മറകള്‍ക്ക് അകത്തു നിന്നും സഹായി സംസാരിക്കുന്നു

ലീഡറുടെ സ്വന്തം നമ്പ്യാര്‍, വി.എസ് അച്യുതാനന്ദനൊപ്പം നിഴലായി നിലകൊള്ളുന്ന സുരേഷ്, എ.കെ ആന്റണിക്കൊപ്പമുള്ള പ്രതാപന്‍, സോണിയ ഗാന്ധിയുടേയും നെഹ്റു കുടുംബത്തിന്റെയും വിശ്വസ്തരായ മാധവനും പിള്ളയും വിന്‍സെന്റ് ജോര്‍ജും, ശശി തരൂരിന്റെ ജേക്കബ്, ഉമ്മന്‍ ചാണ്ടിയുടെ മാത്യു സാറും, ജോപ്പനും ആര്‍.കെയും. വയലാര്‍ രവിയുടെ അജയനും രാമുവും സിറിലും മുതല്‍ ഇ. അഹമ്മദിന്റെ ഇസ്മയിലും ഷഫീക്കും മുല്ലപ്പള്ളിയുടെ രാജുവും കെ.സി വേണുഗോപാലിന്റെ ശരതും… പ്രമുഖ നേതാക്കന്‍മാര്‍ക്കൊപ്പം നിഴലായി കഴിയുന്നവരുടെ ജീവിതം, അവരുടെ പ്രസക്തി, അവരുടെ അനിവാര്യത, അവരുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍. കെ.എന്‍ അശോക് എഴുതുന്നു

 

 

വി.എസ് അച്യുതാനന്ദന്റെ മുറുകിയ മുഖത്തിനു പിന്നില്‍ നാലുപാടും സദാ ശ്രദ്ധിച്ചു കൊണ്ടു നില്‍ക്കുന്ന ഒരു മുഖം ഓര്‍മയില്ലേ? കൊമ്പനാന കുത്താന്‍ വന്നാലും കുഴപ്പമില്ല, ഞാന്‍ നോക്കുന്നുണ്ടെന്ന് വിളിച്ചു പറയുന്ന ആത്മവിശ്വാസമുള്ള ഒരു മുഖം. തമ്മില്‍ കണ്ടു കൂടാത്ത സഖാക്കള്‍ക്കടുത്തൊക്കെ വി.എസ് നില്‍ക്കുമ്പോള്‍ മറ്റൊരു മുഖത്തേക്കും ശ്രദ്ധ പാളാതെ വി.എസിന്റെ ഓരോ കാലടിപ്പാടുകളും അളന്നെടുക്കുന്ന ശ്രദ്ധ സുരേഷിന് ഉണ്ടാകുന്നത് എന്തു കൊണ്ടാണ്?

എ.കെ ആന്റണിയുടെ പ്രതാപന്‍ ചേട്ടന്‍ മുതല്‍ ഇങ്ങേയറ്റത്ത് കെ.സി വേണുഗോപാലിന്റെ ശരത് വരെ നീളുന്ന ഒരു ലിസ്റ്റ് ഉണ്ടാക്കിയാല്‍ എത്ര പേരെ നാട്ടുകാര്‍ക്കറിയാം? പത്രത്താളുകളിലോ ടെലിവിഷന്‍ ചര്‍ച്ചകളിലോ ഒരിക്കല്‍ പോലും ഇടം പിടിക്കാത്തവരുടെ ഒരു ലോകമാണത്. ഡല്‍ഹിയിലെ ടിപ്പിക്കല്‍ അധികാരത്തിന്റെ ഇടനാഴി മുതല്‍ ഓരോ നാട്ടിലേയും അധികാര കേന്ദ്രങ്ങളിലെ ചെറു ചലനങ്ങള്‍ വരെ അറിഞ്ഞ് അതിനൊത്ത് സ്വയം പാകപ്പെടുകയും അതിന്റെ ഊര്‍ജം മുഴുവന്‍ നേതാവിന്റെ ദൈനംദിന ജീവിതത്തിലേക്കും തിരക്കിലേക്കും വഴി തിരിച്ചു വിടുകയും ചെയ്യുന്നവര്‍. വിശ്വസ്തര്‍, സഹായികള്‍, ഉപദേശകര്‍ എന്നൊക്കെ അറിയപ്പെടുന്നവര്‍. അവരെക്കുറിച്ചാണിത്.

നമ്പ്യാര്‍ക്ക് ഇതില്‍ താത്പര്യമൊന്നുമില്ലല്ലോ അല്ലേ?? കുഴപ്പം പിടിച്ച ഫയലുകള്‍ വരുമ്പോള്‍ പ്രശസ്തമായ കണ്ണിറുക്കിനൊപ്പം തന്റെ വിശ്വസ്ത സഹായിയോടുള്ള ലീഡറുടെ സ്ഥിരം ചോദ്യമാണിത്. നമ്പ്യാരിലൂടെയാണ് ഫയലുകള്‍ കരുണാകരനിലെത്തുന്നത്. എത്ര സങ്കീര്‍ണമായ ഫയലാണെങ്കിലും നമ്പ്യാരുടെ സൂക്ഷ്മമായ മനസ് അതിലെ നൂലാമാലകള്‍ പിടിച്ചെടുത്തിരിക്കും. നമ്പ്യാര്‍ നോക്കി മാര്‍ക്കിട്ടാല്‍ പിന്നെ അതില്‍ പ്രശ്നമില്ലെന്ന് കരുണാകരനറിയാം. എങ്കിലും നമ്പ്യാരെ കടത്തി വെട്ടുന്ന സൂക്ഷ്മതയുള്ള കരുണാകരന്‍ ഫയല്‍ നോക്കുമ്പോള്‍ ചുണ്ടിലൊരു ചിരി വരുമെന്നും മുകളില്‍ പറഞ്ഞ ചോദ്യം ഉയരാറുണ്ടെന്നും ദൃക്സാക്ഷികള്‍ വിവരിച്ചിട്ടുണ്ട്. ആ ചോദ്യത്തിന്റെ ഉള്ളടക്കവും അതിന്റെ മുനയും ഇരുവര്‍ക്കും മാത്രമേ പലപ്പോഴും മനസിലാകാറുമുള്ളൂ. രാഷ്ട്രീയത്തിലെ പതിനെട്ടടവുകളും പയറ്റുമ്പോഴും, ഭരണത്തിലെ കുഞ്ഞു കുഞ്ഞു നൂലാമാലകള്‍ മുതല്‍ ഗുരുവായൂര്‍ സന്ദര്‍ശനത്തിന്റെ സമയ നിഷ്ഠ വരെയുള്ള കാര്യങ്ങളില്‍ ഇടവും വലവും നിന്ന് നമ്പ്യാര്‍ കരുണാകരനെ കാത്തു. തിരിച്ച് കരുണാകരനുമുണ്ടായിരുന്നു ആ വിശ്വാസമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

അതൊരു ലോകമാണ്. പരസ്പരം വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന, എന്നാല്‍ രണ്ടിലൊരാളെ മാത്രം പുറം ലോകമറിയുന്ന ഒരു വിചിത്രമായ അധികാര ഘടന. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇക്കാര്യമെങ്കിലും ഒരാളെ വളര്‍ത്താനും തളര്‍ത്താനും എന്തിനേറെ ചരിത്രത്തില്‍ നിന്നു തൂത്തു മായ്ക്കാനും വരെ കഴിയുന്ന സഹായികള്‍ള്‍ ധാരാളമുണ്ടായിട്ടുണ്ട് നമ്മുടെ ഇടയില്‍. എന്നാല്‍ എല്ലായ്പ്പോഴുംഅറിയപ്പെടുന്നത് നേതാവ് മാത്രമാണെന്നതിനും ചരിത്ത്രില്‍ ഏറെ ഉദാഹരണങ്ങളുണ്ട്. നേതാവിനാല്‍ വളര്‍ത്തപ്പെടുന്നവര്‍ വളരെക്കുറവും തളര്‍ത്തപ്പെടുന്നവര്‍ മുഖ്യധാരയുടെ ഭാഗമല്ലാതിരിക്കുന്നതു കൊണ്ട് നമ്മുടെ രാഷ്ട്രീയ ചരിത്ത്രില്‍ ഇടം പിടിക്കാതിരിക്കുന്ന വൈരുദ്ധ്യവും ഇവിടെയുണ്ട്.

നമ്മുടെയൊക്കെ ജീവിതം വിചിത്രമായ ചില ചേരുവകളാല്‍ നിശ്ചയിച്ചിരിക്കുന്ന ഒരു ഘടനയാണെന്ന് പറയാറുണ്ട്. എഴുതപ്പെട്ടതും അല്ലാത്തതുമായ ഒരു മൂക്കുകയറാണ് അതിന്റെ നിയന്ത്രണ രേഖ. ഭരണകൂടമെന്നും അതിന്റെ നടത്തിപ്പുകാരെന്നും ഭരണഘടനയെന്നും അതിന്റെ വ്യാഖ്യാതാക്കളെന്നും വിളിക്കപ്പെടുന്നവരുടെ പരസ്പര പൂരകമായ ഒരു സാമൂഹിക ഘടന. ഇതിലെ നടത്തിപ്പുകാരെന്ന നേതാവും പരിവാരങ്ങളും കുടുംബവും ഒക്കെക്കൂടി ചേര്‍ന്ന് നമ്മുടെ പൊതുബോധത്തെ രൂപപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിക്കുകയും ദൈനംദിന ജീവിതത്തില്‍ ഏറിയും കുറഞ്ഞും ഏതൊക്കെയോ വിധത്തില്‍ ഇടപെടുകയും ചെയ്യുന്നതാണ് ഓരോ സാധാരണക്കാരന്റെയും ഓരോ നിമിഷത്തേയും ജീവിതം. എന്നാല്‍ ഈ ചട്ടക്കൂടി നിന്നു മാറിയുള്ള ഒരു സമാന്തര ഭരണകൂടവും അതിന്റേതായ ഭരണഘടനയും നിലവിലുണ്ട്. അവിടെ, സ്പെക്ട്രം ഇടപാടു മുതല്‍ റെയില്‍വേ ടിക്കറ്റിന്റെ കരിഞ്ചന്ത വരെയുള്ള ഒട്ടനേകം കാര്യങ്ങളെ വിരല്‍ത്തുമ്പില്‍ നിയന്ത്രിക്കുന്ന സഹായികളുുടെ ലോകമുണ്ട്. എന്നാല്‍ സാത്വികരായ, ചെയ്യുന്ന ജോലിയുടെ അന്തസ് ഓരോ കുഞ്ഞു കാര്യങ്ങളിലൂം വരെ കാത്തുസൂക്ഷിക്കുന്ന ചെറിയൊരു വിഭാഗവുമുണ്ട്.

ഒരു മന്ത്രിയുടെ കാര്യമെടുത്താല്‍, ക്യാബിനറ്റ് വകുപ്പാണെങ്കില്‍ 16 പേരാണ് സ്റ്റാഫായി ലഭിക്കുക. സഹമന്ത്രിയാണെങ്കില്‍ 13 പേരും. പ്രൈവറ്റ് സെക്രട്ടറി, അഡീ. പി.എസ്, അസി. പി.എസ്, ഒ.എസ്.ഡി, പേഴ്സണല്‍ അസിസ്റ്റന്റ്-ഫസ്റ്റ് ആന്‍ഡ് സെക്കന്റ് അങ്ങനെ നീളും ലിസ്റ്റ്. പ്രശസ്തരായ പലരുടേയും ഒപ്പം വിശ്വസ്തരായ ഇവര്‍ ഉപദേശകരും സഹായികളുമൊക്കെയായി ഒപ്പമുണ്ടാകും. നെഹ്റുവിന്റെ വിശ്വസ്തനായ സഹായിയായിരുന്ന എം.എം മത്തായി മുതല്‍ പ്രണാബ് മുഖര്‍ജിക്കൊപ്പം വിദേശകാര്യ വകുപ്പിലും ധന വകുപ്പിലുമൊക്കെ നിഴല്‍ പോലെ പിന്തുടരുന്ന ഒമിത പോള്‍. എസ്.എം കൃഷ്ണയുടെ വിശ്വസ്തനായ ഉപദേശകന്‍ രാഘവേന്ദ്ര ശാസ്ത്രി, മന്‍മോഹന്‍ സിംഗിന്റെ കണ്ണും കാതുമായ ടി.കെ.എ നായര്‍, ഇന്ദിരാ ഗാന്ധിക്കൊപ്പം ഉറച്ചു നിന്ന പി.സി അലക്സാണ്ടര്‍, എ. രാജയ്ക്കൊപ്പം ജയിലില്‍ കഴിയുന്ന ആര്‍.കെ ചന്ദോലിയ, അങ്ങനെ നീളും ഒരു നിര.

മറ്റൊരു വിഭാഗമുണ്ട്. എ.കെ ആന്റണിയുടെ കണ്ണും കാതുമായ, ഭരണകൂടത്തിനു പുറത്ത് ഒരു പരിധി വരെ നാവു കൂടിയായ പ്രതാപനെപ്പോലുള്ളവര്‍ പ്രതിനിധീകരിക്കുന്ന ലോകം. ആരാണ് കൂടുതല്‍ ആദര്‍ശശാലിയെന്നു വരെ സംശയം തോന്നിക്കുന്ന സ്വഭാമുള്ളവര്‍. നേതാവിന്റെ ഒരു നിശബ്ദ പകര്‍പ്പ്. സോണിയ ഗാന്ധിയുടേയും നെഹ്റു കുടുംബത്തിന്റെയും വിശ്വസ്തരായ മാധവനും പിള്ളയും വിന്‍സെന്റ് ജോര്‍ജും. ശശി തരൂരിന്റെ ജേക്കബ്, ഉമ്മന്‍ ചാണ്ടിയുടെ മാത്യു സാറും, ജോപ്പനും ആര്‍.കെയും. വയലാര്‍ രവിയുടെ അജയനും രാമുവും സിറിലും മുതല്‍ ഇ. അഹമ്മദിന്റെ ഇസ്മയിലും ഷഫീക്കും മുല്ലപ്പള്ളിയുടെ രാജുവും കെ.സി വേണുഗോപാലിന്റെ ശരതും വരെയുള്ള അസംഖ്യം വരുന്ന കുറച്ചൊക്കെ അറിയപ്പെടുന്നവരും അല്ലാത്തവരുടേതുമായ മറ്റൊരു നിര. ഇവരാണ് നേതാക്കളുടെ ഫില്‍ട്ടര്‍ എന്നു വേണം പറയാന്‍.

നേതാവിന് എല്ലായ്പ്പോളൂം ഒരു പിരമിഡ് രൂപമാണ്. കൈയ്യകലത്തുള്ള സഹായി മുതല്‍ താഴെ ജനങ്ങളിലേക്ക് വളര്‍ത്തിയെടുക്കുന്ന ഒരു അധികാരമാണ് നേതാവ് സ്ഥാനം. താഴെ നിന്ന് എല്ലായ്പ്പോഴും മുകളിലേക്ക് എത്തപ്പെടാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തിലെ ഫില്‍ട്ടറുകളാണ് സഹായികള്‍. ആള്‍ക്കൂട്ടത്തെ അരിച്ചരിച്ച് കാമ്പു മാത്രമായി നേതാവിനരുകില്‍ എത്തിക്കുന്ന ഈ സഹായികള്‍ ഇല്ലെങ്കില്‍ നമുക്കൊക്കെ ഒരു നിവേദനമോ ശിപാര്‍ശയോ ആയി അദ്ദേഹത്തിനടുത്ത് എത്താന്‍ പോലും കഴിയില്ലെന്നു തോന്നിയിട്ടുണ്ട്.

സ്റ്റാഫിലെ ഒരംഗത്തിന്റെ കുട്ടിക്കു വേണ്ടി സ്വന്തം നിലയില്‍ ഡോക്ടറുമായി ബന്ധപ്പെടുകയും ആശുപത്രി ചെലവ് മുഴുവന്‍ സ്വന്തം പോക്കറ്റില്‍ നിന്നു നല്‍കുകയും ചെയ്ത ഒരു മലയാളി കേന്ദ്ര മന്ത്രിയെ അറിയാം. ഒരു കേന്ദ്ര മന്ത്രിയുടെ സ്റ്റാഫെന്ന പേരില്‍ ഒരു പഞ്ചാബി റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനുമായി അനാവശ്യമായി കൊമ്പു കോര്‍ത്ത ഒരു മലയാളി സ്റ്റാഫിനെയും അറിയാം. ചിലപ്പോള്‍ നേതാവാണ് ശരി. എന്നാല്‍ സഹായി എല്ലായ്പ്പോഴും ശരിയായിരിക്കണം എന്നതാണ് ഈ കൂട്ടുകെട്ടിന്റെ രീതിശാസ്ത്രം. അത് തെറ്റോ ശരിയാകട്ടെ. അങ്ങനെ അല്ലാതായിരിക്കുമ്പോഴാണ് നേതാവിന് ചരിത്രത്തില്‍ നിന്നു പോയിട്ട് ഭിത്തിയില്‍ പോലൂം ഇടം കിട്ടാതെ മാഞ്ഞു പോവേണ്ടി വരുന്നത്.

12 thoughts on “മറകള്‍ക്ക് അകത്തു നിന്നും സഹായി സംസാരിക്കുന്നു

 1. വിട്ടു പോയ പേരുണ്ട്. മുല്ലപ്പള്ളിയുടെ ഡൊമിനിക്.

 2. വിഷയം കൊള്ളാം, നിരീക്ഷണങ്ങളും. അഭിനന്ദനങ്ങള്‍. പക്ഷെ, അതില്‍ ഒരുപാട് പറയാനുണ്ട്. അധികമൊന്നും പറയാതെ, ഇതില്‍ വിഷയം തുടങ്ങി വെച്ചു, അത്രമാത്രം.
  എങ്ങനെ ഈ കെമിസ്ട്രി വര്‍ക്കൌട്ട് ആകുന്നുവെന്നോ, നേതാക്കളുടെ കണ്ണും കയ്യുമായി മാറുന്നവരുടെ ബന്ധങ്ങളിലെ ഊഷ്മളതയോ, അവരുടെ ആംഗിളില്‍ ഈ ബന്ധത്തെ നോക്കിക്കാണാനോ ശ്രമിച്ചിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനെ.

  കൂടുതല്‍ എഴുതാന്‍ കഴിയുന്ന ഒരാളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുക സ്വാഭാവികം. :-))

 3. ഡല്‍ഹിയിലെ രാഷ്ട്രീയക്കാരെ വളരെ നന്നായി അറിയാവുന്ന യെനികും ഇതേ കാര്യം മുന്‍പും തോന്നിയിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ പുറത്തു പറയുന്നത് ശരിയാണോ എന്ന് തോന്നല്‍ ഉള്ളതിനാല്‍ ആയിരിക്കാം ചില സംഭവങ്ങള്‍ വിശദീകരിച്ചു ഇവിടെ യെഴുതതിരുന്നത് എന്ന് തോന്നുന്നു. സമര്തന്മാരായ ചിലരുടെ പേരുകള്‍ ഇതില്‍ പരാമര്ഷികതേ പോയത് എന്തേ? ഇനിയും ഡല്‍ഹി രാഷ്ട്രീയ പിന്നണി പ്രവര്‍ത്തകരെ ദൂരെ നിന്നും എന്നാല്‍ ഉള്ളില്‍ കയറിയും നിരീക്ഷിക്കാറുള്ള എന്നേ പോലുള്ളവര്‍ കഥകള്‍ എഴുതി തുടങ്ങട്ടേ?

 4. നിഴല്‍നായകര്‍ ?
  വെല്‍ , നന്നായിരിക്കുന്നു .. എന്നാല്‍ പ്രാധിനിത്യ ജനാധിപത്യത്തിലെ അനിവാര്യതയായി ഇതിനെ കാണാനും പിരമിഡ്‌ രൂപത്തിലുള്ള ഭരണക്രമത്തിന്റെ ഫലമായി ഇതിനെ കാണാനും കൂടി ശ്രമിച്ചാല്‍ കൂടുതല്‍ തെളിച്ചമുള്ള ചിത്രം കിട്ടുമെന്ന് തോന്നുന്നു .

 5. വ്യതസ്തമായ ആശയം മികച്ച രീതിയില്‍ അവതരിപ്പിച്ചു
  അശോകിന് അഭിനന്ദനങ്ങള്‍ ….

 6. ഐഡിയ കൊല്ലം, നന്നായിട്ടുണ്ട്. പക്ഷെ പലരും പറഞ്ഞ പോലെ, ഈ ആര്‍ട്ടിക്കിള്‍ ഇനിയും വളരെ വികസിപിക്കവുന്നത് ആണ് എന്നാണ് എനിക്ക് തോന്നുന്നത്. അഭിനന്ദനങ്ങള്‍, അശോകന്‍!

 7. മന്ത്രിമാരുടെ പേര്‍സണല്‍ സ്ടാഫിലെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണവും , മന്ത്രിമാരുടെ ഇടംകൈയും വലം കൈയും ആയി നിന്ന് കൊണ്ട് . മന്ത്രിമാരെ കുരങ്ങു കളിപ്പിക്കുന്ന earth കളെ കുറിച്ചും ഒന്ന് സൂചിപ്പികംയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *