കോണ്‍ക്രീറ്റ് കാട്ടിലെ കുഞ്ഞുപാത്തുമ്മമാര്‍

സയന്‍സ് പുസ്തകം തുറന്ന് അവള്‍ ചെടിയുടെ പടം കാണിച്ചു തന്നു. അവിടെ ‘soil’ എന്നെഴുതിയതിനു ചുറ്റും ഒരു വട്ടം..!!
‘ഇതോ, ഇത് സോയില്‍. എന്ന് വച്ചാല്‍ മണ്ണ് . ചെടികള്‍ മണ്ണില്‍ അല്ലെ നസിയ വളരുന്നത്?’
‘മണ്ണിലോ?’ ആ കൊച്ചു കണ്ണുകള്‍ കൌതുകവും അത്ഭുതവും കൊണ്ട് വിടര്‍ന്നു..
‘അതേ മണ്ണില്‍.. എന്താ നസിയ കണ്ടിട്ടില്ലേ? ‘
ഒട്ടൊരു ചമ്മലോടെ നസിയ പറഞ്ഞു, ഇല്ല…-ധ്വനി എഴുതുന്നു

 

 

സ്കൂളിലെ ജോലി രസകരമായിരുന്നു. എങ്കിലും അതിന് തിരക്കേറെയായിരുന്നു. ഉച്ചവരെ മാത്രമേ ക്ലാസുള്ളൂ. എങ്കിലും ആഴ്ചയില്‍ ഒരേ ഒരു ഫ്രീ പീരീഡ് മാത്രം. മിക്കപ്പോഴും അന്നും എക്സ്ട്രാ ഡ്യൂട്ടി വരും. പത്തു മിനിറ്റ് ഭക്ഷണ ഇടവേള ഉണ്ട്. ആഴ്ചയില്‍ രണ്ടു മൂന്നു പ്രാവശ്യം ബ്രെയ്ക്ക് ഡ്യുട്ടിയും.
ക്ലാസ്സു കഴിഞ്ഞാല്‍ പിന്നെ അവിടെ നില്‍ക്കാനോ സ്പെഷ്യല്‍ ക്ലാസ്സ് ഏര്‍പ്പെടുത്താനോ ഒന്നും പറ്റില്ല. പ്രധാന പ്രശ്നം ട്രാന്‍സ്പോര്‍ട്ടേഷന്‍ തന്നെയാണ്. കുട്ടികളെയും ടീച്ചര്‍മാരെയും കൊണ്ടുവരുന്നത് സ്കൂള്‍ വാഹനത്തിലാണ്. അതില്‍ തന്നെ തിരിച്ചു പോയേ പറ്റു, നമ്മുടേത് പോലെ പൊതു ഗതാഗത സംവിധാനമൊന്നും പ്രായോഗികമല്ല, അവിടെ.

ആദ്യമൊക്കെ ഞാന്‍ താമസിച്ചത് കുറെ ദൂരെ ഉള്ള ഒരു സ്ഥലത്തായിരുന്നു. അവിടെ നിന്ന് രാവിലെ അഞ്ചിന് വണ്ടിയില്‍ കയറിയാലേ ഏഴിന് ക്ലാസ്സ് തുടങ്ങും മുമ്പേ എത്താന്‍ കഴിയു. അതിനാല്‍ യാത്രക്ക് സമയമേറെ. പല സ്ഥലങ്ങളില്‍ നിന്നും കുട്ടികളെ കയറ്റിയാണ് യാത്ര. ആദ്യമൊക്കെ, ബാക്കിയാകുന്ന ഉറക്കത്തെ ഓര്‍ത്ത് വാഹനത്തിന്റെ ഒരു മൂലയില്‍ ഇരിക്കുകയായിരുന്നു പതിവ്.

പിന്നെയാണ് അതിലെ കുട്ടികളെയും അവരുടെ സംസാരവും ഒക്കെ ശ്രദ്ധിച്ചത്. നല്ല രസമാണ് കേള്‍ക്കാന്‍. ഒരു പ്രത്യേക താളത്തില്‍ ഈണത്തില്‍ തനി മലപ്പുറം സ്ലാങ്ങില്‍ ആയിരുന്നു മിക്കവരുടെയും സംസാരം. സ്കൂളില്‍ ഇംഗ്ലീഷ് സംസാരിക്കണം എന്നാണ് നിയമം. എന്നാലും പലപ്പോഴും അവര്‍ മലയാളത്തില്‍ തന്നെ ‘മുണ്ടും’. തീരെ കൊച്ചു കുട്ടികളാണ്. അവരോട് ഞാന്‍ എന്ത് പറയാനാണ്? ഇനി പറഞ്ഞാലോ. അവരൊട്ട് കേള്‍ക്കുകയും ഇല്ല. ഞാന്‍ ഇംഗ്ലീഷില്‍ പറയുന്നതിനാലാവണം പലപ്പോഴും ബസ്സില്‍ അവരെന്നോട് മിണ്ടുക പോലുമില്ലായിരുന്നു..

ഓരോരുത്തരുടെയും വീടെത്തുമ്പോള്‍ ‘ആലിയാ അന്റെ കുടി എത്തീക്ക്ണു’, ‘ഹെന്റെ റബ്ബേ’, ‘ന്താപ്പോ കത’ എന്നിങ്ങനെയാവും വര്‍ത്തമാനങ്ങള്‍. ഇത് കേള്‍ക്കുമ്പോഴോക്കെ, അവര്‍ ബഷീറിന്റെ ഏതോ നോവലീന്നു ഇറങ്ങിവന്ന പോലെ തോന്നി, എനിക്ക്. നാട്ടിലെ കുട്ടികളെക്കാള്‍ നന്നായി, ഇവര്‍ എങ്ങനെ മലയാളം സംസാരിക്കുന്നു എന്നത് എന്നെ അത്ഭുതപെടുത്തി. അറബി അറിയില്ലെങ്കില്‍ മറ്റേതു ഗള്‍ഫ് രാജ്യത്തെയുംപോലെ ഇംഗ്ലീഷും ഹിന്ദിയും ആണ് സൌെദിയിലും രക്ഷ . കുറെ കഴിയുമ്പോള്‍ പല നാട്ടുകാരോട് പല ഭാഷകളില്‍ സംസാരിച്ചു തുടങ്ങും. മലയാളം എങ്ങനെയോ പറയും എന്നല്ലാതെ വായിക്കാനോ എഴുതാനോ അല്ലെങ്കില്‍ നേരാം വണ്ണം മനസ്സിലാക്കാനോ പോലും അറിയാതാകുന്നതാണ് പൊതുവേ വിദേശ മലയാളികളുടെ രീതി. പ്രത്യേകിച്ചു കൊച്ചു കുട്ടികളുടെ കാര്യത്തില്‍. സ്കൂളില്‍ വിടും മുമ്പേ ഇംഗ്ലീഷ് പറഞ്ഞു പഠിപ്പിക്കും അവരെ. കാരണം, പുറംലോകവുമായി അവര്‍ക്ക് സംവദിക്കണമല്ലോ. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ടീച്ചര്‍മാര്‍ പറയുന്നത് മനസ്സിലാകുകയും വേണമല്ലോ.. അപ്പോഴാണ്, ഇവിടെ മലയാളം മാത്രം മൊഴിയുന്ന ‘കുഞ്ഞിപ്പാത്തുമ്മമാര്‍!!

പിന്നെയാണ് അറിയുന്നത്, മിക്കവരുടെയും ഉമ്മച്ചിമാര്‍ വീട്ടില്‍ തന്നെയുണ്ട്, ഇംഗ്ലീഷ് തീരെ അറിയാത്ത തനി നാടന്‍ പെണ്‍കുട്ടികള്‍. സ്കൂളില്‍ പഠിക്കുമ്പോഴേ കല്യാണം കഴിഞ്ഞവര്‍. അവരുടെ ഭാഷയാണ് കുട്ടികള്‍ ഭംഗിയായി പകര്‍ത്തുന്നത്. നാടന്‍ചുവയിലെ ഈ മലയാളം എന്നെ സത്യത്തില്‍ സന്തോഷിപ്പിച്ചു. അവരുടെ സംസാരം കേള്‍ക്കാനും കുട്ടികളെ കൂടുതല്‍ പഠിക്കാനും ഞാന്‍ ശ്രദ്ധിച്ചു. പിന്നീട് ബസ്സില്‍ ഞാന്‍ അവരോട് മലയാളത്തില്‍ സംസാരിച്ചു തുടങ്ങി. . അവരുടെ കൊച്ചു. ലോകത്തിന്റെ ഭംഗി പൂവിരിയുന്നതു പോലെ വിടര്‍ന്നുവന്നത് പെട്ടെന്നാണ്. സൌദിയിലെ ശരാശരി മലയാളി കുടുംബങ്ങളിലെ ജീവിതം. രണ്ടു സംസ്കാരങ്ങളുടെ കൂടികുഴയല്‍. ഇതൊക്കെ കുട്ടികളാണ് എനിക്ക് പറഞ്ഞു തന്നത് കൂടെ അബുക്ക എന്ന ഞങ്ങളുടെ ഡ്രെവറും.

കുട്ടികളില്‍ ചിലര്‍ സൌദിയില്‍ തന്നെ ജനിച്ചു വളര്‍ന്നവര്‍ ആയിരുന്നു. പലരും നാട് കേട്ടിട്ടേയുള്ളു, കണ്ടിട്ടില്ല. എന്നാല്‍ വേറെ ചിലര്‍ നാട്ടിലാണ് വളര്‍ന്നത്. ചിലര്‍ നാട്ടില്‍ മലയാളം മീഡിയം സ്കൂളില്‍ നിന്ന് വന്നവരാണ്. അത്തരം കുട്ടികള്‍ക്ക് വേണ്ടി മറ്റൊരിടത്തും ഇല്ലാത്ത പ്രത്യേക വിഭാഗം ഞങ്ങളുടെ സ്കൂളില്‍ അന്നുണ്ടായിരുന്നു ഒരു മലയാളം മീഡിയം വിഭാഗം. കുറേ കഴിഞ്ഞപ്പോള്‍ അത് ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ ലയിപ്പിച്ചു.

പിന്നെയാണ് മറ്റൊരു കാര്യം ശ്രദ്ധയില്‍ പെട്ടത്. എല്‍ കെ ജി മുതല്‍ ഒന്ന് വരെ ഉള്ള കുട്ടികളില്‍ ചിലര്‍ക്ക് നാട്ടില്‍ അതേ ക്ലാസ്സുകളില്‍ പഠിക്കുന്ന വരേക്കാള്‍ വലിപ്പം കൂടുതലാണ്. അന്വേഷിച്ചപ്പോളറിഞ്ഞു, അത് പ്രായക്കൂടുതല്‍ തന്നെ. അതെന്താണെന്ന് അന്വേഷിച്ചപ്പോള്‍ മറ്റൊന്നറിഞ്ഞു. അവര്‍ക്കു താഴെ നാലും അഞ്ചും വയസ്സായ കുട്ടികള്‍ വീട്ടിലുണ്ട്. ചെറിയ വരുമാനത്തില്‍ ജീവിക്കുന്ന മിക്ക കുടുംബങ്ങള്‍ക്കും ഇളയ കുട്ടികളെ സമയത്ത് സ്കൂളില്‍ വിടുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ തീരെ ദരിദ്രരൊന്നുമല്ല അവര്‍. നല്ല ഭക്ഷണവും വസ്ത്രവുമൊക്കെ കാണും. ഭാരിച്ച പഠന ചിലവും ഇതിനൊരു കാരണമാണ്. ചുരുങ്ങിയ ഒരു വിഭാഗം കുട്ടികള്‍ മദ്രസ്സയില്‍ മാത്രം പോകുന്നുണ്ട്. അത് മതിഎന്ന ഒരു രീതിയാണ്. കുറെ കഴിഞ്ഞ് സൌെകര്യപ്പെടുമ്പോള്‍ സ്കൂളില്‍ ചേര്‍ക്കും.

ഒരു ചെറിയ സംശയം
ബസ്സിലെ വായാടി കുട്ടിയാരുന്നു നസിയ. മൂന്നില്‍ പഠിക്കുന്നു. വാലിട്ടെഴുതിയ കണ്ണും എണ്ണ തേച്ചു പിന്നിക്കെട്ടിയ മുടിയും മുഖവും ഒരു മഫ്തയില്‍ മൂടി അവള്‍ ബസ്സില്‍ വന്നുകേറും. അത് കണ്ടാല്‍ ഏതോ നാട്ടിന്‍പുറത്താണ് നമ്മള്‍ എന്ന് തോന്നും. ശരിക്കും ബഷീറിന്റെ കുഞ്ഞി പാത്തുമ്മയെ ഓര്‍മ്മ വരും. ബസ്സിലെ കാര്യസ്ഥയാണ് കക്ഷി. കയറുന്നവരോടും ഇറങ്ങുന്നവരോടുമെല്ലാം എന്തെങ്കിലും ചോദിക്കും. ഇല്ലെങ്കില്‍ കൂട്ടുകാര്‍ക്കിടയില്‍ ഇരുന്ന് എന്തെല്ലാമോ കഥകള്‍ പറയും. ക്ലാസ്സില്‍ വച്ച് മലയാളത്തില്‍ ചോദിയ്ക്കാന്‍ പറ്റാത്തതുകൊണ്ട് സംശയങ്ങള്‍ എല്ലാം ചോദിച്ചിരുന്നത് വണ്ടിയില്‍ വച്ചാണ്.

ഒരിക്കല്‍ ക്ലാസ്സ് കഴിഞ്ഞ് തിരിച്ചു വരും വഴി നാണം കുണുങ്ങി നസിയ എന്റെ അടുത്ത് വന്നു.
‘ടീച്ചര്‍ … അതേ ഒരു കാരിയം ചോദിച്ചാല്‍ ഇങ്ങള് പറയ്വോ?’
‘എന്താ നസിയ..’പതിവില്ലാത്ത പരുങ്ങല്‍ കണ്ടു ഞാന്‍ ചോദിച്ചു.
‘അതേ ടീച്ചറെ, ഈ ചെടിയുണ്ടാകുന്നത് എങ്ങനെയെന്നാ ഇങ്ങള് പറഞ്ഞത് ?
” ചെടീടെ വിത്ത് മുളച്ച്, അത് പതിയെ പതിയെ വലുതാകുമ്പോള്‍ വലിയ ചെടിയാകും… എന്താ നസിയ ?
‘അല്ല അതിനൊരൂട്ടം സാധനം വേണ്ടേ?’
‘എന്ത് സാധനം?’
‘ഇതേ,എന്നും പറഞ്ഞു സയന്‍സ് പുസ്തകം തുറന്ന് അവള്‍ ചെടിയുടെ പടം കാണിച്ചു തന്നു. അവിടെ ‘soil’ എന്നെഴുതിയതിനു ചുറ്റും ഒരു വട്ടം..!!
‘ഇതോ, ഇത് സോയില്‍. എന്ന് വച്ചാല്‍ മണ്ണ് . ചെടികള്‍ മണ്ണില്‍ അല്ലെ നസിയ വളരുന്നത്?’
‘മണ്ണിലോ?’ ആ കൊച്ചു കണ്ണുകള്‍ കൌെതുകവും അത്ഭുതവും കൊണ്ട് വിടര്‍ന്നു..
‘അതേ മണ്ണില്‍.. എന്താ നസിയ കണ്ടിട്ടില്ലേ? ‘
ഒട്ടൊരു ചമ്മലോടെ നസിയ പറഞ്ഞു ….’ഇല്ല.. !!’

അപ്പോഴേക്കും നസ്സിയയുടെ ‘കുടി’ അഥവാ ഫ്ലാറ്റ് എത്തിയിരുന്നു. അവളെ അവിടെ ഇറക്കി വണ്ടി മുന്നോട്ടു പോകുമ്പോള്‍ ഞാന്‍ നോക്കിയത് എവിടെയെങ്കിലും ഇത്തിരി മണ്ണ് കാണാമോ എന്നാണ്,
മണല്‍ക്കാടിനു നടുവിലെ ഈ വലിയ പട്ടണത്തില്‍ കാണാന്‍ ഒരു തരി മണ്ണില്ല. വഴിയോരങ്ങളിലും ട്രാഫിക് ഐലന്റുകളിലും പുല്‍ത്തകിടികളും മരങ്ങളും ഒക്കെയുണ്ട്. എന്നാല്‍ മണ്ണ് തെളിഞ്ഞു കാണുന്ന ഒരു സ്ഥലം പോലുമില്ല. മരങ്ങളുടെ തണ്ടിന് ചുറ്റും വരെ കോണ്‍ക്രീറ്റ് ചെയ്തു ‘ഭംഗിയാക്കിയിരിക്കുന്നു’.
നസിയയെ പറഞ്ഞിട്ട് കാര്യമില്ല. അവള്‍ നാട് കാണാത്ത, ഇവിടെ ജനിച്ചുവളര്‍ന്ന കുട്ടിയാണ് .ഫ്ലാറ്റിന്റെ ചുവരുകള്‍ക്കുള്ളിലാണ് അവളുടെ ലോകം. പിന്നെ കളിസ്ഥലവും, മുറ്റവും എന്ന് വേണ്ട എല്ലായിടവും കോണ്‍ക്രീറ്റ് ചെയ്ത സ്കൂളും. പുറം ലോകം എന്ന പേരില്‍ അവള്‍ കണ്ടിട്ടുള്ളത് നഗരത്തിലെ ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ഒക്കെയാണ്. റോഡുകളില്‍ കോണ്‍ക്രീറ്റ് പാതകള്‍ക്ക് നടുവില്‍ മരങ്ങള്‍ വളരുന്നതാണ് അവള്‍ കണ്ടിട്ടുള്ളത്…

സൌദിയില്‍ പാര്‍ക്കുകള്‍ ഞാന്‍ കണ്ടിട്ടില്ല , ചിലപ്പോള്‍ ഞാന്‍ കാണാഞ്ഞാകും . എങ്കിലും വിരളം ആണെന്ന് തോന്നുന്നു. നാട്ടിലും, പിന്നെ ഇവിടെ മറ്റൊരു ഗള്‍ഫ് രാജ്യത്തും ചെടികള്‍ മണ്ണില്‍ നിന്നു തലയാട്ടുന്നത് കാണുമ്പോള്‍ ഞാന്‍ നസിയ എന്ന കുഞ്ഞിപാത്തുമ്മയെ ഓര്‍ക്കാറുണ്ട്.
അന്ന് അവളെ മണ്ണ് കാണിച്ചു കൊടുക്കാന്‍ പിറ്റേന്ന് സ്കൂളിലൂടെ വെറുതെ ഞാന്‍ നടന്നു. മണ്ണ് കാണാനായില്ല. പിന്നീട് എന്നായിരിക്കാം അവള്‍ മണ്ണില്‍ ചെടികള്‍ വളരുന്നത് കണ്ടിട്ടുണ്ടാവുക? നനഞ്ഞ മണ്ണില്‍ കാലു തൊടുമ്പോള്‍ ഭൂമി പാടുന്നത് കേട്ടിട്ടുണ്ടാവുക?

8 thoughts on “കോണ്‍ക്രീറ്റ് കാട്ടിലെ കുഞ്ഞുപാത്തുമ്മമാര്‍

  1. മഴയും മണ്ണും നാടും നാട്ടറിവും ഇല്ലാത്ത ഒരു പുതിയ തലമുറ .. നാട്ടിലേക്ക് ഒരു തിരിച്ചു പോക്ക് ഉറപ്പാണെങ്കിലും നിവൃത്തികേടിന്റെ ഈ സ്വര്‍ഗത്തില്‍ അവരുടെ ബാല്യം പഴാകുകയാണ് .

    • ബാല്യം പാഴാവുകയാണോ?….. അറിയില്ല..!! മുന്‍ തലമുറ അനുഭവിച്ച പലതും അവര്‍ക്ക് ലഭിക്കുന്നില്ല, സത്യം തന്നെ.. എന്നാല്‍ അവരുടേത് പുതിയ ഒരു ബാല്യം പുതിയ ലോകം പുതിയ ഒരു ഓര്‍മ്മ കൂട് .നമ്മുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ്, എന്നാല്‍ അതിലും കൌതുകങ്ങള്‍ ഉണ്ട്,വര്‍ണ്ണങ്ങള്‍ ഉണ്ട് വളര്‍ച്ചയുടെ നിറഭേതങ്ങള്‍ ഉണ്ട് .. നിറഞ്ഞൊഴുകുന്ന പുഴ നോക്കി ‘ എന്ത് ഭംഗി’ എന്ന് പറഞ്ഞ എന്നോട്…”എന്റെ കുഞ്ഞേ നിനക്കൊന്നും നല്ല ഒരു ലോകത്തിന്റെ ഭംഗി കാണാന്‍ ആയില്ലല്ലോ” എന്ന് എന്റെ ചിറ്റപ്പന്‍ പറഞ്ഞത് ഓര്‍ക്കുന്നു , എന്നിട്ടും എന്റെ ബാല്യം എനിക്ക് എത്ര നിറമുള്ള ഓര്‍മ്മയാണ് … ഒരു പക്ഷെ അടുത്ത തലമുറയെ നോക്കി ഈ തലമുറയും വിലപിചെക്കാം..!!

  2. മറുനാട്ടില്‍ ജീവിക്കുന്നവരില്‍ ഏറ്റവും നഷ്ടം കുഞ്ഞുങ്ങള്‍ക് തന്നെ. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള കളികളും അനുഭവങ്ങളും അതില്‍ നിന്നും ആര്‍ജിക്കുന്ന മനസ്സുറപ്പും ധൈര്യവും . ചെറിയ ഒരു കാര്യം മതി അവരുടെ ശക്തി ചോര്‍ന്നു പോകാന്‍.

  3. ഭാവിയില്‍ ഭാര്യയേം കുട്ടികളേം ഗള്‍ഫിലേക് കൊണ്ടുവരാന്‍ താത്പര്യപെടുന്ന, ഇപ്പോള്‍ ബാച്ച്ലെര്‍
    അച്കമാടറേനുഗളില്‍ കഴിഞ്ഞു ഫാമില്യ്യെ കൊണ്ടുവരുന്നടും സ്വപ്നം കണ്ടു കഴിയുന്ന ഒരു പാട് ആളുഗല്‍ ഇവിടെ ഉണ്ട്ട് .ഈ ലേഘനം എല്ലാവര്കും മനസിലാകാനുള്ള സൂജനകള്‍ ഉണ്ട്…

Leave a Reply

Your email address will not be published. Required fields are marked *