മതംകൊണ്ട് മുറിവേറ്റവര്‍

പുറപ്പെട്ടിട്ടും എത്താനാവാത്ത പലായനമാണ് പലപ്പോഴും മതം മാറ്റം. പല മതങ്ങള്‍ക്കിടയില്‍ പെട്ടുപോവലാണ് അതിന്റെ വിധി. രണ്ടു മതങ്ങള്‍ക്കിടയില്‍ തറഞ്ഞു പോവുന്ന ചില മനുഷ്യരുടെ പ്രതിസന്ധികളാണ് മഹേന്ദ്രന്‍ എന്ന ഷംസുദ്ദീന്റ കഥ. കെ. പി ജയകുമാര്‍ എഴുതുന്നു

നെടുങ്കണ്ടത്തെ ഒരു ചുമട്ടുതൊഴിലാളിയായിരുന്നു തങ്കപ്പന്‍. ലക്ഷംവീട് കോളനിയിലായിരുന്നു താമസം. സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കും എന്നതൊഴിച്ചാല്‍ മറ്റ് ശീലങ്ങളോ ദുശീലങ്ങളോ തങ്കപ്പന് ഉണ്ടായിരുന്നില്ല. 1991-ലെ ഒരു സുപ്രഭാതം തങ്കപ്പന് ഭാഗ്യവുമായാണെത്തിയത്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അയാള്‍ക്ക് ലഭിക്കുന്നു. ഹൈറേഞ്ചിലേക്ക്
കുടിയേറ്റക്കാരനായി വന്നതു മുതല്‍ ജന്‍മനാടിന്റെ വിളി അയാളെ പിന്തുടര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ പണം കൈയ്യില്‍ വന്നപ്പോള്‍ ആദ്യം എടുത്ത് തീരുമാനം അതായിരുന്നു. ഹൈറേഞ്ചിനോട് യാത്ര പറയുക. ഇനിയുള്ള കാലം ജനിച്ചുവളര്‍ന്ന സ്വന്തം നാട്ടില്‍ ജീവിക്കുക.

അങ്ങനെ തങ്കപ്പന്‍ കുടിയിറങ്ങി. താമസിച്ചിരുന്ന വീട് മൂത്ത മകന്‍ രാമചന്ദ്രനു നല്‍കി. ഇളയ മകളും മകനും ഭാര്യയും അടങ്ങുന്ന കുടുംബത്തിലെ ബാക്കിയുള്ളവര്‍ തങ്കപ്പനൊപ്പം അയാളുടെ ജന്മ നാടായ കാഞ്ഞിരപ്പള്ളിയിലേയ്ക്ക് മടങ്ങി. ഉണ്ടായിരുന്ന പണം നല്‍കി കുറച്ചു കൃഷിഭൂമി വാങ്ങി. വീടു വച്ചു.
കഥയുടെ ഇത്രയും ഭാഗം പറഞ്ഞത് രാമചന്ദ്രനാണ്. പിന്നീട് കഥ മുറിയുന്നു. പിഞ്ഞിത്തുടങ്ങിയ ഒരു പിതൃപുത്രബന്ധത്തിന്റെ ഇഴയകലങ്ങള്‍ രാമചന്റെ വാക്കുകളിലുണ്ടായിരുന്നു. അച്ഛന്റെ കൃത്യമായ മേല്‍വിലാസം പോലും തരാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല ചില സ്ഥലനാമങ്ങള്‍, ചില പേരുകള്‍…. അത്രമാത്രം.
കാഞ്ഞിരപ്പള്ളിയില്‍ ബസ്സിറങ്ങി, രാമചന്ദ്രന്‍ പറഞ്ഞ അടയാളങ്ങളില്‍ ചെന്നുമുട്ടി. പിന്നെയും വഴികള്‍ പലതായി പിരിഞ്ഞു.

‘ഇനി നിങ്ങള്‍ തങ്കപ്പന്‍ എന്നു ചോദിക്കേണ്ട. വലിയപള്ളീടെ മുറ്റത്ത് വെള്ളിയാഴ്ച തൊപ്പിവില്‍ക്കുന്ന സൈദിന്റെ വീടേതാണെന്നു ചോദിച്ചാല്‍ മതി.’
അപ്പോള്‍ തങ്കപ്പന്‍.? ഞാന്‍ തിരയുന്നത് തങ്കപ്പനെയാണ്. ലോട്ടറിയടിച്ച് ലക്ഷാധിപതിയായ തങ്കപ്പനെ കിട്ടിയാലെ എനിക്ക് ഫീച്ചറെഴുതാന്‍ പറ്റു. എഴുതിക്കൊടുത്താലെ യാത്രാപ്പടി വസൂലാകൂ.

അപ്പോഴേക്കും കാഞ്ഞിരപ്പള്ളി വലിയപള്ളിയും കടന്ന് ഒരു ചെമ്മണ്‍ വഴിയിലൂടെ സൈദിന്റെ വീട് അന്വേഷിച്ച് ഞാന്‍ ഏറെ ദൂരം പിന്നിട്ടിരുന്നു. ഒരു കൊച്ചു കവലയിലെത്തി. സൈദിന്റെ വീടന്വേഷിച്ചു. ‘ ഓ!… തൊപ്പി വില്‍ക്കുന്നു സൈദല്ലേ? അയാടെ വീടങ്ങ കേറിപ്പോണം. അയാടെ മകന്‍ ദാ വളവിലെ പള്ളീക്കാണും. അവടത്തെ മുക്രിയാ. ബാങ്കുവിളിക്കുന്ന ആളേ….’

വളവു തിരിഞ്ഞപ്പോള്‍ പള്ളി കാണായി. ആഡംബരങ്ങളൊന്നുമില്ലാത്ത ഒരു കൊച്ചു പള്ളി. ആരേയും കാണാനില്ല. പള്ളിയുടെ ഹാളില്‍ പുല്‍പ്പായ വിരിച്ച് ആരൊക്കെയോ കിടക്കുന്നുണ്ട്. ഉച്ചമയക്കത്തിലാണ്. ഇവരിലാരാണ് സൈദിന്റെ മകന്‍ മുക്രി.? വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ നെടുമുടി അവതരിപ്പിച്ച് മൂസാ സേഠ് എന്ന കഥാപാത്രമുണ്ട്. അതുമാത്രമാണ് എനിക്ക് അടുത്തുപരിചയമുള്ള ഒരേയൊരു മുക്രി. ചൂണ്ടുവിരലുകള്‍കൊണ്ട് കാതുകളടച്ച് ബാങ്കുകൊടുക്കുന്ന അയാളുടെ കണ്ണുകളില്‍ നനവുണ്ടാകുമായിരുന്നു. കാരുണ്യവാനായ മനുഷ്യന്‍. അതുകൊണ്ടുതന്നെ എല്ലാ മുക്രികളും അത്യധികം സങ്കടത്താല്‍ മനസ്സിന്റെ തേങ്ങലുകളെ ബാങ്കുവിളികളാക്കിമറ്റുന്നവരാണെന്നായിരുന്നു എന്റെ വിശ്വാസം. മരുഭൂമിയില്‍ പ്രതിധ്വനിക്കാനാവാതെ അലഞ്ഞലഞ്ഞു തോരുന്ന സംഗീതമാണ് ബാങ്കുവിളികളെന്ന് അറിഞ്ഞതു മുതല്‍ എല്ലാ മുക്രികളും എനിക്ക് പാട്ടുകാരാണ്.

പള്ളിവാതുക്കല്‍ ഏറെ നേരം നിന്നു. പുറത്തുനിന്നപ്പോള്‍ പ്രായമായ ഒരാള്‍ വന്നു. കൈകാല്‍ കഴുകി ദേഹശുദ്ധിവരുത്തി പള്ളിഹാളിലേക്ക് കയറിയ അയാളോട് ഞാന്‍ സൈദിന്റെ മകനെ തിരക്കി. അയാള്‍ അകത്തേക്കുപോയി. കുറച്ചു കഴിഞ്ഞപ്പോള്‍ പിന്നില്‍ ഒരാള്‍ ‘ ആരാ…? എന്താ…?’ ഞാന്‍ തിരിഞ്ഞുനോക്കി. താടിനീട്ടി തലയില്‍ തൊപ്പി ധരിച്ച് തൂവെള്ള വസ്ത്രമണിഞ്ഞ ഒരു ചെറുപ്പക്കാരന്‍.
ആ മുഖം എനിക്ക് വളരെ പരിചിതമായിരുന്നു. മനസ്സ് നാട്ടിടവഴികളിലും സ്‌കൂള്‍ മുറ്റങ്ങളിലും ഞൊടിനേരംകൊണ്ട് ചുറ്റിയടിച്ച് തിരിച്ചെത്തി. ‘മഹേന്ദ്രന്‍!’
ഉറപ്പില്ലാത്ത ഒരു വിളി ഞാനറിയാതെ പുറപ്പെട്ടുവന്നു. അയാള്‍ ചിരിച്ചു.

‘അതെ… ഇപ്പോള്‍ ഷംസുദ്ദീനാണ്….. ‘
അവനെന്റെ പേരുവിളിച്ചു.

മഹേന്ദ്രനും ഞാനും ഒന്നിച്ചാണ് പഠിച്ചത്. ഒരേ സ്‌കൂളില്‍ ഒരേ ക്ലാസില്‍, ചിലപ്പോഴൊക്കെ ഒരേ ഡിവിഷനില്‍ തന്നെയും ഞങ്ങളുണ്ടായിരുന്നു. ക്ലാസ് മുറിയിലും മുറ്റത്തും നാട്ടിടവഴികളിലും പെരുന്നാള്‍ സ്ഥലങ്ങളിലും ഉല്‍സവപ്പറമ്പുകളിലുമായി പത്തില്‍ ഒതുങ്ങാത്ത പത്തുവര്‍ഷങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു.
മഹേന്ദ്രന്‍ മുഹമ്മദ് ഷംസുദ്ദീനായി മുക്രിയായി, തൊപ്പിവില്‍ക്കുന്ന സൈദിന്റെ മകനായി മുന്നില്‍ നില്‍ക്കുന്നു. വീട്ടിലേക്കു നടക്കുമ്പോള്‍ മഹേന്ദ്രന്‍ എന്ന ഷംസുദ്ദീന്‍ സ്വന്തം കഥകളൊന്നും പറഞ്ഞില്ല. പകരം തിരക്കുകയായിരുന്നു. പഴയ ചങ്ങാതിമാരെക്കുറിച്ച്. നാടിനെക്കുറിച്ച്, പഠിപ്പിച്ച അധ്യാപകരെക്കുറിച്ച്. കൊല്ലപ്പരീക്ഷകഴിഞ്ഞ് തല്ലുകൂടിയതിനെക്കുറിച്ച്…. ഭൂതകാലക്കോട്ടയിലേക്ക് അവന്‍ എത്രവേഗമാണ് കയറിപ്പോകുന്നത്.

വീട്ടിലെത്തി. തങ്കപ്പന്‍ എന്ന സൈദിനെ കാണുന്നു. രാമചന്ദ്രന്‍ പറഞ്ഞുനിര്‍ത്തിയിടത്തുനിന്നും തങ്കപ്പന്റെ കഥ തുടരുന്നു.

കാഞ്ഞിരപ്പള്ളിയിലെത്തിയെങ്കിലും വിചാരിച്ചതുപോലെ കൃഷിയില്‍ ജീവിതം തളിര്‍ത്തില്ല.
ഭാഗ്യക്കുറി കിട്ടിയിട്ടും തങ്കപ്പന്റെ ദിനങ്ങള്‍ കഷ്ടപ്പാടിന്റെ ആവര്‍ത്തനമായിരുന്നു. ഒരു ദിവസം മഹേന്ദ്രന്റെ മനസ്സിന്റെ താളം തെറ്റി. എന്തോ കണ്ട് ഭയന്നിട്ടായിരുന്നുവത്രെ. വീട്ടിലിരിക്കാന്‍ അവന് ഭയമായിരുന്നു. മകന്റെ പേടിമാറാന്‍, വീടും സ്ഥലവും വിറ്റു. പണം കാഞ്ഞിരപ്പള്ളിയിലെ ഒരു സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു. താമസം വാടക വീട്ടിലാക്കി. ഒരുപാട് പണം മകന്റെ ചികിത്സയ്ക്കായി ചെലവഴിച്ചു. ഒന്നും ഫലംകണ്ടില്ല.
അങ്ങനെയിരിക്കെ ഒരു ബന്ധുവിന്റെ ഉപദേശമനുസരിച്ച് തങ്കപ്പനും കുടുംബവും തിരുവനന്തപുരത്ത് ഒരാശ്രമത്തിലെത്തുന്നു. കുടുംബത്തില്‍ എല്ലാവരും ഗുരുവില്‍ വിശ്വസിയ്ക്കണം എന്ന ‘ഡിമാന്റനുസരിച്ച് എല്ലാവരും തികഞ്ഞ വിശ്വാസികളായി.
”ആശ്രമത്തിലെ പോക്കും വരവും കങ്ങഴ ആശുപത്രിയിലെ ചികിത്‌സയും മോന്റെ രോഗം മാറ്റി”-തങ്കപ്പന്‍ പറഞ്ഞു.

ആ വിശ്വാസമാണ് ആശ്രമം നിര്‍മ്മിക്കാന്‍ പണം ചോദിച്ചപ്പോള്‍ കൊടുക്കാന്‍ ഇടയാക്കിയത്. വീടു വിറ്റു കിട്ടിയതില്‍ മിച്ചമുള്ള സമ്പാദ്യം പതിനഞ്ചു രൂപയുടെ മുദ്രപ്പത്രത്തിന്‍ മേലെഴുതിയ ഉടമ്പടി പ്രകാരം ഒരുവര്‍ഷത്തേക്ക് ആശ്രമനിര്‍മ്മാതാക്കള്‍ക്ക് കടംകൊടുക്കുന്നു. പക്ഷെ പല അവധികള്‍ പലതുകഴിഞ്ഞിട്ടും പണം മടക്കി കിട്ടിയില്ല. നിത്യവൃത്തിയ്ക്ക് വകയില്ലാത്ത തങ്കപ്പനും കുടുംബവും അതിനുശേഷം ഏഴിലധികം വീടുകളില്‍ മാറിമാറി താമസിച്ചു.

ജീവിതം ഗതിമുട്ടിയ ഒരു രാത്രിയില്‍ തങ്കപ്പന്റെ ഭാര്യ അമ്മിണി കിണറ്റില്‍ ചാടി. കണക്കുകളെല്ലാം നിരന്തരം പിഴയ്ക്കുമ്പോഴും കൂട്ടിനുണ്ടായിരുന്നവള്‍. മരണത്തില്‍ നിന്നും കഷ്ടിച്ച് തിരിച്ചെത്തി. പക്ഷെ അവരുടെ അപ്പോഴേക്കും മനസ് താളെ തെറ്റിയിരുന്നു. പിന്നീട് ചികിത്സയുടെ ഭാരവും ആ കുടുംബത്തില്‍ വന്നു വീഴുന്നു. മരുന്ന് മുടങ്ങിയാല്‍ അസുഖം കൂടും, ഗുളിക വാങ്ങാന്‍ കാശില്ല. വാടകയും വീട്ടുകാര്യങ്ങളും…

തങ്കപ്പനും മനസ്സിന്റെ സമനിലതെറ്റിയ അമ്മിണിയും ഭാഗ്യംവും നിര്‍ഭാഗ്യവും വേര്‍തിരിയ്ക്കാനാവാതെ ജീവിതത്തിന് കീഴടങ്ങുകയായിരുന്നു.
അങ്ങനെയിരിക്കെ ഒരുദിവസം തങ്കപ്പന്റെയും അമ്മിണിയുടെയും മകന്‍ മഹേന്ദ്രന്‍ മതം മാറി ഇസ്‌ലാമായി.
മഹേന്ദ്രന് കാരണമുണ്ടായിരുന്നു. ” ആ പണമായിരുന്നു എല്ലാത്തിനും പ്രശ്‌നം”-അച്ഛന്‍ കടം കൊടുത്ത പണം തിരികെ ചോദിക്കാന്‍ ഓരോ അവധിക്കും പോയിരുന്നത് മഹേന്ദ്രനാണ്. അവധികള്‍ നീണ്ടുനീണ്ടു പോയി. വീട് അടിക്കടി ദുരിതത്തിലേക്കും.
ഒടുവില്‍ മഹേന്ദ്രന്‍ ഉറപ്പിച്ചു. പണം തന്നില്ലെങ്കില്‍ അയാളെ കൊല്ലണം.

ആ അവധിക്കും പണം കിട്ടിയില്ല. പക്ഷെ, കൊല്ലാനുമായില്ല.
കടംവാങ്ങിയവന്റെ ആവലാതിയിലും കണ്ണീരിലും മനസ്സലിഞ്ഞ് ഓരോതവണയും മഹേന്ദ്രന്‍ മടങ്ങിപ്പോന്നു. അങ്ങനെ ഒരു നിരാശാഭരിതമായ ഒരു മടക്കയാത്രയിലാണ്
മഹേന്ദ്രന്‍ മതം മാറാന്‍ തീരുമാനിച്ചത്.
അതുവരെയുള്ളതെല്ലാം മറക്കുക. ജീവിതവും പണവുമെല്ലാം. പുതിയതാകുക. അങ്ങിനെ മഹേന്ദ്രന്‍ മുഹമ്മദ് ഷംസുദ്ദീനായി. പൊന്നാനിയില്‍ പോയി തൊപ്പിയിട്ടു. താടി വളര്‍ത്തി.
സമ്പത്തും മതവും വിശ്വാസങ്ങളും പലതായി മുറിച്ചിട്ടും വീണ്ടും മുറികൂടി ജീവിതത്തിലേക്ക് ഇഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണവര്‍.

മതം മാറിയതോടെ ബന്ധുക്കള്‍ അകന്നു. അതുകൊണ്ടാണ് മൂത്തമകന്‍ രാജേന്ദ്രന് അച്ഛന്റെ കഥ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്.
തങ്കപ്പനും അമ്മിണിയും ഷംസുദ്ദീനും ഒരേവീട്ടില്‍ താമസിച്ചു. എന്നിട്ടും എല്ലാവരും ഒറ്റക്കായിരുന്നു. ഒടുവില്‍ മകന്റെ വിശ്വാസത്തിനു പിന്നാലെ അമ്മയും അച്ഛനും ഇറങ്ങിത്തിരിച്ചു. തങ്കപ്പന്‍ തൊപ്പിയിട്ട് സൈദായി. അമ്മിണി തലയില്‍ തട്ടമിട്ടു. ആയിഷയെന്ന് പേരും സ്വീകരിച്ചു.
പഴയകാലത്തിന്റെ ദുരിതം നിറഞ്ഞ ഓര്‍മ്മകളെല്ലാം ജീവിതത്തില്‍ നിന്നും കഴുകിക്കളയാന്‍ അവന്‍ ഒരു വഴിതേടുകയായിരുന്നു. വിശ്വാസങ്ങളും കൂടെകൊണ്ടുനടന്ന പേരും മതവും കുടഞ്ഞു കളഞ്ഞിരിക്കുന്നു. കാഞ്ഞിരപ്പള്ളി വലിയ പള്ളിയുടെ മുറ്റത്ത് അത്തറും തൊപ്പിയും വില്‍ക്കുന്ന സെയ്ദിനും മകന്‍ ഷംസുദ്ദീനും ഇപ്പോള്‍ ഭൂതകാലത്തിന്റെ ഭാരമില്ല.
ഇല്ലേ….?

ഞാന്‍ യാത്ര പറഞ്ഞു. പള്ളിയില്‍ ബാങ്ക് കൊടുക്കാന്‍ സമയമായതിനാല്‍ ഷംസുദ്ദീന്‍ നേരത്തെ പോയിരുന്നു. തങ്കപ്പന്‍ എന്ന സൈദ് ഇത്രകൂടെ പറഞ്ഞു. ‘ ഹൈറേഞ്ചു മതിയാരുന്നു. അവിടുന്നു പോരണ്ടായിരുന്നു.’ഒരു ദീര്‍ഘ നിശ്വാസത്തിനുശേഷം തുടര്‍ന്നു. ‘ആ കാശ് എങ്ങനെയും വാങ്ങിയെടുക്കണം. ഇളയവളുടെ കല്ല്യാണം നടത്തണം. ഷംസുദ്ദീന് എന്തെങ്കിലും ഒരു കച്ചോടം, പിന്നെ…പൊന്നാനീല് പോണം…അവിടന്ന് വേറെ എങ്ങോട്ടെങ്കിലും…രാമേശ്വരം….കാശി…’

5 thoughts on “മതംകൊണ്ട് മുറിവേറ്റവര്‍

 1. നന്നായി.നിസ്സംഗതയോടെയുള്ള ഈ ജീവിതആഖ്യാനം….

 2. മതം മനസ്സിനെ മയക്കുന്ന കറുപ്പ്’ എന്ന് പറയുന്നവര്‍ ഉണ്ടാകാം. എന്നാല്‍ ജിവിതവസ്തകള്‍ക്ക് മുന്നില്‍ നിസ്സംഖതയോടെ നിന്ന് മതത്തെ പുണരുന്നവരെ…എങ്ങനെ മതം കൊണ്ട് മുറിവേറ്റന്നു പറയും?

 3. തൊപ്പിയും താടിയും , കാഷായ വസ്ത്രവും ആത്മീയതയുടെ ബാഹ്യ പ്രകടനങ്ങളാണ് , അവയിലുള്ള ആത്മീയ സാക്ഷാല്‍ക്കാരം ലഭിച്ചവര്‍ ഇല്ലാതെയല്ല … അറിവുള്ളതും അനുഭവമുള്ളതും മാത്രമേ മനുഷ്യ ബുദ്ധി സ്വീകരിക്കുകയുള്ളൂ .. വലിയ അവാര്‍ഡുകള്‍ കിട്ടിയത് കാരണം ഒരാളും ഒന്നിലും അവസാന വാക്കാവുന്നില്ല .. തന്‍റെ അറിവിന്‍റെ പരിധിയിലുള്ള ഒരു അഭിപ്രായ പ്രകടനം .. അത്രമാത്രം,… എഴുതാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്‌, അത് അവരുടെ അറിവിന്റെ പരിധിയാണ്, ,, താന്‍ അറിയുന്നത് മാത്രമേ ശരിയുള്ളൂ എന്ന് പറയുന്നവര്‍ വിവരമില്ലാത്തവര്‍ …. അതിനാല്‍ അറിയുക … വീണ്ടും അറിയുക ….
  മതങ്ങളെ ബാഹ്യ ആചാരങ്ങളില്‍ മാത്രം വീക്ഷിക്കുന്ന ഒരു പുതിയ എഴുത്തുകാരന്റെ കുറെ ചിന്തകള്‍ …
  മതം മാറ്റത്തിന്റെ കാരണങ്ങളെ നിസ്സാരമാക്കുന്ന ഈ എഴുത്ത് കാരന് കമലാ സുരയ്യയെ അറിയുമോ ആവോ ??

 4. കെ.പി ജയകുമാറിന്റെ ഹൈറേഞ്ച് എഴുത്തിന്റെ പ്രസക്തിയും അത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും എന്താണ്?

  ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍ ലിറ്ററി ഹൈറേഞ്ചും വിഷ്വല്‍ ഹൈറേഞ്ചും മലയാള വായനയെയും കാഴ്ചയെയും ത്രസിപ്പിച്ചും ആസക്തമാക്കിയും നിര്‍മിച്ചെടുത്ത ടിപ്പിക്കല്‍ ജീവിത മാതൃകകകള്‍ എന്തൊക്കെയെന്ന് തിരിച്ചറിയണം. അതി കാമത്തിന്റെയും അതി നിഷ്കളങ്കതയുടെയും അതി പൌരുഷത്തിന്റയും കരുത്തടയാളങ്ങളായാണ് ഹൈറേഞ്ച് മെയിന്‍സ്ട്രീം ആഖ്യാനങ്ങളില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. തുടരന്‍ പൈങ്കിളിക്കഥകളിലും ത്രില്ലര്‍ നോവലുകളിലും കച്ചവട സിനിമകളിലുമൊക്കെ ജീപ്പിലും ലോറിയിലും മസിലുപെരുപ്പിച്ച് മദ്യത്തിന്റെയും കൊഴുത്ത പെണ്ണിന്റെയും മലഞ്ചരക്കിന്റെയും പൂത്ത പണത്തിന്റെയും മദഭരമായ ഗന്ധസാന്നിധ്യങ്ങളിലായിരുന്നു നമ്മുടെ ഹൈറേഞ്ച് ആഖ്യാനങ്ങള്‍ കെട്ടിക്കിടന്നിരുന്നത്.
  നാട്ടതിരില്‍നിന്ന് കാട്ടതിരിലേക്ക് വ്യാപിച്ച ഈ ആഖ്യാനങ്ങള്‍ ‘അതിപൌരുഷമുള്ള’ മൃഗങ്ങളെയും ‘നാക്കും ശരീരവും തെറിച്ച പെണ്ണുങ്ങളെയും കീഴടക്കി അജയ്യമായ ക്രിസ്ത്യന്‍^ ഹിന്ദു ആണത്തത്തിന്റെ ആഘോഷങ്ങളായി ദൃശ്യാക്ഷര കമ്പോളത്തില്‍ വിന്യസിക്കപ്പെട്ടു. അങ്ങനെ മലയാളിയുടെ രാഷ്ട്രീയ ബോധത്തെ ഉന്‍മൂലനം ചെയ്യുന്ന അതിഭാവുകത്വത്തിന്റെയും അതിലളിതവല്‍കരണത്തിന്റെയും സവിശേഷ പ്രയോഗങ്ങള്‍ കൊണ്ട് മുഖ്യധാരയിലെ ഹൈറേേഞ്ച് എഴുത്തുകള്‍ തരളിതമാക്കപ്പെട്ടു.
  പകര്‍ച്ചവ്യാധികളോടും പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി വളര്‍ന്ന ഒരു ജനതയെ മദ്യപാനികളും ഗുണ്ടകളും അരാഷ്ട്രീയ വ്യക്തിത്വങ്ങളും ഒറ്റുബുദ്ധിക്കാരുമാക്കിക്കൊണ്ട് അക്ഷര വ്യവസായവും അഭ്ര വിപണിയും പടര്‍ന്നു പന്തലിച്ചു. കുടിയേറ്റവും കയ്യേറ്റവും രണ്ടും രണ്ടെന്ന് തിരിച്ചറിയാനാവാത്തതായിരുന്നു ഇവരുടെ ഒരു പ്രശ്നം. ഒരുപക്ഷേ, ഇവ തമ്മില്‍ കലര്‍ത്തിയാലുണ്ടാവുന്ന രാഷ്ട്രീയ ലാഭത്തെപ്പറ്റി ഭൂമാഫിയ ദീര്‍ഘദര്‍ശനം ചെയ്തിരിക്കാം. മധ്യ ഉപരിവര്‍ഗ ക്രിസ്ത്യന്‍ സമൂഹത്തെ കള്ളും പാലപ്പവുമായോ തോക്കും പെണ്ണുമായോ ചരിത്രപരമായി പകുത്തെടുത്തത് ഈ പൈങ്കിളിക്കഥകളും സിനിമകളും ആയിരുന്നു.
  പഴയ പൈങ്കിളികളെയും പുതിയ ഹെറേഞ്ച് എഴുത്തു പക്ഷികളെയും സുസ്മേര ആഖ്യാനങ്ങളെയും റദ്ദാക്കുന്നിടത്ത് കെ.പി ജഒയകുമാറിന്റെ ഹൈറേഞ്ച് എഴുത്ത് അതിന്റെ രാഷ്ട്രീയം പ്രഖ്യാപിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *