്‍ പറഞ്ഞു. ബോക്സ്ഓഫീസ് മസാലകളിലും വിജയഫോര്‍മുലകളിലും കാര്യമായ കുറവുണ്ടെങ്കിലും എഴാം അറിവ് എതുകൊണ്ടോ ചര്‍ച്ചയാകുന്നുണ്ട്‌.

പി.ബി അനൂപ്

വിമര്‍ശ്ശന ബുദ്ധി
തമിഴ് സ്വത്വബോധത്തെ ബോധിധര്‍മ്മന്‍ എന്ന ചരിത്രപുരുഷനിലൂടെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഏ.ആര്‍.മുരുഗദോസിന്റെ സൂര്യാചിത്രം ഏഴാം അറിവ്. ബോക്സ്ഓഫീസില്‍ സമ്മിശ്ര പ്രതികരണമുണ്ടാക്കിയ ഏഴാം അറിവ് തമിഴിനോടുള്ള അതിവൈകാരികതക്കപ്പുറം വിമര്‍ശ്ശന ബുദ്ധിയോടെയാണ് തമിഴര്‍ വീക്ഷിച്ചത്‌. ആഘോഷത്തിമിര്‍പ്പുകളില്ലാതെ നിരാശയോടെ തീയ്യേറ്റര്‍ വിടുമ്പോഴും പ്രേക്ഷകമനസ്സില്‍ ചിത്രം എന്തൊക്കെയോ ബാക്കിവെക്കുന്നുണ്ട്. സിദ്ധാന്തങ്ങളുടെയും യുക്തിയുടെയും തണലിലല്ലാ, ചില അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഏഴാം അറിവിനെ അറിയാന്‍ ശ്രമിക്കുന്നത്.

പടം കണ്ട് പുറത്തിറങ്ങിയപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ആറുമാസം മുന്‍പ് നടന്ന ‘വാഗൈ സൂടവാ’ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ്സിങ്ങ് ചടങ്ങാണ്. വിശിഷ്ട്ടാതിഥി ഭാരതീരാജ. ചേരന്‍, പാര്‍ഥിപന്‍, അമീര്‍ സുല്‍ത്താന്‍, എ.എല്‍.വിജയ്‌, വസന്തബാലന്‍, പ്രഭു സോളമന്‍ തുടങ്ങി തമിഴ് സിനിമയിലെ പുതു നിരസംവിധായകര്‍ അതിഥികളായുണ്ട്. എല്ലാവരും കടുത്ത തമിഴ് ദേശീയവാദികള്‍. കൂടുതല്‍ കൂടുതല്‍ തമിഴനാകാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. എല്ലാവരും വാചാലതയോടെ പങ്കുവെച്ചത് തായ്മൊഴി വാഴ്ത്തുകള്‍. തമിഴ് ദേശീയ ബോധം തമിഴ് സംവിധായകര്‍ക്കുള്ളില്‍ ഏറിയും കുറഞ്ഞും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഈ ആശയം അവരുടെ സിനിമകളില്‍ പച്ചയായി പ്രകടമല്ല എന്നുമാത്രം. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചേരന്റെ നേതൃത്വത്തില്‍ സിനിമാപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ സ്വത്വബോധം ഇന്ന് വിഘടനവാദമല്ല. ഇതേ സംവിധായകര്‍ തന്നെ ജന്‍ ലോക്പാല്‍ ബില്ലിന് വേണ്ടിയും അണ്ണാ ഹസാരെക്കുവേണ്ടിയും രംഗത്തെത്തിയിരുന്നു . ഈ പശ്ചാത്തലത്തിലാണ് ഒരു നീണ്ട ഇടവേളക്കുശേഷം പ്രകടമായ തമിഴ് വികാരവുമായി ഏഴാം അറിവ് പ്രേക്ഷകനുമുന്നിലെത്തിയത്.

തമിഴിലെ കുറേകൂടി മെച്ചപ്പെട്ട ഒരു ‘ഷാജി കൈലാസാണ്’ ഏ.ആര്‍. മുരുഗദോസ്. പരസ്യപ്രചാരണത്തില്‍ വന്‍ സസ്പെന്‍സ് നിലനിര്‍ത്തിയാണ് ഏഴാം അറിവ് റിലീസിനെത്തിയത്. കഥയെക്കുറിച്ചും സൂര്യയുടെ അപ്പിയറന്‍സ്സിനെക്കുറിച്ചും ചൂടേറിയ ചര്‍ച്ചകള്‍. തമിഴ്നാട് മുന്‍ ഉപമുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധിയുടെ ‘ചുവപ്പ് ഭൂതമാണ്‌’ ( റെഡ് ജയിന്ട് ) ചിത്രം നിര്‍മ്മിച്ചത് എന്ന രാഷ്ട്രീയം. പടം കണ്ടപ്പോള്‍ ഓര്‍ത്തത് ഉദയനിധിയുടെ താത്ത സാക്ഷാല്‍ കലൈജ്ഞര്‍ പണ്ട് തിരക്കഥയെഴുതിയ പരാശക്തി എന്ന ചിത്രമാണ്. ദ്രാവിഡ രാഷ്ട്രീയം സിനിമയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ നടന്ന ശ്രമത്തിന്റെ ആദ്യ വിജയമായിരുന്നു പരാശക്തി. അതുവരെയുള്ള സാമൂഹിക വ്യവസ്ഥയെ കണക്കിന് കളിയാക്കിയും, തമിഴന്‍ എന്ന ബോധത്തില്‍ ഊറ്റം കൊണ്ടും ശിവാജി ഗണേശന്‍ കോടതിമുറിയില്‍ നെടുങ്കന്‍ ഡയലോഗ് കാച്ചിവിടുന്ന പരാശക്തിയിലെ രംഗം തമിഴന് തൈയിര്‍ സാദം കഴിക്കുന്നപോലുള്ളൊരു അനുഭവമാണ്. അതേ സ്വത്വരാഷ്ട്രീയം പുതിയ കുപ്പിയില്‍ ഉപയോഗിച്ചു എന്നതുകൊണ്ട്‌ മാത്രമല്ല ഏഴാം അറിവിന്‌ പരാശക്തിയുമായി സാമ്യമുള്ളത്. ‘ഐ ലവ് യൂ’ എന്നതുപോലും എങ്ങിനെ ചുരുക്കി എസ്.എം.എസ്സായി അയക്കാം എന്ന് ചിന്തിക്കുന്ന ഈ- കാലത്ത് സൂര്യയും ശ്രുതി ഹാസ്സനും ശിവാജിയെ ഓര്‍മ്മപ്പെടുത്തും വിധം കാണ്ഡം കാണ്ഡമായി ഡയലോഗുകള്‍ പറയുന്നു.

പുതിയ ലോകക്രമത്തില്‍ ഇന്ത്യ
അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബോധിധര്‍മ്മന്‍ എന്ന കാഞ്ചീപുരം സ്വദേശിയായ പല്ലവ രാജകുമാരന്‍ ചൈനയിലെത്തി സെന്‍ ബുദ്ധമതവും ഇന്ത്യന്‍ ശാസ്ത്ര ജ്ഞാനവും പകര്‍ന്നു നല്‍കുന്നു. ആയോധന മുറകള്‍ പഠിപ്പിക്കുന്നു. രണ്ടാം ബുദ്ധനായി മാറുന്നു. ചരിത്രം ഏറെക്കുറെ ശരിയെന്ന് അടിവരയിട്ട ബോധിധര്‍മ്മന്റെ ഈ ജീവിതകഥയ്ക്കൊപ്പം പുത്തന്‍ കഥാപശ്ചാത്തലം കൂടി ഇഴചേര്‍ത്താണ് മുരുഗദോസ് എഴാം അറിവ് രൂപപ്പെടുത്തിയിട്ടുള്ളത്. ബോധിധര്‍മ്മന്‍ പകര്‍ന്നു നല്‍കിയ അറിവുകളുടെ സഹായത്തോടെ പുതിയ കാലത്തില്‍ ഇന്ത്യക്കെതിരെ ചൈന ജൈവയുദ്ധം നടത്തുന്നു. ചൈന വിതച്ച മഹാവ്യാധിയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ശുഭ ശ്രീനിവാസന്‍ എന്ന ജനിതക ശാസ്ത്രജ്ഞ നടത്തുന്ന ശ്രമമാണ് ചിത്രം പങ്കുവെക്കുന്നത്. ഇതിനായി ബോധിധര്‍മ്മന്റെ പിന്മുറക്കാരനായ അരവിന്ദന്‍ എന്ന സര്‍ക്കസ് താരത്തിന്റെ ജനിതക ഓര്‍മ്മകള്‍ ഉണര്‍ത്തി ശുഭ ബോധിധര്‍മ്മന്റെ അറിവുകള്‍ വീണ്ടെടുക്കുന്നു.

പുതിയ ലോകക്രമത്തില്‍ ഇന്ത്യയുടെ ശത്രു ചൈനയാണ് എന്ന് ചിത്രം അടിവരയിടുന്നു. ‘ഓപ്പറേഷന്‍ റെഡ്’ എന്ന ചൈനയുടെ ഇന്ത്യവിരുദ്ധ പദ്ധതി ദ്രാവിഡ രാഷ്ട്രീയത്തിന് കമ്മ്യൂണിസത്തോടുള്ള താല്‍പ്പര്യമില്ലായ്മ വ്യക്തമാക്കുന്നു. സമത്വവാദത്തിനുവേണ്ടി പാരമ്പര്യം കളയാന്‍ തമിഴന്‍ തയ്യാറല്ല. ഭാവിയില്‍ ചൈനീസ് ഡ്രാഗണ്‍ തീതുപ്പുമ്പോള്‍ ഇന്ത്യയെ രക്ഷിക്കാന്‍ തമിഴനേ ഉണ്ടാകൂ എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ ഏഴാം അറിവ്. കാരണം സ്വന്തം പാരമ്പര്യത്തില്‍ വെള്ളം കലര്‍ത്താന്‍ തയ്യാറാകാത്ത ഇന്ത്യയിലെ ഏക ജനത തമിഴനാണെന്നാണ് ചിത്രത്തിന്റെ വിവക്ഷ.

തമിഴ് ഭാഷയുടെ പഴക്കത്തെക്കുറിച്ചും മഹത്വത്തെക്കുറിച്ചും ശുഭ ( ശ്രുതി ഹാസ്സന്‍ ) ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ഏറെ വൈകാരികമായി ചിത്രത്തില്‍ സംസാരിക്കുണ്ട്. ” മലേഷ്യയില്‍ നിന്ന്, ശ്രീലങ്കയില്‍നിന്ന് എല്ലാം തമിഴന്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങി ഇനിയും തോറ്റോടാന്‍ വയ്യ, തമിഴന്‍ തിരിച്ചടിക്കാന്‍ തുടങ്ങുകയാണ്…” എന്ന വാക്കുകളോടെയാണ് ബോധിധര്‍മ്മന്റെ രണ്ടാം വരവ്. ഒടുവില്‍ സ്വന്തം പാരമ്പര്യം കേവല വിശ്വാസം മാത്രമല്ല ശാസ്ത്രം കൂടിയാണെന്ന് അരവിന്ദന്റെ ഉടലിലൂടെ ബോധിധര്‍മ്മന്‍ സിനിമയുടെ ക്യാമറാ അതിരുകളെയും സംവിധായകന്റെ നിയന്ത്രണത്തെയും മറികടന്ന് വ്യക്തമാക്കുന്നു.

ഒരു ആവറേജ് ചിത്രത്തില്‍ ഈ കാര്യങ്ങള്‍ കാഴ്ചക്കാരന്‍ ആരോപിച്ചുണ്ടാക്കുന്നതല്ല. മറിച്ച് ഇവ ബോധപൂര്‍വ്വം ഉപയോഗിച്ചതാണെന്ന് മുരുഗദോസ് വ്യതമാക്കുന്നു. ” തമിഴന്റെ പ്രശ്നങ്ങളെ ഇനിയും കണ്ടിലെന്ന് നടിക്കാനാകിലെന്നും”, ” കാര്യങ്ങള്‍ കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ടെന്നും” സ്വതവേ മിതവാദിയായ സൂര്യപോലും പറയുന്നു. ബ്രാഹ്മണ ബിംബങ്ങളുടെ നിരാകരണമാണ് തമിഴ് രാഷ്ട്രീയ ചിത്രങ്ങളുടെ സവിശേഷത. ഏഴാം അറിവില്‍ ബുദ്ധനാണ് ശക്തമായ രീതിയില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള വിശ്വാസ ബിംബം. രവി .കെ. ചന്ദ്രന്റെ ക്യാമറയും ഹാരിസ് ജയരാജിന്റെ സംഗീതവും പീറ്റര്‍ ഹയിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയും കഥയ്ക്ക്‌ കാമ്പ് പകരുന്നു.

മറികടക്കാനാവാത്ത ദൌര്‍ബല്യങ്ങള്‍
എന്നാല്‍ തിരക്കഥയുടെ ദുര്‍ബലതയാണ് ചിത്രത്തെ ഇല്ലാതാക്കി കളഞ്ഞത്. പല രംഗങ്ങളും സംവിധായകന്റെ കൈവിട്ടുപോയി. ക്ലൈമാക്സ് പോലും. പല ഭാഷസ്നേഹ ഗീര്‍വാണങ്ങളും കേട്ടാല്‍ മധുരമിടാത്ത, കടുപ്പം മാത്രമുള്ള ഫില്‍ട്ടര്‍ കോഫി കുടിച്ച പോലെ തോന്നും. സകലകലാവല്ലഭന്റെ മകളാണെങ്കിലും ശ്രുതി ഹാസ്സന്റെ അഭിനയത്തെ വിശേഷിപ്പിക്കാന്‍ ഒരുവാക്കേ ഉള്ളൂ ‘പരമ ബോറ്’. അരവിന്ദന്റെ ഉള്ളിലെ ബോധിധര്‍മ്മന്റെ ജീനുകളെ ഉണര്‍ത്തിയപോലെ ശ്രുതിയുടെ ഉള്ളിലെ കമല ഹാസ്സന്റെ അഭിനയ ജീനുകളേയും ഉണര്‍ത്തേണ്ടതുണ്ട്. ചിത്രത്തില്‍ ഉപയോഗിച്ച കണ്‍കെട്ട് വിദ്യ ( നോക്ക് മര്‍മ്മം ) തീയ്യേറ്ററുകളിലും പ്രയോഗിക്കണം.

കാര്യമായ ലക്ഷ്യം കണ്ടിലെങ്കിലും ഏഴാം അറിവ് ചില കാര്യങ്ങളുടെ സൂചകമാണ്. ഭാരതീരാജ മുതലിങ്ങോട്ട്‌ തമിഴ് സിനിമാലോകത്ത് ഭൂരിഭാഗം കലാകാരന്മാരിലുമുള്ള പ്രകടമായ തമിഴ് ഭാഷാസ്നേഹം. കാര്യം തമിഴിനെക്കുറിച്ചാണ് സമ്മതിച്ചു, ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. പക്ഷെ ഞങ്ങളുടെ യുക്തിയെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ചിത്രമെടുത്താല്‍ കണ്ണടച്ച് അംഗീകരിക്കാന്‍ അല്‍പ്പം
ബുദ്ധിമുട്ടുണ്ട് എന്ന തമിഴന്റെ നിലപാട്. ഏഴാം അറിവ് ഒരു തിരിച്ചറിവ്‌ കൂടിയാണ്.

വാല്‍ക്കഷണം: സ്വത്വരാഷ്ട്രീയം ശക്തമായ മുംബൈയിലേക്കും ഏഴാം അറിവ് കടന്നു വരുന്നതായി ഒരു അടക്കം പറച്ചിലുണ്ട്. ഈ സിനിമയില്‍ ബോധിധര്‍മ്മന്‍ “അങ്ങ്, ധാരാവി… ധാരാവി എന്ന് കേട്ടിട്ടില്ലേ! അവിടത്തെ അധോലോക നേതാവാണത്രേ.!!!

3 thoughts on “ഏഴാം അറിവ്: ഇനിയും പറയാത്ത രഹസ്യങ്ങള്‍

  1. അരവിന്ദന്റെ ഉള്ളിലെ ബോധിധര്‍മ്മന്റെ ജീനുകളെ ഉണര്‍ത്തിയപോലെ ശ്രുതിയുടെ ഉള്ളിലെ കമല ഹാസ്സന്റെ അഭിനയ ജീനുകളേയും ഉണര്‍ത്തേണ്ടതുണ്ട് 😀

  2. എല്ലാ പ്രാദേശിക (ക്ഷമിക്കണം) ഭാഷകൾക്കും പൊതുവായുള്ള വികാരം ആ ഭാഷ മറ്റേത് ഭാഷയേക്കാളും ഉത്കൃഷ്ടമാണ് എന്നാണ്. മലയാളിയുടെ വികാരവും മറ്റൊന്നല്ല. അതു കൊണ്ടാണല്ലൊ നാം തമിഴരെ പാണ്ടി എന്നു കളിയക്കി വിളിക്കുന്നതു.
    പക്ഷെ അത് വിഘടന പരവും രാജ്യ താത്പര്യ വിരുദ്ധവുമായി മാറുന്നത് തമിഴ് സിനിമയിൽ മാത്രം ആണ്.
    “കൺകൾ ഇരണ്ടാൽ” താമരയുടെ അഭിപ്രായം ഒന്നു മാത്രം

Leave a Reply

Your email address will not be published. Required fields are marked *