തുണിസഞ്ചിക്കാരെ കൊണ്ടെന്ത് പ്രയോജനം?

കേരളത്തില്‍ വികസനം വരുന്നില്ലെന്ന കാര്യത്തില്‍ ഇടതിനും വലതിനും എന്നും ഒരേ നിലവിളിയാണ്. വികസനം മുടക്കുന്നത് തുണിസഞ്ചിക്കാരാണെന്ന കാര്യത്തിലും സംശയമില്ല. ഇക്കുറി ആര്യാടനാണ് ഈ അഭിപ്രായം പറഞ്ഞതെങ്കില്‍ കഴിഞ്ഞ തവണ മന്ത്രി ബാലനായിരുന്നു എന്നു മാത്രം-സി.ആര്‍ ഹരിലാല്‍ എഴുതുന്നു

 

 

വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനും കാര്യം പിടികിട്ടി. കേരള വികസനത്തിന് തുരങ്കം വെക്കുന്നത് സാക്ഷാല്‍ തുണിസഞ്ചിക്കാര്‍ തന്നെ. ദല്‍ഹിയില്‍ പത്രക്കാരെ ഒന്നിച്ചു കണ്ടപ്പോള്‍ മന്ത്രി തന്നെ അക്കാര്യം പറഞ്ഞു. ഈ തുണിസഞ്ചിക്കാരെ കൊണ്ട് നിവൃത്തിയില്ല. ഇവമ്മാര് തെറ്റിദ്ധാരണ പരത്തുകയാണ്. പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ചുനിന്നിട്ടു വേണം ഇവമ്മാരുടെ പരിപ്പെടുക്കാന്‍. എന്നിട്ടു വേണം അതിരപ്പിള്ളിയില്‍ വൈദ്യുതി ഉണ്ടാക്കാന്‍.

ആര്യാടന്റെ വെടി എന്തായാലും കൊള്ളാം. പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ചു നിന്നാല്‍ പിന്നെ എന്താ പുകില്. അത് നടന്നാല്‍ പിന്നെ എന്താണ് നടക്കാത്തത്. നാടിനെ മതിയാവോളം വികസിപ്പിക്കാം. കോടികളുടെ പദ്ധതിയാണ് വരാനുള്ളത്. പണി തീരാന്‍ ചുരുങ്ങിയത് പതിറ്റാണ്ടുകളെടുക്കും. കമ്മീഷനും അതിന്റെ കമ്മീഷനുമൊക്കെയായി പത്തോണം അധികമുണ്ണാനുള്ള വക താനേ തെളിയും.

കേരളത്തില്‍ വികസനം വരുന്നില്ലെന്ന കാര്യത്തില്‍ ഇടതിനും വലതിനും എന്നും ഒരേ നിലവിളിയാണ്. വികസനം മുടക്കുന്നത് തുണിസഞ്ചിക്കാരാണെന്ന കാര്യത്തിലും സംശയമില്ല. ഇക്കുറി ആര്യാടനാണ് ഈ അഭിപ്രായം പറഞ്ഞതെങ്കില്‍ കഴിഞ്ഞ തവണ മന്ത്രി ബാലനായിരുന്നു എന്നു മാത്രം. ഒന്നും നടത്താന്‍ സമ്മതിക്കാത്ത പരിസ്ഥിതിക്കാര്‍ തുണിസഞ്ചിയുമായ വന്നു സകല പദ്ധതികളും മുടക്കുന്നുവെന്നായിരുന്നു സഖാവ് അന്ന് ആണയിട്ടത്. ഇക്കൂട്ടരെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും മന്ത്രി അന്ന് ഊന്നിയിരുന്നു.
അതിരപ്പിള്ളി കാര്യത്തില്‍ ഇടതുപക്ഷത്തിന് പണ്ടേ ഇതു തന്നെയാണ് അഭിപ്രായം. ഒന്നിച്ചു നിന്ന് നാടങ്ങ് വികസിപ്പിക്കുക. വൈദ്യുതി എന്നൊക്കെ പറഞ്ഞാല്‍ നാട്ടുകാര് മൊത്തമായി കൂടെ നിന്നോളും. കാടിന്റേം നാടിന്റേം കാര്യം പറഞ്ഞ് തുണിസഞ്ചിക്കാര് കുരച്ചാലും മെച്ചമുണ്ടാവില്ല.

രണ്ട്
അല്ലേലും ഈ പരിസ്ഥിതിക്കാര് പണ്ടേ ഇങ്ങനെയാണ്. നാലു കാശിന്റെ പദ്ധതി വരുമ്പോള്‍ താടിയും സഞ്ചിയുമായി ഇറങ്ങും. മുദ്രാവാക്യമായി. പഠനമായി. സിദ്ധാന്തമായി. കാടില്ലേല്‍ മഴ പെയ്യില്ല, കടലു വറ്റിപ്പോവും എന്നൊക്കെയുള്ള വാചകമടിയായി. എന്നാപ്പിന്നെ അറബിക്കടലില്‍ എങ്ങനെ മഴ പെയ്യുന്നുവെന്നൊക്കെ കൂട്ടത്തിലൊരു പുമാന്‍ പണ്ടേ ചോദിച്ചതാണ്. ഇവറ്റകള്‍ക്ക് എന്തുണ്ട് മറുപടി?

എന്നാലും ഒരു രഹസ്യം പറയാതെ പറ്റില്ല. ഈ തുണിസഞ്ചിക്കാര് പറയുന്നതൊക്കെ ശരി തന്നെയാ. കുറേ കാലം കഴിഞ്ഞ് നമ്മളും ഇതൊക്കെ തന്നെ പറയും. വല്ല പരിസ്ഥിതി ദിനമോ, ആഗോളതാപന സിമ്പോസിയമോ വന്നാല്‍ നമ്മള്‍ വേറെന്തു പറയാന്‍.
ഇപ്പോ ഉദാഹരണത്തിന് പഴയ പാത്തന്‍പാറ പദ്ധതി തന്നെയെടുക്കാം. നാട്ടുകാരെ ഒന്നിച്ചു കൂട്ടി ചെറുകിട വൈദ്യുതി പദ്ധതി തുടങ്ങാമെന്ന് പറഞ്ഞ് പരിസ്ഥിതിക്കാര് മുന്നിട്ടു വന്നതാ. നമ്മള് വിടുമോ. വൈദ്യുതി ഉണ്ടാക്കലും വില്‍ക്കലും സ്റ്റേറ്റിന്റെ പരിപാടിയാ. അതില് നാട്ടുകാര്‍ക്ക് എന്തര് കാര്യങ്ങളെന്നു പറഞ്ഞ് നെഞ്ചും വിരിച്ചു നിന്നു. കെ.എസ്.ഇ.ബീലെ ചേട്ടന്‍മാരും കൂടെ നിന്നു.
എന്നിട്ടെന്തായി. ഇവമ്മാര്ര് പിന്നേം ചെലച്ചു. വകവെക്കാതെ നമ്മള് വലിയ വലിയ അണകളും കെട്ടി. ലോകബാങ്കും ് അണ്ണന്‍മാരുമൊക്കെ പിന്നെയല്ലേ പറഞ്ഞത് മൈക്രോ ഹൈഡല്‍ പ്രൊജക്റ്റാണ് നല്ലതെന്നൊക്കെ. ് എന്തായാലും അവര് പറഞ്ഞപ്പോള്‍ നമ്മളും തുടങ്ങി, ചെറുകിട പദ്ധതി എന്ന ഉരുവിടല്‍.

സംഗതി പണ്ട് ഇവന്‍മാര് തുണിസഞ്ചിയും തൂക്കി വന്നു പറഞ്ഞതു തന്നെയാ. എന്നാലും നമ്മള് പറയുമ്പോ അതിന് ഗെറ്റപ്പ് കൂടും. പാത്രക്കടവിലും മറ്റും ചെല്ലുമ്പോള്‍ ഇപ്പോള്‍ നമ്മളും ചെറുകിട പദ്ധതി എന്നൊക്കെയാ പറയാറുള്ളത്.

മൂന്ന്
സൈലന്റ്വാലീന്നൊക്കെ പറഞ്ഞ് ഇവന്‍മാര് പണ്ട് എത്ര കെട്ടു പൊട്ടിച്ചതാ. അന്നിവരെ വിളിക്കാത്ത തെറിയുണ്ടോ. വികസനം മുടക്കികള്, മരക്കവികള്, സിംഹവാലന്‍മാര്. എന്നിട്ടെന്താ, അവരുള്ളതുകൊണ്ട് കാടിവിടെ ബാക്കിയായി. അതു കൊണ്ട് അല്ലലില്ലാതെ ഇപ്പോള്‍ നമ്മള് പരിസ്ഥിതി ദിനത്തിന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. സൈലന്റ്വാലീലെ കുരങ്ങിന്റെ കാര്യമൊക്ക പറയുന്നു. പഴയ കവികളെയൊക്കെ വിളിച്ചു കൊല്ലം തോറും നേര്‍ച്ച നടത്തുന്നു.

തുമ്പൂര്‍മുഴി പദ്ധതിയുടെ കാര്യവും ഇതു തന്നെയാ. 40 കൊല്ലമായി ജലസേചനം മുടങ്ങിക്കിടപ്പായിരുന്നു. ചാലക്കുടിപ്പുഴയില്‍ അണകെട്ടി കര്‍ഷകര്‍ക്ക് വെള്ളമെത്തിക്കാനുള്ള പരിപാടിയായിരുന്നു. എന്നിട്ടെന്തായി. അതേ പുഴയില്‍ മേല്‍ ഭാഗത്തായി നമ്മള് വീണ്ടും അണകെട്ടി. ഒന്നല്ല അഞ്ചാറെണ്ണം. ഒക്കെ വൈദ്യുതി പദ്ധതി. എന്നിട്ടോ. തുമ്പൂര്‍മുഴിയിലെ കനാലില്‍ വെള്ളമില്ലാതായി. കൃഷി മുടങ്ങി. പാടം മുടിഞ്ഞു. അതു കൊണ്ടെന്താ അവിടെ നമ്മള് വീടു വെച്ചു. അരിയും സാധനങ്ങളും കൊണ്ടുവരാന്‍ തമിഴ്നാടുണ്ടല്ലോ!
എന്നാലും കഴിഞ്ഞ കൊല്ലം വീണ്ടും നമ്മള് ശ്രമം നടത്തി. അടഞ്ഞുപോയ കനാലുകള്‍ നന്നാക്കി വീണ്ടും കൃഷി തുടങ്ങാനായിരുന്നു പരിപാടി. അതും പണ്ട് ഇവമ്മാര് പറഞ്ഞതു തന്നെ. എന്നാലും അര് അതോര്‍ക്കാന്‍. പറയാന്‍.

നാല്
ഇതു മാത്രമോ, ഇവമ്മാര് പണ്ടു പറഞ്ഞ എന്തോരം സംഗതികളാ ഇപ്പോ നമ്മള് ഇട്ടലക്കുന്നത്. ചെറുകിട പദ്ധതി. ജനകീയ പങ്കാളിത്തം. ബഹുതല ആസൂത്രണം. അങ്ങനെയെന്തൊക്കെ. കാര്യമെന്തായാലും ഇവമ്മാര് പറയും. നമ്മള് തെറി പറയും. കുറേ കാലം കഴിഞ്ഞാല്‍ അവമ്മാര് പറയുന്നത് തന്നെ നമ്മളും പറയും.

നമ്മള് ഹരിതവിപ്ലവം, കീടനാശിനി എന്നൊക്കെ പറഞ്ഞു നടന്ന കാലത്ത് ഇവമ്മാര് ജൈവകൃഷിയെന്നും പറഞ്ഞു നടന്നു. ആരു കേള്‍ക്കാന്‍. പിന്നെ, കൃഷിയൊക്കെ ഒരു വഴിക്കായപ്പോ നമ്മളും പറഞ്ഞു ജൈവകൃഷീന്ന്.

കാടു കൊണ്ടെന്ത് കാര്യം എന്ന് ബുദ്ധിയുള്ള നമ്മള് പറഞ്ഞു. മഴ കുറയുമെന്നും പറഞ്ഞ് ഇവമ്മാരും നടന്നു. എന്നിട്ടെന്താ? ഇപ്പോ നമ്മളല്ലേ മഴേടെ ആള്. മഴവെള്ള സംഭരണി, മഴവെള്ളക്കൊയ്ത്ത്, മഴക്കുഴി അങ്ങനെ എന്തെല്ലാം പരിപാടികള്. കാശു വേറെ. അവാര്‍ഡ് വേറെ. ഇവമ്മാരെ തെറി പറഞ്ഞ മനോരമ പോലും ഇപ്പോ ഇക്കോപത്രമല്ലേ.

പണ്ട് എന്‍ഡോസള്‍ഫാന്‍ ആളെക്കൊല്ലും ന്ന് പറഞ്ഞു നടന്നില്ലേ ഇവന്‍മാര്. അത് തളിച്ചാല്‍ കൃഷി വളരുംന്ന് പറഞ്ഞു നമ്മളും നടന്നു. തുണിസഞ്ചീം തൂക്കി വന്ന ഒറ്റയൊരുത്തനേം വെറുതെ വിട്ടുമില്ല. എന്നിട്ടോ, ഇപ്പോ നമ്മള് എന്‍ഡോസള്‍ഫാന്‍ വിരുദ്ധര്‍. നമ്മളും സമരം ചെയ്തില്ലേ. എക്സിബിഷന്‍ നടത്തിയില്ലേ. കവിത ചൊല്ലിയില്ലേ. ഇതൊക്കെ ഈ എമ്പോക്കികള്‍ക്കു മാത്രം പറഞ്ഞതാണോ?

അഞ്ച്
ഈ വൈദ്യുതി ക്ഷാമം എന്നൊക്കെ പറയുന്നത് തട്ടിപ്പ് പരിപാടിയെന്നാണ് ഇവന്‍മാര് പറയുന്നത്. കണക്കു വെച്ചു നോക്കുമ്പോ സംഗതി ശരിയുമാണ്. ആവശ്യത്തിലേറെ വൈദ്യുതി നമ്മള് തന്നെ ഉണ്ടാക്കുന്നു.പോരെങ്കില്‍ നാഷനല്‍ ഗ്രിഡില്‍ ഇതിലും കുറഞ്ഞ വിലക്ക് കറന്റ് കിട്ടുകയും ചെയ്യും. എന്നാലും ഇതൊക്കെ അങ്ങനെ പുറത്തു പറയാന്‍ പറ്റുമോ. നമ്മള്‍ക്കിവിടെ വൈദ്യുതി കമ്മിയല്ലേ. വൈദ്യുതി കമ്മിക്കല്ലേ അണക്കെട്ട്. താപനിലയം.

അപ്പോ ഇപ്പോഴുള്ള താപനിലയമോ എന്നൊന്നും ചോദിക്കരുത്. കായംകുളത്ത് ഇത്തിരി കാലം മാത്രമാണ് കുറച്ചെങ്കിലും കറന്റ് കിട്ടിയത്. നല്ലളത്തും പറഞ്ഞതിലും കുറവ് തന്നെ. മറ്റിടങ്ങളിലും ഇതു തന്നെ സ്ഥിതി. ആദ്യം നമ്മളൊരു കണക്ക് പറയും. പണി തുടങ്ങും. കറന്റുണ്ടാക്കി തുടങ്ങിയാല്‍ നാട്ടുകാര് ഇതെല്ലാം മറക്കും. എത്ര വൈദ്യുതി കിട്ടുന്നെന്ന് നോക്കലാണോ പത്രക്കാരുടെ പണി? നമ്മളൊരു കണക്കു പറയും. നാട്ടുകാര് പത്രത്തില്‍ വായിക്കും, അല്ല പിന്നെ. അല്ലെങ്കില്‍ തന്നെ ഈ കറന്റൊക്കെ അങ്ങനെ അളന്നെടുക്കേണ്ട വകയാണോ.

പദ്ധതിയാണ് കാര്യം. പദ്ധതിയില്ലാതെ എങ്ങനെ കമ്മീഷന്‍ വരും. എങ്ങനെ പണി നടത്തും. എങ്ങനെ സിമന്റ് വാങ്ങും. ഒരു ഡാം കിട്ടിയാല്‍ കുറേ കാലത്തേക്ക് കാര്യം കുശാല്‍. പണി എത്ര വൈകിച്ചാലും ലാഭം തന്നെ. അതിനിപ്പോ കാടു പോയി മരം പോയീന്നും പറഞ്ഞ് വിലപിച്ചിട്ടെന്താ കാര്യം.

കാര്യം വിപ്ലവകാരികളാണ് തൊഴിലാളി വര്‍ഗമാണ് എന്നൊക്കെ പറഞ്ഞാലും നമ്മുടെ യൂനിയന്‍ സഖാക്കളൊക്കെ എന്നും നമ്മടെ പക്ഷത്ത് തന്നെയാ. തൊഴിലാളി വര്‍ഗമാണെങ്കിലും മുതലാളി ഇല്ലാതെന്ത് തൊഴിലാളിയാ. അണ കെട്ടിയാലല്ലേ പണിയുണ്ടാവൂ. പണി ഉണ്ടായാലല്ലേ യൂനിയനുണ്ടാവൂ. യൂനിയനുണ്ടായലല്ലേ നമ്മളുണ്ടാവൂ. അതാണ്, അതിന്റെയൊരു ഇത്.

എന്തായാലും ഈ തുണിസഞ്ചിക്കാര് നമ്മക്ക് ഒരത്യാവശ്യമാ. കാര്യം, നമ്മള് തെറി പറഞ്ഞാലും ഇവമ്മാരില്ലെങ്കില്‍ അണ കെട്ടാനൊരു സുഖമില്ല. കുറേ കാലം കഴിഞ്ഞ് പരിസ്ഥിതി ദിനത്തില്‍ നമ്മക്ക് വല്ലതും പറയണമെങ്കല്‍ ഇവമ്മാര് പറഞ്ഞു തരണ്ടേ. അതുകൊണ്ടല്ലേ നമ്മളിപ്പോഴും ഇവമ്മാരുടെ മെക്കിട്ടുകേറുന്നത്. മരക്കവികള്‍, സിംഹവാലന്‍മാര്‍, ലുബ്ഡൈറ്റുകള്‍!

4 thoughts on “തുണിസഞ്ചിക്കാരെ കൊണ്ടെന്ത് പ്രയോജനം?

    • രാഷ്ട്രീയക്കാരെല്ലാം ഇടനിലക്കരനെന്നു വെക്തമയില്ലേ.. ഇന്നത്തെ യുവ രാഷ്ട്രീയക്കാര്‍ പഠിക്കുന്നതും ഈപ്പണി തന്നെ . ഏതു കൊടിവന്നാലും ചിലസ്ഥാനഗളില്‍ എത്തുന്പോള്‍ റ് ഒരെവാക്കുകള്‍ തന്നെ പറയും
      അതാരുടെ സബ്ദമാനെന്നു വ്യെക്തമെല്ലേ ….പിണറായിക്കും ആര്യാടനും ബാലനും ദ്ടെവസ്സിക്കും സാവിത്രി ലക്ഷ്മനനുമെല്ലാം ഒരെഒരുലക്ശ്യമ് മാത്രം ജനനന്മ …!

  1. പദ്ധതി കുന്തം… ഞങ്ങടെ പദ്ധതി കാശുണ്ടാക്കണതാ..

Leave a Reply

Your email address will not be published. Required fields are marked *